പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
കേരളത്തിന്റെ മധ്യഭാഗത്ത് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം പട്ടണത്തിന്റെ ഹൃദയഭാഗത്ത്, ഭാരതപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണു ശ്രീകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭഗവതി, രക്ഷസ്സ് തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്. കർണാടക സംഗീതത്തിലെ അതികായനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ തന്റെ അവസാന കച്ചേരി അവതരിപ്പിച്ച സ്ഥലം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 1974 ഒക്ടോബർ 16-ന് ഇവിടെവച്ച് നടത്തിയ കച്ചേരിയ്ക്കുശേഷം ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയ അദ്ദേഹം, അവിടെവച്ച് കുഴഞ്ഞുവീണ് അന്തരിയ്ക്കുകയായിരുന്നു. നിലവിൽ ചെമ്പൈയ്ക്ക് ഇവിടെയൊരു സ്മൃതിമണ്ഡപം പണിതിട്ടുണ്ട്. ചിങ്ങമാസത്തിൽ വരുന്ന അഷ്ടമിരോഹിണിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ, വിഷു, ഗുരുവായൂർ ഏകാദശി, നവരാത്രി തുടങ്ങിയവയും അതിവിശേഷമാണ്. കേരളത്തിലെ അറിയപ്പെടുന്ന നമ്പൂതിരി കുടുംബങ്ങളിലൊന്നായ ഒളപ്പമണ്ണ മനയുടെ വകയാണ് ഈ ക്ഷേത്രം.