പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം

കേരളത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ഭാരതപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം. ലോകപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് ഈ ക്ഷേത്രവും നിർമ്മിച്ചിരിയ്ക്കുന്നത്. തൃശ്ശൂർ/ഗുരുവായൂർ/കുന്നംകുളം റൂട്ടിൽ പട്ടാമ്പി പാലത്തിന് തൊട്ടുമുമ്പാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മകരസംക്രാന്തിനാളിൽ കൊടികയറി എട്ടാം നാൾ ആറാട്ടായി അവസാനിയ്ക്കുന്ന കൊടിയേറ്റുത്സവം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം
പേരുകൾ
ശരിയായ പേര്:പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം
സ്ഥാനം
സ്ഥാനം:പട്ടാമ്പി, പാലക്കാട് ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശ്രീകൃഷ്ണൻ (വിഗ്രഹം ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ്)
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് അഞ്ഞൂറ് വർഷം മുമ്പ്
സൃഷ്ടാവ്:പടിഞ്ഞാറേ മഠം നമ്പൂതിരി

ഐതിഹ്യംതിരുത്തുക

പട്ടാമ്പിയിലെ പടിഞ്ഞാറേ മഠം എന്ന കുടുംബത്തിൽ തികഞ്ഞ ഗുരുവായൂരപ്പഭക്തനായ ഒരു നമ്പൂതിരിയുണ്ടായിരുന്നു. എല്ലാ മാസവും മുടങ്ങാതെ അദ്ദേഹം ഗുരുവായൂരിൽ പോയിത്തൊഴുതുവരുമായിരുന്നു. ഇന്നത്തെപ്പോലെ വാഹനസൗകര്യമൊന്നുമില്ലാതിരുന്ന അക്കാലത്ത്, പട്ടാമ്പിയിൽ നിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഗുരുവായൂരിലേയ്ക്ക് തോണിയിലും നടന്നുമാണ് അദ്ദേഹം പോയിരുന്നത്. എന്നാൽ, പ്രായാധിക്യം കാരണം അദ്ദേഹത്തിന് ഗുരുവായൂർ വരെ പോയിത്തൊഴാൻ പറ്റാതായപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ കുടികൊള്ളുകയായിരുന്നു. പടിഞ്ഞാറേ മഠം നമ്പൂതിരിയുടെ കീഴിലായതുകൊണ്ട് ക്ഷേത്രം 'പടിഞ്ഞാറേ മഠം ക്ഷേത്രം' എന്നറിയപ്പെട്ടു.

ക്ഷേത്ര നിർമ്മിതിതിരുത്തുക

ക്ഷേത്ര പരിസരവും മതിലകവുംതിരുത്തുക

പട്ടാമ്പി പട്ടണത്തിന്റെ തെക്കുഭാഗത്ത് ഭാരതപ്പുഴയുടെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിലേതുപോലെ ഇവിടെയും കിഴക്കോട്ടാണ് ക്ഷേത്രദർശനം. പ്രധാന പാത ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ഈ ഭാഗങ്ങളിൽ നിന്നുതന്നെയാണ് ക്ഷേത്രത്തിലെത്താൻ സൗകര്യവും. തെക്കുവശത്തൊഴിച്ച് ബാക്കിയെല്ലായിടത്തും ഗോപുരങ്ങളുണ്ട്. ഒരു ഭാഗത്തും ചെരുപ്പ് കൗണ്ടറുകളില്ല. ഇത് ചെരുപ്പ് നഷ്ടമാകുന്നതടക്കമുള്ള പ്രശ്നങ്ങളിലെത്തിയ്ക്കുന്നു. പടിഞ്ഞാറേ ഗോപുരത്തിൽ ഇരുവശവുമായി ശ്രീകൃഷ്ണന്റെയും ബലരാമന്റെയും രൂപങ്ങൾ കാണാം. വടക്കേ ഗോപുരത്തിൽ നിന്നാണെങ്കിൽ അല്പം ഇറങ്ങിവേണം ക്ഷേത്രത്തിലെത്താൻ. ഒറ്റപ്പാലം, ഷൊർണൂർ തുടങ്ങിയ സ്ഥലങ്ങളിൽ വറ്റിവരണ്ടൊഴുകുന്ന ഭാരതപ്പുഴ ഇവിടെ നിറഞ്ഞൊഴുകുന്നത് ശ്രദ്ധേയമാണ്. മതമൈത്രിയുടെ പ്രതീകമായി പുഴയ്ക്കക്കരെ ഒരു മുസ്ലീം പള്ളിയും കാണാം.

അകത്തുകടന്നാൽ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ വിശേഷിച്ചൊന്നും കാണേണ്ടതില്ല. വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ ഭഗവതി കുടികൊള്ളുന്നു. ശ്രീഭദ്രകാളിപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഗുരുവായൂരിലെ ഇടത്തരികത്തുകാവിലമ്മയുടെ ശ്രീകോവിൽ പോലെ പ്രത്യേകം തീർത്ത മണ്ഡപവും ഈ ശ്രീകോവിലിന് മുന്നിലുണ്ട്. ഇതിനടുത്താണ് സർപ്പക്കാവ് പണിതിട്ടുള്ളത്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും മറ്റ് സർപ്പങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. വടക്കുകിഴക്കുഭാഗത്തായി ഊട്ടുപുര കാണാം. ദർശനവശമായ കിഴക്കുഭാഗത്താണെങ്കിൽ കൊടിമരവും ബലിക്കല്ലും സ്ഥിതിചെയ്യുന്നു. ഇവിടെത്തന്നെയാണ് വഴിപാട് കൗണ്ടറുകളും കാണപ്പെടുന്നത്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരത്തിന് ഏകദേശം 100 അടി ഉയരം വരും. ഇത് ഇവിടെ പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. വളരെ ചെറുതാണ് ഇവിടത്തെ പ്രധാന ബലിക്കല്ല്. അതിനാൽ പുറത്തുനിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാം. പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയാണ് ബലിക്കല്ല് നിലകൊള്ളുന്നത്.

തെക്കുഭാഗത്ത് ഭാരതപ്പുഴയിലേയ്ക്കിറങ്ങാൻ കരിങ്കൽപ്പടവുകളുണ്ട്. ഇവിടെ എല്ലാ കാര്യങ്ങൾക്കും ഭാരതപ്പുഴയിലെ ജലം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. അതിനാൽ ക്ഷേത്രത്തിൽ കുളവും കിണറുമില്ല. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഭാരതപ്പുഴയിലാണ്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. അമൃതകലശധാരിയായ അയ്യപ്പനാണ് ഇവിടെയുള്ളത്. അതിനാൽ ഇവിടത്തെ ഭജനം രോഗശാന്തിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇവിടെയാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.

ശ്രീകോവിൽതിരുത്തുക

ഗുരുവായൂരിലേതുപോലെ ഇവിടെയും ചതുരശ്രീകോവിലാണ് പണിതിരിയ്ക്കുന്നത്. എന്നാൽ ഗുരുവായൂരിലെ ശ്രീകോവിലുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ചെറുതാണ്. ഒരു നിലയേ ഈ ശ്രീകോവിലിനുള്ളൂ. അതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടി ഉയരമുള്ള ചതുർബാഹുവായ ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ ഗദയും കാണാം. വിഗ്രഹത്തിന്റെ പുറകിൽ രണ്ട് ആലവട്ടങ്ങൾ ഇണക്കിവച്ചിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീഗുരുവായൂരപ്പൻ, ഗുരുവായൂരിലേതുപോലെ സർവ്വചൈതന്യത്തോടെ പട്ടാമ്പിയിലും കുടികൊള്ളുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകളിൽ കാര്യമായ അലങ്കാരങ്ങളൊന്നും തന്നെ കാണ്മാനില്ല. തീർത്തും നിരാർഭാടമായ നിർമ്മിതിയാണ്. വടക്കുവശത്ത് കരിങ്കല്ലിൽ ഓവ് പണിതിട്ടുണ്ട്. ഇതിലൂടെ അഭിഷേകജലം ഒഴുകിപ്പോകുന്നു.

നാലമ്പലംതിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ ചെറുതാണ് ഇവിടത്തെ നാലമ്പലവും. അകത്തേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. നാമജപത്തിനും ഹോമത്തിനും വാദ്യമേളങ്ങൾക്കുമാണ് ഇവ ഉപയോഗിച്ചുവരുന്നത്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലുള്ള പ്രതിഷ്ഠയാണ് ഇവിടെയും ഗണപതിയ്ക്ക്. വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യപ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി‌), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലി സമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപംതിരുത്തുക

ശ്രീകോവിലിന്റെ തിരുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെ ചെറിയ നമസ്കാരമണ്ഡപമാണ് ഇവിടെയുള്ളത്. തീർത്തും അനാർഭാടമായ നിർമ്മിതിയാണ് ഈ മണ്ഡപം. ആകെ നാലുകാലുകളേ ഈ കൊച്ചുമണ്ഡപത്തിനുള്ളൂ. കരിങ്കല്ലിൽ പണിത മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. ഉത്സവക്കാലത്ത് കലശപൂജ നടത്തുന്നത് ഈ മണ്ഡപത്തിലാണ്.

പ്രധാന പ്രതിഷ്ഠതിരുത്തുക

ശ്രീ ഗുരുവായൂരപ്പൻ (മഹാവിഷ്ണു/ശ്രീകൃഷ്ണൻ)തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഗുരുവായൂരപ്പനായി ആരാധിയ്ക്കപ്പെടുന്നത്. മൂന്നടിയോളം ഉയരം വരുന്ന കൃഷ്ണശിലാനിർമ്മിതമായ വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നിൽക്കുന്ന രൂപത്തിലുള്ള ഭഗവാനാണ്. തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. വിഗ്രഹത്തിന്റെ പുറകിൽ രണ്ട് ആലവട്ടങ്ങൾ ഇണക്കിവച്ചിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ഗുരുവായൂരിലേതുപോലെ പട്ടാമ്പിയിലെ ശ്രീലകത്തും വാഴുന്ന ഗുരുവായൂരപ്പന് ഉദയാസ്തമനപൂജയാണ് പ്രധാന വഴിപാട്. കൂടാതെ പാൽപ്പായസം, തുളസിമാല, നെയ്വിളക്ക്, തൃക്കൈവെണ്ണ, അപ്പം, അട, അവിൽ തുടങ്ങിവയും വഴിപാടുകളിൽ പെടും. വിശേഷാവസരങ്ങളിൽ കൃഷ്ണനാട്ടവും പതിവുണ്ട്.

ഉപദേവതകൾതിരുത്തുക

ഗണപതിതിരുത്തുക

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടെ രൂപത്തിൽ തന്നെയാണ് കാണപ്പെടുന്നത്. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

അയ്യപ്പൻതിരുത്തുക

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഹരിഹരപുത്രനും താരകബ്രഹ്മമൂർത്തിയുമായ ശ്രീ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. അമൃതകലശധാരിയായ ഭഗവാനാണ് ഈ ശ്രീകോവിലിലുള്ളത്. അതിനാൽ ഇവിടെ ഭജിയ്ക്കുന്നത് രോഗശാന്തിയ്ക്ക് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ഈ ശ്രീകോവിലിന് മുന്നിൽ ഒരു മുഖപ്പുണ്ട്. ഇവിടെയാണ് ശബരിമലയ്ക്ക് പോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. എള്ളുതിരി കത്തിയ്ക്കലാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാട്. ഇതിന് പ്രത്യേകം സ്റ്റാൻഡ് ഇവിടെയുണ്ട്. കൂടാതെ നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, അപ്പം, അട, എള്ളുപായസം തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.

ഭഗവതിതിരുത്തുക

നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ആദിപരാശക്തിയായ ഭഗവതിയുടെ പ്രതിഷ്ഠ. ശ്രീഭദ്രകാളിയാണ് ഇവിടെ ഭഗവതിയായി കുടികൊള്ളുന്നത്. ഗുരുവായൂരിലെ ഇടത്തരികത്തുകാവ് പോലെ ഇതും പ്രത്യേകക്ഷേത്രമായാണ് പരിഗണിച്ചുവരുന്നത്. അതിനാൽ ഭഗവതിയ്ക്ക് സവിശേഷപ്രാധാന്യം കല്പിച്ചുവരുന്നുണ്ട്. അത്യുഗ്രമൂർത്തിയായ ഭദ്രകാളിയ്ക്ക് ഗുരുതിപൂജ പ്രധാനമാണ്. കൂടാതെ അഴൽ, മഞ്ഞൾ-കുങ്കുമാർച്ചന, ശത്രുസംഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളായി കണ്ടുവരുന്നു.

സുബ്രഹ്മണ്യൻതിരുത്തുക

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന വിഗ്രഹം ദ്വിബാഹുവായ (രണ്ടുകൈകളുള്ള) ബാലസുബ്രഹ്മണ്യസ്വാമിയുടെ രൂപത്തിലാണ്. പ്രതിഷ്ഠ. പാലഭിഷേകം, പഞ്ചാമൃതം, പാനകം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾതിരുത്തുക

ഭഗവതിയുടെ ശ്രീകോവിലിന് സമീപത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ചുറ്റും നിരവധി മരങ്ങൾ നിറഞ്ഞ സ്ഥലത്ത് പ്രത്യേകം പീഠത്തിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങൾ കുടികൊള്ളുന്നത്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളുമാണ് പ്രതിഷ്ഠകൾ. നൂറും പാലും സമർപ്പണമാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാട്. കൂടാതെ നൂറും പാലും, പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയും പ്രധാനമാണ്.

നിത്യപൂജകൾതിരുത്തുക

ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികളുമായി സാമ്യമുള്ള പൂജകളാണ് പട്ടാമ്പി പടിഞ്ഞാറേമഠം ക്ഷേത്രത്തിലുമുള്ളത്. അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണിത്. എന്നാൽ, ചില വ്യത്യാസങ്ങളും കാണാം. ഇവിടെ രാവിലെ അഞ്ചുമണിയ്ക്കാണ് നടതുറക്കുന്നത്. തുടർന്ന് നിർമ്മാല്യദർശനം നടത്തുന്നു. നിർമ്മാല്യത്തിനുശേഷം എണ്ണയഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം തുടങ്ങിയ ചടങ്ങുകളാണ്. വാകച്ചാർത്തിനുശേഷം ഭഗവാന്റെ വിഗ്രഹം അലങ്കരിച്ച് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കൂന്നു. തുടർന്ന് ആറുമണിയോടെ നടയടച്ച് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. തുടർന്ന് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്നതാണ് ശീവേലിയുടെ സങ്കല്പം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തും പുറത്തുമായി മൂന്നുവീതം പ്രദക്ഷിണം വച്ച് അകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലെല്ലാം ബലിതൂകിയ ശേഷം വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ശീവേലി അവസാനിയ്ക്കുന്നു. രാവിലെ എട്ടുമണിയോടെ പന്തീരടിപൂജയും തുടർന്ന് പത്തുമണിയ്ക്ക് ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തിയ ശേഷം പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വിശേഷദിവസങ്ങൾതിരുത്തുക

കൊടിയേറ്റുത്സവംതിരുത്തുക

മകരമാസത്തിൽ ഒന്നാം തീയതി കൊടികയറി എട്ടാം തീയതി ആറാട്ട് വരുന്ന വിധത്തിലുള്ളതാണ് ഈ ക്ഷേത്രത്തിലെ മഹോത്സവം. അങ്കുരാദിമുറയനുസരിച്ചാണ് ഈ ഉത്സവം നടത്തിവരുന്നത്. അതനുസരിച്ച് ഉത്സവത്തിന് തൊട്ടുമുമ്പ് മുളയിടലും ശുദ്ധിക്രിയകളുമുണ്ടാകും. മകരമാസം ഒന്നാം തീയതി രാത്രിയാണ് കൊടിയേറ്റം നടക്കുന്നത്. തുടർന്നുള്ള എട്ടുദിവസം വിശേഷാൽ പൂജകളും കലാപരിപാടികളും താന്ത്രികക്രിയകളുമുണ്ടാകും. പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയോടെയുള്ള എഴുന്നള്ളിപ്പുകളും വിശേഷാൽ ശീവേലികളും ഈ ദിവസത്തെ പ്രത്യേകതകളാണ്.

ഉത്സവത്തിന്റെ ആറാം നാളിലാണ് വിശേഷാൽ ചടങ്ങായ ഉത്സവബലി നടത്തുന്നത്. സാധാരണ നടത്താറുള്ള ശീവേലിയുടെ വിശേഷാൽ രൂപമാണിത്. ഉത്സവബലിദർശനം സമസ്തപാപഹരമായി കണക്കാക്കപ്പെടുന്നു. ഏഴാം നാളിൽ സന്ധ്യയ്ക്കാണ് പള്ളിവേട്ട. ക്ഷേത്രത്തിനടുത്തുള്ള ഒരു പറമ്പിലേയ്ക്ക് മൂന്ന് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്ന ഭഗവാൻ അവിടെ ഒരു മരച്ചുവട്ടിൽ നിർമ്മിച്ചുവച്ച പന്നിയുടെ രൂപത്തിൽ അമ്പെയ്യുന്നു. തിന്മയുടെ പ്രതീകമായാണ് പന്നിയെ കണ്ടുവരുന്നത്. മേൽശാന്തിയാണ് ഭഗവദ്പ്രതിനിധിയായി പന്നിയെ കൊല്ലുന്നത്. തുടർന്ന് മടങ്ങിവരുമ്പോൾ പഞ്ചവാദ്യത്തോടെയാണ് എഴുന്നള്ളിപ്പ്. ഇതിനിടയിൽ പന്തക്കൽ ഭഗവതിക്ഷേത്രം, കൈത്തളി ശിവക്ഷേത്രം എന്നിവിടങ്ങളിൽ ഇറക്കിപ്പൂജയുണ്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പള്ളിയുറക്കുന്നു. പിറ്റേദിവസം രാവിലെ വളരെ വൈകിയാണ് ഭഗവാനെ പള്ളിയുണർത്തുന്നത്. അന്ന് വൈകീട്ടാണ് ആറാട്ട്. തന്ത്രിയുടെ നേതൃത്വത്തിൽ ആറാട്ടുഹോമം, ആറാട്ടുബലി എന്നിവ നടത്തിയശേഷം ആറാട്ട് ഘോഷയാത്ര പുറപ്പെടുന്നു. പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങി പട്ടാമ്പി നഗരം മുഴുവൻ പ്രദക്ഷിണം വച്ചശേഷം തിരിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി തെക്കുഭാഗത്തുള്ള ഭാരതപ്പുഴയിലെ ആറാട്ടുകടവിലേയ്ക്ക് എഴുന്നള്ളിപ്പ് എത്തുന്നു.

കടവിൽ വച്ച് സമസ്ത തീർത്ഥങ്ങളെയും പുഴയിലേയ്ക്ക് ആവാഹിച്ചശേഷം ഉത്സവവിഗ്രഹവുമായി തന്ത്രിയും ശാന്തിക്കാരും മറ്റും പുഴയിലിറങ്ങി മൂന്നുതവണ മുങ്ങുന്നു. തുടർന്ന് വിഗ്രഹത്തിൽ ഇളനീരും മഞ്ഞൾപ്പൊടിയും അഭിഷേകം ചെയ്തശേഷം വീണ്ടും മൂന്നുതവണ മുങ്ങുന്നു. ഭഗവദ്സാന്നിധ്യം കൊണ്ട് പവിത്രമായ പുഴയിൽ നിരവധി ഭക്തരും മുങ്ങുന്നു. തുടർന്ന് എല്ലാവരും കരയ്ക്കുകയറി വേഷം മാറി തിരിച്ചെഴുന്നള്ളത്തിന് പുറപ്പെടുന്നു. ആറാട്ട് കഴിഞ്ഞുവരുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കുമായി വരവേൽക്കുന്നു. തുടർന്ന് ക്ഷേത്രത്തിനുചുറ്റും ആനപ്പുറത്ത് ഏഴ് പ്രദക്ഷിണം നടത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിയ്ക്കുന്നു.

ഗുരുവായൂർ ഏകാദശിതിരുത്തുക

വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആചരിച്ചുവരുന്നത്. ഐതിഹ്യപ്രകാരം ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് ഗുരുവായൂരിൽ വിഷ്ണുപ്രതിഷ്ഠ നടത്തിയ ദിവസമാണ് ഗുരുവായൂർ ഏകാദശി. തന്മൂലം ഗുരുവായൂരിൽ ഇത് വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിനിടയിൽ തളർന്നുപോയ അർജ്ജുനന് ശ്രീകൃഷ്ണഭഗവാൻ ഗീത ഉപദേശിച്ച ദിവസമാണിതെന്നും കഥയുണ്ട്. അതിനാൽ ഈ ദിവസം ഗീതാദിനമായും ആചരിച്ചുവരുന്നു. ഗുരുവായൂരപ്പസാന്നിദ്ധ്യമുള്ള പട്ടാമ്പി പടിഞ്ഞാറേ മഠം ക്ഷേത്രത്തിലും വിശേഷമാണ് ഈ ദിവസം. അന്നേ ദിവസം നിരവധി ഭക്തർ ഉപവസിച്ച് ക്ഷേത്രത്തിൽ തങ്ങുന്നു. ഏകാദശിയോടനുബന്ധിച്ച് വിശേഷാൽ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ക്ഷേത്രത്തിലുണ്ടാകും. പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പാണ് പ്രധാനം. ഏകാദശിനാളിൽ നിരവധി കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകും.

അഷ്ടമിരോഹിണിതിരുത്തുക

ചിങ്ങമാസത്തിലെ കറുത്ത അഷ്ടമി ദിവസമാണ് ശ്രീകൃഷ്ണാവതാരദിനമായ അഷ്ടമിരോഹിണി. രാജ്യമൊട്ടുക്കുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷമാണ്. ശ്രീകൃഷ്ണസാന്നിദ്ധ്യമുള്ള പടിഞ്ഞാറേ മഠം ക്ഷേത്രത്തിൽ അന്നേ ദിവസം വിശേഷാൽ പരിപാടികളോടെ ആഘോഷിച്ചുവരുന്നുണ്ട്. അഷ്ടമിരോഹിണിദിവസം ഭഗവാന് വിശേഷാൽ കളഭാഭിഷേകം, ഗോപൂജ എന്നിവയാണ് വിശേഷം. അന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. അർദ്ധരാത്രി കൃഷ്ണാവതാരമനുസരിച്ച് വിളക്കും പതിവാണ്.

വിഷുതിരുത്തുക

മണ്ഡലകാലംതിരുത്തുക

വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനുമാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസങ്ങളാണ് മണ്ഡലകാലമായി ആചരിച്ചുവരുന്നത്. ശബരിമല തീർത്ഥാടനകാലമായതിനാൽ, കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഈ സമയത്ത് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. പട്ടാമ്പി പടിഞ്ഞാറേമഠം ക്ഷേത്രത്തിൽ, ഈ സമയത്ത് ധാരാളം ശബരിമല തീർത്ഥാടകർ വരാറുണ്ട്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കാറുണ്ട്. ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പന്, ഈ സമയത്ത് വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ടാകും.

നവരാത്രിതിരുത്തുക

കന്നിമാസത്തിലെ വെളുത്ത പ്രഥമ മുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്.

വിനായക ചതുർത്ഥിതിരുത്തുക