കണ്ണൂർ ജില്ലയിലെധർമശാലയ്ക്കടുത്ത് മാങ്ങാട്ടുപറമ്പിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള 20.18 ഏക്കർ വിസ്തീർണമുള്ള കാവാണ് നീലിയാർ കോട്ടം[1][2]. കുലാല സമുദായത്തിൽപ്പെട്ട ചെറിയ വീട് കുടുംബക്കാരാണ് ഇപ്പോൾ കാവിന്റെ മേൽനോട്ടം നടത്തിവരുന്നത്.[3]
നീലിയെന്ന സുന്ദരിയും ബുദ്ധിമതിയുമായ സ്ത്രീ, നാടുവാഴിയാൽ കൊല്ലപ്പെട്ട് രക്തദാഹിയായ രക്ഷസ്സായി മാറുന്നു. പിന്നീട് സ്നേഹമയിയായ അമ്മയുടെ രൂപം പ്രാപിച്ച്[4] കാളികാട്ട് ഇല്ലത്തിലെ തന്ത്രി കൊട്ടിയൂർ നിന്ന് മടങ്ങുമ്പോൾ ഒപ്പം പോരുകയും മാങ്ങാട്ടുപറമ്പിലെ നരിയും പശുവും ഒന്നിച്ച് ജീവിക്കുന്ന കാട്ടിൽ പ്രതിഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് ഐതിഹ്യം[5]. വടക്കെ മലബാറിൽ പരക്കെ ആരാധിക്കപ്പെടുന്ന ഗിരിദേവതയാണു നീലിയമ്മ. വ്യഭിചാരദോഷം ചുമത്തപ്പെട്ട സാധ്വിയായ ഒരു പുലയകന്യക തന്റെ സത്യാവസ്ഥ തെളിയിച്ച് മരിച്ചതിൽപ്പിന്നെ ആരാദ്ധ്യയായ ദേവതയായിത്തീർന്നു. നീലിയമ്മയുടെ ആരാധനാസ്ഥലങ്ങളാണ് നീലിയാർ കോട്ടങ്ങൾ[1].
മറ്റൊരു ഐതിഹ്യം
യക്ഷിക്കഥകൾക്കപ്പുറം ചരിത്രവും വിശ്വാസവും ഇടകലർന്ന മറ്റൊരു ഐതിഹ്യവും പറയുന്നുണ്ട്.
നീലി എന്ന പേര് യക്ഷിക്കഥകളിൽ ഉള്ളതു കൊണ്ടും, ഉച്ചനീചത്വത്തിൻ്റെ കഥകൾക്കുള്ള പ്രചാരം കൊണ്ടും കൂടുതൽ പ്രചരിച്ചത് യക്ഷിക്കഥ തന്നെയാണ്
നീലിയുടെ കഥയയ്ക്ക് പഴശ്ശി ഭരണത്തോളം പഴക്കമുണ്ട്. പടയോട്ടക്കാലത്ത് മനുഷ്യബലിനൽകുന്ന ചരിത്രത്തിനും ഇതിൽ പങ്കുണ്ട്.
പഴശ്ശിയുടെ പടയോട്ടങ്ങൾക്ക് ഇങ്ങനെ ബലിയർപ്പിച്ചിരുന്നത് മണത്തണയുള്ള കാളി ദേവിയ്ക്കായിരുന്നു. കാളിക്ക് മുന്നിൽ രക്തവും മാംസവും ചിതറിയ പടയോട്ടക്കാലത്തിന് അന്ത്യം വന്നത് ബ്രിട്ടീഷ് ഭരണത്തോടെയാണ്. അതോടെ മനുഷ്യബലി നിരോധിക്കപ്പെട്ടു.
രുധിരവും മാംസവും ഇല്ലാതായ കാലത്ത് കാളിദേവി കോപാകുലയായി. തുടർന്ന് വഴിയാത്രക്കാരെയും നാട്ടുകാരേയും ഉപദ്രവിക്കുന്ന നിലയിലേക്കെത്തി. സമീപത്തെ വൈകുണ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിൽ വരുന്നവരെ ആക്രമിക്കുന്നത് സ്ഥിരമായി. കുളിക്കാൻ വരുന്നവർക്ക് മുന്നിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട് എണ്ണയും താളിയും നൽകി വശീകരിക്കും. ഒടുവിൽ അവരെ കൊന്ന് രക്തം പാനം ചെയ്യും.
ആയിടയ്ക്കാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രദർശനം കഴിഞ്ഞ് സാക്ഷാൽ കാളകെട്ട് ഇല്ലത്തെ തന്ത്രി അതുവഴി വന്നത്. സന്ധ്യാവന്ദനത്തിന് കുളത്തിലേക്ക് തന്ത്രി ഇറങ്ങി. വേഷം മാറിയ കാളി പതിവുപോലെ താളിയും എണ്ണയുമായി തന്ത്രിയെ സമീപിച്ചു.
കഥകളറിയാവുന്ന തന്ത്രി കാര്യം തിരിച്ചറിഞ്ഞു. എണ്ണയും താളിയും കൈ നീട്ടി വാങ്ങി
"എൻ്റെ അമ്മ തന്നത് അമൃത് തന്നെ"
എന്നു പറഞ്ഞ് അത് കുടിച്ചു.
അമ്മ എന്ന വിളിയിൽ ദേവി സംപ്രീതയായി. ഉള്ളിലെ സംഹാരഭാവം മാതൃത്വത്തിൻ്റെ ഊഷ്മളതയിലേക്ക് മാറി. തന്ത്രിയെ അനുഗ്രഹിച്ച ദേവി പറഞ്ഞു.
"നിൻ്റെ യാത്രയിൽ ഇനി ഞാനുമുണ്ട്. ഏറെ പടിഞ്ഞാറോട്ടു പോയാൽ നരിയും പശുവും മൈത്രീ ഭാവത്തിൽ കഴിയുന്ന ദേശമുണ്ട്. അവിടെ ഞാൻ ഇരിക്കാം. "
ദേവിയെ നമസ്കരിച്ച തന്ത്രി വേഗം തന്നെ യാത്രയ്ക്കൊരുങ്ങി. ഉടൻ തന്നെ മുന്നിൽ ഒരു ത്രിശ്ശൂലം പ്രത്യക്ഷപ്പെട്ടു. ദേവീചൈതന്യം ഉള്ള ആ ശൂലം തന്ത്രിക്കുമുന്നിൽ നിന്ന് ചലിക്കാൻ തുടങ്ങി. തന്ത്രി ശൂലവും കയ്യിലേറ്റി പടിഞ്ഞാറോട്ട് നടന്നു.
ഒടുവിൽ ഇന്നത്തെ ധർമ്മശാലയ്ക്കടുത്ത് മാങ്ങാട്ടു പറമ്പിൽ സ്ഥിതിചെയ്യുന്ന ഈ കാട്ടിലാണ് എത്തിപ്പെട്ടത്. ദീർഘയാത്രയായതിനാൽ തന്ത്രി അല്പസമയം വിശ്രമിക്കാനിരുന്നു.
പിന്നീട് പോകാനൊരുങ്ങിയപ്പോഴാണ് ത്രിശ്ശൂലം മണ്ണിൽ ഉറച്ചതായി മനസ്സിലായത്. ശൂലം എടുക്കാനാവുന്നില്ലെന്ന് മനസ്സിലായ തന്ത്രി സംശയ ദൃഷ്ടിയോടെ ചുറ്റുപാടും പരിശോധിച്ചു. ഒടുവിൽ കാട്ടിൽ അല്പം താഴെയായി ഒരു നരിമട കണ്ടെത്തി. അദ്ഭുതമെന്നു പറയട്ടെ അവിടെ ഒരു പശു പ്രസവിച്ച് അതിൻ്റെ കിടാവിനോടൊപ്പം കഴിയുന്നത് കണ്ട തന്ത്രി ദേവിയുടെ അരുളപ്പാട് ഓർത്തു.
ഈ പ്രദേശത്തിന് ഇത്രയും ദിവ്യത്വം കൈവന്നത് മുൻപ് അവിടെ താമസിച്ച ഒരു യോഗീശ്വരൻ കാരണമെന്ന് തന്ത്രി മനസ്സിലാക്കി. ശ്രീചക്രോപാസകനായ അദ്ധേഹത്തിൻ്റെ മനസ്സിൻ്റെ പുണ്യവും യോഗശക്തിയും കാരണം ഈ കാടിന് ഒരു ദിവ്യ തേജസ്സ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ തന്ത്രി ത്രിശ്ശൂലം ഉറച്ചു പോയിടത്ത് പൂജയും കർമ്മങ്ങളും നടത്തി ദേവിയെ പ്രതിഷ്ഠിച്ചു.
പ്രതിഷ്ഠ നടത്തിയ ഇടവും നരിമടയും ഒരേ നേർരേഖയിലാണ്.
ഈ കാടിൻ്റെ വിശുദ്ധിയും ഭംഗിയും ഒട്ടും ചോരാതെ നില്ക്കാൻ കാരണം ഇത്ര മനോഹരമായ ഒരു ഐതിഹ്യം തന്നെയാണ്.
മരങ്ങളും ചെടികളും കിളികളും ഒട്ടനേകം മറ്റു ജീവജാലങ്ങളും തിങ്ങിനിറഞ്ഞ ഈ കാടിൻ്റെ , പച്ചിലക്കാടിൻ്റെ അമ്മയായ ദേവിയെ പച്ചിലക്കാട്ടിലച്ചി എന്നു വിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
ചെറിയൊരു കുന്നിൻ പുറത്താണ് ഈ കാവ്. മരക്കാശാവ് ആണ് പ്രധാന മരം. നാട്ടിലിപ്പ, മരോട്ടി, കാരമാവ് തുടങ്ങിയ മരങ്ങളുമുണ്ട്. മനുഷ്യർ നിരന്തരം ഇടപെടുന്ന മേൽഭാഗത്ത് കുറുങ്കനി എന്ന കുറ്റിച്ചെടി വളരുന്നുണ്ട്. ഓരിലത്താമര, കൽത്താമര തുടങ്ങിയ അപൂർവ ഔഷധച്ചെടികളും ചെറുമാവ്, മരവാഴ, സീതമുടി, കിങ്ഗിഡിയം ഡെലീഷോസം എന്നീ ഓർക്കിഡുകളും ഈ കാവിലുണ്ട്. മഴക്കാലത്ത് കാവിനുള്ളിൽ നിന്നും ഒരു അരുവി ഉൽഭവിക്കാറുണ്ട്. കല്ലാൽ എന്ന ആൽമരവും ഈ കാവിലുണ്ട്. ഇതിന്റെ പഴം പക്ഷികൾക്കും ചെറു മൃഗങ്ങൾക്കും ഏറെ പ്രിയങ്കരമാണ്[1].
ആരാധനാ സ്ഥലത്തിന് മേൽക്കൂരയില്ല. നീലിയാർ ഭഗവതിയുടെ തെയ്യംഒറ്റത്തിറ എന്നാണ് അറിയപ്പെടുന്നത്[5]. മറ്റു കാവുകളിൽ തെയ്യം വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുമ്പോൾ, നീലിയാർ കോട്ടത്ത് ഭക്തർ നേർച്ച നടത്തുമ്പോഴൊക്കെ തെയ്യം കെട്ടുന്നു. കടും ചുവപ്പ് വസ്ത്രങ്ങളും ഇരുപതടി ഉയരമുള്ള മുളകൊണ്ട് ഉണ്ടാക്കിയ മുടിയും കാൽച്ചിലമ്പുകൾ ഉൾപ്പെടെ പരമ്പരാഗത തെയ്യം ആഭരണങ്ങളുമാണ് നീലിയാർ ഭഗവതിയുടെ വേഷം. വണ്ണാൻ സമുദായത്തിലുള്ള തെയ്യം കലാകാരന്മാരാണ് ഒറ്റത്തിറ അവതരിപ്പിക്കുന്നത്[4].
↑ 1.01.11.2ഉണ്ണികൃഷ്ണൻ, ഇ (1995). ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ - ഒരു പരിസ്ഥിതി - നാടോടിസംസ്കാരപഠനം. ജീവരേഖ, മറ്റത്തൂർ തപാൽ, കൊടകര(വഴി), തൃശ്ശൂർ. pp. 69, 70.