അലങ്കാരത്തിനും ആഹാരത്തിനുമായി വളർത്തപ്പെടുന്ന ചെറു സസ്യങ്ങളടങ്ങിയ സസ്യകുടുംബമാണ് അമരാന്തേസി. ചീരയുടെ വിവിധയിനങ്ങൾ, കോഴിപ്പുല്ല് എന്നിവ ഈ കുടുംബത്തിൽപ്പെടുന്നു. ഉദ്ദേശം 40 ജീനസ്സുകളും 450-500 സ്പീഷീസും ഇതിലുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധിയായി വളരുന്നത്. കൂടുതലും കുറ്റിച്ചെടികളാണെങ്കിലും വളരെ അപൂർവമായി വൃക്ഷങ്ങളും കാണാം. സമ്മുഖമായോ (opposite) ഒന്നിടവിട്ടോ വിന്യസിച്ചിരിക്കുന്ന ഇലകൾ സരള(simple)ങ്ങളാണ്. അപൂർവമായി ഇവ മാംസളമായിരിക്കും. പൂക്കൾ ചെറുതും അവ്യക്തവുമാണെങ്കിലും പൂങ്കുലകൾ വർണശബളമാകയാൽ അവ ശ്രദ്ധ ആകർഷിക്കാൻ പോന്നവയാണ്. പൂക്കൾ ഏകലിംഗി(unisexual)കളോ ദ്വിലിംഗി(bisexual)കളോ ആയിരിക്കും. ചെടികൾ ഉഭയലിംഗാശ്രയി(monoecious)കളോ ഏകലിംഗാശ്രയി(dioecious)കളോ ആണ്. പരിദളപുഞ്ജം (perianth) 2-5 ഭാഗങ്ങളാക്കപ്പെട്ടിരിക്കും. പരിദളപുഞ്ജഭാഗങ്ങൾക്കെതിരായി 1-5 കേസരങ്ങൾ കാണാം. ചിലപ്പോൾ ഇവ ഒരുമിച്ചു ചേർന്ന് ഒരു കേസരനാളിയുണ്ടാകുന്നു. മുകളിലായി കാണുന്ന അണ്ഡാശയത്തിന്റെ താഴെ അറ്റത്തായി ഒരണ്ഡം കാണാം (അപൂർവമായി മാത്രമേ ഒന്നിലേറെ അണ്ഡങ്ങൾ കാണാറുള്ളു). ഒന്നോ അധികമോ വർത്തിക(style) കളുള്ളതും, വർത്തികയേ ഇല്ലാത്തതുമായ ചെടികളും ഈ കുടുംബത്തിലുണ്ട്. ഭൃതി (utricle), അകീൻ തുടങ്ങി കായ്കൾ വിവിധ തരത്തിലുള്ളവയാണ്. അതിനെ ചുറ്റി എപ്പോഴും ഒരു പരിദളപുഞ്ജം ഉണ്ടായിരിക്കും. വിത്തുകൾക്കുള്ളിൽ വൃത്താകാരമായ ഭ്രൂണം സ്ഥിതി ചെയ്യുന്നു.

അമരാന്തേസി
അമരാന്തേസി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Amaranthaceae
Type genus
Amaranthus
Subfamilies

Amaranthoideae
Chenopodioideae
Gomphrenoideae
Salicornioideae
Salsoloideae

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമരാന്തേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമരാന്തേസി&oldid=2839207" എന്ന താളിൽനിന്ന് ശേഖരിച്ചത്