കേരള സർക്കാറിന്റെ 2011-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2012 ജൂലൈ 19-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ തമിഴ് നടൻ ഭാഗ്യരാജ് അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ നാൽപ്പത് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ജൂലൈ 7-നാണ് ഇതിനായുള്ള പ്രദർശനം ആരംഭിച്ചത്. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമാണ് 2012-ൽ അവാർഡ് നിർണ്ണയ ജൂറിയെ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ എട്ടംഗ ജൂറിയിൽ അധ്യക്ഷൻ ഉൾപ്പെടെ ആറു പേരെങ്കിലും മലയാളം അറിയാവുന്നവർ ആയിരിക്കണമെന്നു നിഷ്കർഷിച്ചിരിക്കുന്നു. ജൂറിയിലെ രണ്ട് പേർ ചലച്ചിത്രസംവിധായകരും ഒരാൾ സാങ്കേതിക വിദഗ്ദ്ധനും രണ്ടുപേർ എഴുത്തുകാരും ആയിരിക്കണമെന്നുതും പുതുക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു[1]. തമിഴ് സംവിധായകൻ ഭാഗ്യരാജ് ചെയർമാനായ ജൂറിയിൽ സംവിധായൻ ബി. അജയൻ, ഡോ. ബി. അരുന്ധതി, കെ.ആർ. മീര, സി.ആർ. ചന്ദ്രൻ, ടി.കെ. ലോറൻസ്, ആര്യാടൻ ഷൗക്കത്ത്, ചലച്ചിത്ര അക്കാദമി മെംബർ സെക്രട്ടറി കെ. മനോജ് കുമാർ എന്നിവരും അംഗങ്ങളായിരുന്നു[2]. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനും ചലച്ചിത്രസംബന്ധ ലേഖനത്തിനുമുള്ള അവാർഡ് നിർണയിക്കുന്നതു ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായ സമിതിയാണ്. ഡോ. ടി. അനിതകുമാരി, സിബി കാട്ടാന്പള്ളി, കെ. മനോജ്കുമാർ (മെംബർ സെക്രട്ടറി) എന്നിവരാണു മറ്റു കമ്മിറ്റി അംഗങ്ങൾ.[3]