ഓറിയോൺ

(ശബരൻ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമദ്ധ്യരേഖാപ്രദേശത്ത് ഡിസംബർ മുതൽ മാർച്ച് വരെ കാണാവുന്ന ഒരു നക്ഷത്രഗണമാണ് ശബരൻ അഥവാ ഓറിയോൺ. വേട്ടക്കാരൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു.[1] അമ്പുതൊടുത്തുനിൽക്കുന്ന വേടനായും മൃഗത്തിനെ അടിക്കാൻ ദണ്ഡുയർത്തിനിൽക്കുന്ന വേട്ടക്കാരനായും ഈ നക്ഷത്രഗണം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ആകാശത്ത് ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളിൽ ഒന്നാണിത്. നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഏറ്റവും പ്രകാശമുള്ള M42 എന്ന ഓറിയോൺ നെബുല ഈ നക്ഷത്രഗണത്തിനുള്ളിലാണ്. IC 434 എന്ന ഹോഴ്സ്ഹെഡ് നെബുലയും M43,M78 എന്നീ നെബുലകളും ഇതിന്റെ പശ്ചാത്തലത്തിൽ കാണാം. തിരുവാതിര, മകയിരം എന്നീ നക്ഷത്രങ്ങൾ ഇതിനുള്ളിലാണ് വരുന്നത്.

ഓറിയൺ നക്ഷത്രഗണം

നക്ഷത്രങ്ങൾ തിരുത്തുക

 
ശബരൻ നക്ഷത്രസമൂഹവും പ്രധാന നക്ഷത്രങ്ങളും
  • തിരുവാതിര: ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് ആൽഫ ഒറിയോണിസ് എന്നാണ് തിരുവാതിര അറിയപ്പെടുന്നത്. ഇതൊരു എം.ടൈപ് ചുവപ്പ് അതിഭീമ നക്ഷത്രം ആണ്. ജീവിതാവസാനത്തോടടുത്ത ഒരു സെമിറെഗുലർ ചരനക്ഷത്രമാണ് തിരുവാതിര.[2] വേട്ടക്കാരന്റെ വലത്തെ ചുമലിനെ പ്രതിനിധീകരിക്കുന്ന ഈ നക്ഷത്രം തിളക്കം കൊണ്ട് നക്ഷത്രങ്ങളിൽ എട്ടാമനാണ്..[3]
  • റീഗൽ: ബീറ്റ ഓറിയോണിസ് എന്നും അറിയപ്പെടുന്നു. ഇതൊരു ബി-ടൈപ്പ് അതിഭീമൻ നക്ഷത്രമാണ്. രാത്രികാലത്ത് ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് ആറാം സ്ഥാനം റീഗലിനുണ്ട്. ഇതിന്റെ കേന്ദ്രത്തിലെ ഭാരം കൂടിയ മൂലകങ്ങൾ അതിവേഗത്തിൽ ജ്വലനത്തിനു വിധേയമാകുന്നതു കൊണ്ട് അതിഭീമ നക്ഷത്രം എന്ന ഘട്ടം വേഗം(ജ്യോതിഃശാസ്ത്ര കാലഗണന) കടന്നു പോകും. സങ്കോചത്തെ തുടർന്ന് ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയോ പുറംഭാഗം പൊട്ടിച്ചിതറി ഒരു വെളുത്ത കുള്ളൻ നക്ഷത്രമാവുകയോ ചെയ്തേക്കാം. റീഗൽ വേട്ടക്കാരന്റെ ഇടതുകാലിനെ പ്രതിനിധീകരിക്കുന്നു.[4]
  • ബല്ലാട്രിക്സ്: ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് ഗാമ ഒറിയോണിസ് എന്നാണ് അറിയപ്പെടുന്നത്. രാത്രി കാണുന്ന നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് ഇതിന് 27-ാമത് സ്ഥാനമാണുള്ളത്.[5] ഇതൊരു ബി-ടൈപ്പ് നീല ഭീമനാണ്. എങ്കിലും ഒരു സൂപ്പർനോവ ആകാനുള്ള പിണ്ഡം ഇതിനില്ല. ഭീമൻ നക്ഷത്രങ്ങളിൽ താരതമ്യേന വലിപ്പം കുറവായിരുന്നിട്ടും ഇതിന്റെ വളരെ ഉയർന്ന താപനിലയാണ് ഇതിന് ഇത്രയും തിളക്കം കിട്ടുന്നതിന് കാരണമാവുന്നത്.[6] ബെല്ലാട്രിക്സ് വേട്ടക്കാരന്റെ ഇടതു ചുമലിനെയാണ് പ്രതിനിധീകരിക്കുന്നത്.[6]
  • മിന്റാക: ബെയർ പദ്ധതിയിൽ ഡെൽറ്റ ഒറിയോണിസ് എന്ന് അറിയപ്പെടുന്നു. ഓറിയോൺ ബെൽറ്റിലെ തിളക്കം കുറഞ്ഞ നക്ഷത്രമാണ് മിന്റാക.[7] യഥാർത്ഥത്തിൽ ഇതൊരു ഒറ്റ നക്ഷത്രമല്ല. മൂന്നു നക്ഷത്രങ്ങളുടെ ഒരു സംഘാതമാണ്. മിന്റാക എന്ന വാക്കിന്റെ അർത്ഥം ബെൽറ്റ് എന്നാണ്.[8] ഇതിലെ രണ്ടു നക്ഷത്രങ്ങൾ പരസ്പരം കറങ്ങുന്ന ദ്വന്ദ്വനക്ഷത്രങ്ങളാണ്. ഇതിനാൽ ഇതിന്റെ തിളക്കം കൂടിയും കുറഞ്ഞും അനുഭവപ്പെടുന്നു. മിന്റാക്ക ഓറിയൺ ബെൽറ്റിലെ വടക്കു-പടിഞ്ഞാറെ അറ്റത്തു സ്ഥിതി ചെയ്യുന്നു.[7][8]
  • അൽനിലം: ബെയർ പദ്ധതിയിൽ എപ്സിലോൺ ഒറിയോണിസ് എന്ന് അറിയപ്പെടുന്നു. ഓറിയോൺ ബെൽറ്റിൽ നടുവിലാണ് ഇതിന്റെ സ്ഥാനം..[9] അറബിയിൽ അൽനിലം എന്ന വാക്കിനർത്ഥം മുത്തുമാല എന്നാണ്.[8] ഇതൊരു ബി-ടൈപ് നീല ഭീമൻ നക്ഷത്രമാണ്. ദ്രവ്യം അതിവേഗം ജ്വലിച്ചു തീർന്നുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ് അൽനിലം. ഏകദേശം 4ലക്ഷം വർഷത്തെ പ്രായം മാത്രമേ ഇതിനുള്ളു എന്നാണ് കണക്കാക്കുന്നത്.[9]
  • അൽനിതക്: സീറ്റ ഓറിയോണിസ് എന്നാണ് ബെയർ നിർദ്ദേശിച്ച പേര്. അരപ്പട്ട എന്നാണ് അൽനിതക് എന്ന വാക്കിനർത്ഥം. ഓറിയോൺ ബെൽറ്റിൽ ഏറ്റവും കിഴക്കുഭാഗത്താണ് ഇതിന്റെ സ്ഥാനം. അൽനിതക് ഒറ്റനക്ഷത്രമല്ല. മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ ഒരു ബഹുനക്ഷത്രവ്യവസ്ഥയാണ്. ഭൂമിയിൽ നിന്നും 800 പ്രകാശവർഷങ്ങൾക്കപ്പുറുത്താണ് നീല അതിഭീമൻ നക്ഷത്രമായ ഇതിന്റെ സ്ഥാനം.
  • സെയ്ഫ്: ബെയർ നിർദ്ദേശിച്ച പേര് കാപ്പ ഓറിയോണിസ് എന്നാണ്. വേട്ടക്കാരന്റെ വലത്തെ കാലിനെ പ്രതിനിധീകരിക്കുന്നു. വലിപ്പത്തിലും ദൂരത്തിലും റീഗലിനു തുല്യമാണെങ്കിലും തിളക്കം കുറഞ്ഞ ഒരു നക്ഷത്രമാണിത്. ഉൽസർജ്ജിക്കുന്ന പ്രകാശത്തിൽ വലിയൊരു ഭാഗവും അൾട്രാവൈലറ്റ് തരംഗദൈർഘ്യത്തിൽ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

വേട്ടക്കാരൻ നക്ഷത്രഗണത്തിലെ തിളക്കമേറിയ നക്ഷത്രങ്ങൾ തിരുത്തുക

പേര് കാന്തിമാനം അകലം
ബീറ്റൽജ്യൂസ് 0.5 മാഗ്നിറ്റ്യൂഡ് 548 പ്രകാശവർഷം
റീഗൽ 0.13 മാഗ്നിറ്റ്യൂഡ് 860 പ്രകാശവർഷം
ബെല്ലാട്രിക്സ് 1.64 മാഗ്നിറ്റ്യൂഡ് 250 പ്രകാശവർഷം
മിന്റാക്ക 2.23 മാഗ്നിറ്റ്യൂഡ് 1200 പ്രകാശവർഷം
അൽനിലാം 1.69 മാഗ്നിറ്റ്യൂഡ് 2000 പ്രകാശവർഷം
അൽനിതാൿ 1.77 മാഗ്നിറ്റ്യൂഡ് 1260 പ്രകാശവർഷം
സെയ്ഫ് 2.09 മാഗ്നിറ്റ്യൂഡ് 650 പ്രകാശവർഷം'
മെയ്സ്സ 3.33 മാഗ്നിറ്റ്യൂഡ് 1320 പ്രകാശവർഷം

ചരിത്രവും ഐതിഹ്യവും തിരുത്തുക

 
ഒറിയോൺ നക്ഷത്രരാശിയിലെ നക്ഷത്രങ്ങൾ ജനിച്ചു കൊണ്ടിരിക്കുന്ന പ്രദേശം. നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രം.

ഓറിയൺ നക്ഷത്രരാശിയെ കുറിച്ചുള്ള ഏറ്റവും പഴയ രേഖപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുള്ളത് ജർമ്മനിയിലെ ആക് താഴ്വരയിലുള്ള ഒരു ഗുഹയിൽ നിന്നാണ്. 1979ൽ ഇവിടെ നിന്ന് പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയ ഒരു ആനക്കൊമ്പിൽ ഒറിയോൺ നക്ഷത്രക്കൂട്ടത്തിന്റെ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഏതാണ്ട് 32000 വർഷത്തിനും 38000 വർഷത്തിനും ഇടയിൽ പഴക്കമുണ്ടായിരിക്കും ഇതിനെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത്.[10][11][12] ഓറിയോണിന്റെ സവിശേഷമായ ആകൃതി ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ജനവിഭാഗങ്ങൾ ശ്രദ്ധിക്കുകയും അവരുടെതായ ഐതിഹ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുകയും ചെയ്തു.

പൂർവ്വേഷ്യൻ രാജ്യങ്ങൾ തിരുത്തുക

സ്വർഗ്ഗത്തിലെ ആട്ടിടയൻ എന്ന് അർത്ഥം വരുന്ന വാക്കാണ് ബാബിലോണിയയിൽ ആധുനിക ചെമ്പുയുഗത്തിൽ സൃഷ്ടിക്കപ്പെട്ട നക്ഷത്ര കാറ്റലോഗിൽ ഉപയോഗിച്ചിരിക്കുന്നത്.[13] പ്രാചീന ഈജിപ്റ്റുകാർ ഓറിയോണിനെ സാ എന്ന ദൈവമായാണ് കണ്ടിരുന്നത്. ഈജിപ്ഷ്യൻ കലണ്ടർ സിറിയസ് നക്ഷത്രത്തിന്റെ ഉദയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരുന്നത്. സിറിയസ്സിനെ സോപ്ഡെറ്റ് എന്ന ദേവതയായാണ് അവർ ആരാധിച്ചിരുന്നത്. സിറിയസ്സിന് തൊട്ടു മുമ്പ് ഉദിക്കുന്ന ഓറിയോണിനും അവർ ദൈവിക പദവി നൽകി.[14]

അർമേനിയക്കാർ അവരുടെ വംശം സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന ഹായ്ക് എന്ന പൂർവികനായാണ് ഓറിയോണിനെ കണ്ടിരുന്നത്. ബൈബിളിന്റെ അർമേനിയൻ പതിപ്പിലും ഓറിയോണിനെ ഹായ്ക് എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്.[15]

ബൈബിളിൽ മൂന്നിടത്ത് ഒറിയോണിനെ പരാമർശിക്കുന്നുണ്ട്. ജോബ് 9:9 ("He is the maker of the Bear and Orion"), ജോബ് 38:31 ("Can you loosen Orion's belt?"), അമോസ് 5:8 ("He who made the Pleiades and Orion").

ഗ്രീക്ക് പുരാണത്തിൽ തിരുത്തുക

 
ഒറിയോൺ 9-ാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം.

ഗ്രീക്ക് പുരാണത്തിൽ ഭീമാകാരനും അതീവ ശക്തിമാനുമായ ഒരു വേട്ടക്കാനാണ് ഓറിയോൺ.[16] യൂറൈലീ എന്ന ഗോർഗണിന്റെയും സമുദ്ര ദേവനായ പൊസൈഡണിന്റെയും മകനാണ് ഒറിയോൺ. ഒരു ഗ്രീക്ക് കഥയനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളെ കൊല്ലുന്നതിന്റെ പേരിൽ ഭൂമിയുടെയും ജീവന്റെയും ദേവതയായ ഗയക്ക് ഒറിയോണിനോട് വിരോധം തോന്നുകയും ഒറിയോണിനെ കൊല്ലുന്നതിനു വേണ്ടി ഭീമൻ തേളിനെ പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാൽ ഒഫ്യൂക്കസ് പ്രത്യൗഷധം നൽകി ഒറിയോണിനെ രക്ഷപ്പെടുത്തി. ഇതിനാലാണത്രെ ഒറിയോണും വൃശ്ചികവും(Scorpius) പരസ്പരം കാണാനാവാത്ത വിധത്തിൽ ആകാശത്തിന്റെ എതിർഭാഗങ്ങളിലും ഒഫ്യൂക്കസ് ഇവർക്കു മധ്യത്തിലായും സ്ഥിതി ചെയ്യുന്നത്.[17]

റോമൻ കവികളായ ഹൊറാസ്, വെർജിൽ എന്നിവരുടെ കവിതകളിലും ഹോമറുടെ ഒഡീസ്സി, ഇലിയഡ് എന്നീ ഇതിഹാസ കാവ്യങ്ങളിലും ഒറിയോൺ പരാമർശിക്കപ്പെടുന്നുണ്ട്.

മദ്ധ്യപൂർവ്വരാജ്യങ്ങളിൽ തിരുത്തുക

മദ്ധ്യകാല ഇസ്ലാമിക ജ്യോതിശാസ്ത്രത്തിൽ ഓറിയോണിനെ അൽ-ജബ്ബാർ എന്നാണ് പറയുന്നത്..[18] ഭീമാകാരൻ എന്നാണ് ഈ വാക്കിനർത്ഥം. ഓറിയോണിലെ തിളക്കത്തിൽ ആറാം സ്ഥാനത്തു നിൽക്കുന്ന സെയ്ഫ് എന്ന നക്ഷത്രത്തിന് ആ പേര് വന്നത് ഭീമന്റെ വാൾ എന്നർത്ഥം വരുന്ന സെയ്ഫ് അൽ-ജബ്ബാർ എന്ന വാക്കിൽ നിന്നാണ്.[19]

കിഴക്കൻ രാജ്യങ്ങൾ തിരുത്തുക

പുരാതന ചൈനയിലെ ജ്യോതിശാസ്ത്രജ്ഞർ ക്രാന്തിവൃത്തത്തെ 28 ചാന്ദ്രസൗധങ്ങളായി (Xiu - 宿) വിഭജിച്ചിരുന്നു. ഇതിലെ ഒരു സൗധമായി എടുത്തിരുന്നത് ഓറിയോണിനെയായിരുന്നു. ഓറിയോണിന്റെ ബെൽറ്റിനെ ഉദ്ദേശിച്ച് മൂന്ന് എന്നർത്ഥം വരുന്ന ഷെൻ ((參)എന്ന വാക്കാണ് അവർ ഉപയോഗിച്ചിരുന്നത്. 參 എന്ന ചൈനീസ് വാക്ക് പിൻ‌യിൻ സമ്പ്രദായത്തിൽ ഓറിയോൺ എന്ന അർത്ഥത്തിൽ തന്നെയാണ് ഉപയോഗിച്ചു വരുന്നത്.[20] ഋഗ്വേദത്തിൽ ഇതിനെ ഒരു മാൻ ആയാണ് വിവരിച്ചിരിക്കുന്നത്.[21]

യൂറോപ്പ് തിരുത്തുക

ഹംഗറിക്കാരുടെ നാടോടിക്കഥകളിൽ ഓറിയോൺ ഒരു വില്ലാളിയാണ്. നല്ലൊരു വേട്ടക്കാരനായ അദ്ദേഹം ഇരട്ടകളായ ഹൂണർ, മഗർ എന്നിവരുടെ പിതാവുമാണ്. പ്രാചീന ഹംഗറിയിലെ രണ്ടു വിഭാഗക്കാരായ ഹൂണന്മാർ (നാടോടികൾ), മാഗ്യാറുകൾ (ഹംഗേറിയന്മാർ) എന്നിവരുടെ ആദിപിതാക്കളാണ് ഹൂണർ, മഗർ എന്നിവരെന്നാണ് വിശ്വാസം. ഹംഗറിക്കാർ ഓറിയോണിന്റെ ബൽറ്റിനെ "ജഡ്ജിയുടെ ദണ്ഡ്" എന്നാണ് വിളിക്കുന്നത്.[22]

സ്കാൻഡിനേവിയൻ പുരാണങ്ങളിൽ ഓറിയോണിന്റെ ബെൽറ്റ് അവരുടെ ദേവതയായ ഫ്രിഗ്ഗിന്റെ കയ്യിലെ നൂൽനൂൽപ്പ് ഉപകരണമാണ്.[23]

ഫിൻലാന്റുകാരുടെ വിശ്വാസമനുസരിച്ച് ഓറിയോണിന്റെ ബെൽറ്റും താഴെയുള്ള ഏതാനും നക്ഷത്രങ്ങളും ചേർന്നത് അവരുടെ ദേവനായ "വായ്നാമോയ്നന്റെ" സ്കൈത്ത് എന്ന കാർഷികോപകരണമാണ്.[24] ഓറിയോണിന്റെ വാൾ കലവാ എന്ന പുരാതന ചക്രവർത്തിയുടെ വാളാണത്രെ.

സൈബീരിയയിലെ ചുക്‌ചി വിഭാഗക്കാരുടെ വിശ്വാസപ്രകാരവും ഓറിയോൺ ഒരു വേട്ടക്കാരനാണ്. പാശ്ചാത്യർ നൽകിയ രൂപം തന്നെയാണ് ഇവരും ഇതിന് നൽകിയിരിക്കുന്നത്.[25]

അമേരിക്ക തിരുത്തുക

 
ഓറിയോണിലെ പ്രധാന നക്ഷത്രങ്ങൾ

വടക്കു പടിഞ്ഞാറൻ മെക്സിക്കോയിലെ സിരി വിഭാഗക്കാർ ഹാപ്ജ് എന്നാണ് ഓറിയോണിനെ വിളിക്കുന്നത്. വേട്ടക്കാരൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ബെൽറ്റിലെ മൂന്നു നക്ഷത്രങ്ങളെ ഹപ്(വടക്കെ അമേരിക്കയിൽ കാണുന്ന ഒരിനം മാൻ), ഹാമോജ(കലമാൻ), മോജെറ്റ്(വടക്കെ അമേരിക്കയിൽ കാണുന്ന വലിയ കൊമ്പുകളുള്ള ഒരിനം ആട്) എന്നിങ്ങനെ വിളിക്കുന്നു. നടുവിലുള്ള ഹപിനെ വേട്ടക്കാരൻ അമ്പെയ്തിട്ടുണ്ട് എന്നും അതിന്റെ രക്തം തുള്ളികളായി ടിബുറോൺ ദ്വീപിന്റെ മുകളിലേക്കു വീഴുന്നു എന്നുമാണ് ഐതിഹ്യം.[26]

പ്യൂവെർട്ടോ റിക്കോ ദ്വീപുവാസികൾ ബെൽറ്റിലെ മൂന്നു നക്ഷത്രങ്ങൾ ഉണ്ണിയേശുവിനെ സന്ദർശിച്ച മൂന്നു രാജാക്കന്മാരാണെന്നു വിശ്വസിക്കുന്നു.[27] അമേരിക്കയിലെ ലക്കോട്ട ആദിമ വിഭാഗക്കാർ ഓറിയോണിന്റെ ബെൽറ്റ് ഒരു കാട്ടുപോത്തിന്റെ നട്ടെല്ലാണ് എന്നു വിശ്വസിക്കുന്നു. ഇതിനു് ഇരുവശത്തുമുള്ള നാലു നക്ഷത്രങ്ങൾ വാരിയെല്ലുകളും കാർത്തികക്കൂട്ടം തലയും സിറിയസ് ഈ പോത്തിന്റെ വാലും ആണ്.[28]

സ്ഥാനം തിരുത്തുക

 
ഓറിയോൺ നക്ഷത്രമാപ്

ഓറിയോണിന്റെ വടക്കുപടിഞ്ഞാറു ഇടവവും തെക്കുപടിഞ്ഞാറു യമുനയും തെക്ക് മുയലും കിഴക്ക് ഏകശൃംഗാശ്വവും വടക്കുകിഴക്ക് മിഥുനവും സ്ഥിതി ചെയ്യുന്നു. 594 ചതുരശ്ര ഡിഗ്രിയാണ് ഓറിയോണിന്റെ വിസ്തീർണ്ണം. 88 നക്ഷത്രരാശികളിൽ ഇരുപത്താറാമതു സ്ഥാനമാണ് ഇതിനുള്ളത്. ഖഗോളരേഖാംശം 04മ.34.4മി., 6മ.25.5മി. എന്നിവക്ക് ഇടക്കും അവനമനം 22.87° -10.97° എന്നിവക്ക് ഇടയിലുമാണ് ആകാശത്തിൽ ഇതിന്റെ സ്ഥാനം.[29] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "Ori" എന്ന ചുരുക്കപ്പേര് ഓറിയോണിന് അനുവദിച്ചു.[30] ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഓറിയോണിനെ നിരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം.[31]

സ്ഥാനനിർണ്ണയ സഹായി തിരുത്തുക

 
ശബരൻ-അടുത്തുള്ള ചില നക്ഷത്രങ്ങളിലേക്കുള്ള ചൂണ്ടുപലക

നക്ഷത്ര നിരീക്ഷണത്തിലെ തുടക്കക്കാർക്ക് മറ്റു നക്ഷത്രങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിനും ഒറിയോൺ സഹായിക്കുന്നു. ബെൽറ്റിലൂടെ ഒരു നേർരേഖ തെക്കുകിഴക്കോട്ട് നീട്ടിയാൽ സിറിയസിൽ ചെന്നെത്തും. വടക്കുപടിഞ്ഞാറു ഭാഗത്തേക്കു നീട്ടിയാൽ ബ്രഹ്മർഷിയിലും, വീണ്ടും നീട്ടിയാൽ കാർത്തികയിലും എത്തും. ചുമലുകളെ പ്രതിനിധീകരിക്കുന്ന നക്ഷത്രങ്ങളെ ചേർത്ത് കിഴക്കോട്ടു വരച്ചാൽ പ്രോസിയോണിൽ എത്തും. റീഗലിൽ നിന്ന് ഒരു വര തിരുവാതിരയിലൂടെ വരച്ചാൽ കാസ്റ്റർ, പോളക്സ് എന്നീ നക്ഷത്രങ്ങളെ കണ്ടെത്താം. കൂടാതെ റീഗൽ ശരത് അഷ്ടഭുജം എന്ന ശരത് താരസഞ്ചയത്തിന്റെ ഭാഗമാണ്. സിറിയസ്, തിരുവാതിര, പ്രോസിയോൺ എന്നിവ ചേർന്നാണ് ശരത് ത്രികോണം ഉണ്ടാവുന്നത്.[8]

പ്രത്യേകതകൾ തിരുത്തുക

ഓറിയോണിലെ പ്രധാനപ്പെട്ട ഏഴു നക്ഷത്രങ്ങൾ ചേർന്ന് ഒരു മണൽ ഘടികാരത്തിന്റെ രൂപം രാത്രിയിലെ ആകാശത്ത് സൃഷ്ടിക്കുന്നു. തിരുവാതിര, ബെല്ലാട്രിക്സ്, റീഗൽ, സെയ്ഫ് എന്നീ നാലു തിളക്കമുള്ള നക്ഷത്രങ്ങൾ ചേർന്ന് ഒരു ചതുർഭുജവും സൃഷ്ടിക്കുന്നു. മിന്റാക്ക, അൽനിലം, അൽനിതക് എന്നിവ വേട്ടക്കാരന്റെ ബെൽറ്റ് ആകുന്നു. ബെൽറ്റിന്റെ താഴെയായി മൂന്നു നക്ഷത്രങ്ങൾ ഒരു വരിയിൽ കാണുന്നതാണ് വാൾ. ഇതിലെ നടുവിൽ കാണുന്നത് ഒരു നക്ഷത്രമല്ല. അതൊരു നെബുലയാണ്. പ്രസിദ്ധമായ ഓറിയൺ നെബുല.

ഓറിയോൺ ബെൽറ്റ് തിരുത്തുക

ഓറിയോൺ ബെൽറ്റ്
ഓറിയോൺ ബെൽറ്റിന്റെ ക്ലോസ്‌അപ് ചിത്രം

ഓറിയോണിലെ ഒരു താരസഞ്ചയമാണ് (asterism) ഓറിയോൺ ബെൽറ്റ്. അൽനിതക്, അൽനിലം, മിന്റാക്ക എന്നിവയാണ് ഇതിലുൾപ്പെടുന്ന നക്ഷത്രങ്ങൾ. അൽനിതക് ഭൂമിയിൽ നിന്നും 800 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യനെക്കാൾ പതിനായിരം മടങ്ങ് അധികം തിളക്കമുണ്ട് ഈ നക്ഷത്രത്തിന്. ഇതിന്റെ വികിരണത്തിന്റെ നല്ലൊരു പങ്കും അൾട്രാ വയലറ്റ് തരംഗദൈർഘ്യത്തിലുള്ളതാകയാൽ മനുഷ്യനേത്രങ്ങൾക്ക് അപ്രാപ്യമാണ്.[32] അൽനിലം ഭൂമിയിൽ നിന്നും ഏകദേശം 1340 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1.70 ആണ് ഇതിന്റെ കാന്തിമാനം. സൂര്യനെക്കാൾ 3,75,000 മടങ്ങ് തിളക്കമുണ്ട് ഇതിന്.ref name=alnilam /> മിന്റാക്ക ഭൂമിയിൽ നിന്നും 915 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. 2.21 ആണ് ഇതിന്റെ കാന്തിമാനം. സൂര്യനെക്കാൾ 90,000 മടങ്ങ് തിളക്കമുണ്ട്. ഒരു ഇരട്ട നക്ഷത്രമാണ്. പരസ്പരം ഒന്നു ചുറ്റാൻ 5.73 ദിവസം എടുക്കുന്നു.[7] ഉത്തരാർദ്ധഗോളത്തിലുള്ളവർക്ക് ജനുവരിമാസത്തിൽ സൂര്യാസ്തമനത്തിനു ശേഷം ഇതിനെ കാണാനാകും.

തല തിരുത്തുക

മൂന്നു നക്ഷത്രങ്ങൾ ചേർന്നതാണ് ത്രികോണരൂപമാണ് വേട്ടക്കാരന്റെ തല. കേരളത്തിൽ ഇതിനെ മകയിര്യം എന്നു പറയുന്നു. ഇതിലെ വടക്കു ഭാഗത്തു കിടക്കുന്ന നക്ഷത്രമാണ് മെയ്സാ അഥവാ ലാംഡാ ഒറിയോണിസ്. ഈ നീല ഭീമൻ നക്ഷത്രം ഭൂമിയിൽ നിന്നും 1100 പ്രകാശവർഷങ്ങൾക്ക് അപ്പുറത്താണ് കിടക്കുന്നത്. 3.54 ആണ് ഇതിന്റെ കാന്തിമാനം. ഫൈ-1 ഒറിയോണിസ്, ഫൈ-2 ഒറിയോണിസ് എന്നിവയാണ് മറ്റു രണ്ടു നക്ഷത്രങ്ങൾ.

ഗദ തിരുത്തുക

തിരുവാതിരയുടെ വടക്കു ഭാഗത്തായി വേട്ടക്കാരന്റെ കയ്യിലെ ഗദ കാണാം. മ്യൂ ഓറിയോണിസ് ആണ് കൈമുട്ട്. നു, ക്സൈ എന്നിവ ഗദയുടെ പിടിയും ചി1, ചി2 എന്നിവ അവസാനഭാഗവും ആണ്.

പരിച തിരുത്തുക

ബെല്ലാട്രിക്സിനു പടിഞ്ഞാറു ഭാഗത്തായി കാണുന്ന ആറു നക്ഷത്രങ്ങൾ ഉൾപ്പെട്ട പൈ ഓറിയോണിസ് വേട്ടക്കാരന്റെ പരിച.

ഉൽക്കാവർഷം തിരുത്തുക

ഒക്ടോബർ 20നോ അതിനടുത്ത ദിവസങ്ങളിലോ ആണ് ഓറിയോണിസ് ഉൽക്കാവർഷം ശക്തിപ്പെടുക. മണിക്കൂറിൽ 20 ഉൽക്കകൾ വരെ കാണാൻ കഴിയും. ഹാലിയുടെ വാൽനക്ഷത്രം ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങളാണ് ഓറിയോണിഡ്സിലെ ഉൽക്കകളായി കാണാൻ കഴിയുന്നത്.[33]

വിദൂരാകാശവസ്തുക്കൾ തിരുത്തുക

വേട്ടക്കാരന്റെ വാളിൽ ട്രപീസിയം താരവ്യൂഹം, ഓറിയൺ നെബുല എന്നിവ കാണാം. ഓറിയോൺ നെബുലയെ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ കാണാൻ കഴിയും. ഒരു ബൈനോക്കുലർ ഉപയോഗിക്കുകയാണെങ്കിൽ പുതിയതായി രൂപം കൊള്ളുന്ന നക്ഷത്രങ്ങളുടെ ചുറ്റുമുള്ള മേഘം, തിളങ്ങുന്ന വാതകക്കൂട്ടം, മറ്റു പൊടിപടലങ്ങൾ എന്നിവ കണ്ടെത്താനാവും. ട്രപീസിയം താരവ്യൂഹത്തിൽ ധാരാളം പുതിയ നക്ഷത്രങ്ങളും ഏതാനും തവിട്ടുകുള്ളന്മാരും ഉണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 1500 പ്രകാശവർഷം അകലെയാണ് ട്രപീസിയം കിടക്കുന്നത്. ഇതിലെ തിളക്കമേറിയ നാലു നക്ഷത്രങ്ങൾ ചേർന്നാൽ ഒരു ട്രപിസോയ്‌ഡ് പോലെ ഇരിക്കുന്നതു കൊണ്ടാണ് ഈ പേരു ലഭിച്ചത്. ചന്ദ്ര എക്സ്-റേ ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിച്ചതിൽ നിന്ന് ഇതിലെ പ്രധാന നക്ഷത്രങ്ങളുടെ താപനില ഏകദേശം 60,000 കെൽവിൻ ആണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴും നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്.[34]

ഓറിയോണിലെ മറ്റൊരു നെബുലയാണ് M78 അഥവാ NGC 2068. ഇതിന്റെ കാന്തിമാനം 8.0 ആണ്. ഓറിയോണിന്റെ തൊട്ട് തെക്കുഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓറിയോൺ നെബുലയെ അപേക്ഷിച്ച് ഇതിന് വളരെ തിളക്കം കുറവാണ്. എന്നാൽ ഭൂമിയിൽ നിന്നും രണ്ടും ഒരേ അകലത്തിലാണ് കിടക്കുന്നത്. ഏകദേശം 1600 പ്രകാശവർഷം അകലെയാണ് M78ന്റെ സ്ഥാനം. വി351 ഓറിയോണിസ് എന്ന ചരനക്ഷത്രവുമായിനെബുല ബന്ധപ്പെട്ടു കിടക്കുന്നു. വളരെ ചുരുങ്ങിയ ഇടവേളകളിൽ തിളക്കത്തിൽ മാറ്റം സംഭവിക്കുന്ന ഒരു ചരനക്ഷത്രമാണ് വി351 ഓറിയോണിസ്.[35] ഓറിയോണിലെ മറ്റൊരു നെബുലയാണ് എൻ.ജി.സി.1999. ഇതിനെ ഓറിയോൺ നെബുലയോട് ചേർന്നു തന്നെ കാണാം. ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 10.5 ആണ്. മറ്റൊരു ചരനക്ഷത്രമായ വി380 ഓറിയോണിസ് എൻ.ജി.സി.1999ന്റെ ഭാഗമാണ്.[36]

ഓറിയോണിലെ മറ്റൊരു പ്രസിദ്ധമായ നെബുലയാണ് ഹോഴ്സ്‌ഹെഡ് നെബുല. ζ ഓറിയോണിസിന്റെ അടുത്താണ് ഇതിന്റെ സ്ഥാനം. ഇതിലെ ഒരു ഇരുണ്ട ധൂളീമേഘത്തിന്റെ ആകൃതി ഒരു കുതിരയുടെ തലയുടേതു പോലെയാണ്. ഇതിൽ നിന്നാണ് ഹോഴ്സ്ഹെഡ് നെബുല എന്ന പേരു വന്നത്.

എൻ.ജി.സി. 2174 ഒരു പ്രസരണ നീഹാരികയാണ്. ഭൂമിയിൽ നിന്നും 6400 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ. ബർണാഡ്സ് ലൂപ്, ഫ്ലെയിം നെബുല എന്നിവയും ഇവിടെ കാണാൻ കഴിയും.

ഈ നെബുലകളെല്ലാം തന്നെ ഓറിയോൺ തന്മാത്രാ മേഘസമൂഹത്തിന്റെ ഭാഗമാണ്. ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വിസ്തൃതി ആയിരക്കണക്കിന് പ്രകാശവർഷമാണ്. നമ്മുടെ താരാപഥത്തിലെ വളരെയധികം നക്ഷത്രങ്ങൾ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.

അവലംബം തിരുത്തുക

  1. "2023 ഫെബ്രുവരിയിലെ ആകാശം". 2023-02-03. Retrieved 2023-02-09.
  2. "Variable Star of the Month, Alpha Ori". Variable Star of the Season. American Association of Variable Star Observers. 2000. Archived from the original on January 22, 2009. Retrieved 2009-02-26.
  3. "Betelgeuse". Chris Dolan's Constellations. University of Wisconsin. 2009. Archived from the original on 2019-10-04. Retrieved 2009-02-26.
  4. "Rigel". Jim Kaler's Stars. University of Illinois, Urbana-Champaign 8=Campus. 2009. Archived from the original on February 22, 2009. Retrieved 2009-02-26.
  5. "Bellatrix". Chris Dolan's Constellations. University of Wisconsin. 2009. Archived from the original on 2019-10-27. Retrieved 2009-02-26.
  6. 6.0 6.1 "Bellatrix". Jim Kaler's Stars. University of Illinois, Urbana-Champaign 8=Campus. 2009. Archived from the original on February 22, 2009. Retrieved 2009-02-26.
  7. 7.0 7.1 7.2 "Mintaka". Jim Kaler's Stars. University of Illinois, Urbana-Champaign Campus. 2009. Archived from the original on 2011-11-28. Retrieved 2011-11-28.
  8. 8.0 8.1 8.2 8.3 Staal 1988, പുറം. 61.
  9. 9.0 9.1 "Alnilam". Jim Kaler's Stars. University of Illinois, Urbana-Champaign Campus. 2009. Archived from the original on 2011-11-28. Retrieved 2011-11-28.
  10. Rappenglück, Michael (2001). "The Anthropoid in the Sky: Does a 32,000 Years Old Ivory Plate Show the Constellation Orion Combined with a Pregnancy Calendar". Symbols, Calendars and Orientations: Legacies of Astronomy in Culture. IXth Annual meeting of the European Society for Astronomy in Culture (SEAC). Uppsala Astronomical Observatory. pp. 51–55. {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)
  11. "The Decorated Plate of the Geißenklösterle, Germany". UNESCO: Portal to the Heritage of Astronomy. Retrieved 26 February 2014.
  12. Whitehouse, David (January 21, 2003). "'Oldest star chart' found". BBC. Retrieved 26 February 2014.
  13. John H. Rogers, "Origins of the ancient constellations: I. The Mesopotamian traditions", Journal of the British Astronomical Association 108 (1998) 9–28
  14. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 127, 211
  15. Kurkjian, Vahan (1968). "History of Armenia". uchicago.edu. Michigan. 8.
  16. Star Tales – Orion
  17. Staal 1988, പുറങ്ങൾ. 61–62.
  18. Metlitzki, Dorothee (1977). The Matter of Araby in Medieval England. United States: Yale University Press. p. 79. ISBN 0-300-11410-9.
  19. Kaler, James B., "SAIPH (Kappa Orionis)", Stars, University of Illinois, retrieved 2012-01-27
  20. 漢語大字典 Hànyǔ Dàzìdiǎn (in Chinese), 1992 (p.163). 湖北辭書出版社和四川辭書出版社 Húbĕi Cishu Chūbǎnshè and Sìchuān Cishu Chūbǎnshè, re-published in traditional character form by 建宏出版社 Jiànhóng Publ. in Taipei, Taiwan; ISBN 957-813-478-9
  21. Holay, P. V. "Vedic astronomers". Bulletin of the Astronomical Society of India. 26: 91–106. Bibcode:1998BASI...26...91H.
  22. Toroczkai-Wigand Ede : Öreg csillagok ("Old stars"), Hungary (1915) reedited with Műszaki Könyvkiadó METRUM (1988).
  23. Schön, Ebbe. (2004). Asa-Tors hammare, Gudar och jättar i tro och tradition. Fält & Hässler, Värnamo. p. 228.
  24. Elo, Ismo. "Tähdet ja tähdistöt". Ursa.fi. Retrieved October 16, 2013.
  25. Staal 1988, പുറം. 63.
  26. Moser, Mary B.; Marlett, Stephen A. (2005). Comcáac quih yaza quih hant ihíip hac: Diccionario seri-español-inglés (PDF) (in സ്‌പാനിഷ് and English). Hermosillo, Sonora and Mexico City: Universidad de Sonora and Plaza y Valdés Editores.{{cite book}}: CS1 maint: unrecognized language (link)
  27. "Home - El Nuevo Día". Elnuevodia.com. Archived from the original on 2013-10-24. Retrieved October 16, 2013.
  28. "Windows to the Universe". Windows2universe.org. Retrieved January 13, 2017.
  29. "Orion, Constellation Boundary". The Constellations. International Astronomical Union. Retrieved 22 March 2013.
  30. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. Vol. 30. pp. 469–71. Bibcode:1922PA.....30..469R.
  31. Ellyard, David; Tirion, Wil (2008) [1993]. The Southern Sky Guide (3rd ed.). Port Melbourne, Victoria: Cambridge University Press. p. 4. ISBN 978-0-521-71405-1.
  32. "Alnitak". Stars.astro.illinois.edu. Retrieved 2012-05-16.
  33. Jenniskens, Peter (September 2012). "Mapping Meteoroid Orbits: New Meteor Showers Discovered". Sky & Telescope. p. 22.
  34. Wilkins, Jamie; Dunn, Robert (2006). 300 Astronomical Objects: A Visual Reference to the Universe (1st ed.). Buffalo, New York: Firefly Books. ISBN 978-1-55407-175-3.
  35. Levy 2005, പുറങ്ങൾ. 99–100.
  36. Levy 2005, പുറം. 107.


"https://ml.wikipedia.org/w/index.php?title=ഓറിയോൺ&oldid=3864057" എന്ന താളിൽനിന്ന് ശേഖരിച്ചത്