ആയില്യൻ

(ആയില്യൻ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും വലുതാണ്‌ ആയില്യൻ(Hydra). ഖഗോളമധ്യരേഖ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്‌ ഒരു സർപ്പത്തിന്റെ ആകൃതി കല്പിക്കപ്പെടുന്നു. 1303 ചതുരശ്ര ഡിഗ്രി വിസ്തീർണ്ണമുണ്ട് ഇതിന്. കൂടാതെ 100 ഡിഗ്രിയിൽ കൂടുതൽ നീളവുമുണ്ട്. അതിന്റെ തെക്കേ അറ്റം തുലാം, സെന്റോറസ് എന്നിവയുടെ അതിർത്തികളും അതിന്റെ വടക്കേ അറ്റം കർക്കടകത്തിന്റെ അതിർത്തിയുമാണ്.[1] രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രസമൂഹങ്ങളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ജലസർപ്പത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

ആയില്യൻ (Hydra)
ആയില്യൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ആയില്യൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Hya
Genitive: Hydrae
ഖഗോളരേഖാംശം: 8-15 h
അവനമനം: −20°
വിസ്തീർണ്ണം: 1303 ചതുരശ്ര ഡിഗ്രി.
 (ഒന്നാമത്)
പ്രധാന
നക്ഷത്രങ്ങൾ:
17
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
75
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ആൽഫാർഡ് (Alphard) (α Hya)
 (1.98m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
LHS 3003
 (20.9 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Alpha Hydrids
Sigma Hydrids
സമീപമുള്ള
നക്ഷത്രരാശികൾ:
ശലഭശുണ്ഡം (Antlia)
കർക്കടകം (Cancer)
ലഘുലുബ്ധകൻ (Canis Minor)
മഹിഷാസുരൻ (Centaurus)
അത്തക്കാക്ക (Corvus)
ചഷകം (Crater)
ചിങ്ങം (Leo)
തുലാം (Libra)
ഏകശൃംഗാശ്വം (Monoceros)
അമരം (Puppis)
കോമ്പസ് (Pyxis)
സെക്സ്റ്റന്റ് (Sextans)
കന്നി (Virgo)
അക്ഷാംശം +54° നും −83° നും ഇടയിൽ ദൃശ്യമാണ്‌
April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ചരിത്രവും ഐതിഹ്യവും

തിരുത്തുക

പുരാതന ബാബിലോണിയൻ നക്ഷത്രവിവരണരേഖയായ മുൽ.ആപിനിൽ നിന്നാണ് ആധുനിക നക്ഷത്രഗണങ്ങളുടെ കൂട്ടത്തിലേക്ക് ആയില്യൻ രാശിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രീക്ക് ഇതിഹാസങ്ങളിൽ ഇത് ഹൈഡ്ര എന്ന ജലസർപ്പമാണ്.[2] ഇത് ബാബിലോണിയൻ രേഖകളിലെ സർപ്പത്തെ അടിസ്ഥാനമാക്കിയുള്ള രണ്ട് നക്ഷത്രരാശികളിൽ ഒന്നാണ്. മറ്റൊന്ന് ആധുനിക രാശികളിൽ ഉൾപ്പെടുത്തിയിട്ടുള്ള സർപ്പമണ്ഡലമാണ്. ആയില്യന്റെ ആകൃതി വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാമ്പിനോട് സാമ്യമുള്ളതാണ്. അപ്പോളോ ദേവൻ വെള്ളമെടുക്കാനായി പറഞ്ഞുവിട്ട കാക്കയുമായി ബന്ധപ്പെടുത്തിയുള്ള ഒരു കഥ ഗ്രീസ്സിൽ പ്രചാരത്തിലുണ്ട്. കപ്പുമായി വെള്ളമെടുക്കാൻ പോയ കാക്ക അത്തിപ്പഴം പെറുക്കി നടക്കുകയും വെള്ളമില്ലാതെ തിരിച്ചു വന്ന് ഒരു ജലസർപ്പം വെള്ളമെടുക്കന്നതിൽ നിന്ന് തന്നെ തടഞ്ഞു എന്ന് അപ്പോളോയോട് പറയുകയും ചെയ്തു. ഇത് നുണയാണെന്ന് കണ്ടെത്തിയ അപ്പോളോ കാക്കയെയും കപ്പിനെയും (ചഷകം) ആകാശത്തു പ്രതിഷ്ഠിക്കുകയും ചെയ്തു. ഇവയോടൊപ്പം ആകാശത്തുള്ള ജലസർപ്പം കാക്കയെ ഒരിക്കലും വെള്ളം കുടിക്കാതെ തടയുകയും ചെയ്യുന്നു. മറ്റൊരു കഥയിൽ നിരവധി തലകളുള്ള ലേർണിയൻ ഹൈഡ്ര എന്ന ജലരാക്ഷസനെ ഹെർക്കുലീസ് കൊല്ലുന്നതായാണ് പറയുന്നത്.[3] ഐതിഹ്യം അനുസരിച്ച്, ഹൈഡ്രയുടെ തലകളിലൊന്ന് മുറിച്ചാൽ അതിന്റെ സ്ഥാനത്ത് രണ്ടെണ്ണം പുതുതായി ഉണ്ടാവും. ഹെർക്കുലീസിന്റെ അനന്തരവൻ, ഇയോലസ്, ഹെർക്കുലീസ് സർപ്പത്തിന്റെ തല അറുത്തിടുമ്പോൾ ഉടൻ തന്നെ ഒരു പന്തം ഉപയോഗിച്ച് കഴുത്ത് കരിയിച്ചു കളഞ്ഞ് അത് വളരുന്നതിൽ നിന്ന് തടയുകയും അങ്ങനെ ഹൈഡ്രയെ പൂർണ്ണമായി ഇല്ലാതാക്കാൻ ഹെർക്കുലീസിനെ പ്രാപ്തനാക്കുകയും ചെയ്തു.[4]

നക്ഷത്രങ്ങൾ

തിരുത്തുക

വളരെ വലിയ നക്ഷത്രരാശിയായിരുന്നിട്ടും ആയില്യനിൽ തിളക്കമുള്ള ഒരു നക്ഷത്രം മാത്രമേ അടങ്ങിയിട്ടുള്ളൂ. ആൽഫാർഡ് എന്ന ആൽഫ ഹൈഡ്രേ. ഭൂമിയിൽ നിന്ന് 177 പ്രകാശവർഷം അകലെയുള്ള ഈ ഓറഞ്ച് ഭീമന്റെ കാന്തിമാനം 2.0 ആണ്. ആൽഫാർഡ് എന്ന പേരിന്റെ അർത്ഥം "ഏകാന്തമായത്" എന്നാണ്.[5] ഭൂമിയിൽ നിന്ന് 365 പ്രകാശവർഷം അകലെയുള്ള ഒരു നീല നക്ഷത്രമാണ് ബീറ്റ ഹൈഡ്രേ. ഇതിന്റെ കാന്തിമാനം 4.3 ആണ്. 3.0 കാന്തിമാനമുള്ള മഞ്ഞ ഭീമനായ ഗാമാ ഹൈഡ്രേ ഭൂമിയിൽ നിന്ന് 132 പ്രകാശവർഷം അകലെയാണുള്ളത്.[1]

എപ്സിലോൺ ഹൈഡ്രേ എന്ന ഒരു ദ്വന്ദ്വനക്ഷത്രം ആയില്യന് ഉണ്ട്. ഇതിന് ഒരു പരിക്രമണം പൂർത്തിയാക്കാൻ 1000 വർഷങ്ങൾ വേണം. ഭൂമിയിൽ നിന്ന് 135 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[6] 3.4 കാന്തിമാനമുള്ള മഞ്ഞ നിറത്തിലുള്ള പ്രാഥമിക നക്ഷത്രവും 6.7 കാന്തിമാനമുള്ള നീല നിറത്തിലുള്ള ദ്വിദീയ നക്ഷത്രവുമാണ് ഇതിലുള്ളത്. ആയില്യനിൽ നിരവധി മങ്ങിയ ഇരട്ട നക്ഷത്രങ്ങളും ദ്വന്ദ്വനക്ഷത്രങ്ങളും ഉണ്ട്. ബൈനോക്കുലറുകളിലൂടെ രണ്ട് നക്ഷത്രങ്ങളും ചെറിയ അമച്വർ ദൂരദർശിനികളിൽ മൂന്നെണ്ണവും ദൃശ്യമാകുന്ന ഒരു ട്രിപ്പിൾ നക്ഷത്രമാണ് 27 ഹൈഡ്രേ. ഭൂമിയിൽ നിന്ന് 244 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന 4.8 കാന്തിമാനമുള്ള ഒരു വെളുത്ത നക്ഷത്രമാണ് പ്രാഥമികം. ദ്വിതീയ നക്ഷത്രം ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇത് കാന്തിമാനം 7 ഉം കാന്തിമാനം 11ഉം ഉള്ള രണ്ട് നക്ഷത്രങ്ങൾ ചേർന്നതാണ്. ഇത് ഭൂമിയിൽ നിന്ന് 202 പ്രകാശവർഷം അകലെയാണുള്ളത്. ഭൂമിയിൽ നിന്ന് 99 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദ്വ നക്ഷത്രമാണ് 54 ഹൈഡ്രേ. ചെറിയ അമച്വർ ദൂരദർശിനികളിലൂടെ തന്നെ വേർതിരിച്ചു കാണാം. പ്രാഥമിക നക്ഷത്രം 5.3 കാന്തിമാനമുള്ള മഞ്ഞ നക്ഷത്രവും ദ്വിതീയ നക്ഷത്രം 7.4 കാന്തിമാനമുള്ള പർപ്പിൾ നക്ഷത്രവുമാണ്.[1] 5.8, 5.9 കാന്തിമാനങ്ങളുള്ള ഒരു ജോടി നക്ഷത്രങ്ങളാണ് N ഹൈഡ്രേ (N Hya). സ്‌ട്രൂവ് 1270ഉം (Σ1270) ഒരു ജോടി നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്നു, അവയുടെ കാന്തിമാനം 6.4, 7.4 എന്നിങ്ങനെയാണ്.

 
ആയില്യനും ചുറ്റുമുള്ള നക്ഷത്രസമൂഹങ്ങളും. യുറേനിയയുടെ കണ്ണാടിയിൽ നിന്ന് (1825).

ഹൈഡ്രയിൽ അറിയപ്പെടുന്ന മറ്റൊരു പ്രധാന നക്ഷത്രം സിഗ്മ ഹൈഡ്രേ (σ ഹൈഡ്രേ) ആണ്. ഇതിന് മിൻചിർ എന്ന ഒരു പേരുമുണ്ട്. അറബിയിൽ പാമ്പിന്റെ മൂക്ക് എന്നാണ് ഈ പേരിന്റെ അർത്ഥം.[7]. ഇതിന്റെ കാന്തിമാനം 4.54 ആണ്. പാമ്പിന്റെ തലയാണ് ഇന്ത്യൻ ജ്യോതിശാസ്ത്രത്തിലെ ചന്ദ്ര രാശിയായ ആയില്യം. സംസ്കൃതത്തിൽ ആശ്ലേഷം. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ 2018 ജൂൺ 1 മുതൽ എപ്സിലോൺ ഹൈഡ്രയ്ക്ക് ആശ്ലേഷ എന്ന പേര് നൽകി.[7]

നിരവധി ചരനക്ഷത്രങ്ങളുടെ ആസ്ഥാനം കൂടിയാണ് ആയില്യൻ. ഭൂമിയിൽ നിന്ന് 2000 പ്രകാശവർഷം അകലെയുള്ള ഒരു മിറ വേരിയബിൾ നക്ഷത്രമാണ് R ഹൈഡ്രേ. പരമാവധി 3.5 കാന്തിമാനമുള്ള ഏറ്റവും തിളക്കമുള്ള മിറ വേരിയബിളുകളിൽ ഒന്നാണിത്. ഇതിന്റെ കുറഞ്ഞ കാന്തിമാനം 10 ആണ്. 390 ദിവസം കൊണ്ട് ഒരു ആവൃത്തി പൂർത്തിയാക്കുന്നു. ഭൂമിയിൽ നിന്ന് 20,000 പ്രകാശവർഷം അകലെയുള്ള അസാധാരണമായ തിളക്കമുള്ള ചുവന്ന ചരനക്ഷത്രമാണ് വി ഹൈഡ്രേ. ഇതിന്റെ കാന്തിമാനം 9.0 മുതൽ 6.6 വരെ വ്യത്യാസപ്പെടുന്നു.[8] ഭൂമിയിൽ നിന്ന് 528 പ്രകാശവർഷം അകലെയുള്ള കടും ചുവപ്പ് നിറമുള്ള ഒരു സെമി-റെഗുലർ വേരിയബിൾ നക്ഷത്രമാണ് യു ഹൈഡ്രേ. ഇതിന് ഏറ്റവും കുറഞ്ഞ കാന്തിമാനം 6.6 ഉം കൂടിയ കാന്തിമാനം 4.2 ഉം ആണ്. 115 ദിവസം കൊണ്ട് ഒരു ആവൃത്തി പൂർത്തിയാക്കുന്നു.[1]

സൗരയൂഥത്തിൽ നിന്ന് 31 പ്രകാശവർഷം മാത്രം അകലെയുള്ള എം-ടൈപ്പ് മുഖ്യധാരാ നക്ഷത്രമായ ജിജെ 357 ആയില്യനിൽ ഉള്ളതാണ്. ഈ നക്ഷത്രത്തിന് അതിന്റെ പരിക്രമണപഥത്തിൽ സ്ഥിരീകരിച്ച മൂന്ന് സൗരയൂഥേതര ഗ്രഹങ്ങൾ ഉണ്ട്. അതിലൊന്ന്, GJ 357 d, വാസയോഗ്യമായ മേഖലയ്ക്കുള്ളിലുള്ള ഒരു "സൂപ്പർ-എർത്ത്" ഗ്രഹം ആയി കണക്കാക്കപ്പെടുന്നു.

ഈ നക്ഷത്രരാശിയിലെ റേഡിയോ സ്രോതസ്സായ ഹൈഡ്ര എ ഗാലക്സിയും അതിന്റെ അടുത്തുള്ള WISE 0855−0714 എന്ന തവിട്ട് കുള്ളനും നക്ഷത്രരാശിയിലെ ഏറ്റവും അടുത്തു കിടക്കുന്ന (ഉപ)നക്ഷത്രവസ്തുക്കളാണ്.

ജ്യോതിശാസ്ത്രവസ്തുക്കൾ

തിരുത്തുക
 
M83 - സതേൺ പിൻവീൽ ഗാലക്സി

ഈ നക്ഷത്രഗണത്തിൽ മൂന്ന് മെസ്സിയർ വസ്തുക്കളുണ്ട്. M83 ഒരു സർപ്പിള ഗാലക്സിയാണ്‌. ഇത് സതേൺ പിൻവീൽ എന്നും അറിയപ്പെടുന്നു. ആയില്യന്റേയും സെന്റോറസിന്റെയും അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. M48 എന്ന ഓപ്പൺ ക്ലസ്റ്ററും M68 എന്ന ഗോളീയ താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്‌.

ഭൂമിയിൽ നിന്ന് 1400 പ്രകാശവർഷം അകലെയുള്ള ഒരു ഗ്രഹ നീഹാരികയാണ് NGC 3242. ഇതിന്റെ കാന്തിമാനം 7.5 ആണ്.[9] 1785-ൽ വില്യം ഹെർഷൽ ആണ് ഇതിനെ കണ്ടെത്തിയത്. വ്യാഴവുമായി സാമ്യമുള്ളതിനാൽ ഇതിന് "ഗോസ്റ്റ് ഓഫ് ജ്യൂപിറ്റർ" എന്ന വിളിപ്പേരും ലഭിച്ചു.[10] ഇതിന്റെ നീല-പച്ച ഡിസ്ക് ചെറിയ ദൂരദർശിനികളിലും അതിന്റെ പ്രകാശവലയം വലിയ ഉപകരണങ്ങളിലും ദൃശ്യമാണ്.[1]

ഇരുണ്ട ആകാശത്തിന് കീഴിൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന ഒരു തുറന്ന താരവ്യൂഹമാണ് M48 (NGC 2548) . 80-നക്ഷത്രങ്ങളുള്ള ഈ ക്ലസ്റ്റർ അസാധാരണമാംവിധം വലുതാണ്. 0.5 ഡിഗ്രിയിൽ കൂടുതൽ വ്യാസമുള്ളതും പൂർണ്ണചന്ദ്രന്റെ വ്യാസത്തേക്കാൾ വലുതുമാണ് ഇത്.

ഹൈഡ്രയിൽ ഏതാനും ഗോളീയ താരവ്യൂഹങ്ങൾ ഉണ്ട്. M68 (NGC 4590) ബൈനോക്കുലറുകളിൽ കാണാവുന്നതും മീഡിയം അമച്വർ ദൂരദർശിനികളിലൂടെ വേർതിരിച്ചു കാണാനാവുന്നതുമായ ഒരു ഗോളീയ താരവ്യൂഹമാണ്. ഇത് ഭൂമിയിൽ നിന്ന് 31,000 പ്രകാശവർഷം അകലെയാണ്. കാന്തിമാനം 8 ആണ്.[1] ഭൂമിയിൽ നിന്ന് 1,05,000 പ്രകാശവർഷം അകലെയുള്ള ഒരു ഗോളീയ താരവ്യൂഹമാണ് NGC 5694. ഇതിന്റെ കാന്തിമാനം 10.2 ആണ്. "Tombaugh's Globular Cluster" എന്നും അറിയപ്പെടുന്നു. 1784-ൽ വില്യം ഹെർഷൽ ഇത് ഒരു നക്ഷത്രേതര വസ്തുവായി കണ്ടെത്തിയെങ്കിലും 1932 വരെ ഇത് ഒരു ഗോളീയ താരവ്യൂഹമാണ് എന്ന് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. 1931 മെയ് 12-ന് പൈ ഹൈഡ്രേയ്‌ക്ക് സമീപമുള്ള പ്രദേശത്തെ ഫോട്ടോഗ്രാഫിക് പ്ലേറ്റുകൾ ക്ലൈഡ് ടോംബോ വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് ഗോളീയതാരവ്യൂഹമാണ് എന്ന് തീർച്ചയായത്.[11]

സതേൺ പിൻവീൽ ഗാലക്‌സി കാന്തിമാനം 8 ഉള്ള ഒരു സർപ്പിള ഗാലക്‌സിയാണ്.[1] ഇത് ആറ് സൂപ്പർനോവകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. വലിയ അമച്വർ ദൂരദർശിനികളിലൂടെ നോക്കിയാൽ - 12 ഇഞ്ച് അപ്പേർച്ചറിന് മുകളിൽ - അതിന്റെ സർപ്പിള കൈകൾ, ബാർ, ചെറുതും തിളക്കമുള്ളതുമായ ന്യൂക്ലിയസ് എന്നിവ വെളിപ്പെടുത്തുന്നു.[1][12] ഒരു ഇടത്തരം അമേച്വർ ഉപകരണത്തിൽ, ഏകദേശം 8 ഇഞ്ച് അപ്പേർച്ചറിൽ. ഇത് 40,000 പ്രകാശവർഷം വ്യാസമുള്ള ഒരു ഗ്രാൻഡ് ഡിസൈൻ സർപ്പിള ഗാലക്സിയാണ്.[12]

ആയില്യനിൽ മറ്റു പല താരാപഥങ്ങളും ഉണ്ട്. NGC 3314 എന്ന താരാപഥത്തെ NGC 3314a, NGC 3314b എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. അവ ഒരു തരത്തിലും ബന്ധമില്ലാത്തവയാണെങ്കിലും ഒന്നിനു മുകളിൽ ഒന്നായി കാണപ്പെടുന്ന ഒരു ജോടി ഗാലക്സികളാണ്. മുൻപിലുള്ള NGC 3314a ഭൂമിയിൽ നിന്നും 140 ദശലക്ഷം പ്രകാശവർഷം അകലെയാണ്. ഇത് ഒരു സർപ്പിള ഗാലക്സിയാണ്. പശ്ചാത്തല ഗാലക്‌സിയായ NGC 3314bയും സർപ്പിള ഗാലക്‌സിയാണ്. മുന്നിലുള്ള NGC 3314aയുടെ പൊടി നിറഞ്ഞ ഡിസ്‌ക് കാരണം ഇതിന്റെ ന്യൂക്ലിയസ് ചുവന്നതായി കാണപ്പെടുന്നു.[13] ESO 510-G13 ഭൂമിയിൽ നിന്ന് 150 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു സർപ്പിള ഗാലക്സിയാണ്.

രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനങ്ങൾക്കു വേദിയൊരുക്കിയ ദീർഘവൃത്താകൃതിയിലുള്ള NGC 4993 ആണ് ശ്രദ്ധേയമായ മറ്റൊരു താരാപഥം.[14][15]

ഉൽക്കാവർഷം

തിരുത്തുക

രണ്ട് ഉൽക്കാവർഷങ്ങളാണ് ആയില്യൻ നക്ഷത്രരാശിയിൽ ഉള്ളത്. ഡിസംബർ 6-ന് ഉച്ചസ്ഥായിയിൽ എത്തുനന സിഗ്മ ഹൈഡ്രിഡ്സ് പ്രധാനം.[16] ജനുവരി 1 നും 7 നും ഇടയിൽ കാണുന്ന താരതമ്യേന ചെറിയ ഉൽക്കാവർഷമാണ് ആൽഫ ഹൈഡ്രിഡ്സ്.[17]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Ridpath & Tirion 2001, പുറങ്ങൾ. 158–160.
  2. White 2008, പുറങ്ങൾ. 89, 180.
  3. Ridpath & Tirion 2001, പുറങ്ങൾ. 158–159.
  4. P.K. Chen (2007) A Constellation Album: Stars and Mythology of the Night Sky, p. 44 (ISBN 978-1931559386).
  5. Ridpath, Ian. Star Tales Hydra. Retrieved 2018-12-28.
  6. "Epsilon Hydrae". stars.astro.illinois.edu. Retrieved 2018-12-27.
  7. 7.0 7.1 "Naming Stars". IAU.org. Retrieved 30 July 2018.
  8. Levy 2005, പുറം. [പേജ് ആവശ്യമുണ്ട്].
  9. Nemiroff, R.; Bonnell, J., eds. (31 March 1997). "NGC 3242: The 'Ghost of Jupiter' Planetary Nebula". Astronomy Picture of the Day. NASA. Retrieved 2010-12-03. {{cite web}}: Cite has empty unknown parameter: |last-author-amp= (help)
  10. Levy 2005, പുറങ്ങൾ. 132–133.
  11. Levy 2005, പുറം. 173.
  12. 12.0 12.1 Dalrymple 2013, പുറം. 38-40.
  13. Wilkins & Dunn 2006, പുറം. [പേജ് ആവശ്യമുണ്ട്].
  14. Cho, Adrian (16 October 2017). "Merging neutron stars generate gravitational waves and a celestial light show". Science. doi:10.1126/science.aar2149. Retrieved 16 October 2017.
  15. Abbott, B. P.; et al. (LIGO Scientific Collaboration & Virgo Collaboration) (16 October 2017). "GW170817: Observation of Gravitational Waves from a Binary Neutron Star Inspiral". Physical Review Letters. 119 (16): 161101. arXiv:1710.05832. Bibcode:2017PhRvL.119p1101A. doi:10.1103/PhysRevLett.119.161101. PMID 29099225.
  16. Jenniskens 2012, പുറം. 23.
  17. Jenniskens 2012, പുറം. 24.
"https://ml.wikipedia.org/w/index.php?title=ആയില്യൻ&oldid=4013321" എന്ന താളിൽനിന്ന് ശേഖരിച്ചത്