ഗ്രീക്ക് പുരാണം കൗതുകകരമായ കഥകളുടെ സഞ്ചയമാണ്. ദേവന്മാരേയും മനുഷ്യന്മാരേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭാവനാസമ്പന്നരായ പുരാതന ഗ്രീക്കു ജനത നെയ്തെടുത്ത കഥകൾ പിന്നീട് അല്പം ചില ഭേദഗതികളോടെ റോമക്കാരുടേയും പൈതൃകമായി മാറി. ആകാരത്തിലും വികാരത്തിലും മനുഷ്യസദൃശ്യരായിരുന്ന ഗ്രീക്കു ദേവീദേവതമാരുടെ രോഷവും പകയും എടുത്തു ചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും അനുകമ്പയും എല്ലാം ഈ പുരാണകഥകളിലുണ്ട്. ഈ കഥകളുടെ ഏറ്റവും പുരാതന സ്രോതസ്സ് ഹോമറാണ്. ക്രിസ്തുവിനു മുമ്പ് നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന യൂറിപ്പിഡിസും സോഫോക്ളീസും അരിസ്റ്റോഫേനസും മറ്റു പലരും ഈ കഥകളെ ആധാരമാക്കി നാടകങ്ങളെഴുതി. പിന്നീട്, ക്രിസ്തുവിന്റെ ജനനത്തിന് പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ് ഈ കഥകളെല്ലാം ലാറ്റിൻ സാഹിത്യകാരനായ ഓവിഡ് , രൂപാന്തരങ്ങൾ എന്ന തന്റെ കൃതിയിൽ ക്രോഡീകരിച്ചു.[1] ഏതു സന്ദർഭത്തിനും സാഹചര്യത്തിനും അനുയോജ്യമായ കഥകൾ ഇവിടെ കാണാം. വിശ്വസാഹിത്യത്തേയും, ശില്പകലയേയും, ചിത്രകലയേയും, സിനിമാലോകത്തേയും ഗ്രീക്ക് പുരാണകഥകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മനഃശാസ്ത്രത്തിൽ ചില പ്രത്യേക സ്വഭാവവിശേഷതകൾക്കും ഗ്രീക്കു പുരാണകഥകളെ അടിസ്ഥാനപ്പെടുത്തിയുളള പേരുകൾ കാണാം.

ഗ്രീക്ക് ത്രിത്വവും ഭൂമിയിലെ മൂന്ന് രാജ്യങ്ങളുടെ വിതരണവും: സ്യൂസ് ഗോഡ് (സ്വർഗ്ഗം), പോസിഡോൺ (സമുദ്രങ്ങളും സമുദ്രങ്ങളും), പാതാളം (അധോലോക). തിയോസ് (മൈനർ ദേവന്മാർ) ഈ ത്രിത്വത്തിന്റെ മക്കളാണ്.

ഹോമറും, യൂറിപ്പിഡിസും, സോഫക്കിൾസും അരിസ്റ്റോഫേനസും ഓവിഡും വിർജിലും ഒരേ വിധത്തിലല്ല ഈ കഥകൾ പറയുന്നത്. കാലാന്തരത്തിൽ ഗ്രീക്ക് ചിന്താഗതി സമീപപ്രദേശങ്ങളിലേക്ക് പടർന്നതോടെ, പ്രാദേശികദൈവങ്ങളുടെ സവിശേഷതകൾ കൂടി ഗ്രീക്കു ദൈവങ്ങൾ ഉൾക്കൊണ്ടെന്നും അങ്ങനെ കഥകളുടെ ഉൾപ്പിരിവുകൾ വർദ്ധിച്ചുവെന്നും ഹാമിൽട്ടൺ അഭിപ്രായപ്പെടുന്നു.[2]

ഉത്പത്തിതിരുത്തുക

അരൂപവും അമൂർത്തവുമായ വ്യവസ്ഥയില്ലായ്മയിൽ നിന്ന് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും പല മേഖലകളായി വിഭജിച്ചുവെന്നു് ഓവിഡ് പറയുന്നു [1]. ഹെസിയോഡ് കുറെക്കൂടി വിശദമായും സങ്കീർണ്ണമായും മൂന്നു തലമുറകളായുളള ദേവോല്പത്തിയുടെ കഥ പറയുന്നു.[3]. എന്തായാലും ആദിയിൽ നിരാകാരമായ അന്ധകാരവും അവ്യവസ്ഥിതിയുമായിരുന്നെന്നും ആദിമ ദൈവങ്ങൾ യുറാനസും(ആകാശം) ഗയയും(ഭൂമി) ആണെന്ന കാര്യത്തിലും ഇരുവരും ഒരേ അഭിപ്രായക്കാരാണ്. മറ്റൊരു രസകരമായ കഥയാണ് ഹാസ്യനാടകകൃത്തായിരുന്ന അരിസ്റ്റോഫേനസ് പക്ഷികൾ എന്ന വ്യംഗനാടകത്തിൽ പറയുന്നത്: അന്ധകാരത്തിന്റേയും അഗാധതയുടേയും സംഗമത്തിലൂടെ പ്രണയം (Eros) പ്രകടമായെന്നും പക്ഷികളാണ് ദേവഗണത്തിനു മുമ്പെ ആവിർഭൂതരായതെന്നും[4]

ടൈറ്റന്മാരും, ഒളിമ്പ്യന്മാരുംതിരുത്തുക

യുറാനസിന്റേയും ഗയയുടേയും സന്താനങ്ങളായിരുന്നു അതികായന്മാരും അതിശക്തന്മാരുമായ ടൈറ്റന്മാർ.[3]. നിരവധി ടൈറ്റന്മാർ ഉണ്ടായിരുന്നു, അവരിൽ പ്രധാനികളായിരുന്നു,ക്രോണസ്, റിയ, ഓഷാനസ്, തെഥിസ്, കയ്യൂസ്, ഫോബെ, ഹൈപ്പീരിയോൺ, തെയ്യ, ഇയാപെറ്റസ്, മ്നെമോസിൻ ,സിറിയസ്, തെമിസ് എന്നിവർ. പക്ഷെ ഈ പന്ത്രണ്ടു പേരുടെ നേതാവ് അവരിൽ ഏറ്റവും പ്രതാപശാലിയായ ക്രോണസായിരുന്നു. റോമൻ പുരാണത്തിൽ ക്രോണസിന്റെ പേര് സാറ്റേൺ എന്നാണ്. ദേവഗണത്തെ ഒന്നടങ്കം അടക്കി വാണിരുന്ന ക്രോണസ്സിനെതിരായി പുത്രനായ സ്യൂസ് പ്രതിഷേധമുയർത്തി, സിംഹാസനം കരസ്ഥമാക്കി. നിഷ്ക്കാസിതനായ ക്രോണസ് ഇറ്റലിയിൽ അഭയം തേടിയെന്നും, അന്നു മുതൽ ഇറ്റലിയുടെ സുവർണ്ണകാലം തുടങ്ങിയെന്നും പറയപ്പെടുന്നു [2]

ഒളിമ്പ്യന്മാരുടെ അധികാര പരിധികൾതിരുത്തുക

സ്യൂസും സഹോദരരും ഭരണാധികാരം നറുക്കിട്ടാണത്രെ പങ്കു വെച്ചത്. പൊസൈഡോണിന് സമദ്രവും ഹോഡിസ്ന് പാതാളലോകവും കിട്ടി. സ്യൂസിന് ദേവാധിദേവനായി സ്ഥാനമേറ്റു. ഭരണാധികാരികളായി സ്ഥാനമേറ്റവരെല്ലാവരും സകുടുംബം ഒളിമ്പസ് പർവ്വതശിഖരത്തിൽ വാസമുറപ്പിച്ചു. അതു കൊണ്ടാണ് ഇവർ ഒളിമ്പ്യന്മാർ എന്നറിയപ്പെട്ടത്. ടൈറ്റന്മാരുടെ സന്തതിപരമ്പരയിൽപ്പെട്ട ഇവരും പന്ത്രണ്ടു പേരായിരുന്നു. ഇതിൽ ഹെസ്റ്റിയക്കു പകരം പലപ്പോഴും ഡിമീറ്റിന്റേയോ, ഡൈനീഷ്യസിന്റേയോ പേരു കാണപ്പെടാറുണ്ട്. കൃത്യമായിപ്പറഞ്ഞാൽ, പാതാളലോകത്ത് സ്ഥിരവാസമുറപ്പിച്ച ഹേഡിസിനെ ഒളിമ്പ്യന്മാരുടെ കൂട്ടത്തിൽ പെടുത്താനാവില്ല.

ഗ്രീക്ക് പേര് റോമൻ പേര് അധികാര പരിധി
സ്യൂസ് ജൂപ്പിറ്റർ
പൊസൈഡൺ നെപ്റ്റ്യൂൺ
ഹേഡിസ് പ്ളൂട്ടോ
ഹെസ്റ്റിയ വെസ്റ്റ
ഹീര ജൂണോ
അപ്പോളോ അപ്പോളോ
അഥീന മിനർവ
ആർട്ടിമിസ് ഡയാന
ഹെർമീസ് മെർക്യുറി
അറീസ് മാർസ്
അഫ്രൊഡൈറ്റി വീനസ്
ഹെഫേസ്റ്റസ് വൾക്കൻ

ഒളിമ്പസ് പർവ്വതംതിരുത്തുക

ഗ്രീസിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയാണ് ഒളിമ്പസ്. ഗ്രീസിന്റെ വടക്കു കിഴക്കായി തെസ്സലിയേയും മാസിഡോണിയയേയും വേർ തിരിച്ചുകൊണ്ട് 100 കിലോമീറ്റർ നീളത്തിൽ കിടക്കുന്നു. 50ൽപരം ശിഖരങ്ങളുണ്ട്. ഏറ്റവും കൂടിയ പൊക്കം 2917 മീറ്റർ.

പുരാണങ്ങൾ ഗ്രീസിൽ മാത്രം ഒതുങ്ങിനിന്ന കാലത്ത്, കഥകളിലൊക്കെ ദേവന്മാരുടെ ആസ്ഥാനം ഒളിമ്പസ് പർവ്വതം തന്നേയായിരുന്നെന്നും പിന്നീടെപ്പോഴോ അത് ആകാശത്തെ കാല്പനികസ്ഥലമായി മാറിയെന്നും കരുതപ്പെടുന്നു.

മറ്റു ദേവന്മാർതിരുത്തുക

ഒളിമ്പ്യന്മാർ ഭരണാധികാരികളായിരുന്നു. അവരുടെ കീഴിൽ ഇടത്തരക്കാരും താഴേക്കിടയിലുമുളള മറ്റനേകം ദേവീദേവന്മാരും ഉണ്ടായിരുന്നു. മനുഷ്യരുണ്ടാകുന്നതിനു മുമ്പ് ഒളിമ്പ്യന്മാരുടെ മേൽക്കോയ്മ ഇവരിൽ മാത്രം ഒതുങ്ങിനിന്നു. എല്ലാ ദേവീദേവന്മാരും ജരാനര ബാധിക്കാത്തവരും സുന്ദരീസുന്ദരന്മാരും മരണമില്ലാത്തവരുമായിരുന്നു.

മനുഷ്യഗണംതിരുത്തുക

ഗ്രീക്കു പുരാണത്തിൽ മനുഷ്യോല്പത്തിയെക്കുറിച്ച് പല വ്യത്യസ്ത കഥകളുമുണ്ട്.

പ്രൊമീഥ്യുസിന്റെ രൂപകല്പനതിരുത്തുക

ക്രോണസിനെ പരാജയപ്പെടുത്താനായി തന്നെ സഹായിച്ച പ്രൊമിഥ്യുസിനേയും എപിമെഥ്യുസിനേയുമാണ് സ്യൂസ് മനുഷ്യനെ സൃഷ്ടിക്കാനായി ചുമതലപ്പെടുത്തിയത്. പ്രൊമിഥ്യൂസ് എന്നാൽ ബുദ്ധിമാനെന്നും എപിമെഥ്യുസ് എന്നാൽ മന്ദബുദ്ധിയെന്നുമാണ് അർത്ഥം. മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ് എപിമെഥ്യൂസ് മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു, എല്ലാ മെച്ചപ്പെട്ട സ്വഭാവവൈശിഷ്ട്യങ്ങളും അവക്കു നല്കി. മനുഷ്യന്റെ ഊഴം വന്നപ്പോൾ എപിമെഥ്യൂസ് ആകെ കുഴങ്ങി, പ്രൊമീഥ്യുസിന്റെ സഹായം തേടി. ബുദ്ധിമാനായ പ്രൊമീഥ്യൂസ് മനുഷ്യനെ എല്ലാതരത്തിലും മറ്റു ജീവജന്തുക്കളേക്കാളും ഉന്നതനാക്കി, ദേവന്മാരെപ്പോലെ ആകാരസുഷമയുളള ഇരുകാലികളാക്കി. മാത്രമല്ല, സ്വർഗ്ഗത്തിൽ നിന്ന് അനധികൃതമായി തീ ഭൂമിയിലേക്കു കടത്തി മനുഷ്യനെ ഏല്പിച്ചു.[2]

അഞ്ചു യുഗങ്ങൾ, അഞ്ചു തരം മനുഷ്യർതിരുത്തുക

മറ്റൊരു കഥ ദേവന്മാർ തന്നേയാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ്. ആദ്യം സ്വർണ്ണം കൊണ്ടും തുടർന്ന് വെളളി, ചെമ്പ്, ശില എന്നിവ കൊണ്ടൊക്കെ മനുഷ്യരെ ഉണ്ടാക്കിയെടുത്തു, പക്ഷെ തൃപ്തി വന്നില്ല. അഞ്ചാമത്തെ പരിശ്രമമാണ് ഇരുമ്പു കൊണ്ടുളള ഇന്നത്തെ മനുഷ്യർ. ഇവയെ അഞ്ചു യുഗങ്ങളായി ഹെസേയോഡും[3] ശിലയൊഴിച്ച് നാലു യുഗങ്ങളായി ഓവിഡും [1] വിശേഷിപ്പിക്കുന്നു.

ഈ യുഗങ്ങളില്ല്ലാം പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുളളു.

ആദ്യത്തെ വനിതതിരുത്തുക

ഗ്രീക്കു പുരാണ പ്രകാരം പ്രഥമ മനുഷ്യസ്ത്രീ പൻഡോറയാണ് . അവളെ സൃഷ്ടിക്കാനിടയായ സാഹചര്യവും രസകരമാണ്. പ്രൊമീഥ്യൂസിന് മനുഷ്യരോട് പക്ഷപാതം ഉണ്ടായിരുന്നു. പ്രൊമീഥ്യൂസ് മനുഷ്യർക്കു വേണ്ടി തീ ഒളിച്ചു കടത്തിയതിൽ സ്യൂസ് കുപിതനായിരുന്നു. പ്രൊമീഥ്യൂസിന്റെ മറ്റൊരു കൌശലം ആ രോഷത്തെ ആളിക്കത്തിച്ചു. മനുഷ്യന്മാർ പതിവായി സ്യൂസിന് മൃഗബലി അർപ്പിച്ചിരുന്നു. ഒരിക്കൽ പ്രൊഫ്യൂസ് അതു രണ്ടു ഭാഗങ്ങളായി പകുത്തു വെച്ചു. ഒന്നിൽ നല്ല, ഭക്ഷണയോഗ്യമായ മാംസക്കഷണങ്ങൾക്കു മീതെയായി വൃത്തികെട്ട കുടലും മറ്റു ആന്തരാവയവങ്ങളും കൂട്ടി വെച്ചു. മറ്റേതിൽ കൊഴുപ്പുകൊണ്ടു മൂടിയ എല്ലിൻ കഷണങ്ങളും. തെറ്റിദ്ധരിച്ച് സ്യൂസ്, കൊഴുപ്പു കൂന തിരഞ്ഞെടുത്തു. അന്നു മുതൽ അതായി സ്യൂസിനുളള പങ്ക്, എല്ലും കൊഴുപ്പും മാത്രം.
[2]. യഥാർത്ഥ കുറ്റവാളിയായിരുന്ന പ്രൊമീഥ്യൂസിനെ മാത്രമല്ല, മനുഷ്യരേയും സ്യൂസ് ശിക്ഷിക്കാൻ തീരുമാനിച്ചു. മനുഷ്യരോടു പകരം വീട്ടാനായി സ്യൂസ് അതിസുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു. ദേവന്മാരെല്ലാം അവൾക്ക് സമ്മാനങ്ങൾ നല്കി. അതുകൊണ്ടാണ് അവളുടെ പേര് പൻഡോറ (സർവ്വ സമ്മാനിത) എന്നായത്. എല്ലാവരും -ദേവന്മാരടക്കം- അവളിൽ മോഹിതരായി. സ്ത്രീയുടെ വരവ് എല്ലാവരേയും വലച്ചു, പ്രത്യേകിച്ച് സ്യൂസിനെ; സ്ത്രീകൾ സ്യൂസിന്റെ ഏറ്റവും വലിയ ദൌർബല്യമായി.[2]

പ്രളയാനന്തരംതിരുത്തുക

മറ്റൊരു കഥയിൽ ശിലായുഗത്തിലെ മനുഷ്യരുടെ ദുഷ്കൃതികൾ കണ്ട് കുപിതനായി സ്യൂസ് ആദേശം നല്കുന്നു പ്രളയം സംഭവിക്കട്ടെ. വരുംവരായ്കകൾ മുൻകൂട്ടി കണ്ടറിഞ്ഞ പ്രൊമീഥ്യൂസ് തന്റെ വംശജരായ പൈറയേയും ഭർത്താവ് ഡ്യൂകാലിയോണിനേയും അവശ്യസാധനങ്ങളോടൊപ്പം ഒരു പേടകത്തിലടച്ച് ഒഴുക്കിവിട്ടു. അങ്ങനെ ഭൂമിയിൽ അവരിരുവരും മാത്രം രക്ഷപ്പെട്ടു. അവരോട് കരുണ തോന്നിയ സ്യൂസ് പ്രളയം പിൻവലിച്ചു. അവരിലൂടെ വീണ്ടും പുതിയ മനുഷ്യവംശം രൂപം കൊണ്ടു.

കഥകളിലെ വൈവിധ്യംതിരുത്തുക

പറക്കും കുതിരയും വട്ടക്കണ്ണുളള രാക്ഷസന്മാരും സ്വർണ്ണ ആപ്പിളുകളും നൂറു കണ്ണുകളുളള നായയും സർപ്പകേശിയായ രാക്ഷസിയുമൊക്കെ ഈ കഥകളിലുണ്ട്. അവയോടൊപ്പം തന്നെ സ്വന്തം സൌന്ദര്യത്തിൽ മോഹിതനാവുന്ന നാർസിസ്സസ്സിന്റേയും ഏറ്റു പറയാൻ മാത്രം വിധിക്കപ്പെട്ട എക്കോയുടേയും വെളളം അടുത്തുണ്ടായിട്ടും എന്നെന്നേക്കും ദാഹാർത്തനായിരിക്കാൻ ശപിക്കപ്പെട്ട ടാൻടലസ്സിന്റേയും വിധിവൈപരീത്യം മൂലം അമ്മയെ വിവാഹം ചെയ്യേണ്ടി വന്ന ഈഡിപ്പസ്സിന്റേയും സ്വന്തം പിതാവിനോട് അനുരാഗം തോന്നിയ മൈറയുടേയും താൻ മെനഞ്ഞെടുത്ത പ്രതിമയിൽ അനുരക്തനായ ശില്പിയുടേയും വിചിത്രകഥകളും ഇതിലുണ്ട്. പ്രധാനമായും പ്രണയവും വീരസാഹസികതയുമാണ് കഥകളിലെ അടിസ്ഥാന പ്രമേയങ്ങൾ

അവലംബംതിരുത്തുക

  1. 1.0 1.1 1.2 Horace Gregory, ed. (2009). Ovid's Metamorphoses. Signet Classics. ISBN 978-0-451-53145-2. Cite has empty unknown parameter: |1= (help)
  2. 2.0 2.1 2.2 2.3 2.4 Edith Hamilton (1969). Mythology. New American Library, N.Y.
  3. 3.0 3.1 3.2 Hesiod:Theogony acessed 2nd March 2013
  4. അരിസ്റ്റോഫേനസിന്റെ പക്ഷികൾ accessed 2nd March 2013
"https://ml.wikipedia.org/w/index.php?title=ഗ്രീക്ക്_പുരാണം&oldid=3286417" എന്ന താളിൽനിന്ന് ശേഖരിച്ചത്