അവനമനം

ഖഗോള നിര്‍ദ്ദേശാങ്കം

ഭൂമദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അക്ഷാംശം (latitude) എന്നാണല്ലോ പറയുന്നത്‌. ഇതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അവനമനം അഥവാ ക്രാന്തി(ഡെക്ലിനേഷൻ) എന്നു പറയുന്നു. ധനമോ ഋണമോ ആയ ഒരു ചിഹ്നവും പൂജ്യം മുതൽ 90 വരെ (ഡിഗ്രിയിൽ)യുള്ള ഒരു കോണളവും ചേർത്താണു് അവനമനം സൂചിപ്പിക്കുന്നതു്.

ഡെക്ലിനേഷൻ


ഭൂമദ്ധ്യരേഖയ്ക്ക്‌ വടക്കോട്ടുള്ള അക്ഷാംശത്തെ + ചിഹ്നം കൊണ്ടോ N എന്ന വാക്കുകൊണ്ടോ സൂചിപ്പിക്കുന്നു. തെക്കോട്ടുള്ളവയെ - ചിഹ്നം കൊണ്ടോ S എന്ന വാക്കുകൊണ്ടും സൂചിപ്പിക്കുന്നു. അതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ വടക്കോട്ടുള്ള അവനമനത്തിനോടൊപ്പം + ചിഹ്നവും ഖഗോള മദ്ധ്യരേഖയ്ക്ക്‌ തെക്കോട്ടുള്ള അവനമനത്തോടൊപ്പം - ചിഹ്നവും വയ്ക്കുന്നു. (ഇതിനെ ഭാരതീയസമ്പ്രദായത്തിൽ വിക്ഷേപം ഉത്തരം എന്നും വിക്ഷേപം ദക്ഷിണമെന്നും സൂചിപ്പിക്കാറുണ്ടു്.) ഇതുപ്രകാരം ഖഗോളത്തിലെ ഉത്തരധ്രുവത്തിന്റെ അവനമനം +90 ഡിഗ്രിയും ദക്ഷിണ ധ്രുവത്തിന്റെ അവനമനം -90 ഡിഗ്രിയും ആകുന്നു. + ആയാലും ‌- ആയാലും അവനമനം പറയുമ്പോൾ അതിന്റെ ഒപ്പം ചിഹ്നം നിർബന്ധമായിട്ടും ചേർക്കണം. അവനമനത്തിനെ (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. Dec എന്നും എഴുതാറുണ്ട്‌.

ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥാനത്തുനിന്നും ഒരു നിരീക്ഷകൻ നേരേ മുകളിലേക്കു നോക്കുന്ന ദിശയിൽ (പരകോടി അഥവാ സെനിത്ത്) ഒരു നക്ഷത്രത്തെ കാണാം എന്നിരിക്കട്ടെ. എങ്കിൽ, ആ നക്ഷത്രത്തിന്റെ അവനമനം ആ സ്ഥലത്തിന്റെ (ഭൂതലത്തിന്റെ) അക്ഷാംശത്തിനു സമമായിരിക്കും. എന്നാൽ തികച്ചും കൃത്യമായി ഗോളമല്ലാത്ത ഭൂമിയുടെ ആകൃതിമൂലവും അക്ഷാംശം കണക്കാക്കുന്നതിന്റെ അടിസ്ഥാനമനുസരിച്ചും ഈ അവനമനത്തിനും അക്ഷാംശത്തിനും തമ്മിൽ അത്യന്തം ലഘുവായ വ്യത്യാസം വന്നേക്കാം.

ഭൂമിയിൽനിന്നും താരതമ്യേന വളരെ അകലെ സ്ഥിതിചെയ്യുന്ന വസ്തുക്കൾക്കേ അവനമനം ഈ വിധത്തിൽ പ്രായോഗികാവശ്യങ്ങൾക്കു് കണക്കാക്കാൻ കഴിയൂ. വിമാനങ്ങൾ, റേഡിയോസോൺഡെ തുടങ്ങി അന്തരീക്ഷപരിധിയിൽ തന്നെയുള്ള വസ്തുക്കൾക്കു് അവനമനം കണക്കാക്കാറില്ല.


"https://ml.wikipedia.org/w/index.php?title=അവനമനം&oldid=2889386" എന്ന താളിൽനിന്ന് ശേഖരിച്ചത്