ബൃഹച്ഛ്വാനം

(ബൃഹച്ഛ്വാനം (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ബൃഹച്ഛ്വാനം (Canis Major). ഇതിന്‌ ഒരു വലിയ നായയുടെ ആകൃതി കല്പിക്കപ്പെടുന്നു. രാത്രിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രമായ സിറിയസ് ഈ നക്ഷത്രരാശിയിലാണ്‌. ദക്ഷിണ ഖഗോളത്തിലാണ് ഇതിന്റെ സ്ഥാനം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 രാശികളുള്ള പട്ടികയിലും 88 രാശികളുള്ള ആധുനികപട്ടികയിലും ഈ രാശി ഉൾപ്പെടുന്നു. കാനിസ് മേജർ എന്ന ലാറ്റിൻ പേരിന്റെ അർത്ഥം വലിയ നായ എന്നാണ്. ചെറിയ നായ എന്നർത്ഥം വരുന്ന കാനിസ് മൈനർ എന്ന മറ്റൊരു രാശിയും ഇതിനടുത്തുണ്ട്. ഇവ രണ്ടും ഓറിയോൺ എന്ന നക്ഷത്രഗണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.തുറന്ന താരവ്യൂഹങ്ങൾ ഈ രാശിയുടെ അതിരുകളിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടത് M41 ആണ്. രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന നക്ഷത്രമായ സിറിയസ് ഈ രാശിയിലാണുള്ളത്.

ബൃഹച്ഛ്വാനം (Canis Major)
ബൃഹച്ഛ്വാനം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ബൃഹച്ഛ്വാനം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CMa
Genitive: Canis Majoris
ഖഗോളരേഖാംശം: 7 h
അവനമനം: −20°
വിസ്തീർണ്ണം: 380 ചതുരശ്ര ഡിഗ്രി.
 (43-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
32
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
5
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
സിറിയസ് (α CMa)

 (−1.46m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
സിറിയസ് (α CMa)
 (8.6 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ഏകശൃംഗാശ്വം (Monoceros)
മുയൽ (Lepus)
കപോതം (Columba)
അമരം (Puppis)
അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ചരിത്രവും ഐതിഹ്യവുംതിരുത്തുക

ബോബിലോണിയക്കാർ സിറിയസിനെ കാക്.സി.ഡി എന്നാണ് വിളിച്ചിരുന്നത്. ബി.സി.ഇ 1100ൽ ഉണ്ടാക്കിയതാവുമെന്നു കരുതപ്പെടുന്ന കാറ്റലോഗിൽ ഓറിയോണിനു നേരെ തൊടുത്ത ഒരു അമ്പായാണ് അവർ സിറിയസ്സിനെ ചിത്രീകരിച്ചത്. ബൃഹച്ഛ്വാനത്തിന്റെ തെക്കുഭാഗത്തുള്ള നക്ഷത്രങ്ങളും അമരം (നക്ഷത്രരാശി) രാശിയിലെ ചില നക്ഷത്രങ്ങളും ചേർത്തു നോക്കിയാൽ ഒരു വില്ലിന്റെ ആകൃതി കിട്ടും. ഇതിനെ അവർ ബാൻ എന്നും വിളിച്ചു. പിന്നീട് മുൽ.ആപിൻ എന്ന കൃതിയിൽ സിറിയസിനെ കൃഷി, രോഗശമനം, നിയമം, യുദ്ധം എന്നിവയുടെ ദേവനായ നിനുർത്ത എന്നു വിളിച്ചു. വില്ലിനെ സ്നേഹം, സൗന്ദര്യം, ലൈംഗികത, ആഗ്രഹം, ഫെർട്ടിലിറ്റി, യുദ്ധം, നീതി, രാഷ്ട്രീയ ശക്തി എന്നിവയുടെ ദേവതയായ ഇഷ്താർ എന്നും വിളിച്ചു.[1] പുരാതന ഗ്രീക്കുകാർ അമ്പും വില്ലും മാറ്റി ആ സ്ഥാനത്ത് നായയെ പ്രതിഷ്ഠിച്ചു.[2]

ലിലാപ്സ് എന്ന നായയുമായി ബന്ധപ്പെട്ടാണ് ഗ്രീക്ക് ഇതിഹാസങ്ങളിൽ ബൃഹച്ഛ്വാനം പ്രത്യക്ഷപ്പെടുന്നത്. ഒരു കഥയിൽ സ്യൂസ് യൂറോപ്പക്കു നൽകിയതാണ് ഈ നായയെ. പ്രോക്രിസിന്റെ വേട്ടനായയാണ് എന്നൊരു കഥയുമുണ്ട്. അറോറ സെഫാലസിനു നൽകിയതാണ് എന്നതാണ് മറ്റൊരു കഥ. എന്തായാലും ഇതിന്റെ വേഗതയുടെ പ്രശസ്തിയിൽ സന്തുഷ്ടനായ സ്യൂസ് അതിനെ ആകാശത്തിലേക്കുയർത്തി.[3] ഒറിയോണിന്റ വേട്ടനായ്ക്കളിൽ ഒന്നായും ഇതിനെ പരിഗണിക്കുന്നുണ്ട്.[4] ലിപ്പസ് എന്ന മുയലിനെ വേട്ടയാടുന്നതിനും കാളയുമായുള്ള പോരിൽ ഒറിയോണിനെ സഹായിക്കുന്നതും കാനിസ് മേജർ എന്ന ഈ വേട്ടനായ ആണ്. ഗ്രീക്ക് കവികളായ അരാറ്റസ്, ഹോമർ, ഹെസ്യോഡ് എന്നിവർ ഈ സങ്കല്പമാണ് പിന്തുടരുന്നത്. പ്രാചീന ഗ്രീക്കുകാർ ഒരു വേട്ടനായയെ കുറിച്ചു മാത്രമേ പരാമർശിച്ചിരുന്നുള്ളു. എന്നാൽ പ്രാചീന റോമക്കാർ കാനിസ് മൈനർ എന്ന മറ്റൊരു നായയെ കുറിച്ചും പറയുന്നുണ്ട്.[3]

റോമൻ ഇതിഹാസങ്ങളിൽ ഇത് യൂറോപ്പയുടെ കാവൽ നായയാണ്. എങ്കിലും ജൂപ്പിറ്റർ യൂറോപ്പയെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ ഇതിനായില്ല.[5] മദ്ധ്യകാല അറേബ്യൻ ജ്യോതിഃശാസ്ത്രത്തിൽ മഹാനായ നായ എന്ന അർത്ഥത്തിൽ അൽ-കൽബ് അൽ-അക്ബർ എന്നാണ് വിളിച്ചിരുന്നത്. ഇത് പകർത്തിയെഴുതിയെഴുതി 17-ാം നൂറ്റാണ്ടിലെ എഡ്മണ്ട് ചിൽമീഡിന്റെ പുസ്തകത്തിലെത്തിയപ്പോഴേക്കും അൽകലെബ് അലാക്ബർ എന്നായി മാറി. അൽ-ബയ്റൂനി എന്ന അറബി പണ്ഡിതൻ ഇതിനെ കൽബ് അൽ-ജബ്ബാർ എന്നാണ് വിളിച്ചത്. ഭീമന്റെ നായ എന്നാണ് ഈ വാക്കിന് അർത്ഥം.[3]

ചൈനയിൽ ബൃഹച്ഛ്വാനം നാല് ഖഗോളസൂചകങ്ങളിൽ ഒന്നായ സിന്ദൂരപ്പക്ഷി (Vermilion Bird) എന്ന ഗണത്തിന്റെ ഭാഗമാണ്. ന്യൂ കാനിസ് മെജോറിസ്, ബീറ്റ കാനിസ് മെജോറിസ്, ക്സൈ1 കാനിസ് മെജോറിസ്, ക്സൈ2 കാനിസ് മെജോറിസ് എന്നീ നക്ഷത്രങ്ങളും മുയൽ നക്ഷത്രരാശിയിലെ ചില നക്ഷത്രങ്ങളും ചേർന്നുള്ള വൃത്തരൂപത്തെ പട്ടാളച്ചന്ത എന്നു വിളിക്കുന്നു.[6]

പ്രത്യേകതകൾതിരുത്തുക

 
എഡിഇ 1632-33ൽ നിർമ്മിച്ച മനുച്ചിർ ഗ്ലോബിൽ ചിത്രീകരിച്ച ബൃഹച്ഛ്വാനം

ദക്ഷിണഖഗോളത്തിലെ പ്രധാനപ്പെട്ട ഒരു ഗണമാണ് ബൃഹച്ഛ്വാനം. ഇതിന്റെ വടക്കു ഭാഗത്ത് ഏകശൃംഗാശ്വം, കിഴക്കുഭാഗത്ത് അമരം, തെക്കുപടിഞ്ഞാറു ഭാഗത്ത് കപോതം (നക്ഷത്രരാശി)കപോതം, പടിഞ്ഞാറ് മുയൽ എന്നീ രാശികൾ അതിരിടുന്നു. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "CMa" എന്ന ചുരുക്കപ്പേര് അംഗീകരിച്ചു.[7] 1930ൽ യൂജീൻ ഡെൽപോർട്ട് ഔദ്യോഗിക അതിരുകൾ നിർണ്ണയിച്ചു. ഖഗോളരേഖാംശം 06മ. 12.5മി.നും 07മ. 27.5മിനും ഇടയിലും അവനമനം −11.03°, −33.25° എന്നിവിക്ക് ഇടയിലും സ്ഥിതിചെയ്യുന്നു.[8] 380 ഡിഗ്രി ആകാശപ്രദേശത്ത് ഇത് വ്യാപിച്ചു കിടക്കുന്നു. 88 നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 43-ാം സ്ഥാനമാണ് ഇതിനുള്ളത്.[9]

നക്ഷത്രങ്ങൾതിരുത്തുക

തിളക്കമുള്ള കുറെ നക്ഷത്രങ്ങളുള്ള ഒരു ഗണമാണ് ബൃഹച്ഛ്വാനം. രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണുന്ന സിറിയസ് ഈ ഗണത്തിലെ ഒരു അംഗമാണ്. കാന്തിമാനം 2നു മുകളിലുള്ള മൂന്നു നക്ഷത്രങ്ങൾ കൂടി ഈ ഗണത്തിലുണ്ട്.[4] 47 ലക്ഷം വർഷങ്ങൾക്കു മുമ്പ് അധാര എന്ന നക്ഷത്രത്തിന്റെ കാന്തിമാനം -3.99 ആയിരുന്നു എന്നും 44,20,000 വർഷങ്ങൾക്കു മുമ്പ് മിർസാം എന്ന നക്ഷത്രത്തിന്റെ കാന്തിമാനം -3.65 ആയിരുന്നു എന്നും 28,70.000 വർഷങ്ങൾക്കു മുമ്പ് എൻ ആർ കാനിസ് മെജോറിസ് എന്ന നക്ഷത്രത്തിന്റെ കാന്തിമാനം -0.88 ആയിരുന്നു എന്നും കണക്കാക്കിയിട്ടുണ്ട്.[10]

 
നഗ്നനേത്രങ്ങൾ കൊണ്ട് ആകാശത്തി കാണാൻ കഴിയുന്ന ബൃഹച്ഛ്വാനം

പ്രസിദ്ധ ജർമ്മൻ യുറാനോഗ്രാഫറായ ജൊഹാൻ ബേയർ ഈ ഗണത്തിലെ പ്രധാന നക്ഷത്രങ്ങൾക്ക് ആൽഫ മുതൽ ഒമിക്രോൺ വരെയുള്ള പേരുകൾ നൽകി.[11] ബെയറുടെ നാട്ടുകരൻ കൂടിയായ ജൊഹാൻ എലർട്ട് ബോഡ് പിന്നീട് സിഗ്മ, ടൗ, ഒമേഗ എന്നിവ കൂടി ചേർത്തു.[12] ഫ്രെഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ a മുതൽ k വരെയും കൂട്ടിച്ചേർത്തു.[12] ജോൺ ഫ്ലാംസ്റ്റീഡ് 31 വരെയുള്ള നമ്പറുകൾ ചേർത്ത് നക്ഷത്രങ്ങൾക്ക് പേരു നൽകി. ലകലൈൽ ഡെൽറ്റ കൊളുംബേ എന്ന പേരു നൽകിയ നക്ഷത്രിനാണ് ഫ്ലാംസ്റ്റീഡ് 3 കാനിസ് മെജോറിസ് എന്ന പേരു നൽകിയത്. ഫ്ലാംസ്റ്റീഡ കൊളുംബ ഒരു നക്ഷത്രരാശിയായി കണക്കാക്കിയിരുന്നില്ല.[13]

ഭൂമിയിൽ നിന്നും നോക്കിയാൽ രാത്രിയിലെ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണാൻ കഴിയുന്ന നക്ഷത്രമാണ് സിറിയസ്. ഇതിന്റെ ദൃശ്യകാന്തിമാനം -1.46 ആണ്. ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രം ഭൂമിയോടടുന്നത്ത നക്ഷത്രങ്ങളിൽ ഒന്നുമാണ്. ചുട്ടുപൊള്ളുക, തിളങ്ങുക എന്നീ അർത്ഥങ്ങളുള്ള ഗ്രീക്ക് പദമായ സീരീയോസിൽ നിന്നാണ് സിറിയസ് എന്ന പേര് ഉണ്ടായത്. ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. സിറിയസ് ബി ഒരു വെളുത്ത കുള്ളൻ നക്ഷത്രമാണ്. സിറിയസ് എയെക്കാൾ പതിനായിരം മടങ്ങ് മങ്ങിയ സിറിയസ് ബിയുടെ കാന്തിമാനം 8.4 ആണ്.[14] ഇവ രണ്ടും ഒരു പ്രാവശ്യം ഒന്നു പ്രദക്ഷിണം ചെയ്തുവരാൻ 50 വർഷങ്ങൾ എടുക്കും. പുരാതന ഈജിപ്ഷ്യൻ കലണ്ടർ കലണ്ടർ സിറിയസ്സിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.[4] ബേയറുടെ നക്ഷത്രഅറ്റ്‍ലസ്സിൽ സിറിയസ്സിനെ വലിയ വേട്ടപ്പട്ടിയുടെ മുഖമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.[15]

സിറിയസ്സിന്റെ രണ്ടു വശങ്ങളിലായി ബീറ്റ കാനിസ് മെജോറിസ് (മിർസാം,മുർസിം), ഗാമ കാനിസ് മെജോറിസ് എന്നീ നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. മിർസാം ഒരു ബീറ്റ സെഫി ചരനക്ഷത്രം ആണ്. ഇതിന്റെ ദൃശ്യകാന്തിമാനം ആറു മണിക്കൂർ ഇടവിട്ട് 1.97നും 2.01നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[16] ഇത് ഭൂമിയിൽ നിന്ന് 500 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിളംബരം ചെയ്യുന്ന ആൾ എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണ് മിർസാം എന്ന പേര് ഉണ്ടായത്. സിറിയസിന്റെ വരവ് വിളംബരം ചെയ്തു കൊണ്ട് അതിനു തൊട്ടു മുമ്പ് ഉദിക്കുന്നതു കൊണ്ടാവാം ഈ പേരു തെരഞ്ഞെടുത്തത്.[4] ഗാമ നക്ഷത്രത്തെ മുലിഫെയ്ൻ എന്നും വിളിക്കുന്നു. വളരെ മങ്ങിയ ഇതിന്റെ കാന്തിമാനം 4.12 ആണ്. ഇതിന്റെ സ്പെക്ട്രൽ തരം B8IIe ആണ്. ഭൂമിയിൽ നിന്നും 441 പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.[17] അയോട്ട കാനിസ് മെജോറിസ് സിറിയസ്സുിലും മുലിഫെയിനിനും ഇടയിലാണുള്ളത്. ഇത് മറ്റൊരു ബീറ്റ സെഫി ചരനക്ഷത്രം ആണ്. ഇതിന്റെ കാന്തിമാനം രണ്ടു മണിക്കൂറിനുള്ളിൽ 4.36നും 4.40നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[18] സ്പെക്ട്രൽ തരം B3Ib ആയ ഇത് ഒരു അതിഭീമ നക്ഷത്രം ആണ്. സൂര്യനെക്കാൾ 46,000 മടങ്ങ് തിളക്കമുണ്ട് ഇതിന്. ഭൂമിയിൽ നിന്ന് 25000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[19]


അവലംബംതിരുത്തുക

 1. Rogers, John H. (1998). "Origins of the Ancient Constellations: I. The Mesopotamian traditions". Journal of the British Astronomical Association. 108 (1): 9–28. Bibcode:1998JBAA..108....9R.
 2. Rogers, John H. (1998). "Origins of the Ancient Constellations: II. The Mediterranean Traditions". Journal of the British Astronomical Association. 108 (2): 79–89. Bibcode:1998JBAA..108...79R.
 3. 3.0 3.1 3.2 Allen 1963, പുറം. 117.
 4. 4.0 4.1 4.2 4.3 Ridpath & Tirion 2001, പുറങ്ങൾ. 98–99.
 5. Allen 1963, പുറം. 118.
 6. Schlegel 1967, പുറം. 428.
 7. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469–71. Bibcode:1922PA.....30..469R.
 8. "Canis Major, Constellation Boundary". The Constellations. ശേഖരിച്ചത് 15 November 2012.
 9. Bagnall, Philip M. (2012). The Star Atlas Companion: What You Need to Know about the Constellations. New York, New York: Springer. pp. 99–106. ISBN 978-1-4614-0830-7.
 10. Tomkin, Jocelyn (April 1998). "Once and Future Celestial Kings". Sky and Telescope. 95 (4): 59–63. Bibcode:1998S&T....95d..59T.
 11. Wagman 2003, പുറം. 73.
 12. 12.0 12.1 Wagman 2003, പുറം. 74.
 13. Wagman 2003, പുറം. 368.
 14. Holberg, J.B. (2007). Sirius: Brightest Diamond in the Night Sky. Chichester, United Kingdom: Praxis Publishing. p. 214. ISBN 978-0-387-48941-4.
 15. Wagman 2003, പുറം. 504.
 16. Kaler, James B. (4 May 2007). "Mirzam". Stars. University of Illinois. ശേഖരിച്ചത് 2 January 2012.
 17. "Gamma Canis Majoris – Star in Cluster". SIMBAD Astronomical Database. Centre de Données astronomiques de Strasbourg. ശേഖരിച്ചത് 16 February 2014.
 18. Watson, Christopher (4 January 2010). "Iota Canis Majoris". AAVSO Website. American Association of Variable Star Observers. ശേഖരിച്ചത് 2 March 2014.
 19. Kaler, James B. (26 February 2010). "Iota Canis Majoris". Stars. University of Illinois. ശേഖരിച്ചത് 2 March 2014.
"https://ml.wikipedia.org/w/index.php?title=ബൃഹച്ഛ്വാനം&oldid=3279009" എന്ന താളിൽനിന്ന് ശേഖരിച്ചത്