ഭരതൻ (സംവിധായകൻ)
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായിരുന്നു ഭരതൻ (നവംബർ 14, 1946 – ജൂലൈ 30, 1998). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ആണ് ഭരതന്റെ ജന്മസ്ഥലം. നിരവധി ചലച്ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് ഭരതൻ. നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ. മകൻ സിദ്ധാർഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്. സിനിമ സംവിധായകൻ എന്നതിനെക്കാൾ ഉപരി ഭരതൻ ഒരു ചിത്രകാരൻ അയിരുന്നു.
ഭരതൻ | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ, ചിത്രസംയോജകൻ |
സജീവ കാലം | 1974 - 1997 |
ജീവിതപങ്കാളി(കൾ) | കെ.പി.എ.സി. ലളിത |
കുട്ടികൾ | സിദ്ധാർത്ഥ് ഭരതൻ, ശ്രീക്കുട്ടി |
പ്രണയവും,രതിയും അശ്ലീലമല്ലാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ഭരതന്റെ കഴിവ് വളരെയധികം പ്രസിദ്ധി നേടിയതാണ്.
ആദ്യകാലം
തിരുത്തുക1946 നവംബർ 14-ന് പരേതരായ പാലിശ്ശേരി പരമേശ്വരമേനോന്റെയും കാർത്ത്യായനിയമ്മയുടെയും മകനായി വടക്കാഞ്ചേരിയിൽ ജനിച്ച ഭരതൻ പ്രശസ്ത ചലച്ചിത്രസംവിധായകൻ പി.എൻ. മേനോന്റെ ജ്യേഷ്ഠപുത്രനായിരുന്നു. സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവർത്തിച്ചത്. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. ഭരതന്റേയും പത്മരാജന്റേയും ചലച്ചിത്രജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം.
ആദ്യത്തെ ചലച്ചിത്രം
തിരുത്തുകസംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പിന്നീട് ഇത് ഭരതൻ സ്പർശം എന്ന് അറിയപ്പെട്ടു. ഈ ചലച്ചിത്രത്തിലെ മറക്കാനാവാത്ത ഒരു രംഗം കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച ബ്രാഹ്മണപൂജാരിയായ പ്രധാന കഥാപാത്രം - 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗമാണ്. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽപ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. യാഥാസ്ഥിതികരായ കേരളീയർക്ക് ഇത് തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു.
പത്മരാജനുമൊത്ത്
തിരുത്തുകഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.
കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം. കൗമാര പ്രായത്തിലുള്ള പപ്പു എന്ന കുട്ടി തന്നെക്കാൾ പ്രായം ചെന്ന രതി എന്ന അയൽക്കാരിയുമായി പ്രണയത്തിലാവുന്നു. അവരുടെ ബന്ധത്തിന്റെ പൂർണ്ണതയിൽ ഒരു വിജനമായ സർപ്പക്കാവിൽ പാതിരാത്രിയിൽ ഇവർ ഇണചേരവേ പാമ്പുകടിയേറ്റ് രതി മരിക്കുന്നു. പിറ്റേന്ന് രാവിലെ മരണ വാർത്ത അറിയാതെ, ഒരു പുരുഷൻ ആയി എന്ന ഭാവത്തോടെ പപ്പു കോളേജിലേക്ക് യാത്രയാവുന്നു. തകരയിൽ ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര, ചെല്ലപ്പനാശാരി എന്നീ കഥാപാത്രങ്ങൾ ചലച്ചിത്രപ്രേമികളുടെ മനസ്സിൽ നിന്ന് ചിത്രം കണ്ടു കഴിഞ്ഞാലും ദശാബ്ദങ്ങളോളം മായാത്ത വിധം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പത്മരാജൻ തന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാർത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു. പിന്നീട് ഭരതൻ ആവാരം പൂ എന്ന പേരിൽ ഈ ചിത്രം തമിഴിൽ പുനർനിർമ്മിച്ചു.
റൊമാന്റിക്ക് ചലച്ചിത്രങ്ങൾ
തിരുത്തുകഎൺപതുകളുടെ തുടക്കത്തിൽ ഭരതൻ പല യുഗ്മ ചലച്ചിത്രങ്ങളും നിർമ്മിച്ചു. ‘ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന' എന്നിവ ഇതിൽ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങൾ ആയിരുന്നു. മലയാളചലച്ചിത്രത്തിൽ കാല്പനിക തരംഗത്തിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്രസംവിധായകരും ഇതേ പാത പിന്തുടർന്നു. മലയാളചലച്ചിത്രത്തിലെ കാല്പനിക കാലഘട്ടമായിരുന്നു 80-കൾ.
ഭരതൻ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ, യഥാക്രമം നെടുമുടി വേണു - ശാരദ എന്നിവർ അവതരിപ്പിക്കുന്ന രാവുണ്ണിമാഷ്, സരസ്വതി ടീച്ചർ എന്നീ മക്കളില്ലാത്ത കഥാപാത്രങ്ങളുടെ, വിരമനത്തിനു ശേഷമുള്ള ജീവിതം കാണിക്കുന്നു. ജീവിതസായാഹ്നത്തിൽ അവരുടെ കൂടെ താമസിച്ചു പഠിക്കുവാനായി ടീച്ചറുടെ പഴയ സുഹൃത്തിന്റെ മകൾ എത്തുന്നു. ഈ പെൺകുട്ടി പിന്നീട് മക്കളില്ലാത്ത ഈ ദമ്പതികൾക്ക് സ്വന്തം മകളെപോലെയാകുന്നു “ടീച്ചറെ അവൾ അമ്മേ എന്നു വിളിച്ചാൽ എന്നെ എന്തുവിളിക്കും...” എന്ന നെടുമുടിവേണുവിന്റെ ചോദ്യവും ശാരദയുടെ ഉത്തരവും അവർ അനുഭവിക്കുന്ന അനുഭൂതിയും ചലച്ചിത്രത്തിന്റെ സീമകൾ കടന്ന് പ്രേക്ഷകനിൽ എത്തുന്നു. സുന്ദരമായ പശ്ചാത്തലവും ഗാനങ്ങളുമായി (മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി)ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു. ആലുവയിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്.
എം.ടി.യുമൊത്ത്
തിരുത്തുകകലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റർപീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി. തന്റെ തനതു ശൈലിയിൽ ഈ കഥയെ വികസിപ്പിച്ച് എം.ടി. കഥാപാത്രങ്ങൾക്കു ജീവൻ നൽകി. ഒരു ദാസിയുടെ മകളായ വൈശാലി വ്യാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷിശൃംഗനെ ആകർഷിച്ച് ലോമപാദരാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലിയെ അയക്കുന്നു. എം.ടി. വൈശാലിക്ക് കഥയിൽ പ്രാധാന്യം നൽകിയപ്പോൾ കഥ ഒരു പുതിയ മാനം കണ്ടെത്തുന്നു. ഭരതന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേർക്കണം എന്ന് അറിയാമായിരുന്നു. ഇതിന്റെ ഫലം മറക്കാനാവാത്ത ഒരു ക്ലാസിക്ക് ചലച്ചിത്രമാണ്.
ഭരതൻ-എം.ടി. കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം ‘താഴ്വാരം’ ആണ്. രണ്ട് പഴയകാല സുഹൃത്തുക്കൾക്കിടയിലെ പ്രതികാരമാണ് കഥാതന്തു. ഇങ്ങനെ ഒരു കഥ ഭരതന്റെ മറ്റുചിത്രങ്ങളിൽ നിന്ന് വളരെ വേറിട്ടുനിൽക്കുന്നു. ഓരോ ഫ്രെയിമിലും മരണം പതിയിരിക്കുന്നു എന്ന് കാണികൾക്ക് തോന്നുന്നു. ഒടുവിൽ വരാനുള്ളതിനെക്കുറിച്ചുള്ള ഭയം കാണികളെ ചൂഴുന്നു. ചിത്രത്തിന്റെ കലാശത്തിൽ വൈരികളുടെ പോരാട്ടം മുറുകി അവർ മലയിറങ്ങുമ്പൊഴേക്കും അവരിലൊരാൾ മരിക്കുന്നു. പ്രതികാരം എന്ന വിഷയത്തെ കൈകാര്യം ചെയ്യുമ്പോഴും സ്ത്രീ ശരീരത്തിന്റെ വശ്യസൗന്ദര്യത്തെയും (സുമലത) പ്രകൃതിരമണീയതയെയും ചിത്രീകരിക്കുവാൻ ഭരതൻ മറക്കുന്നില്ല. ‘കണ്ണെത്താദൂരെ മറുതീരം‘ എന്ന സുന്ദരമായ ഗാനവും ഈ ചിത്രത്തിലുണ്ട്.
തമിഴ് സിനിമ
തിരുത്തുകഭരതന് ഭാഷ ഒരു തടസ്സമായില്ല. ശിവാജി ഗണേശൻ കമലഹാസൻ എന്നിവർ അച്ഛൻ-മകൻ ജോഡിയായി അഭിനയിക്കുന്ന തേവർമകൻ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയപുരസ്കാരങ്ങളും നേടി. പ്രിയദർശൻ സംവിധാനൊ ചെയ്ത വിരാസത്[1] എന്ന ഹിന്ദി സിനിമ തേവർമകന്റെ പുനർനിർമ്മാണം അണു. ആമരീഷ് പുരിയും അനിൽ കപൂരും അണു വിരസതിൽ അച്ഃഛ്നെയും മകനെയും അവതിരിപ്പിചതു.
തിരക്കഥ, ഗാനരചന
തിരുത്തുകചലച്ചിത്രസംവിധാനത്തിനു പുറമേ ഭരതൻ പല തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തിൽ ചെയ്ത “താരം വാൽക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്. കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംഗീതസം വിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബഹുമതികൾ
തിരുത്തുകദേശീയ ബഹുമതികൾ
തിരുത്തുക- 1975 - മലയാളത്തിലെ മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് - പ്രയാണം
- 1992 - തമിഴിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് - തേവർമകൻ
സംസ്ഥാന ബഹുമതികൾ
തിരുത്തുക- 1975 - കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം - പ്രയാണം
- 1979 - കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം - തകര
- 1980 - കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം - ചാമരം
- 1981 - കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം - ചാട്ട
- 1982 - കേരളസംസ്ഥാന അവാർഡ് -മികച്ച സിനിമ - മർമ്മരം
- 1982 - കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം - ഓർമ്മക്കായി
- 1984 - കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം - ഇത്തിരിപൂവേ ചുവന്നപൂവേ
- 1987 - കേരളസംസ്ഥാന അവാർഡ് -മികച്ച ജനപ്രീതിനേടിയ ചിത്രം - ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
- 1992 - കേരളസംസ്ഥാന അവാർഡ് -മികച്ച ജനപ്രീതിനേടിയ ചിത്രം - വെങ്കലം
മരണം
തിരുത്തുകഏറെനാളായി വിവിധരോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം 1998 ജൂലൈ 30-നു തന്റെ 52ആം വയസ്സിൽ മദ്രാസിൽ വെച്ച് അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം ജന്മനാട്ടിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ചലച്ചിത്രങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഭരതൻ ലഘു ജീവചരിത്രം Archived 2011-05-25 at the Wayback Machine.
- ഭരതനെക്കുറിച്ചു ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ വന്ന ലേഖനം Archived 2012-02-14 at the Wayback Machine.
- കേരളത്തിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും Archived 2014-04-12 at the Wayback Machine.
അവലംബം
തിരുത്തുക- ↑ [1]
- ↑ കേരള പബ്ലിക് റിലേഷൻസ് വകുപ്പ് വെബ്സൈറ്റ് Archived 2015-07-08 at the Wayback Machine. ദേശീയ ചലച്ചിത്ര അവാർഡുകൾ എന്ന വിഭാഗം.
- ↑ കേരള പബ്ലിക് റിലേഷൻസ് വകുപ്പ് വെബ്സൈറ്റ് Archived 2016-03-03 at the Wayback Machine. സംസ്ഥാനചലച്ചിത്ര അവാർഡുകൾ എന്ന വിഭാഗം.