മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. [1] ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ദ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും എതിർലിംഗത്തോടോ ചിലരിൽ സ്വലിംഗത്തോടോ ആകർഷണവും ആർജ്ജിക്കുന്ന പ്രായമാണിത്. അതിന്റെ ഭാഗമായി സ്വാഭാവികമായും പ്രണയം ഉടലെടുക്കുന്നു. സ്വപ്നഖലനവും സ്വയംഭോഗവും ആരംഭിക്കുന്ന പ്രായവും കൂടിയാണിത്. ട്രാൻസ്ജെൻഡറുകൾ, സ്വവർഗാനുരാഗികൾ തുടങ്ങിയ ലിംഗ- ലൈംഗികന്യൂനപക്ഷങ്ങൾ (LGBTIQ) സ്വന്തം സ്വത്വം തിരിച്ചറിയാൻ സാധ്യതയുള്ള ഒരുഘട്ടം കൂടിയാണിത്. മദ്യം, മയക്കുമരുന്ന്, സിഗരറ്റ്, ആത്മഹത്യ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അനാവശ്യ ഗർഭധാരണം, ലൈംഗികരോഗങ്ങൾ, അമിതമായ കോപം, വിഷാദം, ഒറ്റപ്പെടൽ, മുഖക്കുരു, പഠനവൈകല്യം, കുടുംബപ്രശ്നങ്ങൾ, പ്രണയനൈരാശ്യം എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദ ഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും ആരോഗ്യകരമായ ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാര മനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. കൗമാര വിദ്യാഭ്യാസം, ലഹരി വിമോചന പരിപാടികൾ, ആരോഗ്യലൈംഗിക വിദ്യാഭ്യാസം, കൗൺസിലിംഗ്, മനഃശാസ്ത്ര ചികിത്സ തുടങ്ങിയവ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്താറുണ്ട്. [2]

ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. [3]

പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളുംതിരുത്തുക

കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്. ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനം ഈ സമയത്ത് കാര്യക്ഷമമാകുന്നു. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.[4]

 1. ഗുഹ്യരോമങ്ങളുടെ വളർച്ച- പെൺകുട്ടികളിൽ ഏകദേശം ഒൻപത്- പതിനൊന്ന് വയസ്സിൽ ഗുഹ്യരോമവളർച്ച തുടങ്ങി, പതിമൂന്ന്- പതിന്നാല് വയസ്സോടെ പൂർത്തിയാകുന്നു. ആൺകുട്ടികളിൽ ഇത് പത്ത്- പതിമൂന്നു വയസിൽ ആരംഭിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സവിശേഷ രോമക്രമം (pattern of hair growth) രൂപപ്പെടുന്നു. ഗുഹ്യഭാഗങ്ങളിൽ ആദ്യം രൂപപ്പെടുന്ന നീളമുള്ള, നേരിയ രോമങ്ങൾ ക്രമേണ കൂടുതൽ കറുത്ത് വയറിലേയ്ക്കും തുടകളിലേയ്ക്കും വ്യാപിക്കുന്നു. ഘർഷണം കുറക്കുവാനും, അണുബാധ പകരുന്നത് തടയുവാനും ചർമത്തിന്റെ സംരക്ഷണത്തിനും ഗുഹ്യരോമങ്ങൾ ഉപയുക്തമാണ്. പെൺകുട്ടികൾക്ക് പൊടി പോലെയുള്ള വസ്തുക്കൾ ഉള്ളിലേക്ക് കടക്കാതിരിക്കാനും ഇവ സഹായിക്കുന്നു. [5]
 2. പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
 3. പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. എന്നിരുന്നാലും ഗർഭപാത്രത്തിന്റെ വികാസം പൂർത്തിയാകാനും, ആർത്തവം ക്രമമാകാനും പിന്നേയും വർഷങ്ങൾ എടുത്തേക്കാം. [6]
 4. ആൺകുട്ടികളിലെ ലൈംഗികവളർച്ച-ഏതാണ്ട് പതിനൊന്ന്-പതിമൂന്ന് വയസോടുകൂടി ആരംഭിക്കുന്നു. ഗുഹ്യരോമവളർച്ച, ലിംഗം വൃഷണം എന്നിവയുടെ വികാസം, ബീജോത്പാദനം, സ്വപ്നസ്ഖലനം, ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം എന്നിവ ഉണ്ടാകുന്നു. എന്നാൽ മുഖരോമവളർച്ചയും സ്വപ്ന സ്ഖലനവും കൗമാരക്കാരിൽ എല്ലാവരിലും ഉണ്ടാകണമെന്നില്ല.
 5. ആൺകുട്ടികളിലെ ശബ്ദവ്യതിയാനം- വോക്കൽ കോർഡിലെ മാറ്റമാണിതിത് കാരണം.
 6. കക്ഷഭാഗത്തെ രോമവളർച്ച- ഗുഹ്യരോമ വളർച്ചയോടൊപ്പം കക്ഷത്തിലും രോമം വളരുന്നു. ഇവ ഫെറോമോണുകളെ ശേഖരിച്ചു നിർത്തുന്നു. ഇതും ഹോർമോൺ പ്രവർത്തനത്തിന്റെ ലക്ഷണമാണ്. തുടർന്ന് ആൺകുട്ടികളിൽ മുഖത്തും നെഞ്ചിലും മറ്റും രോമവളർച്ച ഉണ്ടാകുന്നു.
 7. വിയർപ്പുഗ്രന്ഥികളുടെ അമിതപ്രവർത്തനം
 8. എണ്ണമയമുള്ള ത്വക്ക്
 9. മുഖക്കുരു രൂപപ്പെടൽ
 10. ഹോർമോൺ ഉത്പാദനം- പെൺകുട്ടികളിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ, പ്രോജെസ്റ്റിറോൺ എന്നിവയും, ആൺകുട്ടികളിൽ ആൻഡ്രോജൻ ഹോർമോണുകളിൽ പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയവയും പ്രവർത്തനം വേഗത്തിലാക്കുന്നു.

അവലംബംതിരുത്തുക

 1. കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3
 2. കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 3-5, ISBN 81-7638-574-3
 3. http://www.unicef.org/india/media_6785.htm
 4. http://pubs.ext.vt.edu/350/350-850/350-850.html
 5. http://medicalcenter.osu.edu/patientcare/healthcare_services/mens_health/puberty_adolescent_male/Pages/index.aspx
 6. http://www.nlm.nih.gov/medlineplus/ency/article/002003.htm
"https://ml.wikipedia.org/w/index.php?title=കൗമാരം&oldid=3337667" എന്ന താളിൽനിന്ന് ശേഖരിച്ചത്