സംഗീതം

അടിസ്ഥാനപരമായി, സംഗീതം ശബ്ദങ്ങളുടെ സംയോജനമാണ്

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.[1] രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്[2]. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നു.

സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം .[3] ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. സംഗീതം ദൈവികമാണെന്നും, ബ്രഹ്മം നാദമയമാണെന്നും, സാരസ്വതവീണയിലെ സപ്തസ്വരങ്ങൾ ആണിതിന്റെ അടിസ്ഥാനമെന്നും ഭാരതീയർ വിശ്വസിച്ചിരുന്നു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. ഈ കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, മറ്റാശയങ്ങൾ വിനിമയം ചെയ്യാനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു.[4][5] [6] പിന്നീട്, സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോൾ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരിക പുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. സംഗീതോപകരണം ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യൻ സംഗീതം ആലപിക്കുന്നത്. പടിഞ്ഞാറൻ സംഗീതം, കിഴക്കൻ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായി വേർതിരിചിട്ടുള്ളത്. മനുഷ്യർ(പല രാജ്യങ്ങളിലെയും) കൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു. അത് പിന്നീട് ഫ്യൂഷൻ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി.

ശ്രുതി തിരുത്തുക

പ്രധാന ലേഖനം: ശ്രുതി (സംഗീതം)

സമകാലിക ഭാരതീയ സംഗീതസദസ്സുകളിൽ സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ ശ്രുതി എന്നാൽ ഒരു ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥായിയായി നിലനിൽക്കേണ്ടുന്ന, നിശ്ചിതസ്വരങ്ങൾ മിശ്രണം ചെയ്ത ഒരു പശ്ചാത്തലശബ്ദം ആണു് (സ്ഥായീശ്രുതി). പക്ഷേ, സംഗീതശാസ്ത്രത്തിന്റെ ഗൌരവമായ തലത്തിൽ, നിയതമായ ആവൃത്തിബന്ധത്തിൽ തൊട്ടടുത്തുള്ള ഏതെങ്കിലും രണ്ടു് സ്വരസ്ഥാനങ്ങൾക്ക് ഇടയിലുള്ള ഇടവേളകളെ പൊതുവായി വിളിക്കാവുന്ന പേരാണു് ശ്രുതികൾ (Tone). വിവിധ സംഗീതപാരമ്പര്യങ്ങളിൽ ഇവയുടെ എണ്ണം വ്യത്യസ്തമാണു്. ഒരു ഗാനത്തിന്റെ മാതാവാണ് ശ്രുതി.സംഗീതത്തിൽ "ശ്രുതി മാതാ ലയ പിതാ " എന്നതാണ് ആധികാരികമായ ചൊല്ല്

താളം തിരുത്തുക

പ്രധാന ലേഖനം: താളം)

സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കൽ‌പിച്ചുവരുന്നു. തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോർ‌ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർ‌ദ്ദേശിയ്ക്കുന്നുണ്ട്. സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്.

രാഗം തിരുത്തുക

പ്രധാന ലേഖനം: രാഗം)

വ്യക്തവും സുനിശ്ചിതവും ആയ സ്വരസ്ഥാനങ്ങളിലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം ആണ് രാഗം. അതായത് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാനങ്ങളിലൂടെ ശബ്ദം കടന്നുപോവുമ്പോൾ വളരെ വ്യക്തമായ ഒരു ഈണം.

പല്ലവി തിരുത്തുക

പാട്ടുകളുടെ ആരംഭത്തിൽ ഉള്ളതും ഓരോചരണം കഴിഞ്ഞ് എടുത്തുപാടുന്നതുമായ ഭാഗം.

പാശ്ചാത്യസംഗീതം തിരുത്തുക

ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് സംഗീതം നിർമ്മിക്കുന്ന ശൈലി വളരെക്കാലം മുൻപ് തന്നെ പാശ്ചാത്യദേശത്ത് നിലനിന്നിരുന്നു. തന്ത്രിവാദ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട നൊട്ടേഷനുകളാണ് ഇതിന്റെ ആദ്യരൂപം.

ഭാരതീയ സംഗീതം തിരുത്തുക

പ്രധാന ലേഖനം: ഭാരതീയ സംഗീതം

ഭാരതത്തിൽ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി, കർണാടകം എന്നു രണ്ടായി തരംതിരിക്കാം. രണ്ടു ശാഖകളിലെയും മൂലതത്ത്വങ്ങൾ ഒന്നുതന്നെയാണെങ്കിലും ആലാപനരീതിയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്നു. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള കർണാടകസംഗീതത്തിൽ മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയിൽ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകൾ കൊണ്ട് എന്നും സമ്പന്നമാണ് കർണാടകസംഗീതം. പഴയ ശൈലികൾ ചിലത് നിലനിൽക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു.

മുമ്പ് സംഗീതകച്ചേരികൾ 5 മണിക്കൂറോളം ദൈർഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറിൽ താഴെ ഒതുങ്ങുന്നു. പല താളങ്ങളിൽ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊരു പ്രധാന കീർത്തനവും കച്ചേരികളിൽ നിർബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളിൽ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാവാം പഴയ ശൈലികൾ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.

സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമായി ധാരാളം സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഇത്തരം വേദികളിൽ ശോഭിക്കുന്ന പല കലാകാരന്മാരും സംഗീതലോകത്ത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നു

കർണ്ണാടകസംഗീതം തിരുത്തുക

പ്രധാന ലേഖനം: കർണ്ണാടകസംഗീതം

ദക്ഷിണേന്ത്യയിൽ ഉടലെടുത്ത ശാസ്ത്രീയസംഗീത ശാഖയാണ്‌ കർണ്ണാടക സംഗീതം(Carnatic Music). മറ്റ്‌ ഇന്ത്യൻ ശാസ്ത്രീയസംഗീത ശാഖകളെപ്പോലെ രാഗവും താളവുമാണ്‌ കർണ്ണാടകസംഗീതത്തിന്റെയും അടിസ്ഥാനം.മൂവായിരം കൊല്ലത്തെ പഴക്കമുണ്ട് ഭാരതീയസംഗീതത്തിന്. വേദകാലത്താണ് ഭാരതീയസംഗീതം ആരംഭിച്ചത്.[3].ഒരു കൃതി രചിക്കുകയും അതിനെ അവതരിപ്പിക്കേണ്ട രീതിയിൽ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരെയാണ്‌ വാഗ്ഗേയകാരന്മാർ എന്നറിയപ്പെടുന്നത്.കർണാടകസംഗീതത്തിന്റെ പുരന്ദരദാസൻ പിതാവായി അറിയപ്പെടുന്നു.കർണാടകസംഗീതത്തിന്റെ പ്രാഥമികപാഠങ്ങൾ രൂപകൽപ്പനയ്ക്ക് അദ്ദേഹം പ്രശസ്തനാണ്[7][8] .

ഹിന്ദുസ്ഥാനി സംഗീതം തിരുത്തുക

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർട്ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്. ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.ധ്രുപദ്, ഖയാൽ, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ[9].

കർണാടക സംഗീതം കേരളത്തിൽ തിരുത്തുക

തമിഴ്നാടിനോട് തൊട്ട്കിടക്കുന്ന തിരുവനന്തപുരത്തും പാലക്കാട്ടുമാണ് കർണാടക സംഗീതം അതിന്റെ ശക്തി-ചൈതന്യം തെളിയിച്ചത്. പാലക്കാടിനെ ആവാസഭൂമിയാക്കിയ തമിഴ് ബ്രാഹ്മണ സമൂഹങ്ങളാണ് # ‘കീർത്തനക്കാറ്റ്’ കൊച്ചിയിലും തെക്കേ മലബാറിലും വ്യാപിപ്പിച്ചത്. നൂറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിന്റെ മായികപ്രഭാവത്തിൽ കഴിഞ്ഞ്പോരുന്ന തിരുവനന്തപുരവും പരിസര പ്രദേശങ്ങളും സ്വാതി തിരുനാളിന്റെ കാലം മുതൽക്ക് കർണാടകസംഗീതത്തിന്റെയും ദേവദാസി നൃത്തമായ മോഹിനിയാട്ടത്തിന്റെയും വിലാസഭൂമിയായി മാറി. തിരുവിതാംകൂരിലെ ക്ഷേത്രസംഗീതസംസ്കാരത്തിന് ഇളക്കം തട്ടിയത് പതിനെട്ടാം നൂറ്റാണ്ടോടെയാവണം. നാദസ്വരവും തവിലും അമ്പലങ്ങളിൽ നിർബന്ധമായി. സോപാന സംഗീതം നാലമ്പലത്തിൽ ഒതുങ്ങി.

ശാസ്ത്രീയമായ സംഗീതപഠനം ജ്ഞാനികളായ ഗുരുക്കൻമാരിൽ നിന്നാവണം. സംഗീതം തപശ്ചര്യയാക്കിയ, തന്റെ അറിവ് പൂർണമായും ശിഷ്യൻമാർക്ക് പകർന്നുകൊടുക്കുന്ന സംഗീതജ്ഞൻമാരേ വേണം ഗുരുവായി സ്വീകരിയ്ക്കേണ്ടത്. സാ...പാ..സാ..എന്ന സ്വരങ്ങളോടുകൂടിയാണ് ശാസ്ത്രീയമായ സംഗീതപഠനം ആരംഭിയ്ക്കുന്നത്. സപ്ത സ്വരങ്ങളെ സ്വരസ്ഥാനമുറപ്പിച്ച് ശ്രുതി പൂർണമായി സംഗീതം അഭ്യസിയ്ക്കേണം. സരിഗമപധനിസ എന്ന ആരോഹണവും സനിധപമഗരിസ എന്ന അവരോഹണവും സംഗീത വിദ്യാർത്ഥി അഭ്യസിയ്ക്കുന്നു. സംഗീത പഠനത്തിന് ഏതെങ്കിലും രാഗത്തെ അടിസ്ഥാനമാക്കി സ്വരസ്ഥാനമുറപ്പിയ്ക്കുന്നു. ലളിതമായ രാഗം എന്ന നിലയിൽ മായാമാളവ ഗൗള രാഗത്തിലാണ് സാധാരണ സംഗീതാഭ്യസനം ആരംഭിയ്ക്കുന്നത്.

സോപാന സംഗീതം തിരുത്തുക

മലയാളിയുടെ ‘ദേശി’ സംഗീതധാരയിൽ ഏറ്റവുമധികം പ്രകീർതിക്കപ്പെടുന്ന പ്രസ്ഥാനമാണ് സോപാനസംഗീതം. ‘മാർഗി’ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി-കർണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തിൽ പുലർന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തിൽതന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടു.

ശ്രീകോവിലിന്റെ ചവിട്ടുപടികൾക്ക്(സോപാനം) സമീപം നിന്ന് അമ്പലവാസികളായ മാരാരോ പൊതുവാളോ ഇടയ്ക്ക് വായിച്ച് പാടുന്ന ദേവതാസ്തുതികളായിട്ടാണ് സോപാന സംഗീതം അറിയപ്പെടുന്നതു. ജയദേവരുടെ ഗീതാഗോവിന്ദം ചരിത്രത്തിന്റെ ഏതോ സന്ധിയിൽ സോപാനപ്പാട്ടിന്റെ ഭാഗമായി തീർന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികർ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു[10]. ‘അ’ കാരത്തിൽ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളിൽ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗങ്ങളിൽ മാത്രം പെരുമാറ്റം-ഇത്രയുമായാൽ സോപാന സംഗീതമായി.

കേരള സംഗീതം തിരുത്തുക

കൃഷ്ണനാട്ടം,കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൈകൊട്ടിക്കളി എന്നിവയിൽ ആണ്‌ പൂർവികർ സോപാനസംഗീതത്തിന്റെ മൂർത്തഭാവങ്ങൾ ദർശിക്കുന്നത്. കഥകളിപ്പാട്ടും തുള്ളൽപ്പാട്ടുകളുമാണ് സോപാനസംഗീതത്തിന്റെ സാരം നമ്മെ ബോദ്ധ്യപ്പെടുത്താനുതകുന്ന രണ്ട് വാമൊഴിത്തഴക്കങ്ങൾ. നിരവധി കേരളീയ ഗാനങ്ങളുടെയും താളങ്ങളുടെയും പേരുകൾ നൂറ്റിയൊന്ന് ആട്ടക്കഥകളിലും അറുപത് തുള്ളൽക്കഥകളിലുമായി ചിതറിക്കിടപ്പുണ്ടെങ്കിലും അവയിൽ ബഹുപൂരിപക്ഷവും കാലപ്രവാഹത്തിൽ വിസ്മൃതമായി കഴിഞ്ഞു. ശേഷിക്കുന്നവയാണ് കാനക്കുറിഞ്ഞി, പുറനിര, ഗൌളിപന്ത്, പാടി, നവരസം, ഘണ്ടാരം, ദുഃഖഘണ്ടാരം എന്നീ രാഗങ്ങളും ലക്ഷ്മാ, മർമ്മം, കുണ്ടനായ്യി എന്നീ താളങ്ങളും. രാഗങ്ങളിൽ ‘സാമന്തമലഹരി’ അറിവിലുണ്ടെങ്കിലും പ്രയോഗത്തിൽ നിന്ന് എന്നോ മാഞ്ഞുപോയിരിക്കുന്നു. ശാസ്ത്രീയമായി ഇനിയും സ്വരപ്പെടുത്തി കഴിഞ്ഞിട്ടില്ലാത്ത ഈ രാഗങ്ങളുടെയും വിന്യാസഭേദം സൂക്ഷ്മതരമാക്കിയിട്ടില്ലാത്ത താളങ്ങളുടെയും പിന്ബലത്തിലാണ് ഇന്ന് ‘കേരള സംഗീത’മെന്ന സങ്കല്പം കുടിക്കൊള്ളുന്നത്.

കഥകളി സംഗീതം തിരുത്തുക

മലയാള ഗാനസംസ്കാരത്തിന്റെ മുഴുവൻ ചമൽക്കാരവും നമ്മെ അറിയിക്കാൻ പ്രാപ്തമായ വിശിഷ്ടമണ്ഡലമാണ് കഥകളി സംഗീതം.കഥകളിപ്പാട്ടിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിലുണ്ടായ കർണാടകസംഗീതാധിഷ്ടിതമായ വ്യത്യനങ്ങളെ പരിഗണിക്കാതെതന്നെ ‘അഭിനയ സംഗീത’മെന്ന നിലയിൽ അതിനവകാശപ്പെടാവുന്ന നേട്ടങ്ങൾ പലതുണ്ട്. കളിയരങ്ങിൽ ‘നവരസ’ങ്ങളെ പാട്ടിലേയ്ക്ക് പരാവർത്തനം ചെയ്യുന്ന പൊന്നാനി-ശങ്കിടി ഗായകർ വാസ്തവത്തിൽ മലയാളിയുടെ സംഗീത പാരമ്പര്യം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നതു. ഉച്ചാരണത്തിലും ഭാവോല്പാദനത്തിനും ഭാവപകർച്ചകളിലും ബദ്ധ ശുദ്ധമായ കഥകളി സംഗീതത്തിന് കേരളസംഗീതത്തിന്റെ പ്രാതിനിധ്യം വഹിക്കാൻ കെല്പും അർഹതയുമുണ്ട്.കഥകളിയില നവ കേരള ബ്ലാസ്റ്റേഴ്‌സ് കിട്ടില്ലൻ all

സമകാലികസംഗീതം തിരുത്തുക

‘ദേശി’ സംഗീതത്തിന്റെ എണ്ണമറ്റ കൈവഴികളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഏകാത്മകദർശനമാണ് കേരളത്തിൽ ഇന്ന് നമുക്ക് അനുഭവിക്കാനാവുക. കർണാടകസംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനിസ്സംഗീതത്തിന്റെയും വശ്യതയിൽ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓർമകളിൽ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കൻപാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവൻപാട്ടിന്റെ പരുക്കൻ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയിൽ നിന്ന് മിക്കവാറും മാറികഴിഞ്ഞു. ഭാരതീയവും പാശ്ചാത്യവുമായ ഈണങ്ങളെ താൽകാലികവിഭ്രമം സൃഷ്ടിക്കാനുതകും വണ്ണം ചലച്ചിത്ര-ലളിതഗാനങ്ങളിൽ വിനിവേശിപ്പിക്കുന്നവരുടെ പിൻഗാമികളാവാനാണ് ഇളംതലമുറക്കാരുടെ ശ്രമം. [11].

സംഗീതം ഹിന്ദുമതത്തിൽ തിരുത്തുക

ഹിന്ദുമതം സംഗീതത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശിവൻ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങൾ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു.

അവലംബം തിരുത്തുക

 1. സംഗീതശാസ്ത്രപ്രവേശിക, ഡോ. വെങ്കടസുബ്രഹ്മണ്യഅയ്യർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‍,
 2. അഴീക്കോട്, സുകുമാർ (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 98–101. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
 3. 3.0 3.1 ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക വകുപ്പ്, കേരളസർക്കാർ, 1985
 4. "Hoppál 2006: 143" (PDF). Archived from the original (PDF) on 2015-04-02. Retrieved 2015-07-13.
 5. Diószegi 1960: 203
 6. Nattiez: 5
 7. A musical tribute was paid to Sri Purandaradasa[പ്രവർത്തിക്കാത്ത കണ്ണി]
 8. The Music of India (1996) By Reginald Massey,and Jamila Massey foreword by Ravi Shankar, Abhinav Publications ISBN:8170173329, Page 57
 9. A Study of Dattilam: A Treatise on the Sacred Music of Ancient India, 1978, p 283, Mukunda Lāṭha, Dattila
 10. "സോപാന സംഗീതം". Archived from the original on 2015-07-20. Retrieved 2015-07-13.
 11. ഭക്തപ്രിയ- ഗുരുവായൂർ ദേവസ്വം പ്രസിദ്ധികരണം

അധിക വായനയ്ക്ക് തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സംഗീതം&oldid=3995172" എന്ന താളിൽനിന്ന് ശേഖരിച്ചത്