ആറ്റുകാൽ ഭഗവതി ക്ഷേത്രം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു പരാശക്തി ക്ഷേത്രമാണ് ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ കിഴക്കേ കോട്ടയ്ക്ക് സമീപം കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് ശില്പ ചാരുതയാൽ മനോഹരമായ ഈ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്രം നഗരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ നഗരം സന്ദർശിക്കുന്ന ഭക്തർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. തെക്കേ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളുടെയും, ഭഗവതി ഭക്തരുടെയും, ശക്തി ഉപാസകരുടെയും ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രവും പുണ്യക്ഷേത്രവും കൂടിയായി ആറ്റുകാൽ ഭഗവതി ക്ഷേത്രം കണക്കാക്കപ്പെടുന്നു. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് "ആറ്റുകാലമ്മ" എന്നറിയപ്പെടുന്നത്. സാധാരണക്കാർ 'ആറ്റുകാൽ അമ്മച്ചി' എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി സർവ അനുഗ്രഹദായിനിയും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവളുമാണ് എന്നാണ് ഭക്തജന വിശ്വാസം. കൊടുങ്ങല്ലൂർ ഭഗവതി ചൈതന്യം തന്നെയാണ് ആറ്റുകാലിലും കുടികൊള്ളുന്നത് എന്നാണ് ഐതീഹ്യം. കേരളീയരുടെ കുലദൈവം കൂടിയാണ് ശ്രീ ഭദ്രകാളി എന്നാണ് വിശ്വാസം. പുരാതന കാലം മുതൽക്കേ ഊർവരത, കാർഷിക സമൃദ്ധി, മണ്ണിന്റെ ഫലയൂയിഷ്ടത, യുദ്ധ വിജയം, സാമ്പത്തിക അഭിവൃദ്ധി, ഐശ്വര്യം, വിദ്യ തുടങ്ങിയവ മാതൃ ദൈവ ആരാധനയുമായി ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. ഇതിന്റെ പിന്തുടർച്ചയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രവും. ചിരപുരാതനമായ ഈ ക്ഷേത്രം "സ്ത്രീകളുടെ ശബരിമല" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് "പൊങ്കാല മഹോത്സവം". കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. ലോകത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ കൂടിച്ചേരൽ കൂടിയായി ഇത് കണക്കാക്കപ്പെടുന്നു. അനന്തപുരിയുടെ ദേശീയ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിന്റെ ഉത്സവമാണ് എങ്കിലും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വിശിഷ്യാ തെക്കൻ ജില്ലകളിൽ നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നടക്കം ദേവി ഭക്തരും, ശക്തി ഉപാസകരും ഇതിൽ പങ്കെടുക്കാറുണ്ട്. കുംഭമാസത്തിൽ കാർത്തിക നാളിൽ ഉത്സവം ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. ആറ്റുകാൽ പൊങ്കാലയ്ക്കായി ഭഗവതി തന്റെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് എത്തുന്നു എന്നാണ് വിശ്വാസം. [1][2] അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. മാത്രമല്ല, ഇന്ന് ധാരാളം ആളുകൾ സ്വന്തം വീടുകളിലും പൊങ്കാല ഇടാറുണ്ട്. കോവിഡ് നിയന്ത്രണ കാലത്ത് ഇത്തരത്തിൽ വീടുകളിൽ പൊങ്കാല നടന്നിരുന്നു. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണ ആകുമെന്നും, ഒടുവിൽ ഭഗവതിയുടെ സന്നിധിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. [3]
ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം | |
---|---|
ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം | |
നിർദ്ദേശാങ്കങ്ങൾ: | 9°46′4″N 76°19′1″E / 9.76778°N 76.31694°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തിരുവനന്തപുരം |
പ്രദേശം: | ആറ്റുകാൽ (തിരുവനന്തപുരം) |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭദ്രകാളി |
പ്രധാന ഉത്സവങ്ങൾ: | ആറ്റുകാൽ പൊങ്കാല |
പേരിനു പിന്നിൽ
തിരുത്തുകദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്.
ഐതിഹ്യം
തിരുത്തുകആറ്റുകാൽ പ്രദേശത്തെ ഒരു മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ ഭഗവതി ഭക്തനായ ഒരു കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകിൽ കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു. തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ സാക്ഷാൽ ആദിപരാശക്തിയും പ്രപഞ്ചനാഥയുമായ ഭഗവതി പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: "നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും." പിറ്റേ ദിവസം രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. തുടർന്ന് അവിടെ ചെറിയൊരു കോവിലുണ്ടാക്കി ഭഗവതിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ വാഴുന്ന ജഗദീശ്വരിയായ ശ്രീ ഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.
വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ "പള്ളിവാൾ, ത്രിശൂലം, അസി, ഫലകം" എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരിക വധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. [4][2] ദാരികവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. നിരപരാധിയായ ഭർത്താവിനെ പാണ്ട്യരാജാവ് അന്യായമായി വധിച്ചതിൽ കോപം പൂണ്ട ഭഗവതി, ഭയങ്കരമായ കാളീരൂപം ധരിച്ചു പാണ്ട്യരാജാവിനെ വധിച്ച ശേഷം തന്റെ കോപാഗ്നിയാൽ മധുരാനഗരത്തെ ദഹിപ്പിച്ചു, ഒടുവിൽ മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു എന്നാണ് ഐതിഹ്യം. ഭഗവതിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്. പൊങ്കാല ആരംഭിക്കുന്ന സമയത്ത് തോറ്റം പാട്ടിൽ പാണ്ട്യരാജാവിന്റെ വധം പാടി ആണ് ഭഗവതിയെ സ്തുതിക്കുന്നത്. ഭദ്രകാളിയുടെ അവതാരമായി വടക്കും കൊല്ലത്തെ കന്യാവ് (കാളി, കണ്ണകി) സങ്കൽപ്പിക്കപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നു എന്നാണ് വിശ്വാസം.
തോറ്റംപാട്ടു ഒൻപതാം ദിവസം പൊങ്കാലയുമായി ബന്ധപെട്ട് കിടക്കുന്നു.
(പാണ്ഡ്യ വധവും കൈലാസയാത്രയും)
ഒൻപതാം ദിവസത്തിലെ തോറ്റം പാട്ടിൽ സ്വർണ്ണപ്പണിക്കാരനെ കുലത്തോടെ മുടിച്ച് ശ്രീഭദ്രകാളി പാണ്ഡ്യ രാജാവിന്റെ മുന്നിലേക്ക് എഴുന്നള്ളുകയാണ്. പാണ്ഡ്യ നാട് വിറയ്ക്കുന്നു, പാണ്ഡ്യൻ എല്ലായിടത്തും കാവലേർപ്പെടുത്തി, എന്നാൽ അമ്മ അവരെയെല്ലം തന്റെ പള്ളിവാളിനിരയാക്കി, തുടർന്ന് രാജസന്നിധിയിൽ എത്തുന്നു.
രുദ്രന്റെ നേത്രാഗ്നിയിൽ നിന്നും പിറവി കൊണ്ടവളുടെ കണ്ണുകളിൽ അഗ്നി നൃത്തം ചെയ്യുന്നു.
പാട്ടിലെ വർണ്ണന ഇങ്ങനെ:
"മൂവായിരകോടി മൂർഖൻ പാമ്പിനെ മുടിയിൽ വെച്ചു ധരിച്ച്, നാലായിരക്കോടി നാഗപാമ്പുകളെ നടുവിൽ വെച്ചു ധരിച്ച്, ഏഴായിരകോടി ഏക പാമ്പുകളെ ഇടക്കിടക്ക് വെച്ച് ധരിച്ച്, ഒരു കൊലയാനയെ പുഷ്പമായിട്ടു വെച്ചു ധരിച്ച്, രണ്ട് കൊലയാനകളെ ഉഷകാതിലും വെച്ചു ധരിച്ചു, വലത്തേ കരത്തിൽ പള്ളിവാളും, ഇടത്തെ കരത്തിൽ തൃശൂലവും, സർവ്വ ആയുധങ്ങളും കൈകളിൽ വെച്ചു ധരിച്ച് കണ്ഠംകാളിയമ്മ മാതാവ് ഉഗ്രരൂപിണിയായി നിൽക്കുകയാണ്"
ഇതു കണ്ടു വിറച്ച പാണ്ഡ്യൻ അമ്മയോട് മാപ്പിരക്കുന്നു. "അമ്മേ ഹരന്റെ തിരുമകളെ എന്നെ കൊല്ലരുത് അടിയൻ പിഴച്ച പിഴകൾ പെറ്റമ്മ മാതാവ് പിഴ പൊറുക്കുന്നപോലെ എന്നോട് ഞാൻ ചെയ്ത പിഴകൾ അമ്മ പൊറുക്കണം. അടിയനെ അമ്മ കൊന്നില്ലെങ്കിൽ പലതരം നേർച്ചകൾ തരാം. തോറ്റംപാട്ട് നേർച്ച, ആട് വെട്ടി ഗുരുസി, കോഴി വെട്ടി ഗുരുസി, പിള്ള തൂക്കം, ഗരുഡൻ കെട്ട് നേർച്ച, കുതിര കെട്ടു നേർച്ച എന്നിവയൊക്കെ തരാം" എന്ന് പറഞ്ഞു കേഴുന്നു പാണ്ഡ്യൻ.
ഇതു കേട്ട് "നീ പിഴച്ച പിഴകൾ ഞാൻ പൊറുക്കയില്ല" എന്നു പറഞ്ഞു കൊണ്ട് വലം കയ്യിലെ തന്റെ പള്ളിവാള് കൊണ്ട് അധർമ്മിയായ പാണ്ഡ്യന്റെ ശിരസ്സ് അമ്മ അറുക്കുന്നു. പാണ്ഡ്യന്റെ ശരീരത്തിനെ അമ്മ കണ്ടം തുണ്ടമായി വെട്ടി കാളികൾക്കും കൂളികൾക്കും കൊടുക്കുന്നു. വേതാളി എന്ന ഭദ്രകാളി വാഹനമായ ഭയങ്കരി അകട്ടെ ഗുരുസിയിൽ കളിച്ചു തിമിർക്കുകയാണ്. എന്നിട്ട് ഘണ്ടാകർണ്ണനെ വിളിച്ചു: " കുഞ്ഞേ ഘണ്ടാകർണാ പാണ്ഡ്യൻ ശിരസ്സ് നീ സൂക്ഷിച്ചു കൊള്ളുക, എന്റെ കാൽ ചിലമ്പ് എടുക്കാനുണ്ട്" എന്നും പറഞ്ഞ് പാണ്ഡ്യ സദസ്സിലെത്തുന്നു. അപ്പോൾ കാൽ ചിലമ്പുകൾ അവിടെ നിന്ന് കിലുങ്ങി. അമ്മ നോക്കിയപ്പോൾ ആ രണ്ട് ചിലമ്പുകളും മാതാവിന്റെ കാലിൽ വന്നു ചേർന്നു
തുടർന്ന് പൊട്ട കിണറ്റിൽ തള്ളിയ പാണ്ഡ്യ പത്നിയായ 'പെരും ദേവിയെ' അമ്മ കണ്ടെത്തി. തൃശൂലം നീട്ടിയതും അതിൽ പിടിച്ചു കരയ്ക്ക് കയറി. അമ്മ പെരും ദേവിയുടെ വലത്തേ മാറിടം പറിച്ചെടുത്തെറിഞ്ഞു. അതു വന്ന് വീണയിടത്ത് 'അമ്മൻ കോവിൽ' ഉണ്ടായി. പെരും ദേവിക്ക് വരങ്ങൾ നൽകി.
"വിശ്വകർമജരും ചെട്ടിമാരും ഉള്ളിടത്ത് മൂന്ന് പെരു വഴി ചേരുന്നിടത്തു അമ്മൻ കോവിലിൽ നീ മുത്താരമ്മയായി വാഴുക. ഓട് മേഞ്ഞമ്പലം എനിക്കാണെങ്കിൽ ഓല മേഞ്ഞമ്പലം നിനക്കാണ്, ആട് വെട്ടി ഗുരുസി എനിക്കാണെങ്കിൽ കോഴി വെട്ടി ഗുരുസി നിനക്കാണ്, പള്ളിവാൾ എനിക്കാണെങ്കിൽ തൃശൂലം നിനക്കാണ്, പൊങ്കാല വിളയാട്ടം എനിക്കാണെങ്കിൽ മഞ്ഞനീരാട്ട് നിനക്കാണ്, തോറ്റം പാട്ട് എനിക്കെങ്കിൽ വിൽപ്പാട്ട് നിനക്ക് തന്നെ, കുംഭത്തിലെ ചെറു ഭരണി മുതൽ മീനത്തിലെ ഇളം ഭരണി വരെ നിന്റെ ആഘോഷങ്ങൾ നടത്തപ്പെടും." എന്നിങ്ങനെയുള്ള വരങ്ങൾ മുത്താരമ്മയ്ക്ക് നൽകി ശ്രീഭദ്രകാളി.
തുടർന്ന് ഘണ്ടാകർണ്ണനിൽ നിന്നും പാണ്ഡ്യ ശിരസ്സ് കയ്യിൽ വാങ്ങി ആർത്തട്ടഹസിച്ച് കൈലാസപുരത്ത് മഹാദേവനെ കാണാൻ വരികയാണ് ശ്രീഭദ്രകാളി. കൈലാസത്തിൽ എത്തി പിതാവിന്റെ മുന്നിൽ ആചാരമുറയോടെ നമസ്കരിക്കുന്നു. പാണ്ഡ്യ ശിരസ്സ് കൈലാസത്തിൽ അത്തി അരയാലിൻ വലംകൊമ്പത്ത് ദാരികൻ ശിരസ്സിന്റെ ഇടത് ഭാഗത്തു കൊണ്ട് തൂക്കിയിടുന്നു; അച്ഛന് എന്നും തൃക്കാഴ്ച കാണാൻ. ഈ സമയം മാതൃസ്വരൂപിണിയുടെ പ്രീതിയ്ക്കായി ഭക്തർ പൊങ്കാല സമർപ്പണം നടക്കുന്നു.
ചരിത്രം
തിരുത്തുകആറ്റുകാലമ്മ പുരാതന ദ്രാവിഡദൈവമായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും മാതൃ ദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതൽ അതിനു തെളിവുകൾ ഉണ്ട്. ഊർവരത, ഐശ്വര്യം, മണ്ണിന്റെ ഫലഭൂയിഷ്ടത, കാർഷിക സമൃദ്ധി, വീര്യം, ബലം, വിജയം തുടങ്ങിയവ മാതൃദൈവവുമായി ബന്ധപെട്ടു കിടക്കുന്നു. ഭഗവാനെ മഹാവിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി അമ്മ ദൈവത്തെ ഭഗവതിയുമാക്കിത്തീർക്കുകയും ഈ പുരാതന മാതൃദൈവം പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ആദിപരാശക്തിയായ ഭഗവതിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാർവ്വതിയുടെ പര്യായമായി തീരുകയായിരുന്നു. ദക്ഷയാഗത്തിലും ദാരികവധത്തിലും പറയുന്ന ശിവപുത്രി, ആദിപരാശക്തി, മഹാകാളി, കാളിക, സപ്തമാതാക്കളിൽ ചാമുണ്ഡി, പ്രകൃതി, പരമേശ്വരി, ഭുവനേശ്വരി, അന്നപൂർണേശ്വരി, ബാലത്രിപുര, മഹാത്രിപുരസുന്ദരി, ജഗദംബിക, കുണ്ഡലിനീ ശക്തി തുടങ്ങിയവയെല്ലാം ഈ ഭഗവതിയാണ്.
വാസ്തുശില്പരീതി
തിരുത്തുകദ്രാവിഡ ശൈലിയും കേരള വാസ്തുശില്പശൈലിയും ആധുനികകതയും ചേർന്ന മനോഹരമായ ഒരു നിർമ്മാണ രീതിയാണ് ഈ ക്ഷേത്രത്തിൽ കാണുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ മാതൃകയിൽ സുന്ദരവും ഗംഭീരവുമായ അലങ്കാരഗോപുരവും കമനീയമായ ധാരാളം ശില്പങ്ങളും ഇവിടെ കാണാം. പരാശക്തിയുടെ വിവിധ രൂപങ്ങൾ മുതൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ വരെ ഇതിൽപ്പെടുന്നു. അലങ്കാരഗോപുരത്തിന് മുൻപിലെ മഹിഷാസുരമർദിനി, വിവിധ കാളീ രൂപങ്ങൾ, ശ്രീചക്രരാജ സിംഹാസനസ്ഥയായ ഭുവനേശ്വരി, പാർവതിസമേതനായ ശിവൻ, മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അകമണ്ഡപത്തിന് മുകളിലെ വേതാളാരൂഢയായ ശ്രീ ഭദ്രകാളിയുടെ രൂപം അതിപ്രധാനമാണ്. ഇതിലാണ് ഉടയാട, സാരി നേർച്ച തുടങ്ങിയവ നടത്തുന്നത്. ഗണപതി, മുരുകൻ എന്നിവരുടെ രൂപവും ഭഗവതിയുടെ ഇരുവശത്തുമായി കാണപ്പെടുന്നു. മഴ പെയ്താലും ക്ഷേത്രത്തിനുള്ളിൽ വെള്ളം വീഴാത്ത തരത്തിൽ ഭക്തർക്ക് സൗകര്യപ്രദമായ ആധുനിക രീതിയിലാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം.
പ്രധാന പ്രതിഷ്ഠ
തിരുത്തുകപ്രധാന പ്രതിഷ്ഠ ശ്രീ ഭദ്രകാളി. വടക്കോട്ടു ദർശനം. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന ചതുർബാഹുവായ രൂപം. ദാരുവിഗ്രഹമാണ്. നാല് കരങ്ങളിലായി പള്ളിവാൾ, തൃശൂലം, പരിച, പാനപാത്രം എന്നിവ ധരിച്ചിരിക്കുന്നു. നാലു പൂജയും മൂന്നു ശീവേലിയുമുണ്ട്. തന്ത്രം കുഴിക്കാട്ട് ഇല്ലത്തിന്. അകത്തെ മണ്ഡപത്തിന് മുകളിലായി വേതാളാരൂഡയായ ശ്രീ ഭദ്രകാളിയുടെ മറ്റൊരു രൂപം ഗണപതി, സുബ്രഹ്മണ്യ സമേതയായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഉടയാട ചാർത്തുന്നതടക്കം ചില നേർച്ചകൾ ഇവിടെയും നടക്കാറുണ്ട്.
ഉപദേവന്മാർ
തിരുത്തുക- ഉപദേവന്മാർ: മഹാഗണപതി, മഹാദേവൻ, നാഗരാജാവ് (വാസുകി), മാടൻതമ്പുരാൻ, ഹനുമാൻ (തൂണിൽ കൊത്തിവച്ച രൂപം).
- മഹാഗണപതി - എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും വിഖ്നേശ്വരൻ ആരാധിക്കപ്പെടുന്നു. കിഴക്ക് ദർശനം.
- ശിവൻ - ശ്രീപരമേശ്വരൻ ഇവിടെ പ്രധാന ഉപദേവനാണ്. പടിഞ്ഞാറു ദർശനം.
- മാടൻ തമ്പുരാൻ - ശിവ ചൈതന്യമുള്ള പ്രതിഷ്ഠ.
- ഹനുമാൻ - തൂണിൽ കൊത്തിവച്ച ആഞ്ജനേയന്റെ രൂപം ഈ ക്ഷേത്രത്തിൽ പ്രധാനമാണ്. ഭക്തർ ഇവിടെ പ്രാർഥന നടത്താറുണ്ട്.
- നാഗരാജാവ് - ശിവന്റെ കണ്ഠാഭരണമായ വാസുകി നാഗരാജാവായി ഇവിടെ ആരാധിക്കപ്പെടുന്നു.
ക്ഷേത്രാചാരങ്ങൾ
തിരുത്തുകകുംഭമാസത്തിലെ പൂരം നാളും പൗർണമിയും ചേർന്ന ദിവസമാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. ഉത്സവ കാലത്തിൽ എല്ലാ ദിവസവും പകൽ ഭഗവതി കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് തോറ്റം പാട്ട് (ഭഗവതി പാട്ടു) പാടി കാപ്പുകെട്ടി ഭദ്രകാളിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ക്ഷണിക്കുന്നു. പാലകന്റെയും ഭഗവതിയുടെ മനുഷ്യരൂപത്തിലുള്ള ജനനത്തിൽ തുടങ്ങി മധുരാദഹനവും പാണ്ട്യ രാജാവിന്റെ വധം വരെയുള്ള വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുമ്പ് പാടിത്തീർക്കുന്നത്. അതിനു ശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. ഭഗവതിയുടെ വിജയമാണ് പൊങ്കാലയിലൂടെ ആഘോഷിക്കപ്പെടുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. ദാരികനുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത ദേവീ ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കൽപിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ പൊങ്കാല ഉത്സവം സമാപിക്കുന്നു. തുലാമാസത്തിലെ "നവരാത്രിയും" "വിദ്യാരംഭവും" വൃശ്ചികത്തിലെ "തൃക്കാർത്തികയുമാണ്" മറ്റു വിശേഷ ദിവസങ്ങൾ.
പൊങ്കാല
തിരുത്തുകദ്രാവിഡ ഗോത്രജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. അവരായിരുന്നു അമ്മ ദൈവത്തെ ആരാധിച്ചിരുന്നത്. ഇന്നത് ശക്തേയ ആചാരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഭഗവതി ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാനം കാണപ്പെടുന്നത്. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. അന്നപൂർണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നും വിശ്വസിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് ഒരു ദിവസമെങ്കിലും വ്രതം നോറ്റിരിക്കണം. പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം ഉണ്ട്, പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്കുന്നു. സാധാരണ ഗതിയിൽ പുതിയ മൺകലത്തിലാണ് പൊങ്കാല ഇടാറുള്ളത്. എന്നാൽ മണ്ടപുറ്റ്, തിരളി തുടങ്ങിയവ സൗകര്യപ്രദമായ മറ്റു പാത്രങ്ങളിലും ചെയ്യാറുണ്ട്.[5]
ക്ഷേത്രത്തിനു മുൻപിലുള്ള പ്രത്യേക പണ്ഡാര (ഭഗവതിയുടെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കുകയുള്ളൂ. അതിനുശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉണക്കലരിയും തേങ്ങയും ശർക്കരയും പുത്തൻ മൺകലത്തിൽ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. തറയിൽ അടുപ്പു കൂട്ടി അതിൽ മൺകലം വെച്ച് ശുദ്ധജലത്തിൽ പായസം തയ്യാറാക്കുന്നു. ഇന്ന് പല സ്ഥലങ്ങളിലും ആളുകൾ സ്വന്തം വീടുകളിൽ തന്നെ ആറ്റുകാൽ പൊങ്കാല ഇടാറുണ്ട്. കോവിഡ് കാലത്ത് ഇത്തരം രീതി ആയിരുന്നു എല്ലാവരും അവലമ്പിച്ചിരുന്നത് എന്നതാണ് കാരണം. ഇന്ന് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും, ചെന്നൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ മലയാളികൾ ഉള്ള ഇടങ്ങളിൽ എല്ലാം ആറ്റുകാൽ പൊങ്കാല നടന്നു വരുന്നുണ്ട്. സാധാരണ ഗതിയിൽ പ്രധാനമായും മൂന്ന് വിഭവങ്ങൾ ആണ് പൊങ്കാലയ്ക്ക് തയ്യാറാക്കുന്നത്. ശർക്കര പായസം, പയറും അരിപ്പൊടിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മണ്ടപുറ്റ്, വഴനയിലയിൽ ഉണ്ടാക്കുന്ന തിരളി അഥവാ കുമ്പിളപ്പം തുടങ്ങിയവ ആണത്. കൂടാതെ മോദകം, വെള്ളച്ചോറ്, പാൽപ്പായസം, പയർപായസം, പ്രഥമൻ, മറ്റ് പലതരം പലഹാരങ്ങൾ എന്നിവയും പൊങ്കാലദിനം തയ്യാറാക്കുന്ന നിവേദ്യങ്ങളാണ്. മാറാരോഗങ്ങൾ ഉള്ളവർ രോഗശാന്തിക്കായും ആയുരാരോഗ്യ വർധനവിനായും നടത്തുന്ന വഴിപാടാണ് മണ്ടപ്പുറ്റ്. പയറും അരിയും ശർക്കരയും ചേർത്താണ് ഇതുണ്ടാക്കുന്നത്. അഭീഷ്‌ടസിദ്ധിക്കുള്ളതാണ് ശർക്കര പായസം.[അവലംബം ആവശ്യമാണ്]
താലപ്പൊലി
തിരുത്തുകപൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളിൽ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണീഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിൻറെ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും, ഭാവിയിൽ നല്ലൊരു വിവാഹജീവിതത്തിനായുമാണ് പെൺകുട്ടികൾ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തിൽ ദീപം കത്തിച്ച്, ചുറ്റും കമുകിൻപൂക്കുല, പൂക്കൾ, അരി എന്നിവ നിറച്ച് തലയിൽ പൂക്കൾ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.
കുത്തിയോട്ടം
തിരുത്തുകകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു പ്രധാനപ്പെട്ട അനുഷ്‌ഠാനമാണ് കുത്തിയോട്ടം. പ്രാദേശികമായ പല വ്യത്യാസങ്ങളും ഇതിൽ കാണപ്പെടുന്നു. ആറ്റുകാൽ ക്ഷേത്രത്തിലെ വളരെ പ്രധാനപ്പെട്ട വഴിപാടാണ് ആൺകുട്ടികളുടെ കുത്തിയോട്ടം. പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. ദാരികനുമായുള്ള യുദ്ധത്തിൽ മുറിവേറ്റ ഭദ്രകാളിയുടെ ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാൾ മുതൽ വ്രതം ആരംഭിക്കുന്നു. മേൽശാന്തിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിൻറെ തുടക്കം. വ്രതം തുടങ്ങിയാൽ അന്ന് മുതൽ പൊങ്കാല ദിവസം വരെ കുട്ടികൾ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണർന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മൽസ്യമാംസാദികൾ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാർക്ക് നൽകാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയിൽ അവിലും പഴവും കരിക്കിൻ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടിൽ നിന്നോ മറ്റ് സ്ഥലങ്ങളിൽ നിന്നോ വ്രതക്കാർക്ക് ഒന്നും തന്നെ നൽകില്ല. മാത്രവുമല്ല അവരെ തൊടാൻ പോലും ആർക്കും അവകാശവും ഉണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ഭഗവതിയുടെ മുൻപിൽ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരൽ കുത്തുന്നു. വെള്ളിയിൽ തീർത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ മണക്കാട് ധർമ്മ ശാസ്താ ക്ഷേത്രത്തിലേക്കുള്ള ആറ്റുകാലമ്മയുടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.
പ്രധാന വഴിപാടുകൾ
തിരുത്തുക- മുഴുക്കാപ്പ്
- പഞ്ചാമൃതാഭിഷേകം
- കളഭാഭിഷേകം (സ്വർണ്ണക്കുടത്തിൽ)
- അഷ്ടദ്രവ്യാഭിഷേകം
- കലശാഭിഷേകം
- പന്തിരുനാഴി
- 101 കലത്തിൽ പൊങ്കാല
- പുഷ്പാഭിഷേകം
- ലക്ഷാർച്ചന
- ഭഗവതിസേവ
- രക്തപുഷ്പാഞ്ജലി
- ചെമ്പട്ട് സമർപ്പണം
- ഉദയാസ്തമനപൂജ
- അർദ്ധദിനപൂജ
- ചുറ്റ് വിളക്ക്
- ശ്രീബലി
- സർവ്വൈശ്വര്യപൂജ എല്ലാ പൗർണ്ണമി നാളിലും
- വെടിവഴിപാട്
- ശിവന് ധാര
- ഗണപതിഹോമം
വിശേഷ ദിവസങ്ങൾ
തിരുത്തുകമറ്റ് പ്രധാന ദിവസങ്ങൾ
തിരുത്തുകചൊവ്വ, വെള്ളി, പൗർണമി, അമാവാസി, ജന്മ നക്ഷത്ര ദിവസം, മലയാളം- ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാനം.
ദർശന സമയം
തിരുത്തുക1. അതിരാവിലെ 4.30 AM മുതൽ ഉച്ചയ്ക്ക് 12.30 PM വരെ.
2. വൈകുന്നേരം 5 PM മുതൽ രാത്രി 8.30 PM വരെ.
പ്രാർത്ഥനാ ശ്ലോകങ്ങൾ
തിരുത്തുകഎത്തിച്ചേരാനുള്ള വഴി
തിരുത്തുക*ക്ഷേത്രം തിരുവനന്തപുരം നഗരത്തിൽ കിഴക്കേ കോട്ടയ്ക്ക് സമീപം ആറ്റുകാൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
*തമ്പാന്നൂരിൽ നിന്നും ക്ഷേത്രത്തിലേക്ക് 3.9 കിലോമീറ്റർ ദൂരം, കിഴക്കേ കോട്ടയിൽ നിന്നും 3 കിലോമീറ്റർ ദൂരം, പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 2.9 കിലോമീറ്റർ ദൂരം.
*കിഴക്കേ കോട്ടയിൽ നിന്ന് ആറ്റുകാൽ ഭാഗത്തേക്ക് ധാരാളം ബസുകൾ ലഭ്യമാണ്.
*പൊങ്കാല സമയത്ത് കെഎസ്ആർടിസി ക്ഷേത്രത്തിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്താറുണ്ട്.
*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം സെൻട്രൽ
*അടുത്തുള്ള മറ്റു റെയിൽവേ സ്റ്റേഷനുകൾ - കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്), നേമം
*അടുത്തുള്ള വിമാനത്താവളം - തിരുവനന്തപുരം എയർപോർട്ട്
അവലംബം
തിരുത്തുക- ↑ "Thats malayalam". Archived from the original on 2006-09-08. Retrieved 2007-12-26.
- ↑ 2.0 2.1 temple's kerala.com 2,3 ഖണ്ഡിക
- ↑ "ഗിന്നസ് സാക്ഷ്യപത്രം". Archived from the original on 2009-04-17. Retrieved 2009-07-18.
- ↑ Thats malayalam[പ്രവർത്തിക്കാത്ത കണ്ണി] നാലാം ഖണ്ഡിക
- ↑ "Attukal Bhagavathi Temple".