തവിൽ

തമിഴ്നാട്ടിൽ നിന്നുള്ള ഒരു താളവാദ്യം

ദക്ഷിണേന്ത്യയിൽ വളരെയധികം പ്രചാരമുള്ള വദ്യോപകരണമാണ് തവിൽ അഥവാ തകിൽ. തകിലും നാദസ്വരവും ഇടകലർത്തിയാണ് മേളമുണ്ടാക്കുക. കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവാഹങ്ങളിൽ കല്ല്യാണ വാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണിത്. കാവടി ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത വാദ്യമാണിത്.

ഒരു അവനദ്ധവാദ്യമാണ് തകിൽ. അവനദ്ധമെന്നാൽ കെട്ടിയുണ്ടാക്കിയത്, തുകൽ കെട്ടിയത് എന്നൊക്കെയാണർഥം. ഇത്തരത്തിലുള്ള മുപ്പതിലേറെ വാദ്യങ്ങൾ കേരളത്തിൽ നിലവിലുണ്ട്. അവയിലൊന്നാണ് തകിൽ. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രചാരമുള്ള ഒരു വാദ്യമാണിത്.

ഏറെക്കുറെ മൃദംഗത്തിന്റെ ആകൃതിയാണ് തകിലിനുള്ളത്. എന്നാൽ നടുഭാഗം വീർത്തുരുണ്ടിരിക്കും. ഇരു തലകളേക്കാളും അല്പം വണ്ണക്കൂടുതൽ കുറ്റിയുടെ നടുഭാഗത്തിന് ഉണ്ടായിരിക്കും. ഇടന്തലയേക്കാൾ ചെറുതാണ് വലന്തല. ഇരുവശത്തും തുകൽ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. തുകൽ കുറ്റിയുമായി ബന്ധിപ്പിക്കുന്നത് വട്ടങ്ങളിലൂടെയാണ്. വട്ടത്തിന്റെ ചട്ടം ഉരുണ്ടതായിരിക്കും. തുകൽ വാറുകൾ കൊണ്ടാണ് വട്ടങ്ങൾ കുറ്റിയിൽ ഉറപ്പിക്കുന്നത്. ഇടന്തലയിൽ നിന്നും വലന്തലയിൽ നിന്നും ഉയരുന്ന നാദങ്ങൾ വ്യത്യസ്തങ്ങളാണ്. നിർമ്മാണ രീതികൊണ്ടും വലിപ്പ വ്യത്യാസം കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. ഇടന്തലയ്ക്കലുള്ള തോലിന്റെ ഉൾഭാഗത്ത് ഒരു തരം പശ പുരട്ടി പരുവപ്പെടുത്തുകയാണ് പതിവ്. അതിനെ പദം ചെയ്യുക എന്നു പറയുന്നു. ഇരു തലകളിലും അനുവർത്തിക്കുന്ന വാദനരീതിയും വ്യത്യസ്തങ്ങളാണ്. ഇടന്തലയിൽ കൈവിരലുകളിൽ ലോഹച്ചുറ്റുകളിട്ട ശേഷമാണ് വാദനം ചെയ്യുന്നത്. വലന്തല അല്പം വളഞ്ഞ കോലുകൊണ്ട് കൊട്ടുകയാണ് പതിവ്.

തകിൽവിദ്വാൻ തകിൽ വായിക്കുന്നു

നാഗസ്വരത്തോടൊപ്പം കച്ചേരികളിൽ അകമ്പടി വാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ. നാഗസ്വരക്കച്ചേരികളിൽ രണ്ട് തകിൽ വിദ്വാന്മാരിരുന്ന് നടത്താറുള്ള തനിയാവർത്തനം ഈ വാദ്യത്തിന്റെ ഏറ്റവും ആകർഷകമായ പ്രയോഗമുഹൂർത്തമാണ്. ദേവന്മാരെ പള്ളിയുണർത്താൻ ക്ഷേത്രങ്ങളിൽ തകിൽ കൊട്ടുന്ന പതിവുണ്ട്. ഉത്തരകേരളത്തേക്കാൾ ദക്ഷിണകേരളത്തിലാണ് തകിലിന് പ്രചാരമുള്ളത്. തമിഴകത്ത് ആവിർഭവിച്ച വാദ്യമാണ് തകിൽ എന്നതാകാം ഇതിനു കാരണം. തമിഴ്നാട്ടിന്റെ തനതു വാദ്യകലയിലൊന്നായ നെയ്യാണ്ടിമേളത്തിൽ തകിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഈ മംഗളവാദ്യം വിവാഹാദി കർമങ്ങളിൽ ഉപയോഗിച്ചുവരുന്നു. ക്ഷേത്രങ്ങളിൽ ശീവേലി, ദീപാരാധന എന്നീ സന്ദർഭങ്ങളിൽ തകിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിൽ വേലകളിക്ക് തകിൽ പശ്ചാത്തലവാദ്യമായി ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു തകിൽവാദനസന്ദർഭമാണ് ഒറ്റയും തകിലും. ഒറ്റ ഇന്ന് പ്രചാരത്തിലില്ലാത്ത ഒരു വാദ്യമാണ്.

തവിൽ

അവലംബം തിരുത്തുക


വീഡിയോ തിരുത്തുക

ഇതും കൂടി കാണുക തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തവിൽ&oldid=3966509" എന്ന താളിൽനിന്ന് ശേഖരിച്ചത്