ചന്ദ്രഗ്രഹണം

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്ന പ്രതിഭാസം
സമീപകാല പൂർണ്ണ ചന്ദ്രഗ്രഹണങ്ങൾ

ഒക്ടോബർ 8, 2014

ഏപ്രിൽ 4, 2015

സെപ്തംബർ 28, 2015


ജനുവരി 31, 2018

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

ചന്ദ്രഗ്രഹണം ചിത്രീകരണം
ചന്ദ്രഗ്രഹണം

ചുവന്ന ചന്ദ്രബിംബം

തിരുത്തുക
 
പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്നതിന്റെ കാരണം അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങളാണ്.

പ്രധാന ലേഖനം - രക്തചന്ദ്രൻ പൂർണ്ണചന്ദ്രഗ്രഹണസമയത്തു യഥാർത്ഥത്തിൽ ചന്ദ്രൻ തീർത്തും അദൃശ്യമാകേണ്ടതാണു്. പക്ഷേ, ആ സമയത്തു ചന്ദ്രനെ മങ്ങിയ ചുവന്ന നിറത്തിൽ കാണാം. (ഭാഗികഗ്രഹണസമയത്തുപോലും ചന്ദ്രന്റെ ഗ്രഹണബാധിതഭാഗം ഇതിനേക്കാൾ കൂടുതൽ ഇരുണ്ടിരുന്നെന്നു വരാം). ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. ഭൗമാന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ, ആ പൂർണ്ണചന്ദ്രഗ്രഹണവേളയിൽ ചന്ദ്രബിംബം പൂർണ്ണമായും അദൃശ്യമായിരുന്നേനെ. എന്നാൽ, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ അപഭ്രംശത്തിലൂടെ വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഇങ്ങനെ പതിച്ചുതിരിച്ചുവരുന്ന പ്രകാശത്തിന്റെ ഭൂരിഭാഗവും വിസരണം മൂലം ചിതറിപ്പോകുന്നു. (ഇത്തരം വിസരണത്തിനെ പ്രകീർണ്ണനത്തിനെ റെയ്ലീ പ്രകീർണ്ണനം എന്നു വിളിക്കുന്നു.). ചന്ദ്രനിൽ പ്രതിഫലിച്ചുതിരിച്ചുവരുന്ന ഈ പ്രകാശത്തിൽ ബാക്കിയാവുക താരതമ്യേന തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ് നിറവും മഞ്ഞ നിറവും മാത്രമായിരിക്കും. ഇതു നമ്മുടെ കണ്ണിൽപതിക്കുമ്പോൾ നമ്മൾ ചന്ദ്രനെ കാണുന്നത് മങ്ങിയ ചുവപ്പ് നിറത്തിലായിരിക്കും. എന്നാൽ പൂർണചന്ദ്രഗ്രഹണസമയത്തേ അതുകാണാനാകൂ. കാരണം മറ്റുസമയത്ത് ചന്ദ്രപ്രഭയാൽ ഇതുകാണില്ല .

ഈ പ്രതിഭാസം നാം സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമാണു്. ഒരു വിധത്തിൽ പരിഗണിച്ചാൽ, ഗ്രഹണം നടക്കുന്ന സമയത്തു് ചന്ദ്രനിൽ നിന്നും നോക്കുകയായിരുന്നുവെങ്കിൽ, സൂര്യൻ ഭൂമിയ്ക്കപ്പുറത്തുനിന്നും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്ന പ്രതീതിയാണുണ്ടാവുക. ചന്ദ്രനിൽ നിന്നു നോക്കുന്ന ആളെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് സൂര്യഗ്രഹണമാണു നടക്കുന്നതെന്നു പറയാം.

ചാന്ദ്രികപ്രതിഫലനത്തിനുശേഷം തിരിച്ചുവരുന്ന ചുവന്ന വെളിച്ചത്തിന്റെ തീവ്രതയും നിറവും ഒരു വലിയ നിരക്കിൽ തന്നെ, നമ്മുടെ അന്തരീക്ഷത്തിലെ പൊടിയുടേയും മേഘങ്ങളുടേയും അളവിനെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ കലങ്ങിയിരിക്കുന്ന അന്തരീക്ഷത്തിൽ മറ്റു ആവൃത്തികളിലുള്ള പ്രകാശം കൂടുതൽ ചിതറിപ്പോവുകയും, അതുമൂലം ചുവപ്പുരാശി കൂടുതലായി കാണപ്പെടുകയും ചെയ്യും. ഉയർന്ന അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ പ്രധാനപങ്കുവഹിക്കുന്നതു് അഗ്നിപർവ്വതവിസ്ഫോടനങ്ങളാണു്. അതിനാൽ, ഒരു ചന്ദ്രഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുകയോ ധൂളി വമിക്കുകയോ ചെയ്താൽ ആ ഗ്രഹണത്തിൽ ചന്ദ്രബിംബത്തിന്റെ നിറം കൂടുതൽ ചുവപ്പായി കാണാം.

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും - പ്രധാന വ്യത്യാസങ്ങൾ

തിരുത്തുക
  1. സൂര്യഗ്രഹണം എപ്പോഴും അമാവാസി ദിനങ്ങളിൽ ആണു് ഉണ്ടാവുക. അമാവാസി ദിവസങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കാൻ തക്ക വിധത്തിൽ സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രനു് എത്തിപ്പെടാനുള്ള സാദ്ധ്യതയുള്ളൂ. മറിച്ച്, ചന്ദ്രഗ്രഹണം എപ്പോഴും പൌർണ്ണമി (വെളുത്ത വാവ്)നാളിൽ മാത്രം (സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി എത്തിപ്പെടുമ്പോൾ) സംഭവിക്കുന്നു.
  2. ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെ അപേക്ഷിച്ച് കൂടുതൽ നേരത്തേക്ക് നീണ്ടുനിൽക്കും. ഒരു സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണദശ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ പൂർണ്ണചന്ദ്രഗ്രഹണവേള മണിക്കൂറുകളോളം തുടർന്നെന്നുവരാം. ഭൂമിയുടെ കൂടുതൽ വ്യാപകമായ മേഖലകളിൽനിന്നും ചന്ദ്രഗ്രഹണം കാണാവുന്നതുമാണു്. ഇതിനും പുറമേ, പൂർണ്ണസൂര്യഗ്രഹണങ്ങളേക്കാൾ കൂടുതൽ പൂർണ്ണചന്ദ്രഗ്രഹണങ്ങൾ അനുഭവപ്പെടാനും സാദ്ധ്യത കൂടുതലാണു്. ഭൂമി ചന്ദ്രനെ അപേക്ഷിച്ച് വളരെ വലിയ ഒരു ഗ്രഹമായതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്.
  3. സൂര്യഗ്രഹണത്തിൽ ഒരിക്കലും സൂര്യബിംബത്തിന്റെ മൊത്തം വ്യാസം പൂർണ്ണമായും ഗ്രഹണബാധിതമാവുന്നില്ല. ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യബിംബവ്യാസവും സൂര്യനിലേക്കുള്ള അകലവും ചന്ദ്രബിംബവ്യാസവും ചന്ദ്രനിലേക്കുള്ള അകലവും താരതമ്യപ്പെടുത്തുമ്പോൾ ചന്ദ്രബിംബത്തിനുള്ള നേരിയ വലിപ്പക്കുറവുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഇതുമൂലം, ഏറ്റവും മൂർദ്ധന്യമായിരിക്കുന്ന സമ്പൂർണ്ണസൂര്യഗ്രഹണസമയത്ത് പൂർണ്ണമായും ഇരുണ്ടുപോകേണ്ടതിനു പകരം സൂര്യൻ ഒരു വജ്രമോതിരം പോലെയാണു കാണപ്പെടുക. ഇതിനു പുറമെ, സൂര്യന്റെ കൊറോണയും ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള അപവർത്തനവും മൂലം പൂർണ്ണസൂ‍ര്യഗ്രഹണസമയത്ത് ഭൂമിയിൽ ഒരിക്കലും കൂരിരുട്ട് ഉണ്ടാവുന്നില്ല.

തിരശ്ചീനഗ്രഹണം

തിരുത്തുക

ഗ്രഹണം നടക്കുന്ന വേളയിൽ ഒരു സ്ഥലത്തുതന്നെ നിന്നുകൊണ്ടു് ഒരേ സമയത്ത് സൂര്യനേയും ചന്ദ്രനേയും കാണാൻ സാധിക്കുമോ? സാധിച്ചെന്നുവരാം. അസ്തമയത്തിനു തൊട്ടുമുമ്പോ ഉദയത്തിനു തൊട്ടുശേഷമോ ചന്ദ്രഗ്രഹണമുണ്ടാവുമ്പോഴാണു് ഈ പ്രതിഭാസം അനുയോജ്യമായ സ്ഥലങ്ങളിൽ (തുറന്ന കടലിലോ വിമാനത്തിൽ സഞ്ചരിക്കുമ്പോളോ കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങൾ നേരിട്ടു കാണാവുന്ന സ്ഥലങ്ങളിലോ) ദൃശ്യമാവുക. ഇത്തരം ഗ്രഹണാനുഭവങ്ങൾ അസ്തമയഗ്രഹണം ( (selenelion) എന്നും ഉദയഗ്രഹണം (selenehelion) എന്നും അറിയപ്പെടുന്നു. ഇവയെ പൊതുവായി വിളിക്കുന്ന പേരാണു് തിരശ്ചീനഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ആപേക്ഷികവലിപ്പത്തിനേക്കാളും കൂടുതലുള്ളതുകൊണ്ടാണു് തിരശ്ചീനഗ്രഹണങ്ങൾക്കു് സാദ്ധ്യത കൈവരുന്നതു്.

വാസ്തവത്തിൽ എല്ലാ ചന്ദ്രഗ്രഹണങ്ങളിലും തിരശ്ചീനഗ്രഹണങ്ങൾ സംഭവിക്കുന്നുണ്ടു്. ഗ്രഹണം നടക്കുന്ന സമയത്ത് സൂര്യാസ്തമനമോ സൂര്യോദയമോ (അതോടൊപ്പം ചന്ദ്രോദയമോ ചന്ദ്രാസ്തമനമോ) അനുഭവിക്കപ്പെടുന്ന ഭൂതലത്തിലെ പ്രദേശങ്ങളിലെല്ലാം ഇത്തരം തിരശ്ചീനഗ്രഹണത്തിനു സാദ്ധ്യതയുണ്ടു്.

ചന്ദ്രഗ്രഹണം ഭാരതീയസങ്കൽ‌പ്പങ്ങളിൽ

തിരുത്തുക

ഭാരതത്തിലെ ഹിന്ദുമതവിശ്വാസികളായ സാധാരണ ജനത പണ്ട് ഗ്രഹണത്തിന്റെ കാരണം ആയി കരുതിയത് രാഹുകേതുക്കൾ എന്ന സങ്കൽ‌പ്പഗ്രഹങ്ങളെയായിരുന്നു. ഐതിഹ്യമനുസരിച്ച്, പാലാഴിമഥനത്തിനുശേഷം ദേവന്മാർ രഹസ്യമായി അമൃത് ഭക്ഷിക്കുമ്പോൾ വേഷം മാറി വന്ന അസുരനെ സൂര്യചന്ദ്രന്മാർ കണ്ടെത്തി. മഹാവിഷ്ണുവിന്റെ സുദർശന ചക്രം അസുരന്റെ തലയറുത്തുവെങ്കിലും അതിനകം അല്പം അമൃത് ഭക്ഷിക്കാൻ അവസരം ലഭിച്ചിരുന്നതിനാൽ അസുരൻ മരിച്ചില്ല. പിന്നീട് അവസരം ലഭിക്കുമ്പോളെല്ലാം അസുരന്റെ വേറിട്ട തലയും ഉടലും സൂര്യചന്ദ്രന്മാരെ വിഴുങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മുറിഞ്ഞ കഴുത്തിലൂടെ അവർ രക്ഷപ്പെടുകയും ചെയ്യുന്നു. ഈ തലയും ഉടലും രാഹുവും കേതുവും എന്നറിയപ്പെട്ടു.

ഈ മനോഹരമായ സങ്കൽ‌പ്പത്തിൽ പരാമർശിക്കപ്പെടുന്ന രാഹുവും കേതുവും യഥാർഥത്തിൽ ജ്യോതിശാസ്ത്രസങ്കൽ‌പ്പമനുസരിച്ച് ആകാശത്തിലെ രണ്ടു പ്രത്യേക സ്ഥാനങ്ങളാണു്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യന്റെയും ചന്ദ്രന്റേയും വൃത്താകൃതിയിലുള്ള (ഭൂകേന്ദ്ര)പ്രദക്ഷിണപഥങ്ങൾ തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് ഇവ. കൃത്യം ഈ ബിന്ദു ഉൾപ്പെടുന്ന മേഖലയിൽ ചന്ദ്രനോ സൂര്യനോ എത്തിപ്പെടുമ്പോളാണു് അതതു ഗ്രഹണങ്ങൾ സംഭവിക്കുന്നതു്.

ചിത്രജാലകം

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചന്ദ്രഗ്രഹണം&oldid=3757852" എന്ന താളിൽനിന്ന് ശേഖരിച്ചത്