കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു പ്രസിദ്ധമായ ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ഭഗവതിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് "ലോകാംബിക ക്ഷേത്രം" എന്നും അറിയപ്പെടുന്നു. ദക്ഷിണ ഇന്ത്യയിലെ ശാക്തേയ ഉപാസകരുടെയും, ദേവി ഭക്തരുടെയും ഏറ്റവും പ്രധാനപെട്ട ഒരു പുണ്യ കേന്ദ്രം കൂടി ആണിത്. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം കേരളത്തിൽ ആദ്യമായി ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. ഇവിടെ നിന്നും ഭഗവതിയെ ആവാഹിച്ചും പ്രാർഥിച്ചും കൊണ്ടുപോയി കുടിയിരുത്തിയ മറ്റനേകം ക്ഷേത്രങ്ങളും കാവുകളും കേരളത്തിൽ കാണാം. അതിനാൽ കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഇവിടുത്തെ ദ്രാവിഡ ഭഗവതി പ്രസിദ്ധയാണ്. സപ്തമാതാക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി) സവിശേഷ പ്രാധാന്യത്തോടെ ഇവിടെ ഭഗവതിയോടൊപ്പം കുടികൊള്ളുന്നു. തുല്യ പ്രാധാന്യത്തോടെ പരമശിവനും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആണ്. എന്നാൽ ശിവ ക്ഷേത്രം എന്ന നിലയ്ക്കല്ല മറിച്ചു ഭഗവതി ക്ഷേത്രം എന്ന നിലയിലാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ പ്രസിദ്ധി. അഞ്ച് ശ്രീചക്ര പ്രതിഷ്ഠ ഉള്ള ക്ഷേത്രമാണിത്. പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൊല്ലൂർ മൂകാംബിക, പാലക്കാട്‌ ഹേമാംമ്പിക, കന്യാകുമാരി ബാലാംമ്പിക തുടങ്ങിയവ ആണ് മറ്റു മൂന്ന് ക്ഷേത്രങ്ങൾ.

കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
പേരുകൾ
ശരിയായ പേര്:ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
സ്ഥാനം
സ്ഥാനം:കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീ ഭദ്രകാളി (കണ്ണകി, മഹാകാളി, പരാശക്തി)
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
സംഘകാലം

അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ. ശാക്തേയസങ്കല്പത്തിലുള്ള പൂജകളാണ് ഇക്കൂട്ടർ നടത്തുന്നത്. കുന്നത്ത്, മഠത്തിൽ, നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം.

ചരിത്രം

തിരുത്തുക

കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. പാർശ്വനാഥജൈനന്റെ പരദേവതയായിരുന്ന പത്മാവതീ ദേവിയെ ഉപജീവിച്ചുകൊണ്ട് പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്ന പേരിലാണ്‌ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകി അറിയപ്പെട്ടിരുന്നത്. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശിലക്ക് പിന്നെയും ഒരുപാട് മാറ്റങ്ങൾ വന്നു.

ചെങ്കുട്ടുവന്റെ കാലത്ത് ശൈവ മതത്തിന് സ്വാധീനം നേടിയിരുന്നു. പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാല സാഹിത്യങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ഇതിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളായിരുന്നു.

മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. 2-ആം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തതായും പറഞ്ഞുകാണുകയാൽ [1] 1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ്‌ സാഹിത്യ പരാമർശം. എന്നാൽ ഇന്ന് വസൂരിമാലക്ക് മാത്രമേ ഇതുമായി ആകാരസാമ്യം കാണപ്പെടുന്നുള്ളൂ. 108 ശിവ ക്ഷേത്രം കൂടി ആണ് കൊടുങ്ങല്ലൂർ ക്ഷേത്രം . ചെങ്കുട്ടവൻ കാലത് പ്രസിദ്ധമായ ശിവ ക്ഷേത്രം ആണ് . ആദിശങ്കരൻ ശ്രീകോവിലിൽ ശ്രീ ചക്രം പ്രതിഷ്ട നടത്തി ആരാധിച്ചു പോകുന്നു. അശോകന്റെ കാലത്ത് ബുദ്ധമതത്തിന് പ്രചാരം സിദ്ധിക്കുകയും പിൽക്കാലത്ത് ചേരരാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ[2] കാവും ബുദ്ധവിഹാരമായെന്നും അങ്ങനെ കുരുംബ ഭഗവതി ക്ഷേത്രം മുൻപ് ഒരു ബൗദ്ധകേന്ദ്രമായി മാറിയെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. [3] അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേൽ കാണുന്ന പത്മദളങ്ങൾ ഒരു ബൗദ്ധസ്തൂപത്തിൻറെ ഭാഗമായിരുന്നു ഈ ശിലയെന്ന് തോന്നിപ്പിക്കുന്നുണ്ടത്രെ. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ഈ ക്ഷേത്രത്തിൽ കോഴിബലിയും ഭരണിപ്പാട്ടും ആരംഭിച്ചതെന്ന വാദത്തിൽ കഴമ്പുണ്ടാകാമെന്ന് പി.കെ. ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു.[4] എന്നാൽ ഈ ക്ഷേത്രം ബൗദ്ധ ക്ഷേത്രം ആയിരുന്നില്ല എന്നും പ്രാചിന ഹിന്ദു ആരാധന പ്രകാരം ഉള്ള ആചാരങ്ങൾ ആണ് ഇവയൊക്കെ എന്നും ആരാധിച്ചിരുന്ന ശക്തി സങ്കല്പത്തിൽ തന്നെ ആണ് .

ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കാമെന്നും ഊർവരതാപൂജയാണ്‌ ബലിയിലൂടെ അർത്ഥമാക്കുന്നതെന്നും അദ്ദേഹം കരുതുന്നു. [4]

എന്നാൽ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ്‌ വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്.[5] “കൊടും കല്ലൂര്“ ആണ് കൊടുങ്ങല്ലൂർ ആയതെന്നതും ജൈനക്ഷേത്രങ്ങൾക്കാണ് “കല്ല്” എന്നു പറയാറുള്ളതും ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പിൽക്കാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുൻകാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈനക്ഷേത്രങ്ങളായിരുന്നെന്ന പഴമ ഈ വാദത്തിന്നു ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഇതിനെ ആധാരം ആയിട്ട് ഉള്ള ചരിത്ര പിൻബലം ഇല്ല.

ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് അവരുടെ ക്ഷേത്രമായി മാറി. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാർവ്വതിയുടെ പര്യായമായി തീരുകയായിരുന്നു. [6]. എങ്കിലും പൊതുസമൂഹത്തിൽ നിലനിന്നിരുന്ന പാരസ്പര്യം നിറഞ്ഞ സാമ്പത്തിക- ഉത്പാദനബന്ധങ്ങളുടേയും സഹിഷ്ണുതകളുടെയും ഫലമായി ആണ്ടിലൊരിക്കൽ ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതോടനുബന്ധിച്ചു നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് അശ്വതിനാളിലെ കാവുതീണ്ടൽ. ഭരണിപ്പാട്ട് മറ്റു ചിലർ അത് സ്വന്തം ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ്‌ കാണുന്നത്. ഊർവ്വരതാ സങ്കല്പങ്ങളും രതിയും ആഘോഷമാക്കി ജീവിച്ചുപോന്ന ഒരാദിമ ജനവിഭാഗത്തിന്റെ ആഘോഷസങ്കല്പങ്ങളുടെ തുടർച്ച മാത്രമാണ് ഇതെന്ന് വ്യാഖ്യാനിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. [7] എന്നാൽ ഇത് ശാക്തേയസമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമാണെന്നും ജീവിതപ്രാരാബ്ധങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾ തങ്ങളുടെ ദൈവത്തിന് നേർക്ക് ആത്മരോഷം പ്രകടിപ്പിക്കുന്നതാണെന്നും അഭിപ്രായവുമുണ്ട്. ഇന്നു ക്ഷേത്രഭരണം കൊച്ചി‍ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.


ചരിത്രം

തിരുത്തുക
  • കേരളത്തിൽ ആദിപരാശക്തിയായ "ഭദ്രകാളിയെ (മഹാകാളി) ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്നു പറയപ്പെടുന്നു. ഇതിന് വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കപ്പെട്ടതായി പറയുന്നു.
  • കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുറുംബക്കാവുകളും കുടുംബ ക്ഷേത്രങ്ങളും ഇവിടുന്നു ഭഗവതിയെ വിളിച്ചു പ്രാർഥിച്ചു കൊണ്ട് പോയി പ്രതിഷ്ഠിച്ചതാനെന്ന് പറയപ്പെടുന്നു.
  • പരശുരാമൻ പ്രതിഷ്ഠിച്ച നാല് ദേവിമാരിൽ "ലോകാംബികയെന്നാണ്" കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. കേരളത്തെ മഹാമാരികളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ആണ് ഭഗവതിയെ പ്രതിഷ്ഠിച്ചത് എന്നാണ് സങ്കല്പം.
  • ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മധുരാനഗരം ദഹിപ്പിച്ച കണ്ണകി "മധുര മീനാക്ഷി" ആവശ്യപ്പെട്ട പ്രകാരം കൊടുങ്ങല്ലൂരിൽ എത്തിയതായും വടക്കേ നടയിൽ വച്ചു ജഗദംബയായ പരാശക്തിയിൽ ലയിച്ചു മോക്ഷം നേടിയതായും കഥയുണ്ട്.
  • ദുർഗ്ഗയുടെ രൗദ്രഭാവമായാണ് "ഭദ്രകാളിയെ" സങ്കല്പിച്ചിരിക്കുന്നത്. ദുർഗ്ഗയുടെ തിരുനെറ്റിയിൽ നിന്നും അവതരിച്ചു ചണ്ഡമുണ്ഡന്മാരെ വധിച്ച ചാമുണ്ഡിയാണ് തവിടാട്ടു മുത്തിയെന്നാണ് ഐതീഹ്യം.
  • കാളിയുടെ ഏറ്റവും ഉഗ്രഭാവമായ "രുധിര മഹാകാളി" ആണ് പടിഞ്ഞാറേ നടയിലെ "രഹസ്യ അറയിലെ" പ്രതിഷ്ഠ. ഇത് സംഹാരമൂർത്തിയാണ്. അതിനാൽ ഭക്തർക്ക് ദർശനം അനുവദിച്ചിട്ടില്ല. നല്ല കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇച്ഛാശക്തിയുടെ പ്രതീകമാണ് ആദിശക്തിയുടെ ഈ ഭാവം എന്നാണ് സങ്കൽപ്പം.
  • നവരാത്രി- വിദ്യാരംഭ നാളിൽ വിദ്യാദേവിയായ "സരസ്വതിയായും" താലപ്പൊലി ദിവസം ഐശ്വര്യദായിനിയായ "മഹാലക്ഷ്മി" ആയും, വൃശ്ചിക തൃക്കാർത്തിക നാളിൽ ദുർഗതിനാശിനിയായ "ദുർഗ്ഗയായും" ദേവിയെ സങ്കൽപ്പിക്കുന്നു.
  • കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും പരമശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്തോത്രത്തിൽ പറയുന്നു.
  • ഇവിടെ ദർശനം നടത്തിയാൽ രോഗങ്ങളും കടുത്ത ദുരിതങ്ങളും ദാമ്പത്യകലഹങ്ങളും ഇല്ലാതാവും എന്നൊരു വിശ്വാസം ഭക്തർക്കുണ്ട്.
  • "ഭക്തിയുടെ രൗദ്രഭാവം" എന്ന് വിശേഷിക്കപ്പെടുന്ന കൊടുങ്ങല്ലൂർ ഭരണിയും, താലപ്പൊലി മഹോത്സവുമാണ് പ്രധാന ആഘോഷങ്ങൾ. [8]
  • കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.[9]
  • പുരാണങ്ങൾ പ്രകാരം, ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാൻ വേണ്ടി ശിവഗണങ്ങൾ ദേവീസ്തുതികളും ബലിയുമായി നൃത്തമാടിയെന്നും അപ്പോൾ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ. ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. സുംഭനിശുംഭയുദ്ധവേളയിൽ ചണ്ഡികാദേവിക്ക് തുണയായി അവതരിച്ച കാളി രക്തബീജാദികളെ വധിക്കുന്നതായും ഐതീഹ്യമുണ്ട്. ഭഗവതിയുടെ വിജയം ആഘോഷിക്കുന്ന ഉത്സവം ആണിതെന്നും ഐതീഹ്യമുണ്ട്. കാളിയുടെ പ്രതീകമായ വെളിച്ചപ്പാടന്മാരുടെ ഉത്സവമാണിത്.
  • ഇതിന്റെ ഭാഗമായി ഭക്തർ മുളംതണ്ടിൽ താളമിട്ടു ദേവീ സ്തുതികൾ പാടി നൃത്തമാടുകയും ക്ഷേത്രത്തിനു മൂന്ന് വലം വച്ചു ചെമ്പോലതകിടുകളിൽ അടിക്കുകയും ചെയ്യുന്നു; ചെമ്പട്ടുടുത്തു വാളും ചിലമ്പും ധരിച്ച കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു. അതിനാൽ "ഭക്തിയുടെ രൗദ്രഭാവം" എന്നാണ് ഭരണി വിശേഷിക്കപ്പെടുന്നത്.
  • ശാക്തേയ സമ്പ്രദായത്തിലെ മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം. ഇതിൽ ലൈംഗികത കൊണ്ടുള്ള ആരാധനയായ മൈഥുനത്തിന്റെ പ്രതീകമാണ് അശ്വതി നാളിലെ കാവ് തീണ്ടലിന്റെ ഭാഗമായ ഭരണിപ്പാട്ട് എന്ന് വിശ്വാസം.
  • ദേവി ദാരികനിൽ വിജയം വരിച്ച രേവതി നാളിൽ "രേവതി വിളക്ക് " ആഘോഷിക്കുന്നു. ബലിയുടെ പ്രതീകമായാണ് "ചുവന്ന പട്ടു കൊണ്ട് കോഴിക്കല്ല് മൂടൽ" എന്ന ചടങ്ങു നടത്തപ്പെടുന്നത്. ഇത് ശത്രുതാദോഷം മാറാനുള്ള വഴിപാടായും നടത്തുന്നു. മഞ്ഞളും, കുരുമുളകും സമർപ്പിക്കുക എന്നതാണ് പകർച്ചവ്യാധികളും ദുരിതങ്ങളും ഒഴിയാൻ നടത്തുന്ന മറ്റൊരു വഴിപാട്.
  • ഇന്നത്തെ ദേവിക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17നോട് ചേർന്ന് റോഡിൻ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബമ്മക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ്‌ ചേരൻ ചെങ്കുട്ടവൻ പത്തിനിക്കടവുൾ പ്രതിഷ്ഠ നടത്തിയത്.
  • എന്നാൽ പരശുരാമൻ തപസ്സ് ചെയ്തു പരാശക്തിയെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തിൽ കാളിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി ത്രിപുരസുന്ദരിയായി ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.[10]
  • മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ “തൃച്ചന്ദന ചാർത്ത്“ എന്നും അറിയപ്പെടുന്ന രഹസ്യപൂജയാണ് . ദാരികനുമായുള്ള യുദ്ധത്തിൽ ദേവിക്കുണ്ടായ മുറിവുകൾക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാർത്തൽ പൂജയെ സങ്കൽപ്പിക്കുന്നത്. തുടർന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും ഒപ്പം ഭഗവതിയുടെ പരിവാരങ്ങളുടെ ഉത്സവവും ആയിട്ടാണ് സങ്കല്പം.[10]
  • ക്ഷേത്രത്തിലെ രഹസ്യ അറയിൽ കണ്ണകിയുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് ശ്രീ. വി.റ്റി.ഇന്ദുചൂഡൻ അഭിപ്രായപ്പെടുന്നു. [11]
  • ഭരണി ഉത്സവം ആരംഭിച്ചതിനെപ്പറ്റി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാൻ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖരരാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും യജ്ഞത്തിൻറെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു. [9]

നിർമ്മാണശൈലി

തിരുത്തുക

ക്ഷേത്രസമുച്ചയത്തിൻറെ മൊത്തം വിസ്തീർണം 10 ഏക്കർ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്‌. ഈ ക്ഷേത്രത്തിനു മുന്നിൽ നിരവധി അരയാലും, പേരാലും ഉണ്ട്. ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തൽ, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കൾ എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിൻറേയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങള് കൊത്തിയ ഒറ്റപ്പലകയിൽ തീർത്തതാണ്. മണ്ണുത്തരം, ചിറ്റുത്തരം മുതലായവയിൽ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ‍ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിൻറെ മുഖം ശ്രീകോവിലിലേക്കാണ്‌‍. പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടം എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമൻ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഒപ്പം സംഹാരമൂർത്തിയായ "രുധിര മഹാകാളിയുടെ" പ്രതിഷ്ഠയും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ചേരൻ ചെങ്കുട്ടുവൻ മൂലപ്രതിഷ്ഠ - കണ്ണകി പ്രതിഷ്ഠ - നിർവഹിച്ച സ്ഥലമായ ശ്രീമൂലസ്ഥാനമാണ് രഹസ്യ അറയാക്കിയിരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങൾ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.

ക്ഷേത്രത്തിലെ ശിവൻറെ നടയ്ക്കുള്ള മണ്ഡപത്തിൻറെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളിൽ കിഴക്കോട്ട് ദർശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ഭഗവതിയുടെ പള്ളിവാളും, ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിന് ശേഷം, പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകൾ ഭക്തജനങ്ങൾ പള്ളിമാടത്തിനു മുന്നിലാണ് അർപ്പിക്കാറ്.

പ്രതിഷ്ഠകൾ

തിരുത്തുക
 
കൊടുങ്ങല്ലൂരമ്മ

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ "ആദിപരാശക്തിയുടെ" അവതാരമായ "ഭദ്രകാളിയാണ്". വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനു ശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌ ഇരിപ്പ്. തലയിൽ കിരീടമുണ്ട്. ഇതിന്‌ മുൻപിലായി ത്രിപുര സുന്ദരിയുടെ ചെറിയ പ്രതിഷ്ഠയുണ്ട്. എങ്കിലും ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനമായിട്ടുള്ള "രഹസ്യ അറയിലുള്ള" രൗദ്രരൂപിണിയായ "രുധിര മഹാകാളി" ആണ്. സംഹാരമൂർത്തി ആയതിനാൽ നേരിട്ട് ദർശനം പാടില്ലാത്ത ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയിൽ കാണപ്പെടുന്നത്.

രഹസ്യ അറ

തിരുത്തുക

ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നിൽ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളക കൊണ്ട് പൊതിഞ്ഞതുമായ രുധിര മഹാകാളിയുടെ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉഗ്രയായ "രുധിര മഹാകാളി" ആയതിനാൽ നേരിട്ട് ദർശനം പാടില്ലെന്നും; അതിനാൽ ഈ വിഗ്രഹം കറുത്ത തുണി കൊണ്ട് മൂടിയിരിക്കുകയാണെന്നും; പകരം ഭക്തർക്കു ദർശിക്കാൻ വടക്കു ദിക്കിലേക്ക് ദർശനമായി ഭദ്രകാളിയുടെ മറ്റൊരു ദാരുബിംബവും അതിന് മുൻപിലായി ത്രിപുരസുന്ദരിയുടെ ചെറിയ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പരമാധികാരി വലിയതമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന്‌ രുധിര മഹാകാളിക്ക് മുന്നിൽ (പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ടുവരുമ്പോഴോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും. [10]

പരമാത്മാവായ ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെയില്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

ക്ഷേത്രപാലകൻ

തിരുത്തുക
 
ക്ഷേത്രപാലകന്റെ ക്ഷേത്രം‍

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൻറെ സംരക്ഷകൻ ആയിട്ടാണ് സങ്കല്പം. വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠ. ശിവചൈതന്യം നിറഞ്ഞ മൂർത്തിയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള പ്രതിഷ്ഠ ആണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്.[9]പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ്‌ (ശർക്കരപായസത്തിൽ തൈര്‌ ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിലാണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.

ദേവീക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയിലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകന്റെ തൃപ്പടിേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്. ഇന്ത്യയിലെ ശക്തിപീഠക്ഷേത്രങ്ങളിൽ കാവൽദൈവമായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നതും ഇതിന്‌ സമാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ ഇത് കാലഭൈരവൻ ആണെന്നും വിശ്വാസമുണ്ട്.

തവിടാട്ട് മുത്തി അഥവാ തവിടാട്ട് ഭഗവതി (ചാമുണ്ഡി)

തിരുത്തുക

തവിടാട്ട് മുത്തി (തവിടാട്ട് ഭഗവതി) ചാമുണ്ഡി രൂപത്തിലുള്ള ഭഗവതിയാണ്. സപ്തമാതാക്കളിൽ പ്രധാനി. കൊടുങ്ങല്ലൂരമ്മ തന്നെ ആണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് പ്രധാന വഴിവാട്. അതിനാലാണ് തവിടാട്ട് ഭഗവതി അഥവാ തവിടാട്ട് മുത്തി എന്ന പേര് ലഭിച്ചത്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ രോഗങ്ങൾ, പ്രത്യേകിച്ച് വിട്ടുമാറാത്ത ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, ദുരിതങ്ങൾ തുടങ്ങിയവ മാറിക്കിട്ടും എന്നാണ് വിശ്വാസം. ശുംഭനിശുംഭ യുദ്ധവേളയിൽ ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്ന് പ്രത്യക്ഷയായി ചണ്ഡമുണ്ഡന്മാരെ വധിച്ച ഭദ്രകാളിയാണ്‌ ചാമുണ്ഡി എന്ന്‌ ദേവി മാഹാത്മ്യത്തിൽ കാണാം.

ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃകൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്ക് ആണ്.

വസൂരിമാല

തിരുത്തുക
 
വസൂരിമാലയുടെ ക്ഷേത്രം

പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. ദേവീഭക്തയായി മാറിയ ദാരികന്റെ പത്നി മനോദരി ആണിതെന്ന് ഐതിഹ്യം. വടക്കോട്ടാണ് ദർശനം. ഇതിന് മേൽക്കൂരയില്ല. വിഗ്രഹത്തിന് 4 അടിയോളം ഉയരമുണ്ട്. മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തിവരികയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരിമാല ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നുണ്ട്. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാല എന്ന പേരുതന്നെ അതിനുള്ള തെളിവായി കണക്കാക്കാവുന്നതാണ്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.

ദാരികന്റെ വധം ഉറപ്പായപ്പോൾ പത്നിയായ മനോദരി ശിവനെ തപസ്‌ ചെയ്യുകയും വസൂരി രോഗത്തിന്റെ വിത്തുകൾ വരമായി വാങ്ങുകയും ചെയ്തു. മനോദരി ഇത് ആദ്യം പ്രയോഗിച്ചത് തന്റെ ഭർത്താവിന്റെ ഘാതകയായ ഭദ്രകാളിയുടെ നേർക്കാണ്. ഇതറിഞ്ഞ ശിവൻ ഘണ്ഠാകർണ്ണനെ സൃഷ്ടിക്കുകയും അദ്ദേഹം ഭഗവതിയുടെ രോഗം ഭേദം ആക്കുകയും ചെയ്തു. പിന്നീട് ദേവി മനോദാരിയുടെ കയ്യും കാലും ഛേദിക്കുകയും പശ്ചാത്തപിച്ച മനോദരിയെ "വസൂരി" എന്ന് പേരിട്ടു കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട പുരാണകഥ.

സപ്തമാതൃക്കൾ

തിരുത്തുക

ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത് . ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും. സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി (ചാമുണ്ഡി) എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവി വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

കുരുംബക്കാവ്

തിരുത്തുക
 
മഞ്ഞൾപൊടി വഴിപാട്

ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുഡുംബി സമുദായക്കാർ ദേവിക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസരവാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.

ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.

സുവാസിനീപൂജ

തിരുത്തുക

മംഗല്യവതികളായ സ്ത്രീകൾ കുടുംബഐശ്വര്യത്തിനും നെടുമംഗല്യത്തിനും ഉത്തമദാമ്പത്യത്തിനും വേണ്ടി നേരിട്ട് നടത്തുന്ന സമൂഹ അർച്ചനയാണിത്. കുഡുംബി സമുദായത്തിലെ സ്ത്രീകൾ ആണ് പ്രധാനമായും കൊടുങ്ങല്ലൂർ താലപ്പൊലി ദിവസത്തിൽ സുവാസിനീപൂജ ആചരിക്കുന്നത് .

വഴിപാടുകൾ

തിരുത്തുക
  • എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ്‌[അവലംബം ആവശ്യമാണ്] കതിന വെടികളെ കാണുന്നത്.
  • ഗുരുതിയാണ്‌ മറ്റൊരു വഴിപാട്. ശത്രുദോഷത്തിനും മാനസികപ്രശ്നങ്ങൾക്കും പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതിപൂജ നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.
  • വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.
  • ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്‌. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
  • തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
  • ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടും.
 
ഭരണി തുള്ളാൻ എത്തിയ കോമരങ്ങൾ

വിശേഷ ദിവസങ്ങൾ

തിരുത്തുക

മീനഭരണി

തിരുത്തുക

ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. ദ്രാവിഡദേവിയെ കണ്ടാരാധിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരൽ ആണ് ഈ ഉത്സവം. ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. [12]

ദേവിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്ന ധാരാളം ചടങ്ങുകൾ മീനഭരണിക്ക്‌ കാണാൻ കഴിയും. കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കാവേലൻറെ വരവ്‌ എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്. [13]

തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക.[13]

കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒന്നുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.[13]

മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. [14]ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്. ശാക്തേയപൂജക്ക് ജാതിയോ താന്ത്രിക ആചാരങ്ങളോ നിർബന്ധം അല്ലാ എന്നതും മറ്റൊരു പ്രത്യേകത ആണ്.

കോഴിക്കല്ല് മൂടൽ

തിരുത്തുക

മീനഭരണിക്ക് പത്തു്‌ ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഭഗവതിയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. കൂടാതെ ജന്തുഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ ഇപ്പോൾ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.[13]

മീനമാസത്തിലെ തിരുവോണദിവസം നടത്തപ്പെടുന്ന കോഴിക്കല്ല് മൂടൽ ചടങ്ങിനു ശേഷം, രേവതി നാളിൽ കളമെഴുത്തുപാട്ടുണ്ട്. അതിൻ കടത്തനാട്ടുകാർക്കാൺ അവകാശം.

കാവുതീണ്ടൽ

തിരുത്തുക
 
കാവു തീണ്ടുന്ന കോമരങ്ങൾ

ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും, പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തിൽ തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.[13]

ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കുന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ്‌ പറയുക.[13]

കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക. [13]

കോമരങ്ങൾ

രേവതി നാളിൽ കോമരങ്ങളേയും ഭക്തജനങ്ങളേയും കൊണ്ട് കാവ് നിറയുന്നു. ഒരോ ദേശത്തു നിന്നും എത്തുന്നവർക്ക് അവരുടേതായ ആൽത്തറകൾ കാവിലുണ്ട്. അവകാശത്തറകൾ എന്നാണിവ അറിയപ്പെടുന്നത്. കാവു തീണ്ടൽ സമയത്ത് അവകാശമുള്ളവർ ഒഴികെ ആരും ഈ തറകളിൽ കയറാ റില്ല.

താലപ്പൊലി

തിരുത്തുക

മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‌‍. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. [8] ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്.[അവലംബം ആവശ്യമാണ്] ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ്‌ താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച മലയരയന്മാർ ഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുൻപേ ചൊവ്വര ദേശത്തെ നമ്പൂതിരിമാർ വന്ന് സംഘക്കളി നടത്തുന്നു. കുടുംബികൾ ചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകൾക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു. [13]

ഒന്നാം താലപ്പൊലിയുടെ പൂർണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാൻറെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ പണ്ട് രണ്ടാം ഉത്സവം അയിരൂർ അയ്യായിരം നായർ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം‍ ദിവസത്തെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാർ കൊല്ലവർഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീർന്നു. അതിനുശേഷം ദേവസ്വമാണ്‌ നേരിട്ട് നടത്തുന്നത്. അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരും എട്ടാമത്തേത് ചെറുമരുമാണ്‌ നടത്തിയിരുന്നത്. പിൽക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി. [8]

പകൽ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ്‌ താലപ്പൊലിയുടെ ചടങ്ങുകൾ. ഒരോ ദിവസവും അതത് നടത്തിപ്പുകാർ സ്ത്രീകൾ താലത്തിൽ കൊണ്ടുവരുന്ന ധനധാന്യങ്ങൾ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നിൽ ചൊരിയുന്നതാണ്‌ പ്രധാന ചടങ്ങ്.

ചാന്താട്ടം

തിരുത്തുക

മേടമാസത്തിലെ കാർത്തിക നാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

പ്രത്യേക ആചാരങ്ങൾ

തിരുത്തുക
 
നവരാത്രി ആഘോഷഭാഗമായുള്ള ആയിരം വിളക്ക്

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത് ദ്രാവിഡ ഗോത്രത്തിൽ പെട്ടവരാണ്‌.

  • ക്ഷേത്രപാലന്റെ നടയ്ക്കൽ ഉടയ്ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാർക്കാണ്‌. അതിന്‌ അവർ കൊല്ലം തോറും കർക്കടമാസം സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണം. [13]
  • വസൂരിമാലക്ക് മഞ്ഞപ്പൊടി ആടിക്കുവാനുള്ള അവകാശം പ്ലാപ്പിള്ളി, തേറോടം എന്നീ രണ്ടു വീടുകളിലെ സ്ത്രീകൾക്കാണുള്ളത്. എല്ലാ നടക്കലുമുള്ള ദീപസ്തംഭങ്ങൾ തെളിയിക്കലും പ്രസാദങ്ങൾ കൊടുക്കലും വടക്കേ നടയിലുള്ള ആൽ‌ത്തറകളിൽ പൂരുരുട്ടാതി മുതൽ ഇരുന്നു കന്നിവെളിച്ചപ്പാടന്മാരെ വെട്ടിത്തെളിയിച്ചു വാളും ചിലമ്പും കൊടുക്കാനുള്ള അധികാര അവകാശങ്ങളും മേൽ പറഞ്ഞ രണ്ടു വീടുകളിലേയും ആണുങ്ങൾക്കുള്ളതാണ്‌.
  • മേല്പ്പറഞ്ഞ രണ്ടുവീട്ടിലേയും സ്ത്രീകളും പുരുഷന്മാരുമാണ്‌ ദേവിയുടെ ക്ഷേത്രത്തിലെ അടിച്ചുതളി, പാത്രം തേപ്പ്, പൂവുകൊടുക്കൽ, മലരുവറക്കൽ, അരിയടിക്കൽ, മഞ്ഞൾ പൊടിക്കൽ എന്നീ ചുമതലകൾ ചെയ്തു പോരുന്നത്. വർഷങ്ങളായി ഇതിനു വീഴ്ചയൊന്നും വരുത്തിയിട്ടില്ല.
  • കേരളത്തിലെ പഴയ ആചാരങ്ങളിൽ ഒന്നായ “കൂട്ടമിരിപ്പ്” (തറക്കൂട്ടം) ഇപ്പോൾ കേരളത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മാത്രമേയുള്ളു. മലയാള മാസം ഒന്നാം തിയതിയാണ് കിഴക്കെനടയിൽ കൂട്ടമിരിപ്പ്. ഇത് പഴയ കാലത്തെ സഭയാണെന്ന് വിശ്വാസം. സങ്കടക്കാരാരുമില്ലെങ്കിലേ കൂട്ടം പിരിയാവൂ എന്നും ക്രമമുണ്ടായിരുന്നത്രെ.
ഭരണിപ്പാട്ട്

ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ട്കുകളും. ധാരളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അ റിയപ്പെടുന്നത് തെ റിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചി റയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടിത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. തുടർന്ന് തെ റിപ്പാട്ടുകൾ പാടുന്നു. [15] അശ്വതിനാൾ മുതൽ എഴുനാൾ നടയടച്ചിടുന്നത് ദേവി തീണ്ടാരിയായതിനാലാണെന്ന് ഒരു സങ്കല്പം ഉണ്ട്. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് തെറിപ്പാട്ടുകൾ പാടുന്നത് എന്നു വിശ്വാസം. തെറിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളേ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയുമായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാരുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽകൂര, ടാ റിട്ട റോഡ്, പോലീസ്, കമ്പിത്തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പല രൂപങ്ങളും ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.

തൃച്ചന്ദനച്ചാർത്ത്

അശ്വതിനാൾ ഉച്ചക്കാണ് തൃച്ചന്ദനച്ചാർത്ത് പൂജ. വളരെ വിശിഷ്ടവും പ്രധാനവും അതീവ രഹസ്യോത്മുഖവുമായ പൂജയാണിത്. ഉച്ചകഴിഞ്ഞ് ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നു. മറ്റു പൂജകൾക്കായി ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളും ഈ പൂജയ്ക്ക് ഉപയോഗിക്കില്ല. എല്ലാം വേ റേ വേണമെന്നാണ് ചട്ടം. ഇതിൻ്റേത് വേരേ ആവശ്യങ്ങൾക്കും ഉപയോഗിക്കാരില്ല. താന്ത്രികമായ ആരാധനാ വിധികളാണിതിലേത് എന്നു പറയപ്പെടുന്നു. ഈ കർമ്മം ചെയ്യുന്നത് അടികൾമാരാണ്. മൂന്ന് പ്രധാന മഠങ്ങളായ കുന്നത്തുമഠം, മഠത്തിൽ മഠം, നിലത്തു മഠം എന്നീ മഠങ്ങളിലെ കാരണവർമ്മാരായ അടികൾമാരാണിവർ. തലേ ദിവസം ഇതിനു വേണ്ടി അവർ കഠിനവ്രതം നോൽക്കുന്നു. ചാർത്താനുള്ള തൃച്ചന്ദനം രഹസ്യവിധിയുള്ള കൂട്ടാണ്. പല മരുന്നുകളും മറ്റും ചേർന്നതാണിത് എന്നു കരുതുന്നു ഈ രഹസ്യക്കൂട്ട് ഈ മൂന്ന് പേരുക്കുമാത്രേമേ അറിയൂ. ഏഴരയാമം ( മൂന്നു മണിക്കൂർ) നീളുന്നതാണീ പൂജ. കാറ്റ് കടക്കാത്ത ശ്രീകോവിലിൽ അടച്ചിരുന്നാണ് പൂജകൾ ചെയ്യുന്നത്. പ്രധാന സാമഗ്രി മഞ്ഞൾപ്പൊടി തന്നെയാണ്. മഞ്ഞൾപ്പൊടി കരിക്കിൻ വെള്ളത്തിൽ കുഴച്ചതും തൃമധുവും ഉപയോഗിക്കുന്നു. ഉച്ചക്ക് മൂന്ന് അടികൾമാരും വട്ടക്കുളത്തിൽ കുളിച്ച് വന്ന് ഒരു മണിയോടെ ശ്രീകോവിലിൽ കടന്ന് വാതിലടച്ച് പൂജയാരംഭിക്കുന്നു. ആ സമയത്ത് ചുറ്റമ്പലത്തിലുള്ള പ്രദക്ഷിണവഴിയിൽ ആരും ഉണ്ടാകാൻ പാടില്ല. ഇതിൽ സവർണ്ണാവർണ്ണ ഭേദം ഒന്നും ഇല്ല. പൂജ തുടങ്ങുന്നതിനു മുന്ന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കാവിലെത്തണം എന്നുണ്ട്. തമ്പുരാൻ കാവിലെ ബലിക്കൽ പുരയിൽ ഇരിക്കുന്നു. പൂജ കഴിയുന്നതുവരെ അവിടെ നിന്നു മാരില്ല. പൂജ കഴിഞ്ഞ് തമ്പുരാൻ കിഴക്കേ നടയിൽ ഇരിക്കുകയും കാവു തീണ്ടലിന് അനുമതി കൊടുക്കുകയും ചെയ്യുന്നു. ഇതിനെ ‘നിലപാട്‘ എന്നാണ് പ റയുക. നാലുമണി കഴിയുമ്പോൾ പൂജ അവസാനിക്കുന്നു. പൂജ കഴിഞ്ഞ് അടികൾമാർ പു റത്തു വന്ന് നടയടക്കും. തൃച്ചന്ദനച്ചാർത്ത് പൂജ കഴിഞ്ഞ ഉടനെ ഭഗവതിയെ തൊഴുന്നത് പുണ്യമായി കരുതിപ്പോരുന്നു.

ഒ.കെ.യോഗം

തിരുത്തുക

കേരളത്തിൽ പ്രശസ്തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗസഭയാണ് കൊടുങ്ങല്ലൂരിലെ ഒന്നുകുറെ ആയിരം യോഗം. ചേരമാൻ പെരുമാളിൻറെ നേതൃത്വത്തിൽ പെരുമാളും വിശ്വസ്തരായ നായർ സ്നേഹിതന്മാരുംകൂടി ആയിരം പേർ അടങ്ങിയ നായർ സൈന്യമായിരുന്നു ഇത്. പെരുമാളിൻറെ കാലശേഷം ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കാത്തതിനെ തുടർന്ന് 999 പേർ മാത്രമായതിനാലാണ് ഒന്നുകുറച്ച് ആയിരം യോഗം എന്ന പേർ ഉണ്ടായത്. കാലക്രമേണ ഇത് ലോപിച്ച് "ഒന്നുകുറെ ആയിരം യോഗം" എന്നും ഇന്ന് "ഒ.കെ.യോഗം" എന്നും അറിയപെടുന്നു.

പെരുമാൾ ഭരണത്തിനുശേഷം കൊടുങ്ങല്ലൂർ രാജകുടുംബം നിലവിൽ വന്നതോടെ ഒ.കെ.യോഗവും കൊടുങ്ങല്ലൂർ രാജാക്കന്മാരും ഒത്തുചേർന്ന് ക്ഷേത്രകാര്യങ്ങൾ ആലോചിച്ചിരുന്നു എന്നും അതിൻറെ തുടർച്ചയായി എല്ലാ മലയാളമാസം ഒന്നാം തിയതി രാവിലെ പന്തീരടിപൂജയ്ക്കു ശേഷം ക്ഷേത്രത്തിൻറെ കിഴക്കേനടയിൽ പ്രദക്ഷിണവഴിയിൽ "നിഴലിരിക്കൽ" എന്ന ചടങ്ങ് നടത്തിവരുന്നതായി പറയപ്പെടുന്നു. ക്ഷേത്രകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി കൂട്ടം ഇരിക്കുന്നതിനെയാണ് നിഴലിരിക്കൽ എന്നു പറഞ്ഞുവരുന്നത്. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്.

ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. താലപ്പൊലി മഹോത്സവത്തിൻറെ തുടക്കം കുറിച്ചുകൊണ്ടുള്ള 1001 കതിനാവെടിയും ഒന്നാം ദിവസത്തെ താലപ്പൊലി മഹോത്സവവും ഇന്നും മുടക്കം വരാതെ ഒ.കെ.യോഗമാണ് നടത്തിവരുന്നത്. വിവിധ സേവനപ്രവർത്തനങ്ങൾക്കുവേണ്ടിയും മറ്റും സഹായധനമായിട്ടും വർഷംതോറും നല്ലൊരു സംഖ്യ യോഗം ചെലവാക്കിവരുന്നുണ്ട്.

എത്തിച്ചേരുവാനുള്ള വഴി

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. ഇളയത്, കുഞ്ഞിക്കുട്ടൻ (2002). കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ. Thrissur: H & C Publishing House. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. S. N., Sadasivan. "A Social History of India".
  3. സംഘകാലകൃതികളായ അകനാനൂറ്, പുറനാനൂറ്, മണിമേഖല തുടങ്ങിയവയിൽ ചേരരാജാക്കന്മാർ ബുദ്ധരായിരുന്നു എന്നും ആതൻ എന്ന അവരുടെ സ്ഥാനപ്പേരു അർഹതൻ എന്ന ബുദ്ധ സംജ്ഞയുടെ പ്രദേശികനാമമാണെന്നും പറയുന്നുണ്ട്.
  4. 4.0 4.1 ഗോപാലകൃഷ്ണൻ, പി.കെ (1974). കേരളത്തിൻറെ സാംസ്കാരികചരിത്രം. തിരുവനന്തപുരം: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമാനൂർ. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |origmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)CS1 maint: year (link)
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; r1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. 8.0 8.1 8.2 നാരായണൻ, എം.പി. (2008). ക്ഷേത്രദർശനം. തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. 9.0 9.1 9.2 രാജേന്ദ്രൻ, പി.ജി. (2000). ക്ഷേത്ര വിജ്ഞാനകോശം. Kottayam: D.C.Books. ISBN 81-2640-254-7. {{cite book}}: Cite has empty unknown parameter: |coauthors= (help) </ref ഇവിടത്തെ [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, [[കാവുതീണ്ടൽ]], [[ഭരണിപ്പാട്ട്]] എന്നിവ പ്രസിദ്ധമാണ്. == ചരിത്രം == <!-- [[ചിത്രം:കൊടുങ്ങല്ലൂർ-കുരുംബഭഗവതിക്ഷേത്രം.jpg|thumb|വടക്കേ നട ]] --> ഈ [[ക്ഷേത്രം]] ആദ്യകാലത്ത് കേരളതീരത്തെ, അമ്മദൈവങ്ങളെ ആരാധിച്ചുപോന്ന പ്രാചീനജനവിഭാഗങ്ങളുടേതായിരുന്നു. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുൾ ആയിരുന്നു പ്രതിഷ്ഠ. [[സംഘകാലം|സംഘകാലത്ത്]] സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ (ഇന്നു കാണുന്ന ക്ഷേത്രമല്ല) സ്ഥാപകൻ [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവനാണ്‌]]. <ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
  10. 10.0 10.1 10.2 നന്ദകുമാർ, എസ്.എസ്. (1994). കൊടുങ്ങല്ലൂർ കാവിലമ്മ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  11. കൃഷ്ണപിള്ള, നാലാങ്കൽ (1982). മഹാക്ഷേത്രങ്ങളുടെ മുന്നിൽ. Kottayam: Sahitya Pravarthaka Co-operative Society Ltd. {{cite book}}: Cite has empty unknown parameter: |coauthors= (help)
  12. വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-2401-053-6. {{cite book}}: Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  13. 13.0 13.1 13.2 13.3 13.4 13.5 13.6 13.7 13.8 പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ദ്വിതീയ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 81-7130-860-0. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  14. വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-046-6. {{cite book}}: Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  15. http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/17501/7/07_chapter%202.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക