പഞ്ചവാദ്യമെന്ന സുപ്രസിദ്ധ മേളരൂപത്തിലെ പ്രധാന അംഗമാണ് തിമില. പഞ്ചാവാദ്യത്തിൽ തിമില ഒഴിച്ചുകൂടാനാവില്ല. എന്നാൽ, മറ്റു മേളങ്ങളിൽ തിമില പൊതുവേ ഉപയോഗിച്ചു കാണാറില്ല. മദ്ധ്യഭാഗത്ത് വണ്ണം കുറഞ്ഞ്, നീളത്തിലാണ് തിമിലയുടെ കുറ്റി. പ്ലാവിന്റെ തടി കടഞ്ഞാണ്‌ തിമിലയുടെ കുറ്റിയുണ്ടാക്കുന്നത്. കാളത്തോൽ കൊണ്ടും പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ വട്ടങ്ങൾ വാറിട്ടുമുറുക്കിയാണ് തിമിലക്ക് ശബ്ദം ഉണ്ടാക്കുന്നത്. ഇതിൻറെ ഒരു ഭാഗത്ത് രണ്ട് കൈകളും ഉപയോഗിച്ചാണ് കൊട്ടുന്നത്. “തോം”, “ത” എന്നീ രണ്ട് ശബ്ദങ്ങളേ ഇതിൽ പുറപ്പെടുവിയ്ക്കൂ.

തിമിലയുടെ ചിത്രം

ഐതിഹ്യം

തിരുത്തുക

തിമിലയുടെ ഉദ്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യകഥയുണ്ട്. അത് ഇപ്രകാരം പറയപ്പെടുന്നു: വലിയ ശിവഭക്തനായിരുന്നു ശൂരപത്മാവ്. ഒരിക്കൽ താണ്ഡവനൃത്തമാടുന്ന ശിവന്റെ കയ്യിൽ ഇമ്പമുള്ള സ്വരം പുറപ്പെടുവിക്കുന്ന ഒരുവാദ്യം ശൂരപത്മാവ് കണ്ടു. കടുംതുടി എന്നായിരുന്നു അതിന്റെ പേർ. ശൂരപത്മാവിന് കടുംതുടി വളരെ ഇഷ്ടപ്പെട്ടു. പരമശിവന്റെ പക്കമേളക്കാരനാകാൻ ആഗ്രഹമുണ്ടെന്നും അതിനായി കടുംതുടി നൽകി തന്നെ അനുഗ്രഹിക്കണമെന്നും അദ്ദേഹം ശിവനോട് അപേക്ഷിച്ചു. ശിവൻ ധർമസങ്കടത്തിലായി. പണ്ട് മഹർഷിമാർ ശിവനെതിരെ പ്രയോഗിച്ച ആയുധമാണ് കടുംതുടി. അത് മറ്റാർക്കും തൊടാനാകില്ല. എന്നാൽ ശിവൻ ശൂരപത്മാവിനെ നിരാശനാക്കിയില്ല. കടുംതുടിയുടെ ആകൃതിയിൽ മറ്റൊരു വാദ്യമുണ്ടാക്കിക്കൊണ്ടുവരാൻ ശിവൻ അദ്ദേഹത്തോട് പറഞ്ഞു. ശൂരപത്മാവ് കടുംതുടിയേക്കാൾ വലിപ്പമുള്ള ഒരു വാദ്യം നിർമിച്ചു കൊണ്ടുവന്നു. എന്നാൽ തീരെ മാധുര്യമില്ലാത്ത ശബ്ദമായിരുന്നു അതിന്. ശിവൻ അതിൽ ഒരു തുളയിട്ടശേഷം കൊട്ടിനോക്കി. “തോം” എന്ന മധുരമായ ശബ്ദമാണ് പുറത്തുവന്നത്. സന്തുഷ്ടനായ ശിവൻ ആ വാദ്യത്തിന് ധിമി-ല എന്നു പേരു നൽകി ശൂരപത്മാവിന് കൊടുത്തു. ഇങ്ങനെയാണത്രെ ധിമില അഥവാ തിമില ഉണ്ടായത്.

സമകാലീനരായ പ്രഗല്ഭ തിമില വിദ്വാന്മാർ

തിരുത്തുക

കുഴൂർ നാരായണ മാരാർ, അന്നമനട പരമേശ്വര മാരാർ, നെല്ലേപ്പിള്ളി കുട്ടൻ മാരാർ, നെല്ലേപ്പിള്ളി അനിയൻ മാരാർ, പല്ലശ്ശന മുരളിമാരാർ, ചോറ്റാനിക്കര വിജയൻ, നന്ദപ്പൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കുനിശ്ശേരി അനിയൻ, പറക്കാട്ടു തങ്കപ്പൻ, വൈക്കം ചന്ദ്രൻ, പയ്യന്നൂർ ബാലകൃഷ്ണമാരാർ, കീഴില്ലം ഗോപാലകൃഷ്ണൻ, പല്ലാവൂർ ശ്രീധരൻ , പെരുവനം കൃഷ്ണകുമാർ എന്നിവർ കേരളത്തിൽ പരക്കേ അറിയപ്പെടുന്ന തിമില വിദ്വാന്മാരാണ്. [1]

ചിത്രശാല

തിരുത്തുക


  1. കേരള വാദ്യകല - തിമില[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=തിമില&oldid=4090993" എന്ന താളിൽനിന്ന് ശേഖരിച്ചത്