ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus religiosa L.). പീപ്പലം എന്നു കൂടി ഇതിന് പേരുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങൾ പവിത്രമായി കരുതുന്ന വൃക്ഷമാണിത്. ഈ മതങ്ങളുടെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദപരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. [1] അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് ഒരു ബോധിവൃക്ഷത്തെ അഭിഷേകം ചെയ്തതായി രേഖകൾ ഉണ്ട്. ആൽമരങ്ങളെ ആരാധിക്കലും അവയിൽ കുടിയിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദേവതകൾക്കുള്ള പൂജകളും പുരാതനകാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇതിന്റെ വിവിധഭാഗങ്ങൾ ആയുർ‌വേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു.

അരയാൽ
Sacred Fig
Leaves and trunk of a Sacred Fig.
Note the distinctive leaf shape.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
F. religiosa
Binomial name
Ficus religiosa

പേരിനു പിന്നിൽ

തിരുത്തുക
 
ഹോസ്ദുർഗ്ഗ് പൂങ്കാവനം ക്ഷേത്രമുറ്റത്തെ അരയാൽ

ആര്യന്മാരുടെ പവിത്ര വൃക്ഷമായിരുന്നു ആൽ മരം. ആര്യ എന്ന സംസ്കൃത പദത്തിന്റെ പാലി രൂപാന്തരം ആരിയ എന്നാണ്‌. 'ആരിയ ആൽ' കാലക്രമത്തിൽ ആരിയാലും പിന്നീട് അരയാലും ആയി മാറി. ശ്രീബുദ്ധൻ, താൻ തപസ്സിരുന്ന ബോധിവൃക്ഷത്തെ തന്നെ ആരാധിക്കാനായിരുന്നു ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നത്. കേരളത്തിൽ ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും നാട്ടുവഴികൾക്കും അരികിൽ പണ്ടുമുതലേതന്നെ കേരളീയർ ആൽമരം നട്ടു പിടിപ്പിച്ചിരുന്നതായി ചരിത്രം പറയുന്നു [2] ഈ വൃക്ഷത്തിനെ ഹിന്ദിയിൽ പീപ്പൽ എന്നും, ബംഗാളിയിൽ അശ്വത്ഥാ എന്നും കന്നടയിൽ അരളിയെന്നും തമിഴിൽ അരശുവെന്നും വിളിക്കുന്നു.

ചരിത്രം

തിരുത്തുക
 
ശ്രീലങ്കയിലെ മഹാബോധി എന്ന ആൽ‍മരം- 2000 വർഷങ്ങളോളം പഴക്കമുള്ള ഈ വൃക്ഷത്തെ ‍ശ്രീബുദ്ധന്റെപ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങൾ കാണുന്നത്

ക്രിസ്തുവിന് 7000 വർഷങ്ങൾ മുൻപ് നിലനിന്നിരുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുള്ള മേഹർഗഢ് നാഗരികതയുടെ കാലത്തെ കളിമൺപാത്രങ്ങളിൽ അരയാൽമരത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4000 വർഷങ്ങൾക്ക് ശേഷമുള്ള മോഹൻ‌ജൊ ദാരോ നാഗരികതയിൽ നിന്നു ഖനനം ചെയ്തെടുത്ത ഫലകങ്ങളിലും കളിമൺ പാത്രങ്ങളിലും ആൽമരങ്ങളുടെ ചിത്രങ്ങൾ കാണാം.[3]ശ്രീലങ്കയിലാകട്ടെ ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ നട്ട ആൽമരം ഇന്നുമുണ്ട്.ഹുയാൻ സാങ്ങിന്റെ കൃതികളിൽ ആൽമരത്തെ കുറിച്ചു പരാമർശം ഉണ്ട്. ബോധിവൃക്ഷമെന്ന പേര് (പരമമായ ജ്ഞാനം പകരുന്നത്) ഗൗതമബുദ്ധൻ ഈ മരത്തിന്റെ ചുവട്ടിൽ ധ്യാനം ഇരുന്ന് ബോധോദയം നേടുന്നതിനും മുന്നേതന്നെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.[4] പുരാതനകാലം മുതൽക്കേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മരങ്ങളെ ദൈവചൈതന്യം ഉൾക്കൊള്ളുന്നവയായി കരുതി ആരാധിച്ചിരുന്നു. ആൽമരം, കദംബം, ഇലഞ്ഞി,പീപ്പലം, പാല, ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങളാണ്. ആൽമരത്തിൽ യക്ഷനും പാലയിൽ യക്ഷിയുംകുടികൊള്ളുന്നു എന്നായിരുന്നു വിശ്വാസം. ബുദ്ധമതം പ്രചരിക്കുന്നതിനു മുന്നേതന്നെ ഈ വിശ്വാസം നിലനിന്നിരുന്നു. യക്ഷനെ പ്രസാദിപ്പിച്ചാൽ അഭീഷ്ടങ്ങൾ സാധിതമാകുമെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറ കെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദികളായി. സംഘകാലത്ത് ബോധിമണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമസഭകൾ (ഇന്ന് പട്ടിമൺട്റം) ആൽമരങ്ങളുടെ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ പറയുന്നുണ്ട്. [5]

ശിരസ്സിലോ കഴുത്തിലോ ആലില കെട്ടുന്നതിനെ പട്ടം കെട്ടൽ എന്നാണ്‌ വിളിച്ചിരുന്നത് (പാലിയിൽ പട്ടം എന്നതിന്‌ ആലില എന്നാണർത്ഥം; സംസ്കൃതത്തിൽ അത് പത്രം ആണ്). പുരോഹിതൻ, രാജാവ്, വധു, വിശ്വാസി എന്നീ പദവികൾ സ്വീകരിക്കുന്നവർ ആലിലയാണ്‌ പട്ടമായി കെട്ടുന്നത്. (പട്ടക്കാരൻ, പട്ടാഭിഷേകം, പട്ടമഹിഷി എന്നീ പേരുകൾ അങ്ങനെ വന്നതാണ്‌) ഇന്ന് കേരളീയവധുക്കളുടെ താലിമാലയിലെ ആലില ഈ വിശ്വാസത്തിന്റെ പിന്തുടർ‌ച്ചയാണ്‌.

ആലില ബുദ്ധമതക്കാരുടെ മതബിംബവുമാണ്. ഹിന്ദുപുരാണങ്ങളിലും ആൽമരത്തെ നിരവധി കഥകളുമായി ബന്ധപ്പെടുത്തിക്കാണുന്നു.

പ്രത്യേകതകൾ

തിരുത്തുക
 
തളിരിലകൾ

വളരെക്കാലം ആയുസ്സുള്ളവയാണ്‌ ഈ മരങ്ങൾ. ശ്രീ ലങ്കയിലെ അനുരാധപുരയിലെ മഹാബോധി വൃക്ഷം രണ്ടായരത്തിലധികം വർഷമായി നിലനില്ക്കുന്നതാണെന്നു കരുതുന്നു. ബോധഗയയിലെ ഒരു ബോധിവൃക്ഷച്ചുവട്ടിലിരുന്നു ധ്യാനിക്കവേയാണ് ഗൗതമബുദ്ധന്ന് ബോധോദയം ലഭിച്ചത്. ആ ബോധിവൃക്ഷത്തിന്റെ തൈയിൽ നിന്ന് വളർത്തിയെടുത്തതാണ് അനുരാധപുരത്തെ മഹാബോധിവൃക്ഷം എന്നാണ് വിശ്വാസം. ഈ മരം ബുദ്ധമതവിശ്വാസികൾക്ക് പവിത്രമാണ് . [6] മണ്ണിലല്ലാതെയും ആൽമരത്തിന്റെ വിത്തു മുളച്ച് തൈ വളരും. വിത്തുകൾ കാറ്റിൽ പറന്ന് വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാൽപ്പോലും അവ മുളച്ച് വളർന്നു തുടങ്ങും.

 
വളക്കൂറുള്ള മണ്ണില്ലെങ്കിലും ആൽ മരം വളരും

മണ്ണില്ലെങ്കിലും അവ വായുവിൽ നിന്ന് ജലാംശവും കഴിയുന്നത്ര പോഷണങ്ങളും വലിച്ചെടുക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരുന്ന ഇവയെ വിദ്യാർത്ഥികൾക്ക് മാതൃകയായി ഉപനിഷത്തുക്കളിൽ പറയുന്നുണ്ട്.[അവലംബം ആവശ്യമാണ്] വലിയ വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കാറണ്ട്. ഇത് കൂടുതൽ പോഷണം ലഭ്യമാക്കാനുളള മരത്തിന്റെ ശ്രമമാണ്‌. ഈ വേരുകൾ വായുവിൽ നിന്ന് ഈർപ്പവും പൊടി, ചത്ത പ്രാണികൾ എന്നിവയിൽ നിന്ന് നൈട്രജനും സ്വീകരിക്കുന്നു. [7] ഈ വലിയ വൃക്ഷത്തിന്റെ ശാഖകൾ വളരെ വിസ്തൃതിയിൽ പടർന്ന് പന്തലിച്ചു കാണപ്പെടുന്നു. കാണ്ഡത്തോടു ചേർന്നുള്ള വേരുകൾ കാണ്ഡത്തിൽ വലിയ ചാലുകൾ ഉണ്ടാക്കുന്നപോലെ അനുഭവപ്പെടുന്നു.

 
ആലിന്റെ തളരിലകൾ വെളുത്തോ ചുവന്നോ കാണപ്പെടും

ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകൾ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്. വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക.

 
ആൽമരത്തിന്റെ കായ്കൾ- തീരെ ചെറുതും അനാകർഷകവുമാണ്‌

ആൽമരത്തിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിൽ ഉള്ളതുമാണ്‌. ഇവ തണ്ടുകളിൽ കാണപ്പെടുന്നു. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക[8]

പ്രത്യുത്പാദനം

തിരുത്തുക
 
കീഴൂർ ശാസ്താക്ഷേത്രത്തിനു മുന്നിലുള്ള അരയാൽ

ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ്[9]. ഒരു പ്രത്യേക ജാതി വണ്ടിനുമാത്രമേ ഒരു പ്രത്യേക ജാതി ആലിൽ പരാഗണം നടത്താൻ കഴിയൂ. വണ്ടുകളുടെ പ്രത്യുത്പാദനത്തിനു ആൽമരങ്ങളുമാവശ്യമാണ്.

അരയാലിൽ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്സ് (Blastophage Quadraticeps) എന്നയിനം ഷഡ്‌പദമാണ്. അരയാലിന്റെ പൂക്കൾ വളരെ ചെറിയതാണ്. വണ്ടുകളും വളരെ ചെറിയവയാണ്. അരയാലിന്റെ പൂക്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ടാവും. പൂങ്കുലയെ പൊതിഞ്ഞുകൊണ്ട് ഒരു തോടുണ്ടാവും. തോടിനുള്ളിലേക്ക് വളരെ ഇടുങ്ങിയ വഴിയാണുണ്ടാവുക. പരാഗണസമയമാകുമ്പോൾ പെൺപൂക്കൾ പുറപ്പെടുവിക്കുന്ന ഗന്ധം തേടിയെത്തുന്ന പെൺ‌വണ്ടുകൾ പൂന്തോടിന്റെ(Cyconium) ഉള്ളിലേക്കുള്ള ഇടുങ്ങിയ ദ്വാരത്തിലൂടെ പുങ്കുലയിലേക്ക് ഇറങ്ങുന്നു. ഈ സമയ്ത്ത് വണ്ടുകളുടെ ചിറകുകൾ ആ ദ്വാരത്തിന്റെ വശങ്ങളിലുരസി നഷ്ടപ്പെടുന്നു. പിന്നീട് പരാഗണം നടത്തുകയും വണ്ടുകൾ പൂക്കളിൽ തന്നെ മുട്ടയിടുകയും ചെയ്യുന്നു. വണ്ട് അകത്തു കയറിയാൽ പൂന്തോടിന്റെ സുഷിരം താനേ അടഞ്ഞുപോകുന്നു. മറ്റു പ്രാണികളിൽ നിന്നും രക്ഷനേടുവാനാണിത്. തുടർന്ന് പെൺ‌വണ്ടുകൾ പൂവിനകത്തു തന്നെ മരിക്കുന്നു. പൂവിനകത്തിട്ട ആൺ‌മുട്ടകളണ് ആദ്യം വിരിയുക. ബലമേറിയ വായുള്ള ആൺ‌വണ്ടുകൾ പുറത്തു വരുന്നു. ഈ ആൺ വണ്ടുകളാണ് പെൺ‌വണ്ടുകൾ വിരിയാനുള്ള മുട്ടകൾ പൊട്ടിച്ചു കൊടുക്കുന്നത്. പെൺ‌വണ്ടുകൾക്ക് ബലമുള്ള വായഭാഗം ഇല്ലാത്തതു കൊണ്ടാണിത്. പിന്നീട് പൂന്തോടിനകത്തു വച്ചുതന്നെ ഇണചേർന്നശേഷം ആൺ‌വണ്ടുകൾ ചത്തുപോകുന്നു. പെൺവണ്ടുകൾ പുതിയ പൂങ്കുലയും തേടി പോവുകയും ചെയ്യുന്നു. അരയാലിന്റെ വിത്തുകൾ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നുപോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു.

ആവാസവ്യവസ്ഥകൾ

തിരുത്തുക
 
ആലമരത്തിന്റെ മടക്കുകളിൽ വളരുന്ന ചെടികൾ

ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആലുകളാദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടർന്നെന്നു കരുതുന്നു. ഹിമാലയൻ പ്രാന്ത പ്രദേശങ്ങളിൽ ധാരാളമായി കാണുന്നു. ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക മുതലായിടങ്ങളിൽ നട്ടു വളർത്താറുണ്ട്. വിത്തുമൂലം പ്രവർദ്ധനം നടത്താം, ചെറിയ കമ്പുകൾ വെട്ടി നട്ടു മുളപ്പിക്കാമെങ്കിലും നന്നായി വളരാറില്ല. മറ്റുവൃക്ഷങ്ങളുടെ ശാഖകളിലോ ഭിത്തികളിലോ ആണ് ആദ്യം വളർച്ച ആരംഭിക്കുന്നത്. കാലം ചെല്ലുമ്പോൾ ഇതിന്റെ വേരുകൾ ഭിത്തിപൊട്ടിക്കുകയോ ആതിഥേയ വൃക്ഷത്തെ ഞെരുക്കികളയുകയോ ചെയ്യുന്നു.[അവലംബം ആവശ്യമാണ്]

ഉപയോഗങ്ങൾ

തിരുത്തുക

പെട്ടികൾ, ചക്രങ്ങൾ, പാത്രങ്ങൾ മുതലായവ ഉണ്ടാക്കാൻ അരയാലിന്റെ തടി ഉപയോഗിക്കാറുണ്ട്. വാഹനങ്ങളുടെ ടയറിന്റെ ട്യൂബിലുണ്ടാകുന്ന സുഷിരങ്ങളടക്കാൻ അരയാലിന്റെ കറ ഉപയോഗിക്കാറുണ്ട്. പട്ടയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങൾക്കായുപയോഗിക്കാറുണ്ട്. മരപ്പട്ടയുടെ കറ വ്രണങ്ങൾ ഭേദപ്പെടുത്താനുപയോഗിക്കാറുണ്ട്.[10] നാൽപാമരം എന്ന ആയുർവേദമരുന്നു കൂട്ടിലെ ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിക്കാറുണ്ട്[11].

രാസഘടകങ്ങൾ

തിരുത്തുക

ഇതിന്റെ തടിയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. കൂടാതെ ആൽക്കലോയിഡുകൾ, മിനറലുകൾ വൈറ്റമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.[12]

രസഗുണങ്ങൾ

തിരുത്തുക

ഔഷധഗുണം

തിരുത്തുക

ആൽമരത്തിന്റെ ഇളം തണ്ടുകൾ, കായ്കൾ എന്നിവ ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങൾക്കും വൃണങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ തടി കരൾ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്നു.[14]

വിവിധ സംസ്കാരങ്ങളിൽ

തിരുത്തുക
 
ഭാരതരത്നം- ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ആലിലയുടെ ആകൃതിയിലുള്ളതാണ്‌
  •  
    പൊന്നാനി ഭാരതപ്പുഴ തീരത്ത് വളരുന്ന ഒരു അരയാൽ.
    കേരളത്തിൽ അരയാലിലനും ആര്യവേപ്പിനും അടുത്തിടെ വിവാഹം നടത്തിയത് വാർത്തയായിരന്നു, അരയാലിനെ പോലെ ആര്യ വേപ്പും ബുദ്ധമതസംഭാവനയാണ്‌.
  • ഹിന്ദുക്കളുടേയും ബുദ്ധമതക്കരുടേയും പവിത്ര വൃക്ഷമാണ്‌ ഇത്.
  • ക്രിസ്ത്യാനികൾ വരെ അവരുടെ താലിമാലയിൽ ആലിലയുടെ രൂപമാണ്‌ ഉപയോഗിച്ചിരുന്നത്. അടുത്തകാലത്ത് കുരിശും ആലിലയോട് ചേര്ക്കപ്പെട്ടിട്ടുണ്ട്.
  • ഭാരതരത്ന പുരസ്ക്കാരം ആലിലയുടെ രൂപത്തിലാണ്‌
  • ഹൈന്ദവ ആചാരപ്രകാരം ജ്യോതിഷത്തിൽ ഓരോ ജന്മ നക്ഷത്രത്തിലും ജനിച്ചവർ പ്രത്യേകതരം വൃക്ഷത്തെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുകവഴി സൗഭാഗ്യം ഉണ്ടാകും എന്ന് പറയപ്പെടുന്നു. അങ്ങനെ പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ വൃക്ഷമാണ്‌ അരയാൽ.[15]

ഹിന്ദുക്കൾ വൃക്ഷരാജനായ അരയാൽ വൃക്ഷത്തിന്റെ താഴ്ഭാഗത്ത്(വേരിൽ) ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുന്നതായി സ്ങ്കൽപ്പിക്കുന്നു. അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ ചൊല്ലേണ്ടമന്ത്രമിതാണ്,[16]

മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതഃ വൈഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. ശ്രീനിവാസൻ, കെ.ആർ. (1998). ടെമ്പിൾസ് ഒഫ് സൗത്ത് ഇന്ത്യ. ഇന്ത്യ: നാഷണൽ ബുക്ക് ട്രസ്റ്റ്. ISBN 81-237-2251-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ഥാപ്പർ, റോമിള (2002). Early India From the Origins to AD1300. ന്യൂഡൽഹി: പെൻഗ്വിൻ ബുക്സ്. ISBN 0-14-302989-4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. ശ്രീനിവാസൻ, കെ.ആർ. (1998). ടെമ്പിൾസ് ഒഫ് സൗത്ത് ഇന്ത്യ. ഇന്ത്യ: നാഷണൽ ബുക്ക് ട്രസ്റ്റ്. ISBN 81-237-2251-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. അകനാനൂറ് വാല്യം രണ്ട്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
  6. "Jaya Siri Maha Bodhi" (in ഇംഗ്ലീഷ്). Archived from the original on 2011-07-18. {{cite web}}: Cite has empty unknown parameters: |month= and |coauthors= (help)
  7. "The Bodhi Tree - Ficus religiosa" (in ഇംഗ്ലീഷ്). Archived from the original on 2007-07-01. Retrieved 2007. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |month= and |coauthors= (help)
  8. [https://web.archive.org/web/20080410134110/http://www.divineremedies.com/ficus_religiosa.htm Archived 2008-04-10 at the Wayback Machine. Botanical description എന്ന ഭാഗം നോക്കുക
  9. അന്യമാകുന്ന അരയാൽ: ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 ഓഗസ്റ്റ് 27-സെപ്റ്റംബർ 2
  10. ഇന്ത്യയിലെ മരങ്ങൾ, ആർ ചന്ദ്രമോഹൻ, എം.എ. രാധികാറാണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1975, പേജ്-82
  11. "Nature lovers to the rescue of grand old mahogany". The Hindu. 23 ഡിസംബർ 2003. Archived from the original on 2008-05-28. Retrieved 10 ജൂലൈ 2010. The `arayaal' is also one among the four Ficus varieties_ `Athi', `Ithi', `Arayaal' and `Peraal', which together constitute `Nalpamaram'
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-09. Retrieved 2010-03-14.
  13. ആയുർ‌വേദിക് മെഡിസിനൽ പ്ലാന്റ്സ് Archived 2010-04-16 at the Wayback Machine. എന്ന സൈറ്റിൽ നിന്നും
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-07. Retrieved 2010-03-14.
  15. http://thenmala.info/trees.html
  16. SK Balakrishanan Nair, Tree in our neighbourhood- page 42, Kerala Calling 2012.
"https://ml.wikipedia.org/w/index.php?title=അരയാൽ&oldid=3907292" എന്ന താളിൽനിന്ന് ശേഖരിച്ചത്