ത്രിമൂർത്തികൾ

ഹിന്ദുമതത്തിലെ ദൈവങ്ങൾ
(ത്രിമൂർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവന്മാരാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, ശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്. തന്മൂലം മഹാവിഷ്ണുവിൽ ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും കൽപ്പിക്കുന്നു.

ത്രിമൂർത്തികൾ - ബ്രഹ്മാവ്, വിഷ്ണു, ശിവൻ - എല്ലോറയിലെ ശിൽപ്പം

ഐതീഹ്യം

തിരുത്തുക

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ അനന്തശയനത്തിൽ ശയിക്കുന്ന പരമാത്മാവായ മഹാവിഷ്ണുവിന്റെ മുൻപിൽ ആദിപരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. അതേസമയം മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവും. ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് പരമശിവനും ജനിച്ചു. തുടർന്ന്‌ ബ്രഹ്മാവ്‌ നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

മഹത്ത്വം

തിരുത്തുക

ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹർഷി പരമശിവൻ പാർവതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന ഭഗവാൻ വിഷ്ണുവിനെ താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവിട്ടി.പെട്ടെന്നുണർന്ന ഭഗവാൻ വിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി സാക്ഷാൽ വിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ അറിയിച്ചു.

വിഷ്ണുവും,പരമശിവനും ശിവന്റെ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തന്മാരാൽ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂജിക്കപ്പെടുമ്പോൾ ബ്രഹ്മാവ് അത്രതന്നെ പ്രാചുര്യത്തോടെ പൂജിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്നില്ല. രാജസ്ഥാനിലെ പുഷ്കർ, കേരളത്തിലെ ചെറുതിരുനാവായ, മിത്രാനന്ദപുരം (തിരുവനന്തപുരം) തുടങ്ങി അപൂർവ്വം ക്ഷേത്രങ്ങളിലെ ബ്രഹ്മാവിന് പ്രതിഷ്ഠയുള്ളൂ.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ത്രിമൂർത്തികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ത്രിമൂർത്തികൾ&oldid=4102663" എന്ന താളിൽനിന്ന് ശേഖരിച്ചത്