തിരുവഞ്ചിക്കുളം ശിവക്ഷേത്രം

തൃശൂര്‍ ജില്ലയിലെ ഹിന്ദു ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ തിരുവഞ്ചിക്കുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവൻ‍ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ 33 ഉപദേവതകളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രമാണിത്. ഇവരിൽ പന്ത്രണ്ടുപേർ ശിവന്റെ തന്നെ വിവിധ രൂപഭേദങ്ങളാണ്. കൂടാതെ, പാർവ്വതീദേവി, ഗംഗാദേവി, ദുർഗ്ഗാദേവി, ഭദ്രകാളി, ഗണപതി (രണ്ട് പ്രതിഷ്ഠകൾ), അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, സപ്തമാതൃക്കൾ, വീരഭദ്രൻ, ചണ്ഡികേശ്വരൻ, നാഗദൈവങ്ങൾ, ഉണ്ണിത്തേവർ (ശിവഭൂതം), ഭൃംഗീരടി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ തുടങ്ങി വേറെയും ഉപപ്രതിഷ്ഠകളുണ്ട്. തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് അല്പം കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ശൈവരുടെ ഭക്തിസാഹിത്യത്തിൽ പരാമർശിതമായ ഏക കേരളീയ ക്ഷേത്രം ഇതാണ് [1]. ശൈവസിദ്ധന്മാരുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെ. ക്ഷേത്രത്തിൽ ദിവസേനയുള്ള പള്ളിയറ പൂജ (ദമ്പതിപൂജ, ഉമാമഹേശ്വരപൂജ) പ്രധാനമാണ്. രാത്രി നടയടച്ചശേഷമാണ് ഈ പൂജ നടത്തുന്നത്. നിത്യേന പള്ളിയറ പൂജ നടക്കുന്ന കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. പള്ളിയറ പൂജ തൊഴുന്നത് മംഗല്യലബ്ധിയ്ക്കും ദീർഘമംഗല്യത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ചാണ് ഈ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ശിവരാത്രിയ്ക്ക് തൊട്ടുമുമ്പ് വരുന്ന അഷ്ടമിനാളിൽ കൊടിയേറുന്ന ഉത്സവം, ശിവരാത്രി കഴിഞ്ഞുവരുന്ന അമാവാസി നാളിൽ ആറാട്ടോടെ അവസാനിയ്ക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. കൂടാതെ ധനുമാസത്തിൽ തിരുവാതിരയും വിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ThiruvanchikulamTemple.JPG

ഐതിഹ്യംതിരുത്തുക

കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് തിരുവഞ്ചിക്കുളം ക്ഷേത്രം. ഐതിഹ്യമനുസരിച്ച് ഇവിടത്തെ സ്വയംഭൂവായ ശിവനെ പ്രതിഷ്ഠിച്ചത് പരശുരാമനാണ്. തന്റെ അമ്മയായ രേണുകാദേവിയെ വധിച്ച പാപത്തിൽ നിന്ന് മുക്തിനേടാൻ പരശുരാമൻ ദീർഘകാലം ഇവിടെ തപസ്സിരിയ്ക്കുകയും, തപസ്സിനൊടുവിൽ പ്രത്യക്ഷപ്പെട്ട ശിവനെ അദ്ദേഹം കുടുംബസമേതനായി ആവാഹിച്ച് ഇപ്പോഴത്തെ ശ്രീലകത്ത് കുടിയിരുത്തുകയും ചെയ്തു എന്നാണ് കഥ. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്ത് നിത്യം പൂക്കുന്ന ഒരു കണിക്കൊന്നമരമുണ്ട്. ഇതിന് ചുവട്ടിലിരുന്നാണ് പരശുരാമൻ ധ്യാനിച്ചതത്രേ. പിന്നീട്, തന്റെ തപസ്സിന്റെ ഓർമ്മയ്ക്കായി അദ്ദേഹം ഇതിന് ചുവട്ടിലും ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ഈ പ്രതിഷ്ഠ കൊന്നയ്ക്കൽ ശിവൻ എന്നറിയപ്പെടുന്നു. ശിവരാത്രിയ്ക്ക് തൊട്ടുമുമ്പുള്ള ഏകാദശിനാളിലും ധനുമാസത്തിലെ തിരുവാതിരനാളിലും ഈ പ്രതിഷ്ഠയുടെ മുന്നിൽ വച്ച് പാണ്ടിമേളം പതിവുണ്ട്.

എ.ഡി. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവസന്യാസിയായിരുന്ന സുന്ദരമൂർത്തി നായനാർ ഈ ക്ഷേത്രത്തിൽ വച്ച് ശിവന്റെ കീർത്തനങ്ങൾ പാടിയെന്നും ആ സമയത്ത് ശിവൻ പദം ചേർത്ത് നൃത്തം ചെയ്തു എന്നും ചിലമ്പൊലി ക്ഷേത്രത്തിൽ അലയടിച്ചു എന്നും ഐതിഹ്യമുണ്ട്.[2] ശിവൻ ഇങ്ങോട്ട് മഹാശിവരാത്രിനാളിൽ പത്നീസമേതനായി എഴുന്നള്ളുന്നു എന്നും വിശ്വാസമുണ്ട്. വിവാഹം വൈകുന്ന കന്യകകൾ ഇവിടെ വന്ന് പള്ളിയറ പൂജ നേർന്നാൽ ഉടൻ വിവാഹം നടക്കും എന്നും വിവാഹിതരായിട്ടുള്ളവർ ദീർഘസുമംഗലികളാകാനായി ഇവിടെ വന്ന് പ്രാർത്ഥിയ്ക്കണം എന്നും വിശ്വാസങ്ങളുണ്ട്. എല്ലാ ദിവസവും ഈ പൂജയുണ്ടെങ്കിലും പൗർണ്ണമിദിവസവും തിങ്കളാഴ്ചകളിലും നടക്കുന്ന പൂജ അതിവിശേഷമായി കണക്കാക്കപ്പെടുന്നു; പൗർണ്ണമിയും തിങ്കളാഴ്ചയും കൂടിവരുന്ന ദിവസം അത്യന്തവിശേഷമായും.

ചരിത്രംതിരുത്തുക

ഇന്ത്യാ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. ചേരരാജാക്കന്മാരുടെ കുടുംബക്ഷേത്രം എന്ന പേരിൽ ഇതിനു പ്രാധാന്യം കൈവരുന്നത്. രണ്ടാം ചേരസാംരാജ്യ കാലഘട്ടത്തിൽ , ചേരമാൻ പെരുമാളുടെ സമയത്താണ് പുതിയ ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. അതിനു മുമ്പുള്ള ആദ്യചേരരുടെ കാലത്ത് ഇത് ഒരു ചെറിയ ക്ഷേത്രമായിരുന്നു. പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും വലിയ ശിവഭക്തരായിരുന്നു. ശിവകീർത്തങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ അവർ നടന്നുവെന്നും വയസ്സുകാലത്ത്, അവർ ഇരുവരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വച്ച് സ്വർഗ്ഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം. കർക്കടകമാസത്തിലെ ചോതിനാളിലാണ് ഇരുവരും സ്വർഗ്ഗാരോഹണം ചെയ്തതത്രേ. സുന്ദരമൂർത്തി ഐരാവതത്തിന്റെ പുറത്തും പെരുമാൾ കുതിരപ്പുറത്തും സ്വർഗ്ഗത്തിലേയ്ക്ക് യാത്രചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും ഈ ദിവസം ക്ഷേത്രത്തിൽ അതിവിശേഷമായി കൊണ്ടാടപ്പെടുന്നു.

പെരിയപുരാണത്തിലും തേവാരപതികങ്ങളിലും അഞ്ചൈക്കുളം എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിന്റേതായിത്തീർന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചികുളത്തിന്‌ ലഭിച്ചു.

ഈ ക്ഷേത്രം 1780-ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിനാൾ ഡച്ചുകാർ ആക്രമിച്ചിട്ടുണ്ട്. ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1801-ൽ കൊച്ചി സർക്കാർ ക്ഷേത്രം പുതുക്കി പണിത് പുന:പ്രതിഷ്ഠ നടത്തി. ചിദംബര ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോൾ തിരുവഞ്ചിക്കുളം ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്.

ക്ഷേത്രവാസ്തുശില്പവിദ്യതിരുത്തുക

ക്ഷേത്രപരിസരവും മതിലകവുംതിരുത്തുക

ക്ഷേത്രപരിസരംതിരുത്തുക

തിരുവഞ്ചിക്കുളം ദേശത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, പടിഞ്ഞാറുഭാഗത്തുനിന്നാണ് ദർശനത്തിന് ഏറ്റവും സൗകര്യമുള്ളത്. ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കുമാറി കൊടുങ്ങല്ലൂർ കായലിന്റെ ഒരു കൈവഴിയുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടെ കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയും ദേശീയപാത 66-ഉം കടന്നുപോകുന്നു. ഭാരതത്തിലെ ആദ്യ മുസ്ലീം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദ്‌, ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ നടയിൽ വലിയൊരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. മുകളിൽ ബ്രഹ്മാവ്, നടുക്ക് വിഷ്ണു, അടിയിൽ ശിവൻ എന്നതാണ് ക്രമം. അരയാലിന് കീഴിലായി ഏതാനും ദേവപ്രതിഷ്ഠകളും കാണാം. പ്രത്യേകരൂപത്തോടുകൂടിയ ഒരു ശിവരൂപം അതിൽ പ്രധാനമാണ്. നിത്യവും ഇവിടെ വിളക്കുവയ്പുണ്ട്.

ക്ഷേത്രം വക കല്യാണമണ്ഡപം പടിഞ്ഞാറേ നടയിൽ തെക്കേ വരിയിലാണ് സ്ഥിതിചെയ്യുന്നത്. വടക്കേ വരിയിൽ പ്രത്യേകം തീർത്ത മതിലകത്ത് ശ്രീകോവിൽ മാത്രമായി ചെറിയൊരു ക്ഷേത്രമുണ്ട്. ഇവിടെയും ശിവപ്രതിഷ്ഠയാണുള്ളത്. കൊട്ടാരത്തിൽ ശിവൻ എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറായി ചെറിയൊരു കുളം കാണാം. രാമഞ്ചിറ എന്നറിയപ്പെടുന്ന ഈ കുളം പ്രദേശത്തെ പ്രധാന ജലസ്രോതസ്സുക്കളിലൊന്നാണ്. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പ്രവേശനകവാടങ്ങൾ കാണാം. മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരം, ക്ഷേത്രത്തിന്റെ പ്രൗഢി വ്യക്തമാക്കിക്കൊണ്ട് നിലകൊള്ളുന്നു. പടിഞ്ഞാറേ ഗോപുരം ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ തകർന്ന നിലയിൽ തന്നെയാണ് ഇപ്പോഴും കാണപ്പെടുന്നത്. ഗോപുരത്തിനടുത്ത് ചെറിയൊരു ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠയാണുള്ളത്. ഗോപുരത്തിൽ തേവർ എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നു. സാധാരണ ഉയരമുള്ള ശിവലിംഗമാണ് ഇവിടെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഇവിടെയുള്ള ഭഗവാനെ തൊഴുതാണ് ഭക്തർ പ്രധാന ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിന് പോകുന്നത്. ഗോപുരത്തിന് വടക്കുഭാഗത്ത് നെടുനീളത്തിലുള്ള കെട്ടിടത്തിൽ ദേവസ്വം ഓഫീസ് പ്രവർത്തിയ്ക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവഞ്ചിക്കുളം ദേവസ്വം. ഏകദേശം പതിനഞ്ച് ക്ഷേത്രങ്ങൾ ഇതിന് കീഴിലുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒരു ഗ്രൂപ്പ് പ്രവർത്തിയ്ക്കുന്നതും തിരുവഞ്ചിക്കുളത്തു തന്നെയാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി എന്നീ താലൂക്കുകളിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും തിരുവഞ്ചിക്കുളം ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്.

മതിലകംതിരുത്തുക

ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് തിരുവഞ്ചിക്കുളം ക്ഷേത്രത്തിനുള്ളത്. ഇതിനകത്തായി രണ്ട് തീർത്ഥക്കുളങ്ങളും പെടും. വലിയ ആനപ്പള്ളമതിലാണ് ക്ഷേത്രത്തെ താങ്ങിനിർത്തുന്നത്. അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ ഒരു നടപ്പുര പണിതിരിയ്ക്കുന്നത് കാണാം. സാമാന്യം വലുതാണ് ഈ നടപ്പുര. ഇവിടെ ചെറിയൊരു വഴിപാട് കൗണ്ടർ പണിതിട്ടുണ്ട്. പ്രസിദ്ധമായ ദമ്പതീപൂജ കൂടാതെ ശംഖാഭിഷേകവും ധാരയുമാണ് തിരുവഞ്ചിക്കുളത്തപ്പന് പ്രധാന വഴിപാടുകൾ. കൂടാതെ, പിൻവിളക്ക്, കൂവളമാല, ശർക്കരപ്പായസം തുടങ്ങിയവയും വിശേഷമാണ്. നാലമ്പലത്തിന്റെ പടിഞ്ഞാറേ വാതിലിനടുത്തായി മറ്റൊരു ശ്രീകോവിൽ കാണാം. ഇവിടെയും ശിവനാണ് പ്രതിഷ്ഠ. നടയ്ക്കൽ തേവർ എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഇവിടെയും സാധാരണ വലുപ്പമുള്ള ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. പ്രദക്ഷിണം വച്ചുവരുമ്പോൾ ഈ ശിവനെയാണ് അവസാനം വന്ദിയ്ക്കാറുള്ളത്. ഇതുപോലെ നിരവധി ശിവപ്രതിഷ്ഠകൾ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലുണ്ട്.

വടക്കുപടിഞ്ഞാറുഭാഗത്ത് അടുത്തടുത്തുള്ള രണ്ട് ശ്രീകോവിലുകളിൽ സുബ്രഹ്മണ്യസ്വാമിയും ദുർഗ്ഗാദേവിയും കുടികൊള്ളുന്നു. ഇവയിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. കാരണം, മറ്റ് ഉപദേവതകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ മുന്നിൽ നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. ദേവീവിഗ്രഹം ശിലാനിർമ്മിതമാണ്. ഏകദേശം മൂന്നടി ഉയരം വരും. ചതുർബാഹുവായ ദേവിയുടെ നാലുകൈകളിലും ശംഖ്, ചക്രം, വരദാഭയമുദ്രകൾ എന്നിവ കാണാം. തൊട്ടുതെക്കുള്ള സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിൽ ചതുർബാഹുവായ ദേവസേനാപതിയുടെ രൂപത്തിലാണ് പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും ധരിച്ച ഭഗവാന്റെ മുന്നിലെ ഇരുകൈകളിലും വരദാഭയമുദ്രകളാണ്. വലതുചുമലിൽ വേലും കാണാം. രണ്ട് പ്രതിഷ്ഠകളും കിഴക്കോട്ട് ദർശനമായാണ്.

സുബ്രഹ്മണ്യനെയും ദുർഗ്ഗാദേവിയെയും തൊഴുത് പ്രദക്ഷിണം വച്ചുവരുമ്പോൾ ഗംഗാദേവിയുടെ പ്രതിഷ്ഠ കാണാം. ചെറിയൊരു കുളത്തിന്റെ രൂപത്തിലാണ് ഈ പ്രതിഷ്ഠ. ശിവഭഗവാന്റെ ജടയിലെ നിത്യസാന്നിദ്ധ്യമായ ഗംഗാദേവിയ്ക്ക് ഇവിടെ സവിശേഷപ്രാധാന്യം നൽകിവരുന്നു. ഈ തീർത്ഥക്കുളത്തിലെ ജലം കുടിയ്ക്കാനോ അശുദ്ധമാക്കാനോ പാടില്ലെന്നാണ് ചിട്ട. കുളത്തിന്റെ കിഴക്കായി പ്രത്യേകം തീർത്ത തറയിൽ ഒരു കണ്ണാടിബിംബം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിലാണ് പൂജകൾ നടത്തുന്നത്. ഗംഗാദേവിയുടെ നടയ്ക്കടുത്താണ് ക്ഷേത്രം വക ഊട്ടുപുരയും. വിശേഷദിവസങ്ങളിൽ ഇവിടെ ഊട്ടുണ്ടാകാറുണ്ട്.

പിന്നെയും പ്രദക്ഷിണം വയ്ക്കുമ്പോൾ വടക്കുകിഴക്കുഭാഗത്ത് നിത്യവും പൂക്കുന്ന കൊന്നമരം കാണാം. ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കൊന്നമരം. ഐതിഹ്യപ്രകാരം പരശുരാമൻ മാതൃഹത്യാപാപം തീർക്കാൻ തപസ്സിരുന്നതും അദ്ദേഹത്തിന് ശിവദർശനം ലഭിച്ചതുമായ ഈ സ്ഥലത്ത് അതിന്റെ ഓർമ്മയ്ക്ക് മറ്റൊരു ശിവപ്രതിഷ്ഠ നടത്തി. ഇതാണ് ഇന്ന് കൊന്നയ്ക്കൽ ശിവൻ എന്നറിയപ്പെടുന്നത്. വളരെ ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. നിത്യവും പൂക്കുന്ന കൊന്നപ്പൂക്കളാൽ മൂടപ്പെട്ട്, പ്രകൃതിയൂടെ പഞ്ചോപചാരങ്ങളും ഏറ്റുവാങ്ങിക്കഴിയുന്ന ഈ ശിവന്റെ മുന്നിലാണ് കുംഭമാസത്തിലെ കറുത്ത ഏകാദശിയ്ക്കും ധനുമാസത്തിലെ തിരുവാതിരയ്ക്കും രാത്രി പാണ്ടിമേളം അരങ്ങേറുന്നത്. ഇത് പ്രതിഷ്ഠയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൊന്നയ്ക്കൽ ശിവന്റെ അടുത്തുതന്നെയാണ് ക്ഷേത്രത്തിലെ വെടിപ്പുരയും സ്ഥിതിചെയ്യുന്നത്. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും ഇവിടെ വെടിയുണ്ടാകും. ഒരുവെടി, രണ്ടുവെടി, പത്തുവെടി അങ്ങനെ പലതരം വെടിവഴിപാടുകൾ ഇവിടെയുണ്ട്. വെടിപ്പുര കടന്നാൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്താം.

കിഴക്കേ നടയിൽ സ്ഥലസൗകര്യം വളരെ കുറവാണ്. എന്നാലും, ദർശനത്തിന് അതൊരു തടസ്സമല്ല. കിഴക്കേ നടയിലും ഒരു നടപ്പുര കാണാം. ഇവിടെ വച്ചാണ് ക്ഷേത്രത്തിൽ ചോറൂൺ, വിവാഹം, ഭജന തുടങ്ങിയ കാര്യങ്ങൾ നടത്താറുള്ളത്. ഇതിനപ്പുറം, ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം കാണാം. നാല്പതടിയോളം ഉയരം വരുന്ന ഈ കൊടിമരത്തിന്റെ ചുവട്ടിലായി അഷ്ടദിക്പാലകരുടെ പ്രതിഷ്ഠകൾ കാണാം. ചെമ്പുകൊടിമരം മാറ്റി സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ആലോചനകൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. പ്രധാനപ്രതിഷ്ഠയായ ശിവന്റെ സ്വയംഭൂലിംഗം ഭൂനിരപ്പിനോട് ചേർന്നായതിനാൽ ഇവിടെ പ്രധാന ബലിക്കല്ലിന് ഉയരം വളരെ കുറവാണ്. പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ സാധിയ്ക്കില്ല.

തെക്കുകിഴക്കേമൂലയിൽ കുളപ്പുരയോടുകൂടിയ ചെറിയൊരു തീർത്ഥക്കുളം കാണാം. അഗ്നികോണിൽ കുളം വരുന്നത് അത്യപൂർവ്വമാണെന്നതിനാൽ ഇത് സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനം നടത്താറുള്ളത്. പുറത്തെ കുളത്തിൽ കുളിച്ചുവന്നശേഷമേ ഇവിടെ കുളിയ്ക്കാറുള്ളൂ. കുളം കഴിഞ്ഞ് അല്പം കൂടി നടന്നാൽ ശിവസ്വരൂപമായ ദക്ഷിണാമൂർത്തി കുടികൊള്ളുന്ന കൊച്ചുശ്രീകോവിലിന് മുന്നിലെത്താം. സാധാരണയായി തെക്കോട്ട് ദർശനം നൽകുന്ന ദക്ഷിണാമൂർത്തി, ഇവിടെ കിഴക്കോട്ടാണ് ദർശനം നൽകുന്നത്. ഇത് വലിയൊരു പ്രത്യേകതയാണ്. ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. ദക്ഷിണാമൂർത്തിയുടെ നടയ്ക്കടുത്തായി ചെറിയൊരു തീർത്ഥക്കിണർ കാണാം. ഇവിടെ നിത്യവും വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കൾ കാണാം.

ദക്ഷിണാമൂർത്തിയെ തൊഴുത് പ്രദക്ഷിണം തുടരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് മേൽക്കൂരയില്ലാത്ത ചെറിയൊരു ശ്രീകോവിൽ കാണാം. ഇവിടെ ഒരു പീഠത്തിലായി മൂന്ന് പ്രതിഷ്ഠകളാണുള്ളത് - തെക്കുവശത്ത് ഹനുമാൻ, നടുക്ക് അയ്യപ്പൻ, വടക്കുവശത്ത് നാഗദൈവങ്ങൾ. ഇടതുകയ്യിൽ ഗദ പിടിച്ച് വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെ ഹനുമദ്പ്രതിഷ്ഠ. അയ്യപ്പന്റെ രൂപം ശബരിമലയിലേതുപോലെത്തന്നെ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവുമടങ്ങുന്നതാണ് ഇവിടെയുള്ള നാഗപ്രതിഷ്ഠ. വലിയൊരു ആൽമരത്തിന്റെ ചുവട്ടിലാണ് ഈ പ്രതിഷ്ഠകൾ. ഇതിന് പുറകിലായി മറ്റൊരു കുളം കാണാം. ഇത് പക്ഷേ ഇപ്പോൾ പായൽ മൂടിയ നിലയിലാണ്. ഇതും കഴിഞ്ഞ് അല്പം കൂടി മുന്നോട്ടുപോയാൽ മറ്റൊരു ചെറിയ ശ്രീകോവിലിന് മുന്നിലെത്താം. ശിവഭേദമായ പശുപതിയാണ് ഇവിടെ പ്രതിഷ്ഠ. ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. പശുപതിയെയും നടയ്ക്കൽ തേവരെയും തൊഴുതുകഴിഞ്ഞാൽ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാകുന്നു.

ശ്രീകോവിൽതിരുത്തുക

ചതുരാകൃതിയിൽ തീർത്ത രണ്ടുനില ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒരടി മാത്രം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി തിരുവഞ്ചിക്കുളത്തപ്പൻ കുടികൊള്ളുന്നു. ശാന്തരൂപത്തിൽ സദാശിവഭാവത്തിലുള്ള ഭഗവാനായാണ് സങ്കല്പം.

നാലമ്പലംതിരുത്തുക

ഉപദേവതകൾതിരുത്തുക

കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള മഹാക്ഷേത്രമാണ് തിരുവഞ്ചിക്കുളം ക്ഷേത്രം. 33 ഉപദേവതകളാണ് മൊത്തം ഈ ക്ഷേത്രത്തിലുള്ളത്. ഗോപുരം തേവർ, ദക്ഷിണാമൂർത്തി, പശുപതി, നടയ്ക്കൽ ശിവൻ, സന്ധ്യാവേള ശിവൻ, പള്ളിയറ ശിവൻ, ഉണ്ണിത്തേവർ, കൊന്നയ്ക്കൽ തേവർ എന്നീ വിവിധഭാഗങ്ങളിൽ ശിവന്റെ ഉപപ്രതിഷ്ഠകൾ ഉണ്ട്. ഇവരെക്കൂടാതെ പാർവ്വതി, ഗംഗ, ദുർഗ്ഗ, ഭദ്രകാളി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. [2]

ഉത്സവങ്ങൾതിരുത്തുക

കൊടിയേറ്റുത്സവം, ശിവരാത്രിതിരുത്തുക

ധനു തിരുവാതിരതിരുത്തുക

കൊടുങ്ങല്ലൂർ ഭരണിതിരുത്തുക

ചോതി മഹോത്സവംതിരുത്തുക

മറ്റാചാരങ്ങളും ചടങ്ങുകളുംതിരുത്തുക

കർക്കിടകത്തിലെ ചോതിനാളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശൈവ ഭക്തർക്ക് ഇവിടെ ചോതി തിരുവിഴ എന്ന ആഘോഷം നടന്നുവരുന്നു. ചേരമാൻ പെരുമാൾ കൈലാസ യാത്ര ചെയ്തു എന്ന വിശ്വാസത്തെ അനുസ്മാരണാർത്ഥമാണ് തമിഴർ ഇത് ആഘോഷിക്കുന്നത്. ചോതിനാളിനു തലേന്ന് സുന്ദരമൂർത്തി നായനാരുടേയും പെരുമാളിന്റ്റേയും പഞ്ചലോഹ പ്രതിമകൾ വെള്ളാനപ്പുരത്ത് വച്ച് ഘോഷയാത്രയായിൽ കാവിലെ ശിവന്റെ നടയിൽ നിന്ന് ഘോഷയാത്രയായി തിരുവഞ്ചിക്കുളത്തേക്ക് വരുന്നു. തേവാരപ്പതികങ്ങൾ (തിരുകൈലായ ജ്ഞാന ഉല) സാമ്പ്രദായികമായ രീതിയിൽ പാടുന്ന പഴക്കവും ഉണ്ട് [3]

കൊടുങ്ങലൂർ ഭരണി ക്ക് വരുന്ന ഭക്തരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ തൊഴാൻ വരുന്നു. അശ്വതി കാവു തീണ്ടലിനു ദിവസങ്ങൾക്കു മുൻപേ എത്തുന്ന കോമരങ്ങളും മറ്റും കാവിൽ ഭരണിപ്പാട്ടു പാടി ആഘോഷപൂർവ്വം നടന്ന് തിരുവഞ്ചിക്കുളത്ത് പോയി തൊഴുന്നു.


ക്ഷേത്രത്തിന്റെ പ്രാധാന്യംതിരുത്തുക

 
കൊന്നക്കൽ തേവർ

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 33 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.

ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം. [4]

പ്രതിഷ്ഠതിരുത്തുക

ക്ഷേത്രത്തിലെ പ്രധാന മൂർത്തി ശിവനാണ്‌‍. സദാശിവഭാവമാണെന്ന് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്‌.

ഉപദേവതകൾതിരുത്തുക

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാശിവക്ഷേത്രം. ഗണപതി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ, ഭൃംഗീരടി, സന്ധ്യവേലയ്ക്കൽ ശിവൻ, പള്ളിയറ ശിവൻ, ശക്തി പഞ്ചാക്ഷരി, ഭഗവതി, പാർവ്വതി, പരമേശ്വരൻ, പ്രദോഷ നൃത്തം, സപ്തമാതൃക്കൾ, ഋഷഭം, ചണ്ഡികേശൻ, ഉണ്ണിതേവർ, അയ്യപ്പൻ, ഹനുമാൻ, നാഗരാജാവ്, പശുപതി, നടയ്ക്കൽ ശിവൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗാഭഗവതി, ഗംഗാഭഗവതി, കൊന്നയ്ക്കൽ ശിവൻ, കൊട്ടാരത്തിൽ തേവർ, നാഗയക്ഷി, ദക്ഷിണാമൂർത്തി, ആൽത്തറ ഗോപുടാൻ സ്വാമി തുടങ്ങിയവരാണ്‌.

വഴിപാടുകൾതിരുത്തുക

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്‌‍. ഇവിടെ അഞ്ചു പൂജകൾ നടത്തപ്പെടുന്നുണ്ട്. ക്ഷേത്രോത്സവം കുംഭമാസത്തിൽ നടത്തപ്പെടുന്നു. കറുത്ത വാവ് ആറാട്ട്. ഉത്സവം എട്ട് ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. ശിവരാത്രി ഇതിനിടയിലായതിനാൽ അന്ന് കൂടുതൽ വിശേഷം.

ചിത്രങ്ങൾതിരുത്തുക

ദമ്പതി പൂജ ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ്‌ .വിവാഹിതരാകാത്ത പെൺകുട്ടികൾക്ക് ഈ ക്ഷേത്രത്തിലെ രാത്രി ശീവേലിക്ക് ശേഷം നടത്തുന്ന പള്ളിയറ തൊഴുന്നത് വളരെ വിശേഷമാണ്‌.

അവലംബംതിരുത്തുക

  1. നാരായണൻ. 1996:189
  2. 2.0 2.1 Must See India, Best Travel Guide to India. "Thiruvanchikulam Mahadeva Temple, Kodungallur". Must See India. ശേഖരിച്ചത് 2017 ഫെബ്റുവരി 27. {{cite web}}: Check date values in: |access-date= (help)
  3. ആദർശ്, സി. (2010). Cultural identity of Kodungallur and Kerala consciousness. ഷോധഗംഗ / Sree Sankaracharya University of Sanskrit.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-24.