മാരാരിക്കുളം മഹാദേവക്ഷേത്രം
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2025 മാർച്ച്) |
കേരളത്തിൽ, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ-ചേർത്തല താലൂക്കുകളുടെയും മാരാരിക്കുളം വടക്ക്-തെക്ക് ഗ്രാമപഞ്ചായത്തുകളുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മാരാരിക്കുളം മഹാദേവക്ഷേത്രം. മാരനെ (കാമദേവനെ) വധിച്ചശേഷം അത്യുഗ്രഭാവത്തിലിരിയ്ക്കുന്ന ശിവഭഗവാനും ഭഗവാനെ പതിയായി കിട്ടാൻ തപസ്സിരിയ്ക്കുന്ന പാർവ്വതീദേവിയും മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ ആധാരദൈവവുമായ ധന്വന്തരിമൂർത്തിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ശിവനും പാർവ്വതിയും പരസ്പരം അഭിമുഖമായും സ്വയംഭൂവായും കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. ശിവൻ കിഴക്കോട്ടും പാർവ്വതി പടിഞ്ഞാറോട്ടും ദർശനമായിരിയ്ക്കുന്നു. ഇരുവർക്കും കൊടിമരങ്ങളുണ്ട്. മാരാരിക്കുളം എന്ന സ്ഥലനാമം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് വിശ്വാസം (മാരാരി-മാരന്റെ ശത്രു/അന്തകൻ, ശിവൻ). കുംഭമാസത്തിൽ കറുത്ത ഷഷ്ഠിനാളിൽ കൊടികയറി ശിവരാത്രിനാളിൽ പള്ളിവേട്ട കഴിച്ച് അമാവാസിനാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, കന്നിമാസത്തിൽ നവരാത്രി, തുലാമാസത്തിൽ ധന്വന്തരി ജയന്തി, വൃശ്ചികമാസത്തിൽ തൃക്കാർത്തിക, ധനുമാസത്തിൽ തിരുവാതിര എന്നിവയും അതിവിശേഷമാണ്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പ്രസിദ്ധമായ പടുതോൾ പാഴൂർ മന വക ഊരാണ്മക്ഷേത്രമാണിത്.[1]

ഐതിഹ്യം
തിരുത്തുകഇന്ന് ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ധന്വന്തരിക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. മണ്ണുവേലിൽ ക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം, സാമാന്യം നല്ല നിലയിൽ തന്നെ നടന്നുപോയിരുന്നു. അക്കാലത്ത് ഇവിടെ നിരവധി പൂക്കൈതകൾ വളർന്നിരുന്നു. അവയുടെ ഓല ഉപയോഗിച്ചുണ്ടാകുന്ന പായകൾ അടുത്തുള്ള ഗ്രാമങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പറമ്പിൽ ഓലചെത്താൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാനായി അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽ നിന്ന് രക്തപ്രവാഹം കാണുകയുണ്ടായി. പരിഭ്രാന്തയായ അവർ ഉടനെ അന്ന് ഇവിടെ താമസിച്ചിരുന്ന പടുതോൾ പാഴൂർ മനയിലെ വലിയ നമ്പൂതിരിയെ വിവരമറിയിച്ചു. മഹാശിവഭക്തനായിരുന്ന വലിയ നമ്പൂതിരി, ഉടനെത്തന്നെ സഹായികളോടുകൂടി സ്ഥലത്തെത്തുകയും സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ശൈശ്യം എന്നുപേരുള്ള പ്രത്യേകതരം പായസമുണ്ടാക്കി ഭഗവാന് നേദിച്ചു. ഇന്നും മാരാരിക്കുളത്തപ്പന്റെ പ്രധാന നിവേദ്യമാണ് ശൈശ്യം. അടുത്തുതന്നെ മറ്റൊരു സ്വയംഭൂശില കണ്ടെത്തിയ അദ്ദേഹം, അത് സ്വയംവരപാർവ്വതിയുടെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി പൂജകൾ തുടങ്ങി. അങ്ങനെ ഇരുവർക്കും തുല്യപ്രാധാന്യം നൽകി ഒരു മഹാക്ഷേത്രം പണിയിയ്ക്കാൻ നമ്പൂതിരി തീരുമാനിയ്ക്കുകയും അതനുസരിച്ച് ക്ഷേത്രനിർമ്മാണം നടക്കുകയും ചെയ്തു. മാരാരിയായ ശിവന്റെ സങ്കല്പമുള്ള ക്ഷേത്രം മൂലം സ്ഥലം മാരാരിക്കളം എന്നറിയപ്പെടാൻ തുടങ്ങി. ഇത് ലോപിച്ചാണ് മാരാരിക്കുളമായത്. ശിവപാർവ്വതിമാർക്ക് തുല്യപ്രാധാന്യമുള്ള ക്ഷേത്രമായതിനാൽ ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ടായി.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകമാരാരിക്കുളം ദേശത്തിന്റെ ഒത്ത നടുക്ക്, ദേശീയപാത 66-ൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറുമാറിയും, സമുദ്രത്തിൽ നിന്ന് രണ്ടുകിലോമീറ്റർ കിഴക്കുമാറിയുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പ്രവേശനകവാടത്തിനുമുകളിൽ ശിവന്റെയും പാർവ്വതിയുടെയും വിഷ്ണുവിന്റെയും രൂപങ്ങളും ഇരുവശങ്ങളിലുമായി ഗണപതിയുടെയും അയ്യപ്പന്റെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറേ നടയിലെ പ്രവേശനകവാടത്തിനുമുകളിൽ 2016-ൽ അതിമനോഹരമായ ഒരു ശിവപ്രതിമ സ്ഥാപിയ്ക്കുകയുണ്ടായി. അതീവ രൗദ്രഭാവത്തോടെ നിൽക്കുന്ന ശിവന്റെ മുഖമാണ് ഈ പ്രതിമയിൽ ആവിഷ്കരിച്ചിരിയ്ക്കുന്നത്. ഇന്ന് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്. മാരാരിക്കുളം പഞ്ചായത്തുകളുടെ ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സി.പി.ഐ. (എം) - കോൺഗ്രസ് പാർട്ടികളുടെ പ്രാദേശിക കാര്യാലയങ്ങൾ, പ്രസിദ്ധമായ മാരാരി ബീച്ച് റിസോർട്ട് തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായി പതിവുപോലെ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്ന അരയാലിന്റെ മുകൾഭാഗം ബ്രഹ്മാവിനെയും നടുഭാഗം വിഷ്ണുവിനെയും അടിഭാഗം ശിവനെയും പ്രതിനിധീകരിയ്ക്കുന്നു എന്നാണ് വിശ്വാസം. തന്മൂലം, അരയാലിനെ ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കുന്നു. നിത്യവും അരയാലിനെ ഏഴുതവണ വലംവച്ചുതൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നിലവിൽ ഒരുഭാഗത്തും ഗോപുരങ്ങളില്ല. അവ പണിയാൻ ആലോചനയുണ്ട്. വടക്കുകിഴക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ക്ഷേത്രക്കുളങ്ങളുമുണ്ട്. അവയിൽ രണ്ടാമത്തെ കുളത്തിന് കൂടുതൽ പ്രാധാന്യം കല്പിച്ചുവരുന്നു. ഹരിണതീർത്ഥം എന്നറിയപ്പെടുന്ന ഈ കുളത്തിലാണ് കടലിലെ ആറാട്ടിനുശേഷം ഭഗവാൻ വീണ്ടും വന്ന് ആറാടുന്നത്. ഇവിടെ വച്ചുതന്നെയാണ് കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിനാളുകളിൽ ബലിതർപ്പണം നടത്തുന്നതും.
കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിലെത്തുന്നത് വലിയ ആനക്കൊട്ടിലാണ്. താരതമ്യേന ചെറിയൊരു ആനക്കൊട്ടിലാണിത്. അതിനാൽത്തന്നെ വിസ്തരിച്ചുള്ള എഴുന്നള്ളിപ്പ് ഇവിടെ സാധ്യമാകില്ല. ഇവിടെ വച്ചുതന്നെയാണ് ചോറൂൺ, തുലാഭാരം, വിവാഹം, ഭജന തുടങ്ങിയ പരിപാടികളും നടക്കുന്നത്. ഇതിന് സമീപമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളിലൊരാളായ ശ്രീപാർവ്വതീദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന, ഏകദേശം ഒരടി ഉയരം വരുന്ന സ്വയംഭൂവിഗ്രഹമാണിവിടെയുള്ളത്. സ്വയംവരപാർവ്വതിയായാണ് പ്രതിഷ്ഠാസങ്കല്പം. ദേവിയ്ക്ക് നിത്യേന മൂന്നുപൂജകളും സന്ധ്യയ്ക്ക് ദീപാരാധനയുമുണ്ടാകാറുണ്ട്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ നന്ദിയെയും ദേവീവാഹനമായ സിംഹത്തെയും ശിരസ്സിലേറ്റുന്ന രണ്ട് കൊടിമരങ്ങൾ സ്ഥിതിചെയ്യുന്നത്. ഇവയിൽ മഹാദേവന്റെ നടയ്ക്കുനേരെയുള്ള ചെമ്പുകൊടിമരത്തിനാണ് പഴക്കവും ഉയരവും കൂടുതൽ. 2011-ൽ നടന്ന ദേവപ്രശ്നത്തിനനുസരിച്ചാണ് ദേവിയ്ക്ക് പ്രത്യേക കൊടിമരം പ്രതിഷ്ഠിയ്ക്കുന്നത്. ഇപ്പോൾ രണ്ട് കൊടിമരങ്ങളിലും ഒരുമിച്ച് കൊടിയേറ്റിയാണ് ഉത്സവം നടത്തുന്നത്. കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ശിവപാർവ്വതിമാരെ ഇതുപോലെ കാണാൻ സാധിയ്ക്കില്ല. ശിവന്റെ നടയിലെ കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെ കാണാൻ സാധിയ്ക്കുന്നത്. ഇത് ശ്രീകോവിലിന്റെ ഉയരക്കുറവ് കാണിയ്ക്കുന്നു. തറനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ല എന്നതിനാൽ പുറത്തുനിന്ന് നോക്കിയാൽത്തന്നെ ശിവലിംഗം വ്യക്തമായി കാണാൻ സാധിയ്ക്കും.
ക്ഷേത്രമതിലകത്ത് തെക്കുകിഴക്കുഭാഗത്ത് സ്റ്റേജ് പണിതിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ അരങ്ങേറും. അല്ലാത്തപ്പോഴും ഇവിടെ ധാരാളം കസേരകൾ കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് നവഗ്രഹങ്ങളുടെയും സമീപം യക്ഷിയമ്മയുടെയും പ്രതിഷ്ഠകളുണ്ട്. പതിവുപോലെ അഴികളോടുകൂടിയ ഒരു ശ്രീകോവിലിൽ, ഒറ്റക്കല്ലിൽ, പല ദിക്കുകളിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയും നവഗ്രഹപ്രതിഷ്ഠ. ഗ്രഹനായകനായ സൂര്യൻ നടുക്കും, മറ്റുള്ളവർ ചുറ്റും നിൽക്കുന്നു. സൂര്യന്റെ കിഴക്ക് ശുക്രനും, തെക്കുകിഴക്ക് ചന്ദ്രനും, തെക്ക് ചൊവ്വയും, തെക്കുപടിഞ്ഞാറ് രാഹുവും, പടിഞ്ഞാറ് ശനിയും, വടക്കുപടിഞ്ഞാറ് കേതുവും, വടക്ക് വ്യാഴവും, വടക്കുകിഴക്ക് ബുധനും സ്ഥാനം പിടിച്ചിരിയ്ക്കുന്നു. ഇവരിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചന്ദ്രൻ, ശനി എന്നിവർ പടിഞ്ഞാറോട്ടും ചൊവ്വ, രാഹു, കേതു എന്നിവർ തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനം നൽകുന്നു. എല്ലാ ദിവസവും ഇവർക്ക് വിശേഷാൽ പൂജകളും നവധാന്യസമർപ്പണവും നടത്താറുണ്ട്. നവഗ്രഹങ്ങളിൽ ഈശ്വരനായ ശനിയ്ക്ക് എള്ളുതിരി കത്തിയ്ക്കുന്നതും അതിവിശേഷമാണ്. നവഗ്രഹപ്രതിഷ്ഠയ്ക്ക് തൊട്ടുവടക്കായാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. പതിവിന് വിപരീതമായി ശ്രീകോവിലോടുകൂടിയ പ്രതിഷ്ഠയാണ് യക്ഷിയമ്മയ്ക്ക്. വാൽക്കണ്ണാടിയിൽ മുഖം നോക്കുന്ന സുന്ദരയക്ഷിയുടെ പ്രതിഷ്ഠയാണ് ഇവിടെ. വറപൊടിയാണ് യക്ഷിയമ്മയ്ക്ക് പ്രധാന നിവേദ്യം. ഇവയുടെ പുറകിലാണ് ഹരിണതീർത്ഥം സ്ഥിതിചെയ്യുന്നത്.
വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ഒരു അരയാലിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന രീതിയിൽ അലങ്കരിച്ചിട്ടുള്ള മരച്ചുവട്ടിൽ പരിവാരസമേതരായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ശൈവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകി നാഗരാജാവും, കൂട്ടത്തിൽ നാഗയക്ഷിയും നാഗകന്യകയും ചിത്രകൂടവും ഉത്തമമധ്യമാധമസർപ്പങ്ങളും അടക്കം ധാരാളം നാഗപ്രതിഷ്ഠകൾ ഇവിടെ കാണാം. എല്ലാം കിഴക്കോട്ടാണ് ദർശനം. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകളും തുലാമാസത്തിലെ ആയില്യത്തിന് അതിവിശേഷമായ സർപ്പബലിയുമുണ്ടാകാറുണ്ട്. ഇവിടെ നിന്ന് അല്പം വടക്കുമാറിയാണ് സ്ഥലത്തെ ആദ്യക്ഷേത്രമായ ധന്വന്തരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യകാലത്ത് മണ്ണുവേലിൽ ക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിലെ ധന്വന്തരിമൂർത്തിയെ, ഇന്ന് വടക്കനപ്പൻ എന്ന് വിശേഷിപ്പിയ്ക്കുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന ധന്വന്തരിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ അമൃതകുംഭം, മുന്നിലെ വലതുകയ്യിൽ അട്ട എന്നിവ ധരിച്ചിരിയ്ക്കുന്നു. പാൽപ്പായസം, കദളിപ്പഴം, വെണ്ണ, അട്ടയും കുഴമ്പും, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ധന്വന്തരിയ്ക്ക് പ്രധാന വഴിപാടുകൾ. തുലാമാസത്തിലെ ധന്വന്തരി ജയന്തി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വൈശാഖമാസം തുടങ്ങിയവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ.
ശ്രീകോവിൽ
തിരുത്തുകദീർഘചതുരാകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒരടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി മാരാരിക്കുളത്തപ്പൻ കുടികൊള്ളുന്നു. തറനിരപ്പിൽ നിന്ന് ഏകദേശം രണ്ടടി താഴ്ചയിലാണ് ഇവിടെ ഗർഭഗൃഹം. ഇത് ക്ഷേത്ര ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ്. ശ്രീകോവിലിന് മുന്നിൽ നിന്നുനോക്കിയാൽ മാത്രമേ ഇത് കാണാൻ സാധിയ്ക്കൂ. പ്രളയം വരുന്ന സമയത്ത് ഗർഭഗൃഹം മുഴുവനായും മുങ്ങിപ്പോകും. അപ്പോൾ മുകളിലുള്ള പീഠത്തിലേയ്ക്ക് കയറ്റിയാണ് പൂജ നടക്കുക. സ്വയംഭൂലിംഗമായതിനാൽ ഇവിടെ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. അലങ്കാരസമയത്ത് ഇതിൽ കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല, തിരുമുഖം, ചന്ദ്രക്കലകൾ എന്നിവ ചാർത്താറുണ്ട്. മാരാരിയുടെ ഭാവമാണ് പ്രധാനമെങ്കിലും ദക്ഷിണാമൂർത്തി, കിരാതമൂർത്തി, ഉമാമഹേശ്വരൻ എന്നീ ധ്യാനരൂപങ്ങളിലും ഭഗവാനെ ആരാധിച്ചുവരാറുണ്ട്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ മഹാദേവൻ, മാരാരിക്കുളത്തപ്പനായി ശ്രീലകത്ത് വാഴുന്നു.
ചുവർച്ചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലങ്കരിച്ച ശ്രീകോവിലല്ല ഇവിടെയുള്ളത്. പ്രധാന മൂർത്തിയായ ശിവന്റെ വിഗ്രഹമിരിയ്ക്കുന്നത് തറനിരപ്പിൽ നിന്നുതാഴെയായതുകൊണ്ട് ഇവിടത്തെ സോപാനപ്പടികളും താഴേയ്ക്കാണ് നിർമ്മിച്ചിരിയ്ക്കുന്നത്. എങ്കിലും, ഈ വാതിലിന് ഇരുവശവുമായി ദ്വാരപാലകരൂപങ്ങൾ കാണാം. ചണ്ഡൻ, പ്രചണ്ഡൻ എന്നീ ദേവന്മാരാണ് ഇവിടെ ദ്വാരപാലകരായി അറിയപ്പെടുന്നത്. ഇവരുടെ അനുവാദം വാങ്ങി, മണിയടിച്ചുതൊഴുതുവേണം അകത്തേയ്ക്ക് കടക്കാൻ എന്നാണ് ചിട്ട. പൂജയും ദീപാരാധനയുമൊഴികെയുള്ള സമയങ്ങളിൽ ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ഒരു ഇടയ്ക്ക തൂക്കിയിട്ടിട്ടുണ്ടാകും. ദേവവാദ്യമായ ഇടയ്ക്കയ്ക്ക് കേരളീയ ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. നിത്യേന ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ വടക്കുവശത്തുനിന്ന് അഷ്ടപദി പാടുന്നത് ഇടയ്ക്ക കൊട്ടിയാണ്. മാരാരിക്കുളം ക്ഷേത്രത്തിൽ നിത്യേനയുള്ള അഞ്ചുപൂജകൾക്കും ദീപാരാധനയ്ക്കുമെല്ലാം കൊട്ടിപ്പാടി സേവയുണ്ടാകും. ശ്രീകോവിലിന്റെ തെക്കുവശത്ത് പ്രത്യേകം തീർത്ത ഒരു കൂട്ടിൽ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ഒക്കത്ത് ഗണപതി എന്ന സങ്കല്പത്തിലാണ് ഈ പ്രതിഷ്ഠ. ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപവുമാണ്. എന്നാൽ, അപാര ശക്തിവിശേഷമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. നാളികേരമുടയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. കൂടാതെ ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, ഒറ്റയപ്പം തുടങ്ങി വേറെയും ധാരാളം വഴിപാടുകളുണ്ട്. വടക്കുവശത്ത്, അഭിഷേകജലം ഒഴുക്കാനായി ഓവ് നിർമ്മിച്ചിട്ടുണ്ട്. മാരാരിക്കുളത്തപ്പന്റെ പ്രതിഷ്ഠ സ്വയംഭൂവായതിനാൽ, വളരെ താഴേയ്ക്കായാണ് ഇവിടെ ഓവ് കാണപ്പെടുന്നത്. ശിവക്ഷേത്രമായതിനാൽ, ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയൊരു നാലമ്പലമാണ് ഇവിടെയുള്ളതെങ്കിലും ആൾത്തിരക്കില്ലാത്തതിനാൽ പ്രദക്ഷിണം നിർബാധം നടത്താം. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ മേൽക്കൂരയും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ആയിരത്തിലധികം പിച്ചളവിളക്കുകൾ ഇവിടെയുണ്ട്. സന്ധ്യയ്ക്ക് ഇവ കൊളുത്തുന്നു. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടത്തിൽ വച്ചാണ് ചില വിശേഷപൂജകളും നിത്യേനയുള്ള ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്താറുള്ളത്. പൂജയും ശീവേലിയും ദീപാരാധനയുമൊഴികെയുള്ള അവസരങ്ങളിൽ വടക്കേ വാതിൽമാടത്തിലാണ് ചെണ്ട, മദ്ദളം, തിമില, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങൾ സൂക്ഷിയ്ക്കുക. ഇവിടെത്തന്നെയാണ് ഭക്തർ നാമജപം നടത്തുന്നതും. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി കാണാം; വടക്കുകിഴക്കേമൂലയിൽ കിണറും.
നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പണിത മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന വിഗ്രഹം, പത്നിമാരായ പൂർണ്ണ-പുഷ്കലാദേവിമാരോടുകൂടിയിരിയ്ക്കുന്ന രൂപത്തിലുള്ളതാണ്. മൂന്നുപേർക്കും മനുഷ്യരൂപത്തിൽ തന്നെ വിഗ്രഹങ്ങളുണ്ടെന്നൊരു പ്രത്യേകത ഇവിടെയുണ്ട്. നീരാജനം, എള്ളുപായസം, നെയ്യഭിഷേകം എന്നിവയാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് ഇതേപോലെ പണിത മുറിയിൽ കിഴക്കോട്ടുതന്നെ ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. രണ്ടടി ഉയരം വരുന്ന വിഗ്രഹം, ബാലസുബ്രഹ്മണ്യരൂപത്തിലാണ്. ഇടതുകൈ അരയിൽ കുത്തിവച്ച്, വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല എന്നിവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ. എല്ലാമാസവും വരുന്ന വെളുത്തപക്ഷത്തിലെ ഷഷ്ഠിനാളുകളിൽ ഇവിടെ വിശേഷാൽ പൂജകളും തുലാമാസത്തിലെ സ്കന്ദഷഷ്ഠി ദിവസം അതിവിശേഷപൂജകളുമുണ്ടാകും.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
നിത്യപൂജകൾ
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് മാരാരിക്കുളം മഹാദേവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നിയമവെടിയോടെയും തുടർന്ന് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം, കുഴിത്താളം തുടങ്ങിയ വാദ്യങ്ങളുടെയും അകമ്പടിയോടെ ഭഗവാനെയും ദേവിയെയും പള്ളിയുണർത്തിയശേഷം അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്നുചാർത്തിയ അലങ്കാരങ്ങളോടുകൂടി വിളങ്ങുന്ന ഭഗവദ്വിഗ്രഹം ദർശിച്ച് ഭക്തർ മുക്തിയടയുന്നു. നിർമ്മാല്യദർശനം കഴിഞ്ഞാൽ അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. ആദ്യം എണ്ണകൊണ്ടാണ് അഭിഷേകം. പിന്നീട് ക്രമത്തിൽ ശംഖതീർത്ഥം, ഇഞ്ച, കലശതീർത്ഥം എന്നിവ കൊണ്ടും അഭിഷേകം നടത്തും. അഞ്ചരയോടെ അഭിഷേകച്ചടങ്ങുകൾ കഴിയുന്നു. പിന്നീട് ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. പിന്നീട് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആദ്യം ഭഗവാന്നും പിന്നീട് ദേവിയ്ക്കും അവസാനം വടക്കനപ്പന്നുമാണ് ഉഷഃപൂജ നടത്തുക. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. സൂര്യകിരണങ്ങളെ എതിരേൽക്കുന്ന പൂജ എന്നാണ് എതിരേറ്റുപൂജയുടെ അർത്ഥം. ഈ സമയത്തുതന്നെയാണ് മൂന്നാമത്തെ പ്രധാനദേവനായ ധന്വന്തരിമൂർത്തിയ്ക്കും മറ്റുള്ള ഉപദേവതകൾക്കുമുള്ള പൂജകളും നടക്കുന്നത്. എതിരേറ്റുപൂജ കഴിഞ്ഞാൽ ഉഷഃശീവേലി തുടങ്ങുകയായി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുന്നു എന്ന സങ്കല്പത്തിലാണ് ശീവേലി നടക്കുന്നത്. ആദ്യം നാലമ്പലത്തിനകത്തും, പിന്നീട് വാദ്യമേളങ്ങളോടുകൂടി പുറത്തും നടക്കുന്ന ശീവേലി, അവിടങ്ങളിലുള്ള ബലിക്കല്ലുകളിലെല്ലാം തൂകി അവസാനം വലിയ ബലിക്കല്ലിലും തൂകി പരിസമാപ്തിയിലെത്തുന്നു. ശീവേലി കഴിഞ്ഞാൽ ശിവന്റെ നടയിൽ ധാര തുടങ്ങും. ശിവലിംഗത്തിന് മുകളിൽ പ്രത്യേകം വച്ച ഒരു പാത്രത്തിലൂടെ ദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ധാര. ശിവക്ഷേത്രങ്ങളിൽ അതിവിശേഷമാണ് ഈ ചടങ്ങ്. ധാര കഴിഞ്ഞാൽ പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തെ പൂജയാണ് പന്തീരടിപൂജ, അതായത് രാവിലെ എട്ടിനും ഒമ്പതിനുമിടയിലുള്ള പൂജ. പിന്നീട് പതിനൊന്നരയോടെ ഉച്ചപ്പൂജ തുടങ്ങുന്നു. ഇത് മൂന്നുനടകളിലും നടക്കുന്ന പൂജയാണ്. ആദ്യം മഹാദേവന്റെയും പിന്നീട് ദേവിയുടെയും അവസാനം വടക്കനപ്പന്റെയും നടകളിൽ പൂജ നടക്കും. ഉച്ചപ്പൂജ കഴിഞ്ഞാൽ ഉഷഃശീവേലിയുടെ അതേ ചടങ്ങുകളോടെ ഉച്ചശീവേലിയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ശ്രീലകത്ത് കർപ്പൂരം കത്തിച്ചുള്ള ആരാധന നടത്തുന്നത് ഈ സമയത്താണ്. അല്ലാത്തപ്പോൾ പിടിയുള്ള ഒരു വിളക്കാണ് ഉപയോഗിയ്ക്കുന്നത്. മൂന്ന് പ്രധാന നടകളിലും ഈ സമയം ആരാധനയുണ്ട്. ശിവൻ, പാർവ്വതി, ധന്വന്തരി എന്ന ക്രമത്തിൽ തന്നെയാണ് ഇതും നടത്തുന്നത്. ശ്രീകോവിലിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളും ഈ സമയത്ത് കൊളുത്തിവയ്ക്കും. മനോഹരമായ ഒരു കാഴ്ചയാണിത്. ദീപാരാധന കഴിഞ്ഞാൽ ക്ഷേത്രത്തിൽ വിശേഷാൽ ഭഗവതിസേവയുണ്ടാകാറുണ്ട്. തുടർന്ന് ഏഴരമണിയോടെ അത്താഴപ്പൂജ തുടങ്ങും. ഉഷഃപൂജ, ഉച്ചപ്പൂജ, ദീപാരാധന എന്നിവ നടത്തുന്ന അതേ ക്രമത്തിലാണ് ഈ പൂജയും നടത്തുന്നത്. അത്താഴപ്പൂജ കഴിഞ്ഞാൽ എട്ടുമണിയോടെ അത്താഴശീവേലിയുമുണ്ടാകും. രാവിലെയും ഉച്ചയ്ക്കുമുള്ള ശീവേലികളുടെ അതേ ചടങ്ങുകളോടെയാണ് ഇതും നടത്തുന്നത്. ശീവേലി കഴിഞ്ഞാൽ രാത്രി എട്ടരമണിയ്ക്ക് ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, ശിവരാത്രി, തിരുവാതിര, നവരാത്രി, പ്രദോഷവ്രതം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉത്സവക്കാലത്ത് നിത്യശീവേലികൾക്കുപകരം രാവിലെയും വൈകീട്ടും വിശേഷാൽ ശ്രീഭൂതബലിയും ഉച്ചയ്ക്ക് കാഴ്ചശീവേലിയുമാണുണ്ടാകുക. ശിവരാത്രിദിവസം രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും വിശേഷാൽ യാമപൂജയും അതിനോടനുബന്ധിച്ചുള്ള കലശാഭിഷേകവുമുണ്ടാകും. തിരുവാതിരയോടനുബന്ധിച്ച് ഏഴുദിവസം വിശേഷാൽ നവക-പഞ്ചഗവ്യ അഭിഷേകങ്ങളും തിരുവാതിരനാളിൽ കളഭാഭിഷേകവും നടത്താറുണ്ട്. നവരാത്രിക്കാലത്ത് ഒമ്പതുദിവസവും ദേവിയ്ക്ക് വിശേഷാൽ എഴുന്നള്ളത്തുകളും പറയെടുപ്പുമുണ്ടാകും. അഷ്ടമിരോഹിണിദിവസം രാത്രി വടക്കനപ്പന്റെ നടയടയ്ക്കില്ല. പകരം അർദ്ധരാത്രിയ്ക്ക് കൃഷ്ണാവതാരപൂജയുണ്ടാകും. പ്രദോഷനാളുകളിൽ സന്ധ്യയ്ക്ക് ശിവന് വിശേഷാൽ അഭിഷേകവും രാത്രി ഋഷഭവാഹനത്തിലേറി എഴുന്നള്ളത്തുമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ട് പൂജകളുണ്ടാകും. അന്ന് ചുറ്റുവിളക്ക് കഴിഞ്ഞ് നടയടയ്ക്കുമ്പോൾ രാത്രി പത്തുമണിയാകും. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ അത് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, അതുകഴിഞ്ഞ് എല്ലാ ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ.
കോട്ടയം ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ മറുകരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രനഗരമായ വൈക്കത്തുള്ള മോനാട്ട് ഇല്ലക്കാർക്കാണ് മാരാരിക്കുളം ക്ഷേത്രത്തിലെ തന്ത്രാധികാരം നൽകിയിരിയ്ക്കുന്നത്. മേൽശാന്തി, കീഴ്ശാന്തി പദവികൾ ക്ഷേത്രക്കമ്മിറ്റി വക നിയമനമാണ്.
വിശേഷദിവസങ്ങൾ
തിരുത്തുകകൊടിയേറ്റുത്സവം, ശിവരാത്രി
തിരുത്തുകകുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ഷഷ്ഠിനാളിൽ കൊടികയറി, ശിവരാത്രിനാളിൽ പള്ളിവേട്ട കഴിച്ച്, അമാവാസിയുടെ അവസാനപാദത്തിൽ സമുദ്രത്തിൽ ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. ധ്വജാദിമുറയനുസരിച്ച് (കൊടിയേറ്റത്തോടെ തുടങ്ങുന്ന മുറ) നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നിരവധി വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ ആറാട്ടെഴുന്നള്ളത്തുകളിലൊന്ന് ഇവിടെയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട മുതൽ അറബിക്കടൽ വരെ നീളുന്ന ഈ യാത്ര, മാരാരിക്കുളത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ്. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്നൊരു വലിയ പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
ഉത്സവത്തിന് ഒരാഴ്ച മുമ്പുതന്നെ ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ തുടങ്ങും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ക്ഷേത്രത്തിൽ സംഭവിച്ചുപോയ അശുദ്ധികൾ നീക്കുക എന്ന സങ്കല്പത്തിലാണ് ശുദ്ധിക്രിയകൾ നടത്തുന്നത്. ക്ഷേത്രപരിസരവും വിഗ്രഹങ്ങളുമെല്ലാം ഇതിനോടനുബന്ധിച്ച് ശുദ്ധമാക്കാറുണ്ട്. 2012 മുതൽ കൊടിയേറ്റത്തിന്റെ തലേദിവസം (പഞ്ചമി) അതിവിശേഷമായ പഞ്ചാക്ഷര ജപയജ്ഞം നടത്തിവരുന്നുണ്ട്. 2012 ഫെബ്രുവരി മാസത്തിൽ പാർവ്വതീദേവിയുടെ നടയിൽ കൊടിമരപ്രതിഷ്ഠയ്ക്കുശേഷം നടന്ന ഉത്സവത്തോടനുബന്ധിച്ചാണ് ആദ്യമായി ഈ ചടങ്ങ് ആരംഭിച്ചത്. ഓം നമഃ ശിവായ എന്ന പ്രസിദ്ധമായ പഞ്ചാക്ഷരമന്ത്രം പന്തീരായിരം പ്രാവശ്യം ജപിച്ചശേഷം അർച്ചന നടത്തുന്നതാണ് ഈ ചടങ്ങ്. അഞ്ചുമുഖങ്ങളോടുകൂടിയ സദാശിവമൂർത്തിയുടെ പഞ്ചലോഹനിർമ്മിതമായ ഒരു വിഗ്രഹം ഈയവസരത്തിൽ യജ്ഞവേദിയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടാകും. അതിലേയ്ക്കാണ് അർച്ചന നടത്തുന്നത്. നിരവധി പ്രശസ്ത ആചാര്യന്മാർ ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട്.
ഷഷ്ഠിദിവസം ഉച്ചയ്ക്കാണ് കൊടിയേറ്റം. രാവിലെ പതിവുപൂജകൾ നടത്തിയശേഷം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ കൊടിക്കൂറകൾക്ക് പൂജ നടത്തുന്നു. തുടർന്ന് നാമജപങ്ങളുടെയും വാദ്യമേളങ്ങളുടെയും തുടരെത്തുടരെയുള്ള കതിനവെടികളുടെയും അകമ്പടിയോടെ ഇരു കൊടിമരങ്ങളിലും കൊടിയേറ്റുന്നു. ഒരേ സമയം തന്നെയാണ് കൊടിയേറ്റം നടക്കുന്നത്. അതോടെ മാരാരിക്കുളം ഗ്രാമം മുഴുവനും ഉത്സവലഹരിയിലാറാടാൻ തുടങ്ങും. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ ശ്രീഭൂതബലിയും മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. കൂടാതെ ക്ഷേത്രമതിലകത്തെ സ്റ്റേജിലും പുറത്തുള്ള ഓഡിറ്റോറിയത്തിലുമെല്ലാം നിരവധി കലാപരിപാടികൾ അരങ്ങേറും. കർണാടക-ഹിന്ദുസ്ഥാനി സംഗീതക്കച്ചേരികൾ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥാപ്രസംഗം, ഭക്തിഗാനമേള, ചാക്യാർക്കൂത്ത്, കൂടിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ, സോപാനസംഗീതം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇവയെല്ലാം കൊണ്ട് ക്ഷേത്രാന്തരീക്ഷം മുഖരിതമാകും.
ശിവരാത്രി
തിരുത്തുകകുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി അർദ്ധരാത്രിയ്ക്ക് വരുന്ന ദിവസമാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. ലോകത്തെമ്പാടുമുള്ള ശിവക്ഷേത്രങ്ങളിൽ ഇത് അതിവിശേഷദിവസമായി കൊണ്ടാടുന്നു. മാരാരിക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലാണ് ശിവരാത്രി വരുന്നത്. അന്നാണ് ഭഗവാന്റെ പള്ളിവേട്ട കൊണ്ടാടുന്നത്. രാവിലെ നേരത്തേ തുറക്കുന്ന നട, അതിനുശേഷം നിരവധി പൂജകൾക്കല്ലാതെ അടയ്ക്കില്ല.
ധനു തിരുവാതിര
തിരുത്തുകനവരാത്രി
തിരുത്തുകധന്വന്തരി ജയന്തി
തിരുത്തുകഅഷ്ടമിരോഹിണി
തിരുത്തുകമറ്റുള്ള വിശേഷദിവസങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
കരകൗശലം
-
ക്ഷേത്രം
-
പടിഞ്ഞാറേ നട
-
പടിഞ്ഞാറേ കവാടം