തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൊടുങ്ങല്ലൂരിനടുത്ത്, കൊടുങ്ങല്ലൂർ നഗരസഭയിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്. പത്നീസമേതനായി ശ്രീലകത്ത് വാഴുന്ന ശ്രീകൃഷ്ണഭഗവാന് തുല്യപ്രാധാന്യത്തോടെ പരമശിവനും, ഉപദേവതകളായി ഗണപതി, മഹാലക്ഷ്മി, പാർത്ഥസാരഥി, ഗോവർദ്ധനൻ, മോഹിനി, അയ്യപ്പൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ക്ഷേത്രനിർമ്മിതികളിലെ ആദ്യകാല നിർമ്മിതികളിൽ പെട്ട ക്ഷേത്രമാണിത്. (800-1000 AD) [1] ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ വിഗ്രഹം. ചേരചക്രവർത്തിയും മഹാഭക്തനുമായിരുന്ന കുലശേഖര ആഴ്വാർ നടത്തിയ പ്രതിഷ്ഠയാണ് ഇവിടിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശ്രീകൃഷ്ണപിതാക്കന്മാരായ വസുദേവരും നന്ദഗോപരും ഇവിടെ പ്രത്യേകം ക്ഷേത്രങ്ങളിൽ കുടികൊള്ളുന്നു എന്ന വലിയൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലാണ് നടത്താറുള്ളത്. മേടമാസത്തിലെ വിഷുദിവസം കൊടികയറി നടത്തുന്ന കൊടിയേറ്റുത്സവവും ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്.
ചരിത്രം
തിരുത്തുകകുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിയ്ക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്വാർക്ക് ഒരിയ്ക്കൽ, പടിഞ്ഞാറുള്ള അറബിക്കടലിൽ നിന്ന് ലഭിച്ചതാണ് ഇവിടെയുള്ള വിഷ്ണുവിഗ്രഹം എന്നാണ് ഐതിഹ്യം. പിന്നീട് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠിപ്പിയ്ക്കുകയായിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹം തന്റെ പ്രസിദ്ധ കാവ്യമായ മുകുന്ദമാല രചിച്ച് ഭഗവാനെ സ്തുതിച്ചത് എന്നും ഐതിഹ്യമുണ്ട്. കുലശേഖര ആഴ്‌വാർ വൈഷ്ണവനായിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവരായതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. സമീപമുള്ള തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചത് ഈ കാലഘട്ടത്തിലാണ്.
കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ കുലദേവതയാണ് തൃക്കുലശേഖരപുരത്തപ്പൻ. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലാണ് ഇന്നും നടന്നുപോരുന്നത്. ഇവിടെ ഉപദേവനായി വാഴുന്ന ഹനുമാൻ സ്വാമിയുടെ നടയിൽ വച്ചാണ് അരിയിട്ടുവാഴ്ച നടത്തുക.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകതൃക്കുലശേഖപുരം ദേശത്തിന്റെ ഒത്ത മധ്യത്തിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. കന്യാകുമാരി മുതൽ പൻവേൽ വരെ നീണ്ടുകിടക്കുന്ന എൻ.എച്ച്. 66, ക്ഷേത്രത്തിന്റെ നേരെ കിഴക്കുമാറി കടന്നുപോകുന്നു. ദേശീയപാതയിൽ നിന്ന് തിരിയുന്ന സ്ഥലത്ത് അതിമനോഹരമായ ഒരു പൂന്തോട്ടം പണികഴിപ്പിച്ചിട്ടുണ്ട്. ഇത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വകയായി വന്നതാണ്. ഇവ കടന്ന് അല്പം ചെല്ലുമ്പോൾ ക്ഷേത്രത്തിന്റെ പേരെഴുതിയ ഗോപുരവും മുന്നിൽ പടർന്നുപന്തലിച്ചുനിൽക്കുന്ന അരയാൽ മരവും കാണാം. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കുന്ന അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കാണുന്ന അരയാലിനെ ദിവസവും രാവിലെ ഏഴുതവണ വലം വയ്ക്കുന്നത് ഉത്തമമായി ഭക്തർ കാണുന്നു. ഇതിന് സമീപം തന്നെയാണ് അതിവിശാലമായ ക്ഷേത്രക്കുളവും. തൃക്കുലശേഖരപുരം ദേശത്തെ പ്രധാന ജലസ്രോതസ്സായ ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ദർശനത്തിനെത്താറുള്ളത്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. ഈ കുളത്തിന്റെ മറുകരയിലായി തമിഴ് ശൈലിയിൽ തീർത്ത മറ്റൊരു ക്ഷേത്രവും കാണാം. തൃക്കുലശേഖപുരം ശ്രീനിവാസപെരുമാൾ-കുലശേഖര ആഴ്വാർ ക്ഷേത്രം എന്നാണ് ഈ കൊച്ചു ക്ഷേത്രത്തിന്റെ പേര്. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ വെങ്കടാചലപതി തന്നെയാണ് ഇവിടെയും പ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ കുലശേഖര ആഴ്വാരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് കൊടുങ്ങല്ലൂരിൽ ദർശനത്തിനെത്തുന്ന ഭക്തരിൽ ചിലർ ഇവിടെയും വരാറുണ്ട്. നിരവധി ശില്പകലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ വൈകുണ്ഠ ഏകാദശി, കുംഭമാസത്തിലെ പുണർതം തുടങ്ങിയവയാണ്. ഇതിന് സമീപം തന്നെയായി ചെറിയൊരു ശിവക്ഷേത്രവും കാണാം. ഉദയമംഗലം ക്ഷേത്രം എന്നാണ് ഇതിന്റെ പേര്. ചെറിയൊരു മതിൽക്കെട്ടും അതിന് നടുവിൽ ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ചതുരശ്രീകോവിലും മാത്രമേ ഇവിടെയുള്ളൂ. പ്രധാനമൂർത്തിയായ ശിവൻ, ആറടിയിലധികം ഉയരം വരുന്ന ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളില്ലാത്ത ഈ ക്ഷേത്രത്തിൽ പ്രധാന ആഘോഷം ശിവരാത്രി തന്നെയാണ്. ഈ ക്ഷേത്രങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് വകയാണ്.
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടക്കുമ്പോൾ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. ഏകദേശം ഏഴ് ആനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമുണ്ടെങ്കിലും സ്ഥിരം കൊടിമരമില്ല എന്നൊരു പോരായ്മയുണ്ട്. ഉത്സവക്കാലത്ത് അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് അതിലാണ് കൊടിയേറ്റുന്നത്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കൊടിമരസ്ഥാനത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ഏകദേശം പത്തടി ഉയരം വരുന്ന അതിഭീമാകാരമായ ബലിക്കല്ലാണ് ഇവിടെയുള്ളത്. തന്മൂലം പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ശില്പകലാവൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെയുള്ള ബലിക്കല്ലും ബലിക്കൽപ്പുരയും.
റഫറൻസുകൾ
തിരുത്തുക