ഗ്രഹണം

ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന പ്രതിഭാസം


ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന പ്രതിഭാസത്തിനാണ്‌ ഗ്രഹണം എന്നു പറയുന്നത്. മൂന്ന് ജ്യോതിശാസ്ത്രവസ്തുക്കൾ നേർരേഖയിൽ വരുമ്പോഴാണ്‌ ഇത് സംഭവിക്കുന്നത്. |ചന്ദ്രന്റെ]] നിഴലിൽ ഭൂമി വരുന്നതു വഴി സൂര്യൻ മറയുകയോ ഭൂമിയുടെ [|നിഴലിൽ]] ചന്ദ്രൻ വരുന്നതുവഴി ചന്ദ്രൻ മറയുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കാനാണ്‌ നാം സാധാരണയായി ഗ്രഹണം എന്ന വാക്കുപയോഗിക്കാറുള്ളത്. എങ്കിലും മറ്റേതെങ്കിലും ഗ്രഹത്തിൽ നിന്നു നോക്കുമ്പോൾ അതിന്റെ ഉപഗ്രഹം സൂര്യനെ മറയ്ക്കുന്നതു സൂചിപ്പിക്കാനും ഇരട്ടനക്ഷത്രങ്ങൾ നിരീക്ഷിതാവുമായി നേർരേഖയിൽ വരുമ്പോൾ ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നത് സൂചിപ്പിക്കാനും ഒക്കെ ഈ പദം ഉപയോഗിക്കാം.

ഭൂമിയുടേയും ചന്ദ്രന്റേയും ഭ്രമണപഥങ്ങളും ഗ്രഹണവും

തിരുത്തുക
 
ഭൂമിയുടേയും ചന്ദ്രന്റേയും ഭ്രമണപഥങ്ങൾ, ഇവിടെ സൂര്യനും ഭൂമിയും ചന്ദ്രനും നേർ രേഖയിലാണെന്ന് തോന്നാമെങ്കിലം ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ തലം വ്യത്യസ്തമായതിനാൽ നേർ‌രേഖയില്ല

ഭൂമി സൂര്യനെ വലംവെയ്ക്കുന്ന പഥത്തിന്റെ അതേ തലത്തിൽ കൂടിയല്ല ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലം ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ തലത്തിന്‌ ‍ ഏകദേശം അഞ്ച് ഡിഗ്രി ചെരിഞ്ഞാണ് നിലകൊള്ളുന്നത്. അത് കൊണ്ടു തന്നെ ചന്ദ്രപഥം ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലത്തെ മുറിച്ചുകടക്കുന്ന രണ്ടു ബിന്ദുക്കളിലൊന്നിൽ ചന്ദ്രൻ എത്തുമ്പോൾ ഭൂമിയും സൂര്യനും ചന്ദ്രനും ഒരേ രേഖയിൽ ആണെങ്കിൽ മാത്രമേ ഭ്രമണമുണ്ടാകാറുള്ളു. ഈ ബിന്ദുക്കളെ രാഹുവും കേതുവും എന്നു പറയുന്നു. രാഹുവിൽ ചന്ദ്രഗ്രഹണവും കേതുവിൽ സൂര്യഗ്രഹണവും നടക്കുന്നു. ഗ്രഹണം തുടങ്ങുന്ന പ്രക്രിയയെ സ്പർശം എന്നും, പൂർണ്ണമായി മറഞ്ഞിരിക്കുന്ന അവസ്ഥക്ക് ഗ്രസനം എന്നും, പുറത്തു വരുന്ന പ്രക്രിയക്ക് മോചനം എന്നും നമ്മുടെ പൂർവ്വികർ വിളിച്ചു.

സൂര്യഗ്രഹണം

തിരുത്തുക
 
സൂര്യഗ്രഹണം

ഭൂമിയ്ക്കും സൂര്യനും ഇടയിലായി ചന്ദ്രൻ വന്നു പെടുമ്പോൾ സൂര്യഗ്രഹണം നടക്കുന്നു. ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങൾ തമ്മിലുള്ള യാദൃച്ഛികമായ കൃത്യത മൂലം പൂർണ്ണ സൂര്യഗ്രഹണം നടക്കുന്ന പ്രദേശങ്ങളിൽ ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുന്നതാണ്. അപ്പോൾ സൂര്യന്റെ അന്തരീക്ഷമായ കൊറോണ മാത്രമേ കാണാൻ കഴിയാറുള്ളു. കറുത്തവാവ് ദിവസമാവും സൂര്യഗ്രഹണം നടക്കുക. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ ചാഞ്ചാട്ടം മൂലം ചന്ദ്രൻ രാഹുവിലെത്തുന്ന എല്ലാ വേളയിലും സൂര്യഗ്രഹണം ഉണ്ടാകാറില്ല. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രാഹു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോൾ ചന്ദ്രൻ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതിനു ഭാഗിക സൂര്യഗ്രഹണം എന്നു പറയുന്നു.

ചന്ദ്രഗ്രഹണം

തിരുത്തുക
 
ചന്ദ്രഗ്രഹണം

ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

സാരോസ് ചക്രം

തിരുത്തുക

ഗ്രഹണനിരീക്ഷണവുമായി ബന്ധപ്പെട്ട് ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു സാങ്കല്പ്പിക ചാക്രിക പ്രവർത്തനമാണ്‌ സാരോസ് ചക്രം (Saros cycle). ജ്യോതിശാസ്ത്രത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയും പരസ്പരാപേക്ഷികമായി ഒരിക്കൽ നിന്ന സ്ഥാനത്തു തന്നെ വീണ്ടും എത്താനെടുക്കുന്ന കാലയളവാണ്‌ സരോസ് ചക്രം[1]. 18 കൊല്ലം 11 ദിവസം 8 മണിക്കൂർ ആണു് ഒരു സരോസ് ചക്രത്തിലെ രണ്ട് ഗ്രഹണങ്ങൾക്കിടയിലുള്ള കാലയളവു്[2]. അധിവർഷങ്ങൾ വരുന്നതനുസരിച്ച് ഈ കാലയളവ് കൃത്യമായി കണക്കാക്കാൻ കൂടുതൽ കണക്കുകൂട്ടൽ വേണ്ടിവരും. ഉദാഹരണത്തിന്‌ 18 വർഷത്തിനിടയിൽ അഞ്ച് അധിവർഷങ്ങൾ വരുന്നുണ്ടെങ്കിൽ ഈ കാലയളവ് 18 കൊല്ലവും 10½ ദിവസവുമായി കുറയും. ഓരോ സരോസ് ചക്രത്തിലും 43 പൂർണ്ണ സൂര്യഗ്രഹണങ്ങളും 28 പൂർണ്ണ ചന്ദ്രഗ്രഹണങ്ങളുമാണുണ്ടാവുക.

മറ്റ് ഗ്രഹങ്ങളിൽ

തിരുത്തുക

വാതകഭീമൻ ഗ്രഹങ്ങൾ

തിരുത്തുക
 
ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത വ്യാഴത്തിന്റെയും അതിന്റെ ഉപഗ്രഹമായ ഇയോയുടേയും (Io) ചിത്രം. കറുത്ത പൊട്ടായി കാണുന്നത് ഇയോയുടെ നിഴലാണ്.
 
ശനി സൂര്യനെ ഗ്രഹണം വഴി മറക്കുന്നത്, കാസിനി-ഹ്യൂഗൻസ് ബഹിരാകാശപേടകത്തിൽ നിന്ന്

വാതകഭീമൻ ഗ്രഹങ്ങളായ വ്യാഴം,[3] ശനി,[4] യുറാനസ്,[5] നെപ്റ്റ്യൂൺ[6] എന്നിവ കൂടുതൽ ഉപഗ്രഹങ്ങളുള്ളവയാണ് അതിനാൽ തന്നെ അവയിൽ ഇടയ്ക്കിടയ്ക്ക് ഗ്രഹണങ്ങളുണ്ടാകുന്നുമുണ്ട്. ഏറ്റവും കൂടുതൽ സംഭവിക്കുന്നത വ്യാഴത്തിന്റെ കാര്യത്തിലാണ്, അതിന് നാല് വലിയ ഉപഗ്രഹങ്ങളുണ്ട് കൂടാതെ അചുതണ്ടിന്റെ ചെരിവും കുറവാണ്. ഇത് കാരണമായി ഈ വലിയ ഗ്രഹത്തിന്റെ നിഴലിലൂടെ ഉപഗ്രഹങ്ങൾ കടന്നുപോകുമ്പോഴെല്ലാം ഗ്രഹണം സംഭവിക്കുന്നു. കൂടാതെ ഒരേ ഇടവേളകളിൽ സംതരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വ്യാഴത്തിന്റെ ഉപരിതലത്തിലെ മേഘങ്ങളിൽ അതിന്റെ വലിയ ഉപഗ്രഹങ്ങൾ നിഴൽ വീഴ്ത്തുന്നത് സാധാരണയായി കാണപ്പെടുന്നു.

വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങളുടെ പ്രദക്ഷിണ വിവരങ്ങൾ അറിഞ്ഞതു മുതൽ അവ വഴിയുള്ള ഗ്രഹണങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നതായിത്തീർന്നു. സൂര്യന്റെ എതിഭാഗത്ത് അകലെയായിരിക്കുമ്പോൾ ഇങ്ങനെ നടത്തുന്ന പ്രവചനം 17 മിനുട്ട് താമസിച്ചാണ് നടക്കുന്നതെന്ന് 1670 കളിൽ നിരീക്ഷിക്കപ്പെടുകയുണ്ടായി. ഇത് സംഭവിക്കുന്നത് പ്രകാശം വ്യാഴത്തിൽ നിന്നും ഭൂമിയിലേക്ക് സഞ്ചരിക്കാനെടുക്കുന്ന സമയം കാരണമാണെന്ന് ഓലെ റോമർ (Ole Rømer) അനുമാനിക്കുകയുണ്ടായി. പ്രകാശത്തിന്റെ വേഗത നിർണ്ണയിക്കാൻ ആദ്യമായി ഇത് ഉപയോഗിക്കപ്പെട്ടു.[7]

മറ്റ് മൂന്നു വാതകഭീമൻ ഗ്രഹങ്ങളുടെയും പ്രദക്ഷിണതലവും അവയുടെ ഉപഗ്രഹങ്ങളുടെ പ്രദക്ഷിണതലവും തമ്മിലുള്ള ഉയർന്ന ചെരിവ് കാരണമായി നിശ്ചിത ഇടവേളകളിൽ മാത്രമേ ഗ്രഹണം സംഭവിക്കാറുള്ളൂ. ഉദാഹരണത്തിന് ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ പ്രദക്ഷിണതലം ശനിയുടെ പ്രദക്ഷിണതലവുമായി 1.6° ചെരിവാണുള്ളത്, കൂടാതെ ശനിയുടെ അച്ചുതണ്ടിന്റെ ചെരിവ് 27° ഉം ആണ്. ശനിയുടെ പ്രദക്ഷിണതലത്തിൽ സൂര്യനുമായുള്ള നേർരേഖയിൽ രണ്ടിടങ്ങളിൽ മാത്രമേ സന്ധിക്കുന്നുള്ളൂ, ശനിയുടെ പ്രദക്ഷിണകാലം 29.7 വർഷം ആയതിനാൽ തന്നെ ഗ്രഹണം 15 വർഷം കൂടുമ്പോൾ മാത്രമേ സംഭവിക്കാൻ സാധ്യതയുള്ളൂ.

നിരീക്ഷകൻ നിൽക്കുന്ന സ്ഥലത്തിന്റെ രേഖാംശം കൃത്യമായി കണക്കാക്കുവാൻ ജൊവിയൻ ഗ്രഹങ്ങളിളുടെ ഗ്രഹണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അറിയപ്പെടുന്ന രേഖാംശത്തിൽ (ഗ്രീൻവിച്ച് പോലെയുള്ളത്) ഗ്രഹണം സംഭവിക്കുന്ന സമയം കൃത്യമായി അറിയാമെങ്കിൽ, നിരീക്ഷകന്റെ രേഖാംശത്തിൽ ഗ്രഹണം നടക്കുന്ന സമയം കൃത്യമായി നീരീക്ഷിക്കുകയാണെങ്കിൽ സമയ വ്യത്യാസം ഗണിച്ചെടുക്കാൻ കഴിയും. ഭൂമധ്യരേഖയിലൂടെയുള്ള ഒരോ 15° ഉം ഒരു മണിക്കൂറിന് തുല്യമായതിനാൽ, ഗണിച്ചെടുത്ത സമയ വ്യത്യാസം നിരീക്ഷകൻ നിൽക്കുന്ന സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുന്നതിൽ സഹായിക്കുന്നു. ഈ വിദ്യയാണ് ഗയോവാന്നി ഡി. കാസിനി 1679 ൽ ഫ്രാൻസിന്റെ മാപ്പ് തയ്യാറാക്കുവാന് ഉപയോഗിച്ചത്.[8]

 
സൂര്യന്റെ പശ്ചാത്തലത്തിലെ ഫോബോസിന്റെ സംതരണം, ഓപ്പർച്ച്യുനിറ്റി ചൊവ്വ പര്യവേഷണവാഹനത്തിൽ നിന്നുള്ള കാഴ്ച്ച.

പ്രദക്ഷിണപഥത്തിന്റെ അകലവുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ ചൊവ്വയുടെ ഉപഗ്രഹങ്ങൾ ചെറുതായതിനാൽ അവയ്ക്ക് സൂര്യനെ പൂർണ്ണമായി മറയ്ക്കാൻ സാധിക്കാത്തതിനാൽ തന്നെ ചൊവ്വയുടെ ഉപരിതലത്തിൽ ഭാഗിക സൂര്യഗ്രഹണം മാത്രമേ സാധ്യമാകുകയുള്ളൂ. ഉപഗ്രഹങ്ങളെ ചൊവ്വ മറയ്ക്കുന്നതുവഴിയുള്ള ഗ്രഹണങ്ങൾ ഉണ്ടാകും എന്നുമാത്രമല്ല ഇടയ്ക്കിടെ സംഭവിക്കുന്നതുമാണ്, ഒരു വർഷം നൂറുകണക്കിന് തവണ ഉണ്ടാകാറുണ്ട്. അപൂർവ്വം ചില അവസരങ്ങളിൽ ഡീമൊസിന്റെ മേൽ ഫോബോസിന്റെ നിഴൽ വഴിയും ഗ്രഹണം സംഭവിക്കാറുണ്ട്.[9] ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും അതിനെ ചുറ്റുന്ന പ്രദക്ഷിണപഥത്തിൽ നിന്നും ചൊവ്വയിലെ ഗ്രഹണങ്ങളുടെ ചിത്രങ്ങൾ പകർത്തപ്പെട്ടിട്ടുണ്ട്.

പ്ലൂട്ടോ

തിരുത്തുക

വലിപ്പത്തിനു ആനുപാതികമായി ഷാരോൺ എന്ന വലിയ ഉപഗ്രഹമുള്ളതിനാൽ പ്ലൂട്ടോയിൽ കൂടുതൽ ഗ്രഹണം സംഭവിക്കുന്നുണ്ട്. 1985 നും 1990 നും ഇടയിൽ പരസ്പരമുള്ള ഗ്രഹണ പരമ്പര തന്നെ നടന്നിട്ടുണ്ട്.[10] ആ വ്യൂഹത്തിൽ ദിവസം പ്രതി നടക്കുന്ന ഗ്രഹണങ്ങൾ ആ രണ്ട് ഖഗോള വസ്തുക്കളുടേയും ഭൗതിഗുണങ്ങൾ കൃത്യമായി കണക്കാക്കുന്നതിലേക്ക് നയിച്ചു.[11]

ബുധനും ശുക്രനും

തിരുത്തുക

ഉപഗ്രഹങ്ങലില്ലാത്തതിനാൽ തന്നെ ബുധനിലും ശുക്രനിലും ഗ്രഹണം ഉണ്ടാകുകയില്ല. പക്ഷെ ഇവ രണ്ടും സൂര്യന്റെ പശ്ചാത്തലത്തിൽ സംതരണം ചെയ്യുന്നത് കാണെപ്പെടാറുണ്ട്. ബുധൻ ഒരു നൂറ്റാണ്ടിൽ 13 തവണ സംതരണം ചെയ്യുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തെ ഇടവേളയോടുകൂടിയ ജോഡികളായാൺ ശുക്രന്റെ സംതരണം. പക്ഷെ ഈ ഒരു ജോഡി സംതരണങ്ങൾ ഒരു നൂറ്റാണ്ടിൽ സംഭവിക്കാവുന്നതിന്റെ സാധ്യത് ഒരു തവണയിൽ കുറവാണ്.[12]

സൗരയൂഥേതര ഗ്രഹണങ്ങൾ

തിരുത്തുക

പല നക്ഷത്രകൂട്ടങ്ങളിലും പരസ്പരം വലം വെയ്ക്കുന്ന നക്ഷത്രങ്ങളുണ്ട്. ഇവയെ ഗ്രഹണ ദ്വന്ദ്വങ്ങൾ (Eclipsing binaries) എന്നു വിളിക്കുന്നു. ഇവ പലപ്പോഴും പരസ്പരം മറയ്ക്കാറുമുണ്ട്. എന്നാൽ ഇത്തരം ഗ്രഹണങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് കന്നിരാശിയിലെ ചിത്ര നക്ഷത്രം ശരിക്കും പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹണദ്വന്തങ്ങളായ നക്ഷത്രങ്ങളാണ്.

ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്. ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സംതരണമാണ് ഭൂമിയിൽ നിന്ന് ദൃശ്യമാവുക. ഭൂമിക്കും സൂര്യനുമിടയിൽ നേർരേഖയിൽ ഇത്തരം ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴാണ് സംതരണം സംഭവിക്കുന്നത്. 2004 ജൂൺ 8 ന് രാവിലെ 10.43 മുതൽ 4.55 നായിരുന്നു ശുക്രസംതരണം ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ രീതിയിൽ കാണപ്പെട്ടത്. ഇതിൽ ഏറ്റവും മികച്ച കാഴ്ച കോഴിക്കോട്ടായിരുന്നു.[13]

ഉപഗൂഹനം

തിരുത്തുക

ഉപഗൂഹനം. ഇംഗ്ലീഷ്:Occultation ഒരു ജ്യോതിർപ്രതിഭാസം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ വലുതായി തോന്നുന്ന ഒരു ജ്യോതിർഗോളത്തെ അതിലും ചെറിയ ഒരു ഗോളം മറക്കുന്ന പ്രതിഭാസമാണ് സംതരണം അഥവാ Transit. എന്നാൽ കാഴ്ചക്ക് ചെറുതായിട്ടുള്ള ഒരു ഗോളത്തെ അതിലും വലിയ ഗോളം മറക്കുന്ന പ്രതിഭാസമാണ് ഉപഗൂഹനം എന്ന് പറയുന്നത്.

  1. http://eclipse.gsfc.nasa.gov/SEsaros/SEsaros.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-10. Retrieved 2008-12-26.
  3. "Start eclipse of the Sun by Callisto from the center of Jupiter". JPL Solar System Simulator. 2009-Jun-03 00:28 UT. Retrieved 2008-06-05. {{cite web}}: Check date values in: |date= (help); External link in |publisher= (help)
  4. "Eclipse of the Sun by Titan from the center of Saturn". JPL Solar System Simulator. 2009-Aug-03 02:46 UT. Archived from the original on 2012-12-13. Retrieved 2008-06-05. {{cite web}}: Check date values in: |date= (help); External link in |publisher= (help)
  5. "Brief Eclipse of the Sun by Miranda from the center of Uranus". JPL Solar System Simulator. 2007-Jan-22 19:58 UT (JPL Horizons S-O-T=0.0565). Retrieved 2008-06-05. {{cite web}}: Check date values in: |date= (help); External link in |publisher= (help)
  6. "Transit of the Sun by Nereid from the center of Neptune". JPL Solar System Simulator. 2006-Mar-28 20:19 UT (JPL Horizons S-O-T=0.0079). Retrieved 2008-06-05. {{cite web}}: Check date values in: |date= (help); External link in |publisher= (help)
  7. "Roemer's Hypothesis". MathPages. Retrieved 2007-01-12.
  8. Cassini, Giovanni D. (1694). "Monsieur Cassini His New and Exact Tables for the Eclipses of the First Satellite of Jupiter, Reduced to the Julian Stile, and Meridian of London". Philosophical Transactions. 18: 237–256. doi:10.1098/rstl.1694.0048. Retrieved 2007-04-30.
  9. Davidson, Norman (1985). Astronomy and the Imagination: A New Approach to Man's Experience of the Stars. Routledge. ISBN 0710203713.
  10. Buie, M. W. (1988). "Polarization of the Pluto-Charon System During a Satellite Eclipse". Bulletin of the American Astronomical Society. 20: 806. Retrieved 2008-03-11. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  11. Tholen, D. J. (1987). "Improved Orbital and Physical Parameters for the Pluto-Charon System". Science. 237 (4814): 512–514. doi:10.1126/science.237.4814.512. PMID 17730324. Retrieved 2008-03-11. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  12. Espenak, Fred (May 29, 2007). "Planetary Transits Across the Sun". NASA. Archived from the original on 2008-03-11. Retrieved 2008-03-11. {{cite web}}: Check date values in: |date= (help)
  13. വാനനിരീക്ഷണം എങ്ങനെ? - പി.പി മുനീർ പേജ്-130 പിയാനോ പബ്ലിക്കേഷൻ, കോഴിക്കോട്

കൂടുതൽ അറിവിന്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രഹണം&oldid=3970914" എന്ന താളിൽനിന്ന് ശേഖരിച്ചത്