തിരുവാതിര ആഘോഷം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ശിവപാർവതി പ്രധാനമായ ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ഉത്സവം. ശൈവരുടെ പ്രധാന ആഘോഷങ്ങളിലും വ്രതങ്ങളിലും ഉൾപ്പെട്ട ഒന്നാണ് ധനുമാസത്തിലെ തിരുവാതിര. ശിവ ക്ഷേത്രങ്ങളിൽ അന്നേദിവസം അതി പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. പാർവതി സങ്കൽപ്പമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ഇത് പ്രധാനമാണ്. വ്രതങ്ങളിൽ വച്ചു അതീവ പ്രാധാന്യം ഉള്ള ഒന്നാണ് തിരുവാതിര വ്രതം എന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം ആളുകൾ തിരുവാതിര വ്രതം എടുക്കാറുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം പരമശിവന്റെ പിറന്നാളായതു കൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. കൂടാതെ ശിവപാർവതി വിവാഹം നടന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര ദിവസം എന്നാണ് വിശ്വാസം. ശിവപ്രധാനമാണെങ്കിലും ആദിപരാശക്തിയായ പാർവതി ദേവിക്ക് സവിശേഷ പ്രാധാന്യം കൊടുത്തുകൊണ്ടാണ് തിരുവാതിര ആഘോഷവും വ്രതവും നടക്കാറുള്ളത്. ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.

തിരുവാതിരകളി

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനും, മക്കളുടെ ഐശ്വര്യത്തിന് വേണ്ടിയും, അവിവാഹിതരായ യുവതികൾ ഉത്തമ വിവാഹം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. പാർവതി ദേവിയെ സ്തുതിച്ചു കൊണ്ടു സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, നാമജപം, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ, ശിവക്ഷേത്ര ദർശനം എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. ശിവപാർവതി പ്രധാനമായ ക്ഷേത്രങ്ങളിൽ ഉത്സവം, തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, മറ്റു വിശേഷാൽ പൂജകൾ, പൊങ്കാല എന്നിവയൊക്കെ ഈ അവസരത്തിൽ നടക്കാറുണ്ട്. ക്ഷേത്ര ദർശനത്തിന് അതീവ പ്രാധാന്യം ഉള്ള ദിവസം കൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കൾക്ക് വേണ്ടിയും, തിരുവാതിര വ്രതം ഭർത്താവിന് അല്ലെങ്കിൽ പങ്കാളിക്ക് വേണ്ടിയും എന്ന് വിശ്വസിക്കപ്പെടുന്നു. ഇഷ്ട വിവാഹം, ഉത്തമ ദാമ്പത്യം, കുടുംബ ഐശ്വര്യം, മക്കളുടെ അഭിവൃദ്ധി, അപകടമുക്തി, ദുഖവിമോചനം, രോഗമുക്തി, ദീർഘായുസ് തുടങ്ങിയ അനേകം ഫലങ്ങൾ തിരുവാതിര വ്രതത്തിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രേവതി നാളിലാണ് തിരുവാതിര ആഘോഷങ്ങൾ ആരംഭിക്കുന്നത്.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവപാർവതി പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.

ക്ഷേത്രങ്ങളിൽ തിരുത്തുക

ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതി ദേവിയുടെ നടതുറപ്പ് ഇതോടനുബന്ധിച്ചു നടക്കുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം, എറണാകുളം ശിവ ക്ഷേത്രം, കോഴിക്കോട് തളി മഹാദേവക്ഷേത്രം, ആലുവ ശിവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം (ഗുരുവായൂർ), കൊല്ലം ആനന്ദവല്ലിശ്വരം മഹാദേവ ക്ഷേത്രം, കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവക്ഷേത്രം, കഴക്കൂട്ടം മഹാദേവ ക്ഷേത്രം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം മഹാദേവ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിൽ തിരുവാതിര സവിശേഷ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു.

ഐതിഹ്യം തിരുത്തുക

തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും, അതനുസരിച്ച് വിഷം വിഴുങ്ങിയ ശിവന് കുഴപ്പങ്ങളൊന്നും സംഭവിക്കാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചതിൽ നിന്നാണ് തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് എന്നാരു വിശ്വാസവും ഉണ്ട്. എന്നാൽ ഇത് പ്രധാനമായും ശിവരാത്രി ആഘോഷത്തിന്റെ പിന്നിലുള്ള കഥയായി വിശ്വസിക്കപ്പെടുന്നു.[1]

പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.[2]

ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.

തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതിഹ്യം.

തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്. [അവലംബം ആവശ്യമാണ്]

ചരിത്രം തിരുത്തുക

തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിരദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാൺ തുടർന്നുവരുന്നത്.

‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു.

തിരുവാതിര തമിഴ്‌നാട്ടിൽ തിരുത്തുക

ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണൻറെ പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാന് വേണ്ടിയും ആണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.

ആഘോഷം തിരുത്തുക

രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽ‌പ്പോയി പാർവതി ദേവിയെ സ്തുതിച്ചു തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ‍. ചിലർ ശിവപാർവതി ക്ഷേത്ര ദർശനവും നടത്തുന്നു.

വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും മകീര്യം ദിവസം രാത്രി നായർ സമുദായക്കാരുടെ ചോഴിക്കളി ഉണ്ടാകും.

വിഭവങ്ങൾ തിരുത്തുക

 
തിരുവാതിരപുഴുക്ക്, തിരുവാതിര നാളിലെ ഭക്ഷണം
 
തിരുവാതിരപുഴുക്ക്, തിരുവാതിര നാളിലെ രാത്രി ഭക്ഷണം

തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.[3]

എട്ടങ്ങാടി തിരുത്തുക

 
എട്ടങ്ങാടി - തിരുവാതിര നാളിലെ വൈകുന്നേരത്തെ ഭക്ഷണം

മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ‍, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ‍, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.

തിരുവാതിര നൊയമ്പ് തിരുത്തുക

ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് ആർദ്രാ വ്രതം അഥവാ തിരുവാതിരനോമ്പ്. ശിവ ക്ഷേത്ര ദർശനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കതല്ലാല്ലമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.

തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.

തുടിച്ചു കുളിയും തിരുത്തുക

കുമാരിമാരുടേയും മംഗല്യവതികളായ സ്ത്രീകളുടെയും ഉത്സവമാണ് തിരുവാതിര. തിരുവാതിരക്ക് പത്തുനാൾ മുമ്പേ സ്ത്രീകൾ വ്രതാനുഷ്ഠനങ്ങൾ ആരംഭിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ സ്ത്രീകൾ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ടു പാടി, ഗംഗയെ ഉണർത്തി തുടിച്ചു കുളിക്കുന്നു. തുടിയും കുളിയും തിരുവാതിരയുടെ ഒരു ചടങ്ങാണ്. വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെ തുടി എന്ന് വിശേഷിപ്പിക്കുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച്, നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാർത്തി ദശപുഷ്പം ചൂടുന്നു.[അവലംബം ആവശ്യമാണ്]

പൂത്തിരുവാതിര തിരുത്തുക

വിവാഹത്തിന് ശേഷം ദമ്പതികളുടെ ആദ്യത്തെ തിരുവാതിര ആഘോഷം പൂത്തിരുവാതിര അഥവാ പുത്തൻ തിരുവാതിര എന്നറിയപ്പെടുന്നു. പൂത്തിരുവാതിര അനുഷ്ഠാനം ഉത്തമ ദാമ്പത്യം, ദീർഘമാഗല്യം, കുടുംബ ഐശ്വര്യം, അപകടമുക്തി എന്നിവ നൽകുമെന്ന് വിശ്വദിക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. "ധനുമാസം എത്തി.. മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതിനു പിന്നിൽ|Lord Shiva|thiruvathira|Dhanu" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-08-07.
  2. "ഇന്ന് ധനുവിലെ തിരുവാതിര; മാംഗല്യത്തിന് വ്രതം നോക്കുന്ന ദിനം: അറിയാം എല്ലാം". Retrieved 2022-08-07.
  3. മുരളീധരൻ തഴക്കരയുടെ ലേഖനം. കർഷകൻ മാസിക. മാർച്ച് 2010. താൾ 40 - 41.
"https://ml.wikipedia.org/w/index.php?title=തിരുവാതിര_ആഘോഷം&oldid=4008954" എന്ന താളിൽനിന്ന് ശേഖരിച്ചത്