മാടായിക്കാവ് ഭഗവതിക്ഷേത്രം

(മാടായിക്കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ മാടായി തിരുവർക്കാട് ഭഗവതി ക്ഷേത്രം. ചുരുക്കത്തിൽ മാടായിക്കാവ്. ആചാരാനുഷ്ഠാനങ്ങളിൽ തികച്ചും വ്യത്യസ്ത പുലർത്തുന്ന ഈ ഭഗവതി ക്ഷേത്രം ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രം കൂടിയായി കണക്കാക്കപ്പെടുന്നു. കണ്ണൂരിൽ നിന്നും പഴയങ്ങാടി വഴിയുള്ള പയ്യന്നൂർ റൂട്ടിൽ എരിപുരത്താണ് ക്ഷേത്രം. സാക്ഷാൽ ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. മാടായിക്കാവിലമ്മ, തിരുവർക്കാട്ടമ്മ അഥവാ തിരുവർക്കാട് ഭഗവതി എന്ന്‌ ഇവിടുത്തെ ശക്തിസ്വരൂപിണിയായ ഭഗവതി അറിയപ്പെടുന്നു. ഭഗവതിയോടൊപ്പം സപ്തമാതാക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി പഞ്ചമി, കൗമാരി, ചാമുണ്ഡി) ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. പരമശിവനും മറ്റൊരു മുഖ്യ പ്രതിഷ്ഠയാണ്. എന്നാൽ ശിവനേക്കാൾ ഭഗവതിക്ക് ആണ് പ്രസിദ്ധി. ഗണപതി, ശാസ്താവ് (അയ്യപ്പൻ), ക്ഷേത്രപാലൻ എന്നിവരാണ് ഉപദേവന്മാർ.

മാടായിക്കാവ് (തിരുവർക്കാട് ഭഗവതി ക്ഷേത്രം)
തിരുവർക്കാട് ഭഗവതി ക്ഷേത്രം
തിരുവർക്കാട് ഭഗവതി ക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:12°2′4.99″N 75°15′41.14″E / 12.0347194°N 75.2614278°E / 12.0347194; 75.2614278
പേരുകൾ
മറ്റു പേരുകൾ:മാടായിക്കാവ്
ശരിയായ പേര്:തിരുവർക്കാട് ഭഗവതി ക്ഷേത്രം
ദേവനാഗിരി:तिरुवर्कड़ भगवती क्षेत्रं
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കണ്ണൂർ ജില്ല
സ്ഥാനം:മാടായി , കണ്ണൂർ ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി, പരമശിവൻ
വാസ്തുശൈലി:കേരള വാസ്തു ശൈലി
ക്ഷേത്രങ്ങൾ:4
ചരിത്രം
സൃഷ്ടാവ്:പരശുരാമൻ, ചിറക്കൽ രാജവംശം പുതുക്കിപ്പണിതു.
ക്ഷേത്രഭരണസമിതി:Malabar Devaswom Board[1]

കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രം കൊടുങ്ങല്ലൂരും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളിൽനിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം. പത്തനംതിട്ടയിലെ പരുമല വലിയ പനയന്നാർക്കാവ് ഭഗവതി ക്ഷേത്രം, തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് മറ്റുള്ള ക്ഷേത്രങ്ങൾ. ഇവിടെയെല്ലാം രുരുജിത്ത് വിധാനത്തിലാണ് പ്രതിഷ്ഠ. ഈ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ശിവൻ ഒരു പ്രധാന മൂർത്തി ആണെന്നെതും ഒരു പ്രത്യേകതയാണ്. ചിറയ്ക്കൽ കോവിലകത്തിന്റെ കുലദൈവമാണ് മാടായിക്കാവിലമ്മ.

ചെറുപയർ, കോഴി നിവേദ്യം എന്നിവ ഇവിടുത്തെ പ്രസിദ്ധമായ വഴിപാടുകളാണ്. ഭഗവതിക്ക് പ്രധാനമായ ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാര പൂജയുടെ ഭാഗമാണ് കോഴി നിവേദ്യം എന്ന്‌ വിശ്വാസം. ഇത്തരം ഒരു നിവേദ്യം മറ്റു ക്ഷേത്രങ്ങളിൽ കാണപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഐതീഹ്യം, ചരിത്രം

തിരുത്തുക

മൂഷകവംശത്തിലെ പതിനൊന്നാമത്തെ രാജാവായ ശതസോമൻ (സൂതസോമൻ) ആയിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം നിർമ്മിച്ചത്. കോലസ്വരൂപത്തിന്റെ കുലദൈവമായ ശ്രീ ഭദ്രകാളിയെ അവിടെ പ്രത്യേകമായി ആരാധിച്ചു പോന്നിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം ഭഗവതിയുടെ അരുളപ്പാടിൻ പ്രകാരം എ.ഡി. 344 ൽ കോലത്തുനാട്ടരചൻ ശ്രീ ഭദ്രകാളിയെ മാടായിയിൽ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു. ഒരിക്കൽ തളിപ്പറമ്പ് ക്ഷേത്രത്തിൽ ഭദ്രകാളിയുടെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി തനിക്കിരിക്കുവാൻ മറ്റൊരു സ്ഥാനം വേണെമന്ന് ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് വെളിച്ചപ്പാട് ഇവിടെ കത്തി ജ്വലിച്ചുകൊണ്ടിരുന്ന ഒരു വിറക് കൊള്ളി എടുത്ത് എറിഞ്ഞു. അത് ചെന്നു വീണത് മാടായി പാറയിലായിരുന്നു. കത്തുന്ന വിറക് പ്രതിഷ്ഠയ്ക്ക് സ്ഥാനം കണ്ടെത്തിയതുകൊണ്ട് ഇവിടം ആദ്യം അറിയപ്പെട്ടത് തിരുവിറക് കാവ് എന്നും പിന്നീട് തിരുവർക്കാട് എന്നും അറിയപ്പെട്ടു എന്നാണ് വിശ്വാസം.

ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീർത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിച്ച ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തിൽ ജനിച്ച മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കടുശർക്കരയോഗ വിധിപ്രകാരം തയ്യാറാക്കിയ ശ്രീ ഭദ്രകാളിയുടെ പ്രതിഷ്ഠ നടത്തി എന്നുമാണ് പുരാവൃത്തം. സ്ത്രീയാണ് പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഭഗവതി പൂജ ആരംഭിക്കുന്നത്. മാതൃദായക്കാരായിരുന്നു ഇത്തരം ആദിമ ഗോത്രങ്ങൾ. ഊർവരത, പ്രകൃതി, മഹാമാരികൾ, കാർഷിക സമൃദ്ധി, മണ്ണിന്റെ ഫലഭൂയിഷ്ടത, ഐശ്വര്യം, സമൃദ്ധി, വിദ്യ, യുദ്ധ വിജയം എന്നിവ മാതൃ ദൈവാരധനയുമായി ബന്ധപെട്ടു കിടക്കുന്നു. ഇതിന്റെ പിന്തുടർച്ച കൂടിയാണ് മാടായിയിലെ ഭഗവതി പൂജ.

ക്രിസ്തുവർഷത്തിനു മുമ്പ് തന്നെ മാതൃദൈവ സങ്കൽപ്പം നിലനിന്നിരുന്നു. ഉർവ്വരതാ സങ്കൽപവുമായി ബന്ധപ്പെട്ട് മാതൃദൈവ വിശ്വാസം സിന്ധുനാഗരികതയ്ക്ക് മുൻപേ തന്നെ ഭാരതത്തിലും നിലനിന്നിരുന്നു. കാളീക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ സങ്കൽപ്പവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. തിൻമയുടെ മേലുള്ള നൻമയുടെ വിജയമാണ് കാളീ സങ്കൽപ്പം. ദുഷ്ടരെ ശിക്ഷിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്ന ഭദ്രകാളി സങ്കല്പം കേരളത്തിൽ പ്രബലമാണ്. കാടിനെ കാക്കുന്ന കാവ്, ക്ഷേത്ര സങ്കൽപവുമായി ചേർന്ന് നിൽക്കുന്നു.

ക്ഷേത്ര സമുച്ചയം

തിരുത്തുക

രണ്ട് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. കൂടാതെ നമസ്കാര മണ്ഡപം, ഉപദേവ ക്ഷേത്രങ്ങൾ, ചുറ്റമ്പലം, കലശപ്പുര, കുളം, കിണർ, കാവ് എന്നിവയും ഇവിടെ കാണാം.

പ്രത്യേകതകൾ

തിരുത്തുക

സാധാരണ ക്ഷേത്രങ്ങളിലേതു പോലെ ഇവിടെ അത്താഴ പൂജ നടത്തുന്ന പതിവില്ല. രാത്രി 8.30 ഓടുകൂടി നിവേദ്യം ശ്രീകോവിലിനുള്ളിൽ വയ്ക്കുന്നു. രാത്രി ദേവന്മാർ ഇവിടെ എത്തി ഭഗവതിയെ പൂജിച്ചു അത്താഴപൂജ പൂർത്തിയാക്കും എന്നാണ് വിശ്വാസം. പിറ്റേന്നു രാവിലെ പൂജാരി നട തുറന്ന് ദേവിയുടെ വാൾ എടുപത്ത് നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാര് മൂലയിൽ വയ്ക്കുകയും അത് കഴിഞ്ഞ് അത്താഴ നിവേദ്യം പുറത്തേയ്ക്ക് എടുക്കുകയും ചെയ്യുന്നു.

ഈ ക്ഷേത്രത്തിലെ പൂജാരിമാർ മാംസം കഴിക്കുന്നവരാണ്. പിടാരർ എന്ന് അറിയപ്പെടുന്ന ഇവർ ഒറി‌യ ബ്രാഹ്മിണ സമുദായത്തിൽപ്പെട്ടവരാണ്.

ദർശന സമയം

തിരുത്തുക

സാധാരണ ദിവസങ്ങളിൽ രാവിലെ 4.30AM മുതൽ ഉച്ചക്ക് 12 PM വരെയും, വൈകുന്നേരം 5 PM മുതൽ 7.30 PM വരെയുമാണ് ക്ഷേത്രനട തുറന്നിരിക്കുക. ചില മാസങ്ങളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലും അതിരാവിലെ 2 AM മണിക്ക് നട തുറക്കും.

പ്രധാന ദിവസങ്ങൾ

തിരുത്തുക

ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, മാസത്തിലെ ഒന്നാം തീയതി, നവരാത്രി, ജന്മ നക്ഷത്ര ദിവസം തുടങ്ങിയവ ദർശനത്തിന് പ്രധാനം.

നവരാത്രി വിദ്യാരംഭം, ദീപാവലി, തൃക്കാർത്തിക, തിരുവാതിര, ശിവരാത്രി തുടങ്ങിയവ വിശേഷം. ഭഗവതിക്കാവുകളിലും ക്ഷേത്രങ്ങളോടു ചേർന്നു നടത്തിവരുന്ന അനുഷ്ഠാന കർമ്മമായ കളത്തിലരിയും പാട്ടും ഭഗവതിയുടെ അനുഗ്രഹത്തിനായാണ് ചെയ്തുവരുന്നത്. മാടായി തിരുവർക്കാട് ക്ഷേത്രത്തിൽ കളത്തിലരിയും പാട്ടും വർഷത്തിൽ മൂന്നു പ്രാവശ്യമായി നടക്കുന്നു. മേടത്തിലെ വിഷു, ഇടവത്തിലെ കലശം, മിഥുനത്തിലെ പ്രതിഷ്ഠ, കർക്കിടകത്തിലെ നിറ, ചിങ്ങപ്പുത്തരിയും തിരുവോണവും, കന്നിയിലെ കൂത്ത്, തുലാവത്തിലെ എട്ടുപാട്ടും കളത്തിലരിയും, വൃശ്ചികത്തിലെ മുപ്പതുപാട്ടും കളത്തിലരിയും, ത്രിക്കാർത്തികയും, ധനുവിലെ പന്തൽക്കാരൻ, മകരത്തിലെ പതിമൂന്ന് പാട്ടും കളത്തിലരിയും കുംഭത്തിലെ ശിവരാത്രി, മീനത്തിലെ പൂരം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവയാണ്.

വഴിപാടുകൾ

തിരുത്തുക

വഴിയാരടി പൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വസൂരി വന്നാൽ‍ മാടായിക്കാവിലമ്മയ്ക്ക് കുരുമുളക് നേദിക്കുക എന്നതും പഴയകാലത്തെ പ്രധാന വിശ്വാസങ്ങളിലൊന്നായിരുന്നു. സാധാരണ ഭഗവതി ക്ഷേത്രങ്ങളിൽ നടത്തുന്ന മിക്ക വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്.

പ്രാർഥന ശ്ലോകങ്ങൾ

തിരുത്തുക

1. ദേവി മാഹാത്മ്യം

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ

രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.

2. മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ.

3. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.

4. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളി പത്ത്)

5. ഈശ്വരി പരമേശ്വരി ജഗദീശ്വരി മഹേശ്വരി ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ.

6. ഓം ജയന്തി മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹ സ്വധാ നമോസ്തുതേ.

ജയത്വം ദേവി ചാമുണ്ഡേ ജയ ഭൂതാർത്തിഹാരിണി ജയ സർവ്വഗതേ ദേവി കാളരാത്രി നമോസ്തുതേ.

(അർത്ഥം: എല്ലാ സ്ഥലത്തും ജയിക്കുന്ന ജയന്തിയായും , മംഗളസ്വരൂപിയായ മംഗളയായും, കാളിയായും, ഭദ്രകാളിയായും, കപാലമാലയണിഞ്ഞ കപാലിനിയായും, ദുർഗ്ഗയായും, ക്ഷമയുള്ളവളായും, ശിവപ്രിയയായ ശിവയായും , ഭൂമീരൂപത്തിൽ ധാത്രിയായും, സ്വാഹാദേവിയായും, സ്വാധാദേവിയായും ഭവിച്ചിരിക്കുന്ന നിൻതിരുവടിയെ ഞാൻ നമസ്കരിക്കുന്നു.)

7. ഓം ആയുർദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.

8. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.

9. ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:

11. ‘’‘ദേവി മാഹാത്മ്യം’‘’

യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

കണ്ണൂർ പഴങ്ങാടിയിൽ നിന്നും പയ്യന്നൂരിലേക്കുള്ള റൂട്ടിൽ എരിപുരം എന്ന സ്ഥലത്താണ് മാടായിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജില്ലാ തലസ്ഥാനമായ കണ്ണൂരിൽ നിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. പയ്യന്നൂരിൽ നിന്നും 13 കിലോമീറ്ററും, തളിപ്പറമ്പിൽ നിന്നും 14.4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ- പയ്യന്നൂർ, കണ്ണൂർ.

  1. "Temples under Malabar Devaswam Board, Division : Thalassery" (PDF). Malabar Devaswam Board. Retrieved 10 August 2013.