ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജാസി (Hercules). ഏറ്റവും വലിയ നക്ഷത്രരാശികളിലൊന്നായ ഇതിനെ സാമാന്യം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിലും 88 ആധുനിക നക്ഷത്രരാശികളിലും ഇതുൾപ്പെട്ടിട്ടുണ്ട്. ആധുനിക നക്ഷത്രരാശികളിൽ അഞ്ചാമത്തെ വലിയ നക്ഷത്രസമൂഹമാണിത്.

ജാസി (Hercules)
ജാസി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ജാസി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Her
Genitive: Herculis
ഖഗോളരേഖാംശം: 17 h
അവനമനം: +30°
വിസ്തീർണ്ണം: 1225 ചതുരശ്ര ഡിഗ്രി.
 (5-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
14, 22
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
106
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
7
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 4
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Her
 (2.8m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 661
 (20.9 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 2
ഉൽക്കവൃഷ്ടികൾ : Tau Herculids
സമീപമുള്ള
നക്ഷത്രരാശികൾ:
വ്യാളം (Draco)
അവ്വപുരുഷൻ (Boötes)
കിരീടമണ്ഡലം (Corona Borealis)
സർപ്പമണ്ഡലം (Serpens)
സർപ്പധരൻ (Ophiuchus)
ഗരുഡൻ (Aquila)
ശരം (Sagitta)
ജംബുകൻ (Vulpecula)
അയംഗിതി (Lyra)
അക്ഷാംശം +90]° നും −50° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

സവിശേഷതകൾ

തിരുത്തുക

ജാസിയുടെ വടക്കു ഭാഗത്ത് വ്യാളം നക്ഷത്രരാശിയും കിഴക്കു ഭാഗത്ത് അവ്വപുരുഷൻ, കിരീടമണ്ഡലം, സർപ്പമണ്ഡലം എന്നിവയും തെക്ക് സർപ്പധരനും തെക്കുപടിഞ്ഞാറ് ഗരുഡനും പടിഞ്ഞാറ് ശരം, ജംബുകനും, അയംഗിതി എന്നിവയും അതിരുകളിടുന്നു. 1225.1 ചതുരശ്ര ഡിഗ്രി ആകാശഭാഗം ഉൾക്കൊള്ളുന്ന ഇത് വലിപ്പം കൊണ്ട് 88 നക്ഷത്രസമൂഹങ്ങളിൽ അഞ്ചാം സ്ഥാനത്താണുള്ളത്.[1] 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "Her" എന്ന ചുരുക്കപ്പേര് അംഗീകരിച്ചു.[2] 1930-ൽ യൂജീൻ ജോസഫ് ഡെൽപോർട്ട് 32 ഭാഗങ്ങളുള്ള ബഹുഭുജരൂപത്തിൽ ഔദ്യോഗികമായ അതിരുകൾ നിർവചിച്ചു. ഖഗോളരേഖാംശം 16മ. 00മി. 26.64സെ., 18മ. 57മി. 49.50സെ. എന്നിവക്ക് ഇടയിലും അവനമനം +3.67°ക്കും +51.32°ക്കും ഇടയിലുമാണ് ജാസിയുടെ സ്ഥാനം.

നക്ഷത്രങ്ങൾ

തിരുത്തുക

ഒന്നും രണ്ടും കാന്തിമാനമുള്ള നക്ഷത്രങ്ങളൊന്നും തന്നെ ജാസിയിലില്ല. എന്നാൽ കാന്തിമാനം 4-ന് മുകളിലുള്ള നിരവധി നക്ഷത്രങ്ങൾ ഇതിലുണ്ട്. റസൽഗെത്തി എന്ന് വിളിക്കുന്ന ആൽഫ ഹെർക്കുലിസ് ഒരു ട്രിപ്പിൾ നക്ഷത്രസംവിധാനമാണ്. ഭൂമിയിൽ നിന്ന് 359 പ്രകാശവർഷം അകലെയാണ് ഇതുള്ളത്. ഇതൊരു ക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കുറഞ്ഞ കാന്തിമാനം 4ഉം കൂടിയ കാന്തിമാനം 3ഉം ആണ്. ഇതിന് ഏകദേശം 400 സൗരവ്യാസം വലിപ്പമുണ്ട്. [3] 3600 വർഷം കൂടുമ്പോൾ പ്രധാന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന സ്പെക്ട്രോസ്കോപ്പിക് ബൈനറിയാണ് രണ്ടാമത്തെ നക്ഷത്രം. ഇതിന്റെ കാന്തിമാനം 5.6 ആണ്. കോർനെഫോറോസ് എന്നും അറിയപ്പെടുന്ന ബീറ്റ ഹെർക്കുലിസ് ആണ് ഹെർക്കുലീസിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ഭൂമിയിൽ നിന്ന് 148 പ്രകാശവർഷം അകലെയുള്ള മഞ്ഞ ഭീമൻ നക്ഷത്രമാണിത്. ഇതിന്റെ കാന്തിമാനം 2.8 ആണ്. ചെറിയ അമച്വർ ദൂരദർശിനികൾ കൊണ്ട് വേർതിരിച്ചറിയാൻ കഴിയുന്ന ഇരട്ട നക്ഷത്രമാണ് ഡെൽറ്റ ഹെർക്കുലിസ്. ഭൂമിയിൽ നിന്ന് 78 പ്രകാശവർഷം അകലെയുള്ള പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 3.1 ആണ്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 8.2 ആണ്. ഗാമ ഹെർക്കുലീസും ഒരു ഇരട്ടനക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 195 പ്രകാശവർഷം അകലെയുള്ളതും 3.8 കാന്തിമാനമുള്ളതുമായ ഒരു വെള്ളഭീമനാണ് പ്രാഥമികനക്ഷത്രം. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 10 ആണ്. സീറ്റ ഹെർക്കുലീസ് ഒരു ദ്വന്ദനക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 35 പ്രകാശവർഷം അകലെയുള്ള ഇതിന്റെ പരിക്രമണകാലം 34.5 വർഷമാണ്. പ്രാഥമികനക്ഷത്രത്തിന്റെ കാന്തിമാനം 2.9ഉം ദ്വിതീയനക്ഷത്രത്തിന്റെ കാന്തിമാനം 5.7ഉം ആണ്.

ചെറിയ അമച്വർ ദൂരദർശിനി ഉപയോഗിച്ച് വേർതിരിച്ചറിയാവുന്ന ഇരട്ട നക്ഷത്രമാണ് കാപ്പ ഹെർക്കുലിസ്. ഭൂമിയിൽ നിന്ന് 388 പ്രകാശവർഷം അകലെയുള്ള ഒരു മഞ്ഞ ഭീമനാണ് പ്രാഥമിക നക്ഷത്രം. ഇതിന്റെ കാന്തിമാനം 5.0 ആണ്. ഭൂമിയിൽ നിന്ന് 470 പ്രകാശവർഷം അകലെയുള്ള ഒരു ഓറഞ്ച് ഭീമനാണ് ദ്വിതീയ നക്ഷത്രം. ഇതിന്റെ കാന്തിമാനം 6.3 ആണ്. ഭൂമിയിൽ നിന്ന് 402 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദ്വനക്ഷത്രമാണ് റോ ഹെർക്കുലിസ്. ഇതിനെയും ചെറിയ അമച്വർ ദൂരദർശിനികൾ ഉപയോഗിച്ച് കാണാം. രണ്ടും നീല-പച്ച ഭീമൻ നക്ഷത്രങ്ങളാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.5ഉം രണ്ടാമത്തേതിന്റേത് 5.5ഉം ആണ്. ഭൂമിയിൽ നിന്ന് 470 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദവനക്ഷത്രമാണ് 95 ഹെർക്കുലിസ്. 4.9 കാന്തിമാനമുള്ള ഒരു വെള്ളി ഭീമനാണ് പ്രധാന നക്ഷത്രം. രണ്ടാമത്തേത് 5.2 കാന്തിമാനമുള്ള ഒരു വയസ്സൻ ചുവപ്പ് ഭീമൻ നക്ഷത്രമാണ്. HD164669 നക്ഷത്രം ദൃശ്യ ഇരട്ടയാണ്. 100 ഹെർക്കുലിസ് ചെറിയ അമച്വർ ദൂരദർശിനികളിൽ പോലും എളുപ്പത്തിൽ വേർതിരിച്ചു കാണാനാവുന്ന ഒരു ഇരട്ട നക്ഷത്രമാണ്. രണ്ടും കാന്തിമാനം 5.8 ഉള്ള നീല കലർന്ന വെള്ഴ നക്ഷത്രങ്ങളാണ്. അവ ഭൂമിയിൽ നിന്ന് യഥാക്രമം 165, 230 പ്രകാശവർഷങ്ങൾ അകലെയാണ്.[4]

30 ഹെർക്കുലിസ് എന്ന ചുവപ്പുഭീമൻ 3 മാസം കൊണ്ട് കാന്തിമാനം മാറുന്ന ഒരു ചരനക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 361 പ്രകാശവർഷം അകലെയുള്ള അതിന്റെ ഏറ്റവും കുറഞ്ഞ കാന്തിമാനം 6.3ഉം കൂടിയ കാന്തിമാനം 4.3ഉം ആണ്. 68 ഹെർക്കുലിസ് ഒരു ബീറ്റ ലൈറേ-ടൈപ്പ് എക്ലിപ്സിംഗ് ദ്വന്ദ്വനക്ഷത്രം ആണ്. ഇതിന് 2 ദിവസം കൊണ്ട് അതിന്റെ ഏറ്റവും കുറഞ്ഞ കാന്തിമാനമായ 5.4ൽ നിന്ന് കൂടിയ കാന്തിമാനമായ 4.7ൽ എത്തുന്നു. ഭൂമിയിൽ നിന്ന് 865 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[4] മ്യൂ ഹെർക്കുലീസ് ഭൂമിയിൽ നിന്ന് 27.4 പ്രകാശവർഷം അകലെയാണ്.

ഗ്രഹസംവിധാനങ്ങൾ

തിരുത്തുക

ജാസിയിലെ 15 നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

  • 14 ഹെർക്കുലിസിന് രണ്ട് ഗ്രഹങ്ങളുണ്ട്. 14 ഹെർക്കുലിസ് ബി എന്ന ഗ്രഹത്തിന്റെ പരിക്രമണ കാലം 4.9 വർഷമാണ്.[5] നക്ഷത്രത്തിൽ നിന്ന് 2.8 ജ്യോതിർമാത്ര അകലെയാണ് ഇതിന്റെ ഭ്രമണപഥം. 2005ൽ കണ്ടെത്തിയെങ്കിലും 2021 ൽ മാത്രമാണ് സ്ഥിരീകരിച്ചത്.[6][7]
  • HD 149026ന് ഹോട്ട് ജൂപ്പിറ്റർ വിഭാഗത്തിൽ പെട്ട ഒരു ഗ്രഹമുണ്ട്.[8]
  • HD 154345ന് HD 154345b എന്ന ഒരു ഗ്രഹമുണ്ട്, 9.095 വർഷം ആണ് ഇതിന്റെ പരിക്രമണകാലം. നക്ഷത്രത്തിൽ നിന്ന് 4.18 AU അകലെ ആണ് ഇതിന്റെ സ്ഥാനം.
  • HD 164922-നാണ് ആദ്യമായി ശനിഗ്രഹത്തിന് സമാനമായ ഗ്രഹം കണ്ടെത്തിയത്. ഇതിന്റെ പിണ്ഡം വ്യാഴത്തിന്റെ 0.36 ഭാഗം ആണ്. സെമിമേജർ അക്ഷം 2.11 AU ആണ്.[9]
  • HD 147506യുടെ പിണ്ഡം വ്യാഴത്തിന്റെ 8.65 മടങ്ങ് ആണ്.[10]
  • HD 155358-ന് രണ്ട് ഗ്രഹങ്ങളുണ്ട്.
  • GSC 03089-00929ന്റെ TrES-3b എന്ന ഗ്രഹത്തിന്റെ പ്രരിക്രമണകാലം 31 മണിക്കൂറാണ്.
  • Gliese 649 എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തിന് ശനിയെ പോലുള്ള ഒരു ഗ്രഹമുണ്ട്.[11]
  • HD 156668ന് ഭൂമിയുടെ നാല് മടങ്ങെങ്കിലും പിണ്ഡമുള്ള ഒരു ഭൗമ ഗ്രഹമുണ്ട്.[12]
  • HD 164595 എന്ന G-ടൈപ് നക്ഷത്രത്തിന് HD 164595 b എന്ന ഒരു ഗ്രഹമുണ്ട്.[13][14]

ജ്യോതിശാസ്ത്രവസ്തുക്കൾ

തിരുത്തുക
 
M13 : ഹബിൾ ദൂരദർശിനി എടുത്ത ചിത്രം

രണ്ട് മെസ്സിയർ വസ്തുക്കൾ ജാസി രാശിയിലുണ്ട്. M13, M92 എന്നിവ ഗോളീയ താരവ്യൂഹങ്ങളാണ്. ഉത്തരാർദ്ധഖഗോളത്തിലെ ഏറ്റവും പ്രകാശമുള്ള ഗോളീയ താരവ്യൂഹമാണ് M13. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ ഇതിനെ കാണാൻ സാധിക്കും. ഇതിന്റെ കാന്തിമാനം 6 ആണ്. മെസ്സിയർ വസ്തുക്കളിൽ ഏറ്റവും പ്രകാശമുള്ള ഗോളീയ താരവ്യൂഹവും ഇതുതന്നെ. ഭൂമിയിൽ നിന്ന് 25,200 പ്രകാശവർഷം അകലെയുള്ള 300,000-ലധികം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്നു. 100 പ്രകാശവർഷത്തിൽ കൂടുതലുണ്ട് ഇതിന്റെ വ്യാസം. ഒരു ചെറിയ അമേച്വർ ദൂരദർശിനി ഉപയോഗിച്ചു തന്നെ ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണാൻ കഴിയും.[4]

ഭൂമിയിൽ നിന്ന് 26,000 പ്രകാശവർഷം അകലെയുള്ള ഒരു ഗോളാകൃതിയിലുള്ള ക്ലസ്റ്ററാണ് M92. ഇതിന്റെ കാന്തിമാനം 6.4 ആണ്. അതിന് വളരെ വ്യക്തമായ ഒരു ന്യൂക്ലിയസ് ഉണ്ട്.[15] ഇത് ഒരു ക്ലാസ് IV ക്ലസ്റ്ററാണ്. ഇത് നക്ഷത്രങ്ങൾ കൂടുതലും മദ്ധ്യഭാഗത്തായി കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. 14 ബില്യൺ വർഷം പഴക്കമുള്ള ഗ്ലോബുലാർ ക്ലസ്റ്ററാണിത്. അതിലെ നക്ഷത്രങ്ങൾ ഇടത്തരം അമേച്വർ ദൂരദർശിനി ഉപയോഗിച്ച് വേർതിരിച്ച് കാണാവുന്നതാണ്.[4]

ഗോളാകൃതിയിലുള്ള ആബെൽ 39 എന്ന പ്ലാനറ്ററി നെബുലയും ഇതിലുണ്ട്.

NGC 6229 ഒരു മങ്ങിയ ഗോളീയ താരവ്യൂഹമാണ്.കാന്തിമാനം 9.4 ആണ്. താരവ്യാഹങ്ങളിൽ തിളക്കം കൊണ്ട് മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്. ഭൂമിയിൽ നിന്ന് 1,00,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതും ഒരു ക്ലാസ് IV ക്ലസ്റ്ററാണ്.[16]

NGC 6210 കാന്തിമാനം 9 ഉള്ള ഒരു പ്ലാനറ്ററി നെബുലയാണ്. ഭൂമിയിൽ നിന്ന് 4000 പ്രകാശവർഷം അകലെയാണ് ഇതുള്ളത്.[4]

ജാസി നക്ഷത്രരാശിയിൽ 2018 ജൂൺ 16ന് ഒരു വലിയ സ്ഫോടനം കണ്ടെത്തുകയുണ്ടായി.[17][18] 2018 ജൂൺ 22 വരെ കാണാൻ കഴിഞ്ഞ ഈ ജ്യോതിശാസ്ത്ര സംഭവം ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ വളരെ വലിയ താൽപ്പര്യം സൃഷ്ടിച്ചു.[19] പിന്നീട് ഇതിന് സൂപ്പർനോവ 2018കൗ എന്ന പേര് നൽകി.[20][21]

ഹെർക്കുലീസ് എ ഒരു എലിപ്റ്റിക്കൽ ഗാലക്സിയാണ്. സൂര്യന്റെ 250 കോടി മടങ്ങ് പിണ്ഡമുള്ള ഒരു അതിഭീമൻ തമോഗർത്തം ഇതിന്റെ മദ്ധ്യത്തിലുണ്ട്. ഇതിൽ നിന്നുള്ള റേഡിയോ തരംഗങ്ങളുടെ പ്രവാഹം 15 ലക്ഷം പ്രകാശവർഷം അകലെ വരെ എത്തുന്നുണ്ട്.[22] ഹെർക്കുലീസിലെ മറ്റൊരു പ്രധാന റേഡിയോ സ്രോതസ്സ് ക്വാസാർ 3C 345 ആണ്.

ആകാശഗംഗയുടെ കേന്ദ്രത്തിന് ചുറ്റുമുള്ള സൂര്യന്റെ ചലനത്തിന്റെ ദിശയായ solar apex ജാസി രാശിയിലാണ് സഥിതി ചെയ്യുന്നത്. അയംഗിതി രാശിയിലെ വേഗ നക്ഷത്രത്തിനെ അടുത്തായാണ് ഇതിന്റെ സ്ഥാനം.

ജാസി രാശിയിലെ ε,ζ,η,π നക്ഷത്രങ്ങൾ ചേർന്ന് ആകാശത്തു നിർമ്മിക്കുന്ന ചതുർഭുജത്തെ Keystone എന്നു വിളിക്കുന്നു.

ചിത്രീകരണം

തിരുത്തുക
 
ഹെർക്കുലീസ് നക്ഷത്രസമൂഹത്തിന്റെ പരമ്പരാഗത ചിത്രീകരണം കീസ്റ്റോൺ ആസ്റ്ററിസം ആണ് ചതുരാകൃതിയിൽ എടുത്തു കാണിച്ചിരിക്കുന്നത്.

പരമ്പരാഗത ശൈലിയിൽ ആൽഫ ഹെർക്കുലീസ് ആണ് ഹെർക്കുലീസിന്റെ തലയായി ചിത്രീകരിച്ചിരിക്കുന്നത്. ആൽഫ ഹെർക്കുലീസിനെ റസാൽഗത്തി എന്നു കൂടി വിളിക്കുമല്ലോ. ഈ വാക്കിന്റെ അർത്ഥം "മുട്ടുകുത്തി നിൽക്കുന്നവന്റെ തല" എന്നാണ്. ഡെൽറ്റ ഹെർക്കുലീസ്, ബീറ്റ ഹെർക്കുലീസ് എന്നീ നക്ഷത്രങ്ങളാണ് തോളുകൾ. എപ്സിലോൺ ഹെർക്കുലീസ്, സീറ്റ ഹെർക്കുലീസ് എന്നിവ അരക്കെട്ടും. തിറ്റ ഹെർക്കുലീസ്, അയോട്ട ഹെർക്കുലീസ് എന്നിവയാണ് കാലുകൾ. കാലുകൾ വ്യാളിയുടെ തലയിൽ ചവിട്ടി നിൽക്കുന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.[23]

π Her, η Her, ζ Her, ε Her എന്നിവ ചേർന്ന് രൂപപ്പെടുത്തിയ ചതുരാകൃതിയാണ് ഹെർക്കുലീസിന്റെ ദേഹം. ഇതിനെ കീസ്റ്റോൺ ആസ്റ്ററിസം എന്ന് അറിയപ്പെടുന്നു.

എച്ച്.എ. റേ മറ്റൊരു രീതിയിൽ ചിത്രീകരിച്ചു. അതിൽ "കീസ്റ്റോൺ" ഹെർക്കുലീസിന്റെ തലയാണ്. വളരെ ശോഭയുള്ള രണ്ട് നക്ഷത്രങ്ങൾക്കിടയിലാണ് ഈ ചതുർഭുജം സ്ഥിതിചെയ്യുന്നത്: അയംഗിതി നക്ഷത്രരാശിയിലെ അഭിജിത്തും കിരീടമണ്ഡലത്തിലെ α Crb എന്ന നക്ഷത്രവും ആണവ. α Her (റസൽഗെത്തി), δ Her (സരിൻ) എന്നിവയാണ് വലതു കാൽ. ബെയർ നാമം ഇല്ലാത്ത രണ്ടു മങ്ങിയ നക്ഷത്രങ്ങളാണ് ഇടതു കാൽ. β Her ആണ് വലതു കൈ.

ചരിത്രം

തിരുത്തുക

ഗാവിൻ വൈറ്റിന്റെ അഭിപ്രായത്തിൽ, "നിൽക്കുന്ന ദൈവങ്ങൾ" (MUL.DINGIR.GUB.BA.MESH) എന്നറിയപ്പെട്ടിരുന്ന ബാബിലോണിയൻ നക്ഷത്രസമൂഹത്തിനെ പരിഷ്കരിച്ചെടുത്തതാണ് ജാസി. ഇരിക്കുന്ന ദൈവങ്ങൾ, നിൽക്കുന്ന ദൈവങ്ങൾ എന്നീ രണ്ട് ബാബിലോണിയൻ നക്ഷത്രരാശികൾ കൂട്ടിച്ചേർത്താണ് ഗ്രീക്കുകാർ ഹെർക്കുലീസ് (ജാസി) എന്ന രാശി നിർമ്മിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന്റെ യഥാർത്ഥ പേര് നീലർ എന്നാണെന്നും അദ്ദേഹം പറയുന്നു.[24]

നക്ഷത്രസമൂഹത്തെക്കുറിച്ചുള്ള ആദ്യകാല ഗ്രീക്ക് പരാമർശങ്ങളിൽ അതിനെ ഹെർക്കുലീസ് എന്ന് പരാമർശിക്കുന്നില്ല.അരാറ്റസ് അതിനെ ഇങ്ങനെ വിവരിക്കുന്നു :

അതിന്റെ [ഡ്രാക്കോയുടെ (വ്യാളി)] പരിസരത്ത് ജോലിയിലേർപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയുള്ള ഒരു ഫാന്റം രൂപമുണ്ട്. രൂപം വ്യക്തമല്ല. എന്നാൽ ആളുകൾ അവനെ മുട്ടുകുത്തി (Kneeler) എന്ന് വിളിക്കുന്നു.[25]

ഇപ്പോൾ മുട്ടുകുത്തി അധ്വാനിക്കുന്ന ഫാന്റം, വളഞ്ഞ കാൽമുട്ടിൽ ഇരിക്കുന്നതായി തോന്നുന്നു, അവന്റെ കൈകൾ ഉയർത്തി നീട്ടി. ഒന്ന് ഈ വഴിക്ക്, ഒന്ന് അഗാധതയിലേക്കും. വളഞ്ഞ മഹാസർപ്പത്തിന്റെ തലയുടെ മധ്യഭാഗത്ത് അവന്റെ വലതു കാലിന്റെ അറ്റം ഉണ്ട്. മരിച്ച അരിയാഡ്‌നെയുടെ സ്മാരകമായി ഡയോനിസസ് സ്ഥാപിച്ച കിരീടം [കൊറോണ] ജോലി ചെയ്യുന്ന ഫാന്റത്തിന്റെ പിൻഭാഗത്ത് ചക്രമായി കാണുന്നു. ഫാന്റത്തിന്റെ പിൻഭാഗത്ത് കിരീടമിരിക്കുന്ന്. എന്നാൽ ഒഫിയൂക്കസിന്റെ (സർപ്പമണ്ഡലം) ശിരസ്സിനടുത്തായാണ് അവന്റെ തല അടയാളപ്പെടുത്തിരിയിരിക്കുന്നത് [...] യോണ്ടർ എന്ന ഒരു ചെറിയ ആമയുടെ പുറംതോടിൽ ഹെർമിസ് ചരടുകൾ തുളച്ചു കയറ്റി ലൈർ (ലൈറ) എന്ന ഒരു സംഗീതോപകരണം നിർമ്മിച്ചു. അവൻ അത് സ്വർഗത്തിലേക്ക് കൊണ്ടുവന്ന് ഫാന്റത്തിന്റെ മുന്നിൽ വെച്ചു.[26]

ഹെർക്കുലീസിനെ നക്ഷത്രസമൂഹവുമായി ബന്ധിപ്പിക്കുന്ന കഥ ഹാലികാർണസസിലെ ഡയണീഷ്യസ് ഇങ്ങനെ വിവരിക്കുന്നു:

ഹെർക്കുലീസ് ഐബീരിയയിൽ നിന്ന് മൈസീനയിലേക്ക് മടങ്ങുമ്പോൾ തന്റെ പത്താമത്തെ ജോലിയായി ജെറിയോണിലെ കന്നുകാലികളെ കരസ്ഥമാക്കി. പിന്നീട് വടക്ക്-പടിഞ്ഞാറൻ ഇറ്റലിയിലെ ലിഗൂറിയയിൽ എത്തി. അവിടെ അദ്ദേഹം അലെബിയോൺ എന്നും ബെർജിയോൺ എന്നും പേരായ രണ്ട് ഭീമന്മാരുമായി യുദ്ധത്തിൽ ഏർപ്പെട്ടു. എതിരാളികൾ ശക്തരായിരുന്നു. ഹെർക്കുലീസ് വളരെ പ്രയാസമേറിയ ഒരു അവസ്ഥയിലായി. അവൻ സഹായത്തിനായി പിതാവായ സിയൂസിനോട് പ്രാർത്ഥിച്ചു. സിയൂസിന്റെ സഹായത്തോടെ ഹെർക്കുലീസ് യുദ്ധത്തിൽ വിജയിച്ചു. തന്റെ പിതാവായ സിയൂസിനോട് പ്രാർത്ഥിക്കുമ്പോഴുള്ള മുട്ടുകുത്തി നിൽക്കുന്ന ഈ രൂപമാണ് "മുട്ടുകുത്തി" (Kneeler) എന്ന പേര് നൽകിയത്.[27]

സുമേറിയൻ പുരാണ നായകനായ ഗിൽഗാമേഷുമായും ഹെർക്കുലീസിനെ ബന്ധപ്പെടുത്താറുണ്ട്.

  1. Ridpath, Ian. "Constellations: Andromeda–Indus". Star Tales. Retrieved 2016-09-12.
  2. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. Vol. 30. p. 469. Bibcode:1922PA.....30..469R.
  3. Moravveji, Ehsan; Guinan, Edward F.; Khosroshahi, Habib; Wasatonic, Rick (December 2013), "The Age and Mass of the α Herculis Triple-star System from a MESA Grid of Rotating Stars with 1.3 <= M/M ⊙ <= 8.0", The Astronomical Journal, 146 (6): 13, arXiv:1308.1632, Bibcode:2013AJ....146..148M, doi:10.1088/0004-6256/146/6/148, S2CID 117872505, 148.
  4. 4.0 4.1 4.2 4.3 4.4 Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, pp. 154–156, ISBN 0-691-08913-2
  5. Wittenmyer, Robert A.; et al. (January 2007). "Long-Period Objects in the Extrasolar Planetary Systems 47 Ursae Majoris and 14 Herculis". The Astrophysical Journal. 654 (1): 625–632. arXiv:astro-ph/0609117. Bibcode:2007ApJ...654..625W. doi:10.1086/509110. S2CID 14707902.
  6. Goździewski, K.; Konacki, M.; Maciejewski, A. J. (2006). "Orbital Configurations and Dynamical Stability of Multiplanet Systems around Sun-like Stars HD 202206, 14 Herculis, HD 37124, and HD 108874" (PDF). The Astrophysical Journal. 645 (1): 688–703. arXiv:astro-ph/0511463. Bibcode:2006ApJ...645..688G. doi:10.1086/504030. S2CID 15012577.
  7. Rosenthal, Lee J.; Fulton, Benjamin J.; Hirsch, Lea A.; Isaacson, Howard T.; Howard, Andrew W.; Dedrick, Cayla M.; Sherstyuk, Ilya A.; Blunt, Sarah C.; Petigura, Erik A.; Knutson, Heather A.; Behmard, Aida; Chontos, Ashley; Crepp, Justin R.; Crossfield, Ian J. M.; Dalba, Paul A.; Fischer, Debra A.; Henry, Gregory W.; Kane, Stephen R.; Kosiarek, Molly; Marcy, Geoffrey W.; Rubenzahl, Ryan A.; Weiss, Lauren M.; Wright, Jason T. (2021), "The California Legacy Survey. I. A Catalog of 178 Planets from Precision Radial Velocity Monitoring of 719 Nearby Stars over Three Decades", The Astrophysical Journal Supplement Series, 255 (1): 8, arXiv:2105.11583, Bibcode:2021ApJS..255....8R, doi:10.3847/1538-4365/abe23c, S2CID 235186973{{citation}}: CS1 maint: unflagged free DOI (link)
  8. Sato, Bun'ei; et al. (2005). "The N2K Consortium. II. A Transiting Hot Saturn around HD 149026 with a Large Dense Core". The Astrophysical Journal. 633 (1): 465–473. arXiv:astro-ph/0507009. Bibcode:2005ApJ...633..465S. doi:10.1086/449306. S2CID 629648.
  9. Butler, R. P.; et al. (2006). "Catalog of Nearby Exoplanets". The Astrophysical Journal. 646 (1): 505–522. arXiv:astro-ph/0607493. Bibcode:2006ApJ...646..505B. doi:10.1086/504701. S2CID 119067572.
  10. Bakos, G. Á.; et al. (2007). "HD 147506b: A Supermassive Planet in an Eccentric Orbit Transiting a Bright Star". The Astrophysical Journal. 670 (1): 826–832. arXiv:0705.0126. Bibcode:2007ApJ...670..826B. doi:10.1086/521866. S2CID 18286425.
  11. Johnson, John Asher; et al. (2010). "The California Planet Survey II. A Saturn-Mass Planet Orbiting the M Dwarf Gl649". The Publications of the Astronomical Society of the Pacific. 122 (888): 149–155. arXiv:0912.2730. Bibcode:2010PASP..122..149J. doi:10.1086/651007. S2CID 119254409.
  12. Howard, Andrew W.; et al. (January 2011), "The NASA-UC Eta-Earth Program. II. A Planet Orbiting HD 156668 with a Minimum Mass of Four Earth Masses", The Astrophysical Journal, 726 (2): 73, arXiv:1003.3444, Bibcode:2011ApJ...726...73H, doi:10.1088/0004-637X/726/2/73, S2CID 15559379
  13. "HD 164595 b Confirmed Planet Overview Page". NASA. Retrieved 31 August 2016.
  14. Courcol, Bastien; Bouchy, François; Pepe, Francesco; Santerne, Alexandre; Delfosse, Xavier; Arnold, Luc; Astudillo-Defru, Nicola; Boisse, Isabelle; Bonfils, Xavier (2015-09-01). "The SOPHIE search for northern extrasolar planets". Astronomy & Astrophysics (in ഇംഗ്ലീഷ്). 581: A38. arXiv:1506.07144. Bibcode:2015A&A...581A..38C. doi:10.1051/0004-6361/201526329. ISSN 0004-6361. S2CID 119181352.
  15. Levy, David H. (2005). Deep Sky Objects. Prometheus Books. p. 150. ISBN 1-59102-361-0.
  16. Levy, David H. (2005). Deep Sky Objects. Prometheus Books. p. 154. ISBN 1-59102-361-0.
  17. Smartt, S.J.; et al. (17 June 2018). "ATLAS18qqn (AT2018cow) - a bright transient spatially coincident with CGCG 137-068 (60 Mpc)". The Astronomer's Telegram. Retrieved 22 June 2018.
  18. Crane, Leah (21 June 2018). "We've just seen a huge space explosion and don't know what it is". New Scientist. Retrieved 22 June 2018.
  19. Staff (22 June 2018). "The Astronomer's Telegram - Main Page (22 June 2018)". The Astronomer's Telegram. Archived from the original on 22 June 2018. Retrieved 22 June 2018.
  20. Bishop, David (22 June 2018). "Latest SuperNovae". RochesterAstronomy.org. Retrieved 22 June 2018.
  21. Bishop, David (22 June 2018). "Supernovae 2018cow in CGCG 137-068". RochesterAstronomy.org. Retrieved 22 June 2018.
  22. "A Multi-Wavelength View of Radio Galaxy Hercules A". hubblesite.org. 29 November 2012. Retrieved 30 June 2023.
  23. Chartrand III, Mark R. (1983). Skyguide: A Field Guide for Amateur Astronomers. p. 150. ISBN 0-307-13667-1.
  24. Babylonian Star-lore by Gavin White, Solaria Pub[-0[-[], 2008, pp. 199ff
  25. "Ἐγγόνασιν (ἐν γόνασιν), Arat. 66, 669, Gal. 9. 936, etc." [1] Henry George Liddell and Robert Scott. A Greek-English Lexicon. Oxford. Clarendon Press, 1940.
  26. Aratus Phaenomena, trans. Mair, A. W. & G. R. Loeb Classical Library Volume 129. London: William Heinemann, 1921.
  27. Dionysius of Halicarnassus, i. 41

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക

നിർദ്ദേശാങ്കങ്ങൾ:   17h 00m 00s, +30° 00′ 00″


"https://ml.wikipedia.org/w/index.php?title=ജാസി&oldid=3982660" എന്ന താളിൽനിന്ന് ശേഖരിച്ചത്