അഭിജിത് (നക്ഷത്രം)

(വേഗ (നക്ഷത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയംഗിതി രാശിയിലെ ഏറ്റവും പ്രഭ കൂടിയ നക്ഷത്രമാണ് അഭിജിത്(Vega).[1] ആകാശത്തു കാണുന്ന പ്രഭ കൂടിയ നക്ഷത്രങ്ങളിൽ അഞ്ചാം സ്ഥാനമാണ് അഭിജിത്തിനുള്ളത്. ഭൂമിയിൽ നിന്ന് 25 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വേദകാലജ്യോതിഷപ്രകാരം ഉത്രാടത്തിനും തിരുവോണത്തിനും ഇടക്കുള്ള ഒരു നക്ഷത്രമായി ഇതിനെയും ഗണിച്ചിരുന്നു.[1]

സൂര്യൻ കഴിഞ്ഞാ ശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ പഠനത്തിനു വിധേയമാക്കിയ നക്ഷത്രം അഭിജിത് ആണ്.[2] ആദ്യമായി സ്പെക്ട്രോഗ്രാഫിക് പഠനത്തിനു വിധേയമാക്കിയ നക്ഷത്രം അഭിജിത് ആണ്. ആദ്യമായി പാരലാക്സ് രീതി ഉപയോഗിച്ച് ദൂരം കണക്കാക്കിയതും ഇതിനെയാണ്.

സൂര്യന്റെ പ്രായത്തിന്റെ പത്തിലൊന്നു മാത്രം പ്രായമുള്ള അഭിജിത്തിന് സൂര്യന്റെ 2.1മടങ്ങ് പിണ്ഡമുണ്ട്. സൂര്യന്റെ പത്തിലൊന്നു ആയുസ്സുമാത്രമാണ് അഭിജിത്തിനും കണക്കാക്കിയിട്ടുള്ളത്. അതായത് രണ്ടു നക്ഷത്രങ്ങളും ഇപ്പോൾ അവയുടെ അർദ്ധായുസ്സിൽ എത്തിയിരിക്കുന്നു. ഇതിന്റെ മദ്ധ്യരേഖാപ്രദേശം സെക്കന്റിൽ 274കി.മീറ്റർ വേഗതയിലാണ് ഭ്രമണം ചെയ്യുന്നത്. ഈ വേഗത കാരണം ഇതിന്റെ മദ്ധ്യഭാഗം കൂടുതൽ പുറത്തേക്ക് തള്ളിയിരിന്നുണ്ടായിരിക്കാമെന്ന് അനുമാനിക്കുന്നു.[3]

നിരീക്ഷണ ചരിത്രം

തിരുത്തുക

1840ൽ ജോൺ വില്യം ഡ്രാപ്പർ ചന്ദ്രന്റെ ഒരു ഫോട്ടോ എടുത്തുകൊണ്ടാണ് ആസ്ട്രോ ഫോട്ടോഗ്രാഫിക്ക് തുടക്കമിടുന്നത്. 1850 ജൂലൈ 17ന് ആസ്ട്രോ ഫോട്ടാഗ്രാഫിക്ക് വിധേയമാകുന്ന ആദ്യത്തെ നക്ഷത്രമായി അഭിജിത്. ഹാർവാർഡ് കോളേജ് ഒബ്സർവേറ്ററിയിലെ വില്യം ബോണ്ട്, ജോൺ ആഡം വിപ്പിൾ എന്നിവർ ചേർന്നാണ് ഇതെടുത്തത്.[4][5] 1872ൽ ഹെൻറി ഡ്രാപ്പർ ഇതിന്റെ വർണ്ണരാജി ആലേഖനം ചെയ്തതോടെ ആദ്യത്തെ വർണ്ണരാജിപഠനത്തിനു വിധേയമാകുന്ന ആദ്യത്തെ നക്ഷത്രമെന്ന പദവിയും ആഭിജിതിനു സ്വന്തമായി. ഇതിലൂടെ ഒരു നക്ഷത്രത്തിനെ (സൂര്യനെ മാറ്റി നിർത്തിക്കൊണ്ട്) ആദ്യമായി വർണ്ണരാജി പഠനത്തിനു വിധേയമാക്കിയ വ്യക്തി എന്ന പേര് ഹെൻറി ഡ്രാപ്പറിനും ലഭിച്ചു.[6]

ഭൂമിയിൽ നിന്നും അഭിജിതിലേക്കുള്ള ദൂരം ദൃഗ്ഭ്രംശരീതി ഉപയോഗിച്ച് ആദ്യം നിർണ്ണയിച്ചത് ഫ്രെഡറിക് ജി.ഡബ്ലിയു. വോൺ സ്ട്രൂവ് (1793-1864) എന്ന ശാസ്തജ്ഞനാണ്. അദ്ദേഹം നിർണ്ണയിച്ച 0.125കോണീയ സെക്കന്റ് എന്ന അളവ് ആധുനിക ഉപകരണങ്ങളുടെ സഹായത്താൽ നിർണ്ണയിച്ച 0.129 എന്ന അളവിനോട് വളരെ അടുത്തു നിൽക്കുന്നതാണ്.[7][8] വളരെ കാലങ്ങളോളം നക്ഷത്രങ്ങളുടെ കാന്തിമാനം അഭിജിതിനെ അടിസ്ഥാനമാക്കിയാണ് നിർണ്ണയിച്ചിരുന്നത്.[9]

  1. 1.0 1.1 മാനത്തു നോക്കുമ്പോൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -1996)
  2. Gulliver, Austin F.; Hill, Graham; Adelman, Saul J. (1994), "Vega: A rapidly rotating pole-on star", The Astrophysical Journal 429 (2): L81–L84
  3. Peterson, D. M. et al. (1999), "Vega is a rapidly rotating star", Nature 440 (7086): 896–899, arXiv:astro-ph/0603520, Bibcode:2006Natur.440..896P, doi:10.1038/nature04661, PMID 16612375
  4. Allen, Richard Hinckley (1963), Star Names: Their Lore and Meaning, Courier Dover Publications, ISBN 0-486-21079-0
  5. Barger, M. Susan; White, William B. (2000), The Daguerreotype: Nineteenth-Century Technology and Modern Science, JHU Press, ISBN 0-8018-6458-5
  6. Barker, George F. (1887), "On the Henry Draper Memorial Photographs of Stellar Spectra", Proceedings of the American Philosophical Society 24: 166–172
  7. Berry, Arthur (1899), A Short History of Astronomy, New York: Charles Scribner's Sons, ISBN 0-486-20210-0
  8. Débarbat, Suzanne (1988), "The First Successful Attempts to Determine Stellar Parallaxes in the Light of the Bessel/Struve Correspondence", Mapping the Sky: Past Heritage and Future Directions, Springer, ISBN 90-277-2810-0
  9. Garfinkle, Robert A. (1997), Star-Hopping: Your Visa to Viewing the Universe, Cambridge University Press, ISBN 0-521-59889-3
"https://ml.wikipedia.org/w/index.php?title=അഭിജിത്_(നക്ഷത്രം)&oldid=2836528" എന്ന താളിൽനിന്ന് ശേഖരിച്ചത്