തെക്കൻ മെസൊപ്പൊട്ടേമിയയിലെ ചരിത്രപരമായ മേഖലയിലെ ആദ്യത്തെ നാഗരികതയായിരുന്നു സുമേറിയൻ നാഗരികത. ബി.സി.ഇ ആറാം സഹസ്രാബ്ദത്തിനും അഞ്ചാം സഹസ്രാബ്ദത്തിനും ഇടയിലുള്ള ചാൽക്കോലിത്തിക് കാലഘട്ടത്തിലും വെങ്കലയുഗത്തിന്റെ തുടക്കത്തിലുമാണ് സുമേറിയൻ നാഗരികത ഉയർന്നുവന്നത്. ടൈഗ്രിസ് - യൂഫ്രട്ടീസ് താഴ്‌വരകളിൽ, സുമേറിയൻകർഷകർ ധാന്യവും മറ്റുവിളകളും സമൃദ്ധമായി മുളപ്പിച്ചു. ഇത്, ഒരിടത്തു സ്ഥിരമായി താമസിപ്പിക്കാൻ അവരെ പ്രാപ്തരാക്കി.

സവിശേഷതകൾ

തിരുത്തുക
  • ബി. സി 3200മുതൽ 1200വരെ നിലനിന്നിരുന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
  • ബി.സി 3200മുതൽ 1200വരെ യുഫ്രെട്ടീസ്, ടൈഗ്രീസ് എന്നീ രണ്ടു നദികൾക്കിടയിൽ നിലവിൽവന്ന മെസപ്പൊട്ടേമിയൻ സംസ്കാരത്തിൻ്റെ ഭാഗമാണ്, സുമേറിയൻസംസ്കാരം.
  • പ്രത്യേകതകൾ
  1. വിശാലമായ ചതുപ്പുപ്പുകൾ.
  2. ആകാശംമുട്ടെ നീളുന്ന മുളങ്കാടുകൾ.
  3. മണ്ണും ചെളിയും കൂടിക്കലർന്ന തീരങ്ങൾ.
  4. കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം.

പേരിന്റെ ചരിത്രം

തിരുത്തുക
 
സുമേരിയൻ ഭരണാധികാരിയായിരുന്ന ഗുഡിയയുടെ ശിരസ്സിന്റെ ശില്പം

അക്കേഡിയൻ ജനത, മൊസപ്പൊട്ടേമിയയിലെ സെമിറ്റിക്-ഇതര ഭാഷ സംസാരിച്ചിരുന്ന ആദിമജനതയ്ക്കു നൽകിയതാണ് സുമേറിയൻ എന്ന പേരു്. സുമേറിയൻ ജനത സ്വയം വിളിച്ചിരുന്നത് "കറുത്ത തലയുള്ളവർ "എന്നർത്ഥം വരുന്ന ùĝ saĝ gíg ga (ക്യൂണിഫോം: 𒌦 𒊕 𒈪 𒂵)എന്നായിരുന്നു. [1]

 
സിംഹാസനസ്ഥനായ ഉറിലെ രാജാവ് സഹായികളോടൊപ്പം

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ബി.സി.ഇ 5500നും 4000ത്തിനും ഇടയിൽ സെമിറ്റിക് ഭാഷയുമായോ ഇന്തോ-യൂറോപ്യൻ ഭാഷകളുമായോ ബന്ധമില്ലാത്ത അഗ്ഗ്ളൂട്ടിനേറ്റീവ് ഭാഷയായ സുമേറിയൻ ഭാഷ സംസാരിച്ചിരുന്ന പശ്ചിമേഷ്യൻ ജനത സുമേറിൽ കുടിയേറി.[2] സുമേറിയൻ ജനത സഹാറയിൽ നിന്നു മധ്യപൂർവ്വദേശത്തേക്കു കുടിയേറിയ ഉത്തര ആഫ്രിക്കക്കാരെണെന്നും അവരാണ് മധ്യപൂർവ്വദേശത്ത് കൃഷി പ്രചരിപ്പിച്ചതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[3]. ഈ ആദിമജനത ഉത്തര മൊസൊപ്പൊട്ടേമയിലെ സമാറ സംസ്കാരത്തിന്റെ പിൻഗാമികളായിരിക്കാമെന്നു കരുതുന്നു. ഇവരെ പ്രോട്ടോ-യൂഫ്രെട്ടിയൻസ് അല്ലെങ്കിൽ ഉബൈദിയൻസ് എന്നു വിശേഷിപ്പിക്കുന്നു.[4] അവർ ചതുപ്പുകൾ നികത്തി കൃഷി ചെയ്യുകയും വാണിജ്യം, തുകൽ വ്യവസായം, മൺപാത്രനിർമ്മാണം, ഇഷ്ടികനിർമ്മാണം, മുതലായവ ആരംഭിക്കുകയും ചെയ്തു.

സുമേറിയൻ സംസ്കാരം ഉറുക് കാലഘട്ടത്തിൽ രൂപം കൊള്ളുകയും ജെംദെറ്റ് നാസർ കാലഘട്ടത്തിലും മെസപ്പൊട്ടേമിയയിലെ ആദ്യകാലരാജവംശത്തിന്റെ കാലത്തോളം തുടരുകയും ചെയ്തു. ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിൽ സുമേറിയക്കാരും അക്കാദിയൻമാരും തമ്മിൽ സാംസ്കാരികസമ്മിശ്രണം നടക്കുകയും ചെയ്തു.[5]സുമേറിയക്കാർക്ക് ക്രമേണ അവരുടെ ആധിപത്യം നഷ്ടപ്പെടുകയും അക്കേദിയൻ സാമ്രാജ്യം സുമേറിയ കീഴടക്കുകയും ചെയ്തെങ്കിലും സുമേറിയൻ ഭാഷ ഒരു പവിത്രഭാഷയായി തുടർന്നു. തദ്ദേശീയ സുമേറിയൻ ഭരണം ഉറിലെ മൂന്നാം രാജവംശക്കാലത്ത് (2100 - 2000 ബി.സി.ഇ) ഒരു നൂറുവർഷത്തേക്കുകൂടി തിരിച്ചുവന്നിരുന്നു.

പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള സുമേറിയൻ നഗരമായ എറിഡു ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായി കണക്കാക്കുന്നു. മൂന്നു സംസ്കാരങ്ങളുടെ അതായത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടുകളിൽ താമസിച്ചിരുന്നതും ജലസേചനം നടപ്പിലാക്കിയിരിന്നതുമായ ഉബൈദിയൻ കർഷകർ, സെമിറ്റിക് ഇടയസമൂഹം, ചതുപ്പുനിലങ്ങളിൽ ജീവിച്ചിരുന്ന മുക്കുവർ എന്നിവരുടെ സമ്മിശ്രമായ സംസ്കാരം ഏറിഡുവിൽ ഉടലെടുത്തതായി കരുതപ്പെടുന്നു.[6]

മെസപ്പൊട്ടേമിയയിലെ നഗരരാഷ്ട്രങ്ങൾ

തിരുത്തുക

ബി.സി.ഇ നാലാം സഹസ്രാബ്ദത്തിന്റെ അവസാനകാലഘട്ടങ്ങളിൽ സുമേർ സ്വതന്ത്രനഗരരാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ നഗരരാഷ്ട്രങ്ങൾ കനാലുകളാലും കൽമതിലുകളാലും വിഭാഗിക്കപ്പെട്ടിരുന്നു. നഗരരാഷ്ട്രങ്ങൾ അവയോരോന്നിന്റേയും രക്ഷാധികാരികളായ ദേവന്മാർക്കും ദേവതമാർക്കും സമർക്കിപ്പെട്ട ക്ഷേത്രങ്ങളാൽ കേന്ദ്രീകൃതമായി സ്ഥിതി ചെയ്യുന്നവയായിരുന്നു. ഇവ എൻസി എന്നറിയപ്പെട്ടിരുന്ന പുരോഹിതഗവർണർമാരാലോ ലുഗാൽ എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാരാലോ ഭരിക്കപ്പെട്ടിരുന്നു.

"പ്രളയത്തിനു" മുമ്പ് രാജഭരണത്തിനു കീഴിലായിരിന്നുവെന്ന് പറയപ്പെടുന്ന "ആദ്യത്തെ" അഞ്ച് നഗരരാഷ്ട്രങ്ങൾ

  1. എറിഡു
  2. ബദ്-തിബിറ
  3. ലാർസ
  4. സിപ്പാർ
  5. ഷുറുപ്പാക്ക്

മറ്റു പ്രധാനനഗരങ്ങൾ

  1. ഉറുക്
  2. കിഷ്
  3. ഊർ
  4. നിപ്പുർ
  5. ലഗാഷ്
  6. ഗിർസു
  7. ഉമ്മ
  8. ഹമാസി
  9. അദാബ്
  10. മാരി
  11. അക്ഷക്
  12. അക്കാദ്
  13. ഇസിൻ

ചരിത്രം

തിരുത്തുക

ചരിത്രാതീതകാലത്തിലെ ഉബൈദ്, ഉറുക് കാലഘട്ടങ്ങളിൽ സുമേറിയൻ നഗരരാഷ്ട്രങ്ങൾ അധികാരത്തിൽ വന്നു. ബി.സി.ഇ 27-ആം നൂറ്റാണ്ടിലേക്കും അതിനും പഴയ കാലങ്ങളിലേക്കും സുമേറിയയിലെ രേഖപ്പെടുത്തിയ ചരിത്രം എത്തുന്നുണ്ടെങ്കിലും, ചരിത്രരേഖകൾ ആദ്യകാല രാജവംശത്തിന്റെ മൂന്നാമത്തെ കാലഘട്ടം (ബി.സി.ഇ 23-ആം നൂറ്റാണ്ടിനോടടുത്ത്) വരെ അവ്യക്തമാണ്. സുമേറിയയിൽ ബി.സി.ഇ 23-ആം നൂറ്റാണ്ടോടുകൂടി വികസിപ്പിച്ചെടുത്ത സിലബറി അടിസ്ഥാനമാക്കിയ എഴുത്തുരീതി മനസ്സിലാക്കിയെടുത്ത പുരാവസ്തു ഗവേഷകർക്ക് ആ കാലഘട്ടത്തിലെ രേഖകളും ലിഖിതങ്ങളും വായിക്കാൻ കഴിഞ്ഞു. അക്കാദിയൻ സാമ്രാജ്യത്തിന്റെ ഉദയത്തോടെ (ബി.സി.ഇ 23-ആം നൂറ്റാണ്ട്) ക്ലാസിക്കൽ സുമേരിയൻ കാലഘട്ടം അവസാനിച്ചു. ഗുതിയൻ കാലഘട്ടത്തിനുശേഷം സുമേരിയൻ ഭരണം തിരിച്ചുവന്നെങ്കിലും അമോറൈറ്റുകാരുടെ അധിനിവേശം സുമേറിയൻ ഭരണത്തിനു അന്ത്യം കുറിച്ചു. 1700 ബി.സി.ഇ യിൽ മെസൊപ്പോട്ടേമിയ ബാബിലോണിയയുടെ കീഴിൽ വന്നതോടുകൂടി അമോറൈറ്റ് ഭരണം അവസാനിച്ചു.

ഉബൈദ് കാലഘട്ടം

തിരുത്തുക
 
ഉബൈദ് കാലഘട്ടത്തിൽനിന്നുള്ള ഒരു മൺപാത്രം

പ്രത്യേകശൈലിയിൽ ചായം തേച്ച കളിമൺപാത്രങ്ങളാണ് ഉബൈദ് കാലഘട്ടത്തിന്റെ സവിശേഷത. ഇവ മെസൊപ്പൊട്ടേമിയയിൽ നിന്നും പേർഷ്യൻ ഗൾഫിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് . ഈ കാലഘട്ടത്തിലാണ് (ഉദ്ദേശം. 6500 ബി.സി.ഇ) മെസൊപ്പൊട്ടേമിയയിലെ എറിഡുവിൽ ജലസേചനത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയുമായി കർഷകർ അധിവാസമുറപ്പിക്കുന്നത്. ഉറുക് സംസ്കാരവുമായി ബന്ധപ്പെട്ട യഥാർത്ഥ സുമേരിയക്കാരാണോ ഉബൈദ് സംസ്കാരത്തിനു പിന്നിലെന്ന് വ്യക്തമല്ല. എറിഡുവിന്റെ പ്രധാന രക്ഷാധികാരിയും വിജ്ഞാനത്തിന്റേയും ദേവനായ എൻകിയിൽ നിന്ന് ഉറുകിന്റെ രക്ഷാധികാരിയും യുദ്ധത്തിന്റേയും സമാധാനത്തിന്റേയും ദേവതയായ ഇനന്നയിലേക്ക് സംസ്കാരത്തിന്റെ സംഭാവനകൾ കൈമാറുന്ന കഥ ഉറുക് നഗരത്തിന്റെ വളർച്ചയുടെ പ്രതീകമായിരിക്കാമെന്ന് കരുതപ്പേടുന്നു.[7]

ഉറുക് കാലഘട്ടം

തിരുത്തുക
 
പുരോഹിതരാജാവും സഹായിയും വിശുദ്ധകാലിക്കൂട്ടങ്ങൾക്ക് തീറ്റ കൊടുക്കുന്നു. ഉറുക് കാലഘട്ടം

ഉബൈദ് കാലഘട്ടത്തിൽ നിന്നും ഉറുക് കാലഘട്ടത്തിലേക്കുള്ള മാറ്റം മൺപാത്രനിർമ്മിതിയിൽ പ്രകടമാണ്. ഉബൈദ് കാലഘട്ടത്തിൽ വീടുകളിൽ മന്ദഗതിയിലുള്ള ചക്രത്തിൽ ഉണ്ടാക്കിയ ചായം പൂശിയ മൺപാത്രങ്ങളും ഉറുക് കാലഘട്ടത്തിൽ ഉല്പാദനത്തിൽ വൈദഗ്ദ്ധ്യം നേടിയവർ വേഗം കൂടിയ ചക്രത്തിൽ ഉണ്ടാക്കിയ ചായം പൂശാത്ത മൺപാത്രങ്ങളുമാണ് കാണപ്പെടുന്നത്. ഉബൈദ് കാലഘട്ടത്തിന്റെ വളർച്ചയുടെ ഒരു തുടർച്ചയായിട്ടാണ് ഉറുക് കാലഘട്ടത്തെ കണക്കാക്കുന്നത്.[8][9]

ഉറുക് കാലഘട്ടത്തോടുകൂടി (4100 - 2900 ബി.സി.ഇ) തെക്കൻ മെസൊപ്പൊട്ടേമിയയിലെ നദികളിലൂടേയും കനാലുകളിലൂടേയുമുള്ള ചരക്കുഗതാഗതത്തിലുള്ള വർധനവ് വലുതും പതിനായിരത്തിലധികം ജനസംഖ്യയുള്ള ക്ഷേത്രകേന്ദ്രീകൃതമായ നഗരങ്ങളുടെ വളർച്ചക്ക് വഴി തെളിച്ചു. ഈ നഗരങ്ങൾ കേന്ദ്രീകൃതഭരണസംവിധാനത്തോടു കൂടിയതും പ്രത്യേക തൊഴിലുകളിൽ വൈദഗ്ദ്ധ്യം നേടിയവരെ ‍‍ജോലികൾക്കുപയോഗിക്കുന്നവയുമായിരുന്നു. ഉറുക് നാഗരികതയുടെ പ്രഭാവത്താൽ ചുറ്റുമുള്ള ജനവിഭാഗങ്ങൾ തനതായ സമ്പദ് വ്യവസ്ഥയും സംസ്കാരങ്ങളും വികസിപ്പിച്ചു. എന്നാൽ സുമേറിലെ നഗരരാഷ്ട്രങ്ങൾക്ക് അവയുടെ കോളനികൾ നിലനിർത്താൻ സാധിച്ചില്ല.[10]

ഉറുക് കാലഘട്ടത്തിലെ സുമേറിയൻ നഗരങ്ങൾ ഭരിച്ചിരുന്നത് എൻസി എന്നറിയപ്പെട്ടിരുന്ന പുരോഹിതരാജാക്കന്മാരായിരുന്നു. ഈ ഭരണകർത്താക്കളെ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ട മുതിർന്നവരുടെ ഒരു സമിതി സഹായിച്ചിരുന്നതായി കരുതപ്പെടുന്നു. പിൽക്കാലത്തെ സുമേറിയൻ പന്തീയോൻ (ദേവഗണം) ഈ രാഷ്ട്രീയരീതിയെ മാതൃകയാക്കിയതാകാമെന്നു അനുമാനിക്കപ്പെടുന്നു.[11] ഉറുക് കാലഘട്ടത്തിലെ സുമേറിയൻ നഗരങ്ങൾക്ക് പൊതുവേ കോട്ടമതിലുകളുണ്ടായിരുന്നില്ല. മാത്രമല്ല സംഘടിതമായ സൈന്യങ്ങളെക്കുറിച്ചോ യുദ്ധങ്ങളെക്കുറിച്ചോ ഉള്ള തെളിവുകളും ആ കാലഘട്ടത്തിൽനിന്ന് ലഭ്യമല്ല. 50000-ലധികം ജനസംഖ്യയുമായി ആ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും നഗരവത്കരിക്കപ്പെട്ട സ്ഥലമായി ഉറുക് മാറി.

ഉറുക് കാലഘട്ടത്തിലെ പ്രധാനപ്പെട്ട നഗരരാഷ്ട്രങ്ങളിലെ രാജാക്കന്മാരുടെ പേരുകൾ പ്രാചീന സുമേരിയൻ ഭരണാധികാരികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഭരണാധികാരികളുടെ പട്ടികയിലെ ആദ്യത്തെ ഒരു കൂട്ടം പേരുകൾ പ്രളയത്തിനു മുമ്പ് ഭരിച്ചവരുടേയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സുമേറിയൻ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പരാമർശിച്ചിരിക്കുന്ന അലുലിം, ഡുമിസിഡ് എന്നിവരുടെ പേര് ഈ പട്ടികയിൽ കാണപ്പെടുന്നതിനാൽ പട്ടികയിലെ പല പേരുകളും കല്പനാസൃഷ്ടികളാണെന്ന് കരുതപ്പെടുന്നു.[11]

ഉറുക് കാലഘട്ടത്തിന്റെ അവസാനകാലം പീയോറ ഓസിലേഷന്റെ അതേ സമയത്തായിരുന്നു. ഹോളോസീൻ ക്ലൈമാറ്റിക് ഒപ്റ്റിമം എന്നു വിളിക്കുന്ന 9000 വർഷം മുതൽ 5000 വർഷം വരെ നില നിന്നിരുന്ന ഈർപ്പം നിറഞ്ഞതും ചൂടുള്ളതുമായ കാലാവസ്ഥ കാലഘട്ടത്തിന്റെ അവസാനസമയത്തുണ്ടായിരുന്ന വരണ്ട കാലമായിരുന്നു പീയോറ ഓസിലേഷൻ.[12]

ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടം

തിരുത്തുക

2900 ബി.സി.ഇ യോടുകൂടിയാണ് രാജവംശങ്ങളുടെ കാലഘട്ടം സുമേറിൽ ആരംഭിക്കുന്നത്. ക്ഷേത്രഭരണം നടത്തിയിരുന്ന എൻ (ദേവതമാരുടെ ക്ഷേത്രങ്ങളിൽ പുരുഷന്മാരും ദേവന്മാരുടെ ക്ഷേത്രങ്ങളിൽ സ്ത്രീകളും) എന്നു വിളിക്കപ്പെട്ടിരുന്ന പുരോഹിതരാൽ നയിക്കപ്പെട്ട മുതിർന്നവരുടെ സമിതിയിൽ നിന്നും ലുഗാൽ എന്നറിയപ്പെടുന്ന ഗോത്രാധിപതികളായ സാമാന്യമനുഷ്യരുടെ ഭരണത്തിലേക്കുള്ള മാറ്റത്തെയാണ് രാജവംശങ്ങളുടെ ഉദയത്തെ ബന്ധപ്പെടുത്തുന്നത്. രേഖകൾ പ്രകാരം ഈ രാജാക്കന്മാരിൽ ഡുമുസിഡ്, ലുഗാൽബന്ത, ഗിൽഗമേഷ് എന്നീ ഐതിഹാസികപുരുഷന്മാരും ഉൾപ്പെടുന്നു. തെക്കൻ മെസപ്പൊട്ടേമിയയായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കേന്ദ്രമെങ്കിലും ഭരണാധികാരികൾ സമീപപ്രദേശങ്ങളിലേക്കു ഭരണം വ്യാപിപ്പിക്കാൻ തുടങ്ങി. സമീപപ്രദേശങ്ങളിലെ സെമിറ്റിക് വർഗ്ഗങ്ങളും സുമേറിയൻ സംസ്കാരങ്ങളെ അവരുടെ സംസ്കാരപാരമ്പര്യങ്ങളിലെക്കു സന്നിവശിപ്പിച്ചു.

സുമേരിയൻ ഭരണാധികാരികളുടെ പട്ടികയിലുള്ള കിഷിലെ ഒന്നാം രാജവംശത്തിലെ പതിമൂന്നാമത്തെ രാജാവായ എറ്റാനയാണ് മറ്റേതെങ്കിലും ഐതിഹാസികസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ഭരണാധികാരി. കിഷിലെ എൻമേബരഗേസിയാണ് പുരാവസ്തുരേഖകളാൽ സാധൂകരിക്കാവുന്ന ആദ്യത്തെ രാജാവ്. എൻമേബരഗേസിയുടെ പേര് ഗിൽഗമെഷ് ഇതിഹാസത്തിൽ കാണപ്പെടുന്നതിനാൽ ഗിൽഗമെഷ് ഉറുകിലെ രാജാവായിരുന്നുവെന്ന് കരുതപ്പെടുന്നു.ഗിൽഗമെഷിന്റെ ഇതിഹാസത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ഈ കാലഘട്ടത്തിൽ യുദ്ധാവസ്ഥയിലുള്ള വർദ്ധനവു കാണാൻ കഴിയും. നഗരങ്ങളുടെ വലിപ്പം വർദ്ധിക്കുകയും അവ കോട്ടകളാൽ സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ടു. ഇതോടൊപ്പം തന്നെ തെക്കൻ മെസപ്പൊട്ടേമിയയിലെ സംരക്ഷണമില്ലാത്ത ഗ്രാമങ്ങൾ അപ്രത്യക്ഷമാവാനും ആരംഭിച്ചു.[13])

ലഗാഷിലെ ആദ്യരാജവംശം

തിരുത്തുക
 
എന്നാറ്റം സ്ഥാപിച്ച കഴുകന്മാരുടെ സമാധിശിലയുടെ ഒരു കഷണം

ഹ്രസ്വകാലത്തേക്കുമാത്രമേ നിലനിന്നുള്ളൂ എങ്കിലും ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യസാമ്രാജ്യങ്ങളിലൊന്നാണ് ലഗാഷിലെ ഏന്നാറ്റത്തിന്റേത്. എന്നാറ്റം സുമേറിന്റെ ഭൂരിഭാഗവും കിഷ്, ഉറുക്, ഊർ, ലാർസ എന്നിവയുൾപ്പെടെ കീഴടക്കി. കൂടാതെ ലഗാഷിന്റെ എതിരാളികളായ നഗര-സംസ്ഥാനമായ ഉമ്മയെ കപ്പത്തിനു വിധേയമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഈലത്തിന്റേയും പേർഷ്യൻ ഉൾക്കടലിന്റേയും ചില ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ലഗാഷിലെ സാമ്രാജ്യം തകർന്നു.

പിന്നീട്, ഉമ്മയിലെ പുരോഹിതരാജാവായിരുന്ന ലുഗാൽ-സേഗ്-സി ലഗാഷിലെ സാമ്രാജ്യത്തെ അധികാരത്തിൽനിന്ന് മറിച്ചിടുകയും ഉറുകിനെ കീഴടക്കി തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ പേർഷ്യൻ ഗൾഫ് മുതൽ മദ്ധ്യധരണ്യാഴി വരെ വ്യാപിച്ചിരുന്നു. [6]

അക്കേദിയൻ സാമ്രാജ്യം

തിരുത്തുക
 
അക്കേദിയൻ രാജാവ് സാർഗോണിന്റെ വിജയശിലാഫലകത്തിൽ സുമേറിയൻ തടവുകാരെ ചിത്രീകരിച്ചിരിക്കുന്നു.

അക്കേദിയൻ സാമ്രാജ്യത്തിന്റെ കാലഘട്ടം 2234-2154 ബി.സി.ഇ ആണെന്ന് കണക്കാക്കപ്പെടുന്നു. ഈ സാമ്രാജ്യം അക്കാദിയൻ ഭാഷ സംസാരിക്കുന്നവരേയും (അസീറിയക്കാരും ബാബിലോണിയക്കാരും) സുമേരിയൻ ഭാഷ സംസാരിക്കുന്നവരേയും ഒരേ ഭരണത്തിനു കീഴിലാക്കി. അക്കാദിലെ സാർഗോണിന്റെ അധിനിവേശങ്ങളുടെ ബലത്തിൽ ബി.സി.ഇ 24-ആം ശതകത്തിനും 22-ആം ശതകത്തിനുമിടയിൽ അക്കേദിയൻ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തി.

 
ഉറിലെ മഹത്തായ സിഗറാറ്റിന്റെ ചിത്രാവിഷ്ക്കാരം

ഗുതിയൻ കാലഘട്ടം

തിരുത്തുക

22-ആം ശതകത്തിനും 21-ആം ശതകത്തിനുമിടയിൽ അക്കേദിയൻ സാമ്രാജ്യത്തെ സ്ഥാനഭ്രംശരാക്കി നിലവിൽ വന്ന സാമ്രാജ്യമാണ് ഗുതിയൻ സാമ്രാജ്യം.

ലഗാഷിലെ രണ്ടാം രാജവംശം

തിരുത്തുക
 
ലഗാഷിലെ രാജാവായിരുന്ന ഗുഡിയ

ഗുതിയന്മാരുടെ കയ്യാൽ അക്കേദിയൻ സാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം സുമേരിയൻ തലവനായിരുന്ന ലഗാഷിലെ ഗുഡിയ രണ്ടാം രാജവംശം സ്ഥാപിച്ചു. ഗുഡിയയും അദ്ദേഹത്തിന്റെ പിൻഗാമികളും കലകളെ പ്രോത്സാഹിപ്പിക്കുകയും ധാരാളം പുരാവസ്തുശേഷിപ്പുകൾ അവശേഷിപ്പിക്കുകയും ചെയ്തു.

നിയോ-സുമേറിയൻ കാലഘട്ടം

തിരുത്തുക

പിന്നീട്, ഉർ-നമ്മു, ഷുൽഗി എന്നിവരുടെ കീഴിൽ ഉറിലെ മൂന്നാമത്തെ രാജവംശം തെക്കൻ അസീറിയ വരെ വ്യാപിച്ചു. ഇതിനെ അവസാനത്തെ മഹത്തായ "സുമേറിയൻ നവോത്ഥാനം" ആയി കണക്കാക്കുന്നു.

ഈ കാലഘട്ടമായപ്പോഴെക്കും തെക്കൻ മെസൊപ്പൊട്ടേമിയയെ അപേക്ഷിച്ച് വടക്കൻ മെസപ്പൊട്ടേമിയയിൽ ജനസംഖ്യ വർധിക്കാൻ തുടങ്ങിയിരുന്നു. ഉപ്പുവെള്ളം വർദ്ധിച്ചതിന്റെ ഫലമായി സുമേറിയൻ ദേശങ്ങളിലെ കാർഷിക ഉൽപാദനക്ഷമതയിൽ വലിയ കുറവുണ്ടായി. അക്കേദിയൻ, ഉർ-III കാലഘട്ടങ്ങളിൽ, ഗോതമ്പ് കൃഷിയിൽ നിന്ന് ഉപ്പ് കൂടുതൽ സഹിക്കുന്ന ബാർലിയിലേക്ക് മാറ്റം ഉണ്ടായി. എന്നാൽ ഈ മാറ്റം അപര്യാപ്തമായിരുന്നു. ബി.സി.ഇ 2100 മുതൽ ബി.സി.ഇ 1700 വരെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനസംഖ്യ മൂന്നിൽ അഞ്ചോളം കുറഞ്ഞതായി കണക്കാക്കുന്നു. [14] ജനസംഖ്യയിലുണ്ടായ ഈ കുറവ് മേഖലയിലെ അധികാരസന്തുലിതാവസ്ഥയെ തകിടം മറിക്കുകയും സുമേറിയൻ സംസാരിച്ചിരുന്ന പ്രദേശങ്ങളെ ദുർബലപ്പെടുത്തുകയും അക്കേദിയൻ പ്രധാന ഭാഷയായിരുന്നവരെ താരതമ്യേന ശക്തിപ്പെടുത്തുകയും ചെയ്തു. ഈ കാലഘട്ടത്തിനുശേഷം മദ്ധ്യകാലയൂറോപ്പിൽ ലാറ്റിനുണ്ടായിരുന്ന സ്ഥാനത്തിനു സമാനമായി സുമേറിയൻ സാഹിത്യത്തിലും ആരാധനയ്ക്കും ഉപയോഗിക്കുന്ന ഭാഷയായി മാത്രം നിലനിന്നു.

ജനസംഖ്യ

തിരുത്തുക

സുമേറിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഉറുക്കിൽ അതിന്റെ വളർച്ചയുടെ പാരമ്യത്തിൽ 50,000–80,000 ജനസംഖ്യയുണ്ടായിരിന്നുവെന്ന് കണക്കാക്കപ്പെടുന്നു. [15]സുമേറിലെ മറ്റ് നഗരങ്ങളും സുമേറിലെ വലിയ കാർഷിക ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ, സുമേറിന്റെ ജനസംഖ്യ ഏകദേശം 8 ലക്ഷത്തിനും 15 ലക്ഷത്തിനുമിടയിലായിരിന്നുവെന്ന് കണക്കാക്കുന്നു. ഈ സമയത്ത് ലോകജനസംഖ്യ ഏകദേശം 2.7 കോടി എന്നാണ് നിഗമനം.[16]

സുമേറിയക്കാർ സംസാരിച്ചിരുന്ന ഭാഷ മറ്റു ഭാഷാവർഗ്ഗങ്ങളുമായി ബന്ധമില്ലാത്ത ഒന്നായിരുന്നു. എന്നാൽ സുമേറിയക്കാരുടെ കീഴിലുള്ള ചില നഗരങ്ങളുടെ പേരുകൾ സുമേറിയൻ ഭാഷയിലല്ലാത്തതിനാൽ സുമേറിയൻ ഭാഷയ്ക്കുള്ളിൽ കീഴിൽ അജ്ഞാതമായ ഒരു സബ്‌സ്‌ട്രേറ്റ് ഭാഷ കണ്ടെത്താൻ കഴിയുമെന്ന് നിരവധി ഭാഷാശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.[17] സുമേരിയൻ ഭാഷ ആദ്യമായി സംസാരിച്ചിരുന്നവർ മെസപ്പൊട്ടേമിയയുടെ വടക്കൻ പ്രദേശങ്ങളിൽ ജലസേചനം മൂലമുള്ള കൃഷി സാദ്ധ്യമാക്കിയതിനുശേഷം സുമേരിയയിലെത്തിയ കർഷകരായിരിക്കാമെന്ന് ചില പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു.

സംസ്കാരം

തിരുത്തുക

സാമൂഹികജീവിതവും കുടുംബജീവിതവും

തിരുത്തുക
 
ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സുമേരിയൻ ആഭരണങ്ങൾ

ആദ്യകാല സുമേറിയൻ ഭാഷയെ അടിസ്ഥാനമാക്കി ആ കാലഘട്ടത്തിലെ സാമൂഹികജീവിതത്തേയും കുടുംബജീവിതത്തേയും പ്രത്യേകതകൾ ഇവയാണ്:[18]

  • വിവിധതരത്തിലുള്ള മൺപാത്രങ്ങൾ സാധാരണമായിരുന്നുവെന്നനുമാനിക്കുന്നു. തേൻ, വെണ്ണ, എണ്ണ, ഈന്തപ്പഴം കൊണ്ടുണ്ടാക്കിയ വീഞ്ഞ് എന്നിവ സൂക്ഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള മൺപാത്രങ്ങളുപയോഗിച്ചിരുന്നു.
  • തൂവലുകൊണ്ടുണ്ടാക്കിയ ശിരോവസ്ത്രങ്ങൾ ധരിച്ചിരുന്നു. കട്ടിൽ, കസേര, മേശ എന്നിവ ഉപയോഗത്തിലുണ്ടായിരുന്നു. നെരിപ്പോട്, അഗ്നി ബലിപീഠങ്ങൾ സാധാരണമായിരുന്നു.
  • കത്തികൾ, തുളക്കാനുള്ള ഉപകരണങ്ങൾ, അറക്കവാൾ എന്നീ ഉപകരണങ്ങളെല്ലാം സുമേരിയക്കാർ ഉപയോഗിച്ചിരുന്നു. കുന്തങ്ങൾ, വില്ലുകൾ, അമ്പുകൾ, കഠാരകൾ എന്നിവ യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു.
  • എഴുതുന്നതിനായി ടാബ്ലറ്റുകൾ ഉപയോഗിച്ചിരുന്നു. ലോഹം കൊണ്ടുള്ള വായ്ത്തലയോടും മരം കൊണ്ടുള്ള കൈപ്പിടിയോടും കൂടിയുള്ള കത്തികൾ ഉപയോഗിച്ചിരുന്നു. സ്വർണ്ണം കൊണ്ടുള്ള മാലകൾ അവർ അണിഞ്ഞിരുന്നു.
  • ചാന്ദ്രമാസമാണ് സമയം കണക്കാക്കാൻ ഉപയോഗിച്ചിരുന്നത്.

സുമേറിയൻ സംഗീതത്തെക്കുറിച്ച് തെളിവുകൾ ലഭ്യമാണ്. ലൈറുകളും ഹാർപ്പുകളും ഓടക്കുഴലുകളും അവർ ഉപയോഗിച്ചിരുന്നു. ഊറിലെ ലൈർ പ്രസിദ്ധമാണ്.[19]

ലഗാഷിലെ ഉറുകാഗിന രാജാവിന്റെ (2350 ബി.സി.ഇ) പരിഷ്കാരങ്ങൾ വിവരിക്കുന്ന ലിഖിതങ്ങളിൽ അദ്ദേഹം തന്റെ രാജ്യത്ത് ബഹുഭർതൃത്വത്തിന്റെ ആചാരം നിർത്തലാക്കിയതായി രേഖപ്പെടുത്തുന്നു. ഒന്നിലധികം ഭർത്താക്കന്മാരുണ്ടായിരുന്ന ഒരു സ്ത്രീയെ അവളുടെ കുറ്റം എഴുതിയ കല്ലുകൾ കൊണ്ടെറിയാൻ ലിഖിതങ്ങളിൽ നിർദ്ദേശിക്കുന്നു.[20]

സുമേറിയൻ സംസ്കാരം പുരുഷ മേധാവിത്വത്തിലും വർഗ്ഗീകരണത്തിലും അധിഷ്ഠിതമായിരുന്നു. ഉർ മൂന്നാം കാലഘട്ടത്തിലേതെന്നു കണക്കാക്കുന്ന ഉർ-നമ്മുവിന്റെ നിയമസംഹിത ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴയ ക്രോഡീകരണമാണ്. ഈ ക്രോഡീകരണം സുമേറിയയിലെ സാമൂഹികഘടനയെക്കുറിച്ച് വെളിവാക്കുന്നു. ലു-ഗാൽ എന്ന നേതാവിനു കീഴിൽ മനുഷ്യരെല്ലാം സ്വതന്ത്രവ്യക്തികൾ, അടിമകൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടവരായിരുന്നു.

വിവാഹങ്ങൾ സാധാരണയായി വധുവിന്റെയും വരന്റെയും മാതാപിതാക്കളാണ് തീരുമാനിച്ചിരുന്നത്. വിവാഹനിശ്ചയത്തിന്റെ ഉടമ്പടികൾ കളിമൺ ഫലകങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.[21] വരൻ വധുവിന്റെ പിതാവിന് വിവാഹ സമ്മാനം നൽകുന്നതോടെ വിവാഹം നിയമപരമായി മാറുന്നു.[21]:78

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധത്തെ സുമേറിയക്കാർ പൊതുവെ നിരുത്സാഹപ്പെടുത്തിയതായി കരുതപ്പെടുന്നു. എന്നിരുന്നാലും ആദ്യകാല രേഖകൾ കാണിക്കുന്നത് സുമേറിയക്കാർ ലൈംഗികബന്ധങ്ങളോട് വളരെ അയവുള്ള മനോഭാവം പുലർത്തിയിരുന്നു എന്നാണ്. ലൈംഗികബന്ധങ്ങളെക്കുറിച്ചുള്ള അവരുടെ മനോഭാവം ഒരു ലൈംഗിക പ്രവൃത്തിയെ അധാർമികമായി കണക്കാക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നില്ല മറിച്ച് ആ പ്രവൃത്തി ഒരു വ്യക്തിയെ ആചാരപരമായി അശുദ്ധനാക്കിയോ എന്ന അടിസ്ഥാനത്തിലായിരുന്നു.[22]സ്വയംഭോഗം പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗികശേഷി വർദ്ധിപ്പിക്കുമെന്ന് സുമേറിയക്കാർ വിശ്വസിച്ചിരുന്നു.[22] അവർ ഒറ്റയ്ക്കും പങ്കാളികൾക്കുമൊപ്പം ഇടയ്ക്കിടെ സ്വയംഭോഗത്തിൽ ഏർപ്പെട്ടിരുന്നു.[22] സുമേറിയക്കാർ ഗുദലൈംഗികതയെ നിഷിദ്ധമായി കണക്കാക്കിയിരുന്നില്ല. എന്റു പുരോഹിതകൾ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്നു. അതിനാൽ ഗുദലൈംഗികതയെ അവർ ഗർഭനിരോധനമാർഗ്ഗമെന്ന നിലയിൽ കണക്കായിരുന്നു.[23][24]

 
ഒരു സുമേറിയൻ ഫലകം

സുമേറിൽനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകൾ ക്യൂണിഫോം ലിപിയിൽ എഴുതിയ ധാരാളം കളിമൺ ഫലകങ്ങളാണ്. ചരിത്രരേഖകളുണ്ടാക്കുന്നതിലും, ഇതിഹാസങ്ങളുടെയും കഥകളുടെയും പ്രാർത്ഥനകളുടെയും നിയമങ്ങളുടെയും രൂപത്തിൽ സാഹിത്യത്തിന്റെ വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്നതിൽ മനുഷ്യരാശിയുടെ കഴിവിന്റെ വികാസത്തിലെ ഒരു വലിയ നാഴികക്കല്ലായി സുമേറിയൻ എഴുത്ത് കണക്കാക്കപ്പെടുന്നു.

നനഞ്ഞ കളിമണ്ണിൽ എഴുതാൻ ത്രികോണാകൃതിയിലുള്ളതോ വെഡ്ജ് ആകൃതിയിലുള്ളതോ ആയ ഞാങ്ങണകൾ സുമേറിയക്കാർ ഉപയോഗിച്ചു. വ്യക്തിപരവും വ്യാപാരവുമായി ബന്ധപ്പെട്ട കത്തുകൾ, രസീതുകൾ, ലെക്സിക്കൽ ലിസ്റ്റുകൾ, നിയമങ്ങൾ, സ്തുതിഗീതങ്ങൾ, പ്രാർത്ഥനകൾ, കഥകൾ, ദൈനംദിന രേഖകൾ എന്നിവ ഉൾപ്പെടെ സുമേറിയൻ ഭാഷയിലെ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം നിലനിൽക്കുന്നു. കളിമൺ ഫലകങ്ങളുടെ ധാരാളം ലൈബ്രറികളും കണ്ടെത്തിയിട്ടുണ്ട്. പ്രതിമകൾ അല്ലെങ്കിൽ ഇഷ്ടികകൾ പോലെയുള്ള വിവിധ വസ്തുക്കളിൽലിഖിതങ്ങൾ സാധാരണമാണ്. പല ഗ്രന്ഥങ്ങളുടേയും ഒന്നിലധികം പകർപ്പുകളിൽ നിലനിൽക്കുന്നുണ്ട്. അതിനു കാരണം അവ പരിശീലനത്തിന്റെ ഭാഗമായി എഴുത്തുകാർ ആവർത്തിച്ച് പകർത്തിയെഴുതിയതുകൊണ്ടാണ്. സെമിറ്റിക് ഭാഷകൾ സംസാരിക്കുന്നവർ ആധിപത്യം പുലർത്തിയതിനുശേഷവും സുമേറിയൻ ഭാഷ മെസൊപ്പൊട്ടേമിയയിൽ മതത്തിന്റെയും നിയമത്തിന്റെയും ഭാഷയായി തുടർന്നു.

 
വീടും കൃഷിയിടവും വിൽക്കുന്നതിന്റെ രേഖ ( ഷുറുപ്പാക്കിൽ നിന്ന്)

ക്യൂണിഫോം എഴുത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്ന് ഉറുക്കിൽ നിന്ന് കണ്ടെത്തിയ ഒരു നീണ്ട കവിതയാണ്. ഗിൽഗമെഷിന്റെ ഇതിഹാസം എന്നറിയപ്പെടുന്ന ഈ രചന സുമേറിയൻ ക്യൂണിഫോമിലാണ് എഴുതിയത്. ഗിൽഗമെഷ് അല്ലെങ്കിൽ "ബിൽഗമെഷ്" എന്ന് പേരുള്ള രണ്ടാം രാജവംശ കാലഘട്ടത്തിലെ ഒരു രാജാവിനെക്കുറിച്ച് ഇത് വിവരിക്കുന്നു. ഗിൽഗമെഷിന്റെയും കൂട്ടുകാരനായ എൻകിഡുവിന്റെയും സാങ്കൽപ്പിക സാഹസികകഥയെ ഈ രചനയിൽ വിവരിക്കുന്നു. നിരവധി കളിമൺ പലകകളിൽ എഴുതപ്പെട്ട ഈ കൃതി സാങ്കൽപ്പിക സാഹിത്യത്തിന്റെ ഏറ്റവും പഴയ അറിയപ്പെടുന്ന ഉദാഹരണമായി കണക്കാക്കപ്പെടുന്നു.

അറിയപ്പെടുന്ന ഒരു ഭാഷാ കുടുംബത്തിലും പെടാത്തതുകൊണ്ട് സുമേറിയൻ ഭാഷ ഭാഷാശാസ്ത്രപ്രകാരം ഒരു ഒറ്റപ്പെട്ട ഭാഷയായി കണക്കാക്കപ്പെടുന്നു. എന്നാൽ മറിച്ച് അക്കാഡിയൻ അഫ്രോേഷ്യറ്റിക് ഭാഷകളുടെ സെമിറ്റിക് ശാഖയിൽ പെടുന്നു. സുമേറിയനെ മറ്റ് ഭാഷാ കുടുംബങ്ങളുമായി ബന്ധിപ്പിക്കാൻ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടു. സുമേറിയൻ ഒരു അഗ്ലൂട്ടിനേഷൻ ഭാഷയാണ്; അതായത് ഇവയിൽ പദങ്ങൾ സൃഷ്ടിക്കാൻ രൂപിമങ്ങൾ ("അർത്ഥത്തിന്റെ യൂണിറ്റുകൾ") ഒരുമിച്ച് ചേർക്കുന്നു.

ഇന്ന് സുമേറിയൻ എഴുത്തുകൾ മനസ്സിലാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ളത് ആദ്യകാല എഴുത്തുകളാണ്. അവ പല സന്ദർഭങ്ങളിലും ഭാഷയുടെ പൂർണ്ണമായ വ്യാകരണഘടന ഉപയോഗിക്കാത്തവയാണ്.[25]

ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിനും രണ്ടാം സഹസ്രാബ്ദത്തിനുമിടയിൽ അക്കാഡിയൻ ഭാഷ സുമേറിയൻ ഭാഷക്കു പകരം സംസാര മാറി.[26] എന്നാൽ ബാബിലോണിയയിലും അസീറിയയിലും സി.ഇ. ഒന്നാം നൂറ്റാണ്ട് വരെ സുമേറിയൻ ആചാരപരവും സാഹിത്യപരവും ശാസ്ത്രീയവുമായ ഭാഷയായി തുടർന്നു.[27]

 
ഉറിൽ നിന്നുള്ള ഫലകം, പുരോഹിതൻ ദൈവങ്ങൾക്ക് അഭിഷേകം നടത്തുന്നു

സുമേറിയക്കാർ തങ്ങളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവങ്ങളെ സ്തുതിക്കുകയും മരണം, ദൈവക്രോധം തുടങ്ങിയ പ്രാപഞ്ചികശക്തികളെ ആരാധിക്കുകയും ചെയ്തു.[21]:3–4

സുമേറിയൻ മതം രണ്ട് വ്യത്യസ്ത ഉല്പത്തി മിത്തുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതപ്പെടുന്നു. ഹീറോയ് ഗാമോയ് അല്ലെങ്കിൽ പവിത്രമായ വിവാഹങ്ങളുടെ ഒരു പരമ്പരയുടെ ഫലമായാണ് സുമേറിയക്കാർ സൃഷ്ടിയെ കണ്ടത്. ഇതിൽ വിപരീതങ്ങളുടെ അനുരഞ്ജനം ഉൾപ്പെടുന്നു. മാത്രമല്ല ഈ സൃഷ്ടി ആൺ-പെൺ ദൈവങ്ങളുടെ കൂടിച്ചേരലായി അവർ കരുതി.

പ്രാദേശിക മെസൊപ്പൊട്ടേമിയൻ മിത്തുകൾ ഇതേ മാതൃക പിൻതുടർന്നു. പിൽക്കാലത്തെ അക്കാഡിയൻ മിത്തായ എനുമ എലിഷിൽ, ശുദ്ധജലവും ഉപ്പുവെള്ളവും ചേർന്നാണ് സൃഷ്ടി ഉണ്ടാവുന്നത്. ശുദ്ധജലത്തെ ആൺ ദൈവമായ അബ്സുവും ഉപ്പുവെള്ളത്തെ സ്ത്രീ ദൈവമായ ടിയാമത്തും പ്രതിനിധീകരിക്കുന്നു.

മറ്റൊരു പ്രധാനപ്പെട്ട പവിത്രമായ കൂടിച്ചേരൽ നിൻഹുർസാഗ് അല്ലെങ്കിൽ "പർവതങ്ങളുടെ സ്ത്രീ" എന്നറിയപ്പെടുന്ന കി എന്ന ദേവതയും എറിഡുവിലെ ദേവനായ എൻകിയും തമ്മിലുള്ളതായിരുന്നു. ശുദ്ധജലത്തിന്റെ ദേവനായിരുന്നു എൻകി.

സുമേറിയൻ സംസ്കാരത്തിന്റെ തുടക്കത്തിൽത്തന്നെ മധ്യമെസൊപ്പൊട്ടേമിയയിലെ നിപ്പൂർ, തെക്കുള്ള എറിഡുവിനു പകരം സുമേറിയയിലെ പ്രാഥമിക ക്ഷേത്ര നഗരമായി മാറി. അതിന്റെ പുരോഹിതന്മാർ മറ്റ് നഗരരാഷ്ട്രങ്ങളിൽ മേധാവിത്വം പുലർത്തി. സുമേറിയൻ കാലഘട്ടത്തിലുടനീളം നിപ്പൂർ ഈ പദവി നിലനിർത്തി.

 
സുമേറിയൻ ദേവതകളായ ഇനാന, ഉടു, എൻകി, ഇസിമുദ് എന്നിവരെ ചിത്രീകരിച്ചിരിക്കുന്ന ഒരു അക്കാദിയൻ സീൽ

സുമേറിയക്കാർ ബഹുദൈവവിശ്വാസമാണ് പുലർത്തിയിരുന്നത്. പൊതുവായ ദേവതകൾ അവർക്ക് ഉണ്ടായിരുന്നില്ല. ഓരോ നഗരരാഷ്ട്രത്തിനും അതിന്റേതായ രക്ഷാധികാരികളും ക്ഷേത്രങ്ങളും പുരോഹിത-രാജാക്കന്മാരും ഉണ്ടായിരുന്നു. എന്നാലും ഒരു നഗരത്തിലെ ദൈവങ്ങൾ പലപ്പോഴും മറ്റുള്ള നഗരങ്ങളിലും ആരാധിക്കപ്പെട്ടിരുന്നു. സുമേറിയക്കാർ തങ്ങളുടെ വിശ്വാസങ്ങൾ എഴുത്ത് മൂലം രേഖപ്പെടുത്തിയ ആദ്യകാലസംസ്കാരങ്ങളിലൊന്നായിരുന്നു. ഈ രേഖപ്പെടുത്തലുകൾ പിൽക്കാല മെസൊപ്പൊട്ടേമിയൻ പുരാണങ്ങളുടെുയും, മതത്തിന്റെയും, ജ്യോതിഷത്തിന്റെയും ഒരു പ്രധാന പ്രചോദനമായിരുന്നു.

സുമേറിയക്കാർ ആരാധിച്ചിരുന്ന പ്രധാനദേവതകൾ താഴെക്കൊടുത്തിരിക്കുന്നു:

  • സ്വർഗ്ഗത്തിന്റെ ദേവനായിരുന്നു അൻ. സുമേറിയൻ ഭാഷയിൽ അൻ എന്ന വാക്കിന് ആകാശം എന്നാണ് അർത്ഥം. അനിന്റെ സഹചാരി കി ഭൂമിയുടെ ദേവതയാണ്.
  • സുമേറിന്റെ തെക്ക് എറിഡുവിലെ ക്ഷേത്രത്തിലായിരുന്നു എൻകിയെ ആരാധിച്ചിരുന്നത്. സുമേറിയൻ പുരാണങ്ങളിൽ മനുഷ്യർക്ക് നാഗരികതയുടെ ഭാഗമായ വ്യവസായങ്ങളും നിയമങ്ങളും പകർന്നു നൽകിയതായി കരുതപ്പെട്ടിരുന്ന എൻകി സുമേറിയൻ പുരാണങ്ങളിൽ മനുഷ്യരാശിയുടെ രോഗശാന്തിയും സുഹൃത്തുമായിരുന്നു. അതിനൊപ്പം ജ്ഞാനത്തിന്റേയും കലയുടേയും ദേവനായിരുന്നു അദ്ദേഹം. ആദ്യത്തെ നിയമ പുസ്തകം അദ്ദേഹത്തിന്റെ സൃഷ്ടിയായി കണക്കാക്കപ്പെട്ടു.
  1. Diakonoff, I. M.; D'I︠A︡konov, Igor' Mik︠h︡aílovich (1991). Early Antiquity. University of Chicago Press. p. 102. ISBN 9780226144658.
  2. Kramer, Samuel Noah (1988). In the World of Sumer: An Autobiography. Wayne State University Press. p. 44. ISBN 9780814321218.
  3. Arnaiz-Villena, Antonio; Martínez-Laso, Jorge; Gómez-Casado, Eduardo (2000-01-31). Prehistoric Iberia: Genetics, Anthropology, and Linguistics : [proceedings of an International Conference on Prehistoric Iberia : Genetics, Anthropology, and Linguistics, Held November 16-17, 1998, in Madrid, Spain]. Springer Science & Business Media. p. 22. ISBN 9780306463648.
  4. "Sumer (ancient region, Iraq)". Britannica Online Encyclopedia. Britannica.com. Retrieved 2012-03-29.
  5. Deutscher, Guy (2007). Syntactic Change in Akkadian: The Evolution of Sentential Complementation. Oxford University Press US. pp. 20–21. ISBN 978-0-19-953222-3.
  6. 6.0 6.1 Leick, Gwendolyn (2003), "Mesopotamia, the Invention of the City" (Penguin)
  7. Wolkstein, Diane; Kramer, Samuel Noah (1983). Inanna: Queen of Heaven and Earth: Her Stories and Hymns from Sumer. New York: Harper & Row. ISBN 978-0-06-014713-6.
  8. Elizabeth F. Henrickson; Ingolf Thuesen; I. Thuesen (1989). Upon this Foundation: The N̜baid Reconsidered : Proceedings from the U̜baid Symposium, Elsinore, May 30th-June 1st 1988. p. 353. ISBN 978-87-7289-070-8.
  9. Jean-Jacques Glassner (2003). The Invention of Cuneiform: Writing in Sumer. p. 31. ISBN 978-0-8018-7389-8.
  10. Algaze, Guillermo (2005) "The Uruk World System: The Dynamics of Expansion of Early Mesopotamian Civilization", (Second Edition, University of Chicago Press)
  11. 11.0 11.1 Jacobsen, Thorkild (Ed) (1939),"The Sumerian King List" (Oriental Institute of the University of Chicago; Assyriological Studies, No. 11., 1939)
  12. Lamb, Hubert H. (1995). Climate, History, and the Modern World. London: Routledge. ISBN 0-415-12735-1
  13. George, Andrew (Translator) (2003), "The Epic of Gilgamesh" (Penguin Classics)
  14. Thompson, William R. (2004). "Complexity, Diminishing Marginal Returns and Serial Mesopotamian Fragmentation" (PDF). Journal of World-Systems Research. 10 (3): 612–652. doi:10.5195/jwsr.2004.288. Archived from the original on February 19, 2012.{{cite journal}}: CS1 maint: unfit URL (link)
  15. "The Archaeology of Mesopotamia: Home". Archived from the original on 2015-04-11. Retrieved 2019-07-21.
  16. Colin McEvedy and Richard Jones, 1978, Atlas of World Population History, Facts on File, New York, ISBN 0-7139-1031-3.
  17. Karen Rhea Nemet-Nejat (1998). Daily life in ancient Mesopotamia. Greenwood Publishing Group. p. 13. ISBN 978-0-313-29497-6. Retrieved 29 November 2011.
  18. Sayce, Rev. A. H. (1908). The Archaeology of the Cuneiform Inscriptions (2nd revised ed.). London, Brighton, New York: Society for Promoting Christian Knowledge. pp. 98–100.
  19. Goss, Clint (15 April 2017). "Flutes of Gilgamesh and Ancient Mesopotamia". Flutopedia. Retrieved 14 June 2017.
  20. Gender and the Journal: Diaries and Academic Discourse p. 62 by Cinthia Gannett, 1992
  21. 21.0 21.1 21.2 Kramer, Samuel Noah (1963). The Sumerians: Their History, Culture, and Character. The Univ. of Chicago Press. ISBN 978-0-226-45238-8.
  22. 22.0 22.1 22.2 Dening, Sarah (1996). "Chapter 3: Sex in Ancient Civilizations". /mythologyofsexan0000deni The Mythology of Sex. London: Macmillan. ISBN 978-0-02-861207-2. {{cite book}}: Check |url= value (help)
  23. Leick, Gwendolyn (2013) [1994], Sex and Eroticism in Mesopotamian Literature, New York: Routledge, p. 219, ISBN 978-1-134-92074-7
  24. Nemet-Nejat, Karen Rhea (1998), Daily Life in Ancient Mesopotamia, Daily Life, Greenwood, p. 132, ISBN 978-0-313-29497-6
  25. Allan, Keith (2013). The Oxford Handbook of the History of Linguistics. Oxford: Oxford University Press. pp. 56–57. ISBN 978-0-19-164343-9.
  26. Woods C. 2006 "Bilingualism, Scribal Learning, and the Death of Sumerian" Archived 2013-04-29 at the Wayback Machine.. In S.L. Sanders (ed) Margins of Writing, Origins of Culture: 91–120 Chicago
  27. Campbell, Lyle; Mauricio J. Mixco (2007). A glossary of historical linguistics. Edinburgh University Press. p. 196. ISBN 978-0-7486-2379-2.


"https://ml.wikipedia.org/w/index.php?title=സുമേറിയൻ_സംസ്കാരം&oldid=4142384" എന്ന താളിൽനിന്ന് ശേഖരിച്ചത്