ചോറ്റാനിക്കര ഭഗവതിക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ചോറ്റാനിക്കരയിലുള്ള പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം[1]. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം നഗരഹൃദയത്തിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ തെക്കുകിഴക്കുമാറി, തൃപ്പൂണിത്തുറ പട്ടണത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെ ചോറ്റാനിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭഗവതി ക്ഷേത്രമാണ്. ജഗദീശ്വരിയായ ആദിപരാശക്തിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 'ചോറ്റാനിക്കര അമ്മ' എന്ന് അറിയപ്പെടുന്ന ഭഗവതിയെ മഹാവിഷ്ണുവിനൊപ്പമാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. അതിനാൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിന് ഇവിടെ പ്രത്യേക പ്രാധാന്യം വരുന്നു. കൂടാതെ ഭദ്രകാളി സങ്കല്പത്തിലുള്ള മറ്റൊരു ക്ഷേത്രവും ഇവിടെയുണ്ട്. പ്രധാന ക്ഷേത്രത്തിന് താഴെ സ്ഥിതിചെയ്യുന്ന ഇത്, തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു. ഭഗവതിക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ഇക്കാരണത്താലാണ് "അമ്മേ നാരായണാ, ദേവി നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ" എന്ന പ്രസിദ്ധമായ നാമങ്ങൾ ഇവിടെ ഉടലെടുത്തത്. മൂന്നു പ്രധാന ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിയ്ക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് മഹാസരസ്വതിയായി (കൊല്ലൂർ മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞു ശ്രീ ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ ദുർഗ്ഗാ പരമേശ്വരിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. കൂടാതെ, മഹാലക്ഷ്മിയായും ക്ഷേത്രത്തിൽ ശിവ സാന്നിദ്ധ്യവുമുള്ളതിനാൽ പാർവതിയായും സങ്കല്പിയ്ക്കുന്നുണ്ട്. ഇങ്ങനെ പരാശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഭാവങ്ങളിൽ ആരാധിയ്ക്കപ്പെടുന്നതിനാൽ ചോറ്റാനിക്കരയമ്മയെ 'രാജരാജേശ്വരീ' അഥവാ ‘ആദിപരാശക്തി ’ ഭാവത്തിലാണ് സങ്കൽപ്പിയ്ക്കുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും തീരാത്ത ദുഃഖങ്ങളും ചോറ്റാനിക്കരയമ്മ പരിഹരിയ്ക്കും എന്നാണ് വിശ്വാസം. തന്മൂലം ദുരിതം അനുഭവിക്കുന്ന നിരവധി ഭക്തർ ഇവിടെ ഭജനം പാർക്കാൻ എത്താറുണ്ട്. പുരാതന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര.[2]ശബരിമലയും ഗുരുവായൂരും ആറ്റുകാലും കൊടുങ്ങല്ലൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന കേരളീയക്ഷേത്രവും ചോറ്റാനിക്കരയാണ്.[3][അവലംബം ആവശ്യമാണ്]
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം | |
---|---|
ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ചോറ്റാനിക്കര |
നിർദ്ദേശാങ്കം | 9°55′59″N 76°23′28″E / 9.933°N 76.391°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഭഗവതി ആദിപരാശക്തി (സരസ്വതി, മഹാലക്ഷ്മി, ഭദ്രകാളി, ദുർഗ്ഗ, പാർവ്വതി സങ്കല്പങ്ങളിൽ) |
ആഘോഷങ്ങൾ | മകം- പൂരം തൊഴൽ, നവരാത്രി, ദീപാവലി, തൃക്കാർത്തിക |
ജില്ല | എറണാകുളം |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
Governing body | കൊച്ചിൻ ദേവസ്വം ബോർഡ് |
ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാനക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു. ആദിപരാശക്തിയുടെ മറ്റൊരു ഭാവമായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുസിപൂജ" എന്ന പ്രസിദ്ധമായ വഴിപാട് നടത്താറുള്ളത്. കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. ബ്രഹ്മാവ്, ശിവൻ, ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഹനുമാൻ, ജ്യേഷ്ഠാഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ഇവരിൽ ശാസ്താവിന് ഈ ക്ഷേത്രത്തിൽ പ്രത്യേക പ്രാധാന്യം കല്പ്പിച്ചുകാണുന്നു. ഭഗവതിയുടെ അംഗരക്ഷകന്റെ ഭാവമാണ് ശാസ്താവിന് ഇവിടെ. അതിനാൽ ശബരിമല തീർത്ഥാടകർ ഇവിടം ധാരാളമായി സന്ദർശിച്ചുകാണുന്നു. കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന മകം, പൂരം തൊഴലുകളുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, വിദ്യാരംഭം, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവ ഇവിടെ വിശേഷ ദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
തിരുത്തുകസ്ഥലനാമം
തിരുത്തുകവിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ, വിദ്യാ ഭഗവതിയായ സരസ്വതിയ്ക്ക് ഒരു ക്ഷേത്രം പോലുമില്ലെന്നതിൽ അത്യധികം ദുഃഖിച്ച, അദ്വൈത സിദ്ധാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യർ, ദേവീപ്രീതിയ്ക്കായി കുടജാദ്രിയിൽ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായ സരസ്വതീദേവിയോട് അദ്ദേഹം തന്റെ ആഗ്രഹം ഉണർത്തിച്ചു. തന്റെ വാസസ്ഥാനമായ കൊല്ലൂർ മൂകാംബികാക്ഷേത്രം വിട്ടുപോകാൻ ഭഗവതി ആദ്യം വിസമ്മതിച്ചെങ്കിലും ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹത്തിൽ ഒടുവിൽ ദേവി പ്രസാദിച്ചു. പക്ഷേ, ഒരിയ്ക്കലും തിരിഞ്ഞുനോക്കരുതെന്നും അപ്പോൾ താൻ അപ്രത്യക്ഷയാകുമെന്നുമുള്ള ഒരു നിബന്ധനയും ദേവി അദ്ദേഹത്തിനുമുന്നിൽ വച്ചു. ഈ നിബന്ധനയനുസരിച്ച് ദേവി ശങ്കരാചാര്യരെ അനുഗമിച്ചു. യാത്രാവേളയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ ദേവിയുടെ കാലൊച്ച കേൾക്കാതായി. നിബന്ധന മറന്ന് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി വിഗ്രഹമായതായിക്കണ്ടു. ഏറെ വിഷമിച്ച ശങ്കരാചാര്യർ വീണ്ടും പ്രാർത്ഥന തുടങ്ങി. ദേവി പ്രത്യക്ഷപ്പെട്ടിട്ട് തനിയ്ക്ക് വരാൻ കഴിയില്ലെന്നും എന്നാൽ നിർബന്ധമാണെങ്കിൽ ശങ്കരാചാര്യർ ആഗ്രഹിയ്ക്കുന്ന സ്ഥലത്ത് കുടികൊള്ളാമെന്നും അറിയിച്ചു. ദുഃഖിതനായ ശങ്കരാചാര്യർ തന്റെ നാട്ടിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ നടതുറക്കുമ്പോൾ കുടികൊള്ളണമെന്നും അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞേ കൊല്ലൂരിലെത്താൻ പാടുള്ളൂവെന്നും ദേവിയോട് അഭ്യർത്ഥിച്ചു. ഈ ഐതിഹ്യത്തിന് ഉപോദ്ബലകമായി ഇന്നും കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്കാണ് നട തുറക്കുന്നത്. ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് ഇത് നടക്കുന്നത്. അങ്ങനെ ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ ജ്യോതിയാനയിച്ചകര എന്ന് സ്ഥലത്തിന് പേരുവന്നു. പിന്നീട് അത് ലോപിച്ചാണ് ചോറ്റാനിക്കരയായത് എന്ന് പറയപ്പെടുന്നു.
ക്ഷേത്രസ്ഥാപനം
തിരുത്തുകഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം കൊടുംകാടായിരുന്നു. ആദിവാസികളായ മലയരയന്മാർ അവിടെ സ്ഥിരതാമസം ഉറപ്പിച്ചിരുന്നു. മൃഗങ്ങളെ വേട്ടയാടിയും കായ്കനികൾ പറിച്ചും ജീവിതവൃത്തി കഴിച്ചിരുന്ന അവർ തങ്ങളുടേതായ രീതിയിൽ പരാശക്തിയെ ആരാധിച്ചുവന്നിരുന്നു. ഈ കഥ നടക്കുന്ന കാലത്ത് അവരുടെ നേതാവായി കണ്ണപ്പൻ എന്നൊരാളുണ്ടായിരുന്നു. അതിദുഷ്ടനും ക്രൂരനുമായിരുന്ന കണ്ണപ്പന്റെ വിനോദം, അടുത്തുള്ള ഗ്രാമങ്ങളിൽ പോയി പശുക്കളെ മോഷ്ടിച്ചുകൊണ്ടുവരുന്നതായിരുന്നു. മാത്രവുമല്ല, അവയിൽ ഏറ്റവും ലക്ഷണമൊത്ത ഒന്നിനെ അയാൾ കാളിയ്ക്ക് ബലികൊടുക്കുകയും അതിന്റെ മാംസം അനുചരന്മാർക്ക് വീതിച്ചുകൊടുക്കുകയും ചെയ്യും. കഥ നടക്കുന്ന കാലമായപ്പോഴേയ്ക്കും കണ്ണപ്പന്റെ ഭാര്യ മരിച്ചുകഴിഞ്ഞിരുന്നു. അയാൾക്ക് അപ്പോൾ സ്വന്തമെന്ന് പറയാൻ ഒരു മകളേ അപ്പോഴുണ്ടായിരുന്നുള്ളൂ. അവളെ അയാൾ മനസ്സുതുറന്ന് സ്നേഹിയ്ക്കുകയും ചെയ്തു. തന്റെ അച്ഛൻ നടത്തുന്ന മൃഗബലിയെ മനസ്സുകൊണ്ട് എതിർത്തിരുന്നെങ്കിലും ഉഗ്രപ്രതാപിയായ അച്ഛനോട് അതിനെപ്പറ്റി സംസാരിയ്ക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
ഒരു ദിവസം ഇവരുടെ കുടിലിലേയ്ക്ക് ഒരു പശു കടന്നുവന്നു. അതീവതേജോമയമായിരുന്നു അതിന്റെ മുഖം. ഈ പശുവിനെ കാണാനിടയായ കണ്ണപ്പന്റെ മകൾ, അതിനെ സ്വന്തമാക്കി വളർത്താൻ തുടങ്ങി. തന്റെ പതിവ് തെറ്റിച്ച് കണ്ണപ്പനും അതിനോട് സ്നേഹം കാണിച്ചുതുടങ്ങി. ഈ സംഭവം കണ്ണപ്പന്റെ അനുചരന്മാരെ ഞെട്ടിച്ചുകളഞ്ഞു. എന്നാൽ, അവർക്കും ഒന്നും പറയാനാകുമായിരുന്നില്ല. അങ്ങനെ കാലം കുറച്ച് കടന്നുപോയപ്പോൾ കണ്ണപ്പന് നാട്ടിൽ പശുക്കളെ കിട്ടാതായിത്തുടങ്ങി. ഗത്യന്തരമില്ലാതെ അയാൾ തന്റെ മകൾ വളർത്തുന്ന പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. എന്നാൽ, ഈ സംഭവമറിഞ്ഞ മകൾ ഓടിവന്ന് പശുവിനെ ബലികൊടുക്കരുതെന്നും പകരം തന്നെ ബലികൊടുത്താൽ മതിയെന്നും പറയുകയുണ്ടായി. ആർത്തലച്ചുവന്ന മകളുടെ വാക്കുകൾ കണ്ണപ്പനെ മാറ്റിച്ചിന്തിപ്പിയ്ക്കുകയും അയാൾ അതോടെ മൃഗബലി നിർത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. തുടർന്നുള്ള കാലം അയാൾ കായ്കനികൾ തേടലും പശുവിനെ വളർത്തലുമായി സമയം ചെലവഴിച്ചു. ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. ഈ സംഭവം അയാളെ ഏറെ വേദനിപ്പിച്ചെങ്കിലും മകളുടെ പശുവിനെ വളർത്തി അയാൾ ശിഷ്ടകാലം ചെലവഴിച്ചു.
അങ്ങനെയിരിയ്ക്കേ ഒരു ദിവസം രാത്രി കണ്ണപ്പൻ അതിവിചിത്രമായ ഒരു സ്വപ്നം കാണാനിടയായി. തന്റെ തൊഴുത്തിൽ പശു ഒരു കല്ലായിക്കിടക്കുന്നു. അടുത്തുതന്നെ മറ്റൊരു കല്ലുമുണ്ട്. അവയ്ക്കടുത്തായി ഒരു ദിവ്യസന്ന്യാസി നാമജപങ്ങളോടെ നിൽക്കുന്നു. ഇത്രയുമായിരുന്നു സ്വപ്നം. പിറ്റേദിവസം രാവിലെ വന്നുനോക്കുമ്പോൾ സ്വപ്നം യാഥാർത്ഥ്യമായതായി കണ്ടു. കാര്യമെന്തെന്ന് മനസ്സിലാകാതെ കണ്ണപ്പൻ നിലവിളിച്ചു. അപ്പോൾ അവിടെ വന്ന ദിവ്യസന്ന്യാസി കണ്ണപ്പനോട് ഇപ്രകാരം പറഞ്ഞു:
കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ മഹാലക്ഷ്മിയാണ് ഇത്രയും കാലം നിന്നോടൊപ്പം പശുവായി ജീവിച്ചുപോന്നത്. അടുത്ത് മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ മഹാവിഷ്ണുവാണ്. നിത്യവും നീ ഇവിടെ ആരാധന നടത്തുക. കാലാന്തരത്തിൽ, ഇവിടെ ഒരു മഹാക്ഷേത്രം ഉയർന്നുവരും. അന്ന് നിന്റെ ഈ ജന്മത്തിലെ പുണ്യം കാരണം വീണ്ടും ഇവിടെ വരാനിടയാകും.
ഇത്രയും പറഞ്ഞശേഷം ആ ദിവ്യസന്ന്യാസി അപ്രത്യക്ഷനായി. അദ്ദേഹം വേദവ്യാസമഹർഷിയുടെ പിതാവും ഹോരാശാസ്ത്രത്തിന്റെ പിതാവുമായ പരാശരമഹർഷിയാണെന്ന് വിശ്വസിച്ചുവരുന്നു. വിവരം മനസ്സിലാക്കിയ കണ്ണപ്പൻ അനുചരന്മാർക്കൊപ്പം തൊഴുത്ത് വൃത്തിയാക്കുകയും ആരാധന തുടങ്ങുകയും ചെയ്തു. തുടർന്നുള്ള കാലം മുഴുവൻ അവർ ഭക്തിപുരഃസരം പൂജകൾ നടത്തിപ്പോന്നു. ഒടുവിൽ അവരുടെ ഭക്തിയിൽ സംപ്രീതരായ ലക്ഷ്മീനാരായണന്മാർ അവർക്ക് ദർശനം നൽകുകയും കാലാന്തരത്തിൽ അവിടെ തങ്ങളുടെ ഒരു മഹാക്ഷേത്രം ഉയർന്നുവരുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.
കാലം കുറേ കടന്നുപോയി. അതിനിടയിൽ കണ്ണപ്പനും അനുചരന്മാരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അവർ പൂജിച്ചിരുന്ന ലക്ഷ്മീനാരായണചൈതന്യം ആരുടെയും ശ്രദ്ധയിൽ പെടാതെ കാടുപിടിച്ചുകിടന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ പുതിയ മനുഷ്യവിഭാഗങ്ങൾ താമസമാക്കുകയും അവർ പുതിയ ജീവിതക്രമം ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്തു. അങ്ങനെയിരിയ്ക്കേ ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റു പ്രമാണിമാർക്കൊപ്പമെത്തി. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന എടാട്ട് നമ്പൂതിരി പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ ലക്ഷ്മീനാരായണവിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സംയുക്തമായി അതിന്റെ നടത്തിപ്പ് ഏറ്റെടുത്തു. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ശ്രീ ഭഗവതിക്ഷേത്രം.
ഇന്ന് ചോറ്റാനിക്കരയമ്മയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നു കണ്ണപ്പന്റെ കുടിൽ നിന്നിരുന്ന സ്ഥലം. കണ്ണപ്പന്റെ തൊഴുത്ത് നിന്നിരുന്ന സ്ഥലമാണ് നാലമ്പലത്തിനുപുറത്ത് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പവിഴമല്ലിത്തറ. ആദ്യമായി ദേവി കുടികൊണ്ട ഭാഗമായതിനാൽ ഇവിടം ഇന്ന് ശ്രീമൂലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്നു. ഇവിടെ കുടികൊണ്ട വിഗ്രഹങ്ങൾ കാലാന്തരത്തിൽ വടക്കോട്ട് മാറുകയായിരുന്നുവെന്നാണ് കഥ. കണ്ണപ്പന്റെ ഗുരുതിത്തറയായിരുന്നു ഇന്നത്തെ കീഴ്ക്കാവ് ക്ഷേത്രം. ഇവിടെ ഗുരുതിപൂജ നടത്തുന്നത് ഈയൊരു സങ്കല്പം കൂടി വച്ചാണ്.
ഭഗവതി വധിച്ച യക്ഷിയും, രണ്ടാം അഭിഷേകവും
തിരുത്തുകചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നെങ്കിലും കടുത്ത സ്ത്രീലംബടനായിരുന്നു അദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു: വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു:
ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. അതിനു ശ്രമിച്ചാൽ യക്ഷി നിന്നെ കൊല്ലും. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.
തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. യക്ഷി തന്നെ വധിയ്ക്കുമെന്ന് തോന്നിച്ച ഗുപ്തൻ നമ്പൂതിരി ഉടനെ വഴിയിൽ കണ്ട മറ്റൊരു മാന്ത്രികനായ പള്ളിപ്പുറത്ത് നമ്പൂതിരിയോട് കാര്യം പറഞ്ഞു. മനസ്സലിഞ്ഞ പള്ളിപ്പുറത്ത് നമ്പൂതിരി, തന്റെ കയ്യിലുള്ള വിഴുപ്പുതോർത്ത് ഗുപ്തൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു. ഓട്ടം തുടർന്നു. അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന വിഴുപ്പുതോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ ഭദ്രകാളി രൂപത്തിൽ ഇറങ്ങിവന്ന് തന്റെ പള്ളിവാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷിയെ അടുത്തുള്ള കണയന്നൂർ മഹാദേവക്ഷേത്രത്തിൽ കുടിയിരുത്തി.
വില്വമംഗലം സ്വാമിയാരും മകം തൊഴലും കീഴ്ക്കാവിലമ്മയും
തിരുത്തുകചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന 'മകം തൊഴൽ'. ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയിൽ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം. അതിങ്ങനെയാണ്: ഒരിയ്ക്കൽ, പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് ഇവിടെ വരാനിടയായി. കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലിൽ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അത് എടുത്തുനോക്കിയപ്പോൾ അതൊരു കാളി വിഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന്, അദ്ദേഹവും ശിഷ്യഗണങ്ങളും കൂടി വിഗ്രഹം കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ഭദ്രകാളി ക്ഷേത്രം പിറവിയെടുത്തത്. ഐതിഹ്യമനുസരിച്ച് വില്വമംഗലം സ്വാമിയാർ കണ്ണപ്പന്റെ പുനർജന്മമാണ്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ കണ്ണപ്പന്റെ അനുചരന്മാരുടെയും. മുജ്ജന്മത്തിലെ പുണ്യമാണത്രേ അവരെ ഇവിടെയെത്തിച്ചത്.
തുടർന്ന് മേൽക്കാവിലേയ്ക്ക് നോക്കിയ സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമാണ്. സാക്ഷാൽ ആദിപരാശക്തിയായ ചോറ്റാനിക്കരയമ്മ ശ്രീനാരായണസമേതയായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു! സ്വാമിയാർ ദേവീപാദങ്ങളിൽ വീണ് നമസ്കരിച്ചു. ഈ സംഭവമുണ്ടായത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്കാണ്. ഈ സമയത്താണ് ഇന്നും മകം തൊഴൽ ദർശനം നടത്തി വരുന്നത്. സർവാഭരണ വിഭൂഷിതയായി, ശംഖ-ചക്ര-വരദാ ഭയങ്ങളോടെ ദർശനം നൽകുന്ന ചോറ്റാനിക്കരയമ്മയെ തൊഴുത് നിരവധി ഭക്തർ മുക്തിയടയുന്നു. ആഗ്രഹസാഫല്യത്തിനായുള്ള വഴിപാടായാണ് ഭക്തർ മകം തൊഴൽ നടത്തുന്നത്. മകം തൊഴലിന്റെ പിറ്റേ ദിവസം വരുന്ന പൂരം തൊഴലും പ്രധാനമാണ്. മകം തൊഴൽ സ്ത്രീകൾക്കും പൂരം തൊഴൽ പുരുഷന്മാർക്കും അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ജാതിമതഭേദമന്യേ നിരവധി ആളുകളാണ് ഈ രണ്ടു ദിവസങ്ങളിലായി ചോറ്റാനിക്കരയിൽ എത്തിച്ചേരുന്നത്.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകക്ഷേത്രപരിസരം
തിരുത്തുകചോറ്റാനിക്കര ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവ. സ്കൂൾ, ബസ് സ്റ്റാൻഡ് വിവിധ കടകംബോളങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. 'ചോറ്റാനിക്കര ക്ഷേത്രം' എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നത് മേൽക്കാവ് ക്ഷേത്രമാണ്. രണ്ടേക്കറോളം വിസ്തീർണ്ണം വരുന്ന മതിലകത്തോടുകൂടിയ ഈ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. എന്നാൽ, ആ ഭാഗത്ത് റോഡിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. പടിഞ്ഞാറേ നടയിലാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം. പടിഞ്ഞാറേ നടയിൽ തെക്കേ വരിയിലാണ് ദേവസ്വം ഓഫീസുകളും ചെരുപ്പുകൗണ്ടറുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രമായ ചോറ്റാനിക്കര അതുകൊണ്ടുതന്നെ ഒരു സ്പെഷ്യൽ ഗ്രേഡ് ദേവസ്വമാണ്. എക്സിക്യൂട്ടീവ് ഓഫീസർക്കാണ് ക്ഷേത്രാധികാരം.
മതിലകം
തിരുത്തുകഅകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും കാണേണ്ടതില്ല. കിഴക്കേ നടയിൽ വലിയ ആനക്കൊട്ടിൽ പണിതിട്ടുണ്ട്. ഏകദേശം നാലഞ്ചാനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ക്ഷേത്രത്തിൽ ചോറൂണ്, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. മുമ്പ് ഇവിടെയുണ്ടായിരുന്ന ആനക്കൊട്ടിൽ 2013-ൽ പൊളിച്ചുമാറ്റിയിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തേത് പണിതത്. ഇതിനപ്പുറത്താണ് ദേവീവാഹനമായ സിംഹത്തെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം നിലകൊള്ളുന്നത്. 200 അടി ഉയരം വരുന്ന ഈ കൊടിമരം ദൂരെനിന്നുവരുന്ന ഭക്തർക്കുപോലും കാണാൻ കഴിയുന്നതാണ്. കൊടിമരത്തിന് മുകളിൽ സിംഹത്തിന്റെ രൂപമാണെങ്കിൽ, താഴെ അഷ്ടദിക്പാലകരുടെ രൂപങ്ങളാണ് കാണാൻ സാധിയ്ക്കുക. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ദേവിയുടെ പ്രധാന സൈന്യാധിപയായ ബ്രാഹ്മിയെയാണ് വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. അധികം പൊക്കമുള്ള ബലിക്കല്ലല്ല ഇവിടെയുള്ളത്. അതിനാൽ, ആനക്കൊട്ടിലിൽ നിന്നുനോക്കിയാൽത്തന്നെ പ്രതിഷ്ഠ കാണാം. പ്രധാന ബലിക്കല്ലിന് താഴെയായി ചെറിയ ചില ബലിക്കല്ലുകളും കാണാം. കിഴക്കുഭാഗത്ത് കാളി, തെക്കുകിഴക്കുഭാഗത്ത് കരാജി, തെക്കുഭാഗത്ത് വിരജ, തെക്കുപടിഞ്ഞാറുഭാഗത്ത് വന്ദര, പടിഞ്ഞാറുഭാഗത്ത് വിന്ധ്യവാസിനി, വടക്കുപടിഞ്ഞാറുഭാഗത്ത് സുപ്രഭ, വടക്കുഭാഗത്ത് സിംഹവക്ത്ര, വടക്കുകിഴക്കുഭാഗത്ത് ദൈത്യമർദ്ദിനി എന്നിങ്ങനെയാണ് ക്രമം. പുറത്തെ ബലിവട്ടത്തിൽ മേൽപ്പറഞ്ഞ സ്ഥാനങ്ങളിലും ഇവർക്കായി ബലിക്കല്ലുകൾ ഒരുക്കിയിട്ടുണ്ട്. ശീവേലിസമയത്ത് അവിടങ്ങളിലാണ് ബലിതൂകുന്നത്.
മേൽക്കാവിലെ പ്രദക്ഷിണവഴി കരിങ്കല്ല് പാകിയിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ ശീവേലിപ്പുരയും കാണാം. തെക്കുഭാഗത്താണ് ശ്രീമൂലസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മി ആദ്യം കുടിയിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പേരുവന്നത്. ഐതിഹ്യപ്രകാരം കണ്ണപ്പന്റെ തൊഴുത്തും കാവുമായിരുന്ന സ്ഥലമാണ് ഈ ശ്രീമൂലസ്ഥാനം. ഇവിടെ ഒരു പവിഴമല്ലിമരമുണ്ട്. അതിനാൽ ഇവിടം പവിഴമല്ലിത്തറ എന്നും അറിയപ്പെടുന്നു. ഇവിടെ തൊഴുതുവേണം ഭഗവതിയെ തൊഴാൻ എന്നാണ് ആചാരം. നവരാത്രിക്കാലത്ത് പവിഴമല്ലിത്തറയിൽ നടക്കുന്ന ചെണ്ടമേളം പ്രസിദ്ധമാണ്. ശ്രീമൂലസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണിവിടെയുള്ളത്. ശിവന്റെ നടയിൽ നിത്യവും രാവിലെ അഞ്ചുമണിയ്ക്കും പതിനൊന്നുമണിയ്ക്കും ധാര നടത്തിവരുന്നു. ബാധോപദ്രവമുള്ള ചിലർ ഇവിടെയെത്തുമ്പോൾ തന്നെ ഉറഞ്ഞുതുള്ളുന്ന കാഴ്ച കാണാം. പ്രദോഷപൂജ, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്നുള്ള മറ്റ് പ്രധാന വഴിപാടുകൾ. ശിവന്റെ ശ്രീകോവിലിനോടുചേർന്ന് പണിതിട്ടുള്ള ഒരു കൊച്ചുമുറിയിലാണ് ഗണപതി പ്രതിഷ്ഠയുള്ളത്. അതിനാൽ ഈ ഭാവം ഒക്കത്ത് ഗണപതി എന്ന പേരിൽ അറിയപ്പെടുന്നു. അരയടി മാത്രമാണ് ഗണപതി പ്രതിഷ്ഠയുടെ ഉയരം. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ഗണപതി പ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഇതുകൂടാതെ ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല തുടങ്ങിയവയും വിശേഷമാണ്. ശിവന്റെ ശ്രീകോവിലിന് തൊട്ടടുത്ത് മേൽക്കൂരയില്ലാത്ത തറയിൽ നാഗദൈവങ്ങളുടെയും ജ്യേഷ്ഠാ ഭഗവതിയുടെയും രക്ഷസ്സുകളുടെയും പ്രതിഷ്ഠകൾ കാണാം. ആദിദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളായാണ് മൂവരെയും കണ്ടുവരാറുള്ളത്. ഹൈന്ദവവിശ്വാസപ്രകാരം അമംഗളയായ അലക്ഷ്മിയായി കണക്കാക്കപ്പെടുന്ന ജ്യേഷ്ഠയ്ക്ക് പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ചോറ്റാനിക്കരയാകും. ദാരിദ്ര്യം, കലഹം, വൃത്തിക്കുറവ് എന്നിവയുടെ ഭഗവതിയായ ജ്യേഷ്ഠ ലക്ഷ്മിദേവിയുടെ മുതിർന്ന സഹോദരിയും ഭഗവതിയുടെ തന്നെ മറ്റൊരു ഭാവവുമാണ്. ഭവനങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുവാനാണ് ജ്യേഷ്ഠയോട് പ്രാർഥിക്കേണ്ടത് എന്നാണ് വിശ്വാസം. പ്രധാന ഭഗവതിയുടെ ഉച്ചിഷ്ടമാണ് ജ്യേഷ്ഠാ ഭഗവതിയുടെ വഴിപാട്. അനന്തൻ തുടങ്ങിയ നാഗദൈവങ്ങൾക്ക് നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പാൽപ്പായസം, ആയില്യപൂജ, തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. രക്ഷസ്സുകൾക്ക് വിഷ്ണുസങ്കല്പത്തിൽ പാൽപ്പായസമാണ് പ്രധാന നിവേദ്യം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് മതിൽക്കെട്ടിന് പുറത്തായി ഒരു അന്നദാനമണ്ഡപം കാണാം. ക്ഷേത്രത്തിൽ നിത്യേന അന്നദാനം നടന്നുവരുന്നുണ്ട്. ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
വടക്കുപടിഞ്ഞാറുഭാഗത്ത് വഴിപാട് കൗണ്ടറുകൾ കാണാം. മണ്ഡപത്തിൽ പാട്ടും ഗുരുതിപൂജയുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ഇവയ്ക്ക് വലിയ തുകയുണ്ട്. ഇവ കൂടാതെ, പാൽപ്പായസം, ശർക്കരപ്പായസം, ചെത്തിമാല, തുളസിമാല, വെണ്ണ, കദളിപ്പഴം, ശർക്കര തുടങ്ങിയവയും പ്രധാനമാണ്. മറ്റുള്ള ക്ഷേത്രങ്ങളിലെപ്പോലെ വിവിധതരം പുഷ്പാഞ്ജലികളും ഇവിടെയുണ്ട്. വടക്കുവശത്ത് നെടുനീളത്തിൽ ഊട്ടുപുര പണിതിരിയ്ക്കുന്നു. രണ്ടു നിലകളോടുകൂടിയ ഊട്ടുപുര പുതുക്കിപ്പണിത രൂപത്തിലാണ് ഇന്ന് കാണപ്പെടുന്നത്. പണ്ട് ഇതിന്റെ രണ്ടുനിലകളിലും ഊട്ട് ഉണ്ടാകുമായിരുന്നു. ഇന്ന് വിശേഷ ദിവസങ്ങളിൽ മാത്രമാണുള്ളത്. ഊട്ടുപുരയുടെ താഴത്തെ നില ക്ഷേത്രം വക ഓഡിറ്റോറിയമായി ഉപയോഗിച്ചുവരുന്നു. ഇതിന് 'നവരാത്രി മണ്ഡപം' എന്നാണ് പേരിട്ടിട്ടുള്ളത്. വിശേഷ ദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടത്തിവരുന്നു.
കീഴ്ക്കാവ് ഭഗവതി ക്ഷേത്രം
തിരുത്തുകകിഴക്കേ നടയിൽ നിന്ന് 57 കരിങ്കൽപ്പടികൾ ഇറങ്ങിയാൽ കീഴ്ക്കാവിലെത്താം. കീഴ്ക്കാവിലേയ്ക്കുള്ള വഴിയിൽ വടക്കുഭാഗത്ത് ഒരു നക്ഷത്രവനം നട്ടുപിടിപ്പിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ യഥാക്രമത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഇവിടെ ആരാധന നടത്തുന്നത് വിശേഷമായി കാണപ്പെടുന്നു. വഴിയുടെ തെക്കുഭാഗത്ത് ഒരു കൊച്ചു ധർമ്മശാസ്താ ക്ഷേത്രമുണ്ട്. പൂർണ്ണ, പുഷ്കല എന്നീ പത്നിമാർക്കൊപ്പമുള്ള ശാസ്താവാണിവിടെ. കിഴക്കോട്ട് ദർശനം. ഉപദേവതകളായി ഗണപതി, ഹനുമാൻ, സാളഗ്രാമം എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഭഗവതിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ശാസ്താവിന് നൽകുന്നത്. അതിനാൽ, ഉത്സവനാളുകളിൽ ഭഗവതി എഴുന്നള്ളുമ്പോൾ ധർമ്മ ശാസ്താവ് കൂടെയുണ്ടാകും. ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നെതുമെല്ലാം ഇവിടെയാണ്. ഐതിഹ്യപ്രകാരം ഈ ധർമ്മ ശാസ്താവ്, ശങ്കരാചാര്യരുടെ മാതൃകുടുംബം എന്ന നിലയിൽ പ്രസിദ്ധമായ മേൽപ്പാഴൂർ മനയിലാണ് കുടികൊണ്ടിരുന്നത്. മേൽപ്പാഴൂർ മനയിലെ ഒരു കാരണവർ ഒരിയ്ക്കൽ ഇവിടെ ദർശനത്തിനെത്തിയപ്പോൾ ശാസ്താവ് ഇവിടെ കുടികൊള്ളാൻ തീരുമാനിയ്ക്കുകയായിരുന്നുവത്രേ! ഇവിടെനിന്ന് ഒരല്പം മാറിയാണ് ക്ഷേത്രത്തിലെ വെടിപ്പുര. മറ്റു ദേവി ക്ഷേത്രങ്ങളിൽ എന്നതുപോലെ വെടിവഴിപാട് ഇവിടെ ദേവിയ്ക്ക് പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും വെടിയുണ്ടാകും. ഇവിടെനിന്ന് ഒരല്പം കൂടി പടികളിറങ്ങിയാൽ കീഴ്ക്കാവിലെത്താം.
കാലേക്കറിൽ താഴെ വിസ്തീർണ്ണം വരുന്ന ഒരു കൊച്ചുക്ഷേത്രമാണ് കീഴ്ക്കാവ് ഭദ്രകാളി ക്ഷേത്രം. തൊട്ടുമുന്നിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ട് ക്ഷേത്രങ്ങൾക്കും ഒന്നിച്ചാണ് കുളം. സാമാന്യം വലിപ്പമുള്ള കുളമാണിത്. ആദിപരാശക്തിയുടെ ഉഗ്രരൂപമായ ഭദ്രകാളിയാണ് കീഴ്ക്കാവിലെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. പാർവതി ദേവി കാളിയായി ഇവിടെ അവതരിച്ചു എന്നാണ് ഐതീഹ്യം. ഗുരുതിപൂജ നടക്കുന്നത് ഇവിടെയാണ്. കീഴ്ക്കാവിലമ്മയുടെ ശ്രീകോവിലിന്റെ വടക്കുകിഴക്കു ഭാഗത്ത് ഒരു പാലമരമുണ്ട്. അവിടെ ധാരാളം ആണികൾ അടിച്ചുവച്ചിട്ടുണ്ട്. ബാധോപദ്രവക്കാരെ കൊണ്ടുവന്നശേഷം അവരെ പിടികൂടിയിരിയ്ക്കുന്ന ബാധയെ ദേഹത്തുനിന്ന് ഒഴിപ്പിയ്ക്കുകയും തുടർന്ന് അവയെ സത്യം ചെയ്യിയ്ക്കുകയും ചെയ്യുന്ന ചടങ്ങുണ്ട്. ഇതിനുശേഷമാണ് ഇവയെ തളയ്ക്കുന്നത്. പാലമരത്തിൽ ആണിയടിച്ചുകൊണ്ടാണ് ഈ കർമ്മം നടത്തുന്നത്. ഇത്തരം ആണികളാണ് ഈ പാലമരത്തിലുള്ളത്. പാലമരത്തിൽ തന്നെ ധാരാളം കളിപ്പാവകളുടെയും കളിപ്പാടങ്ങളുടെയും രൂപങ്ങളും കാണാം. ഇവയും ബാധോപദ്രവത്തിന്റെ സൂചനകളാണ്. ഇതിനടുത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും മുകളിൽ വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.
ശ്രീകോവിൽ
തിരുത്തുകചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നില മാത്രമേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന രുദ്രാക്ഷ ശിലാനിർമ്മിതമായ സ്വയംഭൂ പ്രതിഷ്ഠയിൽ കിഴക്കോട്ട് ദർശനമായി ശ്രീ ചോറ്റാനിക്കരയമ്മ വാഴുന്നു. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ ദേവിയെ ആവാഹിച്ചിരിയ്ക്കുകയാണ്. അതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. രത്നപീഠത്തിൽ കാലുകൾ രണ്ടും താഴോട്ട് തൂക്കിയിരിയ്ക്കുന്ന, ചതുർബാഹുവായ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങൾ സ്വീകരിയ്ക്കാനായി താഴ്ത്തി വച്ചിരിയ്ക്കുന്നു. മുന്നിലെ ഇടതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ രൂപത്തിലാണ് ചോറ്റാനിക്കരയമ്മയുടെ രൂപം ചിത്രീകരിച്ചിട്ടുള്ളത്. ദേവീ പ്രതിഷ്ഠയ്ക്ക് അടുത്തായി അതേ ഉയരത്തിൽ മറ്റൊരു ശിലാഖണ്ഡം കാണാം. അത് മഹാവിഷ്ണു സാന്നിദ്ധ്യമാണ്. രണ്ടും ഒരേ പീഠത്തിൽ ഉറച്ചുനിൽക്കുന്നു. അതിനാൽ, ലക്ഷ്മീനാരായണ സങ്കല്പം ഇവിടത്തെ മൂർത്തിയ്ക്ക് ഉയർന്നുവരുന്നു. ഇവിടെയെത്തുന്ന ഭക്തർ 'അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മി നാരായണ" എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കാറുള്ളത്. കൂടാതെ ബ്രഹ്മാവ്, ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരും ഈ ശ്രീകോവിലിൽ കുടികൊള്ളുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചോറ്റാനിക്കരയമ്മ ലോകമാതാവായി, സ്വയംഭൂവായി കുടികൊള്ളുന്നു.
ശ്രീകോവിൽ കാര്യമായ ശില്പചിത്രകലാ വൈദഗ്ദ്ധ്യങ്ങളൊന്നും എടുത്തുപറയാവുന്നതല്ല. വളരെയധികം ലളിതമായ നിർമ്മാണരീതിയാണ്. അകത്തേയ്ക്ക് കടക്കാൻ മൂന്ന് പടികളുണ്ട്. വടക്കുഭാഗത്ത് ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകി ഒരു അന്തർദ്ധാരയിലൂടെ അടുത്തുള്ള ഓണക്കുറ്റിച്ചിറയിലെത്തുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ വടക്കുമാറിയാണ് ഓണക്കുറ്റിച്ചിറ സ്ഥിതിചെയ്യുന്നത്. വളരെ ചെറിയൊരു തീർത്ഥക്കുളമാണ് ഇവിടെയുള്ളത്. ഇതിന്റെ കരയിൽ ഭഗവതിയുടെ ചെറിയൊരു ക്ഷേത്രമുണ്ട്. വനദുർഗ്ഗയായാണ് ഇവിടെ ദേവിയുടെ സങ്കല്പം. ഇവിടെ ശ്രീകോവിൽ പണിതിട്ടില്ല. മേൽക്കൂരയില്ലാത്ത ഒരു തറയിൽ അരൂപമായ ഒരു ശിലയിലാണ് ദേവീപ്രതിഷ്ഠ. പ്രകൃത്യാരാധനയുടെ അവശേഷിപ്പുകളിൽ പെടുന്നതാണ് ഈ ക്ഷേത്രവും ഇതിന്റെ പരിസരവും. കുംഭമാസത്തിലെ ഉത്സവത്തിനിടയിൽ ചോറ്റാനിക്കരയമ്മ ശാസ്താവിനോടൊപ്പം ഇവിടെയും ആറാട്ടിന് എഴുന്നള്ളാറുണ്ട്. ഇതിനിടയിലെ പൂരം നാളിൽ ഓണക്കുറ്റിച്ചിറ ഭഗവതിയടക്കമുള്ള ദേവിമാർ ചോറ്റാനിക്കരയമ്മയെ കാണാനും എഴുന്നള്ളുന്നു.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് നാലമ്പലത്തിൽ. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ വച്ചാണ് വിശേഷാൽ പൂജകളും ഹോമങ്ങളും കാണുന്നത്. വടക്കേ വാതിൽ മാടത്തിൽ പൂജാ സമയത്തൊഴികെയാണെങ്കിൽ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. തെക്കുകിഴക്കേ മൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. കിണറിന് തൊട്ടടുത്തായി ഒരു ചെറിയ ശ്രീകോവിലിൽ പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠയുണ്ട്. കൂടുതൽ പഴക്കമുള്ള ശാസ്താക്ഷേത്രം ഇതാണ്. രൂപമില്ലാത്ത മൂന്ന് ശിലകളാണ് ദേവിയുടെ അംഗരക്ഷകനായി വാഴുന്ന ശാസ്താവിനെയും, പത്നിമാരായ പൂർണ്ണ-പുഷ്കല ദേവിമാരെയും പ്രതിനിധീകരിയ്ക്കുന്നത്. എന്നാൽ, ഇതിലും ഗോളക ചാർത്തിയിട്ടുണ്ട്. അമ്പും വില്ലും ധരിച്ചുനിൽക്കുന്ന കിരാതശാസ്താവിന്റെ രൂപത്തിലാണ് ഗോളക. നീരാജനമാണ് ഇവിടെ പ്രധാന വഴിപാട്.
ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ മുണ്ഡിനി) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ ബ്രാക്കറ്റിൽ കൊടുത്ത സ്ഥാനങ്ങളിലായി കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വിഷ്ണുലക്ഷ്മി ക്ഷേത്രമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. വടക്കു ഭാഗത്താണ് ഇവർക്ക് സ്ഥാനം അനുവദിച്ചിട്ടുള്ളത്. സപ്തമാതൃക്കളുടെ വൈഷ്ണവരൂപഭേദങ്ങളായി ഇവരെ കണക്കാക്കിവരുന്നു. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം ഗണപതിയും വീരഭദ്രനും അംഗരക്ഷകരായിരിയ്ക്കുന്നതുപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാരെയും അംഗരക്ഷകരായി നിയമിച്ചിട്ടുണ്ട്. ഇവരെ ബലിക്കല്ലിന്റെ രൂപത്തിൽ കാണിയ്ക്കാറില്ല. എന്നാൽ, ശീവേലിസമയത്ത് ഇവർക്കും സങ്കല്പത്തിൽ ബലിതൂകും. ബലിക്കല്ലുകൾ ഭഗവാന്റെ/ഭഗവതിയുടെ വകഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, ഇവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
നമസ്കാരമണ്ഡപം
തിരുത്തുകശ്രീകോവിലിന് നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകൾ മാത്രമുള്ള വളരെ ചെറിയൊരു മണ്ഡപമാണ് ഇവിടെയുള്ളത്. അതിനാൽ, ഭക്തർക്ക് നമസ്കരിയ്ക്കാൻ സ്ഥലമില്ല. എങ്കിലും കലശപൂജയും മറ്റും നിർബാധം നടത്താം. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി തിളങ്ങിനിൽക്കുന്നു.ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മണ്ഡപത്തിൽ പാട്ട് നടക്കുന്നത് ഇവിടെയാണ്. കാര്യമായ ശില്പാലങ്കരങ്ങളൊന്നും തന്നെ ഇവിടെയില്ല.
നിത്യപൂജകൾ
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ശ്രീഭഗവതിക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയും പിന്നാലെ തവിലും, നാദസ്വരവും ഉപയോഗിച്ചുള്ള പള്ളിയുണർത്തലുമുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം. പിന്നീട് നാലരയ്ക്ക് ഉഷഃപൂജയും അഞ്ചരയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. ഇവയ്ക്കിടയിൽ അഞ്ചുമണിയ്ക്ക് ശിവന്റെ നടയിൽ ധാരയുമുണ്ട്. എതിരേറ്റുപൂജ കഴിഞ്ഞാൽ ആറരയ്ക്ക് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവതി നേരിട്ടുകാണുന്നു എന്നതാണ് ഇതിനുപിന്നിലുള്ള അർത്ഥം. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജയും അഭിഷേകങ്ങളും നടത്തുന്നു. അതുകഴിഞ്ഞാൽ പതിനൊന്നുമണിയ്ക്ക് ശിവന്റെ നടയിൽ വീണ്ടും ധാരയാണ്. പതിനൊന്നരയ്ക്ക് ഉച്ചപൂജ. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. തുടർന്ന് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. അതത് ദിവസത്തെ സൂര്യാസ്തമയമനുസരിച്ചാണ് ദീപാരാധന. പിന്നീട് ഏഴരയ്ക്ക് അത്താഴപൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയുമാണ്. അതുകഴിഞ്ഞ് എട്ടരയോടെ മേൽക്കാവിൽ നടയടയ്ക്കുന്നു. അതിനുശേഷം കീഴ്ക്കാവിൽ ഗുരുതിപൂജ തുടങ്ങും. ശാക്തേയപൂജാവിധികളാണ് ഗുരുതിപൂജയ്ക്കുള്ളത്. വാഴകൊണ്ട് തോരണം കെട്ടി പരിസരം മുഴുവൻ അലങ്കരിച്ച് വൃത്തിയാക്കിയശേഷം മേൽശാന്തി വന്ന് പ്രത്യേകപൂജകൾ നടത്തുന്നു. തുടർന്ന് ഗുരുതിതർപ്പണം തുടങ്ങുന്നു. ഇത് കണ്ടുതൊഴാൻ ധാരാളം ഭക്തരുണ്ടാകും. ബാധോപദ്രവമുള്ളവർ ഈ സമയമാകുമ്പോൾ ഉറഞ്ഞുതുള്ളാൻ തുടങ്ങുന്നത് ചോറ്റാനിക്കരയിലെ പതിവുകാഴ്ചയാണ്.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നവരാത്രി, തൃക്കാർത്തിക, വിഷു, ഓണം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും പൂജാവിധികൾക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ ആകെ പതിനെട്ട് പൂജകളാണുണ്ടാകുക. കൂടാതെ വിശേഷാൽ നിറമാല, ചുറ്റുവിളക്ക്, ഗുരുതിപൂജ തുടങ്ങിയവയുമുണ്ടാകും. ഗ്രഹണദിവസങ്ങളിൽ ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പ് അടയ്ക്കുന്ന നട, ഗ്രഹണശേഷം ശുദ്ധിക്രിയകൾ നടത്തിയേ തുറക്കൂ. പൂജകൾക്കും ദീപാരാധനയ്ക്കും നടയടയ്ക്കുമ്പോഴെല്ലാം ഇടയ്ക്ക കൊട്ടി അഷ്ടപദി പാടുക പതിവുണ്ട്.
ക്ഷേത്രത്തിന്റെ തന്ത്രാധികാരം തൃപ്പൂണിത്തുറ, എളവള്ളി പുലിയന്നൂർ മനകൾക്കാണ്. ഇവർ ഓരോ വർഷവും മാറിമാറി പ്രവർത്തിയ്ക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക. മേൽക്കാവിലും കീഴ്ക്കാവിലും പ്രത്യേകം ശാന്തിക്കാരുണ്ട്. ഇവർ ഓരോ മാസവും മാറിമാറി പ്രവർത്തിയ്ക്കുന്നു.
വഴിപാടുകൾ
തിരുത്തുകപ്രധാന വഴിപാടുകൾ
തിരുത്തുകമണ്ഡപത്തിൽ പാട്ട്
തിരുത്തുകചോറ്റാനിക്കര മേൽക്കാവിലമ്മയുടെ പ്രധാന വഴിപാടാണ് മണ്ഡപത്തിൽ പാട്ട്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിൽ വച്ചുനടക്കുന്ന ബ്രാഹ്മണിപ്പാട്ടാണ് പ്രധാന ചടങ്ങ്. ബ്രാഹ്മണിയമ്മ എന്ന് സ്ഥാനപ്പേരുള്ള സ്ത്രീ നടത്തുന്ന പാട്ടായതുകൊണ്ടാണ് ഇത് ബ്രാഹ്മണിപ്പാട്ട് എന്നറിയപ്പെടുന്നത്. പുഷ്പകസമുദായത്തിൽ പെട്ട സ്ത്രീകളാണ് 'ബ്രാഹ്മണിയമ്മ' എന്നറിയപ്പെടുന്നത്. ഇത് അവരുടെ കുലത്തൊഴിൽ കൂടിയാണ്. എന്നാൽ, ബ്രാഹ്മണിപ്പാട്ട് മാത്രമല്ല, അതിനോടൊപ്പം ഉദയാസ്തമനപൂജ, ഗുരുതിപൂജ, അന്നദാനം, ചുറ്റുവിളക്ക്, നിറമാല എന്നിവയും ഇതിൽ ഉൾപ്പെടും. അതിനാൽത്തന്നെ വൻ ചെലവുള്ള വഴിപാടാണിത്. ഇന്ന് ഇത് നേരുന്നവർ അപൂർവ്വമാണ്.
പാട്ട് നടക്കുന്ന ദിവസം കുരുത്തോലയും മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ ഇലകളും പുണ്യപുഷ്പങ്ങളും കൊണ്ട് മണ്ഡപം പൂർണ്ണമായും അലങ്കരിച്ചിട്ടുണ്ടാകും. കൂടാതെ മണ്ഡപത്തിൽ നിരവധി വിളക്കുകളും ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവയും കൊളുത്തിവച്ചിട്ടുണ്ടാകും. ശ്രീകോവിലിൽ നടക്കുന്ന സകല പൂജകളും ഈ സമയത്ത് മണ്ഡപത്തിലുമുണ്ടാകും. ദേവിയുടെ ചൈതന്യത്തിൽ അല്പം മണ്ഡപത്തിലേയ്ക്കും ആവാഹിച്ചശേഷമാണ് പാട്ട് തുടങ്ങുക. മേൽപ്പറഞ്ഞ ചടങ്ങുകൾക്കെല്ലാം ശേഷമാണ് പാട്ട് തുടങ്ങുക. സർപ്പംപാട്ടിന് ഉപയോഗിയ്ക്കുന്നതുപോലെയൊരു വാദ്യം വായിച്ചുകൊണ്ടാണ് ബ്രാഹ്മണിയമ്മ പാടുന്നത്. പ്രത്യേകതാളത്തിലുള്ള ദേവീസ്തുതികൾ ആലപിയ്ക്കുമ്പോൾ സമീപം നിരവധി ഭക്തർ നിറഞ്ഞുനിൽക്കുന്നുണ്ടാകും. ചതുശ്ശതം എന്നുപേരുള്ള പ്രത്യേകതരം പായസമാണ് അന്ന് ദേവിയ്ക്കുള്ള പ്രധാന നിവേദ്യം. 101 നാഴി അരി, 101 കദളിപ്പഴം, 101 പലം ശർക്കര, 101 നാളികേരം എന്നിവ ചേർത്തുണ്ടാക്കുന്ന പായസമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. ഇവയ്ക്കെല്ലാം ശേഷം ബ്രാഹ്മണിയമ്മയ്ക്ക് യഥാശക്തി ദക്ഷിണയും നൽകുന്നതോടെ ചടങ്ങ് പൂർത്തിയാകുന്നു.
ഗുരുതിപൂജ
തിരുത്തുകചോറ്റാനിക്കര കീഴ്ക്കാവിലമ്മയുടെ പ്രധാന വഴിപാടാണ് ഗുരുതിപൂജ. ആദിദ്രാവിഡ ആരാധനയുടെ ബാക്കിപത്രമായ ഈ ചടങ്ങ് നടത്തുന്നത്, മേൽക്കാവിൽ അത്താഴശീവേലി കഴിഞ്ഞ് നടയടച്ചശേഷമാണ്. ഇതിനുമുന്നോടിയായി ക്ഷേത്രനട മുഴുവൻ കുരുത്തോല കൊണ്ട് അലങ്കരിച്ചുവച്ചിട്ടുണ്ടാകും.
ഭജനമിരിയ്ക്കുക
തിരുത്തുകചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. പല പല കാരണങ്ങൾ കൊണ്ടും ഭജനമിരിയ്ക്കാൻ നിരവധി ആളുകൾ വരാറുണ്ട്, വിശേഷിച്ചും മാനസികാസ്വാസ്ഥ്യമുള്ളവർ. ഭജനമിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ഭജനം തുടങ്ങുന്നതിന് തലേദിവസം തന്നെ വന്ന് ദർശനം നടത്തേണ്ടതും ക്ഷേത്രത്തിലെ എല്ലാ പൂജകളിലും പങ്കുകൊള്ളേണ്ടതുമാണ്. 3, 5, 7, 12 തുടങ്ങിയ ദിവസങ്ങളിലാണ് ഭജനമിരിക്കുന്നത്. ഭജനമിരിയ്ക്കുന്ന കാലയളവിൽ ക്ഷേത്രത്തിലെ അന്നദാനവും, നിവേദ്യവും മാത്രമേ ഭക്ഷിയ്ക്കാൻ പാടുള്ളൂ. ദേവീമാഹാത്മ്യം, ലളിതാ സഹസ്രനാമം, മഹാലക്ഷ്മി അഷ്ടകം, കനകധാരാ സ്തോത്രം, ദേവീസൂക്തം, ഭദ്രകാളിപ്പത്ത്, അമ്മേ നാരായണ തുടങ്ങിയവയുടെ ജപം ഉത്തമം എന്ന് വിശ്വാസം. ഉത്സവദിവസങ്ങളിൽ ദേവി ശാസ്താവിനൊപ്പം പറയെടുക്കാൻ പോകും എന്നതിനാൽ ഭജനമിരിയ്ക്കാൻ സാധിയ്ക്കുന്നതല്ല.
ചതുശ്ശതം
തിരുത്തുകചോറ്റാനിക്കര ഭഗവതിയുടെ പ്രധാനനിവേദ്യം 'ചതുശ്ശതം' എന്നുപേരുള്ള ഒരു പായസമാണ്. മഹാവിഷ്ണുവിന് പ്രധാനം പാൽപായസം.
പട്ടും താലിയും സമർപ്പിക്കുക
തിരുത്തുകഭഗവതിയ്ക്ക് പട്ടും താലിയും ചാർത്തുന്നത് മറ്റൊരു പ്രധാന വഴിപാടാണ്. മംഗല്യഭാഗ്യമാണ് ഇതിന്റെ ഉദ്ദേശ്യം.
ശർക്കര സമർപ്പണം
തിരുത്തുകഉണ്ട ശർക്കര സമർപ്പണം ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. ചോറ്റാനിക്കര ഭഗവതി ശർക്കര പ്രിയ ആണെന്നാണ് വിശ്വാസം. ഇതിന് പ്രത്യേക രസീതോ ഒന്നും തന്നെ ആവശ്യമില്ല. ഭക്തർ കൊണ്ടുവരുന്ന ശർക്കര ക്ഷേത്ര നടയിൽ നേരിട്ട് സമർപ്പിക്കാവുന്നതാണ്. ഇത് അത്താഴ പൂജയ്ക്ക് ശേഷം ഭക്തർക്ക് വിതരണം ചെയ്യാറുണ്ട്.
മറ്റു വഴിപാടുകൾ
തിരുത്തുകനെയ്പായസം, കടുമ്പായസം, കൂട്ടുപായസം തുടങ്ങിയവ ഓരോ പൂജയ്ക്കും ഭഗവതിയ്ക്ക് നേദിയ്ക്കാറുണ്ട്. കൂടാതെ സാധാരണക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള പുഷ്പാഞ്ജലികൾ, ചന്ദനം ചാർത്ത്, ആയുധസമർപ്പണം, വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങിയവ ഇവിടെയുമുണ്ട്. നാഗദൈവങ്ങൾക്ക് എല്ലാ ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ നാഗപൂജയും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും സർപ്പംപാട്ടുമുണ്ടാകും. . വിഘ്നേശ്വരപ്രീതിയ്ക്കായി എല്ലാ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ശാസ്താവിന് നീരാജനം കത്തിക്കലാണ് പ്രധാന വഴിപാട്. ശിവന് ധാര, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം, മൃത്യുഞ്ജയ അർച്ചന തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. വെടിവഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു വഴിപാട്.
വിശേഷദിവസങ്ങൾ
തിരുത്തുകകൊടിയേറ്റുത്സവവും മകം, പൂരം തൊഴലുകളും
തിരുത്തുകചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങളാണ് കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മകം, പൂരം തൊഴലുകളൂം. ധ്വജാദിമുറയ്ക്കനുസരിച്ചുള്ള ഉത്സവമാണ് ക്ഷേത്രത്തിൽ നടന്നുവരുന്നത്. ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ശുദ്ധിക്രിയകൾ നടത്തുന്നു. രോഹിണി നാളിൽ രാത്രിയിലാണ് കൊടിയേറ്റം നടക്കുന്നത്. തുടർന്നുള്ള ഒമ്പത് ദിവസം ചോറ്റാനിക്കര ക്ഷേത്രം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിയും. ധാരാളം താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പറയെഴുന്നള്ളിപ്പുകളും ആറാട്ടുമാണ്. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നിത്യേന ആറാട്ടുണ്ടാകാറുണ്ട്. ചോറ്റാനിക്കരയിലും ഇത് പതിവാണ്. കൊടിയേറ്റത്തിന് മുമ്പും ഇവിടെ ആറാട്ടുണ്ടാകും. ഉത്സവനാളുകളിൽ ഭഗവതി, അംഗരക്ഷകന്റെ സ്ഥാനം അലങ്കരിയ്ക്കുന്ന ധർമശാസ്താവിനോടൊപ്പം പരിസരത്തെ വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും എഴുന്നള്ളുന്നു. വീട്ടുകാരും നാട്ടുകാരും നിറപറയും നിലവിളക്കുമായി ഭഗവതിയെയും ശാസ്താവിനെയും സ്വീകരിയ്ക്കുന്നു. എല്ലായിടത്തും ഇറക്കിപ്പൂജയുമുണ്ടാകും. മകം, പൂരം ദിവസങ്ങൾക്കു ശേഷം ഉത്രം നാളിൽ അടുത്തുള്ള മുരിയമംഗലം ക്ഷേത്രക്കുളത്തിൽ നടക്കുന്ന വലിയ ആറാട്ടിനുശേഷം കൊടിയിറക്കുന്നു. അത്തം നാളിൽ കീഴ്ക്കാവിൽ വലിയ ഗുരുതിയും കൂടി നടത്തുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു.
പ്രസിദ്ധമായ മകം തൊഴൽ
തിരുത്തുകഉത്സവത്തിനിടയിലെ ഏഴാം ദിവസമാണ് പ്രസിദ്ധമായ 'മകം തൊഴൽ'. വില്വമംഗലം സ്വാമിയാർ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിച്ചതും അദ്ദേഹത്തിന് ലക്ഷ്മീനാരായണ ദർശനമുണ്ടായതുമായി പറയപ്പെടുന്ന ഈ പുണ്യദിനത്തിൽ പ്രഭാതപൂജകൾ കഴിഞ്ഞ് നടയടച്ചാൽ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കു തന്നെ നട തുറക്കും. വില്വമംഗലത്തിന് ദർശനം നൽകിയ ഭാവത്തിലാണ് അന്ന് ദർശനം. മകം തൊഴുന്നത് സർവമംഗളകരമാണ് എന്നാണ് വിശ്വാസം. സർവ്വാഭരണവിഭൂഷിതയായി, ദിവ്യവസ്ത്രങ്ങളും ദിവ്യായുധങ്ങളും ധരിച്ചുനിൽക്കുന്ന ഭഗവതിയെ ദർശിച്ച് അന്ന് ഭക്തർ തൃപ്തിയടയുന്നു. ഈ സമയത്ത് ഭക്തരുടെ പ്രത്യേകിച്ച് വൻ തിരക്കായിരിയ്ക്കും ഉണ്ടാകുക. ആപത്തിൽ നിന്നു രക്ഷയും ഐശ്വര്യവുമാണ് ഫലം.
പൂരം തൊഴൽ
തിരുത്തുകമകത്തിന് പിറ്റേന്ന് പൂരം നാളും പൗർണമിയും ചേർന്നുവരുന്ന ദിവസവും അതിവിശേഷമാണ്. പൂരം തൊഴൽ പുരുഷന്മാർക്ക് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. അന്ന് ചോറ്റാനിക്കരയ്ക്ക് സമീപത്തുള്ള മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തിളെല്ലാവരും ചോറ്റാനിക്കരയിൽ എഴുന്നള്ളുന്നു. ഇവരെല്ലാവരും ഒന്നിച്ച് നിരവധി ഗജവീരന്മാരോടൊപ്പമുള്ള പൂരം എഴുന്നള്ളത്ത് വിശേഷമാണ്. അതിനാൽ പൂരം തൊഴുന്നത് മകം പോലെ തന്നെ സർവ്വമംഗളകരമാണ് എന്നാണ് വിശ്വാസം. ചോറ്റാനിക്കരയമ്മമാർ (മേൽക്കാവ് ഭഗവതി, കീഴ്ക്കാവ് ഭദ്രകാളി), ചോറ്റാനിക്കര ക്ഷേത്രത്തിലെ ധർമ്മശാസ്താവ്, കുഴിയേറ്റ് ശിവൻ, തുളുവൻകുളങ്ങര മഹാവിഷ്ണു, ഓണക്കുറ്റിച്ചിറ ഭഗവതി, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നിവരാണ് ഈ എഴുന്നള്ളത്തിൽ അണിനിരക്കുന്നത്.
നവരാത്രി
തിരുത്തുകകന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും വിവിധ രൂപങ്ങളിൽ ഇത് ആചരിച്ചുവരുന്നുണ്ട്. കേരളത്തിൽ സരസ്വതീപൂജയായിട്ടാണ് ആചരിച്ചുവരുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വിശേഷമാണെങ്കിലും ദേവീക്ഷേത്രങ്ങളിലാണ് കൂടുതലും നവരാത്രി ആചരിച്ചുവരുന്നത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഭഗവതിക്ഷേത്രമായ ചോറ്റാനിക്കരയിൽ നവരാത്രിയിൽ ഒമ്പതുദിവസവും അതീവ വിശേഷമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. നവരാത്രി ഉത്സവത്തിനിടയിൽ ദുർഗ്ഗാഷ്ടമി നാളിൽ നടന്നു വരുന്ന പവിഴമല്ലിത്തറ മേളം പ്രസിദ്ധമാണ്. നിരവധി പ്രസിദ്ധ വാദ്യകലാകാരന്മാർ ഇതിന് അണിനിരക്കാറുണ്ട്. കുറച്ചുകാലമായി ഇതിന് പ്രാമാണ്യം വഹിയ്ക്കുന്നത് പ്രശസ്ത ചലച്ചിത്രനടനായ ജയറാമാണ്. പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടുകൂടിയ ശീവേലികളും ഈയവസരങ്ങളിൽ പ്രധാനമാണ്.
എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പുസ്തകങ്ങൾ, ആയുധങ്ങൾ, സംഗീതോപകരണങ്ങൾ മുതലായവ പൂജയ്ക്ക് വയ്ക്കുന്നു. ഇതിനുശേഷമാണ് ദീപാരാധന നടക്കുന്നത്. ഒൻപതാം ദിവസമായ മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമി ദിവസം രാവിലെ പൂജ കഴിഞ്ഞ് പൂജവച്ച പുസ്തകങ്ങളും മറ്റും തിരിച്ചുകൊടുക്കുന്നു.
വിദ്യാരംഭം
തിരുത്തുകവിജയദശമി ദിവസം ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ ഹരിശ്രീ കുറിയ്ക്കുന്നു. മൂകാംബിക സരസ്വതി സാന്നിധ്യമുള്ള ക്ഷേത്രമായതിനാൽ ചോറ്റാനിക്കരയിലെ വിദ്യാരംഭം കൊല്ലൂർ മൂകാംബികയിലേതുപോലെ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. നിരവധി വിദ്യാർഥികളും നവരാത്രി ദിവസങ്ങളിൽ ദർശനത്തിനായി എത്താറുണ്ട്.
മണ്ഡലകാലം
തിരുത്തുകക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷമാണ് വൃശ്ചികമാസം ഒന്നാം തീയതി മുതൽ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലം. ചോറ്റാനിക്കരയിൽ പ്രധാന ഉപദേവനായ ധർമ്മ ശാസ്താവിന് അതീവ പ്രാധാന്യമുണ്ട്. ചോറ്റാനിക്കര ഭഗവതിയുടെ തിരുമകനും, കാവൽക്കാരനും ആണിവിടെ ശാസ്താവ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രനട പതിവിലും അര മണിക്കൂർ നേരത്തേ (മൂന്നരയ്ക്ക്) തുറക്കും. ശബരിമല ദർശനത്തിനുപോകുന്ന നിരവധി ഭക്തർ ഈ സമയത്ത് ചോറ്റാനിക്കരയിലെത്താറുണ്ട്. അവർക്കായി ദേവസ്വം നിരവധി സൗകര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ചോറ്റാനിക്കര. ഈ ദിവസങ്ങളിൽ ക്ഷേത്രനടയിൽ അയ്യപ്പൻപാട്ട് പതിവാണ്.
തൃക്കാർത്തിക
തിരുത്തുകവൃശ്ചിക മാസത്തിൽ തന്നെയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവമായ തൃക്കാർത്തിക വരുന്നതും. ഭഗവതിയുടെ ജന്മദിനമായി കണക്കാക്കപ്പെടുന്ന തൃക്കാർത്തിക കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെല്ലാം വിശേഷദിവസമാണ്. മറ്റുള്ള ഭഗവതി ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചോറ്റാനിക്കരയിൽ ഇത് മൂന്നുദിവസത്തെ ആഘോഷമാണ്. പ്രധാന ദിവസമായ കാർത്തിക കൂടാതെ അടുത്ത ദിവസങ്ങളിലും (രോഹിണി, മകയിരം) ഇത് ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. തൃക്കാർത്തിക ദിവസം രാവിലെ അഖണ്ഡനാമജപം തുടങ്ങുന്നു. ഭഗവതിയെ മകം തൊഴുന്ന ദിവസത്തിലെ പോലെ തന്നെ മനോഹരമായി അണിയിച്ചൊരുക്കിയിട്ടുണ്ടാകും. ഉച്ചയ്ക്ക് ഭക്തർക്ക് പിറന്നാൾ സദ്യ നൽകുന്നു. അന്ന് സന്ധ്യയ്ക്കാണ് കാർത്തിക വിളക്ക്. ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളും വിളക്കുമാടവും ദീപമാലകളാൽ അലംകൃതമാകുന്നു. ഇതേസമയത്ത് ക്ഷേത്രമതിലകത്ത് പലയിടത്തും ചിരാതുകൾ കത്തിച്ചുവച്ചിട്ടുണ്ടാകും. ഈ സമയത്തെ ദീപാരാധന വിശേഷമാണ്. അതിനുശേഷം 51 കുത്തുവിളക്കുകളുടെയും അഞ്ച് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചോറ്റാനിക്കരയമ്മ എഴുന്നള്ളുന്നു. നിരവധി ഭക്തരാണ് ഇത് കാണാനായി ക്ഷേത്രത്തിലെത്തുന്നത്. രോഹിണി, മകയിരം ദിവസങ്ങളിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലെങ്കിലും കാർത്തികദിവസം പോലെ അപ്പോഴും വിളക്കുകളുണ്ടാകും. ഈയവസരങ്ങളിൽ ചെണ്ടമേളമാണ് അകമ്പടി സേവിയ്ക്കുന്നത്. ഈ ദിവസങ്ങളിൽ ഇവയോടൊപ്പം വെടിക്കെട്ടുമുണ്ടാകും. തൃക്കാർത്തിക ദിവസത്തെ ഭഗവതി ദർശനം സർവ്വ അനുഗ്രഹദായകമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. മകം തൊഴാൻ സാധിക്കാത്തവർ കാർത്തിക തൊഴാൻ എത്തുന്നതും കാണാം.
മറ്റു പ്രധാന ദിവസങ്ങൾ
തിരുത്തുകചൊവ്വ, വെള്ളി ദിവസങ്ങൾ (വിശേഷിച്ച് മലയാള മാസത്തിലെ ആദ്യത്തെ ചൊവ്വയും വെള്ളിയും), പൗർണമി, അമാവാസി ദിവസങ്ങൾ, എല്ലാ മലയാളം - ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, എല്ലാ മാസവും കാർത്തിക, മകം നക്ഷത്രങ്ങൾ, ജന്മ നക്ഷത്ര ദിവസം തുടങ്ങിയവയും ക്ഷേത്രത്തിൽ ദർശനത്തിന് ദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്കുണ്ടാവാറുണ്ട്. ശിവന് ഞായറാഴ്ച, തിങ്കളാഴ്ച, പ്രദോഷവ്രതം, ശിവരാത്രി, ധനുമാസ തിരുവാതിര തുടങ്ങിയ അവസരങ്ങളിൽ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. ഗണപതിയ്ക്ക് വിനായക ചതുർത്ഥി ദിവസം ക്ഷേത്രം അഷ്ടദ്രവ്യ ഗണപതിഹോമവും ഗജപൂജയും ആനയൂട്ടുമുണ്ടാകാറുണ്ട്. നാഗദൈവങ്ങൾക്ക് എല്ലാമാസവും ആയില്യം നക്ഷത്രത്തിൽ വിശേഷാൽ പൂജകളും, കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്.
അമ്മേ നാരായണാ എന്ന സ്തുതി
തിരുത്തുകചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഉടലെടുത്ത പ്രശസ്തവും വ്യത്യസ്തവുമായ ഭഗവതി സ്തുതിയാണ് അമ്മേ നാരായണാ. ഈ സ്തുതിയിൽ സ്ത്രീലിംഗവും പുല്ലിംഗവും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. അമ്മേ എന്നത് ഭഗവതി സ്തുതിയും നാരായണാ എന്നത് മഹാവിഷ്ണുവിന്റെ സ്തുതിയുമാണ്. ചോറ്റാനിക്കരയിലെ പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ട് ഉണ്ടായതാണ് ഈ സ്തുതി. മേൽക്കാവിൽ ഭഗവതിപ്രതിഷ്ഠയുടെ വലതുവശത്ത് കൃഷ്ണശിലയിൽ തീർത്ത ചെറിയ മഹാവിഷ്ണുപ്രതിഷ്ഠയുമുണ്ട്. രണ്ടും ഒരേ പീഠത്തിലാണ് നിൽക്കുന്നത്. ഇതുകൂടാതെ, കീഴ്ക്കാവിൽ ഭദ്രകാളിപ്രതിഷ്ഠയുമുണ്ട്. ഇതിനാൽ മൂന്ന് പേരെയും കൂടിചേർത്താണ്
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
എന്ന് ചോറ്റാനിക്കരയിൽ ഭക്തർ സ്തുതിയ്ക്കുന്നത്. യഥാർത്ഥത്തിൽ വിഷ്ണുസമേതയായ ദേവിയെയാണ് ഉപയോഗിയ്ക്കുന്നതെങ്കിലും കേരളത്തിലെ മറ്റു ഭഗവതിക്ഷേത്രങ്ങളിലും ഇന്നിത് ഉപയോഗിച്ച് കാണാറുണ്ട്.
എത്തിച്ചേരുവാനുള്ള വഴി
തിരുത്തുക*എറണാകുളം നഗര ഹൃദയത്തിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം.
*കൊച്ചി നഗരപ്രദേശത്തിനോട് ചേർന്നു കിടക്കുന്നതിനാൽ നഗരം സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
*കൊച്ചി നഗരത്തിൽ നിന്നും ധാരാളം ബസുകൾ ഇവിടേക്ക് സർവീസ് നടത്താറുണ്ട്.
*വൈറ്റിലയിൽ നിന്നും 11 കിലോമീറ്റർ ദൂരത്തിലും, കാക്കനാട് നിന്ന് 12 കിലോമീറ്റർ അകലെയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
*തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ (കൊച്ചി മെട്രോ) ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.
*ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- ചോറ്റാനിക്കര റോഡ് (കുരീക്കാട്). ഇവിടെ കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിനുകൾ മാത്രമേ നിർത്താറുള്ളൂ.
*ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ - തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ - ആറു കിലോമീറ്റർ അകലെ. (കോട്ടയം വഴിയുള്ള ധാരാളം എക്സ്പ്രസ്സ് ട്രെയിനുകൾ തൃപ്പൂണിത്തുറ നിർത്താറുണ്ട്.)
*നഗരത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് നിന്നും ഇവിടേക്ക് ബസ് സർവീസ് ലഭ്യമാണ്.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം എറണാകുളം നേവൽ വിമാനത്താവളവും നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. ഏകദേശം 35 കിമി ദൂരം.
അടുത്തുള്ള മറ്റു പ്രധാന ക്ഷേത്രങ്ങൾ
തിരുത്തുക- തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം. ഏതാണ്ട് 6 കി.മി. അകലെ. 20 മിനിറ്റ് യാത്ര.
- എറണാകുളം ശിവ ക്ഷേത്രം. 15 കി.മി. അകലെ. ഏതാണ്ട് 47 മിനിറ്റ് യാത്ര.
- വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ചോറ്റാനിക്കരയിലേക്ക് ഏകദേശം 27 കി.മി.
- ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നിന്നും ചോറ്റാനിക്കരയിലേക്ക് 31 കി.മി. ദൂരം.
- കൊടുങ്ങല്ലൂരിൽ നിന്നും ചോറ്റാനിക്കരയിലേക്ക് ഏതാണ്ട് 46 കി.മി. (NH 66 വഴി)
- ഗുരുവായൂരിൽ നിന്നും ചോറ്റാനിക്കരലേക്ക് 94 കി.മി. (NH 66 വഴി)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക