ദക്ഷിണമകുടം

(Corona Australis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ദക്ഷിണമകുടം (Corona Australis). ഈ നക്ഷത്രരാശി ചെറുതും പ്രകാശം കുറഞ്ഞതുമാണ്‌. ദൃശ്യകാന്തിമാനം 4mൽ പ്രകാശം കൂടിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിൽ ഒന്നാണിത്. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു. കൊറോണ ഓസ്ട്രാലിസ് എന്ന ലാറ്റിൻ പേരിനർത്ഥം തെക്കൻ കിരീടം(മകുടം) എന്നാണ്. കൊറോണ ബൊറിയാലിസിന്റെ തെക്കൻ പ്രതിരൂപമായാണ് ഇതിനെ കാണുന്നത്. എന്നാൽ പുരാതന ഗ്രീക്കുകാർ ഇതിനെ ഒരു കിരീടത്തിനുപകരം ഒരു റീത്ത് ആയി കാണുകയും അതിനെ ധനു, സെന്റോറസ് എന്നിവയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. മറ്റ് ചില നാട്ടുകാർ ഇതിനെ ആമ, ഒട്ടകപ്പക്ഷിയുടെ കൂട്, കൂടാരം എന്നിവയായാണ് കണ്ടത്.

ദക്ഷിണമകുടം (Corona Australis)
ദക്ഷിണമകുടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ദക്ഷിണമകുടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CrA
Genitive: Coronae Australis /
Coronae Austrinae
ഖഗോളരേഖാംശം: 19 h
അവനമനം: -40°
വിസ്തീർണ്ണം: 128 ചതുരശ്ര ഡിഗ്രി.
 (80-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α CrA
 (4.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 177565
 (56 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Beta Corona Austrinids
സമീപമുള്ള
നക്ഷത്രരാശികൾ:
ധനു (Sagittarius)
വൃശ്ചികം (Scorpius)
പീഠം (Ara)
കുഴൽത്തലയൻ (Telescopium)
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ആൽഫ കൊറോണ ഓസ്ട്രാലിസ്, ബീറ്റ കൊറോണ ഓസ്ട്രാലിസ് എന്നിവയാണഅ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ. തെക്കൻ ആകാശത്തിലെ ചരനക്ഷത്രങ്ങൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് എപ്സിലോൺ കൊറോണ ഓസ്‌ട്രാലിസ്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രരൂപീകരണ മേഖലകളിലകളിൽ ഒന്നായ - കൊറോണ ഓസ്‌ട്രാലിസ് മോളിക്യുലർ ക്ലൗഡ് എന്നറിയപ്പെടുന്ന പൊടി നിറഞ്ഞ ഇരുണ്ട നീഹാരിക ദക്ഷിണമകുടത്തിലാണ് ഉള്ളത്. ഭൂമിയിൽ നിന്നും ഏകദേശം 430 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭൂമിക്ക് ഏറ്റവുമടുത്തുള്ള ന്യൂട്രോൺ നക്ഷത്രങ്ങളിലൊന്നായ RX J1856.5-3754 ദക്ഷിണമകുടം രാശിയിലാണ്‌.

നാമകരണം

തിരുത്തുക

1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐ‌എ‌യു) 88 ആധുനിക നക്ഷത്രരാശികൾക്ക് നാമകരണം നടത്തിയപ്പോൾ ഇതിന് "കൊറോണ ഓസ്‌ട്രാലിസ്" എന്ന പേരാണ് നൽകിയത്.[1][2] 1932-ൽ, ഐ‌എ‌യുവിന്റെ നൊട്ടേഷൻ കമ്മീഷൻ നക്ഷത്രരാശികൾക്കായി നാല് അക്ഷരങ്ങളുടെ ചുരുക്കെഴുത്തുകളുടെ ഒരു പട്ടിക അംഗീകരിച്ചപ്പോൾ "കൊറോണ ഓസ്ട്രീന" എന്ന് രേഖപ്പെടുത്തി.[3] ഇത് 1955 ൽ റദ്ദാക്കി. ഇപ്പോൾ കൊറോണ ഓസ്‌ട്രാലിസ് എന്ന പേരാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഉപയോഗിക്കുന്നത്.[4]

സവിശേഷതകൾ

തിരുത്തുക

വടക്ക് ധനു, പടിഞ്ഞാറ് വൃശ്ചികം, തെക്ക് കുഴൽത്തലയൻ, തെക്ക് പടിഞ്ഞാറ് പീഠം എന്നീ നക്ഷത്രരാശികളുടെ ഇടയിലാണാ ദക്ഷിണമകുടം സ്ഥിതി ചെയ്യുന്നത്. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മൂന്ന് അക്ഷരങ്ങളുടെ ചുരുക്കെഴുത്ത് "CrA" ആണ്.[5] 1930 ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് നിശ്ചയിച്ച അതിരുകൾ നാല് വശങ്ങളോടു കൂടിയ ഒരു ബഹുഭുജമാണ്. ഖഗോളരേഖാംശം 17മ. 58.3മി.നും 19മ. 19.0മി.നും ഇടയിലാണ്. അവനമനം −36.77 °, −45.52° എന്നിവക്കും ഇടയിലാണ്.[4] ആകാശത്ത് 128 ചതുരശ്ര ഡിഗ്രി വിസ്തൃതിയിൽ കിടക്കുന്ന ദക്ഷിണ മകുടം നക്ഷത്രരാശികളുടെ വലിപ്പക്രമത്തിൽ 80-ാം സ്ഥാനത്താണ്.[6] വടക്കെ അക്ഷാംശം 53 °ക്ക് തെക്കുള്ളവർക്കു മാത്രമേ ദക്ഷിണമകുടം കാണാൻ കഴിയൂ.[6]

നക്ഷത്രങ്ങൾ

തിരുത്തുക
 

ശോഭയുള്ള ഒരു നക്ഷത്രസമൂഹമല്ലെങ്കിലും കുതിരലാടം പോലെയോ ഓവൽ ആകൃതിയിലോ സങ്കൽപിച്ചെടുക്കാവുന്ന ഇതിന്റെ രൂപം എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.[7][8] കാന്തിമാനം നാലിനെക്കാൾ കൂടുതൽ തിളക്കമുള്ള നക്ഷത്രങ്ങളില്ലെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന 21 നക്ഷത്രങ്ങൾ ഉണ്ട്. കാന്തിമാനം 5.5നേക്കാൾ കൂടുതൽ തിളക്കമുള്ളവയാണ് ഇവ.[9] ലകലൈൽ ഈ രാശിയിലെ പ്രധാനപ്പെട്ട പതിനൊന്നു നക്ഷത്രങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിലെ ആൽഫ മുതൽ ലാംഡ വരെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് പേരു നൽകി. എന്നാൽ രണ്ടു നക്ഷത്രങ്ങൾക്ക് ഈറ്റ എന്ന പേരു നൽകുകയും ലോട്ട എന്ന അക്ഷരം ഒഴിവാക്കുകയുമുണ്ടായി. കാന്തിമാനം 5.21 ഉള്ള മ്യൂ കൊറോണ ഓസ്ട്രാലിസിന് ജൊഹാൻ എലർട്ട് ബോഡ് ആണ് പേര് നൽകിയത്.

ആൽഫ കൊറോണ ഓസ്ട്രാലിസിന് ആൽഫെക്കാ മെറിഡിയാന എന്ന പേരു കൂടിയുണ്ട്. ആൽഫെക്കാ എന്ന അറബി വാക്കും മെറിഡിയാന എന്ന ലാറ്റിൻ വാക്കും ചേർത്താണ് ഈ പേര് നിർമ്മിച്ചിട്ടുള്ളത്. ദക്ഷിണമകുടത്തിൽ ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ചല്ലാതെ സ്വന്തമായി മറ്റൊരു പേരുള്ള ഒരേയൊരു പേരുള്ള നക്ഷത്രം ഇതു മാത്രമാണ്. ഭൂമിയിൽ നിന്ന് 125 പ്രകാശവർഷം അകലെയുള്ള ഒരു വെളുത്ത മുഖ്യധാരാനക്ഷത്രമാണിത്.[7] സ്പെക്ട്രൽ തരം A2Va ആയ ഇതിന്റെ ദൃശ്യകാന്തിമാനം 4.10 ആണ്.[10] അതിവേഗം കറങ്ങുന്ന നക്ഷത്രമാണിത്. അതിന്റെ മധ്യരേഖയിൽ സെക്കൻഡിൽ 200 കിലോമീറ്ററാണ് ഇതിന്റെ വേഗത. ഇത് ഏകദേശം 14 മണിക്കൂറിനുള്ളിൽ ഒരു കറക്കം പൂർത്തിയാക്കുന്നുണ്ട്.[11] വേഗ നക്ഷത്രത്തെപ്പോലെ ഇതിന് ഒരു എക്സസ് ഇൻഫ്രാറെഡ് റേഡിയേഷൻ ഉണ്ട്. ഇത് ഡിസ്കിനു ചുറ്റും പൊടിപടലങ്ങളുടെ ഒരു വലയമുണ്ടാകാനുള്ള സാദ്ധ്യതയെ സൂചിപ്പിക്കുന്നു.[12] സൂര്യന്റെ 2.3 മടങ്ങ് പിണ്ഡമുള്ള ഇതിന്റെ തിളക്കം സൂര്യന്റെ 31 മടങ്ങാണ്.[12] ഭൂമിയിൽ നിന്നും 474 പ്രകാശവർഷം അകലെ കിടക്കുന്ന ബീറ്റ കൊറോണ ഓസ്ട്രാലിസ് ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്.[7] ഇതിന്റെ സ്പെക്ട്രൽ തരം K0IIഉം ദൃശ്യകാന്തിമാനം 4.11ഉം ആണ്.[13] സൂര്യന്റെ 730 മടങ്ങ് തിളക്കമുണ്ട് ഇതിന്.[14] 100 മില്യൻ വർഷം പ്രായമുള്ള ഇതിന്റെ വ്യാസാർദ്ധം സൂര്യന്റേതിനേക്കാൾ 43 മടങ്ങ് കൂടുതലാണ്. സൂര്യന്റെ 5 മടങ്ങോളം വരും ഇതിന്റെ ദ്രവ്യമാനം. നഗ്നനേത്രങ്ങൾ കൊണ്ടു നോക്കിയാൽ ഈ രണ്ടു നക്ഷത്രങ്ങളും ഒരേ പോലെ തന്നെയാണ് നമുക്ക് തോന്നുക.[14]

ഭൂമിയിൽ നിന്നും 58 പ്രകാശവർഷം അകലെ കിടക്കുന്ന ഗാമ കൊറോണ ഓസ്ട്രാലിസ് ഒരു ഇരട്ട നക്ഷത്രമാണ്. മഞ്ഞ കലർന്ന ഈ വെള്ളനക്ഷത്രങ്ങൾ ഒരു പരിക്രമണത്തിനെടുക്കുന്ന സമയം 122 വർഷമാണ്. ഒരു 100മി.മീ. അപ്പർച്ചർ ദൂരദർശിനി ഉപയോഗിച്ച് ഇവയെ വേർതിരിച്ചു കാണാനാവും.[7] 1.3 ആർക്ക്സെക്കന്റ് ആണ് ഇപ്പോൾ ഇവ തമ്മിലുള്ള അകലം.[15] രണ്ടു നക്ഷത്രളും ചേർന്നുള്ള കാന്തിമാനം 4.2 ആണ്.[16] ഈ കുള്ളൻ നക്ഷത്രങ്ങളെ ഓരോന്നിനേയും വേറെ എടുത്താൽ ഓരോന്നിന്റേയും കാന്തിമാനം 5.01 ആണ്.[17][18] ഡബ്ല്യൂ ഉർസാ മെജോറിസ് ചരനക്ഷത്രങ്ങളുടെ ഗണത്തിൽ പെടുന്ന എപ്സിലോൺ കൊറോണ ഓസ്ട്രാലിസ് ഒരു ഗ്രഹണ ദ്വന്ദ്വനക്ഷത്രമാണ്. ഘടക നക്ഷത്രങ്ങൾ പരസ്പരം സ്പർശിക്കുന്നതിനാൽ ഈ നക്ഷത്ര സംവിധാനങ്ങളെ കോൺടാക്റ്റ് ബൈനറികൾ എന്ന് വിളിക്കുന്നു. ഓരോ ഏഴു മണിക്കൂറിലും കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന ഇതിന്റെ ശരാശരി കാന്തിമാനം 4.83 ആണ്. ഭൂമിയിൽ നിന്നും 98 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രവ്യവസ്ഥ സ്ഥിതി ചെയ്യുന്നത്.[19] ഇതിന്റെ സ്പെക്ട്രൽ തരം F4VFe-0.8+ ആണ്.[20] കൊറോണ ആസ്റ്ററിസത്തിന്റെ തെക്കേ അറ്റത്ത് ഈറ്റ1, ഈറ്റ2 എന്നീ നക്ഷത്രങ്ങൾ എന്നിവ ദൃശ്യ ഇരട്ടകളാണ്.[21] കാന്തിമാനം 5.1ഉം 5.5ഉം ഉള്ള ഈ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ കാണാൻ കഴിയും.[22] കാപ്പ കൊറോണ ഓസ്ട്രാലിസ് വളരെ എളുപ്പത്തിൽ തിരിച്ചറിയാനാവുന്ന ദൃശ്യ ഇരട്ടകളാണ്. ഓരോന്നിന്റേയും കാന്തിമാനം 6.3ഉം 6.5ഉം ആണ്.[7] 21.6 കോണീയ സെക്കന്റ് അകലത്തിലാണ് ഇവയെ കാണാനാവുക.[15] കാപ്പ1ന്റെ സ്പെക്ട്രൽ തരം A0IIIഉം കാപ്പ2ന്റെ സ്പെക്ട്രൽ തരം B9Vഉം ആണ്.[23][24] കാപ്പ2 ആണ് യഥാർത്ഥത്തിൽ തിളക്കം കൂടിയ നക്ഷത്രം. ദൂരം കൂടുതൽ ആയതുകൊണ്ടാണ് ഈ നീല കലർന്ന വെള്ള നക്ഷത്രത്തിനെ തിളക്കം കുറഞ്ഞു കാണുന്നത്.[22] 202 പ്രകാശവർഷം അകലെ കിടക്കുന്ന ലാംഡ കൊറോണ ഓസ്ട്രാലിസിനെ ഒരു ചെറിയ ദൂരദർശിനി കൊണ്ടു തന്നെ നമുക്ക് വേർതിരിച്ചു കാണാൻ കഴിയും. പ്രധാന നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം A2Vnഉം കാന്തിമാനം 5.1ഉം ആണ്.[25] സഹനക്ഷത്രത്തിന്റെ കാന്തിമാനം 9.7 ആണ്. ഇവയെ 29.2 കോണീയസെക്കന്റ് അകലത്തിലാണ് കാണാൻ കഴിയുക.[15]

അതിവേഗം ഭ്രമണം ചെയ്യുന്ന ഒരു മുഖ്യധാരാനക്ഷത്രമാണ് സീറ്റ കൊറോണ ഓസ്‌ട്രാലിസ്. ഭൂമിയിൽ നിന്ന് 221.7 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.8 ആണ്.[21] ഇതിന്റെ സ്പെക്ട്രൽ തരം B9V ആണ്.[26] ദക്ഷിണമകുടത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് തീറ്റ കൊറോണ ഓസ്ട്രാലിസ്. കാന്തിമാനം 4.62ഉള്ള ഈ മഞ്ഞ ഭീമന്റെ സ്പെക്ട്രൽ തരം G8III ആണ്.[27] RX J1856.5-3754 ഒരു ന്യൂട്രോൺ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 460 (+or-±130) പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വ്യാസം 14കി.മീറ്റർ മാത്രമാണ്.[28]

വിദൂരാകാശവസ്തുക്കൾ

തിരുത്തുക

രാശിയുടെ വടക്കുഭാഗത്തായാണ് കൊറോണാ ഓസ്ട്രാലിസ് തന്മാത്രാ മേഘം സ്ഥിതി ചെയ്യുന്നത്. എൻ ജി സി 6729, എൻ ജി സി 6726-7, ഐ സി 4812 എന്നീ പ്രതിഫലന നീഹാരികകൾ ഉൾപ്പെടുന്ന ഇരുണ്ട തന്മാത്രാ മേഘമാണിത്.[29] ധാരാളം പ്രാഗ്‌നക്ഷത്രങ്ങളും യുവനക്ഷത്രങ്ങളുമടങ്ങുന്ന ഒരു നക്ഷത്രരൂപീകരണ മേഖലയും ഇതിലുണ്ട്.[29] സൗരയൂഥത്തിനടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രരൂപീകരണമേഖലകളിൽ ഒന്നാണിത്. സൗരയൂഥത്തിൽ നിന്നും 430 പ്രകാശവർഷമാണ് ഇതിലേക്കുള്ള ദൂരം.[30]

ആർ കൊറോണ ഓസ്ട്രാലിസ് ഒരു ക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 9.7നും 13.9നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിന്റെ സ്പെക്ട്രൽ തരം B5IIIpeഉം നിറം നീല കലർന്ന വെള്ളയുമാണ്.[31] വളരെ പ്രായം കുറഞ്ഞ ഈ നക്ഷത്രത്തിൽ നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഇപ്പോഴും പതിച്ചു കൊണ്ടിരിക്കുന്നുണ്ട്.[29] ഈ നക്ഷത്രം അതിനെ വലയം ചെയ്തു കിടക്കുന്ന എൻ ജി സി 6721 എന്ന നെബുലയെ പ്രകാശിപ്പിക്കുകയും നെബുലയുടെ ‌മറവു കാരണം നക്ഷത്രം വ്യക്തമല്ലാതാവുകയും ചെയ്യുന്നു. എസ്‌ കൊറോണ ഓസ്ട്രാലിസ് ടി ടൗരി ചരങ്ങളുടെ വിഭാഗത്തിൽ പെട്ട ഒരു ജി ടൈപ് കുള്ളൻ നക്ഷത്രമാണ്.[21] അടുത്തു തന്നെ കിടക്കുന്ന മറ്റൊരു ചരനക്ഷത്രമാണ് ടി വൈ കൊറോണാ ഓസ്ട്രാലിസ്. ഇതും പ്രായം കുറഞ്ഞ ഒരു ൻക്ഷത്രമാണ്. എൻ ജി സി 6726-7 എന്ന പ്രതിഫലന നെബുലയെ പ്രകാശിപ്പിക്കുന്നത് ഈ നക്ഷത്രമാണ്. ഇതും ഒരു ക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 8.7നും 12.4നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിനനുസരിച്ച് നെബുലയുടെ തിളക്കത്തിലും വ്യത്യാസം വന്നുകൊണ്ടിരിക്കും. ഇതിന്റെ സ്പെക്ട്രൽ തരം B8eയും നിറം വെള്ള കലർന്ന നീലയുമാണ്.[32] മേഖലയിലെ പ്രായം കുറഞ്ഞ ഏറ്റവും വലിയ നക്ഷത്രങ്ങളായ ആർ, എസ്, ടി, ടി വൈ, വി വി കൊറോണ ഓസ്‌ട്രാലിസ് എന്നിവയെല്ലാം വലിയ തോതിൽ വാതകങ്ങൾ പുറന്തള്ളുന്നുണ്ട്. ഇങ്ങനെ പുറംതള്ളുന്ന പൊടിയും വാതകവും ഒന്നിച്ചുചേർന്ന് ഹെർബിഗ്-ഹാരോ പദാർത്ഥമായി മാറുന്നു. അവയിൽ പലതും തിരിച്ചറിഞ്ഞിട്ടുണ്ട്.[33] ഈ രാശിയോട് ചേർന്ന് ധനു രാശിയിൽ കിടക്കുന്ന എൻ ജി സി 6723 ഒരു ഗോളീയ താരവ്യൂഹം ആണ്.

എപ്സിലോൺ കൊറോണ ഓസ്ട്രാലിസിനും ഗാമ കൊറോണ ഓസ്‌ട്രാലിസിനും സമീപത്തുള്ള നക്ഷത്രരൂപീകരണം നടക്കുന്ന ഇരുണ്ട നെബുലയാണ് ബെർണസ് 157. ഇത് സാമാന്യം വലിയൊരു നെബുലയാണ്. 18 കോണീയമിനിട്ട് വ്യാസമുണ്ട് ഇതിന്. കാന്തിമാനം 13 ഉള്ള ഏതാനും നക്ഷത്രങ്ങളും ഇതിനു ചുറ്റുമാിയി കാണാം.[34] ഐ സി 1297 ഒരു ഗ്രഹ നീഹാരിക ആണ്. ഇതിന്റെ കാന്തിമാനം 10.7 ആണ്.[35] ശരാശരി കാന്തിമാനം 12.9 ഉള്ള ആർ യു കൊറോണ ഓസ്ട്രാലിസ് എന്ന വോൾഫ്-റയറ്റ് ചരനക്ഷത്രത്തെ വലയം ചെയ്താണ് ഈ നെബുല സ്ഥിതി ചെയ്യുന്നത്.[36][37] 7 കോണീയ സെക്കന്റ് മാത്രം വ്യാസമുള്ള ഒരു ചെറിയ നെബുലയാണ് ഐ സി 1297.[38]

ഐ സി 1297ന്റെ 35' തെക്കുഭാഗത്തായി എൻ ജി സി 6768നെ കാണാം. ഇതിന്റെ കാന്തിമാനം 11.2 ആണ്. ഭാവിയിൽ സംയോജിച്ച് ഒന്നാകുന്ന ഇവയിൽ ഒന്ന് എലിപ്റ്റിക്കൽ ഗാലക്സിയും മറ്റേത് ലെന്റിക്കുലാർ ഗാലക്സിയുമാണ്.[22][39] ഐ സി 4808 കാന്തിമാനം 12.9 ഉള്ള ഒരു താരാപഥമാണ്. ഇത് ദൂരദർശിനിയുടെ അതിരിനോടു ചേർന്നാണ് കിടക്കുന്നത്. ഒരു അമേച്വർ ടെലസ്കോപ്പ് ഉപയോഗിച്ചു തന്നെ ഇതിന്റെ വർത്തുള ഘടന തിരിച്ചറിയാൻ കഴിയും. ഇതിന്റെ കേന്ദ്രഭാഗം കാണുന്നതിനും ചരിഞ്ഞുള്ള കിടപ്പ് നിരീക്ഷിക്കുന്നതിനും കഴിയും.[40]

തീറ്റയുടെ തെക്കുകിഴക്കും ഈറ്റയുടെ തെക്കുപടിഞ്ഞാറുമായി ഇ എസ്‌ ഒ 281-എസ് സി24 എന്ന തുറന്ന താരവ്യൂഹം[22] കാണാം. തീറ്റ കൊറോണ ഓസ്ട്രാലിസിനും തീറ്റ സ്കോർപ്പിക്കും മദ്ധ്യത്തിലായി എൻ ജി സി 6541 എന്ന തുറന്ന താരാവ്യൂഹവുമുണ്ട്. ഇതിന്റെ കാന്തിമാനം 6.3നും 6.6നും ഇടയിലാണ്.[15] ഇതിനെ ബൈനോക്കുലറോ ചെറിയ‌ ദൂരദർശിനിയോ ഉപയോഗിച്ച് കണ്ടെത്താനാവും. 22000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വ്യാസം 100 പ്രകാശവർഷമാണ്. ഇതിന് ഏകദേശം 1400 കോടി വർഷം പ്രായമുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇതിനെ 13.1 കോണീയ മിനുട്ട് വ്യാസത്തിൽ കാണാനാവും. ഒരു 12 ഇഞ്ച് ദൂരദർശിനി ഉപയോഗിച്ചാൽ ഏകദേശം 100 നക്ഷത്രങ്ങളെ വേർതിരിച്ചു കാണാനാവും. കേന്ദ്രഭാഗത്തുള്ള നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ കൂടുതൽ വലിയ ദൂരദർശിനികൾ ഉപയോഗിക്കേണ്ടി വരും.[41]

ഉൽക്കാവർഷം

തിരുത്തുക

കൊറോണ ഓസ്‌ട്രാലിഡ്സ് എല്ലാ വർഷവും മാർച്ച് 14 നും 18 നും ഇടയിൽ കാണാൻ കഴിയുന്ന ഒരു ഉൽക്കാവർഷമാണ്. ഏറ്റവും കൂടുതൽ ഉൽക്കാവീഴ്ചകൾ കാണുന്നത് മാർച്ച് 16നാണ്.[42] 1953ലും 1956ലും നിരീക്ഷിച്ചത് മണിക്കൂറിൽ പരമാവധി 6 ഉൽക്കകളാണ്. എന്നാൽ 1992-ൽ ജ്യോതിശാസ്ത്രജ്ഞർ മണിക്കൂറിൽ 45 ഉൽക്കകൾ വരെ കണ്ടതായി രേഖപ്പെടുത്തി.[43] കൊറോണ ഓസ്‌ട്രാലിഡ്സ് ഉൽക്കാവീഴ്ചയുടെ നിരക്ക് ഓരോ വർഷവും വ്യത്യസ്തമായാണ് കാണപ്പെടുന്നത്.[44][45] ആറ് ദിവസത്തിന്റെ ദൈർഘ്യം മാത്രമുള്ള ഇതിലെ ഉൽക്കാശിലകൾ താരതമ്യേന ചെറുതുമാണ്.[43] കൊറോണ ഓസ്‌ട്രാലിഡ്സ് ആദ്യമായി നഗ്നനേത്രങ്ങൾ നിരീക്ഷിച്ചത് 1935ലാണ്. 1955ൽ റഡാർ ഉപയോഗിച്ച് ആദ്യമായി നിരീക്ഷിച്ചു.[45] കൊറോണ ഓസ്ട്രാലിഡ്സ് ഉൽക്കകൾക്ക് സെക്കൻഡിൽ 45 കിലോമീറ്റർ വേഗതയുണ്ട്.[46] 2006ൽ, ബീറ്റ കൊറോണ ഓസ്‌ട്രാലിസിനു സമീപം ദൃശ്യമായ ഉൽക്കാവർഷത്തിന് ബീറ്റ കൊറോണ ഓസ്‌ട്രാലിഡ്സ് എന്ന് പേരു നൽകി. മെയ് മാസത്തിലാണ് ഇത് കാണപ്പെടുക.[47]

ചരിത്രം

തിരുത്തുക
 
ദക്ഷിണമകുടം ചിത്രീകരണം

ദക്ഷിണമകുടത്തിന് പുരാതന മെസൊപ്പൊട്ടേമിയക്കാരുടെ മുൽ.ആപിനിൽ മാ.ഗുർ (വൽക്കലം) എന്ന പേരാണ് നൽകിയിരിക്കുന്നത്. ബാബിലോണിയക്കാരുടെ ജലദേവതയായ യുടെ പതിനഞ്ച് നക്ഷത്രങ്ങൾ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നാണിത്.[48]

ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഗ്രീസിൽ ജീവിച്ചിരുന്ന ഡൈഡാക്ടിക് കവിയായിരുന്ന അരാട്ടസ് ദക്ഷിണമകുടത്തെ കുറിച്ച് പേര് പറയാതെ പരാമർശിച്ചിട്ടുണ്ട്.[49] സി.ഇ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ടോളമി 13 നക്ഷത്രങ്ങളെ ചേർത്ത് സ്റ്റെഫാനോസ് നോട്ടിയോസ് (തെക്കൻ പുഷ്പചക്രം) എന്ന പേരാണ് നൽകിയത്.[50] മറ്റ് ചിലർ ഇതിനെ ധനുവുമായോ സെന്റോറസുമായോ ബന്ധപ്പെടുത്തി. ധനുവുമായി ബന്ധപ്പെടുത്തിയവർ ഇതിനെ ധനുവിന്റെ കിരീടം എന്നു വിളിച്ചു.[51] റോമക്കാർ ഇതിനെ ധനുവിന്റെ സ്വർണ്ണക്കിരീടം എന്നാണു വിളിച്ചിരുന്നത്.[52]. അഞ്ചാം നൂറ്റാണ്ടിൽ പാർവം കൊയെലം (ചെറിയ ആകാശം) എന്നും അറിയപ്പെട്ടിരുന്നു.[53] 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജെറോം ലലാന്റെ എന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ സെർട്ടം ഓസ്ട്രാലെ (തെക്കൻ പൂമാല) എന്ന പേരു നൽകി.[51][53] ജർമ്മൻ കവിയായിരുന്ന ഫിലിപ്പ് വോൺ സെസ്സൻ കൊറോള (ചെറിയ കിരീടം) എന്നും സ്പൈറ ഓസ്ട്രാലിസ് (തെക്കൻ ചുരുൾ) എന്നും വിളിച്ചു.

കൊറോണ ഓസ്‌ട്രാലിസിനെ ഗ്രീക്ക് പുരാണത്തിലെ ബാക്കസ്, സ്റ്റിമുല എന്നിവരുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്റ്റിമുലയുമായി പ്രണയത്തിലായ ജൂപ്പിറ്ററിൽ നിന്ന് അവൾ ഗർഭിണിയായി. ഇതിൽ അസൂയ പൂണ്ട ജൂപ്പിറ്ററിന്റെ ഭാര്യയായ ജൂനോ ജൂപ്പിറ്ററിനെ പൂർണ്ണപ്രതാപത്തിൽ കാണാനുള്ള ആഗ്രഹം സ്റ്റിമുലയിൽ വളർത്തിയെടുത്തു. സ്റ്റിമുലയുടെ അതിയായ ആഗ്രഹത്തിന് ജൂപ്പിറ്റർ വഴങ്ങി. മനുഷ്യസ്ത്രീയായ സ്റ്റിമുലസ് ജൂപ്പിറ്ററിന്റെ വിശ്വരൂപത്തിന്റെ തീവ്രതയിൽ എരിഞ്ഞു പോകുകയും ചെയ്തു. സ്റ്റിമുലയുടെ മകനായ ബാക്കസ് വളർന്ന് കൃഷിയുടെയും വീഞ്ഞിന്റെയും ദേവനയപ്പോൾ തന്റെ അമ്മയോടുള്ള ആദരവിന്റെ ഭാഗമായി ആകാശത്ത് ഒരു പുഷ്പചക്രം പ്രദിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.[54]

ചൈനീസ് ജ്യോതിഃശാസ്ത്രത്തിലെ നാലു സിംബലുകളിലൊന്നായ വടക്കിന്റെ കറുത്ത ആമ (北方玄武, Běi Fāng Xuán Wǔ) എന്ന സിംബലിലാണ് ദക്ഷിണമകുടത്തിലെ നക്ഷത്രങ്ങൾ വരുന്നത്.[55] പടിഞ്ഞാറൻ ഷൗ കാലഘട്ടത്തിൽ ഇതിനെ ടിയെൻ പീ (സ്വർഗ്ഗീയ ആമ) എന്നും അറിയപ്പെട്ടിരുന്നു. അറബിയിൽ അൽ കുബ്ബാ (ആമ), അൽ ഹിബാ (കൂടാരം), അൽ ഉധാ അൽ നാ്ആം (ഒച്ചിന്റെ കൂട്) എന്നീ പേരുകൾ ഉപയോഗിച്ചിരുന്നു.[51][53]

  1. Proceedings of the 1st General Assembly. Transactions of the International Astronomical Union. Vol. 1. Rome. 1922. p. 158.
  2. Ridpath, Ian. "IAU constellation list 1". Retrieved 2017-01-06.
  3. Schlesinger, F.; Schilt, J. (1932). Meetings of Commissions. Commission 3. (Notations.). Transactions of the International Astronomical Union. Vol. 4. Cambridge. pp. 221–222. doi:10.1017/S0251107X00016631.
  4. 4.0 4.1 IAU, The Constellations, Corona Australis.
  5. Russell 1922, പുറം. 469.
  6. 6.0 6.1 Ridpath, Constellations.
  7. 7.0 7.1 7.2 7.3 7.4 Ridpath & Tirion 2017, പുറങ്ങൾ. 126–127.
  8. Falkner 2011 p100.
  9. Bakich 1995, പുറം. 130.
  10. SIMBAD Alpha Coronae Australis.
  11. Royer, Zorec & Gómez 2007, പുറം. 463.
  12. 12.0 12.1 Kaler, Alfecca Meridiana.
  13. SIMBAD Beta Coronae Australis.
  14. 14.0 14.1 Kaler, Beta Coronae Australis.
  15. 15.0 15.1 15.2 15.3 Moore & Rees 2011, പുറം. 413.
  16. SIMBAD LTT 7565.
  17. SIMBAD HR 7226.
  18. SIMBAD HR 7227.
  19. Kaler, Epsilon Coronae Australis.
  20. SIMBAD Epsilon Coronae Australis.
  21. 21.0 21.1 21.2 Motz & Nathanson 1991, പുറങ്ങൾ. 254–255.
  22. 22.0 22.1 22.2 22.3 Streicher 2008, പുറങ്ങൾ. 135–139.
  23. SIMBAD HR 6952.
  24. SIMBAD HR 6953.
  25. SIMBAD Lambda Coronae Australis.
  26. SIMBAD Zeta Coronae Australis.
  27. SIMBAD Theta Coronae Australis.
  28. Ho Wynn C. G. et al. 2007.
  29. 29.0 29.1 29.2 Malin 2010.
  30. Reipurth 2008, പുറം. 735.
  31. SIMBAD R Coronae Australis.
  32. SIMBAD TY Coronae Australis.
  33. Wang et al. 2004.
  34. Bakich 2010, പുറം. 266.
  35. Griffiths 2012 p132.
  36. Moore, Data Book 2000, പുറങ്ങൾ. 367–368.
  37. SIMBAD RU Coronae Australis.
  38. Bakich 2010, പുറം. 270.
  39. NASA/IPAC NGC 6768.
  40. Bakich Podcast & 18 August 2011.
  41. Bakich Podcast & 5 July 2012.
  42. Sherrod Koed 2003 p50.
  43. 43.0 43.1 Rogers & Keay 1993, പുറം. 274.
  44. Weiss 1957, പുറം. 302.
  45. 45.0 45.1 Ellyett & Keay 1956, പുറം. 479.
  46. Jenniskens 1994, പുറം. 1007.
  47. Jopek et al. 2010, പുറം. 871–872.
  48. Rogers 1998, പുറം. 19.
  49. Bakich 1995, പുറം. 83.
  50. Malin Frew 1995 p218.
  51. 51.0 51.1 51.2 Allen 1963, പുറങ്ങൾ. 172–174.
  52. Simpson 2012, പുറം. 148.
  53. 53.0 53.1 53.2 Motz & Nathanson 1988, പുറം. 254.
  54. Staal 1988, പുറങ്ങൾ. 232–233.
  55. AEEA 2006.


"https://ml.wikipedia.org/w/index.php?title=ദക്ഷിണമകുടം&oldid=3542045" എന്ന താളിൽനിന്ന് ശേഖരിച്ചത്