സൗരയൂഥം

സൂര്യനും അതിന്റെ ഗ്രഹങ്ങളും മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹം

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു

സൗരയൂഥത്തിലെ ഗ്രഹങ്ങളും കുള്ളൻ ഗ്രഹങ്ങളും - വലിപ്പത്തിന്റെ അനുപാതത്തിൽ.

ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌.

സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും , 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാമേഘത്തിൽ (molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെ ഭൂസമാന ഗ്രഹങ്ങൾ (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രഹങ്ങളെ വാതകഭീമന്മാർ (gas giants) എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ പിണ്ഡം വളരെയധികം കൂടിയവയാണ്. ഏറ്റവും വലിപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള യുറാനസ്, നെപ്‌ട്യൂൺ എന്നിവയിൽ ജലം, അമോണിയ, മീഥെയ്ൻ എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ (ice giants) എന്നും വിളിക്കുന്നു.


സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വയ്ക്കും,വ്യാഴത്തിനും ഇടയിൽ കിടക്കുന്ന ഛിന്നഗ്രഹവലയം ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. പാറകളും ലോഹങ്ങളും തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള കൈപ്പർ വലയം എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥെയ്ൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. സെറസ്, പ്ലൂട്ടോ, ഹൗമിയ, മെയ്ക് മെയ്ക്, ഈറിസ് എന്നീ കുള്ളൻഗ്രഹങ്ങൾ ഈ മേഖലയിലാണുള്ളത്. സ്വന്തം ഗുരുത്വബലത്താൽ ഗോളാകാരം കൈക്കൊണ്ടവയാണിവ. വാൽനക്ഷത്രങ്ങൾ, ഗ്രഹാന്തരീയ ധൂളികൾ, ഉപഗ്രഹങ്ങൾ, ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.

സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതം എന്നു പറയുന്നു. ഇത് നക്ഷത്രാന്തരീയ മാധ്യമത്തിൽ(inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് ഹീലിയോസ്ഫിയർ എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള ഒർട്ട് മേഘം എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല വാൽനക്ഷത്രങ്ങൾ വരുന്നത്.

കണ്ടെത്തലുകൾ

തിരുത്തുക

പണ്ടുകാലത്ത് സൗരയൂഥത്തിന്റെ ഘടനയെ കുറിച്ച് ജനങ്ങൾക്ക് ശരിയായ അറിവ് ഉണ്ടായിരുന്നില്ല. ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും ആകാശവും അതിലെ വസ്തുക്കളും ഭൂമിയെ ചുറ്റി സഞ്ചരിക്കുകയാണെന്നുമാണ് അന്ന് കരുതിയിരുന്നത്. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റാർക്കസ് ആണ് ആദ്യമായി സൗരകേന്ദ്ര പ്രപഞ്ച സിദ്ധാന്തം അവതരിപ്പിക്കുന്നത്[1] . നിക്കോളാസ് കോപ്പർനിക്കസ് ഇതിന് ഗണിതീയ വിശദീകരണം നൽകി[2]. ഗലീലിയോ ഗലീലി, ജോഹന്നസ് കെപ്ലർ, ഐസക് ന്യൂട്ടൺ എന്നിവർ ഇത് വിപുലീകരിച്ചു. മറ്റു ഗ്രഹങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ തന്നെയാണ് ഭൂമിക്കും ബാധകമായിട്ടുള്ളത് എന്ന് ഭൗതികശാസ്ത്രസിദ്ധാന്തങ്ങൾ ഉപയോഗിച്ച് ഇവർ വിശദീകരിച്ചു. ദൂരദർശിനിയുടെ കണ്ടുപിടിത്തം കൂടുതൽ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കണ്ടെത്തുന്നതിലേക്ക് നയിച്ചു. ആധുനിക ദൂരദർശിനികളും ബഹിരാകാശപേടകങ്ങളും വന്നതോടെ ഗ്രഹങ്ങളുടെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിച്ചു തുടങ്ങി.

 
 
The orbits of the bodies in the Solar System to scale (clockwise from top left)

സൂര്യൻ ഒരു മുഖ്യധാരാ നക്ഷത്രം ആണ്. സൗരയൂഥത്തിലെ 99.86% ദ്രവ്യവും സൂര്യനിലാണ് അടങ്ങിയിരിക്കുന്നത്[3]. ബാക്കിവരുന്ന ദ്രവ്യത്തിന്റെ 99 ശതമാനവും വാതകഭീമന്മാർ എന്നറിയപ്പെടുന്ന നാലു ഗ്രഹങ്ങളിലാണുള്ളത്. ഇതിലെ 99 ശതമാനവും ശനിയിലും വ്യാഴത്തിലും അടങ്ങിയിരിക്കുന്നു.

സൗരയൂഥത്തെ പ്രധാനമായി മൂന്നു ഭാഗങ്ങളായി തിരിക്കാം. ഭൂസമാനഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അടങ്ങിയ ഭാഗത്തെ ആന്തര സൗരയൂഥം എന്നു പറയുന്നു. ഛിന്നഗ്രഹവലയത്തിനു പുറത്തും ഹിമപദാർത്ഥങ്ങളടങ്ങിയ കൂയിപ്പർ ബെൽറ്റിനകത്തുമായി കിടക്കുന്ന നാലു വാതക ഭീമന്മാരടക്കമുള്ള ഭാഗത്തെ ബാഹ്യ സൗരയൂഥം[4] എന്നും നെപ്ട്യൂണിനും പുറത്തുള്ള കൂയിപ്പർ ബെൽറ്റ് അടക്കമുള്ള ഭാഗത്തെ അതിബാഹ്യ സൗരയൂഥം എന്നും വിളിക്കുന്നു[5].

കെപ്ലറുടെ ഗ്രഹചലന നിയമങ്ങൾ ഗ്രഹങ്ങളുടെ ഭ്രമണത്തെ വിശദീകരിക്കുന്നവയാണ്. ഒന്നാമത്തെ നിയമം എല്ലാ ഗ്രഹങ്ങളും സൂര്യനു ചുറ്റും ദീർഘവൃത്ത പാതയിൽ സഞ്ചരിക്കുന്നു എന്നും ഇതിന്റെ ഒരു ഫോക്കസ്സിലായിരിക്കും സൂര്യന്റെ സ്ഥാനം എന്നും പറയുന്നു. രണ്ടാമത്തെ നിയമമനുസരിച്ച് ഗ്രഹങ്ങൾ സൂര്യനോടടുത്തു വരുമ്പോൾ വേഗത കൂടുകയും അകലുമ്പോൾ വേഗത കുറയുകയും ചെയ്യും. ഗ്രഹങ്ങൾ സൂര്യനെ ചുറ്റാനെടുക്കുന്ന ആവർത്തനകാലത്തിന്റെ വർഗ്ഗവും സൂര്യനിൽ നിന്നുള്ള ശരാശരി ദൂരത്തിന്റെ മൂന്നാം ഘാതവും നേർ അനുപാതത്തിലായിരിക്കും എന്ന് മൂന്നാം നിയമം അനുശാസിക്കുന്നു. ഒരു ഗ്രഹം അതിന്റെ ഭ്രമണവേളയിൽ സൂര്യനോടടുത്തു വരുന്ന ഭാഗത്തെ സൂര്യസമീപസ്ഥം(perihelion) എന്നും ഏറ്റവും അകലെയായിരിക്കുന്ന ഭാഗത്തെ സൂര്യവിദൂരസ്ഥം(aphelion) എന്നും പറയുന്നു. ഗ്രഹങ്ങൾക്ക് പൂർണ്ണവൃത്തത്തോടടുത്ത രൂപമാണുള്ളതെങ്കിൽ വാൽനക്ഷത്രങ്ങളും കൂയിപ്പർ ബെൽറ്റ് പദാർത്ഥങ്ങളും അതിദീർഘവൃത്തപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ഗ്രഹങ്ങളെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹവ്യവസ്ഥയും ഇതിനുള്ളിൽ നിലനിൽക്കുന്നുണ്ട്. രണ്ട് ഉപഗ്രഹങ്ങൾ ബുധനെക്കാൾ വലിയവയുമാണ്. ഭൂരിഭാഗം ഉപഗ്രഹങ്ങളും അവയുടെ ഗ്രഹങ്ങളുമായി ഏകകാലിക ഭ്രമണം നിലനിർത്തുന്നവയാണ്. അതായത് അവയുടെ ഒരു മുഖം മാത്രമായിരിക്കും എപ്പോഴും അവയുടെ മാതൃഗ്രഹത്തിന് അഭിമുഖമായിരിക്കുക.

ഘടകങ്ങൾ

തിരുത്തുക

സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ദ്രവ്യമടങ്ങിയിരിക്കുന്ന സൂര്യനിൽ 98% ഹൈഡ്രജനും ഹീലിയവും അടങ്ങിയിരിക്കുന്നു[6]. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളിലും പ്രധാന ഘടകങ്ങൾ ഇവ തന്നെയാണ്. സൗരയൂഥ രൂപീകരണവേളയിൽ സൂര്യനിൽ നിന്നുണ്ടായ വികിരണങ്ങളുടെ തള്ളലേറ്റ് ദൂരേക്ക് തെറിച്ച് പോയവയാണ് ഹൈഡ്രജനും ഹീലിയവും പോലെയുള്ള ഭാരം കുറഞ്ഞ പദാർത്ഥങ്ങൾ. അതുകൊണ്ട് ബാഹ്യസൗരയൂഥ വസ്തുക്കളിൽ ഇവ പ്രധാന ഘടകങ്ങളായി

ആന്തര സൗരയൂഥ ഗ്രഹങ്ങളിൽ സിലിക്കേറ്റ് പോലെയുള്ള പദാർത്ഥങ്ങളടങ്ങിയ ശിലകളാണ് പ്രധാന ഘടകങ്ങൾ. ഭാരം കൂടിയ പദാർത്ഥങ്ങളെ വളരെ ദൂരേക്ക് തെറിപ്പിക്കാൻ സൗരവികിരണങ്ങൾക്ക് സാധിക്കാത്തതു കൊണ്ടാണ് ആന്തരഗ്രഹങ്ങളിൽ ഇവയുടെ അളവ് കൂടിയത്.

 
ശുക്രസംതരണം

സൗരയൂഥത്തിന്റെ മാതൃനക്ഷത്രമാണ് സൂര്യൻ. G2 മഞ്ഞക്കുള്ളൻ വിഭാഗത്തിൽ വരുന്ന ഒരു മുഖ്യധാരാ നക്ഷത്രമാണ് സൂര്യൻ. 3,32,900 ഭൂപിണ്ഡത്തിനു തുല്യമാണ് സൂര്യന്റെ ദ്രവ്യമാനം[7]. അണുസംയോജനം മൂലമുണ്ടാകുന്ന ഊർജ്ജം വിദ്യുത് കാന്തിക തരംഗങ്ങളുടെ രൂപത്തിൽ പുറത്തേക്ക് പ്രക്ഷേപിക്കുന്നു[8].

ഇപ്പോഴും പ്രകാശം വർദ്ധിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുടെ ഗണത്തിലാണ് സൂര്യൻ ഉൾപ്പെടുന്നത്. സൂര്യൻ ഒരു ഒന്നാം തലമുറ നക്ഷത്രമാണ്. പ്രപഞ്ച പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ രൂപം കൊണ്ട നക്ഷത്രമല്ല സൂര്യൻ എന്നർത്ഥം. ഹൈഡ്രജൻ, ഹീലിയം എന്നിവയെക്കാൾ ഭാരം കൂടിയ മൂലകങ്ങൾ അകക്കാമ്പിൽ ഉണ്ട്. പ്രപഞ്ചോത്ഭവത്തിൽ രൂപം കൊണ്ട രണ്ടാം തലമുറ നക്ഷത്രങ്ങൾ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളിൽ ഇത്തരം മൂലകങ്ങൾ കാണില്ല.

ഗ്രഹാന്തരമാധ്യമം

തിരുത്തുക
 
സൂര്യന്റെ പ്ലാസ്മയിൽ രൂപപ്പെടുന്ന കാന്തികക്ഷേത്രം ഭ്രമണം ചെയ്ത് ഗ്രഹാന്തരമാധ്യമത്തിൽ വ്യാപിക്കുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന ഹീലിയോസ്ഫെറിക്ക് കറന്റ് ഷീറ്റ് സൗരയൂഥത്തിന്റെ അതിർത്തിവരെ എത്തുന്നു.


സൂര്യനിൽ നിന്ന് പ്രകാശത്തോടൊപ്പം ചാർജ്ജിത കണങ്ങളും (പ്ലാസ്മ) വികിരണം ചെയ്യപ്പെടുന്നുണ്ട്. ഇത് സൗരവാതം എന്നറിയപ്പെടുന്നു. ഇത് മണിക്കൂറിൽ 1.5 മില്യൻ കിലോമീറ്റർ വേഗതയിലാണ് സൂര്യനിൽ നിന്ന് പുറത്തേക്ക് പരന്നു കൊണ്ടിരിക്കുന്നത്[9]. ഇത് സൂര്യനിൽ നിന്ന് 100AU ദൂരം വരെ പരന്നു കിടക്കുന്ന വളരെ ദുർബ്ബലമായ ഒരു അന്തരീക്ഷം(ഹീലിയോസ്ഫിയർ) സൃഷ്ടിക്കുന്നു[10]. ഇതിനെയാണ് ഗ്രഹാന്തര മാധ്യമം(inter planetary medium) എന്നു പറയുന്നത്. സൗരോപരിതലത്തിലെ സൗര ജ്വാല(solar flare) പോലുള്ള പ്രവർത്തനങ്ങൾ ഹീലിയോസ്ഫിയറിൽ ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയും കാന്തിക വാതങ്ങൾ(geomagnetic storms) ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു[11]. ഗ്രഹാന്തരമാധ്യമത്തിനുള്ളിൽ സൗരകാന്തിക മണ്ഡലത്തിന്റെ കറങ്ങൽ മൂലമുണ്ടാകുന്ന ഹീലിയോസ്ഫിയറിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ഹീലിയോസ്ഫെറിക് കറന്റ് ഷീറ്റ്[12][13].

ഭൂമിയുടെ കാന്തിക മണ്ഡലം സൗരവാതത്തെ അതിന്റെ അന്തരീക്ഷത്തിൽ കടക്കാതെ തടയുന്നു. ശുക്രനും ചൊവ്വക്കും കാന്തിക മണ്ഡലം ഇല്ലാത്തതു കൊണ്ട് സൗരവാതം അവയുടെ അന്തരീക്ഷത്തിൽ കടക്കുകയും അന്തരീക്ഷ പദാർത്ഥങ്ങളെ ബഹിരാകാശത്തേക്ക് തള്ളിവിടുകയും ചെയ്യുന്നു[14]. ഇതാണ് ഈ ഗ്രഹങ്ങൾക്ക് അന്തരീക്ഷം ഇല്ലാതായതിന്റെ കാരണം. സൗരവാതം ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പദാർത്ഥങ്ങളുമായി പ്രതിപ്രവർത്തിച്ച് ധ്രുവദീപ്തിക്ക് കാരണമാകുന്നു. നക്ഷത്രാന്തരീയ മാധ്യമത്തിലെ കോസ്മിക് വികിരണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നത് സൗരവാതമാണ്.

ആന്തരസൗരയൂഥം

തിരുത്തുക

ഭൂസമാനഗ്രഹങ്ങളെയും ഛിന്നഗ്രഹ വലയത്തെയും ചേർത്ത് പറയുന്ന പേരാണ് ആന്തരസൗരയൂഥം എന്നത്[15]. ഇവയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഭാരം കൂടിയ ലോഹമൂലകങ്ങളാണ്. ആന്തരസൗരയൂഥം താരതമ്യേന സൂര്യനോടടുത്ത് കിടക്കുന്നു. വ്യാഴത്തിന്റെയും ശനിയുടെയും ഭ്രമണപഥങ്ങൾ തമ്മിലുള്ളതിനേക്കാൾ ദൈർഘ്യം കുറവാണ് ഈ മേഖലയുടെ ആരത്തിന്.

ആന്തരഗ്രഹങ്ങൾ

തിരുത്തുക
 
ആന്തരഗ്രഹങ്ങൾ. ഇടത്തു നിന്ന് വലത്തോട്ട്: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങളാണ് ആന്തരസൗരയൂഥ വ്യവസ്ഥയിലുള്ളത്. ഇവക്ക് ശിലാഘടനയാണുള്ളത്. വലയങ്ങളില്ലാത്തവയും വളരെ ചുരുങ്ങിയ ഉപഗ്രഹങ്ങളുള്ളവയും ഉപഗ്രഹങ്ങൾ ഇല്ലാത്തവയും ആണ് ഈ കൂട്ടത്തിലുള്ളവ. ലോഹമൂലകങ്ങളാണ് ഇവയിൽ കൂടുതലായി കാണപ്പെടുന്നത്. ക്രസ്റ്റ്, മന്റിൽ, എന്നിവയിൽ പ്രധാനമായും സിലിക്കേറ്റുകളാണ് അടങ്ങിയിരിക്കുന്നത്. കോറിൽ ഇരുമ്പ്, നിക്കൽ തുടങ്ങിയവയും. ശുക്രൻ, ഭൂമി, ചൊവ്വ എന്നിവക്ക് അന്തരീക്ഷമുണ്ട്. ഇത് ഇവയുടെ കാലവസ്ഥയെ നിയന്ത്രിക്കുന്നു. ഇവയുടെ ഉപരിതലത്തിൽ ആഘാത ഗർത്തങ്ങളും (impact crater) ഫലകചലനങ്ങളുടെ ഫലമായുണ്ടായ പർവ്വതങ്ങളും ചാലുകളും അഗ്നിപർവ്വതങ്ങളും കാണാം.

ബുധൻ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ്. 0.4 ജ്യോതിർമാത്രയാണ് (AU) സൂര്യനും ബുധനും തമ്മിലുള്ള ദൂരം. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും ഇതു തന്നെയാണ്. 0.055 ഭൂപിണ്ഡം മാത്രമാണ് ഇതിന്റെ പിണ്ഡം. ബുധന് സ്വന്തമായി ഉപഗ്രഹമില്ല. ആഘാത ഗർത്തങ്ങളും (impact crater) ഉയർന്നു നിൽക്കുന്ന വരമ്പുകളും ബുധനിൽ കാണാം[16]. ബുധന് പറയാൻ മാത്രമുള്ള ഒരന്തരീക്ഷമില്ല. സൗരവാതം ഇതിന്റെ അന്തരീക്ഷത്തെ അടിച്ചു തെറിപ്പിച്ചിരിക്കുന്നു[17]. ഇരുമ്പിന്റെ കോർ ആണ് ഇതിനുള്ളത്.

സൂര്യനിൽ നിന്ന് 0.7 ജ്യോതിർമാത്ര (AU) അകലെ കിടക്കുന്ന ഗ്രഹമാണ് ശുക്രൻ. ഏകദേശം ഭൂമിയുടെ വലിപ്പമുണ്ട് (0.815 ഭൂപിണ്ഡം) ഇതിന്. കട്ടികൂടിയ സിലിക്കേറ്റ് ഭൂവൽകവും (Mantle).ഇരുമ്പുകൊണ്ടുള്ള അകക്കാമ്പും (Core) ഇതിനുണ്ട്. ശുക്രന് പ്രകൃതിദത്തമായ ഉപഗ്രഹം ഇല്ല . ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. ഏകദേശം 400 ഡിഗ്രി സെന്റി ഗ്രേഡാണ് ഇതിന്റെ ഉപരിതല താപനില. അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളും ഇതിനു കാരണമാവുന്നു[18].

സൂര്യനിൽ നിന്ന് ഒരു ജ്യോതിർമാത്ര അകലെ കിടക്കുന്ന ഭൂമിയാണ് ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലുതും ഏറ്റവും സാന്ദ്രത കൂടിയതും. അറിയപ്പെട്ടിടത്തോളം സൗരയൂഥത്തിലെ ജീവനുള്ള ഏകഗ്രഹവും ഭൂമിയാണ്[19]. ദ്രവരൂപത്തിലുള്ള ജലമണ്ഡലവും (Hydrosphere) ഫലകചലനങ്ങളും (Plate Tectonics) ഭൂമിയുടെ പ്രത്യേകതയാണ്. മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി 21% സ്വതന്ത്ര ഓക്സിജൻ അടങ്ങിയ അന്തരീക്ഷം ഭൂമിക്കുണ്ട്[20]. ഇത് ജീവന്റെ നിലനില്പിനെ സഹായിക്കുന്നു. ഭൂമിക്ക് ഒരു പ്രകൃതിദത്ത ഉപഗ്രവും ഉണ്ട്. ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലിയ ഉപഗ്രവും ഭൂമിയുടെ ചന്ദ്രൻ തന്നെയാണ്.

സൂര്യനിൽ നിന്നും 1.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന ചൊവ്വ ഭൂമിയെക്കാളും ശുക്രനെക്കാളും ചെറുതാണ് (0.107 ഭൂപിണ്ഡം). പ്രധാനമായും കാർബ്ബൺ ഡൈ ഓക്സൈഡ് അടങ്ങിയ ഒരന്തരീക്ഷം ചൊവ്വക്കുണ്ട്. 6.1 മില്ലി ബാർ ആണ് ചൊവ്വയുടെ അന്തരീക്ഷ മർദ്ദം (ഭൂമിയുടെ 0.6%)[21]. ഇതിന്റെ ഉപരിതലത്തിൽ കാണുന്ന ഒളിമ്പസ് മോൺസ് പോലെയുള്ള വലിയ അഗ്നിപർവ്വതങ്ങളും മാരിനെറീസ് ഗർത്തം (Valles Marineris) പോലുള്ള വിള്ളൽ ഗർത്തങ്ങളും ചൊവ്വയിലും ഫലകചലനങ്ങൾ ഉണ്ട് എന്നതിനു തെളിവാണ്[22]. ചൊവ്വയുടെ മണ്ണിലുള്ള ഇരുമ്പ് ഓക്സൈഡ് ഇതിന് ചുവപ്പു നിറം നൽകുന്നു. ഛിന്ന ഗ്രഹങ്ങളിൽ നിന്നും പിടിച്ചെടുത്ത ഡീമോസ്, ഫോബോസ് എന്നീ രണ്ടു ചെറിയ ഉപഗ്രഹങ്ങളും ചൊവ്വക്കുണ്ട്[23].

ഛിന്നഗ്രഹ വലയം

തിരുത്തുക
 
പ്രധാന ഛിന്നഗ്രഹ വലയം (വെള്ള നിറത്തിൽ കാണിച്ചിരിക്കുന്നു) ചൊവ്വയുടേയും വ്യാഴത്തിന്റേയും പരിക്രമണ പഥങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

സൗരയൂഥത്തിലെ താരതമ്യേന ചെറിയ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ലോഹ മൂലകങ്ങൾ അടങ്ങിയ പാറകളും മഞ്ഞുമാണ് ഇവയിലെ പ്രധാന ഘടകങ്ങൾ[24]. ചൊവ്വക്കും വ്യാഴത്തിനുമിടയിലായി സൂര്യനിൽ നിന്ന് 2.3-3.3 ജ്യോതിർമാത്രക്കുള്ളിൽ ഇവ സ്ഥിതി ചെയ്യുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണം കാരണം ഒന്നായി ചേർന്ന് ഗ്രഹമാകാനാകാതെ പോയ സൗരയൂഥ പദാർത്ഥങ്ങളാണിവ[25]

ഈ വലയത്തിന്റെ മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ് (Ceres), 4 വെസ്റ്റ (4 Vesta), 2 പാളസ് (2 Pallas), 10 ഹൈഗീയ (10 Hygiea) എന്നീ അംഗങ്ങളുടെ ഭാഗമാണ്. ഈ നാലെണ്ണത്തിനും 400 കിലോമീറ്ററിൽ കുറയാത്ത വ്യാസമുണ്ട്, അതിൽ തന്നെ ഛിന്നഗ്രഹ വലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹമായ സീറീസിന് ഏതാണ്ട് 950 കിലോമീറ്റർ വ്യാസമുണ്ട്[26][27][28][29]. ഇതിൽ താഴോട്ട് വലിപ്പം കുറഞ്ഞ് പൊടിപടലങ്ങൾ വരെ ഈ മേഖലയിലുണ്ട്. ഈ ഛിന്നഗ്രഹ പദാർത്ഥങ്ങളെല്ലാം നേർത്തരീതിയിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്, ഏതാനും ബഹിരാകാശപേടകങ്ങൾ കേടുപാടുകൾ കൂടാതെ ഈ മേഖല കടന്ന് സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും ഇവയ്ക്കിടയിലെ വലിയ അംഗങ്ങൾ തമ്മിൽ കൂട്ടിയിടികൾ നടക്കാറുണ്ട്, തൽഫലമായി സമാന പരിക്രമണ സ്വഭാവങ്ങളും ഘടനകളുമുള്ള ഒരു ഛിന്നഗ്രഹ കുടുംബം രൂപം കൊള്ളും. കൂട്ടിയിടികൾ ഫലമായി നേർത്ത ധൂളികളും രൂപം കൊള്ളാറുണ്ട്, രാശി പ്രഭ (zodiacal light) ഉണ്ടാവാൻ ഈ ധൂളികളും കാരണക്കാരാണ്. വലയത്തിലെ ഓരോ ഛിന്നഗ്രഹത്തേയും അവയുടെ വർണ്ണരാജിയനുസരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്, അവയിൽ ഭൂരിഭാഗത്തേയും മൂന്ന് തരമായി തിരിക്കാം: കാർബണീകം (carbonaceous, C-type), സിലിക്കേറ്റ് (S-type), ലോഹസമ്പുഷ്ടം (M-type) എന്നിവയാണവ.

സൂര്യനിൽ നിന്ന് 2.77 ജ്യോതിർമാത്ര(AU) അകലെ കിടക്കുന്ന സീറീസ് ഏറ്റവും വലിയ ഛിന്നഗ്രഹവും ഒരു കുള്ളൻ ഗ്രഹവും ആണ്. 1000 കി.മീറ്ററിൽ താഴെ മാത്രമാണ് ഇതിന്റെ വ്യാസം. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇതിനെ കണ്ടെത്തിയപ്പോൾ ഒരു ഗ്രഹമായാണ് പരിഗണിച്ചത്. കൂടുതൽ നിരീക്ഷണങ്ങൾക്കു ശേഷം 1850ൽ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിൽ പെടുത്തി[30]. 2006ൽ കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ബാഹ്യസൗരയൂഥം

തിരുത്തുക

ബാഹ്യസൗരയൂഥത്തിൽ നാല് വാതകഭീമന്മാരും അവയുടെ ഉപഗ്രഹങ്ങളുമാണ് ഉള്ളത്. ചെറിയ ഭ്രമണകാലമുള്ള വാൽനക്ഷത്രങ്ങളും സെന്റോറുകളും ഈ ഭാഗത്തുണ്ട്. ജലവും അമോണിയയും മീഥെയ്നുമെല്ലാം വാതകാവസ്ഥയിലാണ് ഇവിടെ കാണുന്നത്.

ബാഹ്യ ഗ്രഹങ്ങൾ

തിരുത്തുക
 
മുകളിൽ നിന്ന് താഴേക്ക്: നെപ്ട്യൂൺ, യുറാനസ്, ശനി, വ്യാഴം

വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ വാതകഭീമന്മാരാണ് ബാഹ്യഗ്രഹങ്ങൾ. ഇവയെ ജ്യോവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കാറുണ്ട്. സൂര്യനൊഴികെയുള്ള സൗരയൂഥത്തിന്റെ 99% ദ്രവ്യവും ഇവയിലാണുള്ളത്. വ്യാഴം, ശനി എന്നിവയിൽ പ്രധാനമായും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതങ്ങളാണുള്ളത്. യുറാനസ്, നെപ്ട്യൂൺ എന്നിവ മഞ്ഞു മൂടിയ ഗ്രഹങ്ങളാണ്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ എന്നു വിളിക്കാറുണ്ട്[31]. ബാഹ്യഗ്രഹങ്ങൾക്കെല്ലാം തന്നെ വലയങ്ങളുണ്ട്. ശനിയുടെ വലയം ഭൂമിയിൽ നിന്നു തന്നെ കാണാൻ കഴിയും.

സൂര്യനിൽ നിന്ന് 5.2 ജ്യോതിർമാത്ര അകലെ കിടക്കുന്ന വ്യാഴത്തിന് 318 ഭൂപിണ്ഡമാണുള്ളത്. സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെയെല്ലാം കൂടിയുള്ള പിണ്ഡത്തിനെക്കാൾ 2.5 മടങ്ങാണിത്. ഇതിലെ പ്രധാന ഘടകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്. സ്വയം താപം ഉല്പാദിപ്പിക്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തിലെ ഭീമൻപൊട്ടിനുള്ള (Great Red Spot) കാരണം ഇതാണ്.

വ്യാഴത്തിന് 63 അറിയപ്പെടുന്ന ഉപഗ്രഹങ്ങളുണ്ട്. വലിയ ഉപഗ്രഹങ്ങളാ‍യ ഗാനിമീഡ്, കാലിസ്റ്റോ, അയൊ, യൂറോപ്പ എന്നിവക്ക് ഭൂസമാന ഗ്രഹങ്ങളുടെ സവിശേഷതകളാണുള്ളത്[32]. ഗാനിമീഡ് സൌരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്. ബുധനെക്കാൾ വലുത്.

സൂര്യനിൽ നിന്ന് 9.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന ശനിയെ മറ്റു ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതിനെ ചുറ്റിക്കിടക്കുന്ന വലിയ വലയമാണ്. അന്തരീക്ഷ ഘടനയും കാന്തിക മണ്ഡലവും വ്യാഴത്തിനോടു സമാനമാണ്. വ്യാഴത്തിന്റെ 60% വ്യാപ്തമാണ് ശനിക്കുള്ളത്. ഭൂപിണ്ഡത്തിന്റെ 95 മടങ്ങ് പിണ്ഡവും ഇതിനുണ്ട്. സൌരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹവും ശനിയാണ്[33] . ശനിയുടെ വലയത്തിൽ ചെറിയ മഞ്ഞു കട്ടകളും ശിലാശകലങ്ങളുമാണുള്ളത്.

82 പ്രകൃതിദത്ത ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[34] ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ അഗ്നിപർവ്വതം പോലുള്ള ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയിൽ പ്രധാനമായും ഐസ് ആണുള്ളത്[35]. സൌരയൂഥത്തിലെ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ ടൈറ്റാന് സ്വന്തമായൊരു അന്തരീക്ഷവുമുണ്ടഏറ്റവും കൂടുതൽ ഉപഗ്രഹം ഉള്ള ഗ്രഹം ആണ് ശനി ്.

യുറാനസ്

തിരുത്തുക

14 ഭൂപിണ്ഡത്തോടു കൂടിയ യുറാനസ് സൂര്യനിൽ നിന്ന് 19.6 ജ്യോതിർമാത്ര അകലെയാണ് കിടക്കുന്നത്. വലിപ്പം കൊണ്ട് മൂന്നാം സ്ഥാനമാണ് യുറാനസ്സിനുള്ളത്. ക്രാന്തിവൃത്തത്തിൽ നിന്നും 90 ഡിഗ്രി ചെരിഞ്ഞാണ് പരിക്രമണപഥം എന്നത് യുറാനസ്സിന്റെ പ്രത്യേകതയാണ്. വളരെ ചൂടു കുറഞ്ഞ് അകക്കാമ്പാണ് ഇതിനുള്ളത്. 27 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനിയ, ഒബിറോൺ, അമ്പ്രിയൽ, ഏരിയൽ, മിറാന്റ എന്നിവയാണ് പ്രധാനപ്പെട്ടവ.

നെപ്ട്യൂൺ

തിരുത്തുക

സൂര്യനിൽ നിന്ന് 30 ജ്യോതിർമാത്ര അകലെ കിടക്കുന്നു. 17 ഭൂപിണ്ഡമുള്ള നെപ്ട്യൂൺ ആന്തരിക താപം ഉല്പാദിപ്പിക്കുന്നുണ്ട്[36]. 13 ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി സജീവമായ ട്രിറ്റോൺ ആണ് ഏറ്റവും വലുത്. ദ്രവനൈട്രജന്റെ നീരുറവകൾ (geyser) കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന്റെ ഭ്രമണത്തിന് എതിർദിശയിലാണ് ഇതിന്റെ പരിക്രമണം. നെപ്ട്യൂണിന്റെ പരിക്രമണപഥത്തിൽ കുറെ കുഞ്ഞു ഗ്രഹങ്ങളുമുണ്ട്. ഇവയെ നെപ്ട്യൂൺ ട്രോജനുകൾ എന്നു പറയുന്നു.

വാൽ നക്ഷത്രങ്ങൾ

തിരുത്തുക
 
ഹെയ്‌ൽ ബോപ്

ഏതാനും കിലോമീറ്ററുകൾ മാത്രം വ്യാസമുള്ള സൗരയൂഥ പദാർത്ഥങ്ങളെയാണ് വാൽനക്ഷത്രം അഥവാ ധൂമകേതു എന്നു പറയുന്നത്. ബാഷ്പശീലമുള്ള മഞ്ഞും ചെറിയ പാറക്കഷണങ്ങളുമാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. വിചിത്രമായ ഭ്രമണപഥമാണ് ഇവക്കുള്ളത്. ഇവയുടെ പെരിഹീലിയൻ ആന്തരഗ്രഹങ്ങൾക്കിടയിലാണ് വരുന്നത്. എന്നാൽ അപ്‌ഹീലിയൻ ആകട്ടെ പ്ലൂട്ടോക്കും അപ്പുറം വരെ എത്തും. ആന്തരസൗരയൂഥത്തിലേക്കു കടക്കുമ്പോൾ സൂര്യസാമീപ്യം കാരണം മഞ്ഞ് ഉരുകുകയും അയോണീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത് പുറത്തേക്കു തെറിച്ചു പോകുന്നതിനാൽ വാലു പോലെ നീണ്ടു കിടക്കും. കോമയും വാലും കൂടിയതായിരിക്കും നമ്മൾ കാണുന്ന വാൽനക്ഷത്രം.

ഇരുന്നൂറ് വർഷത്തിൽ താഴെ മാത്രം ഇടവേളകളുള്ളവയെ ലഘുകാല വാൽനക്ഷത്രങ്ങൾ എന്നു പറയുന്നു. ദീർഘകാല വാൽനക്ഷത്രങ്ങൾ ആയിരത്തി പരം വർഷങ്ങൾ വരെ ഇടവേളകൾ എടുക്കാറുണ്ട്. ലഘുകാല വാൽനക്ഷത്രങ്ങൾ കൈപ്പർ വലയത്തിൽ നിന്നും ഹെയ്‌ൽ ബോപ് പോലുള്ള ദീർഘകാലവാൽനക്ഷത്രങ്ങൾ ഊർട്ട് മേഘത്തിൽ നിന്നുമാണ് വരുന്നതെന്ന് കരുതുന്നു. വളരെ പഴയ വാൽനക്ഷത്രങ്ങൾ അവയുടെ മഞ്ഞെല്ലാം ഉരുകി നഷ്ടപ്പെട്ട് ഛിന്നഗ്രഹങ്ങളായി മാറിക്കാണും[37] .

സെന്റോർ

തിരുത്തുക

വ്യാഴത്തിനും നെപ്ട്യൂണിനുമിടയിൽ കാണുന്ന വാൽനക്ഷത്രങ്ങളെ പോലുള്ള വസ്തുക്കളെയാണ് സെന്റോറുകൾ എന്നു പറയുന്നത്. 10199 ചാരിക്ലോ (10199 Chariklo) ആണ് ഏറ്റവും വലിയ സെന്റോർ. 250 കി.മീറ്റർ ആണ് ഇതിന്റെ വ്യാസം[38]. 2060 ചിരോൺ (2060 Chiron) ആണ് ആദ്യം കണ്ടെത്തിയ സെന്റോർ. സൂര്യസമീപം എത്തുമ്പോൾ ഒരു കോമ രൂപപ്പെടുന്നതിനാൽ ഇതിനെ വാൽനക്ഷത്രമായും(95P) കണക്കാക്കാറുണ്ട്[39].

ട്രാൻസ്-നെപ്ട്യൂണിയൻ മേഖല

തിരുത്തുക

നെപ്ട്യൂണിനും പുറത്തുള്ള സൌരയൂഥ ഭാഗത്തെ ട്രാൻസ്-നെപ്ട്യൂണിയൻ മേഖല എന്നു പറയുന്നു. പാറക്കഷണങ്ങളും ഐസും കൊണ്ട് നിർമ്മിക്കപ്പെട്ട ചെറിയ പദാർത്ഥങ്ങളാണ് ഇവിടെയുള്ളത്.

കൈപ്പർ വലയം

തിരുത്തുക
 
നാലു ബാഹ്യഗ്രഹങ്ങൾക്കു പുറത്തു കിടക്കുന്ന കൈപ്പർ വലയം

ഛിന്നഗ്രഹ വലയത്തിലുള്ളതു പോലെ അനേകം ചെറുശകലങ്ങൾ ചേർന്നുണ്ടായ ഒരു വലയമാണ് കൈപ്പർ വലയം (Kuiper belt). ചെറുപാറക്കഷണങ്ങളും ഐസുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ[40]. ഇത് സൂര്യനിൽ നിന്ന് 30 മുതൽ 50 വരെ ജ്യോതിർമാത്ര (AU) അകലെയാണ് കിടക്കുന്നത്. ഈ മേഖലയിൽ മൂന്നു കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 50 കി.മീറ്ററിൽ കൂടുതൽ വ്യാസമുള്ള 1,00,000ലേറെ വസ്തുക്കൾ ഇവിടെയുണ്ട്. കൈപ്പർ വലയത്തിലെ എല്ലാ വസ്തുക്കൾക്കും കൂടിയുള്ള ആകെ പിണ്ഡം ഭൂപിണ്ഡത്തിന്റെ പത്തിലൊരംശമോ അതിൽ കുറവോ മാത്രമേ വരൂ[41]. വലിയ കൈപ്പർ വലയ വസ്തുക്കളായ ക്വോവാർ, വരുണ, ഓർക്കസ് എന്നിവയെ കുള്ളൻ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

കൈപ്പർ വലയത്തെ ക്ലാസിക്കൽ വലയമെന്നും നെപ്ട്യൂൺ അനുരണനങ്ങൾ എന്നു തരം തിരിച്ചിട്ടുണ്ട്. നെപ്ട്യൂണിന്റെ ഭ്രമണപഥവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് നെപ്ട്യൂൺ അനുരണനങ്ങൾ. ഇവ സൂര്യനിൽ നിന്ന് 39.4AU മുതൽ 47.7 AU വരെ അകലെ കിടക്കുന്നു[42].


പ്ലൂട്ടോയും ഷാരോണും

തിരുത്തുക
 

കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വസ്തുവായ പ്ലൂട്ടോ എന്ന കുള്ളൻ ഗ്രഹം സൂര്യനിൽ നിന്ന് ശരാശരി 39AU അകലെ സ്ഥിതിചെയ്യുന്നു. 1930ലാണ്‌ ഇതിനെ കണ്ടെത്തിയത്. 2006ൽ ഗ്രഹങ്ങളെ പുനർനിർവ്വചിക്കുന്നതു വരെ ഇതിനെ ഒമ്പതാമത്തെ ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. പ്ലൂട്ടോയുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തിൽ നിന്ന് 17 ഡിഗ്രി ചെരിഞ്ഞാണ്. പെരിഹീലിയൻ 29.7AU (നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനുള്ളിൽ). അപ്‌ഹീലിയൻ 49.5AU. നെപ്ട്യൂൺ അനുരണനങ്ങളിൽ പ്രധാനപ്പെട്ട വസ്തുവാണ് പ്ലൂട്ടോ.

ഷാരോൺ പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. പ്ലൂട്ടോയും ഷാരോണും കൂടി ഇരട്ട ഗ്രഹമായും കണക്കാക്കാറുണ്ട്. ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്. ഷാരോണിനെ കൂടാതെ നിക്സ്, P4, ഹൈഡ്ര എന്നിവ കൂടെ ഈ വ്യവസ്ഥയിലുണ്ട്.

ഹൌമിയയും മെയ്ക് മെയ്ക്കും

തിരുത്തുക

സൂര്യനിൽ നിന്ന് ശരാശരി 43.34AU അകലെ കിടക്കുന്ന ഹൗമിയയും (Haumea) ശരാശരി 45.79AU അകലെ കിടക്കുന്ന മെയ്ക് മെയ്കും (Makemake) പ്ലൂട്ടോയെക്കാൾ ചെറുതും ക്ലാസിക്കൽ കൈപ്പർ വലയത്തിലെ വലിയതുമായ വസ്തുക്കളാണ്. അണ്ഡാകൃതിയിലുള്ള ഹൗമിക്ക് രണ്ട് ഉപഗ്രഹങ്ങളുണ്ട്. മെയ്ക് മെയ്കിനാണ് കൈപ്പർ വലയത്തിൽ പ്ലൂട്ടോ കഴിഞ്ഞാൽ കൂടുതൽ തിളക്കമുള്ളത്. 2008ൽ ഇവയെ കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തി.

ശിഥില മണ്ഡലം

തിരുത്തുക

ശിഥില മണ്ഡലം (scattered disc) കൈപ്പർ വലയത്തെ പൊതിഞ്ഞു കിടക്കുന്നു. ഭൂരിഭാഗം ശിഥിലമണ്ഡല പദാർത്ഥങ്ങളുടെയും (scattered disc objects -SDOs) പെരിഹീലിയൻ കൈപ്പർ വലയത്തിനുള്ളിലും അപ്‌ഹീലിയൻ 150ജ്യോതിർമാത്ര അകലെയുമാണ്. ഇവ ഭൂരിഭാഗവും ക്രാന്തിവൃത്ത തലത്തിൽ ചലിക്കുന്നവയാണ്. ചില ജ്യോതിശാസ്ത്രജ്ഞർ ശിഥില മണ്ഡല വസ്തുക്കളെ കൈപ്പർ വലയത്തിന്റെ തന്നെ മറ്റൊരു ഭാഗമായാണ് കാണുന്നത്. "ശിഥില കൈപ്പർ വലയ പദാർത്ഥങ്ങൾ" (scattered Kuiper belt objects) എന്നാണ് ഇവർ ഇതിനെ വിളിക്കുന്നത്[43].

സൂര്യനിൽ നിന്ന് ഏകദേശം 68 ജ്യോതിർമാത്ര അകലെ കിടക്കുന്ന ഈറിസ് ശിഥില മണ്ഡല പദാർത്ഥങ്ങളിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വസ്തുവാണ്. പ്ലൂട്ടോവിനെക്കാൾ 25% പിണ്ഡം കൂടുതലുണ്ടെങ്കിലും വ്യാസം തുല്യമാണ്[44]. കുള്ളൻ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ദ്രവ്യമാനമുള്ളതും ഈറിസിനാണ്. ഡിസ്നോമിയ (Dysnomia) എന്നൊരു ഉപഗ്രഹമുണ്ട്. പ്ലൂട്ടോയുടേതു പോലെ വളരെ ദൈർഘ്യമേറിയതാണ് ഇതിന്റെ ഭ്രമണ പഥവും. പെരിഹീലിയൻ 32.8 ജ്യോതിർമാത്രയും അപ്‌ഹീലിയൻ 97.6 ജ്യോതിർമാത്രയുമാണ്.

വിദൂരസ്ഥ മേഖല

തിരുത്തുക

സൗരയൂഥത്തിന്റെ അതിരുകൾ വളരെ സൂക്ഷ്മമായി വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും രണ്ടു വ്യത്യസ്ത ബലങ്ങളെ അടിസ്ഥാനപ്പെടുത്തി ബാഹ്യ അതിർത്തികൾ നിർവചിച്ചിട്ടുണ്ട്. സൗരവാതവും സൗരഗുരുത്വവും ആണവ. സൗരവാതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സൗരയൂഥാതിർത്തി സൂര്യനിൽ നിന്നു പ്ലൂട്ടോയിലേക്കുള്ള അകലെത്തെക്കാൾ ഏകദേശം നാലു മടങ്ങു കൂടുതലാണ്. ഹീലിയോപോസ് (heliopause) എന്നാണ് ഈ ഭാഗത്തെ പറയുക.

ഹീലിയോപോസ്

തിരുത്തുക
 
ഹീലിയോസ്ഹീത്തും ഹീലിയോപോസും

സൗരവാതം 400km/s വേഗതയിൽ നക്ഷത്രാന്തരീയ വാതവുമായി (interstellar wind) കൂട്ടിമുട്ടുന്നതു വരേക്കും സഞ്ചരിക്കുന്നു. ഈ കൂട്ടിമുട്ടലിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെ "ടെർമിനേഷൻ ഷോക്ക്" എന്നു പറയുന്നു. ഇത് നക്ഷത്രാന്തരീയ വാതത്തിന് എതിരായ ദിശയിൽ സൂര്യനിൽ നിന്ന് 80-100 ജ്യോതിർമാത്ര വരെയും അനുകൂലമായ ദിശയിൽ 200 ജ്യോതിർമാത്ര വരേയും അകലെയാണ്[45]. ഓവൽ ആകൃതിയിലുള്ള ഈ ഭാഗത്തെ ഹീലിയോസ്‌ഹീത്ത് (heliosheath) എന്നു പറയുന്നു. നക്ഷത്രാന്തരീയ കാന്തിക ക്ഷേത്രത്തിന്റെ ഞെരുക്കൽ ഈ കുമിളക്കു മുകളിൽ അനുഭവപ്പെടുന്നുണ്ട് എന്നാണ് കാസ്സിനി, ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്പ്ലോറർ എന്നിവയിൽ നിന്നു ലഭിച്ച വിവരങ്ങൾ കാണിക്കുന്നത്[46]. ഹീലിയോസ്ഫിയറിന്റെ അതിർത്തിയായ ഹീലിയോപോസിൽ സൗരവാതം അവസാനിക്കുകയും നക്ഷത്രാന്തരീയ തലം (interstellar space) ആരംഭിക്കുകയും ചെയ്യുന്നു[10].

നാസയുടെ വോയേജർ 1, വോയേജർ 2 എന്നീ പേടകങ്ങൾ ഈ കടമ്പ കടന്നു.[47][48]

ഊർട്ട് മേഘം

തിരുത്തുക
 
ഊർട്ട് മേഘം കലാകാരന്റെ ദൃഷ്ടിയിൽ

ഊർട്ട് മേഘം സൗരയൂഥത്തെ പൊതിഞ്ഞു കിടക്കുന്ന ഒരു ഗോളീയ മേഘമാണ്. ദശലക്ഷക്കണക്കിനു മഞ്ഞു പദാർത്ഥങ്ങൾ നിറഞ്ഞ ഈ പ്രദേശത്തുനിന്നാണ് അതിദീർഘ വാൽനക്ഷത്രങ്ങൾ വരുന്നത് എന്നാണ് കരുതുന്നത്. സൂര്യനിൽ നിന്ന് 50,000 ജ്യോതിർമാത്രക്കും (1 പ്രകാശവർഷം) 1,00,000 ജ്യോതിർമാത്രക്കും(1.87 പ്രകാശവർഷം) ഇടക്കാണ് ഊർട്ട് മേഘം സ്ഥിതിചെയ്യുന്നത്. ബാഹ്യസൗരയൂഥത്തിന്റെ ഗുരുത്വപ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി ആന്തര സൗരയൂഥത്തിൽ നിന്നും തെറിച്ചു പോയ വാൽനക്ഷത്രങ്ങളാണ് ഊർട്ട് മേഘത്തിൽ വന്നു കൂടിയിട്ടുള്ളത് എന്നാണ് കരുതുന്നത്. ഊർട്ട് പദാർത്ഥങ്ങൾ വളരെ സാവധാനത്തിൽ ചലിക്കുന്നവയാണ്. അടുത്തു വരുന്ന നക്ഷത്രങ്ങളുടെ സ്വാധീനം കൊണ്ടും ആകാശ ഗംഗയിലുണ്ടാവുന്ന ഗാലക്സിക വേലിയേറ്റത്തിന്റെ ഫലമായും ഇവ പരസ്പരം ഛിന്നിച്ചിതറുകയും കൂട്ടിമുട്ടുകയും ചെയ്തു കൊണ്ടിരിക്കുന്നു[49][50].

അതിദീർഘ വൃത്തത്തിൽ ഭ്രമണം ചെയ്യുന്ന പ്ലൂട്ടോയെ പോലെയുള്ള ചുവന്ന കുള്ളൻഗ്രഹമാണ് സെഡ്ന. ഇതിന്റെ പെരിഹീലിയൻ 76 ജ്യോതിർമാത്രയും അപ്‌ഹീലിയൻ 928 ജ്യോതിർമാത്രയും ആണ്. ഒരു പരിക്രമണം പൂർത്തിയാക്കാൻ 12,050 വർഷം വേണം. 2003ൽ മൈക്ക് ബ്രൗൺ ആണ് സെഡ്നയെ കണ്ടെത്തിയത്.

അതിരുകൾ

തിരുത്തുക

സൂര്യന്റെ ഗുരുത്വബലം ഏകദേശം രണ്ട് പ്രകാശവർഷം (125,000 AU) അകലെ വരെ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഊർട്ട് മേഘത്തിന്റെ വ്യാസം 50,000 ജ്യോതിർമാത്ര(AU)യിൽ കൂടില്ല[51]. ആയിരക്കണക്കിനു ജ്യോതിർമാത്ര വിസ്താരത്തിൽ കിടക്കുന്ന കൈപ്പർ വലയത്തിനും ഊർട്ട് മേഘത്തിനും ഇടയിലുള്ള പ്രദേശത്തെ കുറിച്ച് കാര്യമായ അറിവൊന്നും ലഭിച്ചിട്ടില്ല. അതു പോലെ സൂര്യനും ബുധനും ഇടയിലുള്ള പ്രദേശത്തെ കുറിച്ചും വളരെ പരിമിതമായ അറിവുകളേയുള്ളു[52]. സൗരയൂഥത്തിന്റെ അറിയപ്പെടാത്ത മേഖലകളിൽ നിന്ന് ഇനിയും പുതിയ വസ്തുക്കൾ കണ്ടെത്തിക്കൊണ്ടേയിരിക്കും.

ഗാലക്സിയിലെ സ്ഥാനം

തിരുത്തുക
 
സൗരയൂഥത്തിന്റെ ആകാശഗംഗയിലെ സ്ഥാനം

200 ബില്യൻ നക്ഷത്രങ്ങളും 1,00,000 പ്രകാശവർഷം വ്യാസവുമുള്ള ആകാശഗംഗയിലെ ഒരംഗമാണ് സൗരയൂഥം. ആകാശഗംഗയുടെ സർപ്പിള ശാഖകളിലൊന്നായ ഒറിയോൺ ശാഖയിലാണ് സൗരയൂഥത്തിന്റെ സ്ഥാനം[53]. ഗാലക്സിക കേന്ദ്രത്തിൽ നിന്നും 25,000 മുതൽ 28,000 വരെ പ്രകാശവർഷം അകലെ കിടക്കുന്ന സൗരയൂഥം സെക്കന്റിൽ 220കി.മീറ്റർ വേഗതയിൽ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു[54]. ഒരു പരിക്രമണം പൂർത്തിയാക്കാൻ 225-250 ദശലക്ഷം വർഷങ്ങൾ എടുക്കുന്നു. ഇതിനെ സൗരയൂഥത്തിന്റെ ഒരു ഗാലക്സിക വർഷം എന്നു പറയുന്നു[55]. സൗരയൂഥത്തിന്റെ പരിക്രമണ പഥം ഗാലക്സിക തലവുമായി 60 ഡിഗ്രി ചെരിഞ്ഞാണിരിക്കുന്നത്.

സൗരയൂഥത്തിന്റെ സ്ഥാനം നക്ഷത്ര സാന്ദ്രത കൂടിയ കേന്ദ്രഭാഗത്താവാതെ ഗാലക്സിയുടെ ബാഹ്യശാഖയിലായത് ഭൂമിയിലെ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ഒരു ഘടകമാണ്. കുറേക്കൂടി കേന്ദ്രഭാഗത്തേക്ക് നീങ്ങിയിരുന്നെങ്കിൽ മറ്റു നക്ഷത്രങ്ങളുടെ ഗുരുത്വവലിവ് ഊർട്ട് മേഘത്തിലെ വസ്തുക്കളിൽ സ്വാധീനം ചെലുത്തുകയും ആന്തരസൗരയൂഥത്തിലേക്ക് കൂടുതൽ വാൽനക്ഷത്രങ്ങൾ എത്തുന്നതിന് കാരണമായിത്തീരുകയും ചെയ്യുമായിരുന്നു. ഇത് ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും തമ്മിലുള്ള കൂട്ടിയിടിയുടെ സാധ്യതാ നിരക്ക് ഉയർത്തുകയും ഭൂമിയിലെ ജീവന്റെ നിലനില്പിന് ഹാനികരമാകുകയും ചെയ്യുമായിരുന്നു. ഗാലക്സിക കേന്ദ്രത്തിൽ നിന്നു വരുന്ന ഉയർന്ന തോതിലുള്ള വികിരണങ്ങളും ഭൂമിയിലെ ജീവന് ഭീഷണിയാവുമായിരുന്നു[56].

അയൽക്കാർ

തിരുത്തുക

ഏറ്റവും അടുത്ത ഗാലക്സിക അയൽക്കാർ പ്രാദേശിക നക്ഷത്രാന്തരീയ മേഘം ആണ്. ഇത് 300 പ്രകാശവർഷം വ്യാപിച്ചു കിടക്കുന്നു. ഉയർന്ന താപനിലയിലുള്ള പ്ലാസ്മയാണ് ഇതിലടങ്ങിയിട്ടുള്ളത്. സൂപ്പർ നോവാഅവശിഷ്ടമാണ് ഇത് എന്ന് കരുതപ്പെടുന്നു[57].

ഏറ്റവും അടുത്ത നക്ഷത്രം 4.4 പ്രകാശ വർഷം അകലെ കിടക്കുന്ന മൂന്നു നക്ഷത്രങ്ങളടങ്ങിയ ആൽഫാ സെന്റൗറി ആണ്. ആൽഫാ സെന്റൗറി A, ആൽഫാ സെന്റൗറി B എന്നീ രണ്ടു നക്ഷത്രങ്ങൾ സൂര്യനെ പോലുള്ളവയാണ്. ആൽഫാ സെന്റൗറി C ഒരു ചുവപ്പു കുള്ളൻ നക്ഷത്രമാണ്. ഇതിനെ പ്രോക്സിമാ സെന്റൗറി എന്നും അറിയപ്പെടുന്നു. ഇതു കഴിഞ്ഞാൽ സൂര്യനോട് അടുത്ത് കിടക്കുന്ന മറ്റു നക്ഷത്രങ്ങൾ 5.9 പ്രകാശവർഷം അകലെ കിടക്കുന്ന ബർണ്ണാഡിന്റെ നക്ഷത്രം (Barnard's Star), 7.8 പ്രകാശവർഷം അകലെ കിടക്കുന്ന വോൾഫ്359 (Wolf 359), 8.3 പ്രകാശവർഷം അകലെ കിടക്കുന്ന ലലാന്റെ 21185 (Lalande 21185) എന്നിവയാണ്. 10 പ്രകാശവർഷം അകലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നക്ഷത്രം മുഖ്യധാരാ നക്ഷത്രങ്ങളുടെ ഗണത്തിൽ പെടുന്ന സിറിയസ് ആണ്. സൂര്യനിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. സൂര്യന്റെ രണ്ടു മടങ്ങ് ദ്രവ്യമാനമുള്ള സിറിയസിനെ സിറിയസ് B എന്ന വെള്ളക്കുള്ളൻ നക്ഷത്രം പരിക്രമണം ചെയ്യുന്നുണ്ട്. മറ്റു പ്രധാന നക്ഷത്രങ്ങൾ 8.7 പ്രകാശവർഷം അകലെ കിടക്കുന്ന ലൂയ്ടൻ726-8 (Luyten 726-8) എന്ന ചുവപ്പു കുള്ളൻ ഇരട്ട നക്ഷത്രവും 9.7 പ്രകാശവർഷം അകലെ കിടക്കുന്ന റോസ് 154(Ross 154) എന്ന ചുവപ്പു കുള്ളൻ നക്ഷത്രവുമാണ്[58]. നമ്മുടെ അടുത്ത് കിടക്കുന്ന സൂര്യസമാന നക്ഷത്രം 11.9 പ്രകാശവർഷം അകലെ കിടക്കുന്ന ടാവൂ സെറ്റി (Tau Ceti) ആണ്. ഇതിന് സൂര്യന്റെ 80% ദ്രവ്യമാനമുണ്ട്. എന്നാൽ 60% പ്രകാശമേയുള്ളു[59]. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന സൗരേതര ഗ്രഹം(extrasolar planet) എപ്സിലോൺ എറിഡാനി (Epsilon Eridani) എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. 10.5 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രം സൂര്യനെക്കാൾ അൽപം മങ്ങിയതും ചുവന്നതുമാണ്. എപ്സിലോൺ എറിഡാനി b എന്ന ഗ്രഹത്തിന് വ്യാഴത്തിനേക്കാൾ 1.5 മടങ്ങ് പിണ്ഡമുണ്ട്. 6.9 വർഷം വേണം ഇതിന് ഒരു പരിക്രമണം പൂർത്തിയാക്കാൻ[60].

നിരീക്ഷണവിധേയമായ സൗരയൂഥത്തിലെ നമ്മുടെ സ്ഥാനം. (Click here for larger image.)

ഉത്ഭവവും പരിണാമവും

തിരുത്തുക

<div class="thumb tnone" style="margin-left: auto; margin-right:auto; overflow:hidden; width:auto; max-width:പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{"px;">

4.568 ബില്യൻ വർഷങ്ങൾക്കു മുമ്പ് ഒരു തന്മാത്രാ മേഘത്തിന്റെ ഗുരുത്വതകർച്ചയിൽ നിന്നാണ് സൗരയൂഥത്തി ന്റെ ഉത്ഭവം[61]. ഈ തന്മാത്രാ മേഘത്തിൽ സൗരയൂഥം രൂപം കൊണ്ട പ്രദേശം (pre-solar nebula)[62] ഇടിഞ്ഞു ചുരുങ്ങിയപ്പോൾ ഭ്രമണ വേഗത വർദ്ധിപ്പിച്ചു കൊണ്ട് അതിന്റെ കോണീയ പ്രവേഗം നിലനിർത്തി. ഈ നെബുലയുടെ കൂടുതൽ ദ്രവ്യവും കേന്ദ്രഭാഗത്തായതിനാൽ ചുറ്റുഭാഗത്തെ അപേക്ഷിച്ച് കേന്ദ്രത്തിൽ താപനില വർദ്ധിച്ചു വന്നു[63]. ദ്രവ്യമാനവും താപനിലയും വർദ്ധിച്ചു വന്ന് കേന്ദ്രഭാഗത്ത് ഒരു പ്രാഗ് നക്ഷത്രം(protostar) രൂപം കൊണ്ടു[64][65]. പുറംഭാഗത്ത് 200 ജ്യോതിർമാത്ര ദൂരത്തിൽ ആദിഗ്രഹമണ്ഡലം (protoplanetary disc) പരന്നു കിടന്നു[63]. പരിണാമത്തിന്റെ ഈ ഘട്ടത്തിൽ ഒരു ടി ടൗരി നക്ഷത്രം (T Tauri star) ആയിരുന്നു എന്നു വിശ്വസിക്കുന്നു. ഈ വിഭാഗത്തിലുള്ള നക്ഷത്രങ്ങൾക്കു ചുറ്റും 0.001–0.1 സൗരപിണ്ഡം ഉള്ള പ്രാഗ് ഗ്രഹപദാർത്ഥങ്ങളുടെ ഒരു തളിക ഉണ്ടായിരിക്കും[66]. ഇതിൽ നിന്നാണ് പിന്നീട് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്[67].

50 ദശലക്ഷം വർഷം കൊണ്ട് പ്രാഗ് നക്ഷത്രത്തിനുള്ളിലെ മർദ്ദവും താപനിലയും വർദ്ധിച്ച് കേന്ദ്രത്തിലുള്ള ഹൈഡ്രജൻ ആറ്റങ്ങൾക്ക് അണുകേന്ദ്ര സംയോജന പ്രക്രിയ (thermonuclear fusion) തുടങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തി[68]. താപനില, അണു സംയോജനത്തിന്റെ നിരക്ക്, മർദ്ദം, സാന്ദ്രത എന്നിവ വികിരണോർജ്ജവും ഗുരുത്വബലവും തുല്യനില കൈവരിക്കുന്നതു വരെ തുടർന്നു കൊണ്ടിരിക്കും. ഈ അവസ്ഥയിലെത്തുന്നതോടെ സൂര്യൻ ഒരു മുഖ്യധാരാ നക്ഷത്രമാവുന്നു[69].

ഈ അവസ്ഥയിൽ കുറെ കാലം കഴിയുമ്പോൾ കേന്ദ്രത്തിലെ ഹൈഡ്രജൻ കുറയുകയും പുറത്തു നിന്ന് ഉള്ളിലേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്യും. ഇത് കേന്ദ്രം കൂടുതൽ ചുരുങ്ങുന്നതിന് ഇടയാക്കും. തന്മൂലം കേന്ദ്രത്തിലെ താപവും മർദ്ദവും വർദ്ധിക്കുകയും ജ്വലനനിരക്ക് കൂടുകയും ചെയ്യും. ഇതിന്റെ ഫലമായി ഓരോ 1.1 ബില്യൻ വർഷങ്ങൾ കഴിയുമ്പോഴും സൂര്യന്റെ തിളക്കം 10% കൂടി വരുന്നുണ്ട്[70].

ഇനി ഏകദേശം 5.4 ബില്യൻ വർഷങ്ങൾ കൂടി കഴിയുമ്പോൾ സൂര്യനിലെ ഹൈഡ്രജന്റെ മുഖ്യഭാഗവും ഹീലിയമായി മാറിക്കഴിഞ്ഞിരിക്കും. അതോടെ സൂര്യന്റെ മുഖ്യധാരാ പദവി അവസാനിക്കുകയും ചെയ്യും. പിന്നീട് ഹീലിയം അണുകേന്ദ്രങ്ങളുടെ സംയോജനമായിരിക്കും സൂര്യനിൽ നടക്കുക. ഹൈഡ്രജൻ സംയോജനത്തേക്കാൾ ഉയർന്ന ചൂടായിരിക്കും ഹീലിയം സംയോജനത്തിൽ ഉണ്ടാവുക. ഇതിന്റെ ഫലമായി സൂര്യന്റെ പുറംഭാഗം കൂടുതൽ വികസിക്കും. ഏതാണ്ട് ഇപ്പോഴുള്ളതിന്റെ 260 മടങ്ങു വരെ സൗരവ്യാസം വർദ്ധിക്കും. വിസ്തീർണ്ണം കൂടുന്നതു കാരണം പുറം ഭാഗത്തെ താപനില കുറഞ്ഞ 2600 കെൽവിൻ വരെയെത്തും[71].

അവസാനം ഹീലിയം അണുകേന്ദ്രങ്ങളും ജ്വലിച്ചു തീരുന്നു. കൂടുതൽ ഘനത്വമുള്ള മൂലകങ്ങളുടെ സംയോജനത്തിനാവശ്യമായ പിണ്ഡം സൂര്യന് ഇല്ലാത്തതിനാൽ സൗരജ്വലനം ഇതോടെ അവസാനിക്കുന്നു. പുറംപാളി അടർന്നു പോയി ഒരു ചുവന്ന കുള്ളൻ നക്ഷത്രമായി സൂര്യൻ മാറുന്നു. ഈ അവസ്ഥയിൽ സൂര്യന്റെ പിണ്ഡം ഇപ്പോഴുള്ളതിന്റെ പകുതി ഉണ്ടാകുമെങ്കിലും വലിപ്പം ഭൂമിയോളമേ കാണൂ[72]. അടർന്നു പോയ പുറംപാളി ഒരു പ്ലാനറ്ററി നെബുലയായി മാറും.


ഗ്രഹങ്ങൾ

കുള്ളൻ ഗ്രഹങ്ങൾ

  1. WC Rufus (1923). "The astronomical system of Copernicus". Popular Astronomy. 31: 510. Bibcode:1923PA.....31..510R.
  2. Weinert, Friedel. Copernicus, Darwin, & Freud: revolutions in the history and philosophy of science. Wiley-Blackwell. ISBN 9781405181839. {{cite book}}: Unknown parameter |പേജ്= ignored (help); Unknown parameter |വർഷം= ignored (help)
  3. M Woolfson (2000). "The origin and evolution of the solar system". Astronomy & Geophysics. 41 (1): 1.12. doi:10.1046/j.1468-4004.2000.00012.x.
  4. nineplanets.org. "An Overview of the Solar System". Retrieved 2007-02-15.
  5. Amir Alexander (2006). "New Horizons Set to Launch on 9-Year Voyage to Pluto and the Kuiper Belt". The Planetary Society. Archived from the original on 2006-02-22. Retrieved 2006-11-08.
  6. "The Sun's Vital Statistics". Stanford Solar Center. Retrieved 2008-07-29., citing Eddy, J. (1979). A New Sun: The Solar Results From Skylab. NASA. p. 37. NASA SP-402. Archived from the original on 2015-01-13. Retrieved 2011-09-22.
  7. "Sun: Facts & Figures". NASA. Archived from the original on 2008-01-02. Retrieved 2009-05-14.
  8. Zirker, Jack B. (2002). Journey from the Center of the Sun. Princeton University Press. pp. 120–127. ISBN 9780691057811.
  9. "Solar Physics: The Solar Wind". Marshall Space Flight Center. 2006-07-16. Archived from the original on 2015-08-13. Retrieved 2006-10-03.
  10. 10.0 10.1 "Voyager Enters Solar System's Final Frontier". NASA. Archived from the original on 2020-05-16. Retrieved 2007-04-02.
  11. Phillips, Tony (2001-02-15). "The Sun Does a Flip". Science@NASA. Archived from the original on 2010-03-29. Retrieved 2007-02-04.
  12. A Star with two North Poles Archived 2009-07-18 at the Wayback Machine., April 22, 2003, Science @ NASA
  13. Riley, Pete (2002). "Modeling the heliospheric current sheet: Solar cycle variations" (PDF). Journal of Geophysical Research. 107. Bibcode:2002JGRA..107.1136R. doi:10.1029/2001JA000299. Archived from the original (PDF) on 2009-08-14. Retrieved 2011-10-07.
  14. Lundin, Richard (2001-03-09). "Erosion by the Solar Wind". Science. 291 (5510): 1909. doi:10.1126/science.1059763. PMID 11245195. {{cite journal}}: More than one of |author= and |last= specified (help)
  15. "Inner Solar System". NASA Science (Planets). Archived from the original on 2009-05-11. Retrieved 2009-05-09.
  16. Schenk P., Melosh H. J. (1994), Lobate Thrust Scarps and the Thickness of Mercury's Lithosphere, Abstracts of the 25th Lunar and Planetary Science Conference, 1994LPI....25.1203S
  17. Bill Arnett (2006). "Mercury". The Nine Planets. Retrieved 2006-09-14.
  18. Mark Alan Bullock (1997). "The Stability of Climate on Venus" (PDF). Southwest Research Institute. Archived from the original (PDF) on 2007-06-14. Retrieved 2006-12-26. {{cite journal}}: Cite journal requires |journal= (help)
  19. "What are the characteristics of the Solar System that lead to the origins of life?". NASA Science (Big Questions). Archived from the original on 2011-09-15. Retrieved 2011-08-30.
  20. Anne E. Egger, M.A./M.S. "Earth's Atmosphere: Composition and Structure". VisionLearning.com. Archived from the original on 2007-02-21. Retrieved 2006-12-26.
  21. David C. Gatling, Conway Leovy (2007). "Mars Atmosphere: History and Surface Interactions". In Lucy-Ann McFadden; et al. (eds.). Encyclopaedia of the Solar System. pp. 301–314. {{cite book}}: Explicit use of et al. in: |editor= (help)
  22. David Noever (2004). "Modern Martian Marvels: Volcanoes?". NASA Astrobiology Magazine. Archived from the original on 2010-03-13. Retrieved 2006-07-23.
  23. Scott S. Sheppard, David Jewitt, and Jan Kleyna (2004). "A Survey for Outer Satellites of Mars: Limits to Completeness" (PDF). Astronomical Journal. Retrieved 2006-12-26.{{cite web}}: CS1 maint: multiple names: authors list (link)
  24. "Are Kuiper Belt Objects asteroids? Are large Kuiper Belt Objects planets?". Cornell University. Retrieved 2009-03-01.
  25. Petit, J.-M.; Morbidelli, A.; Chambers, J. (2001). "The Primordial Excitation and Clearing of the Asteroid Belt" (PDF). Icarus. 153 (2): 338–347. Bibcode:2001Icar..153..338P. doi:10.1006/icar.2001.6702. Archived from the original (PDF) on 2007-02-21. Retrieved 2007-03-22.{{cite journal}}: CS1 maint: multiple names: authors list (link)
  26. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Krasinskyetal2002 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Pitjeva2005 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; halfmass എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  29. Yeomans, Donald K. (July 13, 2006). "JPL Small-Body Database Browser". NASA JPL. Retrieved 2010-09-27.
  30. "History and Discovery of Asteroids" (DOC). NASA. Retrieved 2006-08-29.
  31. Jack J. Lissauer, David J. Stevenson (2006). "Formation of Giant Planets" (PDF). NASA Ames Research Center; California Institute of Technology. Archived from the original (PDF) on 2009-03-26. Retrieved 2006-01-16.
  32. Pappalardo, R T (1999). "Geology of the Icy Galilean Satellites: A Framework for Compositional Studies". Brown University. Archived from the original on 2007-09-30. Retrieved 2006-01-16.
  33. "Density of Saturn". Fraser Cain. universetoday.com. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  34. "Saturn overtakes Jupiter as planet with most moons". Saturn overtakes Jupiter as planet with most moons. BBC News. 7 October 2019. Retrieved 8 March 2021.
  35. Kargel, J. S. (1994). "Cryovolcanism on the icy satellites". Earth, Moon, and Planets. 67: 101–113. Bibcode:1995EM&P...67..101K. doi:10.1007/BF00613296.
  36. Podolak, M.; Reynolds, R. T.; Young, R. (1990). "Post Voyager comparisons of the interiors of Uranus and Neptune". Geophysical Research Letters. 17 (10): 1737. Bibcode:1990GeoRL..17.1737P. doi:10.1029/GL017i010p01737 {{cite journal}}: More than one of |work= and |journal= specified (help)CS1 maint: multiple names: authors list (link) CS1 maint: postscript (link)
  37. Whipple, Fred L. (1992). "The activities of comets related to their aging and origin". Celestial Mechanics and Dynamical Astronomy. 54: 1–11. Bibcode:1992CeMDA..54....1W. doi:10.1007/BF00049540.
  38. John Stansberry, Will Grundy, Mike Brown, Dale Cruikshank, John Spencer, David Trilling, Jean-Luc Margot (2007). "Physical Properties of Kuiper Belt and Centaur Objects: Constraints from Spitzer Space Telescope". The Solar System Beyond Neptune. p. 161. arXiv:astro-ph/0702538. Bibcode:2008ssbn.book..161S {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)CS1 maint: multiple names: authors list (link) CS1 maint: postscript (link)
  39. Patrick Vanouplines (1995). "Chiron biography". Vrije Universitiet Brussel. Archived from the original on 2009-05-02. Retrieved 2006-06-23.
  40. Stephen C. Tegler (2007). "Kuiper Belt Objects: Physical Studies". In Lucy-Ann McFadden; et al. (eds.). Encyclopedia of the Solar System. pp. 605–620. {{cite book}}: Explicit use of et al. in: |editor= (help)
  41. Audrey Delsanti and David Jewitt (2006). "The Solar System Beyond The Planets" (PDF). Institute for Astronomy, University of Hawaii. Archived from the original (PDF) on 2007-01-29. Retrieved 2007-01-03.
  42. M. W. Buie, R. L. Millis, L. H. Wasserman, J. L. Elliot, S. D. Kern, K. B. Clancy, E. I. Chiang, A. B. Jordan, K. J. Meech, R. M. Wagner, D. E. Trilling (2005). "Procedures, Resources and Selected Results of the Deep Ecliptic Survey". Earth, Moon, and Planets. 92 (1): 113. arXiv:astro-ph/0309251. Bibcode:2003EM&P...92..113B. doi:10.1023/B:MOON.0000031930.13823.be.{{cite journal}}: CS1 maint: multiple names: authors list (link)
  43. David Jewitt (2005). "The 1000 km Scale KBOs". University of Hawaii. Retrieved 2006-07-16.
  44. Michael E. Brown and Emily L. Schaller (2007). "The Mass of Dwarf Planet Eris". Science. 316 (5831): 1585. Bibcode:2007Sci...316.1585B. doi:10.1126/science.1139415. PMID 17569855.
  45. Fahr, H. J.; Kausch, T.; Scherer, H. (2000). "A 5-fluid hydrodynamic approach to model the Solar System-interstellar medium interaction". Astronomy & Astrophysics. 357: 268. Bibcode:2000A&A...357..268F. Archived from the original (PDF) on 2019-01-07. Retrieved 2011-09-28.{{cite journal}}: CS1 maint: multiple names: authors list (link) See Figures 1 and 2.
  46. NASA/JPL (2009). "Cassini's Big Sky: The View from the Center of Our Solar System". Archived from the original on 2012-02-06. Retrieved 2009-12-20.
  47. "Voyager - The Interstellar Mission" (in ഇംഗ്ലീഷ്). Retrieved 2021-02-27.
  48. Potter, Sean (2018-12-09). "NASA's Voyager 2 Probe Enters Interstellar Space". Retrieved 2021-02-27.
  49. Stern SA, Weissman PR. (2001). "Rapid collisional evolution of comets during the formation of the Oort cloud". Space Studies Department, Southwest Research Institute, Boulder, Colorado. Retrieved 2006-11-19.
  50. Bill Arnett (2006). "The Kuiper Belt and the Oort Cloud". nineplanets.org. Retrieved 2006-06-23.
  51. T. Encrenaz, JP. Bibring, M. Blanc, MA. Barucci, F. Roques, PH. Zarka (2004). The Solar System: Third edition. Springer. p. 1.{{cite book}}: CS1 maint: multiple names: authors list (link)
  52. Durda D. D.; Stern S. A.; Colwell W. B.; Parker J. W.; Levison H. F.; Hassler D. M. (2004). "A New Observational Search for Vulcanoids in SOHO/LASCO Coronagraph Images". Icarus. 148: 312–315. Bibcode:2000Icar..148..312D. doi:10.1006/icar.2000.6520.{{cite journal}}: CS1 maint: multiple names: authors list (link)
  53. R. Drimmel, D. N. Spergel (2001). "Three Dimensional Structure of the Milky Way Disk". Astrophysical Journal. 556: 181–202. arXiv:astro-ph/0101259. Bibcode:2001ApJ...556..181D. doi:10.1086/321556.
  54. Eisenhauer, F. (2003). "A Geometric Determination of the Distance to the Galactic Center". Astrophysical Journal. 597 (2): L121–L124. Bibcode:2003ApJ...597L.121E. doi:10.1086/380188. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  55. Leong, Stacy (2002). "Period of the Sun's Orbit around the Galaxy (Cosmic Year". The Physics Factbook. Retrieved 2007-04-02.
  56. Leslie Mullen (2001). "Galactic Habitable Zones". Astrobiology Magazine. Retrieved 2006-06-23.
  57. "Near-Earth Supernovas". NASA. Archived from the original on 2010-03-13. Retrieved 2006-07-23.
  58. "Stars within 10 light years". SolStation. Retrieved 2007-04-02.
  59. "Tau Ceti". SolStation. Retrieved 2007-04-02.
  60. "HUBBLE ZEROES IN ON NEAREST KNOWN EXOPLANET". Hubblesite. 2006. Retrieved 2008-01-13.
  61. The date is based on the oldest inclusions found to date in meteorites, and is thought to be the date of the formation of the first solid material in the collapsing nebula.
    A. Bouvier and M. Wadhwa. "The age of the solar system redefined by the oldest Pb-Pb age of a meteoritic inclusion." Nature Geoscience, in press, 2010. Doi: 10.1038/NGEO941
  62. Irvine, W. M. (1983). "The chemical composition of the pre-solar nebula". Cometary exploration; Proceedings of the International Conference. Vol. 1. p. 3. Bibcode:1983coex....1....3I {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)CS1 maint: postscript (link)
  63. 63.0 63.1 "Lecture 13: The Nebular Theory of the origin of the Solar System". University of Arizona. Retrieved 2006-12-27.[പ്രവർത്തിക്കാത്ത കണ്ണി]
  64. Greaves, Jane S. (2005-01-07). "Disks Around Stars and the Growth of Planetary Systems". Science. 307 (5706): 68–71. Bibcode:2005Sci...307...68G. doi:10.1126/science.1101979. PMID 15637266.
  65. "Present Understanding of the Origin of Planetary Systems". National Academy of Sciences. 2000-04-05. Archived from the original on 2009-08-03. Retrieved 2007-01-19.
  66. M. Momose, Y. Kitamura, S. Yokogawa, R. Kawabe, M. Tamura, S. Ida (2003). "Investigation of the Physical Properties of Protoplanetary Disks around T Tauri Stars by a High-resolution Imaging Survey at lambda = 2 mm". In Ikeuchi, S., Hearnshaw, J. and Hanawa, T. (eds.) (ed.). The Proceedings of the IAU 8th Asian-Pacific Regional Meeting, Volume I. ASP Conference Series. Vol. 289. p. 85. Bibcode:2003ASPC..289...85M. {{cite conference}}: |editor= has generic name (help); Unknown parameter |booktitle= ignored (|book-title= suggested) (help)CS1 maint: multiple names: authors list (link)
  67. Boss, A. P.; Durisen, R. H. (2005). "Chondrule-forming Shock Fronts in the Solar Nebula: A Possible Unified Scenario for Planet and Chondrite Formation". The Astrophysical Journal. 621 (2): L137. Bibcode:2005ApJ...621L.137B. doi:10.1086/429160.
  68. Sukyoung Yi; Pierre Demarque; Yong-Cheol Kim; Young-Wook Lee; Chang H. Ree; Thibault Lejeune; Sydney Barnes (2001). "Toward Better Age Estimates for Stellar Populations: The   Isochrones for Solar Mixture". Astrophysical Journal Supplement. 136: 417. arXiv:astro-ph/0104292. Bibcode:2001ApJS..136..417Y. doi:10.1086/321795.{{cite journal}}: CS1 maint: multiple names: authors list (link)
  69. A. Chrysostomou, P. W. Lucas (2005). "The Formation of Stars". Contemporary Physics. 46 (1): 29. Bibcode:2005ConPh..46...29C. doi:10.1080/0010751042000275277.
  70. Jeff Hecht (1994). "Science: Fiery future for planet Earth". NewScientist. Retrieved 2007-10-29.
  71. K. P. Schroder, Robert Cannon Smith (2008). "Distant future of the Sun and Earth revisited". Monthly Notices of the Royal Astronomical Society. 386 (1): 155–163. Bibcode:2008MNRAS.386..155S. doi:10.1111/j.1365-2966.2008.13022.x.{{cite journal}}: CS1 maint: unflagged free DOI (link)
  72. Pogge, Richard W. (1997). "The Once & Future Sun". New Vistas in Astronomy. Archived from the original (lecture notes) on 2005-05-27. Retrieved 2005-12-07. {{cite web}}: External link in |work= (help)
സൗരയൂഥം
 സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം


"https://ml.wikipedia.org/w/index.php?title=സൗരയൂഥം&oldid=4110619" എന്ന താളിൽനിന്ന് ശേഖരിച്ചത്