(റെഡോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുസംഖ്യ 86 ആയ മൂലകമാണ് റഡോൺ. Rn ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നിറവും മണവും രുചിയും ഇല്ലാത്തതും പ്രകൃത്യാ കാണപ്പെടുന്നതും റേഡിയോആക്ടീവുമായ ഒരു ഉൽകൃഷ്ട വാതകമാണ് റഡോൺ. തോറിയം, യുറേനിയം എന്നിവയുടെ ശോഷണഫലമായുണ്ടാകുന്ന റേഡിയത്തിന്റെ ശോഷണത്തിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. സാധാരണ അവസ്ഥയിൽ വാതകാവസ്ഥലായിരിക്കുന്ന പദാർത്ഥങ്ങളിൽ ഏറ്റവും ഭാരമേറിയ ഒന്നാണിത്. ആരോഗ്യത്തിന് ഹാനികരമായ ഒരു വാതകമാണിത്. റാഡോണിൻറെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 222Rn-ന്റെ അർദ്ധായുസ് 3.8 ദിവസമാണ്. ഈ ഐസോട്ടോപ്പ് റേഡിയോതെറാപ്പിയിൽ ഉപയോഗിക്കപ്പെടുന്നു. റേഡിയോആക്ടിവിറ്റി മൂലം ഇതിനേപ്പറ്റിയുള്ള ഗവേഷണങ്ങൾ കുറവാണെങ്കിലും സാധാരണ നിഷ്ക്രിയമായ ഈ മൂലകത്തിന്റെ റഡോൺ ഫ്ലൂറൈഡ് (RnF2) പോലുള്ള ചില സംയുക്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്.