മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൗരവനന്ദനൻ, കൗരവേന്ദ്രൻ, കൗരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിലുണ്ട് .ദുര്യോധനന്റെ ജനനസമയത്തുണ്ടായ ചില ദുർന്നിമിത്തങ്ങൾ കണ്ട്‌ ആകുലനായ ധൃതരാഷ്ട്ര മഹാരാജാവ് പ്രാജ്ഞനായ തന്റെ അനുജൻ വിദുരരേയും , മറ്റു ബ്രാഹ്മണമുഖ്യന്മാരേയും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.

ദുര്യോധനൻ

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ കൗരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി.അതിനു കാരണവുമുണ്ട് .പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമൻ ചെറുപ്പത്തിൽത്തന്നെ കൗരവാദികളേയും ദുര്യോധനനെയും ഉപദ്രവിക്കുക പതിവായിരുന്നു .ഭീമന് ഇത് കേവലം കുട്ടിക്കളിയായിരുന്നെങ്കിലും കൗരവർക്ക് ഇത് അസഹ്യമായിത്തീർന്നു . ഭീമനിൽ നിന്നും രക്ഷപ്പെടാൻ ദുര്യോധനാദികൾ ആഗ്രഹിച്ചു . അതിനായി ഒരിക്കൽ ദുര്യോധനൻ ഭീമന് കാളകൂടവിഷം കലർത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമൻ പൂർവാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കൽ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനൻ ഒരു അരക്കില്ലം പണിയിച്ചു.എളുപ്പത്തിൽ തീ പിടിക്കുന്ന ഒരുതരം അരക്കുകൊണ്ടായിരുന്നു ആ ഗൃഹം പണി കഴിപ്പിച്ചത് . പാണ്ഡവരെ അതിൽ അകപ്പെടുത്തി ചുട്ടു കൊല്ലാനായിരുന്നു ദുര്യോധനന്റെ ഉദ്ദേശം . എന്നാൽ വിദുരരുടെ തന്ത്രപരമായ ഇടപെടല് കാരണം പാണ്ഡവർ ജീവനോടെ രക്ഷപ്പെട്ടു .അദ്ദേഹം പറഞ്ഞയച്ച ശില്പി , ദുര്യോധനന്റെ ഗൂഢമായ ഉദ്ദേശം പാണ്ഡവരെ അറിയിക്കുകയും , അവർക്കു രക്ഷയുണ്ടാകാനായി കാട്ടിലേക്ക് തുറക്കുന്ന രീതിയിൽ വലിയൊരു ഗുഹയും തുരങ്കവും ദുര്യോധനന്റെ വിശ്വസ്തനായ പുരോചനൻ അറിയാതെ അതിൽ പണി കഴിപ്പിക്കുകയും ചെയ്തിരുന്നു . പാണ്ഡവർ അരക്കില്ലത്തിൽ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനൻ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവർ ഗുഹാമാർഗ്ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവർ വെന്തെരിഞ്ഞു എന്ന ധാരണയിൽ ദുര്യോധനൻ ആശ്വസിച്ചു കഴിഞ്ഞുകൂടി.

ഈ അവസരത്തിൽ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തിൽ സംബന്ധിക്കുവാനായി ദുര്യോധനാദികൾ അങ്ങോട്ടു പുറപ്പെട്ടു. എന്നാൽ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേർന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മർ, ദ്രോണർ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനൻ ധർമപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതിൽ ദുര്യോധനൻ ധർമപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധർമപുത്രർക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങൾ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു.

ജാവയിലെ വയാങ്ങ് പാവക്കൂത്തിൽ ഉപയോഗിക്കുന്ന ദുര്യോധനന്റെ പാവയുടെ ചിത്രം

പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താൽ പാണ്ഡവർ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനൻ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് സൂചികുത്തുവാൻ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനൻ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൗരവന്മാരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തിൽ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയെല്ലൊടിഞ്ഞു നിലംപതിച്ച ദുര്യോധനൻ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു. ദുര്യോധനന്റെ ദേഹവിയോഗ സമയത്ത് ദേവകൾ പുഷ്പവൃഷ്ടി നടത്തിയത്രെ.

വിശകലനം

തിരുത്തുക

ഹൈന്ദവ പണ്ഡിതന്മാരുടെ നിരീക്ഷണത്തിൽ ദുര്യോധനൻ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കുടിലമായ വഴികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിച്ചില്ല.

യുധിഷ്ഠിരനെ യുവരാജാവാക്കുന്നത് ദുര്യോധനന് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.കുന്തിക്കു ലഭിച്ച വരം എന്നത് കെട്ടുകഥയാണെന്ന് ഉറച്ചു വിശ്വസിച്ചു.ഇക്കാരണത്താൽ കുന്തിയുടെയും മാദ്രിയുടെയും മക്കളെയും കുരു വശജരായി അംഗീകരിച്ചിരുന്നില്ല.

കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മർദ്ദനം ദുര്യോധനന്റെ മനസ്സിൽ തീർത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല. ബന്ധുജനങ്ങൾക്ക്, പ്രത്യേകിച്ച് മാതുലൻ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു. ധ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല.

ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് തന്റെ സുഹൃത്തായ കർണനോടുള്ള കറ തീർന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാർ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനൻ കർണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോൾ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു.

കലിംഗ രാജാവായ ചിത്രാംഗതൻ്റെ പുത്രി ഭാനുമതിയാണ് ദുര്യോധനന്റെ ഭാര്യ.

ദുര്യോധനന്റെ വൈഷ്ണവയാഗം

തിരുത്തുക

പാണ്ഡവരെ കാട്ടിലേക്കയച്ച ശേഷം ദുര്യോധനൻ രാജസൂയം നടത്താൻ തീരുമാനിക്കുന്നു . എന്നാൽ അഗ്രജനായ യുധിഷ്ഠിരൻ ജീവിച്ചിരിക്കെ ദുര്യോധനന് ഇത് നടത്താൻ വിധിയില്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു . തുടർന്ന് നടന്ന ചർച്ചയിൽ , രാജസൂയത്തിനു തുല്യം ഫലം നല്കുന്നതും , ലോകത്തിൽ വിഷ്ണു മാത്രം അനുഷ്ഠിച്ചിട്ടുള്ളതുമായ മറ്റൊരു യാഗമുണ്ടെന്നും, അത് ദുര്യോധനന് നടത്താമെന്നും പണ്ഡിതന്മാരായ ഋഷിമാർ വിധിച്ചു . അതാണ്‌ വൈഷ്ണവയാഗം . ഇതിന്റെ നടത്തിപ്പിനായി കർണ്ണൻ ദിഗ്വിജയം ചെയ്തു സകല രാജാക്കന്മാരെയും ജയിച്ചു . അത്തരത്തിൽ ദുര്യോധനൻ അതിശ്രേഷ്ഠ്ടമായ വൈഷ്ണവയാഗം അനുഷ്ഠിക്കുകയും , അസുരരാജാക്കൾക്കിടയിൽ ഒന്നാമനായിത്തീരുകയും ചെയ്തു .

ഭീമദുര്യോധനയുദ്ധം

തിരുത്തുക

ദുര്യോധനൻ അവസാനമായി ഭീമനോട് നടത്തിയ യുദ്ധവും , അദ്ദേഹത്തിന് സംഭവിച്ച ഊരുഭംഗവും വ്യാസമുനി - മഹാഭാരതം , ശല്യപർവ്വം [ഗദായുദ്ധ ഉപപർവ്വം] , അദ്ധ്യായം 57 , അദ്ധ്യായം 58 - ശ്ളോകങ്ങൾ 48 വരെയുള്ള ഭാഗങ്ങളിൽ ഭംഗിയായി വർണ്ണിക്കുന്നുണ്ട് .

ദ്വന്ദ്വയുദ്ധം

തിരുത്തുക

അതിശക്തന്മാരായ രണ്ടു വൃഷഭങ്ങളെപ്പോലെ അവർ പരസ്പരം പോരടിച്ചു . വിജയാർത്ഥികളായി ഭീമനും ദുര്യോധനനും പരസ്പരം ഇന്ദ്രനും പ്രഹ്ളാദനും പോലെ യുദ്ധം ചെയ്തു . അവർ പരസ്പരം പ്രഹരമേല്പിക്കുകയാൽ അവരുടെ ശരീരങ്ങൾ രണ്ടും രക്തത്തിൽ കുളിച്ചിരുന്നു . അല്പ്പസമയം വിശ്രമിച്ചിട്ടു അവർ വീണ്ടും യുദ്ധമാരംഭിച്ചു . തുല്യ ശക്തന്മാരായ അവരുടെ പോരാട്ട്ടം കണ്ടു ദേവന്മാരും ഗന്ധര്വന്മാരും വിസ്മയിച്ചു . ഇവരിൽ ആരാണ് ജയിക്കുകയെന്നു സർവ്വ ജീവികൾക്കും സംശയുമുണ്ടായി . ഭീമന്റെ ഗദാ അഭ്യാസങ്ങൾ വിസ്മയഭരിതങ്ങളായിരുന്നു . ഗദയുടെ ചുറ്റൽ ചക്രവൃത്തിയിലുള്ള നീക്കം കയറ്റം പിന്മാറ്റം എന്നിവയിൽ ഭീമൻ ശോഭിച്ചു . ശത്രുവിനുനേരെ പാഞ്ഞു കയറുകയും വൃത്താകൃതിയിൽ മുന്നേറുകയും ചെയ്ത ഭീമന്റെ നീക്കങ്ങൾ ദുര്യോധനനെക്കൂടി അതിശയിപ്പിച്ചു . അവർ രണ്ടുപേരും തമ്മിൽ അടിയും തിരിച്ചടിയുമുണ്ടായി . ദുര്യോധനൻ വലത്തെ മണ്ഡലം ആശ്രയിച്ചപ്പോൾ ഭീമൻ ഇടത്തെ മണ്ഡലത്തെ ആശ്രയിച്ചു . വൃത്താകൃതിയിൽ ചുറ്റുന്ന ഭീമനെ ദുര്യോധനൻ അതിശക്തമായി പ്രഹരിച്ചു . അതുകൊണ്ടിട്ടും ഭീമൻ അനങ്ങാത്തതു കണ്ടു എല്ലാപേരും വിസ്മയിച്ചു . വൃത്താകൃതിയിൽ ചുറ്റുന്ന ദുര്യോധനൻ അതിശക്തമായി വീണ്ടും ഭീമനെ പ്രഹരിച്ചു . അതിവേഗതയിലുള്ള ആ ഗദയുടെ വീശലിൽ അന്തരീക്ഷത്തിൽ തീ പറന്നു . അതിവേഗതയിൽ ചുറ്റിയ ദുര്യോധനൻ ഒരിക്കൽ കൂടി ഭീമന് മേലെ മേല്ക്കൈ നേടി . അതിനു ശേഷം , തന്റെ പൂർണ്ണ ശക്തിയിൽ ഭീമൻ ഗദയെ ചുഴറ്റി . അപ്പോൾ ആ ഗദയിൽ നിന്നും തീപ്പൊരികൾ പറന്നു . പുകയുമുണ്ടായി . ഭീമന്റെ ഗദ ചുഴറ്റൽ കണ്ടു ദുര്യോധനനും തന്റെ മഹാഗദയെ അതിവേഗതയിൽ ചുഴറ്റി . അവന്റെ ഗദയുടെ വായുവേഗവും ചുഴന്നു വന്ന കാറ്റും കണ്ടു പാണ്ഡവരും സോമകന്മാരും പേടിച്ചു വിറച്ചു . അതിനു ശേഷം പരസ്പരം പ്രഹരിച്ച ആ വീരന്മാർ , രണ്ടു പേരും രക്തത്തിൽ കുളിച്ചു ശോഭിച്ചു . തറയിലുറച്ചു നിന്ന് ഭീമസേനൻ കോപത്തോടെ കോപിയായ ദുര്യോധനന്റെ പൊന്നുകെട്ടിയ ഗദയിൽ തന്റെ ഗദകൊണ്ട് പ്രഹരിച്ചു . ഭീമൻ വിടുന്ന ഗദ തറയില് വീഴുമ്പോൾ ഭൂമി കുലുങ്ങിയിരുന്നു . ഇടത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടു തന്റെ ഭയങ്കരമായ ഗദയാൽ ദുര്യോധനൻ ഭീമന്റെ ശിരസ്സിൽ പ്രഹരിച്ചു . ആ അടിയേറ്റിട്ടും ഭീമൻ കുലുങ്ങിയില്ല . ഇതുകണ്ട് സർവ്വരും വിസ്മയിച്ചു . തുടർന്നു ഭീമൻ ദുര്യോധനന്റെ മേൽ തന്റെ ഗദകൊണ്ട് ശക്തിയായി പ്രഹരിച്ചു.എന്നാൽ മാരകമായ ആ പ്രഹരത്തെ ദുര്യോധനൻ തന്റെ അഭ്യാസത്താൽ തടുത്തുകളഞ്ഞു . ഭീമൻ ഗദ ചുഴറ്റിയപ്പോൾ ഇടിമുഴക്കം പോലെ വലിയ ശബ്ദവും ഭൂതലം മുഴുവൻ കുലുക്കവുമുണ്ടായി . കൗശികം എന്ന മാർഗ്ഗത്തെ അനുവർത്തിച്ചു , ഉയർന്നു ചാടിക്കൊണ്ടു ദുര്യോധനൻ പലപ്പോഴും ഭീമന്റെ പ്രഹരങ്ങളെ പാഴിലാക്കിക്കൊണ്ടിരുന്നു . ഭീമനെ ഇത്തരത്തിൽ വിഡ്ഢിയാക്കിക്കൊണ്ടു ദുര്യോധനൻ കോപത്തോടെ ഭീമന്റെ നെഞ്ചില് പ്രഹരിച്ചു . അതേറ്റു ഭീമൻ മോഹിക്കുകയും കുറച്ചു സമയം എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുകയും ചെയ്തു . ഇതുകണ്ട് സോമകൻമാരും പാണ്ഡവരും വളരെയധികം നിരാശരായി . ഈ അടിയേറ്റതോടെ കോപിഷ്ഠനായ ഭീമൻ , ദുര്യോധനന് നേരെ പാഞ്ഞു കയറി . ഗദായുദ്ധ വിദഗ്ദ്ധനായ ഭീമൻ , ദുര്യോധനന്റെ പാര്ശ്വഭാഗത്തു ഗദയാൽ പ്രഹരിച്ചു . ആ അടിയേറ്റു ദുര്യോധനൻ മുട്ടുകുത്തി നിന്നുപോയി . തുടർന്ന് ഭീമനെ ദഹിപ്പിക്കും മട്ടിൽ നോക്കിക്കൊണ്ടു സർപ്പത്തെപ്പോലെ ചീറ്റി ദുര്യോധനൻ ഭീമന്റെ നേരെ പാഞ്ഞു കയറി അദ്ദേഹത്തിൻറെ നെറ്റിക്ക് പ്രഹരിച്ചു . ആ അടിയേറ്റിട്ടും ഭീമൻ അനങ്ങിയില്ല . അടിയേറ്റു നെറ്റിപൊട്ടി രക്തം വാർന്നു കൊണ്ട് ഭീമസേനൻ തന്റെ ഗദയെ ചുഴറ്റി എതിരാളിയെ പ്രഹരിച്ചു . ഭീമന്റെ ശക്തമായ അടിയേറ്റു ദുര്യോധനൻ സാലവൃക്ഷം പോലെ ഉലഞ്ഞുകൊണ്ടു ഭൂമിയിൽ വീണു . അയാളുടെ ശരീരം തകരുന്ന മട്ടിലായി . ദുര്യോധനൻ തകർന്നു ഭൂമിയിൽ വീണപ്പോൾ പാണ്ഡവന്മാർ സന്തോഷത്തോടെ ആർത്തു വിളിച്ചു . ബോധം തിരിച്ചു കിട്ടിയപ്പോൾ ദുര്യോധനൻ കോപത്തോടെ ചാടിയെണീറ്റ് അതി വിദഗ്ദ്ധമായി ചുവടുകൾ വച്ചുകൊണ്ടു ഭീമനെ ശക്തിയായി പ്രഹരിച്ചു . ആ അടിയേറ്റു ഭീമസേനൻ ശരീരം തകർന്നു ഭൂമിയിൽ പതിച്ചു . ഭീമനെ ഇത്തരത്തിൽ അടിച്ചു വീഴ്ത്തിയിട്ടു ദുര്യോധനൻ സിംഹത്തെപ്പോലെ ഗർജ്ജിച്ചു . ആ ഭയങ്കരമായ അടിയേറ്റു ഭീമന്റെ കവചം പൊടിഞ്ഞു പോയിരുന്നു . അന്തരീക്ഷത്തിലേയും ദേവഗണങ്ങൾ ഇതുകണ്ട് നിലവിളിച്ചുപോയി . ഇത്തരത്തിൽ ഭീമസേനൻ അടിയേറ്റു ചട്ടപൊട്ടി ഭൂമിയിൽ വീണപ്പോൾ പാണ്ഡവരും സോമകൻമാരും വല്ലാതെ ഭയന്ന് പോയി . ഒരു നിമിഷം കൊണ്ട് തന്റെ പ്രജ്ഞയെ വീണ്ടെടുത്തു ഭീമസേനൻ രക്തം നിറഞ്ഞ മുഖം തുടച്ചുകൊണ്ട് പതിയെ എണീറ്റ് നിന്ന് കണ്ണുരുട്ടിക്കൊണ്ടു ദുര്യോധനനെ നോക്കി .

കൃഷ്ണാർജ്ജുന സംവാദം

തിരുത്തുക

യുദ്ധം ഇങ്ങനെ നടന്നുകൊണ്ടിരുന്നപ്പോൾ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു . " ഇവരിൽ ആരാണ് കൂടുതൽ ശക്തൻ ? എന്തൊക്കെയാണ് ഇവരുടെ കഴിവുകൾ . പറഞ്ഞാലും ". കൃഷ്ണൻ പറഞ്ഞു. " രണ്ടുപേർക്കും കിട്ടിയിരിക്കുന്ന ശിക്ഷണം തുല്യമാണ് . ഭീമന് ശക്തിയേറും . എന്നാൽ അഭ്യാസവും , ചാതുര്യവും ദുര്യോധനന് എത്രയോ അധികമാണ് . നേരായ രീതിയിൽ യുദ്ധം ചെയ്യുകയാണെങ്കിൽ , ഭീമൻ ഒരിക്കലും ദുര്യോധനനെ ജയിക്കുകയില്ല . എന്നാൽ അധാർമ്മികമായ രീതിയിൽ ഭീമന് ദുര്യോധനനെ നിശ്ചയമായും കൊല്ലാം . പണ്ട് കാലത്തു അസുരന്മാരെ ദേവന്മാർ കൊന്നത് ചതിവിലൂടെയാണ് . ഇന്ദ്രൻ വിരോചനനെ പരാജിതനാക്കിയതും ചതിയിലൂടെയാണ് . വലനെയും വൃത്രനേയും ഇന്ദ്രൻ കൊന്നതും ചതിയിലൂടെയാണ് . അതുകൊണ്ടു ഭീമൻ ദുര്യോധനനെ ചതിയിലൂടെ കൊല്ലണം . കൂടാതെ ചൂതുകളിയുടെ സമയത്തു , ദുര്യോധനന്റെ തുടയെ അടിച്ചുടയ്ക്കുമെന്നു ഭീമൻ ശപഥം ചെയ്തിട്ടുണ്ടല്ലോ . ഇപ്പോൾ ആ ശപഥം അങ്ങ് പാലിച്ചാൽ മതിയാകും . തന്റെ ഗദയെ മാത്രം ആശ്രയിച്ചു പൊരുതിയാൽ യുധിഷ്ഠിരന്റെ കാര്യം കഷ്ടമാകും . വെറും ഒരാളെ മാത്രം തോല്പിക്കുന്നതിലൂടെ രാജ്യം തരാമെന്നു പറഞ്ഞ ശുദ്ധനായ യുധിഷ്ഠിരൻ വലിയൊരു മണ്ടത്തരമാണ് കാണിച്ചത് . ഭീഷ്മരെയും മറ്റും തീവ്രമായ യുദ്ധത്തിലൂടെ വീഴ്ത്തി നേടിയ വിജയമെല്ലാം അവൻ പാഴാക്കിയിരിക്കുന്നു .ഇവൻ എന്നോടാലോചിക്കാതെയാണ് ഈ തീരുമാനമെടുത്തത് . ദുര്യോധനനാകട്ടെ നല്ലവണ്ണം അഭ്യസിക്കുകയും നല്ല നിശ്ചയത്തിലുമാണ് . ഉഷനസ്സിന്റെ വാക്കുകൾ ഞാൻ ഓർത്തുപോകുന്നു . ജീവനെപ്പോലും വകവയ്ക്കാതെ പാഞ്ഞു കയറുന്നവർക്കുമുന്നിൽ ഇന്ദ്രനുപോലും നിൽക്കാനാകില്ല .സർവ്വതും നഷ്ടപ്പെട്ടു കാട്ടിലേക്ക് പോകാനൊരുങ്ങിയവനാണ്‌ ദുര്യോധനൻ . അവനെ പോരിന് വിളിച്ചതേ ബുദ്ധിമോശമാണ് . ദുര്യോധനന്റെ ഉയർന്നുള്ള ചാട്ടം നോക്കൂ . ഇവൻ നിങ്ങൾ നേടിയ രാജ്യത്തെ ചിലപ്പോൾ തിരിച്ചെടുത്തേക്കും . അതുകൊണ്ടു ഇപ്പോൾ ഭീമസേനൻ തീർച്ചയായും ദുര്യോധനനെ ചതിയാൽ കൊല്ലണം . ഇല്ലെങ്കിൽ ഈ ദുര്യോധനൻ തീർച്ചയായും വീണ്ടും നിങ്ങളുടെ രാജാവാകും . "

ഊരുഭംഗം

തിരുത്തുക

ഭഗവാൻ കൃഷ്ണന്റെ ഈ വാക്കുകൾ കേട്ട് , അർജ്ജുനൻ ഭീമസേനൻ കാണ്കെ തന്റെ ഇടത്തെ തുടയിൽ താളം പിടിച്ചു തുടങ്ങി . ഈ സൂചന കണ്ടു മനസ്സിലാക്കിയ ഭീമൻ , തന്റെ ഗദയെ ഉയർത്തിപ്പിടിച്ചുകൊണ്ടു പലതരം യുദ്ധതന്ത്രങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി . ചിലപ്പോൾ വലത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടും , ചിലപ്പോൾ ഇടത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടും , ചിലപ്പോൾ ഗോമൂത്രകം എന്ന അടവ് കാണിച്ചുകൊണ്ടും , തന്റെ എതിരാളിയെ കബളിപ്പിക്കാനായി ഭീമസേനൻ യുദ്ധക്കളത്തിൽ ചുറ്റിത്തിരിഞ്ഞു . അതുപോലെ ദുര്യോധനനും ഭീമനെ കൊല്ലുവാനായി യുദ്ധക്കളത്തിൽ മനോഹരമായി ചുവടുകൾ വച്ചുകൊണ്ടു അടവിൽ ചുറ്റിത്തിരിഞ്ഞു . പരസ്പരം അടിയും തിരിച്ചടിയുമേറ്റു രണ്ടുപേരും ആപാദചൂഡം രക്തത്തിൽ കുളിച്ചു . ആ സമയം ദുര്യോധനന് ഒരു അവസരം നല്കിക്കൊണ്ട് ഭീമസേനൻ ചെറിയൊരു ചിരിയോടെ ദുര്യോധനാനുമേൽ പാഞ്ഞു കയറി . ആ അടിയെ പാഴിലാക്കിക്കൊണ്ടു ദുര്യോധനൻ അടവിൽ ഭീമനെ ആഞ്ഞടിച്ചു . ആ അടിയേറ്റ് ഭീമന്റെ ശരീരത്തിൽ നിന്നും വളരെയധികം രക്തം വാർന്നു പോയി . ഭീമൻ വളരെയധികം തളർന്നു . ശരീരം ഒരു കണക്കിന് താങ്ങി നിൽക്കുന്ന ഭീമസേനനെ പിന്നീട് ദുര്യോധനൻ പ്രഹരിക്കുകയുണ്ടായില്ല . താൻ കൊടുത്ത പ്രഹരത്തിനു ഭീമൻ തിരിച്ചടി നൽകാനൊരുങ്ങുന്നു എന്നാണു ദുര്യോധനൻ കരുതിയത് . അതുകൊണ്ടു ഭീമനിൽ നിന്നും ഒഴിഞ്ഞു മാറി , അടവിലായി അവന്റെ പോരാട്ടം . ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം ഭീമൻ ദുര്യോധനന് മേൽ പാഞ്ഞു കയറി . ആഞ്ഞടിക്കാനൊരുങ്ങുന്ന ഭീമന്റെ അടിയെ പാഴിലാക്കാനായി അവസ്ഥാനം എന്ന അടവുപയോഗിച്ചു ദുര്യോധനൻ അന്തരീക്ഷത്തിലേക്ക് ചാടിയുയർന്നു . ദുര്യോധനൻ ഇത്തരത്തിൽ ചാടിയുയരുമെന്നു ഭീമന് നേരത്തെ അറിയാമായിരുന്നു . അത് മനസ്സിലാക്കിയാണ് ഭീമൻ ദുര്യോധനന് നേരെ ഇങ്ങനെയൊരു അടിക്കു മുതിർന്നത് . ദുര്യോധനൻ ഉയർന്നു ചാടുമ്പോൾ അവന്റെ തുടയിലടിക്കാനുള്ള ഭീമന്റെ തന്ത്രമായിരുന്നു അത് . അതനുസരിച്ചു ദുര്യോധനൻ ഉയർന്നു ചാടിയപ്പോൾ ഭീമൻ അവസരം മുതലാക്കി ദുര്യോധനന്റെ അഴകുള്ള ഇടത്തെ തുടയിൽ ആഞ്ഞടിച്ചു . വജ്രപാതിനിയായ ആ പ്രഹരമേറ്റു ദുര്യോധനന്റെ തുടകൾ രണ്ടും തകർന്നു . ഭൂമി മുഴക്കിക്കൊണ്ട് ആർത്തനാദത്തോടെ ദുര്യോധനൻ ഭൂമിയിലേക്ക്‌ വീണു .

ദുര്യോധനനും കൃഷ്ണനും

തിരുത്തുക

മഹാഭാരതത്തിലെ ഏറ്റവും വികാരഭരിതവും വേദനാജനകവുമായ ഒരു ഭാഗമാണ് കൃഷ്ണനും ദുര്യോധനനും തമ്മിലുള്ള സംഭാഷണം . ദുര്യോധനൻ അധർമ്മിയാണെങ്കിലും അദ്ദേഹത്തിലെ കുലീനതയും ധീരതയും ദേവന്മാരെപ്പോലും ആനന്ദിപ്പിച്ചിരുന്നു . ലോകനാഥനായ ഭഗവാൻ കൃഷ്ണൻ പാണ്ഡവരുടെ ഏകയാശ്രയമായിരുന്നു . അദ്ദേഹം പാണ്ഡവരുടെ നന്മയ്ക്കായി ചെയ്ത ചില കർമ്മങ്ങളെ ദുര്യോധനൻ മരണക്കിടക്കയിൽ കിടന്നുകൊണ്ട് വിമര്ശിക്കുകയാണിവിടെ ചെയ്യുന്നത് . പാണ്ഡവർക്ക് എപ്പോഴും അഭിവന്ദ്യനായ കൃഷ്ണനെ ദുര്യോധനൻ അൽപ്പം പോലും മാനിക്കുന്നില്ല . പകരം ഭർസിക്കുകയാണ് ചെയ്യുന്നത് . അതിന്റെ ചുരുക്കം ഇങ്ങനെ .

ഭീമന്റെ ചതിയാലുള്ള പ്രഹരമേറ്റ് തുടയൊടിഞ്ഞുകിടന്ന ദുര്യോധനനെ ഭീമൻ തലയ്ക്കു ചവുട്ടി " എടാ ദ്രോഹി " -എന്ന് സംബോധന ചെയ്തു . ഇത് യുധിഷ്ഠിരനും കൃഷ്ണനും ഇഷ്ടമായില്ല . തുടർന്ന് അവർ ഭീമനെ വിലക്കുകയും ദുര്യോധനനെ ഭർസിച്ചുകൊണ്ടു സംസാരിക്കുകയും ചെയ്തു . കൃഷ്ണൻ ഇങ്ങനെ പറഞ്ഞു .വിദുരനും ദ്രോണരും ഭീഷ്മരും സഞ്ജയനുമൊക്കെ ഉപദേശിച്ചിട്ടും ഇവർ പാണഡവർക്കു അവരുടെ പിതൃരാജ്യം നൽകിയില്ല . ഇവൻ മിത്രവുമല്ല ശത്രുവുമല്ല . ഇവൻ പുരുഷാധമനാണ് . എന്തിനാണ് കൊള്ളിവാക്കുകളാൽ ഇവനെ വീണ്ടും നിങ്ങൾ കുത്തുന്നു . മന്നവന്മാരെ നിങ്ങൾ തേരിൽ കയറുക . നമുക്ക് പോകാം . ഭാഗ്യം കൊണ്ട് ഈ പാപി ബന്ധുക്കളോടൊത്തു കൊല്ലപ്പെട്ടു .

കൃഷ്ണന്റെ ഈ ആക്ഷേപം ദുര്യോധനൻ കേട്ടു . അവൻ വേദന കടിച്ചിറക്കിക്കൊണ്ട് ഉയർന്നിരുന്ന് കൃഷ്ണനെ നോക്കി ഇങ്ങനെ പറഞ്ഞു . " കംസദാസന്റെ പുത്രാ . നിനക്കിതിൽ നാണമില്ലേ ?. തികഞ്ഞ അധർമ്മത്താൽ അല്ലേ ഭീമൻ എന്നെ വീഴ്ത്തിയത് ?. എന്നെ തുടയിൽ അടിക്കുവാൻ അർജ്ജുനൻ വഴി ഭീമനെ ഓർമ്മിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ നീ കരുതുന്നത് ?. സത്യയുദ്ധം ചെയ്യുന്ന യോദ്ധാക്കളെ ചതിവിദ്യകൾ ചെയ്തു തോൽപ്പിച്ചിട്ടും നിനക്ക് നാണമില്ലേ ?. നാൾ തോറും യോദ്ധാക്കളെ വീഴ്ത്തിക്കൊണ്ടിരുന്ന ഭീഷ്മരെ ശിഖണ്ഡിയെ മുൻനിറുത്തിയല്ലേ അർജ്ജുനൻ വധിച്ചത് ? അശ്വത്ഥാമാവ് എന്ന ആനയെക്കൊന്ന് വില്ലു വയ്പ്പിച്ചിട്ടല്ലേ ദ്രോണരെ ധൃഷ്ടദ്യുമ്നൻ കൊന്നത് ? അതും നീ കണ്ടു നിന്നില്ലേ ?പാർത്ഥനെ കൊല്ലാനായി കർണ്ണൻ യാചിച്ചു വാങ്ങിയ വേൽ ഘടോൽക്കചനിൽ പ്രയോഗിപ്പിച്ചതും പാപിയായ നീയല്ലേ ? കൈയ് അറ്റു പ്രായോപവേശം ചെയ്ത യൂപകേതുവിനെ സാത്യകിയെക്കൊണ്ട് കൊല്ലിച്ചതും നീയല്ലേ ? അർജ്ജുനനെ വധിക്കുവാൻ മുഖ്യകർമ്മം ചെയ്യുന്ന കർണ്ണനെ നീ ചതിച്ചു . അശ്വസേനഫണീന്ദ്രനെ നീ ചതിച്ചു . രഥ ചക്രം വീണു കഷ്ടപ്പെട്ട് കുഴങ്ങുമ്പോൾ ചക്രം പൊക്കുന്ന നേരത്തല്ലേ മനുഷ്യരിൽ ശ്രേഷ്ഠനായ കർണ്ണനെ നീ കൊല്ലിച്ചത് ?. എന്നോടും കർണ്ണനോടും ഭീഷ്മരോടും ദ്രോണരോടുമൊക്കെ നേരെചൊവ്വേ പൊരുതിയിരുന്നെങ്കിൽ നിങ്ങൾ ജയിക്കുമോ ? ഒരിക്കലുമില്ല . അനാര്യനായ നീ ചതിപ്പണി ചെയ്തു ധർമ്മിഷ്ഠരായ രാജാക്കളെയൊക്കെ കൊല്ലിച്ചു . ചതിച്ചു എന്നെയും മറ്റുള്ളവരെയും കൊല്ലിച്ചില്ലേ ?."

വാസുദേവൻ മറുപടി പറഞ്ഞു . " ഹേ ഗാന്ധാരീപുത്രാ . പാപമാർഗ്ഗത്തിൽ നിൽക്കുന്ന നീ ബന്ധുക്കളോടും ഭ്രാതാക്കളോടും മരിച്ചത് നിന്റെ പാപംകൊണ്ടാണ് . ഭീഷ്മദ്രോണാദികൾ വീണുപോയതും നിന്റെ പാപംകൊണ്ടു മാത്രമാണ് . കർണ്ണൻ നിന്റെ മാർഗ്ഗം പിന്തുടർന്നതുകൊണ്ടാണ് മരണപ്പെട്ടത് . ഞാൻ ഇരന്നിട്ടും പാണ്ഡവരുടെ പിതൃസ്വത്ത് നീ കൊടുത്തുവോ ? . ലോഭം കൊണ്ട് ശകുനിയുടെ ഉപദേശപ്രകാരമല്ലേ പാണ്ഡവരുടെ പിതൃസ്വത്ത് നീ തട്ടിയെടുത്തത് ? . നീ ഭീമന് വിഷം കൊടുത്തില്ലേ ?. പാണ്ഡവരെ അവരുടെ മാതാവോടൊപ്പം അരക്കില്ലത്തിലിട്ടു നീ ചുട്ടില്ലേ ?. തീണ്ടാരിയായിരുന്ന കൃഷ്ണയെ ചൂതാടുന്ന സഭയിലിട്ടു വലിച്ചിഴച്ചില്ലേ ? . എടാ ദുഷ്ടാ, അപ്പോൾത്തന്നെ നാണമില്ലാത്ത നീ മരിച്ചു കഴിഞ്ഞു. ചൂതറിയാത്ത യുധിഷ്ഠിരനെ അക്ഷവിദഗ്ദ്ധനായ ശകുനിയെക്കൊണ്ട് നീ ചതിച്ചു ജയിച്ചു. അതുകൊണ്ടൊക്കെയാണ് നിന്നെ ഇങ്ങനെ കൊന്നത് . പാപിയായ നിന്റെ അളിയൻ ജയദ്രഥൻ കാട്ടിൽ വച്ച് പാണ്ഡവരില്ലാത്ത സമയം നോക്കി ദ്രൗപദിയെ അപഹരിച്ചു പീഡിപ്പിച്ചു. പല മഹാരഥന്മാർ ചേർന്ന് അഭിമന്യുവിനെ നിന്റെ പ്രേരണയാൽ അടിച്ചു കൊന്നു . അതുകൊണ്ടൊക്കെയാണ് നിന്നെ ഇങ്ങനെ കൊന്നത്. ഏതേത് അന്യായം ഞങ്ങൾ ചെയ്തതായിട്ടു പറയുന്നുവോ അതൊക്കെ നിന്റെ ദുഷ്ടതകൊണ്ട് ചെയ്തതാണ് . ഗുരുജനങ്ങളുടെ ഉപദേശം നീ കേട്ടില്ല . നീ വൃദ്ധന്മാരെ ഉപാസിച്ചിട്ടില്ല . അവരുടെ ഹിതം കേട്ടുമില്ല . ലോഭത്തിനും തൃഷ്ണയ്ക്കും നീ പാട്ടിലായി . പല ദുഷ്ക്കർമ്മങ്ങളും നീ ചെയ്തു . അതിന്റെ ഫലം നീ അനുഭവിക്കുക . "

തുടർന്ന് കൃഷ്ണനോട് ദുര്യോധനൻ പറഞ്ഞു . " ഞാൻ നന്നായി അദ്ധ്യായനം ചെയ്തു . ധാരാളമായി ദാനം ചെയ്തു . ഭൂമി നന്നായി ഭരിച്ചു . സ്വധർമ്മം നോക്കുന്ന രാജാക്കന്മാർക്ക് എപ്രകാരമുള്ള അന്ത്യമാണോ ശ്രേഷ്ഠമായി കണക്കാക്കുന്നത് അപ്രകാരമുള്ള ഒരന്ത്യം എനിക്ക് ലഭിച്ചു . ശത്രുവിനോട് ധീരമായി പോരാടി ഞാൻ പതിച്ചു . ഇത്ര ഉത്തമമായ ഒരന്ത്യം ഏതു രാജാവിനുണ്ടാകും ?. മന്നവന്മാർക്കു ദുർലഭവും വിണ്ണോർക്കു ചേർന്നതുമായ അത്യൈശ്വര്യം നേടി വാണു . എനിക്ക് ഇപ്രകാരം ശ്രേഷ്ഠമായ അന്ത്യമുണ്ടായി . ഇങ്ങനെ ഉത്തമമായ അന്ത്യം ആർക്കു ലഭിക്കും ?. ഹേ അച്യുതാ , ഞാൻ എന്റെ സുഹൃത്തുക്കളോടും സഹോദരങ്ങളോടുമൊത്ത് സ്വർഗ്ഗത്തിൽ സുഖിക്കും . നിങ്ങളൊക്കെ ആശകെട്ട് ദുഃഖിച്ച് ദുഃഖിച്ച് നാളുകൾ ദീനമായി കഴിച്ചുകൂട്ടും . "

ധീരനായ ദുര്യോധനൻ ഇത് പറഞ്ഞപ്പോൾ അവിടെ പുണ്യഗന്ധമുള്ള പുഷ്പങ്ങളുടെ വൃഷ്ടിയുണ്ടായി . മനോഹരമായ വാദ്യം ഗന്ധർവന്മാർ കൊട്ടി ഘോഷിച്ചു . ദുര്യോധനനെ കീർത്തിച്ച് അപ്സരസ്സുകൾ പാടി . സിദ്ധന്മാർ "നല്ലത് ", "നല്ലത് " , എന്ന് പറഞ്ഞു ദുര്യോധനനെ പുകഴ്ത്തി . പുണ്യഗന്ധം പരത്തുന്ന കാറ്റു വീശി . ദിക്കുകളൊക്കെ പ്രകാശിച്ചു . ആകാശവും വൈഡൂര്യം പോലെ ശോഭിച്ചു . ദുര്യോധനനെ ദേവന്മാർ പൂജിച്ചതു കണ്ടു; ആ അത്യത്ഭുതമായ പൂജ കണ്ടു കൃഷ്ണനും പാണ്ഡവരും ലജ്ജിതരായി . ഭീഷ്മരെയും ദ്രോണരെയും കർണ്ണനേയും ഭൂരിശ്രവസ്സിനേയും അധർമ്മത്താൽ കൊന്നതായി ദുര്യോധനൻ പറഞ്ഞതുകേട്ട് പാണ്ഡവർ ദുഃഖിതരായി .[1] [2]

ദുര്യോധനൻ സ്വർഗ്ഗത്തിൽ

തിരുത്തുക

ജീവിതകാലത്ത് ഘോരങ്ങളായ പല അധർമ്മങ്ങളും പ്രവർത്തിച്ചുവെങ്കിലും ബലരാമന്റെ അനുഗ്രഹവും , ക്ഷത്രിയോചിതമായ മരണവും നേടുകയാൽ ദുര്യോധനന് ശ്രഷ്ഠമായ സ്വർഗ്ഗം ലഭിച്ചു . സ്വർഗ്ഗാരോഹണപർവ്വതത്തിൽ ധർമ്മരാജാവായ യുധിഷ്ഠിരൻ ദുര്യോധനൻ സ്വർഗ്ഗത്തിലിരുന്ന് പൂജയേൽക്കുന്നത് നേരിട്ട് കാണുകയുണ്ടായി .ഇതുകണ്ട് യുധിഷ്ഠിരന് വല്ലാത്ത കോപമുണ്ടായി . അദ്ദേഹം ദുര്യോധനനിരിക്കുന്ന സ്വർഗ്ഗം തനിക്കു ആവശ്യമില്ലെന്നു വരെ പറഞ്ഞുവത്രേ . തുടർന്ന് നാരദമുനി യുധിഷ്ഠിരനോട് ഇങ്ങനെ പറയുന്നുണ്ട് . ക്ഷത്രിയധർമ്മം വിധിപോലെ അനുഷ്ഠിച്ച് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയതാണ് . മഹാഭയത്തിൽ പോലും കുലുങ്ങാത്തവനാണ് ദുര്യോധനൻ . ദേവന്മാരും അനേകം സത്തുക്കളും രാജാക്കന്മാരും ഇവിടെ ദുര്യോധനനെ പൂജിക്കുന്നു . ഭൂമിയിലെ വിരോധങ്ങൾ സ്വർഗ്ഗത്തിലേക്ക് കൊണ്ട് വരരുത് . അങ്ങ് ദുര്യോധനരാജാവുമായിച്ചേരുക . [3]

ഭാസന്റെ ദുര്യോധനൻ

തിരുത്തുക

ഭാസന്റെ ഊരുഭംഗം വളരെ വ്യെത്യസ്തമായ ഒരു ദുര്യോധന ചിത്രമാണ് നൽകുന്നത്. അതനുസരിച്ച് രജോഗുണത്തിന്റെ മൂർത്തിയായി കാണാവുന്ന വ്യക്തിയാണ് ദുര്യോധനൻ. ഭീമസേനന്റെ ചതിപ്രയോഗത്താൽ തുടതകർന്നു കിടക്കുന്ന ദുര്യോധനൻ വളരെ പക്വമതിയായാണ് ഭാസൻ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചതിക്ക് പകരം വീട്ടാം ഞാൻ എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്ന ബലഭദ്രനോട്" കുരുകുലത്തിന് നിവാപമേഘമായി പാണ്ഡവർ നിലനിൽക്കട്ടെ.[4] വീരനായ ഭീമൻ തന്നോട് ചതി ചെയ്തെങ്കിൽ വഞ്ചിക്കപ്പട്ടത് താനല്ല അയാൾ തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു.[5] തന്നെ സ്നേഹിച്ചവർക്ക് പരമവധി സ്നേഹവും ദ്വേഷിച്ചവർക്ക് പരമാവധി ദ്വേഷവും ഞാൻ നൽകി. എന്നോടുകൂടി ഈ വൈരം അവസാനിക്കട്ടെ. പാണ്ഡവരെ എന്നെ എന്നപോലെ സേവിക്കണം. കുന്തിമാതാവു പറയുന്നതുപോലെ ചെയ്യണം". എന്നാണ് തുടതകർന്ന കിടക്കുന്ന വേളയിൽ അടുത്തെത്തുന്ന പുത്രൻ ദുർജ്ജയനോട് അതിൽ പറയുന്നത്.[6] അശ്വത്ഥാമാവിനോട്- ചൂതുവേളയിൽ ദ്രൗപദിയോടു ചെയ്തതും കുഞ്ഞായ അഭിമന്യുവിനോടു യുദ്ധനിയവിരുദ്ധമായി പലർ പോരിട്ട് കൊന്നതും കള്ളച്ചൂതിൽ തോറ്റ പാണ്ഡവരെ മൃഗങ്ങളെ പോലെ കാട്ടിലേക്ക് പായിച്ചതും ഓർത്താൽ എന്റെ അഹങ്കാരം തീർക്കാൻ അവർ ചെയ്തത് എത്ര നിസ്സാരം[7]

 1. തന്നെ സ്നേഹിച്ചവർക്കും ബഹുമാന്യർക്കും അത് വേണ്ടുംവണ്ണം നൽകി എന്നതിന് പുത്രനോടുള്ള വാത്സല്യം എന്ന ഒറ്റ ദൗർബ്ബല്യമുള്ള ധൃതരാഷ്ട്രർ ഒന്നാമത്തെ തെളിവാണ്.
 2. അമ്മയോട്- യുദ്ധം നടന്ന 18 ദിവസങ്ങളിൽ എല്ലാം ദുര്യോധനന്റെ ആദ്യ പരിപാടി മാതൃദർശനമായിരുന്നു. എന്നാൽ എവിടെയാണോ ധർമ്മം അത് വിജയിക്കും എന്ന അർത്ഥത്തിലുള്ള യതോ ധർമ്മ സ്തതോ ജയഃ എന്ന ഒറ്റ അനുഗ്രഹമേ ആ അമ്മ ക്ക നൽകാനുണ്ടായിരുന്നു. ഒരർത്ഥത്തിൽ ശാപം പോലുള്ള ആ അനുഗ്രഹം ദുര്യോധനനെ പിന്തിരിപ്പിച്ചില്ല എന്ന് വ്യാസൻ.
 3. ദുര്യോധനന്റെ കിങ്കരനെപ്പൊലെഉള്ള ദുശ്ശാസൻ തുടങ്ങിയ തൊണ്ണൂറ്റി ഒമ്പത് അനുജന്മാരുള്ള അദ്ദേഹം ജ്യേഷ്ഠൻ എന്ന നിലക്ക് അപ്രമാദിയാണ്
 4. സുഹൃത്തെന്ന നിലക്ക് കർണ്ണനും ദുര്യോധനനുമായുള്ള ബന്ധത്തിന് കിടപിടിക്കുന്ന ഒരു സൗഹൃദം മഹാഭാരതത്തിലോ ഇന്ത്യൻ വാങ്മയങ്ങളിൽ പോലും ഉണ്ടോ എന്നു സംശയിക്കണം.

കുട്ടികൃഷ്ണമാരാർ തന്റെ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെടുന്നു -അഭിമാനത്തിന്റെ യും കൂസലില്ലായ്മയുടെയും പ്രതീകമായ ദുര്യോധനൻ ധർമ്മമാണോ അല്ലയോ എന്ന് ഒരു വേളപോലും ചിന്തിച്ചില്ല. തനിക്കു ശരിയെന്നു തൊന്നിയത് ആത്മവിശ്വാസത്തോടെ ചെയ്തു ആജീവനാന്തം രാജാവായി ജീവിച്ചു. യുധിഷ്ടിരനാകട്ടെ സംശയിച്ച് സംശയിച്ച് ആ ജീവനാന്തം തന്റെ കൂടെ യുള്ളവരെ പോലും കഷ്ടപ്പെടുത്തി.[8]

 1. Kisori Mohan Ganguli Translation of Mahabharathaമഹാഭാരതം ,ശല്യപർവ്വം , അദ്ധ്യായം 61 , ശ്ളോകങ്ങൾ 18 മുതൽ 59 വരെയുള്ള ഭാഗം
 2. BORI CE MahabharathaBORI മഹാഭാരതം ,ശല്യപർവ്വം , അദ്ധ്യായം 60 , ശ്ളോകങ്ങൾ 18 മുതൽ 55 വരെയുള്ള ഭാഗം
 3. Kisori Mohan Ganguli translation of mahabharathaമഹാഭാരതം , സ്വർഗ്ഗാരോഹണപർവ്വം , അദ്ധ്യായം -1
 4. ഊരുഭംഗം 31
 5. എന്നാൺ കത്തിജ്ജ്വക്കുന്ന അരക്കില്ലത്തിൽനിന്നും ഒറ്റക്ക് പാണ്ഡവരെ രക്ഷിച്ചവനും വൈശ്രവണനോട് വലിയ പാറകളാൽ എതിരിട്ടവനും, ഹിഡിംബനെ കൊന്നവനും ആയ ഭീമൻ എന്നെ ചതിയിലാണ് തോൽപ്പിക്കുന്നതെങ്കിൽ ഞാൻ വഞ്ചിക്കപ്പെട്ടവനല്ല.-ഊരുഭംഗം, ശ്ലോകം 34
 6. ഊരുഭംഗം 52, 53
 7. ഊരുഭംഗം-63
 8. നേശേ ബലസ്യേതി ചരേദധർമ്മം- ഭാരതപര്യടനം
"https://ml.wikipedia.org/w/index.php?title=ദുര്യോധനൻ&oldid=4080478" എന്ന താളിൽനിന്ന് ശേഖരിച്ചത്