പുന്നപ്ര-വയലാർ സമരം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.[1] നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.[2][better source needed]
കയർതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും.[3] മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു.[4] കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകൾ തൊഴിലാളികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ കൂട്ടമായി വിലപേശാൻ തുടങ്ങി. ജന്മിമാർ ഒട്ടും തന്നെ താഴാൻ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ അവരും സ്വീകരിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാർട്ടി തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകാൻ തുടങ്ങി. ടി.വി. തോമസ്, ആർ. സുഗതൻ, പി. ടി. പുന്നൂസ്, എസ്. കുമാരൻ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.[5]
കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 - 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്.[6] നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. [7] [8]
സമര പശ്ചാത്തലം
തിരുത്തുകആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന കർഷകർ ജന്മിമാരുടെ ചൂഷണത്തിനു ഇരകളായിരുന്നു. ജന്മിമാർക്ക് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ നായർ പോലീസ് സേനയുടെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. ചൂഷണം പ്രതിരോധിക്കുന്നതിനായി കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ അണിനിരന്നു. സന്നദ്ധസേവക കാമ്പുകൾ രൂപവത്കരിച്ച് തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകപ്പെട്ടു.
തിരുവിതാംകൂറിന്റെ സാമൂഹികാവസ്ഥ
തിരുത്തുകനൂറ്റാണ്ടുകളായി കടുത്ത ജാതീയത കൊടികെട്ടി നിന്നിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ 75% ശതമാനത്തോളം ജനങ്ങൾ, ഭൂരഹിതരായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഉന്നത-ജാതി ഹിന്ദുക്കളുടെയും, സിറിയൻ ക്രിസ്ത്യാനികളുടെയും കൈവശമായിരുന്നു. 1860-കൾ മുതൽ തേങ്ങ മുതലായ നാണ്യവിളകൾക്കുണ്ടായ അധികാവശ്യകത മൂലം, പാരമ്പര്യമായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന, ജാതി വ്യവസ്ഥയിൽ താഴേക്കിടയിലുള്ള ഈഴവരുടെ സാമ്പത്തികനില അല്പം മെച്ചപ്പെടുകയും, പുതിയ മദ്ധ്യവർഗ്ഗമായി ഉയർന്നുവരികയുമുണ്ടായി.[9] തൽഫലമായി, മറ്റുയർന്ന ജാതിക്കാർക്ക് സമാനമായ സാമൂഹികനില തങ്ങൾക്കും വേണമെന്ന ആവശ്യം അവർ ഉയർത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തോടെ തിരുവിതാംകൂറിലെ കയറുല്പന്നമേഖല ഉല്പാദനച്ചെലവ്, യൂറോപ്പിലേയും അമേരിക്കയിലേയും ഫാക്ടറികളുടേതിനെ അപേക്ഷിച്ച് കുറവാകുകയും, അങ്ങനെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും, കയറുല്പന്നവ്യവസായങ്ങൾ തഴച്ചു വളരുകയും ചെയ്തു. 1938-ന് ശേഷം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്തി ലീഗിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരത്തിനായി ഇറങ്ങി. ഇതോടെ ട്രേഡ് യൂണിയനുകളും ഈ മേഖലയിൽ ശക്തമാകുവാൻ തുടങ്ങി.[10] 1940-ഓടെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (TCFWU) നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1939-ൽ 7400 അംഗങ്ങളുണ്ടായിരുന്ന യൂണിയന്, 1942 ആയപ്പോഴേക്കും 12,000-നും 15,000-നും മദ്ധ്യേ അംഗങ്ങളും, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്കും, ഏകദേശം 17,000 അംഗങ്ങളായും വളർന്നു. കയറുല്പന്ന മേഖലയിലെ യൂണിയൻ പ്രവർത്തനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി, മറ്റ് മേഖലകളിലും - ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ - ആളുകൾ സംഘടിക്കുവാൻ തുടങ്ങി. 1940-ന്റെ മദ്ധ്യത്തോടെ, ഇന്ത്യയിലെ മറ്റ് മേഘകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ചില പ്രത്യേക സാമൂഹികസാഹചര്യങ്ങൾ വികസിച്ചുവരികയുണ്ടായി. ഇതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്.
- ഉയർന്ന സാക്ഷരതാ നിരക്ക്.
- 1920 മുതൽക്ക് നിർമ്മിതമായിക്കൊണ്ടിരുന്ന ബൗദ്ധികപരമായ ഉന്നമനം.
- ഈ മേഖലയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവരുടെ ഉയർച്ച. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തള്ളിപ്പറയുവാനും, തൊഴിലാളിസമൂഹത്തിൽ പൊതുവെ വർഗ്ഗബോധം ഉണർത്തുവാനും ഈ ഉയർച്ച കാരണമായി.
- നാനാവിധ ജാതി-മതവിഭാഗത്തിൽപെട്ടവർ ഒരുമിച്ച് പണിയെടുക്കുവാൻ കയർ ഫാക്ടറികൾ കാരണമായത്.
ഇക്കാരണങ്ങൾ കൊണ്ട്, സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾ, പ്രത്യേകിച്ചും തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുകയുണ്ടായി. [11]
സാമ്പത്തികപരിതഃസ്ഥിതി
തിരുത്തുകമത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും മറ്റ് തൊഴിലാളികളെപ്പോലെ ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശമില്ലാത്തവരായിരുന്നു. . സ്വന്തമായി ഭൂമിയില്ലാത്ത ഇവർ, മുതലാളിമാരുടെയോ അവരുടെ ബന്ധുമിത്രാദികളുടെയോ കുടിയാന്മാർ ആയിരുന്നു. ഇതിന്റെ പേരിലുള്ള ചൂഷണത്തിന് പുറമെ, മതപരമായ ചൂഷണങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ടായിരുന്നു.
1942-ഓട് കൂടി, അന്ന് കേരളത്തിലുടനീളം പ്രചാരം വർദ്ധിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ ഒരു ശക്തമായ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ ഉയർന്നു വരികയുണ്ടായി. ഇതിന് പുറമെ, ചകിരിപിരി തൊഴിലാളി യൂണിയൻ, കന്നിട്ടത്തൊഴിലാളി യൂണിയൻ, കർഷകത്തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, മരപ്പണിത്തൊഴിലാളി യൂണിയൻ, തയ്യൽത്തൊഴിലാളി യൂണിയൻ, തൂമ്പാത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, ചെത്തുതൊഴിലാളി യൂണിയൻ, അലക്കുതൊഴിലാളി യൂണിയൻ, ഡൊമസ്റ്റിക് വർക്കേഴ്സ് യൂണിയൻ മുതലായവയും പുന്നപ്രയിലും പരിസരപ്രദേശങ്ങളിലും ശക്തിപ്രാപിക്കുകയുണ്ടായി. ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.റ്റി.റ്റി.യു.സി) എന്ന കേന്ദ്ര സംഘടനയും നിലവിലുണ്ടായിരുന്നു.
തൊഴിലാളികളുടെ സംഘംചേരലും, അവകാശം ചോദിച്ചു വാങ്ങലും, പൊതുവിൽ മുതലാളിമാരെയും മറ്റ് നാട്ടുപ്രമാണിമാരേയും ചൊടിപ്പിച്ചു. യുദ്ധാനന്തരകാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും, വിലക്കയറ്റവും, ഭക്ഷണക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളും തമ്മിൽ മുമ്പേ നിലനിന്നിരുന്ന സംഘർഷത്തെ ഒന്ന് കൂടി രൂക്ഷമാക്കുകയുണ്ടായി. കരിഞ്ചന്തക്കാരും പൂഴ്ത്തിവെയ്പുകാരും സർക്കാരിന്റെ മൗനസമ്മതത്തോടെ ജനങ്ങളെ കൂടുതൽ പിഴിഞ്ഞു. പട്ടിണി കാട്ടുതീപോലെ പടരുകയായിരുന്നു. ഇതിനെതിരേ ശബ്ദിച്ച രാഷ്ട്രീയപ്രവർത്തകരെ നിരോധനം കൊണ്ടു നേരിട്ടു.[12]
മൂന്ന് വശവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട വയലാറിലേക്ക്, ഏറ്റവുമടുത്ത ചേർത്തലയിൽ നിന്നും കരമാർഗ്ഗം ആറ് മൈൽ ദൂരമുണ്ടായിരുന്നു. ഫലഫൂയിഷ്ഠമായ മണ്ണിൽ തഴച്ചു വളർന്നിരുന്ന തെങ്ങിൻതോപ്പുകളും നെല്പാടങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും 1943-ൽ ഇന്ത്യയിലുണ്ടായ ഭക്ഷ്യക്ഷാമം ഈ മേഖലയെ ഗൗരവമായി ബാധിക്കുകയുണ്ടായി.[13]
കലാപത്തിനുള്ള കാരണങ്ങൾ
തിരുത്തുകതൊഴിലാളിയൂണിയനുകളുടെ വളർച്ചയും, ശക്തിയും വ്യവസായികളിലും, ഭൂപ്രഭുക്കന്മാരിലും നേരിയതല്ലാത്ത ഭയം സൃഷ്ടിച്ചു. സാധ്യമായ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് അവർ പ്രസ്ഥാനത്തെ അടിച്ചമർത്താൻ നോക്കി. തൊഴിലാളികളെ ദേഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങി. വീടുകളിൽ കയറി സ്ത്രീകളേയും കുട്ടികളേയും പോലും ഉപദ്രവിച്ചു. യൂണിയനിൽ ചേർന്നു എന്ന കാരണം പറഞ്ഞ് തങ്ങൾ താമസിക്കുന്ന ഭൂമിയിൽ നിന്നും ഒഴിപ്പിച്ചു.[14] ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് സർക്കാർ കൂടുതൽ പോലീസുകാരേ ഈ പ്രദേശങ്ങളിലേക്കയച്ചു. തൊഴിലാളികളുമായുള്ള ഏറ്റുമുട്ടലിൽ ജന്മികളുടെ സഹായിയായ രാമൻ എന്നൊരാൾ മരിച്ചു. സൈന്യവും പോലീസും സ്ഥലത്തെത്തി തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചു. യൂണിയനാഫീസുകൾ തകർത്തു, അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചു. ഇത്തരം ചെയ്തികൾ കൂടുതലായപ്പോൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് തൊഴിലാളികൾ ചിന്തിക്കാൻ തുടങ്ങി.[15]
ദിവാൻ പ്രഖ്യാപിച്ച പുതിയ ഭരണപരിഷ്കാരങ്ങൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാർട്ടിയും തള്ളിക്കളഞ്ഞു. അവർ തിരുവിതാംകൂറിൽ ഉത്തരവാദഭരണമാണ് ആവശ്യപ്പെട്ടത്. മാത്രമല്ല, ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള സമരം ശക്തമാക്കാനും അവർ തീരുമാനിച്ചു. ദിവാനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ വേണ്ടി 1946 സെപ്തംബർ 15 ആം തീയതി പണിമുടക്കു നടത്തുകയും ചെയ്തു. സർക്കാർ അനുരഞ്ജനത്തിനുള്ള ശ്രമം തുടങ്ങുകയും സമരനേതാക്കളെ ദിവാന്റെ വസതിയായ ഭക്തിവിലാസത്തിൽ ചർച്ചക്കായി വിളിച്ചു വരുത്തുകയും ചെയ്തു. ടി.വി.തോമസ്സും, എൻ.ശ്രീകണ്ഠൻനായരുമാണ് ചർച്ചയിൽ പങ്കെടുത്തത്.[16] രാഷ്ട്രീയത്തിൽ നിന്നും പിൻമാറാൻ ദിവാൻ നേതാക്കളോട് ആവശ്യപ്പെട്ടു.[17] രാജ്യത്തിന്റെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ദിവാൻ 1946 ഒക്ടോബർ 1 ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ റദ്ദു ചെയ്തു. നേതാക്കളെ തുറുങ്കിലടച്ചു.[18]
പുന്നപ്രയിലെ വെടിവെപ്പ്
തിരുത്തുകഉയർന്നുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിനു് ആലപ്പുഴ, ചേർത്തല മേഖലകളിലേക്കു് ഗവണ്മെന്റ് കൂടുതൽ പോലീസുകാരെ നിയോഗിച്ചു. അതേ സമയം തന്നെ തൊഴിലാളികൾക്കു് ഒരു തരം അർദ്ധസൈനികപരിശീലനം നൽകുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാർട്ടി വിവിധകേന്ദ്രങ്ങളിൽ വോളണ്ടിയർ ക്യാമ്പുകളും സംഘടിപ്പിച്ചു. സർക്കാർ തങ്ങളുടെ പോലീസ് സേനയ്യ്ക്കു് ക്രമസമാധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു് വിപുലമായ അധികാരങ്ങൾ നൽകിക്കൊണ്ടിരുന്നു.
കർഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്, പി. ടി. പുന്നൂസ്, ആർ. സുഗതൻ തുടങ്ങിയവരുടെ കീഴിൽ ശക്തിപ്പെട്ടു. ഇതിനെതിരായി ദിവാൻ സർ. സി.പി. ഭീകരഭരണം അഴിച്ചുവിട്ടു. ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. ഗവണ്മെന്റിന്റെ മർദ്ദനനയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ തീരദേശതൊഴിലാളികൾ 1946 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ തുടരെത്തുടരെ പണിമുടക്കി. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിൽ ഗവണ്മെന്റിനും സംഘടിതതൊഴിലാളി വർഗ്ഗത്തിനും ഇടയിൽ സംഘർഷം ഉരുണ്ടുകൂടി.[19][20]
അക്കൊല്ലം ഒക്ടോബറിൽ പുന്നപ്ര ഗ്രാമത്തിലൂടെ ഒരു സംഘം പോലീസുകാർ മാർച്ചുനടത്തി. സ്ഥലവാസികളെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണിതു ചെയ്തതെങ്കിലും ഗ്രാമീണർ സായുധരായിത്തന്നെ അവരെ നേരിട്ടു. ഗത്യന്തരമില്ലാതെ പോലീസിനു പിന്തിരിയേണ്ടി വന്നു.
1946 ഒക്ടോബർ 20 ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് 27 ആവശ്യങ്ങളുള്ള ഒരു പത്രിക സർക്കാരിനു സമർപ്പിച്ചു. ദിവാനെ മാറ്റി ഉത്തരാവദ ഭരണം നടപ്പിലാക്കുക എന്നതായിരുന്നു മുഖ്യമായ ആവശ്യങ്ങളിലൊന്ന്.[21] ഒക്ടോബർ 22-നു് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് ഒരു രാജ്യവ്യാപക പണിമുടക്കു പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ പട്ടണത്തിൽ തൊഴിലാളികളുടെ ഒരു ഗംഭീരപ്രകടനം നടന്നു. ആ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വ്യവസായശാലകളെല്ലാം അടച്ചിട്ടു. രാജാവിന്റെ ജന്മദിന ദിവസമായ 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കള്ളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു. ഒരാൾ മരണമടഞ്ഞു. ആയുധധാരികളായ ജനക്കൂട്ടം പുന്നപ്രക്കു സമീപം പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു ഒരു സബ് ഇൻസ്പെക്ടറും, മൂന്നുപോലീസുകാരും മരിച്ചു. പോലീസ് തിരികെ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 25 ന് ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.
പുന്നപ്രയിൽ നടന്ന ഈ ആക്രമണങ്ങൾ 1946 ഒക്ടോബർ 24-(കൊല്ലവർഷം 1122 തുലാം 7) നു ആയിരുന്നു.
മാരാരിക്കുളം വെടിവെപ്പ്
തിരുത്തുകപുന്നപ്രയ്ക് പുറമേ ആലപ്പുഴ നഗരത്തിനും പതിനഞ്ച് കിലോമീറ്റർ വടക്കുമാറി മാരാരിക്കുളവും തൊഴിലാളിസമരവേദിയായിരുന്നു. ഇവിടെ സംഘടിപ്പിച്ച ക്യാമ്പിലും നൂറുകണക്കിന് തൊഴിലാളിൾ പട്ടാളത്തെ നേരിടാനായി പരിശീലനം നേടി. തുടർന്ന് പുന്നപ്രയിൽ നിന്നും വയലാറിലേക്ക് മാർച്ച് ചെയ്യാനിരുന്ന പട്ടാളക്കാരുടെ മാർഗ്ഗം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ആലപ്പുഴ - കൊച്ചി പാത (നിലവിൽ ദേശിയപാത 66) ലെ മാരാരിക്കുളം പാലം തകർക്കാൻ സമരക്കാർ തീരുമാനിച്ചു. പുന്നപ്രയ്കും വയലാറിനുമൊപ്പം കൂടുതൽ ആളുകൾ മരിച്ചുവീണ മറ്റൊരു കേന്ദ്രമായിരുന്നു മാരാരിക്കുളം. പാലം തകർക്കാനായെത്തിയവർക്കുനേരെ സർ.സി.പി.യുടെ പട്ടാളം ഒക്ടോബർ 26 (കൊല്ലവർഷം 1122 തുലാം 7)ന് മാരാരിക്കുളത്ത് നടത്തിയ വെടിവെയ്പിൽ അഞ്ചുപേർ തൽക്ഷണം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇവിടെവെച്ച് മരണപ്പെട്ട പതിനാലിച്ചിറയിൽ ശങ്കരൻ, പാട്ടത്തിൽ ശങ്കരൻകുട്ടി, തോട്ടത്തുശ്ശേരിൽ കുമാരൻ, പോട്ടച്ചാൽവെളി ഭാനു, പേരേവെളി കുമാരൻ എന്നിവരെ പട്ടാളക്കാർ പാലത്തിനു സമീപം തന്നെ കുഴിച്ചുമൂടി. പരിക്കുകളോടെ രക്ഷപ്പെട്ട മാമൂട്ടിൽ ഗോവിന്ദനും തൈത്തറ രാമൻകുട്ടിയും പിന്നീട് മരിച്ചു. 1972 ൽ ദേശിയപാത 47 കമ്മീഷൻ ചെയുന്നതിനായി അന്ന് നിലവിൽ ഉണ്ടായിരുന്ന റോഡ് വീതികൂട്ടി പണിതപ്പോൾ സമരക്കാർ പൊളിച്ച ശേഷം പുനർനിർമിച്ച പാലത്തിനു അടുത്തായി പുതിയ രണ്ട് വരി പാലം വരുകയും പഴയ പാലത്തിലൂടെ ഗതാഗതം നിർത്തുകയും ചെയ്തു. കാലപ്പഴക്കവും സംരക്ഷണം ഇല്ലായ്മയും കൊണ്ട് 2018 ൽ ചരിത്ര സ്മാരകം ആയ പാലം തകർന്നു..
വയലാർ
തിരുത്തുകഇതിനെ തുടർന്ന് തൊഴിലാളികൾ ചേർത്തലയ്ക്ക് അടുത്തുള്ള വയലാർ ഗ്രാമത്തിലേക്ക് പിൻവാങ്ങി. ഒരു തുരുത്തായ ഈ ഗ്രാമം ഒളിവിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സർക്കാരിനെതിരെ തൊഴിലാളികൾ പുനഃസംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാൻ ചേർത്തലയിലും ആലപ്പുഴയിലും സൈനികഭരണം പ്രഖ്യാപിച്ചു.
1946 ഒക്ടോബർ 27(കൊല്ലവർഷം 1122 തുലാം 10)-നു മാരാരിക്കുളത്തെ ഏറ്റുമുട്ടലിനെ തുടർന്ന് റോഡുമാർഗ്ഗമുള്ള യാത്ര സുഗമമല്ലെന്ന് മനസ്സിലാക്കിയ പട്ടാളം, ബോട്ടുകളിൽ വയലാർ ക്യാമ്പ് ആക്രമിക്കുകയും തൊഴിലാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.[22] കീഴടങ്ങാൻ കൂട്ടാകാതെ പട്ടാളത്തെ നേരിടാൻ തയ്യാറായ തൊഴിലാളികൾക്കു നേരെ പട്ടാളം വെടിയുതിർത്തു[11]. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂർപ്പിച്ച കുന്തങ്ങൾ, കല്ലുകൾ തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ ആയുധങ്ങൾ[11]. വയലാറിൽ അൻപതോളം പേർ കൊല്ലപ്പെട്ടു.[23]
അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലും അനുബന്ധ സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമരത്തിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക കണക്കെടുപ്പുകൾ നടന്നിട്ടില്ല. [24] സ്റ്റേറ്റ് കോൺഗ്രസ്സ് നേതാവ് സി.കേശവൻ അഭിപ്രായപ്പെട്ടത് മരണസംഖ്യ 500 എന്നാണ്, സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകസമിതി അംഗം ആനിമസ്ക്രീൻ രേഖപ്പെടുത്തിയിരിക്കുന്നത് മരണസംഖ്യ 7000 ഓളം വരുമെന്നാണ്.[25]
എ.പി. ഉദയഭാനു റിപ്പോർട്ട്
തിരുത്തുകരാഷ്ട്രീയലക്ഷ്യം നേടുന്നതിനു് അക്രമമാർഗ്ഗങ്ങൾ കൈക്കൊള്ളില്ലെന്നായിരുന്നു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നയം. എങ്കിലും സമരത്തെ അടിച്ചമർത്തുന്നതിനു് ഗവന്മെന്റ് കൈക്കൊണ്ട മൃഗീയമാർഗ്ഗങ്ങളെ കോൺഗ്രസ്സിന്റെ പ്രവർത്തകസമിതി നിശിതമായി വിമർശിച്ചു. പുന്നപ്ര വയലാർ സംഭവങ്ങളെക്കുറിച്ചന്വേഷിക്കുന്നതിനു് എ.പി. ഉദയഭാനു, ടി.എം. വർഗ്ഗീസ്, എ.ജെ. ജോൺ, കെ.എ. ഗംഗാധരമേനോൻ, എ.ശങ്കരപ്പിള്ളഎന്നിവർ അടങ്ങുന്ന ഒരു അഞ്ചംഗ അന്വേഷണസമിതിയെ കോൺഗ്രസ്സ് ചുമതലപ്പെടുത്തി.
പോലീസിന്റേയും പട്ടാളത്തിന്റേയും തോക്കുകളിലും പീരങ്കികളിലും വെടിയുണ്ട കാണുകയില്ലെന്നു് നേതാക്കന്മാർ അണികളെ വിശ്വസിപ്പിച്ചിരുന്നതായി, സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തുമ്പോൾ ശ്രദ്ധയിൽ പെട്ടിരുന്നു എന്നു് എ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എഴുതിയ അന്വേഷണറിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നു. കനത്ത ആൾനാശത്തിനു് ഇതും ഒരു കാരണമായിരുന്നിരിക്കാം എന്നു് അവർ രേഖപ്പെടുത്തിയിട്ടുണ്ടു്. അമിതമായ ആത്മവിശ്വാസവും അലംഭാവവും സന്നദ്ധപ്രവർത്തകർക്കുണ്ടായിരുന്നു എന്നു് ആ റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നു. [26]
വിവാദങ്ങൾ
തിരുത്തുകഈ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നത് ഇന്നും വിവാദവിഷയമാണ്. കമ്യൂണിസ്റ്റ് പ്രവർത്തകർ ഈ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണുമ്പോൾ മറ്റുപലരും ഇതിനെ ജന്മി-കുടിയാൻ സമരമായി കാണുന്നു. പുന്നപ്ര-വയലാർ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും പോരാളികൾക്കും സ്വാതന്ത്ര്യസമര പെൻഷൻ നൽകുവാനുള്ള അഭ്യർത്ഥന കോൺഗ്രസ് സർക്കാർ 1989-ൽ നിരസിച്ചു. എന്നാൽ ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത 1998 ജനുവരി 20 ന് പുന്നപ്ര-വയലാർ സമരത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് ഉത്തരവിടുകയും പോരാളികൾക്ക് സ്വാതന്ത്ര്യസമര പെൻഷൻ അനുവദിക്കുകയും ചെയ്തു. [27] [28]
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തിൽ "പുന്നപ്ര-വയലാർ സമരം ബ്രിട്ടീഷ് സർക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനർവിതരണം പുന്നപ്ര-വയലാർ സമരത്തിന്റെ കാതലായിരുന്നത് കാർഷിക വിപ്ലവത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാർ സമരം തെളിയിക്കുന്നു."
എന്നാൽ ഈ വാദഗതികളെ കേരളത്തിലെ പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോൻ നിരസിക്കുന്നു. ശ്രീധരമേനോന്റെ അഭിപ്രായത്തിൽ കർഷകരുടെ മേൽ ജന്മിമാർ അടിച്ചേല്പ്പിച്ച സാമൂഹിക-സാമ്പത്തിക ദുരിതങ്ങൾക്കുനേരെയുള്ള ഒരു സമരമായിരുന്നു ഇത്. തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഇന്ത്യാ മഹാരാജ്യവുമായുള്ള ലയനവും പുന്നപ്ര-വയലാർ സമരവും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് അദ്ദേഹം പറയുന്നു. പുന്നപ്ര-വയലാർ സമരം നടക്കുന്ന സമയത്ത് ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദം കൊണ്ടുവന്നിരുന്നില്ല എന്നും പിന്നീടാണ് സ്വതന്ത്ര തിരുവിതാംകൂർ സിദ്ധാന്തം ദിവാൻ അവതരിപ്പിച്ചതെന്നും ഇതിന് ഉപോത്ബലകമായി എ.ശ്രീധരമേനോൻ പറയുന്നു. സർദ്ദാർ വല്ലഭായി പട്ടേലും ജവഹർലാൽ നെഹ്രുവും സർ.സി.പി. രാമസ്വാമി അയ്യരും തമ്മിൽ 1947 ജൂണിൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദിവാൻ തന്നെ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു എന്ന് ശ്രീധരമേനോൻ പറയുന്നു.[29] ഔദ്യോഗികമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനം 1947 ഓഗസ്റ്റ് 15നാണു നടന്നതെങ്കിലും, 1946 സെപ്തംബർ 2 നു തന്നെ നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ദേശീയ ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നു. പ്രായോഗികമായി യഥാർത്ഥസ്വാതന്ത്ര്യലബ്ധി അതോടെ നടന്നുകഴിഞ്ഞിരുന്നുവെന്നും അതുകൊണ്ടുതന്നെ, പിന്നീടു് ഒക്ടോബറിൽ നടന്ന പുന്നപ്ര-വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വാദിക്കുന്നു.[30]
എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; സാമൂഹികമായും സാമ്പത്തികമായും ഉള്ള ചൂഷണത്തിൽ നിന്ന് ജനങ്ങളെ സ്വതന്ത്രരാക്കുവാൻ നടന്ന എല്ലാ സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണണം; അതിനാൽ പുന്നപ്ര-വയലാർ സമരവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്ന് എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് നേതൃത്വം ഒരിക്കലും പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ പട്ടികയോ ഔദ്യോഗിക കണക്കുകളോ പ്രസിദ്ധീകരിച്ചില്ല എന്ന് എം.ജി.എസ്. നാരായണൻ പറയുന്നു. [31]
പുന്നപ്ര-വയലാർ സമരം സർ. സി.പി. അവതരിപ്പിച്ച "സ്വതന്ത്ര തിരുവിതാംകൂർ വാദ"ത്തിനും അമേരിക്കൻ മോഡലിനും എതിരായി അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി ജനങ്ങൾ അണിനിരന്നതിന്റെ ഭാഗമാണെന്ന് കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഡയറക്ടർ ആയിരുന്ന ഡോ. പി.ജെ. ചെറിയാൻ തന്റെ "പെർസ്പെക്ടീവ്സ് ഓൺ കേരള ഹിസ്റ്ററി - ദ് സെക്കന്റ് മില്ലനിയം" എന്ന പുസ്തകത്തിൽ പറയുന്നു [32]
ഇന്ന്
തിരുത്തുകസമരത്തിൽ ജീവൻ വെടിഞ്ഞവർക്കായി പുന്നപ്രയിൽ ഒരു രക്തസാക്ഷി മണ്ഡപം ഉണ്ട്. പുന്നപ്ര വയലാറിൽ ജീവൻ വെടിഞ്ഞവരുടെ ശവകുടീരങ്ങൾ ആലപ്പുഴ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള വലിയ ചുടുകാടാണ് . [33]രക്തസാക്ഷി സ്തൂപം സ്ഥാപിച്ചിരിക്കുന്നു.
പുന്നപ്ര-വയലാർ, പുസ്തകങ്ങളിൽ
തിരുത്തുകപുന്നപ്ര വയലാർ സംഭവത്തെ അപഗ്രഥിച്ച് പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.
- ഇമ്മോർട്ടൽ പുന്നപ്ര-വയലാർ, കെ.സി. ജോർജ് എഴുതിയത്. ISBN 0883866935, 9780883866931
- പുന്നപ്ര-വയലാർ, നേരും നുണയും. ഇ. ശ്രീധരമേനോന്റെ വാദങ്ങളെപ്പറ്റിയുള്ള അന്വേഷണം. - കെ.എൻ.കെ. നമ്പൂതിരി എഴുതിയത്. ISBN 9788171807611
- റിവോൾട്ട് ഓഫ് ദ് ഒപ്പ്രെസ്ഡ് പുന്നപ്ര - വയലാർ 1946. പി.വി.കെ. കൈമൾ എഴുതിയത്. ISBN-13: 978-8122003659
- സ്വതന്ത്ര തിരുവിതാംകൂർ വാദവും സർ.സി.പി. എന്ന വില്ലനും: വിട്ടുപോയ കണ്ണികൾ, പ്രോഫ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്, കേരളം, 2000.
- അമേരിക്കൻ മോഡൽ അറബിക്കടലിൽ: സർ.സി.പീയുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം, പ്രോഫ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്, കേരളം, 2000.
പലവക
തിരുത്തുക- പി. ഭാസ്കരൻ പുന്നപ്ര വയലാർ സമരത്തെ അനുസ്മരിച്ച് എഴുതിയ "വയലാർ ഗർജ്ജിക്കുന്നു" എന്ന ഗാനം പ്രശസ്തമാണ്. "ഉയരും ഞാൻ നാടാകെ" എന്നുതുടങ്ങുന്ന ഈ ഗാനം സർ. സി.പി. നിരോധിച്ചു.
അവലംബം
തിരുത്തുക- ↑ "പുന്നപ്ര വയലാർ റിവോൾട്ട്". പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (കേരള സർക്കാർ). Archived from the original on 2016-03-05. Retrieved 2013-07-15.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "പുന്നപ്ര വയലാർ അപ്റൈസിംഗ കനോട്ട് ബീ എ പാർട്ട് ഓഫ് ഫ്രീഡം സ്ട്രഗ്ഗിൾ". റീഡിഫ് വാർത്ത. Archived from the original on 2016-03-04. Retrieved 14-ജൂലൈ-2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാളുബെൻ. p. 141. ISBN 978-81-87480-76-1.
- ↑ പ്രൊ.എ, ശ്രീധരമേനോൻ (1997). കേരളവും സ്വാതന്ത്ര്യ സമരവും. ഡി.സി.ബുക്സ്. p. 113. ISBN 81-7130-751-5.
ആലപ്പുഴയിലെ തൊഴിലാളികൾ
- ↑ പ്രൊ.എ, ശ്രീധരമേനോൻ (1997). കേരളവും സ്വാതന്ത്ര്യ സമരവും. ഡി.സി.ബുക്സ്. p. 114. ISBN 81-7130-751-5.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം
- ↑ ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (1995). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും. ചിന്ത പബ്ലിഷേഴ്സ്. p. 128. ISBN 81-262-0189-4.
- ↑ http://shodhganga.inflibnet.ac.in/bitstream/10603/31574/16/15_chapter%2010.pdf
- ↑ പ്രൊ.എ, ശ്രീധരമേനോൻ (1997). കേരളവും സ്വാതന്ത്ര്യ സമരവും. ഡി.സി.ബുക്സ്. p. 116. ISBN 81-7130-751-5.
പുന്നപ്ര-വയലാറിലെ നരനായാട്ട്
- ↑ ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാളുബെൻ. p. 141. ISBN 978-81-87480-76-1.
ഹൈന്ദവ-ക്രിസ്ത്യൻ മേൽക്കോയ്മ
- ↑ ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാളുബെൻ. p. 140. ISBN 978-81-87480-76-1.
ഇടതുപക്ഷം തിരുവിതാംകൂറിൽ
- ↑ 11.0 11.1 11.2 റോബിൻ, ജെഫ്രി (1981). ഇന്ത്യാസ് വർക്കിംഗ ക്ലാസ്സ് റിവോൾട്ട് ആന്റ് കമ്മ്യൂണിസ്റ്റ് കോൺസ്പിരസി. ഇന്ത്യൻ ഇക്കണോമിക് ആന്റ് സോഷ്യൽ ഹിസ്റ്ററി റിവ്യൂ.
- ↑ ആലപ്പുഴയിലെ സാമ്പത്തികസ്ഥിതി(ഫയൽ 765/46. കേരള സ്റ്റേറ്റ് ആർക്കൈവ്.
- ↑ കെ.സി. ജോർജ്, പുന്നപ്ര-വയലാർ
- ↑ ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാളുബെൻ. p. 142. ISBN 978-81-87480-76-1.
തൊഴിലാളികളുടെ നേരെയുള്ള ആക്രമണങ്ങൾ
- ↑ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള (വോള്യം - 3). സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പ്(കേരള സർക്കാർ).
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ എസ്, രാമചന്ദ്രൻ നായർ. ഫ്രീഡം സ്ട്രഗ്ഗിൾ ഇൻ കൊളോനിയൻ കേരള. കേരള സർക്കാർ.
- ↑ സി.കെ., ചന്ദ്രാനന്ദൻ (1992). പുന്നപ്ര-വയലാർ സമരം ഒരു ലഘുചരിത്രം.
- ↑ പ്രൊ.എ, ശ്രീധരമേനോൻ (1997). കേരളവും സ്വാതന്ത്ര്യ സമരവും. ഡി.സി.ബുക്സ്. p. 113. ISBN 81-7130-751-5.
ദിവാൻ പൗരാവകശങ്ങൾ റദ്ദുചെയ്യുന്നു, നേതാക്കളെ ജയിലിലടക്കുന്നു
- ↑ "ദ പുന്നപ്ര-വയലാർ റിവോൾട്ട് ആന്റ് ഫ്രീഡം മൂവ്മെന്റ്". സംയുക്ത (ജേണൽ ഓഫ് വിമൻ സ്റ്റഡീസ്). Archived from the original on 2016-04-04. Retrieved 2013-07-15.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "വി.എസ്.അച്യുതാനന്ദൻ". സി.പി.ഐ(എം) കേരളാ ഘടകം. Archived from the original on 2014-05-14. Retrieved 2013-07-15.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാളുബെൻ. p. 142. ISBN 978-81-87480-76-1.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ 27 ഇന പത്രിക
- ↑ പുതുപ്പള്ളി, രാഘവൻ (1995). വിപ്ലവ സമരങ്ങൾ (ഭാഗം 3).
- ↑ എൻ, ശശിധരൻ. "ദ പുന്നപ്ര-വയലാർ റിവോൾട്ട് ആന്റ് ഫ്രീഡം മൂവ്മെന്റ്". സംയുക്ത.ഇൻഫോ. Archived from the original on 2014-05-14. Retrieved 2010-08-08.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ പി., വേണുഗോപാൽ (28-നവംബർ-1997). "എ വാർ ഓവർ ഹിസ്റ്ററി". എക്സ്പ്രസ്സ്ഇന്ത്യ. Archived from the original on 2005-03-12. Retrieved 2007-07-18.
{{cite news}}
: Check date values in:|date=
(help) - ↑ ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാളുബെൻ. p. 146. ISBN 978-81-87480-76-1.
പുന്നപ്രവയലാർ സമരം, മരണസംഖ്യ അനൗദ്യോഗിക കണക്കുകൾ
- ↑ കേരളവും സ്വാതന്ത്ര്യസമരവും - പ്രൊഫ. എ. ശ്രീധരമേനോൻ പു.116
- ↑ പി., വേണുഗോപാൽ (28-നവംബർ-1997). "എ വാർ ഓവർ ഹിസ്റ്ററി". എക്സ്പ്രസ്സ്ഇന്ത്യ. Archived from the original on 2005-03-12. Retrieved 2007-07-18.
പുന്നപ്ര-വയലാർ പോരാളികൾക്ക് പെൻഷൻ
{{cite news}}
: Check date values in:|date=
(help) - ↑ http://indiankanoon.org/doc/60043/
- ↑ പി., വേണുഗോപാൽ (28-നവംബർ-1997). "എ വാർ ഓവർ ഹിസ്റ്ററി". എക്സ്പ്രസ്സ്ഇന്ത്യ. Archived from the original on 2005-03-12. Retrieved 2007-07-18.
{{cite news}}
: Check date values in:|date=
(help) - ↑ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം (കേരളവും സ്വാതന്ത്ര്യസമരവും) - പ്രൊഫ. എ. ശ്രീധരമേനോൻ പുറം:145
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2005-03-12. Retrieved 2007-07-18.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "പുന്നപ്ര വയലാർ". കേരള സർക്കാർ. Archived from the original on 2016-03-04. Retrieved 2013-07-15.
- ↑ "പുന്നപ്രവയലാർ സമരങ്ങൾ". ട്രാവൽ ഡേയ്സ്. Archived from the original on 2007-09-27. Retrieved 2007-07-18.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
- കേരള സർക്കാർ വെബ് വിലാസം Archived 2008-09-11 at the Wayback Machine.