ആയ് രാജവംശം
കേരളത്തിലെ ഒന്നാമത്തെ രാജവംശമായിട്ടാണ് ആയ് രാജവംശത്തെ കണക്കാക്കി വരുന്നത്. വടക്കു തിരുവല്ല മുതൽ തെക്കു നാഗർകോവിൽ വരെയും കിഴക്കൻ മലനിരകൾ വരെയും ഉള്ള നിലപ്പരപ്പ് ആയ് രാജവാഴ്ചയുടെ കീഴിലായിരുന്നു. ഇവരുടെ തലസ്ഥാനം പൊതിയൻമലയായിരുന്നു, ഇതു വിഴിഞ്ഞം ആണെന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. അക്കാലത്ത് വിഴിഞ്ഞം വലിയൊരു തുറയും പട്ടണവും ആയിരുന്നു. കരുനന്തടുക്കൻ, പിൻമുറക്കാരൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് പരമ്പരയിലെ ചൊൽപ്പെട്ട രാജാക്കൻമാർ. ആദ്യരാജാവ് ആണ്ടിരൻ ആയിരുന്നു.
ഉദ്ഭവം തിരുത്തുക
രാജവംശത്തിന്റെ ഉദ്ഭവം വ്യക്തമല്ല. വിക്രമാദിത്യവരവുണന്റെ പാലിയം ചെമ്പേടുകൾ പോലുള്ള ചില രേഖകൾ ആര്യന്മാരായ യാദവന്മാരായിരുന്നു ആയ് രാജവംശസ്ഥാപകർ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അതിശയോക്തിയാകാനാണ് സാദ്ധ്യത. [1] ദക്ഷിണേന്ത്യയിലെ ഒരു തദ്ദേശ ദ്രാവിഡ കുലത്തിൽ പെട്ടവരായിരുന്നു ആയ് രാജാക്കന്മാർ എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [2]
സംഘകാലഘട്ടം തിരുത്തുക
സംഘകാലഘട്ടത്തിൽ ഭരിച്ചിരുന്ന ആയ് രാജാക്കന്മാരിൽ ആയ് അണ്ടിരൻ, തിതിയൻ, അതിയൻ എന്നിവരാണ് പ്രമുഖ ഭരണാധികാരികൾ. അണ്ടിരൻ പൊടിയിൽ മലയിലെ രാജാവായി പുറനാണൂറിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം കൊങ്ങ് ഭരണാധികാരികളെ തോൽപ്പിക്കുകയും അറബിക്കടലിലേയ്ക്ക് അവരെ ഓടിക്കുകയും ചെയ്തുവത്രേ. ചേര രാജാവായിരുന്ന ആണ്ടുവൻ ചേരാളുടെ കാലത്ത് ജീവിച്ചിരുന്നതും അദ്ദേഹത്തെക്കാൾ മുതിർന്നവനുമായിരുന്നു അണ്ടിരൻ. അണ്ടിരന്റെ കാലത്ത് ആയ് രാജ്യം ചേരന്മാരേക്കാൾ ശക്തമായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. അണ്ടിരന് ധാരാളം ഭാര്യമാരുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതിനൊപ്പം എല്ലാ ഭാര്യമാരും ആത്മഹത്യ ചെയ്യുകയുണ്ടായത്രേ. [2]
തിതിയനാണ് അടുത്ത പ്രധാന ആയ് ഭരണാധികാരി. പാണ്ഡ്യ രാജാവായിരുന്ന ഭൂതപാണ്ഡ്യന്റെ കാലത്തുതന്നെയായിരുന്നു ഇദ്ദേഹവും ഭരണം നടത്തിയിരുന്നത്. കപിലൻ എന്ന കവിയും ഇദ്ദേഹത്തിന്റെ കാലത്തുതന്നെയാണ് ജീവിച്ചിരുന്നത്. പാണ്ഡ്യരും ആയ് രാജാക്കന്മാരും തമ്മിൽ ഇക്കാലത്ത് സന്ധിയുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിയൻ രാജാവായിരുന്നപ്പോൾ ആയ് രാജ്യം ശിധിലീകൃതമാകാൻ തുടങ്ങി. പാണ്ഡ്യരാജാവായിരുന്ന അശ്ഹകിയ പാണ്ഡ്യൻ ആയ് രാജ്യം കീഴടക്കുകയുണ്ടായി. അതിയന്റെ പിൻതലമുറക്കാർ പാണ്ഡ്യ അധീശത്വത്തിനെതിരേ പോരാടിയിരുന്നു. തലൈആളങ്കണത്തെ (Talai-yalankanam) യുദ്ധത്തിൽ ഒരു ആയ് രാജാവ് പങ്കെടുത്തിരുന്നു. പാണ്ഡ്യരാജാവായ നെടുംചേഴിയൻ പല ശത്രുക്കളെയും ഈ യുദ്ധത്തിൽ തോൽപ്പിക്കുകയുണ്ടായി. പിന്നീട് ആയ് രാജ്യം പാണ്ഡ്യരുടെ അധീശത്വത്തിൽ നിന്ന് മുക്തി നേടി. [2]
സംഘകാലഘട്ടത്തിനു ശേഷം തിരുത്തുക
സംഘകാലത്തിനുശേഷമുള്ള കാലം ദക്ഷിണേന്ത്യയിലെ രാജവംശങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്ത കാലഘട്ടമാണ്. ആയ് രാജവംശത്തിന്റെ കാര്യവും വ്യത്യസ്തമല്ല. പിൽക്കാലത്ത് ആയ് രാജ്യം ശക്തരായ പാണ്ഡ്യന്മാർക്കും ചേരന്മാർക്കുമിടയിൽ ദീർഘകാലം ഒരു നിഷ്പക്ഷ മേഖലയായിൽ വർത്തിച്ചു. ചേരന്മാർ ക്ഷയിച്ചശേഷം പാണ്ഡ്യന്മാരും ചോളന്മാരും ആയ് പ്രവിശ്യകൾക്കുമേൽ പലവട്ടം ആക്രമണം നടത്തുകയുണ്ടായി. പാണ്ഡ്യർ നാഞ്ചിനാട് മേഖലയിൽ പലവട്ടം ആക്രമണം നടത്തുകയുണ്ടായി. ഏഴാം നൂറ്റാണ്ടിലെ പാണ്ഡ്യ രാജാവായ ജയന്തവർമൻ ആയ് രാജാവിനെ തോൽപ്പിക്കുകയുണ്ടായി. ജയന്തവർമന്റെ പിൻഗാമിയായിരുന്ന അരികേസരി മാരവർമൻ സെന്നിലത്തുവച്ചുനടന്ന ഒരു യുദ്ധത്തിൽ വിജയിച്ചു. ഇദ്ദേഹം കോട്ടാർ ആക്രമിക്കുകയും ആയ് രാജാവിനെ ജീവനോടെ പിടികൂടുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കൊച്ചടയാൻ രണധീരൻ ഭരിച്ചിരുന്ന സമയമായപ്പോഴേക്കും ആയ് രാജ്യം പാണ്ഡ്യരുടെ മേൽക്കോയ്മ അംഗീകരിച്ചുകഴിഞ്ഞിരുന്നു. മരുത്തൂർ നടന്ന യുദ്ധത്തിൽ കൊച്ചടയാൻ രണധീരൻ ആയ് രാജാവിനെ തോൽപ്പിക്കുകയുണ്ടായി. [2]
എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയ് രാജ്യം ഭരിച്ചിരുന്നത് സടയൻ (788 വരെ) കരുനന്തൻ (788-857) എന്നിവരായിരുന്നു. ഇക്കാലത്ത് ജതിലവർമൻ പരന്തകന്റെ കീഴിൽ പാണ്ഡ്യന്മാർ പലതവണ ആയ് രാജ്യം ആക്രമിക്കുകയും ആയ് രാജാക്കന്മാരെ തോൽപ്പിക്കുകയും ചെയ്തിരുന്നു. കഴുഗുമലൈ ലിഘിതം അനുസരിച്ച് ഇദ്ദേഹം കരുനൻതനെതിരേ പടനയിക്കുകയും അരിവിയൂർ കോട്ട നശിപ്പിക്കുകയുമുണ്ടായി. ജതിലവർമൻ ആയ് തലസ്ഥാനമായ വിഴിഞ്ഞം പിടിച്ചെടുക്കുകയുണ്ടായി. ആയ് ഭരണാധികാരി പത്തുവർഷത്തിലധികം വിഴിഞ്ഞം പ്രദേശത്ത് യുദ്ധം ചെയ്യുകയുണ്ടായി. ചേരരാജാക്കന്മാർ പാണ്ഡ്യർക്കെതിരേ ആയ് രാജാക്കന്മാരെ സഹായിച്ചിരുന്നു. [2]
ഒൻപതാം നൂറ്റാണ്ടിൽ കരുനന്തടക്കൻ, ഇദ്ദേഹത്തിന്റെ മകനായ വിക്രമാദിത്യ വരഗുണൻ എന്നീ രണ്ടു പ്രഗൽഭരായ രാജാക്കന്മാർ ആയ് രാജ്യം ഭരിക്കുകയുണ്ടായി. കരുനന്തടക്കൻ (എ.ഡി. 857-885) വിഴിഞ്ഞം തലസ്ഥാനമായാണ് ഭരിച്ചിരുന്നത്. രാജ്യം അപ്പോൾ വടക്ക് തൃപ്പാപ്പൂർ മുതൽ തെക്കു നാഗർകോവിൽ വരെ ആയി ചുരുങ്ങിയിരുന്നു. പാർഥിവശേഖരപുരത്തെ വിഷ്‌ണു ക്ഷേത്രം കരുനന്തടക്കനാണ് നിർമിച്ചത്. ഇദ്ദേഹത്തിന് ശ്രീവല്ലഭവൻ എന്നു കൂടി പേരുണ്ടായിരുന്നതായി ഹജുർശാസനത്തിൽ നിന്ന് മനസ്സിലാക്കാം.ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം. ഇദ്ദേഹം സമാധാനം നിലനിർത്താൻ ശ്രമിക്കുകയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു.
വിക്രമാദിത്യ വരഗുണൻ (885-925) ചോളന്മാർക്കെതിരേ യുദ്ധം ചെയ്യുവാൻ പാണ്ഡ്യന്മാരെ സഹായിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ദക്ഷിണകേരളത്തിലെ ഒട്ടേറെ ഭൂസ്വത്ത് ബുദ്ധമതകേന്ദ്രമായിരുന്ന തിരുമൂലപാദത്തിന് (ശ്രീമുലവാസം) ദാനം ചെയ്‌തതായി ഇതിൽ പറയുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ആയ് രാജവംശത്തിന്റെ പ്രതാപം അവസാനിക്കുകയും ഇവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂമി ചോളന്മാരും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. പത്താം നൂറ്റാണ്ടോടെ കാന്തലൂരും വിഴിഞ്ഞവുമ്മ് ചേരരാജാക്കന്മാരുടെ ശക്തികേന്ദ്രങ്ങളായി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നിയന്ത്രിച്ചിരുന്ന ആയ് രാജവംശത്തിലെ ഒരു ശാഖ പിന്നീട് (എ.ഡി. 1100) വേണാട്ടിലെ രാജവംശവുമായി ലയിച്ചു എന്ന് അഭിപ്രായമുണ്ട്. [2]
സാമൂഹിക ജീവിതവും സംസ്‌കാരവും. തിരുത്തുക
ആയ് രാജാക്കന്മാരുടെ ശാസനങ്ങൾ അവരുടെ രാജ്യത്തിലെ രാഷ്‌ട്രീയവും സാമൂഹികവും മതപരവുമായ സ്ഥിതിഗതികളിലേക്ക് വെളിച്ചം വീശുന്നുണ്ട്. അവിടെ രാജ്യാവകാശം പരമ്പരാഗതമായിരുന്നു; മക്കത്തായമായിരുന്നു പിന്തുടർന്നുപോന്നത്. രാജ്യം പല നാടുകളായും നാടുകൾ ദേശങ്ങളായും വിഭജിച്ചിരുന്നു. "കിഴവൻ' എന്ന ഉദ്യോഗസ്ഥനായിരുന്നു രാജാവിന്റെ നിർദ്ദേശപ്രകാരം ഭരണകാര്യങ്ങൾ നോക്കിപ്പോന്നത്. വിഴിഞ്ഞവും കാന്തളൂരും അവരുടെ സൈനികകേന്ദ്രങ്ങളായിരുന്നു. ഏതു കുറ്റത്തിനും പിഴ ഈടാക്കുക എന്നതായിരുന്നു പൊതുവേ ഉണ്ടായിരുന്ന ശിക്ഷ. സ്വർണമായി ഈടാക്കിയിരുന്ന ഈ പിഴ ക്ഷേത്രത്തിലോ രാജഭണ്ഡാരത്തിലോ അടയ്‌ക്കുകയായിരുന്നു പതിവ്. ക്ഷേത്രത്തിലെ സഭ രാജ്യത്തെ ഒരു പ്രധാനസ്ഥാപനമായിരുന്നു. അവർ സ്ഥാപിച്ചിരുന്ന ശാലകൾ അഥവാ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തിൽ ഒരു വലിയ പങ്ക് വഹിച്ചിരുന്നു. ഓരോ ക്ഷേത്രത്തോടും അനുബന്ധിച്ച് ഓരോ ശാലയുണ്ടായിരുന്നു. കാന്തളൂരെയും പാർഥിവശേഖരപുരത്തെയും ശാലകൾ പ്രസിദ്ധങ്ങളായിരുന്നു. നാട്ടിലെ ദേവാലയങ്ങളുടെ മേൽ ഇവരുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞു. ഈ രാജവംശത്തിന്റെ അവസാനകാലത്ത് ബുദ്ധമതവും ജൈനമതവും ക്ഷയിക്കുകയും ഹിന്ദുമതത്തിന്റെയും ഹൈന്ദവസംസ്‌കാരത്തിന്റെയും സംരക്ഷണം അവർ ഏറ്റെടുക്കുകയും ചെയ്‌തു. അവർ തികഞ്ഞ ഹിന്ദുക്കളായിരുന്നെങ്കിലും ബൗദ്ധ-ജൈനമതങ്ങളോട് സഹിഷ്‌ണുത പുലർത്തിയിരുന്നു.[3]
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ T, Padmaja (2002). Temples of Krisna in South India history art and traditions in Tamilnadu. Abhinav publications. പുറം. 35. ISBN 0861321367.
- ↑ 2.0 2.1 2.2 2.3 2.4 2.5 Menon, A. Sreedhara (2007). A Survey of Kerala History (ഭാഷ: ഇംഗ്ലീഷ്). D C Books. ISBN 978-81-264-1578-6.
- ↑ കെ. മഹേശ്വരൻ നായർ