തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിൽ തിരൂരിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് തിരൂർ തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.[1] കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പാർവതീസമേതനും ധ്യാനസ്ഥനുമായ പരമശിവനാണ്. കൂടാതെ പ്രധാനമൂർത്തിയായി മഹാവിഷ്ണുപ്രതിഷ്ഠയും തൃക്കണ്ടിയൂർ മതിലകത്തുണ്ട്. ഉപദേവതകളായി ഗണപതി, ശാസ്താവ്, ശ്രീകൃഷ്ണൻ, പരശുരാമൻ, അന്തിമഹാകാളൻ, വേട്ടേയ്ക്കരൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വൈഷ്ണവാശഭൂതനായ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2] തുലാമാസത്തിൽ കറുത്തപക്ഷത്തിലെ സപ്തമി നാളിൽ പാണികൊട്ടോടെ തുടങ്ങി അമാവാസിനാളിൽ ആറാട്ടോടെ സമാപിയ്ക്കുന്ന ക്ഷേത്രോത്സവവും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ മാസവും വരുന്ന പ്രദോഷവ്രതം, തിങ്കളാഴ്ചകൾ തുടങ്ങിയവയും അതിവിശേഷമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലാണ് ഈ മഹാക്ഷേത്രം.

തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
തൃക്കണ്ടിയൂർ ക്ഷേത്രം
തൃക്കണ്ടിയൂർ ക്ഷേത്രം
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം is located in Kerala
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°36′8″N 76°11′39″E / 10.60222°N 76.19417°E / 10.60222; 76.19417
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:തിരൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം

ഐതിഹ്യം

തിരുത്തുക

ഒരേ ദിവസം മൂന്നു പ്രതിഷ്ഠകൾ മൂന്നുനേരത്തായി ശ്രീ പരശുരാമൻ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കിൽ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് ഈ മൂന്ന് പ്രതിഷ്ഠകൾ നടത്തിയത്. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകൾ നടന്ന നേരങ്ങളിൽ ഒരേ ദിവസം പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ സർവ്വകാര്യ സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. എ.ഡി. 823-ൽ ചേരമാൻ പെരുമാളാണ് തൃക്കണ്ടിയൂർ ക്ഷേത്രം പണിതത്. പ്രതിഷ്ഠ നടന്നത് പ്രദോഷകാലത്തായതിനാലായിരിക്കണം ദേവൻ പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുമൂലം പ്രദോഷവ്രതത്തിന് ഇവിടെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രദോഷസമയത്ത് ശിവങ്കൽ അഭിഷേകം നടത്തുന്നതും കൂവളാർച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തിൽ ഉണ്ടാവുമെന്നാണ് വിശ്വാസം.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രമതിലകത്തിനു മൂന്ന് ഏക്കർ വിസ്തൃതിയുണ്ട്. ചുറ്റുമതിൽ കെട്ടി ഭദ്രമാക്കിയ ക്ഷേത്രപറമ്പിൻറെ നാല് ഭാഗത്തും പ്രവേശന കവാടങ്ങളുണ്ട്‌. കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിൽ സ്വയംഭൂലിംഗമാണ്. മഹാദേവന്‌ ഇവിടെ ധ്യാനവസ്ഥയിലുള്ള ഭാവമാണ്. ഗജപൃഷ്ഠാകൃതിയിലാണ് ശ്രീകോവിലിൽ പണിതീർത്തിരിക്കുന്നത്. ക്ഷേത്രത്തിന്‌ മുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം. തൃക്കണ്ടിയൂർ കിഴക്കേച്ചിറ എന്നറിയപ്പെടുന്ന ഈ കുളം, ഉഗ്രമൂർത്തിയായ ശിവന്റെ കോപം കുറയ്ക്കാനാണ് പണിതതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതുകൂടാതെ, പടിഞ്ഞാറുഭാഗത്ത് ചെറിയൊരു കുളവുമുണ്ട്. പ്രധാനക്ഷേത്രത്തിനു വടക്കുഭാഗത്ത് മഹാവിഷ്ണുക്ഷേത്രം. മഹാവിഷ്ണു ഇവിടെ തുല്യപ്രാധാന്യമുള്ള ദേവനാണ്. ആദ്യകാലത്ത് നാലമ്പലത്തിനകത്തുണ്ടായിരുന്ന മഹാവിഷ്ണുവിനെ, 2009-ലാണ് ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയത്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ പരശുരാമനെ ചുറ്റമ്പലത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ആരാധിച്ചുവരുന്നു. കൂടാതെ ഗണപതിയും പ്രതിഷ്ഠയായുണ്ട്.

തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ നന്ദികേശ്വരന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. നന്ദി ഇവിടെ ഒരു ഉപദേവന്റെ സ്ഥാനത്താണ് കുടിയിരിയ്ക്കുന്നത്. നിത്യവും നന്ദിയ്ക്ക് നിവേദ്യവും വിളക്കുവയ്പുമാണ്. ക്ഷേത്ര സോപാനത്തിലും മണ്ഡപത്തിലും നന്ദികേശ്വര പ്രതിഷ്ഠകൾ കാണാം. ചുറ്റമ്പലത്തിന് പുറത്ത് അല്പം മാറി തെക്കുഭാഗത്ത്‌ അന്തിമഹാകാളപ്രതിഷ്ഠയുണ്ട്. ശിവഭൂതഗണങ്ങളിൽ വരുന്ന ഈ അന്തിമഹാകാളനാണ് ക്ഷേത്രത്തിന് സ്ഥാനം കണ്ടെത്തിയതും ക്ഷേത്രം സംരക്ഷിയ്ക്കുന്നതുമെന്ന് വിശ്വസിക്കുന്നു. കൂടാതെ വടക്കുപുറത്ത് അയ്യപ്പനുമുണ്ട്.

നിത്യപൂജകൾ

തിരുത്തുക

കേരളത്തിൽ വളരെ നേരത്തെ നടതുറക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കണ്ടിയൂർ. ഇവിടെ ക്ഷേത്രനട തുറക്കുന്നത പുലർച്ച രണ്ടരയ്ക്കാണ്‌. അഞ്ചുപൂജകൾ പടിത്തരമായിട്ടുണ്ട്. മൂന്നര മുതൽ നാലവരെയുള്ള സമയത്താണ്‌ അടച്ചുപൂജ. വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നുവത്രെ. ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ള ഈ പൂജ (ശർക്കരപൂജ) അതിവിശിഷ്ടമായി കരുതുന്നു. ഇതിൽ പാർവ്വതി പരമേശ്വരന്മാർക്ക്‌ ഒന്നിച്ചുള്ള പായസനിവേദ്യമാണ് പ്രധാനം. നാഴിയരിയ്ക്ക്‌ അഞ്ചുകിലോ ശർക്കരകൊണ്ട്‌ ഉണ്ടാക്കുന്ന ഈ അത്യപൂർവ്വ നേദ്യമാണിത്.

വിശേഷങ്ങൾ

തിരുത്തുക

ഇവിടെ പടഹാദി ഉത്സവമാണ്‌. തുലാം മാസത്തിൽ കറുത്ത സപ്തമി മുതൽ കറുത്തവാവു വരെ എട്ടുദിവസം ഉത്സവം നീണ്ടു നിൽക്കുന്നു. ഇവിടെ ഉത്സവത്തിന്‌ ആന പതിവില്ല. ശിവരാത്രിയും അതിവിശേഷമാണ്.

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്