മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി സി. രാധാകൃഷ്ണൻ എഴുതിയ ജീവചരിത്രാഖ്യായികയാണ്‌ തീക്കടൽ കടഞ്ഞ് തിരുമധുരം. എഴുത്തച്ഛന്റെ കുടുംബപശ്ചാത്തലത്തേയും വ്യക്തിത്വത്തേയും കുറിച്ച് പ്രചരിച്ചിട്ടുള്ള ധാരണകൾ പലതുമായും ചേർന്നു പോകാത്ത ചിത്രമാണ്‌ ഈ രചനയിൽ രാധാകൃഷ്ണൻ അവതരിപ്പിക്കുന്നത്[ക]. ഈ കൃതി കെട്ടുകഥയല്ലെന്നും "ഭാഷാപിതാവിന്റെ" ജീവിതത്തെക്കുറിച്ച് കുട്ടിക്കാലത്തും യുവപ്രായത്തിലും മുത്തച്ഛനിലും മുത്തച്ഛിയിലും നിന്നു കിട്ടിയ ചിത്രവും ദീർഘകാലത്തെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുമാണ്‌ ഇതിലുള്ളതെന്നും ഗ്രന്ഥകാരൻ പറയുന്നു. എഴുത്തച്ഛൻ തന്റെ കുടുംബത്തിന്റെ പൂർ‌വികന്മാരിൽ ഒരാളായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.[1] [ഖ]

പുസ്തകത്തിന്റെ പുറംചട്ട
ഗ്രന്ഥകർത്താവായ സി. രാധാകൃഷ്ണൻ

മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ഖണ്ഡശ്ശ: വെളിച്ചം കണ്ട "തീക്കടൽ കടന്ന് തിരുമധുരം", ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്, 2005 ജനുവരി മാസത്തിലാണ്‌.

ഘടന തിരുത്തുക

എഴുത്തച്ഛന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു ഭാഗങ്ങൾക്ക് അവയിലെ സംഭവങ്ങൾ നടക്കുമ്പോൾ എഴുത്തച്ഛൻ ജീവിച്ചിരുന്ന സ്ഥലങ്ങളെ പിന്തുടർന്ന് താന്നിയൂർ(താനൂർ), തിരുവൂർ(തിരൂർ), ശബരകൊട്ടം(ചമ്രവട്ടം) എന്നീ പേരുകളാണ്‌‌. സാമൂതിരിയുടെ അധികാരകോയ്മയിൽ നിന്നുള്ള എഴുത്തച്ഛന്റെ നാടുകടത്തലിനു ശേഷമുള്ള ജീവിതം വിവരിക്കുന്ന അവസാന ഭാഗത്തിന്‌ മഹാപ്രസ്ഥാനം എന്നാണ്‌ പേര്‌. ഭാഗങ്ങൾ ഓരോന്നും അദ്ധ്യായങ്ങളായും തിരിച്ചിട്ടുണ്ട്. അദ്ധ്യായങ്ങൾക്ക് 'ഓല' എന്നാണ്‌ പേരിട്ടിരിക്കുന്നത്. നാലു ഭാഗങ്ങളിലും കൂടിയുള്ള 'ഓല'-കളുടെ എണ്ണം, എഴുത്തച്ഛൻ രൂപം കൊടുത്തതായി കരുതപ്പെടുന്ന മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളുടെ സംഖ്യയായ 51 ആണ്‌.

ഉള്ളടക്കം തിരുത്തുക

ജീവിതസായാഹ്നത്തിൽ ചിറ്റൂർ പ്രദേശത്ത് പാപനാശിനി നദിയുടെ കരയിലിരുന്ന് എഴുത്തച്ഛൻ നടത്തുന്ന അനുസ്മരണത്തിന്റെ രൂപത്തിലാണ്‌ "തീക്കടൽ കടഞ്ഞ് തിരുമധുരം" എഴുതിയിരിക്കുന്നത് .

താന്നിയൂർ തിരുത്തുക

കുടുംബം തിരുത്തുക

വെട്ടത്തുനാട്ടിലെ താന്നിയൂരിലാണു് (താനൂർ) എഴുത്തച്ഛൻ ജനിച്ചത്. അവിടെ എഴുത്തുകളരി സ്ഥാപിക്കാനായി പുരാതനകാലത്ത് വള്ളുവക്കോനാതിരി വെട്ടത്തരചന്‌ അയച്ചുകൊടുത്ത എഴുത്താശാന്മാരുടെ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെ താവഴി. കുടുംബപ്പേര്‌ "പഴഞ്ഞാനം" (പഴയ ജ്ഞാനം) എന്നും അമ്മയുടെ പേര്‌ ലക്ഷ്മി എന്നും ആയിരുന്നു. മെയ്ക്കളരി ആശാനായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ നാരായണൻ, പിലാക്കാട്ടീരി കുടുംബക്കാരനായിരുന്നു. സാമൂതിരിക്കെതിരെ വെട്ടത്തരചനെ പിന്തുണച്ചതിനാൽ സാമൂതിരിയുടേയും, അറിവിന്റെ മേലുള്ള ബ്രാഹ്മണരുടെ കുത്തകയ്ക്കു ഭീഷണിയായ കളരികൾ നടത്തുന്നതിന്റെ പേരിൽ ബ്രാഹ്മണമേധാവികളുടേയും ശത്രുതയുടെ നിഴലിലായിരുന്നു ഈ കുടുംബങ്ങൾ. അച്ഛനമ്മമാരുടെ നാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ പേര്‌ കൃഷ്ണൻ എന്നും വിളിപ്പേര്‌ അപ്പു എന്നും ആയിരുന്നു. ഏറ്റവും മൂത്തതായി രാമൻ എന്ന പേരിൽ ഒരു സഹോദരനും അയാൾക്കു താഴെ, സീത(സീതോപ്പ), ചീരു (ചീരുവോപ്പ) എന്നീ പേരുകളിൽ രണ്ടു സഹോദരിമാരും എഴുത്തച്ഛനുണ്ടായിരുന്നു. സഹോദരൻ രാമന്റെ വിളിപ്പേര്‌ കുട്ടൻ എന്നായിരുന്നു.

ദുരന്തങ്ങൾ, വിദ്യാഭ്യാസം തിരുത്തുക

സാമൂതിരിയുടെ കിങ്കരന്മാർ എഴുത്തച്ഛന്റെ ജനനത്തിനു പതിനേഴുനാൾ മുൻപ് അദ്ദേഹത്തിന്റെ അച്ഛനെ ചതിയിൽ വിഷം കൊടുത്തു കൊന്നു. അച്ഛൻ കൊല്ലപ്പെടുമ്പോൾ തഞ്ചാവൂരെ ആധീനത്തിൽ പഠനം നടത്തിയിരുന്ന കുട്ടൻ, തുടർന്ന് അവിടുത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാതെ നാട്ടിലേയ്ക്കു മടങ്ങി. ഭർത്താവിന്റെ മരണത്തിനു ഏതാനും വർഷങ്ങൾക്കുശേഷം വിഷാദരോഗം മൂത്ത് സമനില നഷ്ടപ്പെട്ടിരുന്ന എഴുത്തച്ഛന്റെ അമ്മ മരിച്ചു. എഴുത്തച്ഛൻ ജനിക്കുമ്പോൾ കാരണവരായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവൻ രാമൻ ആയിരുന്നു. പരദേശത്ത് (തമിഴ്‌നാട്ടിൽ) വിദ്യാഭ്യാസം നേടിയ ഒരു പണ്ഡിതനായിരുന്നു ആ അമ്മാവൻ. എഴുത്തച്ഛന്‌ പ്രാഥമിക വിദ്യാഭ്യാസം നൽകിയതും അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന്‌ അടിത്തറയിട്ടതും അദ്ദേഹത്തിന്റെ സർഗ്ഗവാസനയെ ആദ്യം തിരിച്ചറിഞ്ഞതും എഴുത്തുകളരിയാശാനായ ആ അമ്മാവനായിരുന്നു. അമ്മാവൻ തിമിരബാധിതനായിരുന്നതുകൊണ്ട്, ക്രമേണ എഴുത്തുകളരിയുടെ ചുമതല എഴുത്തച്ഛന്റെ സഹോദരൻ കുട്ടൻ ഏറ്റെടുത്തു. എഴുത്തച്ഛന്റെ തുടർ‌പഠനത്തിൽ ഗുരു സഹോദരനായിരുന്നു.

ചാവേറായ ഉണ്ണി തിരുത്തുക

എഴുത്തച്ഛന്റെ അച്ഛന്റെ മരണത്തെ തുടർന്ന് മരുമകൻ, ഉണ്ണി എന്നു വിളിപ്പേരുള്ള കുമാരൻ, കാരണവന്മാരുടെ സമ്മതമില്ലാതെ, ഭഗവതിയുടെ മുമ്പിൽ ചാവേർ വ്രതമെടുത്തിരുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ തിരുനാവായയിൽ നടക്കാറുള്ള മാമാങ്കത്തിൽ‍, അതിന്റെ സം‌രക്ഷകനായ സാമൂതിരിയെ നിലപാടുതറയിലെത്തി കൊല്ലുകയോ, അതിനുള്ള ശ്രമത്തിൽ കൊല്ലപ്പെടുകയോ ചെയ്യുമെന്ന പ്രതിജ്ഞയായിരുന്നു അത്. എഴുത്തച്ഛന്റെ മൂത്ത സഹോദരി സീത(സീതോപ്പ)യുടെ പ്രതിശ്രുത വരനായിരുന്നു ഉണ്ണി. ഉണ്ണിയുടേയും സീതയുടേയും വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെ ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം എഴുത്തച്ഛന്റെ പിതാവിനെ കൊലയിൽ പങ്കാളികളായിരുന്നവരെ കൊന്നു. സാമൂതിരിയുടെ സൈന്യം താന്നിയൂരെ വെട്ടത്തുകോവിലകം ആക്രമിച്ചപ്പോൾ അതിന്റെ പ്രതിരോധത്തിനു നേതൃത്വം കൊടുത്തത് ഉണ്ണി ആയിരുന്നു. സമർത്ഥമായ ആ പ്രതിരോധത്തിൽ ആക്രമണം പരാജയപ്പെട്ടെങ്കിലും വെട്ടത്തുനാടിന്റെ "അമ്മത്തമ്പുരാട്ടി"-യെ അക്രമികൾ പിന്നിൽ നിന്ന് വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. തന്റെ ചാവേർ നിശ്ചയത്തിൽ ഉറച്ചു നിൽക്കാൻ അത് ഉണ്ണിക്കു പ്രേരണ നൽകി. മകൾ എച്ചുവിന്റെ ജനനം കഴിഞ്ഞ് ഏറെ വൈകാതെ വന്ന അടുത്ത മാമാങ്കത്തിൽ ചാവേറുകൾക്കൊപ്പം പോയ ഉണ്ണി നിലപാടു തറവരെ പൊരുതിയെത്തി അവിടെ വെട്ടേറ്റു മരിച്ചു.

തീവയ്പ്, അമ്മാവന്റെ മരണം തിരുത്തുക

മാമാങ്കം കഴിഞ്ഞ് സാമൂതിരിയുടെ പടയ്ക്ക് തിരുനാവായയിൽ നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങേണ്ടിയിരുന്നത് വെട്ടത്തുനാട്ടിലൂടെ ആയിരുന്നു. മാമാങ്കത്തിലേയ്ക്ക് ഉണ്ണിയെ അനുഗമിച്ചിരുന്ന എഴുത്തച്ഛനും സഹോദരനും മടങ്ങി വന്നപ്പോൾ, താന്നിയൂരെ വീടും എഴുത്തുകളരിയും സാമൂതിരിയുടെ സൈന്യം പ്രതികാരബുദ്ധിയോടെ തീവച്ചു നശിപ്പിച്ചിരിക്കുന്നതായി കണ്ടു. അപകടസാധ്യത കണ്ട് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും താന്നിയൂർ കോവിലകത്തേയ്ക്ക് പോയെങ്കിലും, കളരി വിട്ടുപോകാൻ അമ്മാവൻ വിസമ്മതിച്ചിരുന്നു. അപകടം കണ്ട അദ്ദേഹം, കളരിയിൽ സൂക്ഷിച്ചിരുന്ന അമൂല്യ ഗ്രന്ഥങ്ങളെ തുണിയിൽ പൊതിഞ്ഞ് കിണറ്റിൽ ഇട്ട് രക്ഷപെടുത്തിയെങ്കിലും ഒടുവിൽ എങ്ങനെയോ അദ്ദേഹവും കിണറ്റിൽ വീണു മരിച്ചിരിക്കുന്നതായി കാണപ്പെട്ടു.

തിരുവൂർ തിരുത്തുക

തുഞ്ചന്റെ പറമ്പ് തിരുത്തുക

താന്നിയൂർ കളരിയെ നാശത്തിൽ നിന്നു രക്ഷിക്കാൻ കഴിയാതെ പോയതിൽ ദുഃഖിച്ച വെട്ടത്തരചൻ, പഴഞ്ഞാനത്തു കുടുംബത്തിനു കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്ത് താമസസ്ഥലവും പുതിയ കളരിയും നിർമ്മിക്കാൻ സഹായവുമായി മുന്നോട്ടു വന്നു. തിരൂരെ "തുഞ്ചന്റെ പറമ്പ്" എന്ന പുരയിടമാണ്‌ കളരിക്കും വീടിനുമുള്ള സ്ഥലമായി കൊടുത്തത്. ഒരിക്കൽ മുനയൂരില്ലത്തിന്റെ ഉടമസ്ഥതയിലെ പൊറ്റനിലമായിരുന്ന അത്, കുറേക്കാലം മുൻപ് തുഞ്ചൻ എന്ന ചെത്തുകാരൻ ചെറിയ തുക കാഴ്ചപ്പണമായി നൽകി ചാർത്തി വാങ്ങിയതായിരുന്നു. തുഞ്ചന്റേയും ഭാര്യയുടേയും കഠിനാദ്ധ്വാനഫലമായി അവിടം അത്യാകർഷകമായി തീർന്നപ്പോൾ, മുനയൂരില്ലക്കാർ സ്ഥലം "പൊളിച്ചു ചാർത്തി" കിട്ടണം എന്നാവശ്യപ്പെട്ടു. വിസമ്മതിച്ച തുഞ്ചനേയും ഭാര്യയേയും രണ്ടു കൊച്ചു പെണ്മക്കളേയും, ഇല്ലത്തിന്റെ കിങ്കരന്മാർ കൊന്ന് പറമ്പിൽ കുഴിച്ചുമൂടി. ഈ അതിക്രമം അറിഞ്ഞ വെട്ടത്തരചൻ, അതിനു കാരണക്കാരനായ മുനയൂരില്ലത്തിന്റെ കാര്യസ്ഥനെ വിചാരണ ചെയ്തു വധിച്ചതിനു പുറമേ പ്രായശ്ചിത്തമായി പറമ്പ് കണ്ടുകെട്ടുകയും ചെയ്തു. ദേശക്കോയ്മയുടെ ഈ തീരുമാനം മേൽക്കോയ്മയായ സാമൂതിരിയുടെ സഹായത്തോടെ മാറ്റിക്കിട്ടാനുള്ള മുനയൂരില്ലത്തിന്റെ ശ്രമം ഫലിച്ചില്ല. എഴുത്തച്ഛന്റെ കുടുംബം അന്ധവിശ്വാസങ്ങളൊന്നും പിന്തുടർന്നിരുന്നില്ല. അതിനാൽ, പ്രേതബാധിതവും ശാപഗ്രസ്തവും ആയി കണക്കാക്കപ്പെട്ടിരുന്ന ആ പുരയിടത്തിൽ പുതിയ വീടും കളരിയും നിർമ്മിക്കുന്നതിൽ അവർ കുഴപ്പമൊന്നും കണ്ടില്ല. എന്നാൽ ബ്രാഹ്മണമേധാവികൾക്ക്, പ്രത്യേകിച്ച് മുനയൂരില്ലത്തിന്‌ കളരിയോടുള്ള വൈരം വർദ്ധിക്കാൻ ഇതു കാരണമായി.

പുതിയ കളരി പ്രവർത്തനക്ഷമമാകാൻ തുടങ്ങി ഏറെ വൈകാതെ എഴുത്തച്ഛന്റെ സഹോദരൻ കുട്ടന്റേയും സഹോദരി ചീരുവിന്റേയും വിവാഹങ്ങൾ നടന്നു. ചാവേറായി മരിച്ച ഉണ്ണിയുടെ സഹോദരി പിലാക്കാട്ടീരി കുടുംബത്തിലെ അമ്മിണി ആയിരുന്നു കുട്ടന്റെ വധു. ഉല്ലാസപ്രകൃതിയും നിഷ്കളങ്കയും ആയ ചീരുവിന്റെ ഭർത്താവായത്, അമ്മിണിയുടെ സഹോദരൻ ഗോപി ആയിരുന്നു. ഗോപി ദുഃസ്വഭാവിയും കച്ചവടമനസ്ഥിതിക്കാരനും ആയിരുന്നു.

തിരുവാവാടുതുറ, ദേശാടനം തിരുത്തുക

ബ്രാഹ്മണരിലെ ഒരു വിഭാഗം ഒഴിച്ചുള്ളവരെയൊക്കെ വിദ്യയിൽ നിന്ന് അകറ്റി നിർത്തണമെന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ നിലപാടു മൂലം മലയാളനാട്ടിൽ തമിഴകത്തുണ്ടായിരുന്നതു പോലുള്ള ഉന്നതവിദ്യാപീഠങ്ങൾ ഇല്ലായിരുന്നു. അതിനാൽ, അമ്മാവന്റേയും സഹോദരന്റേയും കീഴിൽ കളരിയിലെ പഠനം പൂർത്തിയാക്കിയിരുന്ന എഴുത്തച്ഛൻ തഞ്ചാവൂരെ തിരുവാവാടുതുറ ആധീനത്തിലേയ്ക്ക് ഉപരിപഠനത്തിനായി പോയി. അവിടത്തെ പ്രധാനാദ്ധ്യാപകൻ ഗുരു നീലകണ്ഠർ[ഗ] ആയിരുന്നു. അധീനത്തിലെ ആറുവർഷം നീണ്ട പഠനത്തിനൊടുവിൽ എഴുത്തച്ഛനും സഹപാഠികളും ഗുരുജനങ്ങളും ഭാരതപര്യടനത്തിനിറങ്ങി. കടലോരത്തുകൂടെ യാത്രചെയ്തു പൂരിയും വംഗദേശവും പിന്നിട്ട്, വാരണാസിയും നേപ്പാളും താണ്ടി, ബദരീനാഥം വഴി എട്ടു മാസം കൊണ്ട് മാനസസരസിലെത്തിയ യാത്ര മടക്കത്തിൽ, ഹരിദ്വാരം, ഉദയപുരം, ദ്വാരക, കൊങ്കണദേശം, ഗോകർണ്ണം എന്നിവിടങ്ങൾ കടന്ന് തിരൂരെത്താൻ പിന്നെയും ഒൻപതു മാസമെടുത്തു(പുറങ്ങൾ 209-210). കൂടെയുണ്ടായിരുന്നവരെ യാത്രയാക്കിയ ശേഷം എഴുത്തച്ഛൻ വീട്ടിൽ തങ്ങി. വിശ്രമത്തിനു ശേഷം അദ്ദേഹം കളരിയിലെ സേവനത്തിൽ മുഴുകി. പറങ്കികൾ പശ്ചിമതീരത്തേയ്ക്കുള്ള അവരുടെ ആദ്യയാത്ര കഴിഞ്ഞു മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു എഴുത്തച്ഛൻ മടങ്ങിയെത്തിയത്(പുറം 214).

അക്ഷരമാല, ഹരിനാമകീർത്തനം തിരുത്തുക

ഉപരിപഠനകാലത്തെ അനുഭവങ്ങൾ മുന്നിൽ വച്ച് തിരുവൂരിലെ കളരിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കാൻ ശ്രമിച്ച എഴുത്തച്ഛൻ, നാട്ടുഭാഷയിൽ അദ്വൈതവിജ്ഞാനം പ്രചരിക്കുന്നതിനു ഏറ്റവും വലിയ തടസ്സമായിരിക്കുന്നത് സംസ്കൃതപദങ്ങളും ദ്രാവിഡപദങ്ങളും ഒരുപോലെ എഴുതാൻ പറ്റിയ ഒരു അക്ഷരമാലയുടെ അഭാവമാണെന്നു മനസ്സിലാക്കി. അക്കാലത്ത് മലയാളഭാഷ എഴുതാൻ ഉപയോഗിച്ചിരുന്ന 30 അക്ഷരങ്ങൾ ചേർന്ന വട്ടെഴുത്ത് അതിനു മതിയാവില്ല എന്നു തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ അക്ഷരമാലയിൽ പ്രധാനമായും ഉപയോഗിച്ചത്, ദക്ഷിണഭാരതത്തിലെ പ്രാചീന ലിപിയായ ഗ്രന്ഥലിപിയിലെ അക്ഷരങ്ങൾ ആയിരുന്നു. ഒപ്പം മലയാളത്തിന്റെ തനതായ ശബ്ദങ്ങളുൾ രേഖപ്പെടുത്താൻ ആവശ്യമായ റ, ഴ തുടങ്ങിയവയുടെ ഛിഹ്നങ്ങൾ വട്ടെഴുത്തിൽ നിന്ന് ചില്ലറ ഭേദഗതികളോടെ സ്വീകരിച്ചു. ഗ്രന്ഥലിപിയും വട്ടെഴുത്തും ചേർന്ന ഈ പുതിയ അക്ഷരമാല 51 അക്ഷരങ്ങൾ ചേർന്നതായിരുന്നു.

പുതിയ അക്ഷരമാലയുടെ പ്രചരണത്തിനുപകരിക്കുന്ന ഒരു കീർത്തനം കൂടി എഴുതാൻ തീരുമാനിച്ച എഴുത്തച്ഛൻ, ഹരിനാമകീർത്തനം എഴുതി. 4 പ്രാരംഭപദ്യങ്ങളും, ഹരി, ശ്രീ, ഗ, ണ, പ, ത, യേ, ന, മ എന്നീ തുടക്കങ്ങളുള്ള 9 പദ്യങ്ങളും പുതിയ അക്ഷരമാലയിലെ അക്ഷരക്രമത്തിൽ ഓരോ അക്ഷരത്തിലായി തുടങ്ങുന്ന 51 പദ്യങ്ങളും, 3 സമാപനപദ്യങ്ങളും ചേർന്ന് 67 പദ്യങ്ങൾ ഉള്ള ആ കീർത്തനവും അക്ഷരമാലയും വളരെ വേഗം പ്രചരിച്ചു. ദേവീമാഹാത്മ്യത്തിന്‌ ഒരു മലയാളഭാഷ്യവും എഴുത്തച്ഛൻ ഇക്കാലത്ത് എഴുതി.

വിവാഹവും മറ്റും തിരുത്തുക

ആമക്കാവിനടുത്ത്, അച്ഛന്റെ കുടുംബവുമായി ബന്ധമുള്ള ഏടപ്പാൾ വീട്ടിലെ മാളുവിനെ എഴുത്തച്ഛന്റെ സഹോദരങ്ങൾ അദ്ദേഹത്തിനു ഭാര്യയായി തെരഞ്ഞെടുത്തു. വിദുഷിയും വിഞ്ജാനപ്രേമിയും ഭക്തയും ആയിരുന്ന അവർ കളരിയിൽ കൊച്ചുകുട്ടികളെ പഠിപ്പിച്ചിക്കാനും തുടങ്ങി. എഴുത്തച്ഛന്റെ ഇളയ സഹോദരി ചീരു, ഭർത്താവ് ഗോപിയുടെ ദുർന്നടത്തയും മർദ്ദനവും സഹിക്കാനാവാതെ മക്കൾ, അച്ചു, അനിയൻ എന്നിവരേയും കൂട്ടി വീട്ടിലേയ്ക്കു മടങ്ങി വന്നു. ഭാഗ്യാന്വേഷിയായ ഗോപി പറങ്കികളുമായി സഹകരിക്കുന്നുണ്ടായിരുന്നു.

ചക്കുന്തൽ ശിക്ഷ തിരുത്തുക

വിദ്യയെ ജനകീയമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ അക്ഷരമാലയും "ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത ഭൂസുരനും" എല്ലാം ഒരേ പദവി കല്പിക്കുന്ന ഹരിനാമകീർത്തനത്തിലെ സമത്വദർശനവും ബ്രാഹ്മണമേധാവിത്വത്തിന്റെ കഠിനമായ എതിർപ്പിനു കാരണമായിരുന്നു. നമ്പൂതിരിമാരിൽ ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണമുഖ്യനും മഹാപണ്ഡിതനുമായ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ഒരു വിചാരണപോലും നടത്തിയെങ്കിലും എഴുത്തച്ഛനെ ശിക്ഷിച്ചില്ല. പറങ്കികളുടെ വരവിൽ കൂടുതൽ കലുഷമായി തീർന്ന രാഷ്ട്രീയ സാഹചര്യങ്ങളും പ്രശ്നമായി. ഇക്കാലത്ത് പ്രസവത്തിനായി ഇടപ്പാൾ വീട്ടിലേയ്ക്കു പോയിരുന്ന എഴുത്തച്ഛന്റെ ഭാര്യ മാളു, പെൺകുഞ്ഞിനെ പ്രസവിച്ച ഉടനെ മരിച്ചു. ഭാര്യയുടെ സംസ്കാരത്തിനു ശേഷം മകൾ ശ്രീദേവിയെ മാളുവിന്റെ ചെറിയമ്മയുടേയും അമ്മാമന്റേയും ചുമതലയിലാക്കി എഴുത്തച്ഛൻ തിരുവൂർ മടങ്ങിയെത്തിയപ്പോൾ അവിടെ ആപത്ഘട്ടമായിരുന്നു. പോർത്തുഗീസുകാരുടേയും കൊച്ചിയുടേയും സഖ്യത്തോടുള്ള യുദ്ധത്തിൽ സാമൂതിരി ആവശ്യപ്പെട്ട സഹകരണം വെട്ടത്തു നാട് നൽകിയില്ല. യുദ്ധത്തിൽ തോറ്റുമടങ്ങുന്ന സാമൂതിരിപ്പട, വഴിയ്ക്ക് വെട്ടത്തുകോവിലകവും തിരുവൂർ കളരിയും മറ്റും ആക്രമിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞ വെട്ടത്തുനാട്, പ്രതിരോധത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. മുൻ‌കരുതലെന്ന നിലയിൽ എഴുത്തച്ഛന്റെ കുടുംബം കൊട്ടാരത്തിലേയ്ക്ക് താമസം മാറ്റി. വെട്ടത്തുരാജാവിന്റെ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു എഴുത്തച്ഛന്റെ ജ്യേഷ്ഠൻ. ശത്രു സൈന്യം കൊട്ടാരം വളഞ്ഞ് ഉപരോധം ഏർപ്പെടുത്തി. അത് പരാജയപ്പെടുമെന്നായപ്പോൾ കൊട്ടാരത്തിനു ചതിയിൽ തീവച്ച്, കാര്യാലോചനയ്ക്കായി സമ്മേളിച്ചിരുന്ന യുവരാജാവിനേയും എഴുത്തച്ഛന്റെ സഹോദരനടക്കമുള്ള ഉപദേഷ്ടാക്കളേയും കൊന്നു. അതോടെ വെട്ടത്തുനാടിനു പരാജയം സമ്മതിക്കേണ്ടി വന്നു.

എഴുത്തച്ഛനും കുടുംബാംഗങ്ങളും ശത്രുസൈന്യത്തിന്റെ പിടിയിലായി. ബ്രാഹ്മണമേധാവിത്വത്തിന്റെ ആഗ്രഹമനുസരിച്ച് എഴുത്തച്ഛനെ തലവെട്ടിക്കൊല്ലാനാണ്‌ ആദ്യം തീരുമാനിച്ചത്. എങ്കിലും മുനയൂരില്ലത്തെ കാര്യസ്ഥനും താന്നിയൂർ കളരിയിലെ പഴയ വിദ്യാർത്ഥിയുമായ അടിയാഴത്തു മൂപ്പിൽ നായർക്ക് പഴഞ്ഞാനത്തു കുടുംബത്തോടുണ്ടായിരുന്ന രഹസ്യമമത മൂലം തലവെട്ടൽ ഒഴിവായിക്കിട്ടി. വധശിക്ഷയേക്കാൾ കഠിനമായ ശിക്ഷയാണ്‌ എഴുത്തച്ഛൻ ചെയ്ത "ദ്രോഹങ്ങൾ" അർഹിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം ഇടപെട്ടു. വെട്ടം പള്ളിപ്പുറത്തെ പതിനെട്ടരക്കാവുകളിലേയ്ക്കു വേണ്ട എണ്ണ ശബരകൊട്ടത്തെ ചക്കുപുരയിൽ കാളയില്ലാതെ ആട്ടിക്കൊടുത്ത്, അതുകൊണ്ടു മാത്രം ഉപജീവനം നടത്താനുള്ള ശിക്ഷ ഉചിതമാവും എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം ഒടുവിൽ അംഗീകരിക്കപ്പെട്ടു.

ശബരകൊട്ടം തിരുത്തുക

ദാരിദ്ര്യം തിരുത്തുക

ശബരകൊട്ടത്തെ ചക്കുപുരയിൽ ക്ഷേത്രഭരണത്തിന്റെ ചുമതലക്കാരായ ആലത്തിയൂർ സങ്കേതത്തിന്റെ അടിമകൾ എന്ന നിലയാണ്‌ എഴുത്തച്ഛനും കുടുംബാംഗങ്ങൾക്കും ഉണ്ടായിരുന്നത്. സങ്കേതത്തലവനായ പെയ്യാപ്പന്തൽ ഇല്ലക്കാരും അവിടത്തെ കലവറക്കാരനായ രാവുണ്ണി എന്ന യുവാവും ചക്കുപുരയിലെ കഷ്ടതയിൽ തുണയായി. എള്ളും തേങ്ങയുമാണ്‌ ചക്കിൽ ആട്ടേണ്ടിയിരുന്നത്. ഒരു പറ എള്ള് ആട്ടുന്നതിനു ഒരുനാഴി നെല്ല് എന്ന നിരക്കിലുള്ള കൂലികൊണ്ടു മാത്രം വേണ്ടിയിരുന്നു ഉപജീവനം. സങ്കേതത്തിൽ പോയി കണക്കു പറഞ്ഞ് കൂലി വാങ്ങണമായിരുന്നു. എഴുത്തച്ഛനോടൊപ്പം അദ്ദേഹത്തിന്റെ സഹോദരിമാരായ സീത, ചീരു, സഹോദരഭാര്യ അമ്മിണി എന്നിവരും അവർ മൂന്നുപേരുടേയും കുട്ടികളും ഗോപിയുടേയും അമ്മിണിയുടേയും അമ്മയായ അച്ഛമ്പെങ്ങളും ആണ്‌ ഉണ്ടായിരുന്നത്. ജോലി കുറവുള്ള മഴക്കാലത്ത് കൊടിയ ദാരിദ്ര്യമായിരുന്നു. വിശപ്പു സഹിക്കവയ്യാഞ്ഞ് ചീരുവിന്റെ മകൻ അച്ചു ഒരിക്കൽ വെള്ളപ്പോക്കത്തിൽ കയറി വന്ന മീൻ കൂട്ടുകാരോടു ചേർന്ന് ചുട്ടു തിന്നു. ഇതുകേട്ട എഴുത്തച്ഛൻ, വിശപ്പു സഹിക്കാതാമ്പോൾ എന്തും തിന്നാമെന്ന് അവനെ സമാധാനിപ്പിച്ചു. അതിനുശേഷം, അടുത്തുള്ള അമ്പലത്തിലെ പടച്ചോറും മത്സ്യവും ചെത്തുകാരൻ കുട്ടായി കൊടുത്തിരുന്ന മിച്ചം വന്ന മധുരക്കള്ളുമാണ്‌ കർക്കിടകദുരിതത്തിൽ കുട്ടികളുടെ ജീവൻ നിലനിർത്തിയത്.

അദ്ധ്യാത്മരാമായണം, ശ്രീമഹാഭാരതം തിരുത്തുക

ദുഖങ്ങളിൽ എഴുത്തച്ഛൻ ആശ്വാസം കണ്ടെത്തിയത് നാമജപത്തിലാണ്‌. ചക്കിൽ ചതഞ്ഞ് എണ്ണ വേറാകെ ഓരോ എള്ളുമണിയും ജപിക്കുന്നത് രാമനാമമാണെന്ന് തോന്നിയപ്പോൾ, എള്ളുമണികളുടെ വഴി പിന്തുടരാൻ നിശ്ചയിച്ച അദ്ദേഹം അദ്ധ്യാത്മരാമായണത്തിന്‌ മലയാളഭാഷ്യം കിളിപ്പാട്ടായി എഴുതാൻ തുടങ്ങി. പഞ്ഞമാസങ്ങളിലാണ്‌ രചന ഏറെയും നടന്നത്. ആറു കാണ്ഡങ്ങൾ തീരാൻ ഏഴുവർഷം എടുത്തു. താമസിയാതെ തുടങ്ങിയ ശ്രീമഹാഭാരതഭാഷ്യവും കിളിപ്പാട്ടു രൂപത്തിലാണ്‌ എഴുതിയത്. ഏറെ സംഗ്രഹിച്ച് എഴുതിയിട്ടും അതിന്‌ രാമായണത്തേക്കാൾ വലിപ്പം ഉണ്ടായിരുന്നു. മൂന്നു കൊല്ലം കൊണ്ടാണ്‌ അതു പൂർത്തിയാക്കിയത്. ബ്രാഹ്മണനിന്ദയോ രാജനിഷേധമോ കണ്ടെത്തി ആരെങ്കിലും എതിർത്തെങ്കിലോ എന്നു കരുതി തൽക്കാലം ഈ കൃതികൾ പരസ്യമാക്കിയില്ല.

നാടുകടത്തൽ തിരുത്തുക

എഴുത്തച്ഛനിൽ നിന്നു അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കാൻ വാങ്ങിയ സുഹൃത്ത് കുറ്റിശ്ശേരി നമ്പൂതിരിയിൽ നിന്ന് അതു വാങ്ങി വായിച്ചവരിൽ ഒരാൾ ബ്രാഹ്മണപ്രമാണിമാരുടെ പാർശ്വവർത്തിയായിരുന്നു. അങ്ങനെ ആ കൃതി പരസ്യമായതോടെ, അതിനെക്കുറിച്ച് നിശതമായ വിമർശനം നടക്കുന്നുണ്ടായിരുന്നു. വേദത്തിനു വന്ന "ശൂദ്രബാധ" നീങ്ങാനായി ബ്രാഹ്മണരുടെ വേദപാഠശാലകളിലെ വാദ്ധ്യാന്മാർ പട്ടിണിവ്രതം[ഘ] എടുക്കുകയും പഠിതാക്കളെ അതിനു നിർബ്ബന്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. യജ്ഞാദികൾ കൂടാതെ നാമജപം കൊണ്ടുമാത്രം മോക്ഷം പ്രാപിക്കാമെന്നു സിദ്ധാന്തിക്കാൻ ശൂദ്രനെന്തു കാര്യം എന്നായിരുന്നു വിമർശനം. "ബ്രാഹ്മണോഹം, നരേന്ദ്രോഹം, ആഢ്യോഹം" എന്ന് വീമ്പു പറയുന്നവരെയും ഒടുവിൽ ജന്തുക്കൾ ഭക്ഷിച്ചു കാഷ്ടിച്ചേക്കാം എന്ന അദ്ധ്യാത്മരാമായണം, ലക്ഷ്മണസാന്ത്വനത്തിലെ പരിഹാസവും വിമർശനവിഷയമായി. മേൽക്കോയ്മയായ സാമൂതിരിക്ക് കൃതി കാഴ്ചവയ്ക്കാതിരുന്നതും വിമർശിക്കപ്പെട്ടു. ഇതറിഞ്ഞപ്പോൾ, കിളിപ്പാട്ടുകൾ പ്രചരിക്കുന്നതിനു മുൻപ് നശിപ്പിക്കപ്പെട്ടേക്കാം എന്നു ഭയന്ന എഴുത്തച്ഛൻ സഹോദരി സീതയുടേയും മറ്റും സഹായത്തോടെ തിടുക്കത്തിൽ അവയുടെ പകർപ്പുകളെടുത്ത്, വെള്ളാട്ടിരി, പെരുമ്പടപ്പ്, വെട്ടം തുടങ്ങിയ ദേശക്കോയ്മകളിൽ എത്തിച്ചു. അതോടെ കിളിപ്പാട്ടുകൾ രണ്ടും ആ ദേശങ്ങളിലൊക്കെ പ്രചരിക്കാനും തുടങ്ങി. അതോടെ, സാമൂതിരിയ്ക്ക് സമർപ്പിക്കാത്ത കൃതി അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിൽ എത്തിച്ചു എന്നും ആരോപിക്കപ്പെട്ടു.

പണ്ഡിതബ്രാഹ്മണനായ ആഴ്വാഞ്ചേരി താമ്പ്രാക്കൾ ബ്രാഹ്മണർക്കിടയിലെ സങ്കുചിതമനസ്കരായ സ്ഥാപിതതാത്പര്യക്കാരെ പിന്തുണച്ചിരുന്നില്ല. കിളിപ്പാട്ടുകൾ കണ്ടതോടെ, ബ്രഹ്മാണ്ഡപുരാണത്തിനു കൂടി മലയാളഭാഷ്യം നിർമ്മിക്കാൻ കവിയെ നിയോഗിക്കുക കൂടി ചെയ്തു അദ്ദേഹം. എഴുത്തച്ഛനെ വധിക്കാൻ വീണ്ടും ശ്രമം നടക്കുന്നെന്നറിഞ്ഞ തമ്പ്രാക്കൾ അദ്ദേഹത്തെ തന്റെ ആസ്ഥാനത്തിൽ വരുത്തി താമസിപ്പിച്ചു. സാമൂതിരിയുടെ പിന്തുണയുള്ള ബ്രാഹ്മണമേധാവിത്വത്തെ ചെറുക്കാൻ തമ്പ്രാക്കൾക്ക് കഴിഞ്ഞില്ല. എങ്കിലും എഴുത്തച്ഛൻ സാമൂതിരിയുടെ അധികാരസീമ വിട്ടുപോയാൻ വധശിക്ഷ ഒഴിവാക്കണം എന്ന തമ്പ്രാക്കളുടെ നിർദ്ദേശം സ്വീകൃതമായി. താൻ നാടുവിട്ടു കഴിയുമ്പോൾ കുടുംബാംഗങ്ങളെ ക്ഷേത്രഭരണത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തരാക്കണമെന്ന എഴുത്തച്ഛന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടു.

മഹാപ്രസ്ഥാനം തിരുത്തുക

വീണ്ടും തിരുവാവാടുതുറയിൽ തിരുത്തുക

ശിക്ഷാവിധി കേട്ട് ശബരിവട്ടത്തെ ചക്കുപുരയിലേയ്ക്ക മടങ്ങുംവഴി എഴുത്തച്ഛൻ, ആമക്കാവിലെ എടപ്പാൾ വീട്ടിൽ, മാളുവിന്റെ ചെറിയമ്മയുടെ സം‌രക്ഷണയിൽ കഴിഞ്ഞിരുന്ന മകളേയും, ദുർ‌വൃത്തമായ ലോകസഞ്ചാരത്തിനു ശേഷം അവശനായി മടങ്ങിയെത്തിയിരിക്കുന്ന ഭർത്താവിനെ ശുശ്രൂഷിക്കാനായി പിലാക്കീട്ടീരി തറവാട്ടിലേയ്ക്കു മടങ്ങിപ്പോയിരുന്ന ഇളയ സഹോദരി ചീരുവിനേയും സന്ദർശിച്ചു. ചീരുവിന്റെ മൂത്ത മകൻ അച്ചു വെട്ടത്തുകോവിലകത്ത് ഉദ്യോഗത്തിലും ഇളയ മകൻ അനിയൻ വൈദ്യം പഠനത്തിലും ആയിരുന്നു. സീതയുടെ മകൾ എച്ചു രാവുണ്ണിയെ വിവാഹം ചെയ്ത് ചക്കുപുരയ്ക്കടുത്തു തന്നെ താമസിക്കുന്നുണ്ടായിരുന്നു. ചക്കുപുരയിൽ സഹോദരി സീതയോടും കുട്ടികളോടും വിടപറഞ്ഞശേഷം തമിഴകത്തെ ഗ്രാമങ്ങൾ താണ്ടി എഴുത്തച്ഛൻ, തഞ്ചാവൂരിൽ തന്റെ പഴയ വിദ്യാലയമായ തിരുവാവാടുതുറ ആദീനത്തിലെത്തി അദ്ധ്യാപകനായി ചുമതലയേറ്റു. മാസം പതിനാറു പണമായിരുന്നു യാവനം.

സൂര്യനാരായണൻ തിരുത്തുക

ആദീനത്തിൽ പഠിക്കാനെത്തിയ സൂര്യനാരായണൻ എന്ന വിദ്യാർത്ഥി എഴുത്തച്ഛന്റെ ശിഷ്യനായി. മലയാളദേശത്ത് ബ്രാഹ്മണമേധാവികൾ നശിപ്പിച്ച മംഗലാംകുന്നത്ത് എഴുത്തുകളരിയിലെ ആശാന്റെ ഏകമകനായിരുന്നു സൂര്യനാരായണൻ. ഗുരുവിന്റെ സ്വാധീനത്തിൽ ക്രമേണ ശിഷ്യന്റെ പ്രതികാരവാഞ്ഛ, വേദാന്തചിന്തയായി വഴിതിരിഞ്ഞു. പഠനത്തിന്റെ സമാപ്തിയിൽ ദേശാടനത്തിനു സമയമായപ്പോൾ ശിഷ്യന്‌ ഗുരുവിനെ വിട്ടുപോകാൻ മനസ്സില്ലായിരുന്നു. ഒടുവിൽ ദേശാടനത്തിൽ എഴുത്തച്ഛൻ ശിഷ്യനെ അനുഗമിച്ചു. ഒന്നരവർഷം നീണ്ട ആ യാത്രയ്ക്കിടയിൽ സൂര്യനാരായണൻ, തമിഴ്‌ദേശത്തുള്ള തരം ഒരു ഗുരുകുലം നാട്ടിൽ തുടങ്ങിയാൽ കൊള്ളാമെന്ന തന്റെ ആഗ്രഹം അവതരിപ്പിച്ചു. സാമൂതിരിയുടെ അതിർത്തിക്കു പുറത്ത് പെരുമ്പടപ്പുസ്വരൂപത്തിന്റെ പരിധിയിൽ പാലക്കാട്ടെ ശോകനാശിനി നദിയുടെ തീരത്തെ കാട് അതിനു പറ്റിയ സ്ഥാനമായി അയാൾ നിർദ്ദേശിക്കുകയും ചെയ്തു. ദേശാടനം കഴിഞ്ഞ് തിരുവാവാടുതുറയിൽ മടങ്ങിയെത്തിയ അവർ, ആദീനത്തോടു വിടപറഞ്ഞ് ശോകനാശിനിയിലെത്തി.

ശോകനാശിനി തിരുത്തുക

ശോകനാശിനിയ്ക്കു സമീപമുണ്ടായിരുന്ന എഴുവത്തു കുടുംബം എഴുത്തച്ഛനെ സഹായിച്ചു. രാമായണത്തിനും ഭാരതത്തിനും എന്ന പോലെ ഭാഗവതത്തിനും മലയാളഭാഷ്യം നിർമ്മിക്കണമെന്ന തന്റെ ആഗ്രഹം അദ്ദേഹം നടപ്പാക്കാൻ തുടങ്ങി. അതേസമയം സൂര്യനാരായണനും സുഹൃത്ത് കരുണാകരനും, കാട്ടിൽ ഗുരുകുലത്തിനു വേണ്ട ശാലകൾ നിർമ്മിക്കുന്നതിൽ വ്യാപൃതരായി. പലയിടങ്ങളിൽ നിന്നു ശേഖരിച്ചവയും, നാട്ടിൽ നശിപ്പിക്കപ്പെട്ട രണ്ടു കളരികളിൽ നിന്നും രക്ഷപെടുത്തിയവയും ആയ അമൂല്യഗ്രന്ഥങ്ങൾ ശാലകളിൽ ശേഖരിക്കപ്പെട്ടു. എന്നാൽ ഔപചാരികമായി വിളക്കുവയ്ക്കാൻ നിശ്ചയിച്ചിരുന്ന നല്ലദിവസത്തിനു രണ്ടു രാത്രി മുൻപ് ഗുരുകുലശാലകളും അവയിലെ ഗ്രന്ഥങ്ങളും മുച്ചൂടും കത്തിയമർന്നു. ഇതരഗ്രന്ഥങ്ങൾക്കൊപ്പം, ഭാഗവതഭാഷ്യത്തിന്റെ ഏറിയഭാഗവും കത്തിനശിച്ചു. ശോകനാശിനി കടന്ന് സാമൂതിരിയുടെ ദേശപരിധിക്കുള്ളിൽ നിന്നെത്തിയ അക്രമികൾ, വൈദികബ്രാഹ്മണരുടെ പ്രേരണയിൽ ചെയ്ത പണിയായിരുന്നു ഇത്.

ഗുരുകുലശാലകളുടെ നാശം എഴുത്തച്ഛൻ തികഞ്ഞ സം‌യമത്തോടെ കൈക്കൊണ്ടു. കത്തിയെരിഞ്ഞ ശാലകൾക്കു പകരം പുതിയവ നിർമ്മിക്കാൻ അദ്ദേഹത്തെ ശോകനാശിനിയിലെ ദേശവാസികൾ നിർബ്ബന്ധിച്ചു. വീണ്ടും നിർമ്മിക്കുന്ന ശാലകൾക്ക് പഴയവയുടെ ഗതി വരാതിരിക്കാൻ എഴുത്തച്ഛൻ കണ്ടെത്തിയ വഴി, ഗുരുകുലത്തെ ഒരു ബ്രാഹ്മണഗ്രാമം ആക്കുക എന്നതായിരുന്നു. വിദ്യയുടെമേൽ എല്ലാവർക്കും ഒരേ അവകാശമാണെങ്കിലും വിദ്യാശാലകളുടെ ഉടമസ്ഥർ ബ്രാഹ്മണരാണെന്നു വന്നാൽ, ബ്രഹ്മശാപം ഭയപ്പെടുന്ന സാമൂതിരി അതിനെതിരെ അക്രമം കാട്ടുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ യുക്തി. എല്ലാവർക്കും വിദ്യ പകർന്നു കൊടുക്കുന്ന ഗുരുകുലത്തിൽ പഠിപ്പിക്കാൻ സന്നദ്ധതയുള്ള വിശാലമനസ്കരായ ബ്രാഹ്മണരെ എഴുത്തച്ഛൻ പലയിടങ്ങളിൽ നിന്നുമായി കണ്ടെത്തി അവിടെ കുടിയിരുത്തി. അങ്ങനെ ശോകനാശിനിയിലെ വിദ്യാപീഠം നിലവിൽ വന്നു.

സമാപനം തിരുത്തുക

നേരത്തേ, എഴുത്തച്ഛൻ പാലക്കാട്ട് എത്തിയതറിഞ്ഞ മകൾ ശ്രീദേവി ശോകനാശിനിയിൽ അച്ഛനെ സന്ദർശിക്കാനെത്തുകയും കുറേക്കാലം അവിടെ കഴിഞ്ഞ അവളെ അദ്ദേഹം, സഹോദരി ചീരുവിന്റെ മകൻ അനിയനെ ഭർത്താവായി നിശ്ചയിച്ച് നാട്ടിലേയ്ക്കു യാത്രയാക്കുകയും ചെയ്തിരുന്നു. സഹോദരിമാരെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹത്തിനു ലഭിക്കുന്നുണ്ടായിരുന്നു. മൂത്ത സഹോദരി സീത വാതരോഗത്തോട് ഇച്ഛശക്തികൊണ്ട് പൊരുതി ജീവിക്കുകയായിരുന്നു. ഭർത്താവ് ഗോപിയുടെ മരണത്തോടെ, ഇളയ സഹോദരി ചീരുവിന്റെ മനോനില മോശമായി. ഭർത്താവ് മരിച്ചിട്ടില്ലെന്ന ഉന്മാദത്തിലായ അവർ ഒടുവിൽ എവിടേയ്ക്കോ ഇറങ്ങിപ്പോയി. അവരെ കണ്ടെത്താൻ മക്കൾ നടത്തിയ ശ്രമമെല്ലാം വിഫലമാവുകയും ചെയ്തു. അവർ നാമാവശേഷയായിക്കഴിഞ്ഞുവോ എന്നു ധ്യാനാന്വേഷണത്തിലൂടെ അറിയാൻ എഴുത്തച്ഛൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശാന്തിമുട്ടിയ ഏതോ അമ്പലത്തിന്റെ മുറ്റത്ത്, പ്രാകൃതവേഷത്തോടെ കരിയാവൃണങ്ങളുമായെങ്കിലും എപ്പോഴുമെന്ന പോലെ സന്തോഷത്തിൽ കഴിയുന്ന ആ സഹോദരിയുടെ ചിത്രം ഇടയ്ക്ക് അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞുവന്നിരുന്നു.

ദേശത്താകെ പടയും അക്രമവും വ്യാപിക്കുകയായിരുന്നു. എങ്കിലും ശോകനാശിനിയിലെ ഗുരുകുലഗ്രാമം വേരുപിടിച്ചു പടർന്നു. അവിടന്നു കിട്ടിയ വെളിച്ചവുമായി അൻപതോളം പേർ അതിനകം ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള ദേശങ്ങളിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഗ്രന്ഥത്തിന്റെ അവസാനത്തേതായ 51-ആം അദ്ധ്യായത്തിൽ, ശോകനാശിനിയിലെ വിദ്യാപീഠത്തിന്റെ സ്ഥാപനം കഴിഞ്ഞ് പത്തു വർഷത്തിനു ശേഷം, എല്ലാത്തിനേയും വേദാന്തിയുടെ സം‌യമബുദ്ധിയോടെ വീക്ഷിക്കുന്ന എഴുത്തച്ഛനെ കാണാം. ഉറ്റവരെക്കുറിച്ചുള്ള ദുഖങ്ങൾക്കു പുറമേ ശാരീരികമായ അവശതയും അദ്ദേഹത്തെ അലട്ടിയിരുന്നു. "ജീവന്റെ ശരീരവസ്ത്രം ഇഴയിടാനാവത്തവണ്ണം പിഞ്ഞിത്തുടങ്ങിയെന്ന്" അദ്ദേഹം അറിഞ്ഞു. "പുത്തനുടുപ്പ് അത്യന്താപേക്ഷിതമായ" ആ ദശാസന്ധിയിൽ അദ്ദേഹം ഹരിനാമത്തിൽ അഭയം കണ്ടെത്തി.

വിമർശനം, പ്രതിഷേധം തിരുത്തുക

നോവൽ മാതൃഭൂമി വാരാന്ത്യപതിപ്പിൽ ഖണ്ഠശ്ശപ്രസിദ്ധീകരിക്കുന്നതിന്റെ ആരംഭം മുതൽ തന്നെ ഈ നോവലിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തു കൊണ്ടും തെളിവുകളുടെ അഭാവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടും പ്രതികരണങ്ങൾ വായനക്കാരിൽ നിന്നും ഉയരുകയുണ്ടായി.[2] തുഞ്ചത്തെഴുത്തച്ഛൻ സ്വന്തം പൂർവികരിൽ ഒരാളാണെന്ന സി. രാധാകൃഷ്ണന്റെ പ്രഖ്യാപനത്തെ തുടർന്ന്, തുഞ്ചത്തെഴുത്തച്ഛനെ എഴുത്തച്ഛൻ സാമുദായ പശ്ചാത്തലത്തിൽ നിന്നും മാറ്റി നായർ സമുദായാംഗമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് ഈ നോവൽ രചനയെന്ന് എഴുത്തച്ഛൻ സമാജം വൈസ് പ്രസിഡന്റ് ആയ പ്രൊഫ. ടി. ബി. വിജയകുമാർ അഭിപ്രായപ്പെട്ടു.[2] കെ. ബാലകൃഷ്ണ കുറുപ്പിന്റെ വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ എന്ന ഉപന്യാസ സമാഹാരത്തിലെ നിഗമനങ്ങളുമായി ഈ നോവലിലെ കഥാപാത്രങ്ങളുടെ പേരുകളിലെ സാദൃശ്യം(തുഞ്ചത്തെഴുത്തച്ഛന്റെ മാതാപിതാക്കളുടെ) പോലുള്ള കാര്യങ്ങളും മറ്റും ഇതിന് തെളിവുകളായി പ്രൊഫ. ടി. ബി. വിജയകുമാർ ചൂണ്ടിക്കാണിച്ചു. അതേസമയം ഇതൊരു നോവൽ മാത്രമാണെന്നും ഇതിനെ ചരിത്രമായി കാണേണ്ടതില്ലെന്നും ഉള്ള അഭിപ്രായവും ചില വായനക്കാർ പ്രകടിപ്പിച്ചു.[2]

മലയാളഭാഷയുടെ ചരിത്രത്തിലെ നിർണ്ണായകവ്യക്തിത്വമായ എഴുത്തച്ഛന്റെ പ്രതിബദ്ധതകളേയും പശ്ചാത്തലത്തേയും പറ്റിയുള്ള ചർച്ചകൾക്ക് ഈ കൃതിയുടെ പ്രസിദ്ധീകരണം അവസരമൊരുക്കി. വൈദേശികാക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമ്മികരോഷമെങ്കിലും തോന്നുന്ന ഒരാളായി എഴുത്തച്ഛൻ നമ്മുടെ സാഹിത്യഭാവനയിൽ പോലും കടന്നുവരുന്നില്ല എന്നതിനു തെളിവായി ഈ ജീവിതാഖ്യായിക എടുത്തുകാട്ടുന്ന വി.സി. ശ്രീജൻ, കേരളത്തിൽ പോർത്തുഗീസുകാരുടെ അതിക്രമങ്ങൾ നടന്ന കാലഘട്ടത്തിൽ ജീവിച്ച കവി എന്തുകൊണ്ട് വിദേശാക്രമണങ്ങളെ അവഗണിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം അനുമാനിച്ചെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ ഈ കൃതിയിലുണ്ടെന്ന് കരുതുന്നു. തന്റെ ജന്മദേശമായ വെട്ടത്തുനാടിനെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന സാമൂതിരിയോടും കോഴിക്കോടിനോടും എഴുത്തച്ഛന്‌ സ്വാഭാവികമായും വിദ്വേഷം തോന്നിയിരിക്കാം. സാമൂതിരിയും കോഴിക്കോടും തുലഞ്ഞുപോകട്ടെ എന്നു കരുതുന്ന ഒരാൾക്ക്, കോഴിക്കോടിനെതിരെയുള്ള പോർത്തുഗീസുകാരുടെ അതിക്രമം വലിയ കാര്യമായി തോന്നണമെന്നില്ല. നായർ സമുദായത്തിൽ ജനിച്ച എഴുത്തച്ഛൻ തന്റെ കൃതികൾ വഴി സ്വാധീനിക്കാൻ ശ്രമിച്ചത് സ്വന്തം സമുദായത്തെ തന്നെ ആയിരുന്നു. അക്കാലത്തെ രണശൂരരായ നായന്മാരെ ഭക്തിയിലേയ്ക്ക് തിരിച്ചു വിടുന്നത് അവരെക്കൊണ്ട് വാളുകൾ താഴെ വെപ്പിക്കുന്നതിനു തുല്യമാവും. മുസ്ലിങ്ങളുടേയും സാമൂതിരിയുടേയും എതിർപ്പുകൾ അവസാനിപ്പിച്ച് പോർത്തുഗീസുകാർക്ക് കീഴടങ്ങുന്നതാണ്‌ നല്ലതെന്ന് കരുതിയ ഒരു വിഭാഗം കേരളത്തിൽ ഉണ്ടായിരുന്നെന്നും അവരുടെ താത്പര്യങ്ങൾക്കിണങ്ങിയ ഭക്തിവാദമായിരുന്നു എഴുത്തച്ഛന്റേതെന്നും ഈ വിമർശകൻ വിലയിരുന്നു.[3]

തുഞ്ചത്ത് എഴുത്തച്ഛന്റെ ചരിത്രത്തെ പറ്റി ഗൗരവമായ പഠനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല എന്നിരിക്കെ, ബ്രാഹ്മണ മേധാവിത്വം ശൂദ്രർക്ക് വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്ന തുഞ്ചത്ത് എഴുത്തച്ഛൻ നായർ സമുദായത്തിൽ പെട്ട ആളായിരിക്കാൻ സാധ്യത ഇല്ലെന്നും, മഹാഭാരതം, ശാന്തിപർവത്തിൽ ശൂദ്രധർമങ്ങളായി

എന്ന് പറയുന്ന എഴുത്തച്ഛൻ തന്റെ കാലത്തെ നായർ സമുദായത്തിന്റെ സാംസ്കാരിക രംഗത്തെ പരിമിതിക്ക് സാക്ഷിയാണ്. ഡച്ച്‌-ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നായർ സമുദായം വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞത്(അതിനു മുൻപ് അവർ ആയോധന കലകൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്). ചോള, പല്ലവ പശ്ചാത്തത്തിൽ നിന്ന് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലബാറിലേയ്ക്കു കുടിയേറിയ ഇന്നത്തെ എഴുത്തച്ഛൻ സമുദായത്തിന്റെ പൂർ‌വികരായ കടുപട്ടർ എന്ന ഉന്നത ജാതിയിൽ പെട്ടയാളായിരുന്നു തുഞ്ചത്തെഴുത്തച്ഛനെന്നും, സ്വന്തം പൂർവികർക്ക് ചോള, പല്ലവ ദേശങ്ങളുമായി ഉണ്ടായിരുന്ന ബന്ധങ്ങളാണ് തുഞ്ചത്ത് എഴുത്തച്ഛന് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് സഹായകമായത്, അദ്ദേഹത്തെ ജാതി മാറ്റി കേരളത്തിൽ ഇന്ന് ഭരണവർഗ്ഗമായിരിക്കുന്ന നായർ സമുദായത്തിൽ പെട്ടയാളായി ചിത്രീകരിക്കാനുള്ള ശ്രമം ഫാസിസമാണെന്നും പ്രൊഫ.ടി.ബി.വിജയകുമാർ പരാതിപ്പെടുന്നു. ജാതിവ്യവസ്ഥയുടെ ദോഷങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിലുണ്ടായിരുന്ന കാലത്ത്

എന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ പറഞ്ഞ തുഞ്ചത്ത് എഴുത്തച്ഛൻ ഭക്തി പ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്ന 'ജാതി വിരുദ്ധത' സ്വന്തം കൃതികളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു, അതിനാൽ തന്നെ ജീവിച്ചിരുന്ന കാലഘട്ടത്തോട് തുഞ്ചത്ത് എഴുത്തച്ഛൻ പ്രതികരിച്ചില്ല എന്ന് പറയാൻ കഴിയില്ല എന്ന വാദവും പ്രൊഫ.ടി.ബി.വിജയകുമാർ മുന്നോട്ടു വയ്ക്കുന്നു.[4]

ഈ കൃതിയുടെ പ്രസിദ്ധീകരണത്തെ തുടർന്ന് എഴുത്തച്ഛന്റെ ജാതിയെ സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഇടപെട്ട്, കേരള സർക്കാരിന്റെ മുൻ അഡീഷനൽ സെക്രട്ടറി എൻ എസ്. മന്നാടിയാർ "ജാതിത്തർക്കം അനാവശ്യം" എന്ന പേരിൽ എഴുതിയ പ്രബന്ധം, പുസ്തകത്തിൽ മൂന്നാം അനുബന്ധമായി ചേർത്തിട്ടുണ്ട്. എഴുത്തച്ഛൻ എന്നത് ജാതിപ്പേരല്ലാതെ, കളരിയാശാന്മാരുടെ സ്ഥാനപ്പേരു മാത്രമായിരുന്നെന്നും എഴുത്തച്ഛൻ എന്ന പേരിൽ ഒരു ജാതി കേരളത്തിൽ ഉണ്ടായത് കടുപട്ടർ സമുദായം ഇരുപതാം നൂറ്റാണ്ടിൽ ആ പേര്‌ അവരുടെ സമുദായനാമമായി ഏറ്റെടുത്തതോടെ മാത്രമാണെന്നും ആ പ്രബന്ധത്തിൽ മന്നാടിയാർ വാദിക്കുന്നു.

എൻ എസ്. മന്നാടിയാരുടെ വാദങ്ങളോടുള്ള പ്രതികരണമായി ഭാഷാപോഷിണിയിൽ എഴുത്തച്ഛന്റെ ജാതി എന്ന പേരിൽ പ്രൊഫ. ടി. ബി. വിജയകുമാർ ഒരു പ്രബന്ധം എഴുതുകയുണ്ടായി. സ്ഥാനപ്പേരുകളും, തൊഴിൽപ്പേരുകളും തന്നെയാണ് ഇരുപതാം നൂറ്റാണ്ടോടെ ജാതിനാമങ്ങളായിമാറിയത് 1914 ൽ ആണ് മന്നത്ത് പദ്മനാഭൻ തിരുവിതാംകൂറിൽ മലയാള ശൂദ്രർ എന്നത് നായർ എന്നാക്കിമാറ്റാൻ ശ്രമിക്കുന്നത് തരകൻ, കൈമൾ, പണിക്കർ തുടങ്ങി നൂറുകണക്കിന് ജാതിനാമങ്ങൾ തൊഴിൽ നാമത്തിൽ നിന്നും ഇരുപതാം നൂറ്റാണ്ടോടെ രൂപപ്പെട്ടതാണ്. 1926 ൽ മാത്രമാണ് നായർ എന്ന ജാതിനാമം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്. അതിനാൽ 1926 നു മുൻപ് നായർ സമുദായം ഇല്ലായിരുന്നു എന്ന് വരുന്നില്ല. ഇരുപതാം നൂറ്റാണ്ടോടെ ആണ് തമിഴ് ബ്രാഹ്മണർ പട്ടർ എന്ന പേരുപേക്ഷിച്ച് അയ്യർ എന്ന നാമം സ്വീകരിച്ചത് അതുകൊണ്ട് തമിഴ് ബ്രാഹ്മണർ ഇരുപതാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഒരു വിഭാഗമാണ് എന്നും വരുന്നില്ല. എന്നാൽ ഇതൊന്നും എഴുത്തച്ഛൻ സമുദായത്തിനുമാത്രം ബാധകമല്ല എന്ന വാദം അടിസ്ഥാനരഹിതമാണ് എന്ന് പ്രൊഫ. ടി. ബി. വിജയകുമാർ പ്രതികരിക്കുന്നു.[5]

നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിനുശേഷവും എഴുത്തച്ഛൻ സമാജത്തിന്റെ നേതൃത്വത്തിൽ നോവലിനെതിരെ പ്രതിഷേധങ്ങളുണ്ടായി.[6] എം. ജി. എസ് നാരായണനെപ്പോലെയുള്ള ചരിത്രഗവേഷകരും മറ്റും പലപ്പോഴായി ഈ നോവലിന്റെ ചരിത്രപരത തള്ളിക്കളയുകയും ചരിത്രമെഴുത്തിന്റെ രീതിശാസ്ത്രത്തെ ഈ കൃതി പിന്തുടരുന്നില്ല എന്ന അഭിപ്രായപ്പെടുകയും ചെയ്തു.[7] ഈ നോവൽ തുഞ്ചത്തെഴുത്തച്ഛനെ ഇന്നു കേരളത്തിൽ ഭരണവർഗമായിരിക്കുന്ന നായർ സമുദായാംഗമായി അവതരിപ്പിക്കുന്നു എന്നാരോപിച്ച് എഴുത്തച്ഛൻ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ സി. രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം നിരസിക്കുന്നതിനു കാരണമാവുകയുണ്ടായി.[8][9]

കുറിപ്പുകൾ തിരുത്തുക

ക. ^ എഴുത്തച്ഛനെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു പട്ടിക തന്നെ ഗ്രന്ഥത്തിന്റെ രണ്ടാം അനുബന്ധത്തിന്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്‌‌:-

i. ദരിദ്രമായ ഒരു ചക്കാലനായർ കുടുംബത്തിൽ, സൽ‌പുത്രലാഭത്തിനുള്ള ശുഭമുഹൂർത്തം പാഴാക്കിക്കളയാതിരിക്കാനുള്ള ഒരു ബ്രാഹ്മണന്റെ ക്ലേശത്തിന്റെ ഫലമായി ജനിച്ചു.
ii. തൃക്കണ്ടിയൂരിലെ തുഞ്ചൻ പറമ്പിലാണ്‌ ജനനം
iii. ആമക്കാവ് ക്ഷേത്രത്തിൽ ഭജനമിരിക്കെ ക്ഷേത്രപരിസരത്തുള്ള ഒരു വീട്ടിൽ സംബന്ധക്കാരനായി
iv. ഉഗ്രമന്ത്രവാദിയായിരുന്നു
v. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴ താമസിച്ചിട്ടുണ്ട്
vi. "മീൻ തൊട്ടു കൂട്ടാൻ" മേല്പത്തൂരിനെ ഉപദേശിച്ചു
vii. മദ്യപാനിയായിരുന്നു
viii. ശാക്തേയനായിരുന്നു

ഖ. ^ 1957-ൽ ആകാശവാണി കോഴിക്കോടു നിലയം കോളെജുവിദ്യാർത്ഥികൾക്കായി നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനം നൽകി വായിച്ചു പ്രക്ഷേപണം ചെയ്ത ഗ്രന്ഥകാരന്റെ തന്നെ കവിത, "വന്ദനം" എന്ന ശീർഷകത്തിൽ ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്. മലയാളഭാഷയ്ക്ക് പുതിയ ലിപിവ്യവസ്ഥ കണ്ടെത്തിയ എഴുത്തച്ഛനെ ആ കവിത ഇങ്ങനെ വാഴ്ത്തുന്നു:-

"കാണാമറയത്തൊതുങ്ങി നിരാശ്രയം
കേണുവീണല്ലലിൽ മാഴ്കിയുഴറീടു-
മമ്മയ്ക്കു നാണം മറയ്ക്കുവാൻ വർണ്ണങ്ങ‌-
ളമ്പത്തിയൊന്നും തികച്ച കൃഷ്ണാ ജയ!"

ഗ. ^ ഹരിനാമകീർത്തനത്തിൽ ആദ്യാക്ഷരമായ 'അ'-യിൽ തുടങ്ങുന്ന ശ്ലോകത്തിൽ ഈ ഗുരുവിനെ എഴുത്തച്ഛൻ, "അൻപേണമെൻ മനസ്സി, ശ്രീനീലകണ്ഠഗുരു" എന്നു സ്മരിക്കുന്നുണ്ട്.

ഘ. ^ അന്നം വിളമ്പി അതിനു മുന്നിൽ നിരന്നിരുന്ന ശേഷം പരാതി വിളിച്ചുപറഞ്ഞ് പട്ടിണി പ്രഖ്യാപിച്ച് കൈകുടഞ്ഞ് ശപിച്ച് എഴുന്നേൽക്കുകയാണ്‌ പട്ടിണിവ്രതത്തിൽ പതിവ്.(പുറം 385)

അവലംബം തിരുത്തുക

  1. സി. രാധാകൃഷ്ണൻ, തീക്കടൽ കടഞ്ഞ് തിരുമധുരം, 2010 ഏപ്രിൽ മാസത്തിലെ മൂന്നാം പതിപ്പ്(പ്രസാധകർ:ഹൈടെക്ക് ബുക്ക്സ്, ആസാദ് റോഡ്, കൊച്ചി)
  2. 2.0 2.1 2.2 "2003 നവംബറിൽ മാതൃഭൂമി വാരാന്ത്യപതിപ്പിലെ പ്രതികരണം പംക്തിയിൽ വന്ന അഭിപ്രായങ്ങൾ". Archived from the original on 9 September 2018.
  3. എഴുത്തച്ഛനെഴുതുമ്പോൾ, വി.സി. ശ്രീജൻ, 2010, മാർച്ച് 28-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം
  4. "തുഞ്ചത്തെഴുത്തച്ഛന്റെ ചോള-പല്ലവ ബന്ധങ്ങൾ എന്ന ശീർഷകത്തിൽ 2 മേയ് 2010 ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം". Archived from the original on 9 September 2018.
  5. "എഴുത്തച്ഛന്റെ ജാതി എന്ന ശീർഷകത്തിൽ സെപ്തംബർ 2005 ൽ ഭാഷാപോഷിണിയിൽ വന്ന ലേഖനം". Archived from the original on 9 September 2018.
  6. "എഴുത്തച്ഛൻ പുരസ്‌കാര നിർണയത്തിൽ സി.രാധാകൃഷ്ണനെ തഴഞ്ഞതെന്തിന്?". മാധ്യമം ഓൺലൈൻ. 9 February 2016. Archived from the original on 9 September 2018. Retrieved 9 September 2018.
  7. എം. ജി. എസ്. നാരായണന്റെ വിവിധ പ്രസംഗങ്ങൾ, ചരിത്രകാരന്മാരുടേതായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ
  8. "Top award denied after pressure: C Radhakrishnan". ഡെക്കാൻ ക്രോണിക്കിൾ ഓൺലൈൻ. 22 January 2016. Archived from the original on 2018-03-05. Retrieved 5 March 2018.
  9. "സി രാധാകൃഷ്ണനെതിരെ അഖില കേരള എഴുത്തച്ഛൻ സമാജത്തിന്റെ പ്രതിഷേധം". റിപ്പോർട്ടർ ഓൺലൈൻ. 21 December 2014. Archived from the original on 2018-03-05. Retrieved 5 March 2018.