പഴശ്ശിരാജ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഴശ്ശിരാജ (വിവക്ഷകൾ) എന്ന താൾ കാണുക. പഴശ്ശിരാജ (വിവക്ഷകൾ)

കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലൊരാൾ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ [[തോമസ് എച്ച് ബേബർ|ടി എച്ച് ബേബരിന്റെ]] റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.

Veera Kerala Varma Pazhassi Raja
Prince regent of Kingdom of Kottayam, കേരള സിംഹം, Chandrakula Vira, ശക്തൻ രാജ, വീര പഴശ്ശി
പഴശ്ശിരാജാ-ഛായാചിത്രം
ഭരണകാലം1774–1805
പൂർണ്ണനാമംകേരള വർമ പഴശ്ശി രാജ
ജനനം(1753-01-03)3 ജനുവരി 1753
ജന്മസ്ഥലംകണ്ണൂർ, മലബാർ
മരണം30 നവംബർ 1805(1805-11-30) (പ്രായം 52)
മുൻ‌ഗാമിവീരവർമ്മ (elder)
പിൻ‌ഗാമിVira Varma (nephew)
രാജവംശംകോട്ടയം രാജവംശം
മതവിശ്വാസംHinduism
പഴശ്ശിരാജ

പശ്ചാത്തലംതിരുത്തുക

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.

മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17‌‌‌-ആം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780-84) ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി. എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌ നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.

പഴശ്ശി വിപ്ലവംതിരുത്തുക

കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ഒന്നാം പഴശ്ശി വിപ്ലവംതിരുത്തുക

 
പഴശ്ശികുടീരം
 
പഴശ്ശി പ്രതിമ

കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌ വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌ ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ, പള്ളൂർ ഏമൻ നായർ, എടച്ചേന കുങ്കൻ നായര്‍ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാർ. എടച്ചേന കോമപ്പൻ, എടച്ചേന ഒതേനൻ, അത്തൻ കുരുക്കൾ, ഉണ്ണിമൂസ്സ, എളംബിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങലി കണ്ണൻ, കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി അംബു, കൊട്ടയാടൻ രാമൻ, കൊയലേരി ചേരൻ, പള്ളൂർ എമ്മൻ നായര്, ഗോവിന്ദ പൊതുവാൾ, ചുഴലി നംബ്യാർ, ചെങ്ങോട്ടിരി ചാത്തു, ചെങ്ങോട്ടിരി കേളപ്പൻ, തരുവണ ചാപ്പൻ നായർ, തൊണ്ടറ ചാത്തു, തൊണ്ടൂർ കേളപ്പൻ നായർ, വട്ടത്തോട് ചേരൻ നമ്പ്യാർ, പനിച്ചാടൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മത്, പാലൊറ എമ്മൻ, പുളിയൻ കുമാരൻ, പുളിയൻ ചന്തു, പെരുവയിൽ നമ്പ്യാർ, മല്ലിശേരി കോവിലകത്തു തംബുരാൻ, മാളിയേക്കൽ താഴത്തു തംബുരാൻ, മേലൊടൻ കുഞ്ഞുകുട്ടി, വാഴോത്ത ഉണ്ണിക്കിടവ്, വെളയാട്ടെരി രാമൻ നായർ, ശേഖര വാര്യർ, എടത്തന കുങ്കൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിൽ പഴശ്ശിയെ പിന്തുണച്ചവരാണ്‌.

1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്തം ഏറ്റ ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂർ‍ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌ ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ, മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ, ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം ചേർന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌ ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ, ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ, ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി.

ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.

രണ്ടാം പഴശ്ശി വിപ്ലവംതിരുത്തുക

1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. [അവലംബം ആവശ്യമാണ്] കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തണയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌ പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌ മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു.

1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്യുകയായിരുന്നു. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു. [1] രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു.

പഴശ്ശി ഒരു കലാകാരൻതിരുത്തുക

പഴശ്ശിരാജ ആട്ടക്കഥകളും കവിതകളും എഴുതിയിരുന്നതായി പറയപ്പെടുന്നു. പഴശ്ശി, ഭാര്യക്കു നൽകാനായി എഴുതിയതാണെന്നു കരുതുന്ന ഒരു ശ്ലോകം പ്രസിദ്ധമാണ്‌.

പഴശ്ശി ചരിതംതിരുത്തുക

പഴശ്ശിരാജാവിന്റെ ജീവിതം മലയാളസാഹിത്യത്തിൻ വളരേയധികം പ്രചോദനമേകി. കേരളസിംഹം എന്ന പേരിൽ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രമുഖ കവിയും പണ്ഡിതനുമായ കൈതക്കൽ ജാതവേദൻ പഴശ്ശിരാജാവിന്റെ ചരിതം വീരകേരളം മഹാകാവ്യം എഴുതിയിരിക്കുന്നു.[2]

വിമർശനങ്ങൾതിരുത്തുക

ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയിൽ അദ്ധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശിയെന്നും, ടിപ്പുവിന്റെ തോൽ‌വിക്ക് ശേഷം വാക്കുപ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങൾ തനിക്ക് നൽകാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ്‌ പഴശ്ശി ദേശീയവിപ്ലവം നടത്തുന്നതും, ഇംഗ്ലീഷുകാരെ ആദ്യന്തം എതിർത്ത ടിപ്പുവിനു ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക് ലഭിച്ചിട്ടുള്ളതെന്നും പി.കെ. ബാലകൃഷ്ണൻ വിമർശിച്ചിട്ടുണ്ട്.[3] എന്നാൽ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് ഈ വാദം ശരിയല്ല എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് ബ്രിട്ടീഷുമായി സഖ്യം സ്ഥാപിച്ചത് അവർ മൈസൂരിന്റെ ശത്രു ആയതു കൊണ്ടാണ് - അല്ലാതെ ബ്രിട്ടീഷ് മേധാവിത്വം സ്വീകരിച്ചത് കൊണ്ടായിരുന്നില്ല. മൈസൂർ പട മലബാറിൽ നടത്തിയ കൊള്ളയും അക്രമവും കൊണ്ടാണ് പഴശ്ശി രാജാവ് അടക്കമുള്ള പല മലബാറുകാർ മൈസൂർ പടയ്ക്ക് എതിരെ ആയുധം എടുത്തത്[4].

 
പഴശ്ശിരാജാവ്‌ കമ്പനി പട്ടാളത്തിന് എഴുതിയ കത്തിന്റെ കൈ പട

ബ്രിട്ടിഷുകാരുമായി സഹകരണംതിരുത്തുക

കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്[5][6]. ബ്രിട്ടീഷുകാരുമായി നടത്തിയ കത്തിടപാടുകൾ പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് പഴശ്ശിരാജ അവരുടെ വിനീതവിധേയൻ ആയിരുന്നെന്നാണ്. ആവശ്യപ്പെട്ട പദവികൾ ലഭിക്കാതിരുന്നത് മുതലാണ് പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരോധം ആരംഭിച്ചത് എന്നും അവർ വ്യക്തമാക്കുന്നു[5].എന്നാൽ ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ് ഇത് തെറ്റായ അഭിപ്രായമാണ് എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്‌പര്യത്തിനു പ്രാധാന്യം നൽകിയിരുന്നു എന്നും "പഴശ്ശി സമരങ്ങൾ" എന്ന പുസ്‌തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്[7]. എന്നാൽ പഴശ്ശിരാജയുടെ 1797-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ സൈനികരെയും ആയുധങ്ങളും[8] നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി.

പഴശ്ശി രാജാ സ്മൃതി മന്ദിരംതിരുത്തുക

പഴശ്ശി രാജാവിന്റെ സ്മരണാർത്ഥം മട്ടന്നൂരിന് സമിപം പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതി മന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30 പഴശ്ശി രാജാവിന്റെ ചരമ ദിനത്തിൽ നാടിന് സമർപ്പിച്ചു . പഴശ്ശി തമ്പുരാന്റെ ജിവ ചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാ ചിത്രവുമാണ് ഈ സ്മൃതി മന്ദിരത്തിനുള്ളിൽ ഉള്ളത്

 
പഴശ്ശി രാജാ സ്മൃതി മന്ദിരം

അവലംബംതിരുത്തുക

  1. A survey of Kerala history by A. Sreedhara Menon, page 263
  2. പഞ്ചാംഗം പ്രസ്സ്, കുന്നംകുളം, 2012
  3. പി.കെ., ബാലകൃഷ്ണൻ (2005). ജാതി വ്യവസ്ഥയും കേരള ചരിത്രവും. കറന്റ്‌ ബൂക്സ്‌, തൃശ്ശൂർ. ISBN 81-226-0468-4.
  4. Kurup, KKN (2008). Pazhassi Samara Rekhakal. Kozhikode: Mathrubhumi Books. p. 25. ISBN 81-8264-574-3.
  5. 5.0 5.1 "Remarks on Pazhassi Raja spark debate". The New Indian Express. 3 ഡിസംബർ 2012. മൂലതാളിൽ നിന്നും 8 ഡിസംബർ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഡിസംബർ 2015.
  6. "Digging up history of Tipu Sultan and other monarchs a bad idea". India Times. 15 നവംബർ 2015. ശേഖരിച്ചത് 8 ഡിസംബർ 2015.
  7. Kurup 2008, p. 131
  8. W. Francis. The Nilgiris. p. 103. ശേഖരിച്ചത് 5 സെപ്റ്റംബർ 2019.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=പഴശ്ശിരാജ&oldid=3636329" എന്ന താളിൽനിന്ന് ശേഖരിച്ചത്