തിരുവേഗപ്പുറ ശങ്കരനാരായണക്ഷേത്രം

പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്തുള്ള തിരുവേഗപ്പുറയിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ തീരത്ത് കാണപ്പെടുന്ന ഒരു ക്ഷേത്രമാണ് തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണുക്ഷേത്രം. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലേതുപോലെ പരമശിവൻ, പാർവ്വതീദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവർ പ്രധാനമൂർത്തികളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ മൂന്നുതരം ശ്രീകോവിലുകളും (ശിവന്റെയും പാർവ്വതിയുടെയും ശ്രീകോവിൽ ഒന്നാണ്), മൂന്നു കൊടിമരങ്ങളും പ്രതിഷ്ഠകൾക്കുണ്ട്. തൂതപ്പുഴയുടെ കിഴക്കേ തീരത്ത് കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളാഞ്ചേരിയിൽ നിന്ന് ഇവിടേയ്ക്ക് അഞ്ച് കിലോമീറ്ററേയുള്ളൂ. ക്ഷേത്രവളപ്പിൽ കൂത്തമ്പലവും ഊട്ടുപുരയുമുണ്ട്. കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രം നിരവധി ഭക്തരെ ആകർഷിയ്ക്കുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ത്രിപുരാന്തകൻ, വേട്ടയ്ക്കൊരുമകൻ, ശാസ്താവ്, ഭദ്രകാളി (തിരുവളയനാട്ടമ്മ സങ്കല്പത്തിൽ), നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിൽ തിരുവാതിര നാൾ ആറാട്ടായി എട്ടുദിവസം ഉത്സവം, കുംഭമാസത്തിലെത്തന്നെ ശിവരാത്രി, വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി, മേടമാസത്തിലെ ഭഗവതിപ്പാട്ട് എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം-ആകാശവീക്ഷണം

ഐതിഹ്യം തിരുത്തുക

മഹാവിഷ്ണു തിരുത്തുക

ശങ്കരനാരായണന്റെയും ശിവന്റെയും പേരുകളിലാണ് ക്ഷേത്രം സാധാരണയായി പറഞ്ഞുകേൾക്കാറുള്ളതെങ്കിലും ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠ വാസ്തവത്തിൽ വടക്കുഭാഗത്തെ ശ്രീകോവിലിൽ കുടികൊള്ളുന്ന മഹാവിഷ്ണുഭഗവാനാണ്. ക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠയ്ക്ക് കൃതയുഗത്തോളം പഴക്കമുണ്ടെന്നും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് കപിലമഹർഷിയാണെന്നും പറയപ്പെടുന്നു.

പരമശിവൻ തിരുത്തുക

തിരുവേഗപ്പുറ ക്ഷേത്രത്തിലെ പ്രധാന മൂർത്തികളിലൊരാളായ പരമശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുവാഹനമായ ഗരുഡനാണെന്ന് വിശ്വസിയ്ക്കുന്നു. തിരുവേഗപ്പുറ എന്ന സ്ഥലനാമത്തിനുപിന്നിലും പറയപ്പെടുന്നത് ഈ ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കഥയാണ്. അതിങ്ങനെ:

പാലാഴിമഥനത്തിനുശേഷം ഗരുഡന് ഘോരമായ സർപ്പകോപം പിടിപെട്ടു. തന്മൂലം രോഗബാധിതനായ അദ്ദേഹം പരിഹാരത്തിനായി ബ്രഹ്മാവിനെ ചെന്നുകണ്ടു. ശിവഭജനമാണ് രോഗത്തിനുള്ള പ്രതിവിധിയായി ബ്രഹ്മാവ് നിർദ്ദേശിച്ചത്. അതനുസരിച്ച് ഗരുഡൻ ഗംഗാനദിയിൽ നിന്ന് അതിവിശിഷ്ടമായ രണ്ട് ശിവലിംഗങ്ങൾ കൊണ്ടുവരികയും അതിവേഗം പറന്ന് തൂതപ്പുഴയുടെ തീരത്തെത്തി ശിവലിംഗങ്ങളിലൊന്ന് അവിടെ പ്രതിഷ്ഠിയ്ക്കുകയും തുടർന്ന് അതിവേഗത്തിൽ അവിടെനിന്ന് പറന്നുപോകുകയും ചെയ്തു. ഇന്ന് ക്ഷേത്രമതിലകത്ത് തെക്കുഭാഗത്തുള്ള ഊട്ടുപുരയുടെ മുന്നിലായി കാണപ്പെടുന്ന ഒരു ഹോമകുണ്ഡത്തിലാണ് ഗരുഡൻ ശിവലിംഗം ആദ്യം പ്രതിഷ്ഠിച്ചതത്രേ. തദ്സ്ഥാനം ഇപ്പോൾ ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ഗരുഡൻ വേഗത്തിൽ വന്ന് പ്രതിഷ്ഠ കഴിച്ച് പറന്നുപോയ സ്ഥലം തിരുവേഗപ്പറ എന്നും കാലാന്തരത്തിൽ തിരുവേഗപ്പുറ എന്നും അറിയപ്പെട്ടു.

ഇവിടെ അടുത്ത ഗ്രാമമായ കുലുക്കല്ലൂരിൽ സ്ഥിതിചെയ്യുന്ന ആദിത്യപുരം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതും ഗരുഡനാണെന്ന് ഐതിഹ്യമുണ്ട്. അതിന്റെ കഥയും ഇതേപോലെയാണ്. തിരുവേഗപ്പുറയിലെ പ്രതിഷ്ഠ കഴിഞ്ഞ ഗരുഡൻ നേരെ പോയത് അങ്ങോട്ടാണത്രേ. തന്റെ കയ്യിലുണ്ടായിരുന്ന രണ്ടാമത്തെ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു. ആദിത്യപുരത്തും തിരുവേഗപ്പുറയിലും പ്രതിഷ്ഠ കഴിഞ്ഞതോടെ ഗരുഡന് ശാപമോക്ഷം ലഭിയ്ക്കുകയും പൂർവ്വാധികം ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഇന്ന് ഇരുസ്ഥലങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.

ശങ്കരനാരായണൻ തിരുത്തുക

അദ്വൈത സിദ്ധാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യർ തന്റെ ദേശാടനത്തിനിടയിൽ തിരുവേഗപ്പുറ ക്ഷേത്രത്തിൽ വരാനിടയാകുകയും ഇരുപ്രതിഷ്ഠകളുടെയും മഹിമ മനസ്സിലാക്കുകയും ചെയ്തു. അക്കാലത്ത് പോരടിച്ചിരുന്ന ശൈവ-വൈഷ്ണവ വിഭാഗക്കാരെ ഒന്നിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇരുചൈതന്യങ്ങളെയും സംയോജിപ്പിച്ച് പുതിയൊരു ചൈതന്യം സൃഷ്ടിച്ചെടുത്തു. അതാണ് ശങ്കരനാരായണൻ. മറ്റൊരു ഐതിഹ്യമനുസരിച്ച് ഇവിടെ ശങ്കരനാരായണപ്രതിഷ്ഠ നടത്തിയത് പറയിപെറ്റ പന്തിരുകുലത്തിലെ മൂത്തയാളായ മേഴത്തോൾ അഗ്നിഹോത്രിയാണ്.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

തിരുവേഗപ്പുറ ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. സൈലന്റ് വാലിയിൽ നിന്നൊഴുകിവരുന്ന തൂതപ്പുഴ, ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളെ തഴുകിയൊഴുകുന്നു. പുഴയിൽ ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. നിത്യേന ഇവിടെ വിവിധതരം ബലികർമ്മങ്ങൾ നടത്തിവരാറുണ്ട്. കർക്കടകം, തുലാം, മകരം, കുംഭം എന്നീ മാസങ്ങളിലെ അമാവാസിനാളിൽ ഇവിടെ വൻ തിരക്കാണുണ്ടാകുക. ശിവന്റെ നടയ്ക്കുനേരെ മുന്നിലായി ക്ഷേത്രഗോപുരം പണിതിരിയ്ക്കുന്നു. ഇതുമൂലം അജ്ഞാതനാ(യാ)യ ഒരു ഭക്ത(ൻ), ആദ്യമായി ക്ഷേത്രത്തിൽ വരുമ്പോൾ, ശിവന്നുതന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. ഗോപുരത്തോടുചേർന്ന് ഒരു ചെറിയ മണ്ഡപവും പണിതിട്ടുണ്ട്. ഇത് മഴ നനയാതെ ദർശനം നടത്താൻ ഭക്തരെ സഹായിയ്ക്കുന്നു. ക്ഷേത്രപരിസരത്തുതന്നെയാണ് ദേവസ്വം ഓഫീസും സ്റ്റേജുമൊക്കെയുള്ളത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവേഗപ്പുറ ദേവസ്വം. നദീതീരത്തുള്ള ക്ഷേത്രമായതുകൊണ്ട് ഇവിടെ കുളവും കിണറും പണിതിട്ടില്ല. എല്ലാ ആവശ്യങ്ങൾക്കും തൂതപ്പുഴയിലെ ജലം തന്നെയാണ് ഉപയോഗിച്ചുവരുന്നത്. തെക്കുഭാഗത്തുകൂടെ പ്രധാനവഴി കടന്നുപോകുന്നു. തിരുവേഗപ്പുറയ്ക്ക് കിഴക്കുള്ള കൊപ്പം മുതൽ പടിഞ്ഞാറുള്ള വളാഞ്ചേരി വരെ പോകുന്ന ഈ പാതയാണ് തിരുവേഗപ്പുറയെ പുറംലോകവുമായി ബന്ധിപ്പിയ്ക്കുന്നത്. ഇവിടെ പേരെഴുതിയ കവാടം കാണാം. പറയിപെറ്റ പന്തിരുകുലത്തിലെ അഞ്ചാമനായിരുന്ന നാറാണത്ത് ഭ്രാന്തന്റെ വാസസ്ഥാനമായിരുന്ന രായിരനെല്ലൂർ മല, ക്ഷേത്രത്തിൽ നിന്ന് ഏകദേശം രണ്ടുകിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു. തുലാമാസത്തിലെ രായിരനെല്ലൂർ മലകയറ്റത്തിന് വരുന്നവരിൽ ചിലർ ഇവിടെയും വരാറുണ്ട്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടക്കുന്ന ഭക്തർ ആദ്യം ചെന്നെത്തുന്നത് നടപ്പുരയിലാണ്. ദീർഘചതുരാകൃതിയിൽ പണികഴിപ്പിച്ച ഈ നടപ്പുര താരതമ്യേന ചെറുതാണെങ്കിലും ആകർഷകമാണ്. വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് ഇവിടെവച്ചാണ്. ക്ഷേത്രത്തിൽ മൂന്ന് നടകൾക്കുനേരെയായി കൊടിമരങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മൂന്നും ചെമ്പുകൊടിമരങ്ങളാണ്. ശിവന്റെ നടയ്ക്കുനേരെയുള്ള, നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരമാണ് ഇവയിൽ ഏറ്റവും നീളം കൂടിയത്. ആചാരപരമായും ആഘോഷപരമായും ശിവന്നുള്ള പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. കേരളത്തിൽ ഇതുകൂടാതെ മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രങ്ങൾ തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രവും തിരുവനന്തപുരം ജില്ലയിൽ തന്നെ തിരുവനന്തപുരം നഗരപരിസരത്തുള്ള വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രവും മലപ്പുറം ജില്ലയിൽ മഞ്ചേരിയ്ക്കടുത്തുള്ള കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രവും പാലക്കാട് ജില്ലയിൽ തന്നെ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്തുള്ള ചിനക്കത്തൂർ ഭഗവതിക്ഷേത്രവും മാത്രമാണ്. കൊടിമരങ്ങൾക്കപ്പുറം വലിയ ബലിക്കല്ലുകൾ കാണാം. ഇവിടെ ബലിക്കൽപ്പുരകൾ പണിതിട്ടില്ല. തന്മൂലം, തുറന്ന അന്തരീക്ഷത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. നടപ്പുരയിൽതന്നെയാണ് വഴിപാട് കൗണ്ടറും പണിതിരിയ്ക്കുന്നത്. ശിവന് ധാര, കൂവളമാല, പിൻവിളക്ക്, ശർക്കരപ്പായസം തുടങ്ങിയവയും ശങ്കരനാരായണന് ചതുശ്ശതവും വിഷ്ണുവിന് പാൽപ്പായസം, തുളസിമാല, ചന്ദനം ചാർത്തൽ തുടങ്ങിയവയുമാണ് പ്രധാന വഴിപാടുകൾ. നടപ്പുര കടന്ന് ദർശനം തുടരുമ്പോൾ തെക്കുകിഴക്കേമൂലയിൽ കൂത്തമ്പലം കാണാം. സാമാന്യം വലുപ്പമുള്ള കൂത്തമ്പലമാണിവിടെ. ദീർഘചതുരാകൃതിയിൽ നിർമ്മിച്ച ഈ കൂത്തമ്പലത്തിനകത്തുള്ള ഓരോ തൂണും വിവിധ ദേവതാരൂപങ്ങളാൽ അലംകൃതമാണ്. മണ്ഡലകാലത്ത് 41 ദിവസം ഇവിടെ ചാക്യാർകൂത്തും കൂടിയാട്ടവും പതിവുണ്ട്. കൂത്തമ്പലത്തിന്റെ ഒരറ്റത്ത് വലിയൊരു നിലവിളക്കും ഒത്തനടുവിലായി ഒരു മിഴാവും കാണാം. ബ്രാഹ്മണർക്കിടയിൽ നടത്തിവരുന്ന ഷോഡശക്രിയകളെല്ലാം കഴിച്ച മിഴാവാണ് ഇവിടെയുള്ളത്. ചാക്യാർകൂത്തിന്റെ കുലപതിയായിരുന്ന മാണി മാധവ ചാക്യാർ ഇവിടെ പലപ്രാവശ്യം കൂത്ത് അവതരിപ്പിയ്ക്കാൻ വന്നിട്ടുണ്ട്. ഇവിടെത്തന്നെയാണ് അടുത്തുള്ള പ്രസിദ്ധമായ കൊടിക്കുന്ന് ക്ഷേത്രത്തിലെ ഭഗവതിയ്ക്ക് കളമെഴുത്തും പാട്ടും നടത്തുന്നതും. കൊടിക്കുന്നത്തമ്മ തിരുവേഗപ്പുറയപ്പന്റെ മകളാണെന്നാണ് വിശ്വാസം. അതാണ് ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നത്. പാട്ടില്ലാത്ത സമയത്തും ശക്തമായ ഭദ്രകാളിസാന്നിദ്ധ്യം ഇവിടെയുണ്ടെന്നാണ് വിശ്വാസം.

ക്ഷേത്രമതിലകത്ത് തെക്കുഭാഗത്ത് ഊട്ടുപുര പണിതിട്ടുണ്ട്. സാധാരണയായി വടക്കുവശത്ത് വരാറുള്ള ഊട്ടുപുര, ഇവിടെ തെക്കുവശത്ത് വന്നത് വിചിത്രമാണ്. രണ്ടുനിലകളോടുകൂടി പണിതിരിയ്ക്കുന്ന ഊട്ടുപുരയുടെ ഇരുനിലകളിലും പണ്ട് വിശേഷാൽ ബ്രാഹ്മണസദ്യയുണ്ടാകുമായിരുന്നു. ഇപ്പോൾ വിശേഷദിവസങ്ങളിൽ ജനകീയസദ്യ മാത്രമാണ് പതിവ്. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം നാലമ്പലത്തോടുകൂടിയ ഒരു വളപ്പിൽ ദീർഘചതുരാകൃതിയിൽ പണിത ഒരു ശ്രീകോവിൽ കാണാം. രണ്ടു വാതിലുകളോടുകൂടിയ ഈ ശ്രീകോവിലിൽ ഒരുവശത്ത് ശാസ്താവിന്റെയും മറുവശത്ത് ത്രിപുരാന്തകന്റെയും പ്രതിഷ്ഠകളാണ്. പൂർണ്ണ, പുഷ്കല എന്നീ രണ്ട് പത്നിമാരോടുകൂടിയുള്ള ഗൃഹസ്ഥശാസ്താവാണ് ഇവിടെ പ്രതിഷ്ഠ. ശിവലിംഗത്തോട് സാദൃശ്യമുള്ള മൂന്ന് വിഗ്രഹങ്ങളാണ് പൂർണ്ണാ-പുഷ്കലാസമേതനായ ശാസ്താവിനെ പ്രതിനിധീകരിയ്ക്കുന്നത്. തിരുവേഗപ്പുറയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്. ശിവന്റെ തന്നെ വകഭേദമായ ത്രിപുരാന്തകൻ പതിവുപോലെ ലിംഗരൂപത്തിലാണ് കുടികൊള്ളുന്നത്. എരിഞ്ഞപുരാൻ എന്നാണ് ഇവിടെ പ്രതിഷ്ഠയുടെ പേര്. മേടമാസത്തിൽ കൊടിക്കുന്നത്തമ്മയ്ക്കൊപ്പം ത്രിപുരാന്തകന്നും കളംപാട്ട് പതിവാണ്. ശാസ്താവും ത്രിപുരാന്തകനും കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതിന് സമീപമായി കാണപ്പെടുന്ന വിശേഷപ്പെട്ട ഒരു സ്ഥാനത്ത് ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം സങ്കല്പിയ്ക്കപ്പെടുന്നു. ഭക്തകവിയായ പൂന്താനം നമ്പൂതിരിയ്ക്ക് ഗുരുവായൂരപ്പൻ ദർശനം നൽകിയ സ്ഥാനമാണിതെന്നാണ് വിശ്വാസം. പൂന്താനം തന്റെ വിദ്യാഭ്യാസകാലം മുഴുവൻ ചെലവഴിച്ചത് തിരുവേഗപ്പുറയിലാണ്. അക്കാലത്ത് ഈ ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹത്തിന്, ഒരുദിവസം ദർശനത്തിനിടയിൽ ഗുരുവായൂരപ്പസ്മരണയുണ്ടാകുകയും ആ സമയത്ത് ഭഗവാൻ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുകയുമായിരുന്നത്രേ. ഇവിടെ തൊഴുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ വടക്കേ നടയിലൂടെ അകത്തുകടന്ന് ദർശനം നൽകുന്ന അതേ ഫലം നൽകുമെന്നാണ് വിശ്വാസം. നിലവിൽ ഗുരുവായൂരിൽ ഇത് സാധിയ്ക്കാത്തതിനാൽ ഇവിടെ വന്നുതൊഴുതാലും മതിയാകും എന്നാണ് സങ്കല്പം. മാത്രവുമല്ല, ഇത് തിരുവേഗപ്പുറയിൽ നിന്ന് ഗുരുവായൂരിന്റെ സ്ഥാനം അറിയാനുള്ള ഒരു ഉപാധി കൂടിയാണ്.[i]

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ മതിൽക്കെട്ടിന് പുറത്തായി വേട്ടയ്ക്കൊരുമകന്റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകളോടുകൂടിയ ശ്രീകോവിലുകൾ കാണാം. ഇവർ ക്ഷേത്രത്തിൽ പിൽക്കാലത്ത് കുടിയിരുത്തപ്പെട്ടവരാകാൻ സാദ്ധ്യതയുണ്ട്. ആദ്യകാലത്ത് ഇവർ മതിൽക്കെട്ടിനകത്തുതന്നെയാണ് കുടികൊണ്ടിരുന്നത്. പിന്നീട് ഇവരെ എന്തോ കാരണം കൊണ്ട് പുറത്തോട്ട് മാറ്റുകയായിരുന്നു. വേട്ടയ്ക്കൊരുമകന്റെ വിഗ്രഹം പതിവുപോലെ ശിവലിംഗരൂപത്തിൽ തന്നെയാണ്. ഏകദേശം അരയടി ഉയരം വരും. കോഴിക്കോട് സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയായാണ് ഭദ്രകാളിയുടെ സങ്കല്പം. ചെറിയൊരു വാൽക്കണ്ണാടിയുടെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. വേട്ടയ്ക്കൊരുമകൻ കിഴക്കോട്ടും ഭദ്രകാളി വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്ഷേത്രമതിലകത്ത് വടക്കുപടിഞ്ഞാറേമൂലയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. പരിവാരസമേതരായ നാഗപ്രതിഷ്ഠകളാണ് ഇവിടെയുള്ളതെന്ന വലിയൊരു പ്രത്യേകതയുണ്ട്. ക്ഷേത്രത്തിൽ ശൈവ-വൈഷ്ണവഭാവങ്ങൾക്ക് തുല്യപ്രാധാന്യമായതിനാൽ ഇവിടെ രണ്ടുപേർ നാഗരാജാക്കന്മാരായുണ്ട് - വാസുകിയും അനന്തനും. കൂട്ടത്തിൽ നാഗയക്ഷിമാരും നാഗചാമുണ്ഡിമാരും നാഗകന്യകമാരും ചിത്രകൂടങ്ങളുമൊക്കെ രണ്ടായിത്തന്നെ നിൽക്കുന്നു എന്നാണ് സങ്കല്പം. ഈ പ്രതിഷ്ഠ നടത്തിയതും ഗരുഡനാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. എല്ലാമാസത്തിലും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകാറുണ്ട്. ചെർപ്പുളശ്ശേരിയ്ക്കടുത്തുള്ള പ്രസിദ്ധമായ പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിമാർക്കാണ് ഇവിടെ സർപ്പബലിയ്ക്കുള്ള അവകാശം. ക്ഷേത്രത്തിന്റെ വടക്കുവശത്ത് പുറത്ത് വിവിധ ഫലവൃക്ഷങ്ങളാണ്.

ശ്രീകോവിലുകൾ തിരുത്തുക

വ്യത്യസ്തമായ ആകൃതികളിലും വലുപ്പത്തിലും പണികഴിപ്പിയ്ക്കപ്പെട്ട മൂന്ന് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ശിവപാർവ്വതിമാരുടെ ശ്രീകോവിൽ വൃത്താകൃതിയിലും ശങ്കരനാരായണസ്വാമിയുടെ ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലും മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ചതുരാകൃതിയിലുമാണ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം നമ്പൂതിരിമാരുള്ള ഗ്രാമങ്ങളിലൊന്നായ തിരുവേഗപ്പുറയിൽ നിലനിൽക്കുന്ന ഈ ശ്രീകോവിലുകളുടെ നിർമ്മിതി, തന്മൂലം യജ്ഞസംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കരിങ്കല്ലിൽ തീർത്തവയാണ് മൂന്ന് ശ്രീകോവിലുകളും. ശിവന്റെ ശ്രീകോവിലിനുമാത്രം ഒരുനിലയും മറ്റുള്ളവയ്ക്ക് രണ്ടുനിലകളുമാണുള്ളത്. മൂന്നിന്റെയും മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങളും കാണാം. മൂന്നിനും അകത്ത് മൂന്നുമുറികൾ കാണാം. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗർഭഗൃഹം. ശിവന്റെ ശ്രീകോവിലിലാണെങ്കിൽ ഗർഭഗൃഹം രണ്ടാക്കിത്തിരിച്ചിട്ടുണ്ട്. ഇതിന്റെ ഒരുവശത്ത് കിഴക്കോട്ട് ദർശനമായി ശിവലിംഗവും മറുവശത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീവിഗ്രഹവും പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഏകദേശം നാലടി ഉയരം വരും ഇവിടെയുള്ള ശിവലിംഗത്തിന്. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ശിവലിംഗമാണിത്. തന്റെ ഭക്തനായ അർജ്ജുനനെ പരീക്ഷിച്ചശേഷം അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകി ശാന്തനായിമാറിയ കിരാതമൂർത്തിയായാണ് ഇവിടെ പ്രതിഷ്ഠാസങ്കല്പം. ഐതിഹ്യമനുസരിച്ച് ഗരുഡൻ പ്രതിഷ്ഠിച്ച ശിവലിംഗമായതിനാൽ വൈഷ്ണവസാന്നിദ്ധ്യം ഇവിടെയും ശക്തമായുണ്ട്. പാർവ്വതിവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. കിരാതപാർവ്വതിയായാണ് സങ്കല്പം. ഇത് ഇവിടെനിന്ന് ഏകദേശം 25 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കാടാമ്പുഴ ക്ഷേത്രത്തിലെ ദേവിയാണെന്ന് സങ്കല്പമുണ്ട്. കാടാമ്പുഴയിലും ഇവിടെയും ഒരേദിവസം ദർശനം നടത്തുന്നത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇത് ഇപ്പോൾ നടത്തുന്നവർ അത്യപൂർവ്വമാണ്. ശിലാനിർമ്മിതമാണ് ഇവിടെ ദേവീവിഗ്രഹം. രണ്ടുകൈകളേയുള്ളൂ. അവയിൽ ഒന്നിൽ താമര പിടിച്ചിട്ടുണ്ട്, മറുകൈ അരയിൽ കുത്തിനിൽക്കുന്നു. ശിവപാർവ്വതിമാർ പരസ്പരം അനഭിമുഖമായി ദർശനം നൽകുന്ന ക്ഷേത്രമായതിനാൽ ഇവിടെ പ്രതിഷ്ഠയ്ക്ക് അർദ്ധനാരീശ്വരഭാവവും കൈവരുന്നു.

നടുക്കുള്ള ശങ്കരനാരായണസ്വാമിയുടെ ശ്രീകോവിലാണെങ്കിൽ കേരളത്തിൽ അത്യപൂർവ്വമായ ഗജപൃഷ്ഠാകൃതിയിൽ തീർത്ത മഹാസൗധമാണ്. ആനയുടെ പുറം എന്നാണ് ഗജപൃഷ്ഠം എന്ന വാക്കിന്റെ അർത്ഥം. സാധാരണയായി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനാണ് ഈ ആകൃതി സ്വീകരിയ്ക്കാറുള്ളത്. കേരളത്തിൽ ഇതുകൂടാതെ ഈ ആകൃതിയിൽ ശ്രീകോവിലുകളുള്ളത് തൃപ്രങ്ങോട് ശിവക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം, മധൂർ അനന്തേശ്വര സിദ്ധിവിനായകക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾക്കാണ്. ഇതിൽ അകത്ത് മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശൈവ-വൈഷ്ണവ ചൈതന്യങ്ങളുടെ സംഗമസ്ഥാനമായ ശങ്കരനാരായണൻ കുടികൊള്ളുന്നത്. കേരളത്തിൽ വിഗ്രഹരൂപത്തിൽ ശങ്കരനാരായണപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളൊന്നാണിത്. സാധാരണയായി ലിംഗരൂപത്തിലാണ് പ്രതിഷ്ഠ. പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ ശങ്കരനാരായണവിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്, ഇവിടത്തെ വിഗ്രഹത്തിനും. ഏകദേശം മൂന്നടി ഉയരം വരും. ചതുർബാഹുവായ വിഗ്രഹത്തിന്റെ വലതുവശം ശിവനെയും ഇടതുവശം വിഷ്ണുവിനെയും പ്രതിനിധീകരിയ്ക്കുന്നു. വലതുവശത്ത് ജടാമകുടവും ചന്ദ്രക്കലയും ത്രിനേത്രത്തിന്റെ പകുതിയും സർപ്പങ്ങളും രുദ്രാക്ഷമാലകളും പുലിത്തോലുമൊക്കെയാണ് കാണുന്നതെങ്കിൽ ഇടതുവശത്ത് സ്വർണ്ണക്കിരീടവും മയിൽപ്പീലിയും ഗോപിക്കുറിയും വനമാലയും ശ്രീവത്സവും പീതാംബരവുമൊക്കെയാണ് കാണാനാകുക. താരതമ്യേന പുതിയകാലത്തുണ്ടായ പ്രതിഷ്ഠയാണെങ്കിലും ക്ഷേത്രത്തിൽ ശങ്കരനാരായണന്നുള്ള പ്രാധാന്യം കാരണം പലരും ഇതിനെ ശങ്കരനാരായണക്ഷേത്രമായി കാണുന്നു.

വടക്കേ അറ്റത്തുള്ള മഹാവിഷ്ണുവിന്റെ ശ്രീകോവിൽ കൂട്ടത്തിലുള്ള ഏറ്റവും ചെറിയ ശ്രീകോവിലാണ്. ചതുരാകൃതിയിൽ തീർത്തതുകൊണ്ടാകണം ഇങ്ങനെ സംഭവിച്ചത്. എന്നാൽ ഇതും വളരെ സവിശേഷമായ ഒരു നിർമ്മിതിയാണ്. ഏകദേശം ഗുരുവായൂരിലെ ശ്രീകോവിലിന്റെ അതേ രൂപത്തിൽ തീർത്ത ഈ ശ്രീകോവിലിനകത്ത് മൂന്നാമത്തെ അറയിൽ കിഴക്കോട്ട് ദർശനമായി മഹാവിഷ്ണു പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിഗ്രഹവും പൂജകളുമെല്ലാം വിഷ്ണുസങ്കല്പത്തിൽ തന്നെയാണെങ്കിലും ഗുരുവായൂരിലെപ്പോലെ ഇവിടെയും പ്രതിഷ്ഠയെ ശ്രീകൃഷ്ണനായാണ് ഭക്തർ കണ്ടുവരുന്നത്. ഏകദേശം നാലടി ഉയരം വരുന്ന ചതുർബാഹുവായ ശിലാവിഗ്രഹമാണ് ഇവിടെ. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ചുനിൽക്കുന്ന ഭഗവാന്റെ വിഗ്രഹത്തിൽ നിത്യേന വിശേഷപ്പെട്ട അലങ്കാരങ്ങളുണ്ടാകാറുണ്ട്. ദശാവതാരരൂപങ്ങൾ അവയിൽ പ്രധാനമാണ്. കൂടാതെ മോഹിനി, ധന്വന്തരി രൂപങ്ങളും അവയിൽ കാണാറുണ്ട്.

മൂന്ന് ശ്രീകോവിലുകളും അതിമനോഹരമായ നിരവധി ശില്പങ്ങളാൽ അലംകൃതമാണ്. ഭൂതമാല, പക്ഷിമാല, മൃഗമാല തുടങ്ങിയ രൂപങ്ങൾ ഇവയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശ്രീകോവിലിനകത്തേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്ക് ഇരുവശവുമായി പതിവുപോലെ ദ്വാരപാലകരൂപങ്ങളും കാണാം. ഇവരെ വണങ്ങി അനുവാദം വാങ്ങിച്ചുവേണം തന്ത്രിയ്ക്കും ശാന്തിക്കാർക്കും അകത്തേയ്ക്ക് പ്രവേശിയ്ക്കാൻ എന്നാണ് ചിട്ട. ഇവിടങ്ങളിൽ നിരവധി മണികളും തൂക്കിയിട്ടുണ്ട്. ഇവയടിച്ചാണ് അനുവാദം ചോദിയ്ക്കൽ ചടങ്ങ്. ശിവന്റെ ശ്രീകോവിലിൽത്തന്നെ തെക്കേ നടയിലെ ഇടനാഴിയിൽ തെക്കോട്ട് ദർശനം നൽകി ദക്ഷിണാമൂർത്തി, ഗണപതി, നന്ദികേശൻ എന്നിവരുടെ പ്രതിഷ്ഠകൾ കാണാം. ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ പതിവുപോലെ ശിവലിംഗരൂപത്തിൽ തന്നെയാണ്. ഏകദേശം രണ്ടടി ഉയരം കാണും. വിദ്യാഭിവൃദ്ധിയ്ക്ക് ദക്ഷിണാമൂർത്തിയുടെ നടയിൽ നെയ്വിളക്ക് കത്തിയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. സിദ്ധിവിനായകഭാവത്തിൽ, വലത്തോട്ട് തുമ്പിക്കൈ നീട്ടിയ രൂപമാണ് ഗണപതിയുടേത്. ചതുർബാഹുവായ ഭഗവാന്റെ നാലുകൈകളിലുമായി മഴു, കയർ, മോദകം, വരദമുദ്ര എന്നിവ കാണാം. ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല എന്നിവയാണ് പ്രധാന വഴിപാടുകൾ. തെക്കേ നടയിൽ നന്ദികേശന്റെ പ്രതിഷ്ഠ വരുന്നത് അത്യപൂർവ്വമാണ്. സാധാരണയായി ശിവന്റെ നടയ്ക്കുനേരെയാണ് നന്ദിപ്രതിഷ്ഠ കാണാറുള്ളത്. ഇവിടെ എങ്ങനെ നന്ദിപ്രതിഷ്ഠ തെക്കുവശത്ത് വന്നു എന്നത് സംശയാസ്പദമാണ്. വടക്കുവശത്ത് പതിവുപോലെ ഓവ് പണിതിട്ടുണ്ട്. അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഇതുവഴിയാണ് ഒഴുകുന്നത്. ശിവന്റെ ശ്രീകോവിലിലെ ഓവ് മുറിച്ചുകടന്ന് പ്രദക്ഷിണം വയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു. മറ്റ് രണ്ടിടത്തെയും ഓവുകൾ മുറിച്ചുകടക്കാം.

നാലമ്പലം തിരുത്തുക

ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. മൂന്ന് ശ്രീകോവിലുകളുള്ളതിനാൽ അതിവിശാലമായ ഒരു നിർമ്മിതിയാണ് ഇവിടെ നാലമ്പലം. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ഏഴുനിലകളിലായി പണിതിരിയ്ക്കുന്ന വിളക്കുമാടത്തിൽ നിലവിൽ പിച്ചളയിൽ തീർത്ത വിളക്കുകളാണ് കാണപ്പെടുന്നത്. ഇവ സ്വർണ്ണത്തിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മൂന്ന് ശ്രീകോവിലുകളുടെ മുന്നിലൂടെയും നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനകവാടങ്ങൾ കാണാം. ഇവയിലെല്ലാം വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. അവയിൽ തെക്കേയറ്റത്തുള്ള വാതിൽമാടത്തിലാണ് വിശേഷാലുള്ള പൂജകളും ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടക്കുന്നത്. മറ്റുള്ള വാതിൽമാടങ്ങൾ നാമജപത്തിനും വാദ്യമേളങ്ങൾക്കുമാണ് ഉപയോഗിച്ചുവരുന്നത്. പൂജാസമയമോ വിശേഷദിവസങ്ങളോ അല്ലെങ്കിൽ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ ഇവിടെ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. ഇവ കൂടാതെ, ഘനവാദ്യങ്ങളായ ചേങ്ങിലയും ഇലത്താളവും സൂക്ഷിയ്ക്കുന്നതും ഇവിടെത്തന്നെയാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിരിയ്ക്കുന്നു. ശിവന്റെ ശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്തായി ഒരു ഹോമകുണ്ഡം കാണാം. ഒറ്റനോട്ടത്തിൽ ഒരു കിണറാണെന്ന് തോന്നുന്ന ഈ നിർമ്മിതി, പണ്ടുകാലത്ത് വസോർധാര നടത്താൻ ഉപയോഗിച്ചിരുന്നതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. പടിഞ്ഞാറ് പാർവ്വതീദേവിയുടെ നടയിലും ഒരു പ്രവേശനകവാടമുണ്ട്. ഇതിനുമുകളിലായി ശ്രീരാമപട്ടാഭിഷേകത്തിന്റെ ഒരു രൂപം കാണാം. സിംഹാസനസ്ഥരായ ശ്രീരാമസ്വാമിയും സീതാദേവിയും, ഇരുവരുടെയും പാദം വണങ്ങിനിൽക്കുന്ന ഹനുമാൻ സ്വാമിയും, ആലവട്ടം വീശുന്ന ലക്ഷ്മണ-ഭരതന്മാരും വെൺചാമരം വീശുന്ന ശത്രുഘ്നനും ഈ രൂപത്തിൽ വ്യക്തമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലുകൾക്ക് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. മൂന്ന് പ്രതിഷ്ഠകൾക്കും തുല്യപ്രാധാന്യമുള്ളതിനാൽ മൂവർക്കുമായി ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം, കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം, പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ശിവന് ചണ്ഡികേശ്വരൻ, ശങ്കരനാരായണന് ചണ്ഡസേനൻ, വിഷ്ണുവിന് വിഷ്വക്സേനൻ എന്നിവർ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. വിഷ്ണുവിന്റെ ബലിവട്ടത്തിലാകട്ടെ, ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവും കാണാം. തെക്കുഭാഗത്ത് സ്ഥാനം കൊടുത്തിരിയ്ക്കുന്ന സപ്തമാതൃക്കൾക്ക് വിപരീതസ്ഥാനത്ത്, അതായത് വടക്കുഭാഗത്ത് (ഉത്തരഭാഗം) സ്ഥാനം നൽകിയതുകൊണ്ടാണ് ഇവരെ ഉത്തരമാതൃക്കൾ എന്ന് വിളിയ്ക്കുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നീ ഏഴ് ദേവിമാരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം ഗണപതിയ്ക്കും വീരഭദ്രന്നും സ്ഥാനം നൽകിയിരിയ്ക്കുന്നതുപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാർക്കും സ്ഥാനം നൽകിയിട്ടുണ്ട്. എന്നാൽ, ഇവരെ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. അപ്പോഴും ശീവേലിയ്ക്ക് ഇവർക്കും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജകൾ തിരുത്തുക

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവേഗപ്പുറ മഹാക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് തവിൽ, നാദസ്വരം തുടങ്ങിയ വാദ്യോപകരണങ്ങളോടെയും ഏഴുതവണയുള്ള ശംഖുവിളിയോടെയും ഭഗവാന്മാരെ പള്ളിയുണർത്തിയശേഷം അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യചടങ്ങ് നിർമ്മാല്യദർശനമാണ്. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടുകൂടി ഭഗവാന്മാരെ തൊഴുത് ഭക്തർ മുക്തിയടയുന്നു. അതിനുശേഷം അലങ്കാരങ്ങളെല്ലാം നീക്കം ചെയ്ത് അഭിഷേകച്ചടങ്ങുകൾ തുടങ്ങുന്നു. എണ്ണ, ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങളുപയോഗിച്ചുള്ള അഭിഷേകങ്ങൾക്കുശേഷം ശംഖാഭിഷേകവും കലശാഭിഷേകവും കഴിയുമ്പോഴേയ്ക്കും സമയം അഞ്ചരയായിട്ടുണ്ടാകും. പിന്നീട് മലർ, ശർക്കര, കദളിപ്പഴം എന്നിവ മൂവർക്കും നേദിയ്ക്കുന്നു. അതിനുശേഷം നടയടച്ച് ഉഷഃപൂജ. ആദ്യം ശിവന്നും പിന്നീട് ശങ്കരനാരായണന്നും അവസാനം വിഷ്ണുവിനുമാണ് പൂജ നടത്തുക. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടക്കും. അതിനുശേഷം ഉഷഃശീവേലിയാണ്. ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാന്മാർ നേരിട്ടുകാണുന്നു എന്ന സങ്കല്പമാണ് ശീവേലിയ്ക്ക്. മൂന്ന് പ്രധാനപ്രതിഷ്ഠകളുള്ള ക്ഷേത്രമായതിനാൽ മൂന്നുപേർക്കും ഒരുമിച്ചാണ് ശീവേലി നടത്തുക. നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലെല്ലാം ബലിതൂകി മൂന്ന് പ്രദക്ഷിണം വച്ചശേഷം പ്രധാന ബലിക്കല്ലുകളിലും ബലിതൂകിയാണ് ശീവേലി അവസാനിയ്ക്കുന്നത്. അതിനുശേഷം എട്ടുമണിയ്ക്ക് പന്തീരടിപൂജ നടത്തുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തുള്ള പൂജയായതുകൊണ്ടാണ് ഇതിന് പന്തീരടിപൂജ എന്ന പേരുവന്നത്. തുടർന്ന് പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഭഗവാന്മാർക്ക് കർപ്പൂരം ഉപയോഗിച്ച് പൂജ നടത്തുന്നത് ഈ സമയത്താണ്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള വിളക്കുകളെല്ലാം ഈ സമയത്ത് കൊളുത്തിവച്ചിട്ടുണ്ടാകും. ഇത് മനോഹരമായ ഒരു കാഴ്ചയാണ്. ദീപാരാധന കഴിഞ്ഞാൽ ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും നടത്തി രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉത്സവത്തിന് വിശേഷാൽ താന്ത്രികക്രിയകളുള്ളതിനാൽ ഉച്ചയ്ക്ക് നടയടപ്പുണ്ടാകില്ല. ശിവരാത്രിനാളിൽ രാത്രി നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും ശിവന്ന് വിശേഷാൽ പൂജകളും അതിനോടനുബന്ധിച്ചുള്ള കലശാഭിഷേകവുമുണ്ടാകും. അഷ്ടമിരോഹിണിദിവസം വിഷ്ണുവിനും ഇതേ ചിട്ടയാണ്. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, ഗ്രഹണശേഷം എല്ലാ ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ. ഉദയാസ്തമനപൂജയുള്ളപ്പോൾ പതിനെട്ട് പൂജകളും അതിനോടനുബന്ധിച്ച് നിറമാലയും ചുറ്റുവിളക്കുമുണ്ടാകും.

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ കാലടി ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധ തന്ത്രികുടുംബമായ പടിഞ്ഞാറേടത്ത് മനക്കാർക്കാണ് തിരുവേഗപ്പുറ ക്ഷേത്രത്തിലെ തന്ത്രാധികാരം. പ്രധാനപ്രതിഷ്ഠകൾ മൂന്നായതിനാൽ മൂന്നുപേർക്കും പ്രത്യേകം മേൽശാന്തിമാരും കീഴ്ശാന്തിമാരുമുണ്ട്. ഇവരുടെ നിയമനം ദേവസ്വം വകയാണ്.

പ്രധാന വിശേഷങ്ങൾ തിരുത്തുക

 
കൂത്തമ്പലം

കൊടിയേറ്റുത്സവം തിരുത്തുക

തിരുവേഗപ്പുറ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് കുംഭമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടായി നടത്തപ്പെടുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവം. ഇതിനോടനുബന്ധിച്ചുള്ള എട്ടുദിവസവും നിരവധി താന്ത്രികക്രിയകളും കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. അങ്കുരാദിമുറയനുസരിച്ചാണ് ഉത്സവം നടത്തുന്നത്.

ചിത്രശാല തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  • ^ കൊടിക്കുന്നിലമ്മ തിരുവേഗപ്പുറ ശിവന്റെ മകളാണെന്നാണ്‌ വിശ്വാസം.

കുറിപ്പുകൾ തിരുത്തുക

  1. തിരുവേഗപ്പുറയിൽ നിന്ന് തെക്കുപടിഞ്ഞാറുഭാഗത്താണ് ഗുരുവായൂർ.