ധന്വന്തരി

ഔഷധവിജ്ഞാനത്തിന്റെ ദേവത, ദേവകളുടെ വൈദ്യൻ

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യ പ്രതിഭയായിരുന്നു ശ്രീ ധന്വന്തരി(ദേവനാഗരി: धन्वंतरी; ഇംഗ്ലീഷ്: Dhanwantari). പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു. ഹൈന്ദവർ പരബ്രഹ്മൻ മഹാവിഷ്‌ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും ആരോഗ്യത്തിന്റെയും ചികിത്സയുടേയും ദൈവമായി വർണ്ണിക്കുന്നു. രോഗനിവാരണ ദൈവം, രോഗശമനമൂർത്തി, ആരോഗ്യദായകൻ, മഹാവൈദ്യൻ എന്നൊക്കെ ധന്വന്തരി അറിയപ്പെടുന്നു. അതിനാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി.

ധന്വന്തരി
ദേവനാഗിരിधन्वंतरी
സർവരോഗനാശകനും മഹാവിഷ്‌ണു അവതാരവുമായ ധന്വന്തരിയെ ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും പരിപാലകനായി ഹൈന്ദവർ കണക്കാക്കുന്നു

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന്‌ മനസ്സിലാക്കാം.

സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ, വിക്രമാദിത്യ സദസ്സിലെ നവ രത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.

ധന്വന്തരി നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

വിശ്വാസം, പുരാണം തിരുത്തുക

രോഗികളും എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. വിശ്വാസികൾ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ പ്രാർഥിക്കുന്നത് ക്ഷേത്രങ്ങളിൽ ധന്വന്തരി പൂജയും നടത്തുന്നതും കാണാം. പാലാഴി മഥനവേളയിൽ അമൃതകുംഭവുമായി മഹാവിഷ്ണു ധന്വന്തരി ഭാവത്തിൽ അവതരിച്ചു എന്ന് ഭാഗവതം പറയുന്നു. ദേവന്മാർ ജരാനരകൾ അകന്നു ആരോഗ്യവും അമരത്വവും പ്രാപിച്ചത് അമൃതപാനം കൊണ്ടാണെന്നു പുരാണങ്ങൾ വർണ്ണിക്കുന്നു. ധന്വന്ദരിയെ പൊതുവേ ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം.

ധന്വന്തരീ സ്തുതി തിരുത്തുക

ധന്വന്തരീ ധ്യാനം തിരുത്തുക

ഓം നമാമി ധന്വന്തരിം ആദിദേവം

സുരാസുരൈഃ വന്ദിത പാദപത്മം

ലോകേ ജരാരുഗ്ഭയ മൃത്യുനാശം

ദാതാരമീശം വിവിധൗഷധീനാം


ധന്വന്തരീ സ്തുതി

ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ

അമൃതകലശ ഹസ്തായ സർവാമയ വിനാശനായ

ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ


മറ്റൊരു സ്തുതി ഇപ്രകാരമാണ്

"ധന്വന്തരീ മഹം വന്ദേ

വിഷ്ണുരൂപം ജനാർദ്ദനം

യസ്യ കാരുണ്യ ഭാവേന

രോഗമുക്താ ഭവേഞ്ജനാ"

ധന്വന്തരീ ഗായത്രി തിരുത്തുക

ഓം ആദിവൈദ്യായ വിദ്മഹേ

ആരോഗ്യ അനുഗ്രഹ ധീമഹീ

തന്നോ ധന്വന്തരി പ്രചോദയാത് "

കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ തിരുത്തുക

കേരളത്തിൽ മിക്ക ജില്ലയിലും ധന്വന്തരി ക്ഷേത്രങ്ങൾ കാണപ്പെടുന്നു. ഇത് അതാതു പ്രദേശത്തെ വൈദ്യ പാരമ്പര്യവുമായി ബന്ധപെട്ടു കിടക്കുന്നു. ചില ക്ഷേത്രങ്ങളിൽ ഉപദേവനായും ധന്വന്തരിയെ കാണാം. കൂടാതെ പല വിഷ്ണുക്ഷേത്രങ്ങളിലും അമൃതകലശം ധരിച്ച പ്രതിഷ്ഠ കാണാം. ഇതും ധന്വന്തരീഭാവം തന്നെ. പല ക്ഷേത്രങ്ങളിലും മഹാവിഷ്ണുവിനെ അഥവാ കൃഷ്ണനെ ധന്വന്തരിയായി സങ്കൽപ്പിച്ചു പൂജകൾ നടത്താറുണ്ട്. ധന്വന്തരിയെയും ശിവനെയും ഒരുപോലെ ആരാധിക്കുന്നത് രോഗശമനത്തിനും ദീർഘായുസിനും നല്ലതാണ് എന്നാണ് ഹൈന്ദവ വിശ്വാസം. മരുന്നുകൾ കഴിക്കുമ്പോൾ അവ ധന്വന്തരിയെ പ്രാർഥിച്ചു കൊണ്ട് പ്രസാദമാക്കി സേവിച്ചാൽ വേഗത്തിൽ രോഗമുക്തി നേടും എന്നും ഭക്തർ വിശ്വസിക്കുന്നു.

 • ആനയ്ക്കൽ ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
 • താനിയത്തുകുന്ന് ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
 • കീരംകുളങ്ങര ധന്വന്തരി ക്ഷേത്രം, തൃശൂർ ടൌൺ.
 • ചിയ്യാരം മാധവപുരം ധന്വന്തരി ക്ഷേത്രം, തൃശൂർ
 • പറപ്പൂർ ശ്രീ ധന്വന്തരീ ക്ഷേത്രം, തൃശൂർ
 • മണ്ണഞ്ചേരി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രം, ആലപ്പുഴ ജില്ല.
 • ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലപ്പുഴ (ഇവിടെ ധന്വന്തരീ പ്രതിഷ്ഠയാണ്)[1].
 • വെളിയിൽ ധന്വന്തരി ക്ഷേത്രം, പള്ളുരുത്തി, എറണാകുളം
 • വൈക്കം കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം, കോട്ടയം
 • ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരീ ക്ഷേത്രം, കോട്ടയം
 • കൂഴക്കോട് ധന്വന്തരി നരസിംഹമൂർത്തി ക്ഷേത്രം, ചാത്തമംഗലം, കുന്നമംഗലം, കോഴിക്കോട്
 • കഷായത്ത് ധന്വന്തരി ക്ഷേത്രം, മുത്തൂർ, തിരുവല്ല, പത്തനംതിട്ട
 • ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം, പരവൂർ, കൊല്ലം ജില്ല
 • തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി, കൊല്ലം. (പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്)
 • കുറുവട്ടൂർ ധന്വന്തരി ക്ഷേത്രം, തിരുവഴിയോട്, പാലക്കാട്‌ ജില്ല.

അവലംബം തിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-23. Retrieved 2013-02-04.
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-28. Retrieved 2016-03-08.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ധന്വന്തരി&oldid=3984764" എന്ന താളിൽനിന്ന് ശേഖരിച്ചത്