കാടാമ്പുഴ ഭഗവതിക്ഷേത്രം

കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ശ്രീ കാടാമ്പുഴ ഭഗവതിക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള ശ്രീ പാർവതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല. പകരം, ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീചക്ര പ്രതിഷ്ഠയാണ്. കണ്ണാടിയിൽ കാണുന്ന ഭക്തരുടെ പ്രതിബിംബം തന്നെയാണ് ഭഗവതിക്കും എന്ന അദ്വൈത വിശ്വാസം ഇത് സൂചിപ്പിക്കുന്നു. വനദുർഗ്ഗാ ഭാവം ഉള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. സാക്ഷാൽ പ്രകൃതിയായ ഭഗവതി മേൽക്കൂരയില്ലാത്ത ശ്രീകോവിലിലൂടെ പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ട് ഏറ്റുവാങ്ങുന്നു എന്നാണ് സങ്കല്പം. ഇവിടത്തെ 'പൂമൂടൽ', 'മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്]. ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം[1]. വൃശ്ചികമാസത്തിലെ തൃക്കാർത്തികയും കന്നിമാസത്തിലെ നവരാത്രിയും ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. പുരാതന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളി‍ൽ ഒന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി (അദൃശ്യസങ്കല്പം), സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), ശാസ്താവ് (അയ്യപ്പൻ), നരസിംഹമൂർത്തി, സുദർശനമൂർത്തി, നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, മാസത്തിലെ ഒന്നാം തീയതി തുടങ്ങിയ ദിവസങ്ങൾ പ്രധാനം.

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം
ശ്രീ കാടാമ്പുഴ ഭഗവതിക്ഷേത്രം
ക്ഷേത്രം ഗസ്റ്റ് ഹൗസ്

ചരിത്രം

തിരുത്തുക

കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നെന്നും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.

ഐതിഹ്യം

തിരുത്തുക

പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളൂ എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനൻറെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. ഇരുഭാഗത്തെയും അമ്പുകൾ ഏറ്റുവാങ്ങി പന്നി ചത്തുവീണു. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിയ്ക്കട്ടെ. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.

ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം. [2]

പ്രതിഷ്ഠ

തിരുത്തുക

പ്രധാന പ്രതിഷ്ഠ ആദിപരാശക്തി, ദുർഗ്ഗാ ഭാവത്തിലുള്ള ശ്രീപാർവതിയാണ്. വിഗ്രഹ രൂപത്തിൽ പ്രതിഷ്ഠയില്ല. ഒരു കുഴിയിൽ അദൃശ്യരൂപത്തിൽ പരാശക്തി ചൈതന്യം കുടികൊള്ളുന്നു. മുമ്പിൽ ഒരു കണ്ണാടിബിംബവുമുണ്ട്. പടിഞ്ഞാറോട്ടാണ് ദർശനം. കണ്ണാടിയിൽ നോക്കുന്ന ഭക്തരും ഭഗവതിയും ഒന്നാകുന്നു എന്ന അദ്വൈത സങ്കല്പത്തിൽ ആണ് ഈ പ്രതിഷ്ഠ. കിരാത പാർവ്വതി സങ്കല്പമാണ് പ്രധാനമെങ്കിലും വനദുർഗ്ഗാഭാവവും ഭഗവതിക്കുണ്ട്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. ശ്രീചക്ര പ്രതിഷ്ഠയുണ്ട്.

ഉപദേവതകൾ

തിരുത്തുക

ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി നരസിംഹമൂർത്തിയെയും വടക്കോട്ട് ദർശനമായി സുദർശനമൂർത്തിയെയും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഭഗവതിയുടെ ഉഗ്രത കുറയ്ക്കാൻ വേണ്ടിയാണ് ഇതെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കാടാമ്പുഴ ദേവിയ്‌ക്കൊപ്പം അദൃശ്യസാന്നിദ്ധ്യമായി ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും സങ്കല്പങ്ങളുമുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് നാഗദൈവങ്ങളുടെയും തെക്കുഭാഗത്ത് പൂർണ്ണാപുഷ്കലാസമേതനായ ധർമ്മ ശാസ്താവിന്റെയും പ്രതിഷ്ഠകളുണ്ട്.

ക്ഷേത്രത്തിൽ നിത്യേന മൂന്ന് പൂജയുണ്ട് - ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴപ്പൂജ എന്നിവ. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി മനയ്ക്കാണ്.

ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ഭഗവതിയ്ക്കൊപ്പം ഇവിടെയെത്തിയ ശ്രീ പരമേശ്വരനാണ് ഇതെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ കാടാമ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ ഇവിടെയും ദർശനം നടത്താറുണ്ട്. കൂടാതെ ഗണപതി, ശ്രീകൃഷ്ണൻ, ഭദ്രകാളി, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ എന്നിവരും പ്രതിഷ്ഠകളായുണ്ട്. എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.

വഴിപാടുകൾ

തിരുത്തുക

മുട്ടറുക്കൽ

തിരുത്തുക

പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ശ്രീകോവിലിന് മുന്നിലെ ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്. കേരളത്തിൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ നടക്കുന്നത് കാടാമ്പുഴയിലാണ്[അവലംബം ആവശ്യമാണ്]. പുറത്തുനിന്നും നാളികേരം വാങ്ങി തേങ്ങ മുക്കാൻ പ്രത്യേകം പണി കഴിപ്പിച്ച ടാങ്കിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്[അവലംബം ആവശ്യമാണ്].

മറ്റൊരു പ്രധാന വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ഭാഗവതിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശങ്കരാചാര്യരാണെന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാണു പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്. മുന്നിൽ വച്ചിരിക്കുന്ന വെള്ളിത്തളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വർഷിക്കുന്നു. തുടർന്ന് ഇരുപതു മിനിറ്റോളം പൂമൂടൽ ചടങ്ങുകൾ നടത്തുന്നു. ദേവീസ്തുതികളാൽ പൂക്കൾ വർഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ഭഗവതിയുടെ തിടമ്പ് ഏടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവിൽ അടയ്ക്കാതെ മുൻപിൽ പട്ടു വിരിച്ചിരിക്കും. അതിനാൽ ഈ സമയം ദർശനം അസാധ്യമാണ്.

വിശേഷദിവസങ്ങൾ

തിരുത്തുക

തൃക്കാർത്തിക

തിരുത്തുക

കാടാമ്പുഴ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഭഗവതിയുടെ പിറന്നാളായാണ് തൃക്കാർത്തിക ഉത്സവം ആഘോഷിയ്ക്കപ്പെടുന്നത്. വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് കാടാമ്പുഴ ഭഗവതിയെ ശങ്കരാചാര്യർ ശ്രീചക്രസമേതം പ്രതിഷ്ഠിച്ചതെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം നടത്തപ്പെടുന്നത്. അന്നേ ദിവസം പുലർച്ചെ മൂന്നരയ്ക്ക് തന്നെ നടതുറക്കുന്നു. തുടർന്ന് ക്ഷേത്രസന്നിധിയിലും കൽവിളക്കുകളിലും തൃക്കാർത്തിക ദീപങ്ങൾ തെളിയിക്കുന്നു. തുടർന്ന് പ്രത്യേക പൂജകൾ നടക്കുന്നു. അന്ന് പിറന്നാൾ സദ്യയുടെ ഭാഗമായുള്ള പ്രസാദ ഊട്ട് ഉണ്ടാകാറുണ്ട്. ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

നവരാത്രി

തിരുത്തുക

ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം. കന്നിമാസത്തിലെ (സെപ്റ്റംബർ/ഒക്ടോബർ) വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പതു ദിവസമാണ് നവരാത്രിയായി ആഘോഷിയ്ക്കുന്നത്. ധാരാളം കലാപരിപാടികളും അതോബന്ധിച്ചു നടക്കാറുണ്ട്. നവരാത്രിയിൽ പ്രധാന മൂർത്തിയായി ആരാധിക്കുന്നത് ദുർഗ്ഗാ ഭഗവതിയെ തന്നെയാണ്. നവരാത്രി എട്ടാം ദിവസം ദുർഗാഷ്ടമി നാളിൽ പ്രധാനം ദുർഗ്ഗയാണ്. വിജയദശമി ഭഗവതി മഹിഷാസുരനിൽ വിജയം വരിച്ച ദിവസമാണ് എന്നാണ് വിശ്വാസം. നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ കാടാമ്പുഴ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ദുർഗ്ഗയ്ക്ക് മഹാസരസ്വതി ഭാവം കൂടി ഉള്ളതിനാൽ ഇവിടെ വിദ്യാരംഭം നടത്തുന്നതും ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ധാരാളം ഭക്തരാണ് വിദ്യാരംഭത്തിനായി കാടാമ്പുഴയിൽ എത്തിച്ചേരുന്നത്.

ഋഗ്വേദ ലക്ഷാർച്ചന

തിരുത്തുക

എല്ലാവർഷവും ധനുമാസത്തിൽ നടക്കുന്ന ഋഗ്വേദ ലക്ഷാർച്ചന ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആണ്ടുവിശേഷമാണ്. ക്ഷേത്രത്തിന്റെ അഭിവൃദ്ധിയ്ക്ക് പൂർവ്വകാല ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുള്ള വഴികളിലൊന്നാണ് വേദമന്ത്രജപം എന്നതിനാൽ ഈ ചടങ്ങിനും വളരെയധികം പ്രാധാന്യമുണ്ട്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. ഇതിനോടനുബന്ധിച്ചും ധാരാളം കലാപരിപാടികളുണ്ട്.

പ്രധാന ദിവസങ്ങൾ

തിരുത്തുക

ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, നവരാത്രി, മലയാളം- ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, ജന്മ നക്ഷത്ര ദിനം തുടങ്ങിയ ദിവസങ്ങൾ ദേവി ദർശനത്തിന് പ്രധാനം.

ദർശന സമയം

തിരുത്തുക
  • രാവിലെ 4.30 AM മുതൽ ഉച്ചക്ക് 12 PM വരെ
  • വൈകുന്നേരം 3.30 PM മുതൽ രാത്രി 7 PM വരെ.

എത്തിച്ചേരുവാൻ

തിരുത്തുക

കോഴിക്കോട് നിന്ന് 57 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 68 കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇരുവശത്തുനിന്നും വരുമ്പോൾ ദേശീയപാത 66-ൽ വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- തിരുനാവായ, ഇത് ക്ഷേത്രത്തിൽ നിന്നും 13.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു, ഏകദേശം ഇരുപത് മിനുട്ട് യാത്ര. എന്നാൽ ഇവിടെ പാസഞ്ചർ തീവണ്ടികൾക്കുമാത്രമേ സ്റ്റോപ്പുള്ളൂ. തന്മൂലം തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളെ ആശ്രയിയ്ക്കേണ്ടതുണ്ട്. ജില്ലയിലെ പ്രധാന സ്റ്റേഷനാണ് തിരൂർ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും 16 കി.മി ദൂരം, ഏതാണ്ട് 28 മിനിറ്റ് യാത്ര. ധാരാളം പ്രധാനപ്പെട്ട ട്രെയിനുകൾ ഇവിടെ നിർത്താറുണ്ട്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ 16 കി.മി അകലെ സ്ഥിതി ചെയ്യുന്നു. അടുത്തുള്ള വിമാനത്താവളം- കരിപ്പൂർ.

  1. പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
  2. കുഞ്ഞിക്കുട്ടൻ ഇളയത് രചിച്ച “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക