വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രം

കേരളസംസ്ഥനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പദ്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കിഴക്കുമാറി, വലിയശാല അഗ്രഹാരത്തിന്റെ സമീപത്ത്, കിള്ളിയാറിന്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രം. ഉഗ്രമൂർത്തിയായും ശാന്തമൂർത്തിയായും രണ്ടു സങ്കല്പങ്ങളിൽ മഹാദേവനും തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഭൂതത്താൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പദ്മനാഭസ്വാമിക്ഷേത്രം കഴിഞ്ഞാൽ തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലുപ്പം കൂടിയ ക്ഷേത്രം ഇതാണ്. കേരളത്തിലെ പുരാതനകാലത്തെ പ്രസിദ്ധ വേദപാഠശാലയായിരുന്ന കാന്തള്ളൂർ ശാല ഈ ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു. മൂന്ന് കൊടിമരങ്ങളുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇവിടെയുള്ളത്. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ക്ഷേത്രം, ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. കുംഭമാസത്തിൽ തിരുവാതിര നാളിൽ ആറാട്ടായി പത്തുദിവസം ഉത്സവം, അതേ മാസത്തിൽ തന്നെയുള്ള ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.

ഐതിഹ്യം

തിരുത്തുക

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം നിരവധി യുദ്ധങ്ങൾ നടന്നിരുന്ന സ്ഥലമായിരുന്നു. ചേര-ചോള- പാണ്ഡ്യസാമ്രാജ്യങ്ങൾ ഒരുപോലെ അതിൽ പങ്കെടുത്തിരുന്നു. അത്തരം യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഭടന്മാരുടെ ഭാര്യമാർ തുടർന്ന് സതി അനുഷ്ഠിച്ച സ്ഥലമായിരുന്നു വലിയശാല എന്നാണ് വിശ്വാസം. ഇവിടെ കിള്ളിയാറിന്റെ കരയിലുണ്ടായിരുന്ന ശ്മശാനത്തിലാണ് ഇവയെല്ലാം നടന്നതെന്നാണ് കഥ. അവിടം പിന്നീട് നികത്തുകയും തദ്സ്ഥാനത്ത് ശിവനെ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രം ഉയർന്നുവരികയും ചെയ്തു. അതാണ് വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രം. ശ്മശാനം നിന്നിരുന്ന സ്ഥലത്ത് പണികഴിപ്പിച്ചതുകൊണ്ട് ഭഗവാനെ ശ്മശാനശിവനായി ആരാധിയ്ക്കാൻ തുടങ്ങി എന്നാണ് കഥ. അത്യുഗ്രമൂർത്തിയായി മാറിയ ശ്മശാനശിവന്റെ കോപം അടക്കാൻ പിൽക്കാലത്ത് ഇരുവശങ്ങളിലുമായി സാംബശിവനെയും (പാർവതീസമേതനായ പരമശിവൻ) മഹാവിഷ്ണുവിനെയും പ്രതിഷ്ഠിയ്ക്കുകയായിരുന്നുവത്രേ. ഇവരിൽ കുടുംബസമേതശിവനെ ബ്രഹ്മാവായും ആരാധിച്ചുവരുന്നുണ്ട്. തന്മൂലം, ത്രിമൂർത്തികളുടെ ഒരു സംഗമസ്ഥാനമായി ഈ ക്ഷേത്രം മാറി.

ചരിത്രം

തിരുത്തുക

വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കം കാണും. കാന്തള്ളൂർ ശാലയെക്കാൾ പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് അനുമാനിയ്ക്കുന്നതിൽ തെറ്റില്ല. പദ്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്ന് എ.ഡി. ഏഴാം നൂറ്റാണ്ടിൽ തന്നെ കാന്തള്ളൂർ ശാല ഇവിടെ പൂർണ്ണപ്രതാപത്തോടെ നിലകൊണ്ടിരുന്നു. ഉത്തരഭാരതത്തിലെ പ്രസിദ്ധമായ നളന്ദ, തക്ഷശില തുടങ്ങിയ സർവകലാശാലകൾക്കുള്ള അതേ പ്രാധാന്യം കാന്തള്ളൂർ ശാലയ്ക്കുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ പഠിയ്ക്കാൻ എത്തിയിരുന്നു. അക്കാലത്ത് ഈ ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യം ലഭിയ്ക്കുകയുണ്ടായി. നിരീശ്വരവാദത്തിൽ അധിഷ്ഠിതമായ ചാർവാകസിദ്ധാന്തം പോലും ഇവിടെ പഠിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. എ.ഡി. 985-ൽ ചോളചക്രവർത്തിമാർ രചിച്ച ശിലാലിഖിതങ്ങളിലും ക്ഷേത്രത്തെക്കുറിച്ചും ശാലയെക്കുറിച്ചും വിവരങ്ങൾ കാണാം. ഇവയെല്ലാം വെളിച്ചം വീശുന്നത് ക്ഷേത്രത്തിന്റെ പഴക്കത്തിലേയ്ക്കാണ്.

കാന്തള്ളൂർ ശാല ഇല്ലാതായശേഷം ക്ഷേത്രം പ്രസിദ്ധരായ എട്ടുവീട്ടിൽ പിള്ളമാരുടെ നിയന്ത്രണത്തിലായി. അവരുടെ കാലത്തും ക്ഷേത്രം പ്രൗഢിയോടെ നിലകൊണ്ടിരുന്നു. എന്നാൽ, പിൽക്കാലത്ത് ഇവരിലെ അവസാന തലമുറ, തിരുവിതാംകൂർ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയ്ക്കെതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമായി ക്ഷേത്രം ഉപയോഗിയ്ക്കുകയുണ്ടായി. എട്ടുവീട്ടിൽ പിള്ളമാരിൽ പ്രധാനിയായിരുന്ന കുടമൺ പിള്ളയുടെ ഭാര്യവീട് ഇവിടെയായത് അതിന് സൗകര്യമാകുകയും ചെയ്തു. മാർത്താണ്ഡവർമ്മയെ തകർക്കാൻ കുടമൺ പിള്ള, ക്ഷേത്രത്തിലെ തന്ത്രിമാരുടെ സഹായത്തോടെ പ്രധാന മൂർത്തിയിൽ ശ്മശാന ശിവനെ ആവാഹിച്ചു എന്നൊരു കഥ പ്രചാരത്തിലുണ്ട്. എന്നാൽ ഈ കഥ അത്ര വിശ്വസനീയമല്ല.

സംഗതി എന്തായാലും ഈ സംഭവത്തോടുകൂടി കാന്തള്ളൂർ ക്ഷേത്രത്തിന്റെ പ്രതാപം അവസാനിച്ചു. മാർത്താണ്ഡവർമ്മയിൽ തുടങ്ങി ചിത്തിര തിരുനാൾ ബാലരാമവർമ്മ വരെയുള്ള തിരുവിതാംകൂർ രാജാക്കന്മാരോ, അവരുടെ ബന്ധുക്കളോ ഒരിയ്ക്കൽ പോലും ഈ ക്ഷേത്രം സന്ദർശിച്ചിരുന്നില്ല. നവരാത്രിക്കാലത്ത് പദ്മനാഭസ്വാമിക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളിപ്പ് വലിയശാല ഭാഗത്തെത്തുമ്പോൾ ഈ ക്ഷേത്രം കണ്ടാൽ ചിത്തിര തിരുനാളും സംഘവും മുഖം തിരിച്ചുനടക്കുന്നത് പതിവുകാഴ്ചയായിരുന്നു. എന്നാൽ, ചിത്തിര തിരുനാളിന്റെ മരണശേഷം അദ്ദേഹത്തിന്റെ അനുജൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ചുമതലയേറ്റപ്പോൾ ക്ഷേത്രവുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിയ്ക്കാൻ തീരുമാനിയ്ക്കുകയും തുടർന്ന് രാജകുടുംബാംഗങ്ങൾ പതിവായി ഇവിടെ ദർശനം നടത്താൻ വരികയും ചെയ്തു. ഇതുകൂടാതെ, ചരിത്രപ്രേമികളായ ചിലരും ഇവിടെ ദർശനത്തിനെത്താറുണ്ട്. ഇത് ഗതകാലപ്രൗഢിയിലേയ്ക്കുള്ള തിരിച്ചുപോക്കിന്റെ സൂചനയായി ഭക്തർ കണ്ടുവരുന്നു.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ശ്രീകോവിൽ

തിരുത്തുക

നാലമ്പലം

തിരുത്തുക