{


ശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകുന്നു

ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്റെ പക്കലുള്ള അസ്ത്രമാണ് പാശുപതം എന്ന് കരുതപ്പെടുന്നു . പശുപതി എന്നും ശിവന് പേരുള്ളതിനാൽ ശിവന്റെ അസ്ത്രത്തെ പാശുപതം എന്ന് പറയുന്നു .

അർജ്ജുനന്റെ അസ്ത്ര സമ്പാദനം

തിരുത്തുക

മഹാഭാരതത്തിൽ പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ , ജ്യേഷ്ഠനായ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെടുകയും, അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ദേവാദിദേവൻ മഹാദേവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു. വ്യാസ മഹാഭാരതത്തിൽ അർജ്ജുനനും ശിവനും തമ്മിൽ ഉള്ള സംഭാഷണം ഇപ്രകാരം ആണ് ശിവപ്രസ്ഥാനം : ദേവദേവൻ പറഞ്ഞു: “പൂർവ്വജന്മത്തിൽ നീ നാരായണസ്നേഹിതനായ നരനായിരുന്നു. നീ അനേകായിരം സംവത്സരം ബദര്യാശ്രമത്തിൽ ഉഗ്രമായ തപസ്സു ചെയ്തിട്ടുണ്ട്. നിന്നിലും പുരുഷോത്തമനായ വിഷ്ണുവിലും പരമമായ തേജസ്സ് കുടികൊള്ളുന്നു. പുരുഷാഗ്രിമൻമാരായ നിങ്ങൾ രണ്ടുപേരാണ് തേജസ്സുകൊണ്ട് ഈ ലോകത്തെ ധരിക്കുന്നത്. ഇന്ദ്രാഭിഷേകകാലത്ത് മേഘനിർഘോഷത്തോടുകൂടിയ ധനുസ്സേന്തി, ഭവാനും കൃഷ്ണനും കൂടി ദൈത്യന്മാരെ നിഗ്രഹിച്ചു. നിന്റെ കരത്തിനു ചേർന്ന ഈ ഗാണ്ഡീവം അന്നത്തെ ആ വില്ലാണ്. നാം തമ്മിൽ നടന്ന പോരിൽ മായകൊണ്ടാണ് ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും ഞാൻ ഗ്രസിച്ചത്. ഹേ പാർത്ഥ, നിനക്കു ചേർന്ന ഈ ആവനാഴി വീണ്ടും അമ്പൊടുങ്ങാത്തതാവും. നിനക്കു പോരിലുണ്ടായ വൈവശ്യം എല്ലാം ഉടനെ നീങ്ങിപ്പോകും. കുരുനന്ദനാ! നിന്റെ ശക്തി അജയമാണ്. ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു. ഹേ, പുരുഷഷ്ഠാ! നീ ആഗ്രഹിക്കുന്ന വരം എന്നിൽനിന്നു വാങ്ങി ക്കൊള്ളുക. നിന്നോടു തുല്യനായി മർത്ത്യലോകത്തിൽ മറ്റൊരു ക്ഷത്രിയനും ഇല്ല. സ്വർഗ്ഗത്തിലും നിന്നേക്കാൾ ശ്രേഷ്ഠനായി ഒരു പുരുഷനുമില്ല. അർജ്ജുനൻ പറഞ്ഞു: “അല്ലയോ വൃക്ഷഭദ്വജാ! എന്റെ കാംക്ഷിതംപോലെ ചെയ്യുവാൻ തക്കവണ്ണം ഭവാന് എന്നിൽ പ്രീതിയുണ്ടെങ്കിൽ, ദിവ്യവും ഘോരവുമായ പാശുപതാസ്ത്രം എനിക്കു തന്നാലും. ദാരുണമായ യുഗാന്തകാലത്ത് ജഗത്തിനെ മുഴുവൻ സംഹരിക്കുന്ന രൗദ്രവും, ഭീമപരാക്രമവുമായ ആ ബ്രഹ്മ ശിരസ്സാണ് ഈ അസ്ത്രം. കർണ്ണൻ, ഭീഷ്മൻ, കൃപൻ, ദ്രോണൻ എന്നിവരോട് എനിക്ക് ഉഗ്രമായി യുദ്ധം ചെയ്യേണ്ടതായി വരും. ആ യുദ്ധത്തിൽ ഭവാന്റെ പ്രസാദത്താൽ അവരെ എനിക്കു ജയിക്കണം. യുദ്ധത്തിൽ ദൈത്യന്മാരേയും, രാക്ഷസന്മാരേയും, ഭൂതങ്ങളേയും, പിശാചുക്കളേയും, പന്നഗഗന്ധർവ്വന്മാരേയും ദഹിപ്പിക്കുവാൻ ഇതിനാൽ ഞാൻ ശക്തനായി ഭവിക്കണം. ഈഅസ്ത്രത്തിൽ നിന്ന് അനേകായിരം ശൂലങ്ങളും, ഉഗ്രമായ ഗദകളും, സർപ്പാകാരങ്ങളായ ശരങ്ങളും പുറപ്പെടുന്നു. ഭീഷ്മദ്രോണകൃപന്മാരോടും, എല്ലായ്പ്പോഴും കടുത്ത വാക്കുകൾ പുലമ്പുന്ന സൂതപുത്രനോടും ഞാൻ ഈ അസ്ത്രംകൊണ്ടു പൊരുതണം. ഇതാണ് എന്റെ ഏറ്റവും വലിയ അഭിലാഷം. ഭഗനേത്രഹനനായ അവിടുത്തെ അനുഗ്രഹത്താൽ ഞാൻ അവരെ യുദ്ധത്തിൽ തോല്പിക്കാൻ സമർത്ഥനാകണം ഭഗവാൻ പറഞ്ഞു: “ഹേ പാണ്ഡവാ! എനിക്കു പ്രിയമേറിയ ആ പാശുപതാസ്ത്രം ഞാൻ ഇതാ നിനക്കു തരുന്നു. അതു ധരിക്കുവാനും, പ്രയോഗിക്കുവാനും, പിൻവലിക്കുവാനും നീ സമർത്ഥനാണ്. ദേവേന്ദ്രനോ, യമനോ, യക്ഷരാജനോ, വരുണനോ, വായുവിനോ ഇതറിഞ്ഞുകൂടാ. പിന്നെ മർത്ത്യരുടെ കഥ പറയേണ്ടതുണ്ടോ? സാധാരണന്മാരിൽ ഈ അസ്ത്രം പ്രയോഗിച്ചുകൂടാ. അശക്തനായവനിൽ ഇതു പ്രയോഗിച്ചാൽ ലോകം മുഴുവൻ നശിപ്പിക്കും. ഇതു സാധാരണ മനുഷ്യനിൽ നീ ഒരിക്കലും പ്രയോഗിക്കരുത്. അൽപ്പതേജെസ്സിൽ ഈ അസ്ത്രം പ്രയോഗിച്ചാൽ മൂന്നുലോകവും ദഹിച്ചുപോകും. നീ യുദ്ധത്തിൽ പീഡയിൽപ്പെട്ടാൽ ഇതു പ്രയോഗിക്കാം. നിനക്ക് നേരെ വരുന്ന അസ്ത്രങ്ങളെ കെടുത്താനായി ഇത് എപ്പോഴും പ്രയോഗിക്കാവുന്നതാണ്. സർവ്വാത്രഘാതകമാണ് ഈ അസ്ത്രം. ദിവ്യവും തടവറ്റതു മാണ് ഈ അസ്ത്രം.. ചരാചരാത്മകമായ പ്രപഞ്ചത്തിൽ മൂന്നു ലോകത്തിലും ഈ അസ്ത്രത്തിനു നശിപ്പിക്കുവാൻ വയ്യാത്തതായി ഒന്നുമില്ല. വാക്കോ, നോട്ടമോ, മനസ്സോ, വില്ലോ കൊണ്ട് ഈ അസ്ത്രം പ്രയോഗിക്കാം. വൈശമ്പായനൻ പറഞ്ഞു: “ഇതു കേട്ടപ്പോൾ അർജ്ജുനൻ ശുചിയായ ആ ലോകാധിപതിയുടെ മുൻപിൽ ഏകാഗ്രചിത്തനായി നിന്ന്, എനിക്ക് ഉപദേശിച്ചാലും എന്നു പറഞ്ഞു. അന്തകതുല്യമായ പാശുപതാസ്ത്രം, പ്രയോഗിക്കുന്നതിലും സംഹരിക്കുന്നതിലും ഉള്ള സർവ്വരഹസ്യങ്ങളോടും കൂടി, ശിവൻ ആ പാണ്ഡുപുത്രനെ ഗ്രഹിപ്പിച്ചു. ഉമാനാഥന് എന്നപോലെ ആ അസ്ത്രം പാർത്ഥനും അധീനമായി. അർജ്ജുനൻ സസന്തോഷം പാശുപതാസ്ത്രം വാങ്ങിയ ഉടനെ കാടും കടലും മലയും വൃക്ഷവും നാടും നഗരവും ചേർന്ന ഭൂമി കുലുങ്ങുകയും, ശംഖ ദുന്ദുഭിനാദം മുഴങ്ങുകയും, കൊള്ളിമീനുകൾ വീഴുകയും ചെയ്തു. കൊടുങ്കാറ്റും ചുഴലിക്കാറ്റുമുണ്ടായി. ഉജ്ജ്വലവും ഘോരവുമായ ആ അസ്ത്രം അർജ്ജുനന്റെ പാർശ്വത്തിൽ മൂർത്തിമത്തായി നില്ക്കുന്നത് ദേവദാനവന്മാർ കണ്ടു. രുദ്രൻ സ്പർശിച്ചതോടുകൂടി ഫൽഗുനന്റെ ശരീരത്തിലുള്ള മാലിന്യവും വേദനയുമെല്ലാം പോയി. "ഇനി അർജ്ജുനാ! നിനക്കു സ്വർഗ്ഗലോകത്തു പോകാം' എന്ന് മഹേശ്വരൻ അർജ്ജുനനോടു പറഞ്ഞു. മഹാദേവനിൽനിന്ന് അനുജ്ഞകിട്ടിയ ഉടനെ മഹാദേവനെ വിജയൻ കുമ്പിട്ടു തൊഴുത്, ആകാശത്തേക്കു നോക്കി. അപ്പോൾ അത്യുഗ്രതേജസ്വിയും, ദേവദേവനും, കൈലാസനാ ഥനും, ഉമാകാന്തനുമായ മഹേശ്വരൻ ദൈത്യപിശാചനാശനമായ ഗാണ്ഡീവമെന്ന മഹത്തായ ധനുസ്സ് അർജ്ജുനനു നല്കി. ഉടനെ ശുഭവും, ഋഷിസങ്കേതവും, അനുഗൃഹീതവും മഞ്ഞുമൂടിയതുമായ ഗുഹകൾ നിറഞ്ഞ പർവ്വതം വിട്ട്, അർജ്ജുനൻ നോക്കിനിൽക്കെ പിനാകപാണിയും, വൃഷഭധ്വജനുമായ ശിവൻ, ഉമാസമേതം മറഞ്ഞു. ലോകർ നോക്കിനിൽക്കെ സൂര്യൻ മറയുന്നതുപോലെ ആ തേജസ്വി മറഞ്ഞു..

"https://ml.wikipedia.org/w/index.php?title=പാശുപതാസ്ത്രം&oldid=4115550" എന്ന താളിൽനിന്ന് ശേഖരിച്ചത്