മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം

കണ്ണൂരിലെ ഹിന്ദു ക്ഷേത്രം
(മൃദംഗശൈലേശ്വരി ക്ഷേത്രം, മുഴക്കുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ഭഗവതീ ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം. മലബാറിലെ ഒരു പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രം കൂടിയാണിത്. ഹൈന്ദവ വിശ്വാസപ്രകാരം മൃദംഗരൂപിണിയായ ആദിപരാശക്തിയാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന് തുല്യമായി വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം മൂകാംബികയിലേതുപോലെ മഹാകാളി (പോർക്കലി), മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപേണ ദേവിയെ ആരാധിച്ചുവരുന്നു. എന്നാൽ, പരാശക്തിയുടെ ഈ മൂന്നുഭാവങ്ങൾക്ക് പ്രത്യേകമായി മൂന്നുരീതിയിൽ പൂജ നടത്താറില്ല. കലാവാസനകൾ വളരാനായും വിദ്യാഭ്യാസ ഉന്നതിക്കും ദുരിതശാന്തിയ്ക്കും പ്രതിസന്ധികളിലും ഈ ക്ഷേത്രദർശനം ഉത്തമമെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി (ശിവൻ), ശാസ്താവ്, ശ്രീകൃഷ്ണൻ (പാർത്ഥസാരഥി സങ്കല്പം), വേട്ടേയ്ക്കരൻ(ശിവൻ), നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം പ്രതിഷ്ഠകളുണ്ട്. പഴശ്ശിരാജയുടെ കുടുംബക്ഷേത്രമാണ് ഈ ഭഗവതി ക്ഷേത്രം. പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെയുള്ള ഗുഹാ ക്ഷേത്രത്തിൽ ശ്രീപോർക്കലിയ്ക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിയ്ക്കപ്പെടുന്നു. ക്ഷേത്രസമീപത്തായി തന്നെ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്[1]. കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ഈ ക്ഷേത്രത്തിലെ മൃദംഗരൂപിണിയായ ഭഗവതിയെ സ്തുതിക്കുന്നതാണ്. ഇത് ഭഗവതിയുടെ സരസ്വതീഭാവം എടുത്തു കാണിക്കുന്നു. കലാകാവ്യാദികളും അക്ഷരവുമെല്ലാം ദേവീസ്വരൂപമായി കണ്ട് ആരാധിക്കുന്ന പുരാതന ശാക്തേയ സമ്പ്രദായത്തിന്റെ ഭാഗമാണിതെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. വിജയദശമി നാളിൽ ഇവിടെ വിദ്യാരംഭം നടത്തുന്നതും ഉത്തമമാണ് എന്ന്‌ വിശ്വസിക്കുന്നവരും ധാരാളം. അതിനാൽ ദൂരദേശങ്ങളിൽ നിന്നടക്കം ധാരാളം കുട്ടികളാണ് ഈ ക്ഷേത്രത്തിൽ വിദ്യാരംഭം നടത്താൻ എത്തിച്ചേരുന്നത്.

മൃദംഗശൈലേശ്വരി ക്ഷേത്രം, മുഴക്കുന്ന്

2016-ൽ ഈ ക്ഷേത്രം വൻ ജനശ്രദ്ധ നേടിയിരുന്നു. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തിയ മൂന്ന് സംഭവകഥകളാണ് ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിച്ചത്. മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ടായി വരുന്ന പത്തുദിവസത്തെ ഉത്സവവും, ഇതിനിടയിൽ വരുന്ന പൂരമഹോത്സവവുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. കൂടാതെ, ആശ്വിനമാസത്തിൽ വരുന്ന നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക തുടങ്ങിയ ദിവസങ്ങളും അതിവിശേഷമായി ആചരിച്ചുവരുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

സ്ഥലനാമം

തിരുത്തുക

സ്വർഗ്ഗലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ കലാസാഹിത്യരൂപിണിയായ സരസ്വതിദേവി ഒരു മിഴാവിന്റെ രൂപത്തിൽ വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവുകുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മൃദംഗം വീണതെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ന് ഇവിടം ആദിപരാശക്തിയുടെ മൂലസ്ഥാനമായി കണക്കാക്കപ്പെട്ട് ആരാധിച്ചുപോരുന്നു. പുറ്റുകൊണ്ട് മൂടിയ നിലയിലുള്ള പ്രതിഷ്ഠയാണിത്.

പ്രധാന ലേഖനം: കഥകളി

കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ ഉദ്ഭവവും ഈ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നു. അതുമായി ബന്ധപ്പെട്ട് ഒരു കഥയും നിലവിലുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള ആ കഥ ഇങ്ങനെ:

കഥകളിയുടെ ആദ്യരൂപം കൊട്ടാരക്കര തമ്പുരാൻ സൃഷ്ടിച്ചെടുത്ത രാമനാട്ടമായിരുന്നു. അറിയപ്പെടുന്ന നാല് ആട്ടക്കഥകളിലൂടെ (ബകവധം, കിർമ്മീരവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം) കോട്ടയം തമ്പുരാനാണ് അത് പരിഷ്കരിച്ചെടുത്തത്. ഒരിയ്ക്കൽ, ഇവിടെയിരുന്ന് ആട്ടക്കഥ രചിയ്ക്കുകയായിരുന്ന തമ്പുരാന് സ്ത്രീവേഷം സങ്കല്പിയ്ക്കാൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരു സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത്. ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അരയ്ക്കുമുകളിൽ വരെ മാത്രമേ ദേവി പൊന്തുവന്നുള്ളൂ എന്നാണ് കഥ. തന്മൂലം അരയ്ക്കുതാഴെ ഏതുനിറത്തിലുള്ള വസ്ത്രമാണ് ധരിച്ചതെന്ന് അറിയാൻ തമ്പുരാന് സാധിച്ചില്ല. ഇതിന്റെ കുറവ് വെളുത്ത വസ്ത്രം വച്ച് നികത്തിയെടുത്തു. ഇപ്പോഴും കഥകളിയിൽ ഇങ്ങനെയാണ് പതിവ്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ കുളത്തിന്റെ നവീകരണത്തിനുശേഷമാണ് ക്ഷേത്രം പ്രശസ്തിയിലേയ്ക്ക് തിരിച്ചുവന്നത് എന്നത് ഇതിന്റെ തെളിവായി പറയാം.

കുമാരധാര

തിരുത്തുക

ക്ഷേത്രത്തിൽ നിന്ന് അല്പദൂരം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ചെറിയൊരു നീരുറവയാണ് കുമാരധാര. ഈ ക്ഷേത്രവുമായും കോട്ടയം രാജവംശവുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഇതിന്റെ മാഹാത്മ്യം. ഗുണ്ടികത്തോട് എന്ന് യഥാർത്ഥത്തിൽ അറിയപ്പെടുന്ന ഈ തോട്, പിന്നീട് ബാവലിപ്പുഴയിലും അതുവഴി വളപട്ടണം പുഴയിലും ലയിച്ച് അറബിക്കടലിൽ പതിയ്ക്കുന്നു. ഈ തോട്ടിൽ അല്പസമയം മുങ്ങിക്കിടന്നാൽ ആരും മരിച്ചുപോകുമെന്നുമെന്നും, എന്തെങ്കിലും കാരണവശാൽ മരണം സംഭവിച്ചില്ലെങ്കിൽ അയാൾ മഹാപണ്ഡിതനായി മാറുമെന്നും വിശ്വാസമുണ്ട്. ഇതിന് ഉപോദ്ബലകമായി പറയുന്ന ഒരു കഥയുണ്ട്. കഥകളിയുടെ ഉപജ്ഞാതാവായ കോട്ടയം തമ്പുരാന്റെ കഥയാണത്. ഐതിഹ്യമാലയിൽ പരാമർശിച്ച ആ കഥ ഇങ്ങനെ:

കോട്ടയം രാജവംശത്തിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്പിച്ചുപോരുന്നവരായിരുന്നു. അതിനാൽ സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ചെറുപ്പത്തിലേ കാവ്യനാടകാലങ്കാരാദികളിലും ആയോധനകലകളിലും പ്രാവീണ്യം നേടിയവരും അതുവഴി എല്ലാവരാലും ആദരിയ്ക്കപ്പെട്ടവരുമായിരുന്നു. പക്ഷേ, ഒരിയ്ക്കൽ ഈ കുടുംബത്തിൽ തീർത്തും മന്ദബുദ്ധിയായ ഒരു തമ്പുരാൻ ഈ കുടുംബത്തിൽ ജനിയ്ക്കാനിടയായി. ഈ സംഭവം എല്ലാവരെയും വേദനിപ്പിച്ചു. വിവിധ ഗുരുക്കന്മാരിൽ നിന്ന് വിദ്യാഭ്യാസം നൽകിയെങ്കിലും ഉണ്ണിത്തമ്പുരാന് ഒന്നും പഠിച്ചെടുക്കാൻ സാധിച്ചില്ല. അങ്ങനെയിരിയ്ക്കേ, അന്നത്തെ കോഴിക്കോട് സാമൂതിരി തീപ്പെടുകയും പുതിയ സാമൂതിരി അധികാരമേൽക്കുകയും ചെയ്യുകയുണ്ടായി. കോട്ടയം രാജാക്കന്മാരും സാമൂതിരിമാരും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നതിനാൽ ഇരു രാജവംശങ്ങളിലും പുതിയ രാജാവ് സ്ഥാനമേൽക്കുമ്പോൾ പരസ്പരം വന്നുകാണുക പതിവായിരുന്നു. ആ സമയത്ത്, ഇരു കൂട്ടരും സംസ്കൃതഭാഷയിലേ സംസാരിയ്ക്കാറുള്ളൂ. മേൽപ്പറഞ്ഞ സമയത്ത്, കോട്ടയം രാജവംശത്തിൽ പ്രായപൂർത്തിയായ ഏക പുരുഷൻ മന്ദബുദ്ധിയായ തമ്പുരാനായിരുന്നു. തന്മൂലം ഗത്യന്തരമില്ലാതെ അദ്ദേഹത്തെ വിടാൻ അന്നത്തെ അമ്മത്തമ്പുരാട്ടി തീരുമാനിയ്ക്കുകയും, ചില ഭടന്മാരെ അതിനായി നിയോഗിയ്ക്കുകയും ചെയ്തു. 'മയാ കിം കർത്തവ്യം?' (എന്റെ കർത്തവ്യമെന്താണ്?) എന്ന ചോദ്യമാണ് ചോദിയ്ക്കേണ്ടതെന്നും ബുദ്ധിമാനാണെന്ന് നടിച്ചുകൊള്ളണമെന്നും അമ്മത്തമ്പുരാട്ടി, തമ്പുരാന് പറഞ്ഞുകൊടുക്കുകയും ചെയ്തു.

അതനുസരിച്ച് സാമൂതിരി കോവിലകത്തെത്തിയ തമ്പുരാൻ, പുതിയ സാമൂതിരിയുമായി സംസാരിയ്ക്കാൻ തുടങ്ങി. എന്നാൽ, അമ്മ പഠിപ്പിച്ചുകൊടുത്ത 'മയാ കിം കർത്തവ്യം?' എന്ന വാചകം പോലും തെറ്റിച്ച് 'മയ കിം കർത്തവ്യം?' എന്നാണ് അദ്ദേഹം ഉച്ചരിച്ചത്. മറുപടിയായി സാമൂതിരി 'ദീർഘോച്ചാരണം കർത്തവ്യം' എന്ന് പറയുക കൂടിച്ചെയ്തു. ഈ വിവരം ഭടന്മാരിൽ നിന്നറിഞ്ഞ അമ്മത്തമ്പുരാട്ടി, മാനഹാനി സഹിയ്ക്കാൻ വയ്യാതെ മകനെ അടുത്തുള്ള ഗുണ്ടികത്തോട്ടിൽ കൊണ്ടുപോയിത്തള്ളാൻ കല്പിയ്ക്കുകയും ഭടന്മാർ അപ്രകാരം ചെയ്യുകയും ചെയ്തു. പിറ്റേന്ന് തമ്പുരാന്റെ ദേഹം തോട്ടിൽ നിന്നെടുത്തുകൊണ്ടുവന്നപ്പോൾ അദ്ദേഹം അല്പം ശ്വാസമെടുക്കുന്നുണ്ടായിരുന്നു. തന്മൂലം, അദ്ദേഹം മരിച്ചിട്ടില്ലെന്ന് അവർ തീർച്ചയാക്കി. തുടർന്ന് ചൂടുവെള്ളം കൊണ്ട് ഉഴിഞ്ഞ് ദേഹത്തെ തണുപ്പ് ഇല്ലാതാക്കിയപ്പോൾ തമ്പുരാൻ പൂർണ്ണമായും ബോധം വീണ്ടെടുക്കുകയും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശ്ലോകങ്ങൾ പുറത്തുവരാൻ തുടങ്ങുകയും ചെയ്തു. ഈ സംഭവം അമ്മത്തമ്പുരാട്ടിയെ ആനന്ദലഹരിയിലാറാടിച്ചു. അതിനുശേഷം വിദഗ്ധനായ ഒരു ഗുരുനാഥന്റെ കീഴിൽ വിദ്യാഭ്യാസം നേടിയ തമ്പുരാൻ, ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ മഹാപണ്ഡിതനായ ഒരു കവിയായി മാറുകയും മുമ്പുണ്ടായിരുന്നവരെക്കാൾ വലിയ കീർത്തിയോടെ അദ്ദേഹം വിളങ്ങാൻ തുടങ്ങുകയും ചെയ്തു. രാജകുമാരൻ കിടന്ന നീരുറവയ്ക്ക്, അതുവഴി കുമാരധാര എന്ന പേരും ലഭിച്ചു.


ചരിത്രം

തിരുത്തുക

കോട്ടയം രാജവംശത്തിന്റെ കാലം

തിരുത്തുക

കോട്ടയം രാജാക്കന്മാരുടെ കുലദൈവമായ ക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിന് ഏകദേശം രണ്ടായിരം വർഷം പഴക്കം പറയപ്പെടുന്നുണ്ട്. എങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകൾ എവിടെയുമില്ല. ആദ്യകാലത്ത് കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമല, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്താണ്. തന്മൂലം പുരളീശ്വരന്മാർ എന്നും അവർ അറിയപ്പെട്ടുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ ചമ്പൂകാവ്യമായ ഉണ്ണിയച്ചീചരിതത്തിൽ ഇവരെക്കുറിച്ച് പരാമർശമുണ്ട്. ഇവരെ അതിൽ പുരളിമലയിൽ ഇവരുടെ പൂർവ്വികനായ ഹരിശ്ചന്ദ്രൻ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഭാസ്കരരവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ പുറകിഴനാടും ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നുണ്ട്. മേല്പറഞ്ഞ രാജാക്കന്മാരുടെയെല്ലാം കാലത്ത് മൃദംഗശൈലേശ്വരീക്ഷേത്രം അതിന്റെ പ്രൗഢിയോടെ വാണു. തങ്ങളുടെ കുലദൈവത്തെ അവർ ഭക്തിപൂർവ്വം ഭജിച്ചുപോന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് അക്കാലത്ത് ഒരു ഗുഹാ ക്ഷേത്രമുണ്ടായിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ പോർക്കലീ ക്ഷേത്രം. കോട്ടയം രാജാക്കന്മാർ എവിടെയൊക്കെ യുദ്ധത്തിന് പോകുമ്പോഴും ഇവിടെ വന്ന് ഗുരുതിപൂജ നടത്തിയേ യുദ്ധത്തിന് പോകുമായിരുന്നുള്ളൂ. ഇന്ന് ഈ ഗുഹാക്ഷേത്രമില്ല. അതിന്റെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, അത് പുനർനിർമ്മിയ്ക്കാനുള്ള പരിപാടികൾ തുടർന്നുവരുന്നുണ്ട്. ഇതിനടുത്തുതന്നെ പാർത്ഥസാരഥീഭാവത്തിൽ ശ്രീകൃഷ്ണഭഗവാൻ കുടികൊണ്ടിരുന്ന മറ്റൊരു ക്ഷേത്രവുമുണ്ടായിരുന്നു. ഇതും കോട്ടയം രാജാക്കന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു. 2023-ൽ ഇത് പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. ഗുഹാക്ഷേത്രത്തിൽ നിന്ന് അല്പം കൂടി നടന്നാൽ കോട്ടയം രാജാക്കന്മാരുടെ ആയുധപരിശീലനകേന്ദ്രമായിരുന്ന പിണ്ഡാരി കളരിയിലെത്താം. കോട്ടയം രാജവംശം പിന്നീട് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്നായി പിരിഞ്ഞു. തെക്കേ ശാഖ കോട്ടയത്തുതന്നെ താമസമാക്കിയപ്പോൾ കിഴക്കേ ശാഖ മുഴക്കുന്നിൽ ക്ഷേത്രത്തിനടുത്തും പടിഞ്ഞാറേ ശാഖ പഴശ്ശിയിലും താമസമാക്കി. ഇവയിൽ പടിഞ്ഞാറേ ശാഖയിലെ അംഗങ്ങളായിരുന്നു വിദ്വാൻ തമ്പുരാനും പഴശ്ശിരാജയും. കുടുംബം മൂന്നായി പിരിഞ്ഞപ്പോഴും മൂന്ന് ശാഖകളും ക്ഷേത്ര കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചുപോന്നു. മൂവരും ഏകയോഗക്ഷമതയോടെത്തന്നെ കാര്യങ്ങൾ നടത്തിപ്പോന്നു. തങ്ങളുടെ കോവിലകങ്ങളിലും അവർ ഭഗവതിയെ കുടിയിരുത്തി പൂജിച്ചുവന്നു.

തകർച്ചയുടെ കാലം

തിരുത്തുക

എന്നാൽ, കോട്ടയം രാജവംശത്തിന്റെ പതനത്തോടെ കാര്യങ്ങൾ തലതിരിഞ്ഞു. ആദ്യകാലത്ത് ടിപ്പു സുൽത്താനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും നടത്തിയ ആക്രമണങ്ങളിൽ കോട്ടയം രാജവംശം തോറ്റ് തുന്നം പാടിയപ്പോൾ ക്ഷേത്രകാര്യങ്ങളെയും അത് സാരമായി ബാധിച്ചു. കേരളത്തിലെ എല്ലാ പോർക്കലീ ക്ഷേത്രങ്ങളുടെയും മൂലസ്ഥാനമായിരുന്ന ഗുഹാക്ഷേത്രവും, അതിനടുത്തുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവും തകർക്കപ്പെട്ടത് ഇക്കാലത്താണ്. എന്നാൽ, മൃദംഗശൈലേശ്വരീ ക്ഷേത്രവും വിഗ്രഹവും കാര്യമായ കേടുപാടുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എങ്കിലും പിന്നീട് ദീർഘകാലം ക്ഷേത്രം വിസ്മൃതിയിലാണ്ടുപോയിരിയ്ക്കുകയായിരുന്നു. ഏറെ ചരിത്രപ്രാധാന്യവും ഐതിഹ്യ പ്രാധാന്യവുമുള്ള ഈ മഹാക്ഷേത്രം, കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനത്തിലൂടെ മാത്രം അറിയപ്പെട്ടുപോന്നു. ക്ഷേത്രവും ക്ഷേത്രക്കുളവും തീർത്തും നാശോന്മുഖമാകുകയും നിത്യപൂജ പോലും മുടങ്ങുകയും ചെയ്തു. പിന്നീട്, പൂജ പുനരാരംഭിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് മുടക്കങ്ങൾ നേരിട്ടിരുന്നു. കോട്ടയം രാജവംശം തങ്ങളുടെ ക്ഷേത്രം മദ്രാസ് സർക്കാരിന് ദാനം ചെയ്യുന്ന സ്ഥിതിപോലുമുണ്ടായി. എന്നാൽ, മദ്രാസ് സർക്കാരോ തുടർന്നുവന്ന കേരള സർക്കാരോ ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. ഇതിനിടയിലും ചില പ്രമുഖ വ്യക്തികൾ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നു. മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കൽ, കർണ്ണാടകസംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്ന വി. ദക്ഷിണാമൂർത്തി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ദക്ഷിണാമൂർത്തിയുടെ പേരമകൻ മൃദംഗത്തിൽ അരങ്ങേറ്റം കുറിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണ്.

തിരിച്ചുവരവിന്റെ കാലം

തിരുത്തുക

1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. എങ്കിലും ഇവരാരും ക്ഷേത്രത്തെ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ക്ഷേത്രത്തിന് യാതൊരു വരുമാനവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. തദ്ദേശീയർ മാത്രമേ ഇക്കാലത്ത് ഭക്തജനങ്ങളായി ഉണ്ടായിരുന്നുള്ളൂ, അതും അപൂർവ്വമായി മാത്രം. അങ്ങനെ പൂജ പോലും മുടങ്ങിപ്പോകുന്ന ഒരു സാഹചര്യമുണ്ടായി. അക്കാലത്ത്, കർണാടകയിലെ മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് എന്ന പൂജാരിയെ ഇവിടെക്കൊണ്ടുവന്ന് പൂജ നടത്തിയ്ക്കാൻ തുടങ്ങി. ദേവസ്വം ബോർഡിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ശമ്പളം മതിയാകാതെ വന്നപ്പോൾ ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങളിൽ നിന്ന് പിരിവെടുത്ത് ശമ്പളം കൊടുക്കുന്ന സാഹചര്യം പോലുമുണ്ടായി. അങ്ങനെയിരിയ്ക്കേ, മേൽശാന്തിയ്ക്ക് ഒരു മാസം ശമ്പളം കൊടുക്കാനുള്ള ഫണ്ട് സ്വരൂപിയ്ക്കുന്നതിനുവേണ്ടി ഒരു ലക്ഷദീപ സമർപ്പണം നടത്താൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. 2014 മേയ് ഒന്നാം തീയതിയാണ് സമർപ്പണം നിശ്ചയിച്ചത്. എന്നാൽ, നൂറു ദീപങ്ങൾ തെളിയും മുമ്പുതന്നെ അപ്രതീക്ഷിതമായ വേനൽമഴയുണ്ടായി. മുഴക്കുന്നിന്റെ ചരിത്രത്തിൽ അതുവരെയുണ്ടാകാത്ത തരത്തിലുള്ള മഴയായിരുന്നു അത്. കൂട്ടത്തിൽ ശക്തമായ ഇടിമിന്നലും വന്നു. ജനങ്ങൾ പരിഭ്രാന്തരായി ഓടി. അങ്ങനെ പരിപാടി ദയനീയ പരാജയമായി. ഇതിന്റെ കാരണം അന്വേഷിയ്ക്കാനായി പിന്നീട് ഭരണസമിതി ഒരു ദേവപ്രശ്നം വപ്പിച്ചു. പ്രസിദ്ധ ജ്യോതിഷവിദഗ്ദ്ധനായ ഇരിഞ്ഞാലക്കുട പത്മനാഭശർമ്മയായിരുന്നു മുഖ്യദൈവജ്ഞൻ. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള, ഐതിഹ്യപ്രാധാന്യമുള്ള ക്ഷേത്രക്കുളം അക്കാലത്ത് കാടുമൂടിപ്പിടിച്ച് ഒരു പാടം പോലെ കിടക്കുകയായിരുന്നു. നീന്തൽ വശമില്ലാത്തവർ ഇതിനുമുകളിലൂടെ നടന്നുപോയി അപകടത്തിൽ പെടുന്ന സാഹചര്യവും അക്കാലത്തുണ്ടായിരുന്നു. പ്രസ്തുത ക്ഷേത്രക്കുളം വൃത്തിയാക്കിയാൽ ക്ഷേത്രം പഴയ പ്രൗഢിയിലേയ്ക്ക് തിരിച്ചുവരുമെന്നും ഭരണസമിതി മറ്റൊന്നും ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രശ്നവിധി. അതനുസരിച്ച് വൻ തുക സമാഹരിച്ച് ഭരണസമിതി ക്ഷേത്രക്കുളം വൃത്തിയാക്കി. തുടർന്നുവന്ന ജൂലൈ മാസത്തിൽ, ക്ഷേത്രക്കുളത്തിൽ വെള്ളം നിറഞ്ഞൊഴുകിയ സമയത്താണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലുണ്ടായത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം, താൻ കണ്ണൂർ ജില്ലയിലെ പോലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കാലത്തുണ്ടായ മൂന്ന് മോഷണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും വെളിപ്പെടുത്തിയത്. അവ ഇതൊക്കെയായിരുന്നു:

  1. 1983-ലാണ് ക്ഷേത്രത്തിൽ ആദ്യമായി മോഷണം നടന്നത്. ഏപ്രിൽ 29-ആം തീയതി അർദ്ധരാത്രി ക്ഷേത്രം കുത്തിത്തുറന്ന മോഷ്ടാക്കൾ ശ്രീകോവിലിനകത്ത് കയറുകയും തുടർന്ന് ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോകുകയുമായിരുന്നു. എന്നാൽ, തങ്ങളുടെ കേന്ദ്രം വരെ കൊണ്ടുപോകുന്നതിനുപകരം അവർ പാലക്കാട്ടാണ് ചെന്നുപെട്ടത്. അവിടെ ഒരു റോഡരികിൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. അക്കാലത്ത് അലക്സാണ്ടർ ജേക്കബ് ഉൾപ്പെട്ട സംഘം പാലക്കാട്ടെത്തി അന്വേഷിച്ചപ്പോൾ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും കണ്ടിരുന്നു. ഇത് മുഴക്കുന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠയാണെന്നും അതുമായി യാത്ര ചെയ്യാൻ തങ്ങൾക്കാകുന്നില്ലെന്നും അതിനാൽ ഇത് തങ്ങൾ ഉപേക്ഷിയ്ക്കുകയാണെന്നും ഉടനെ യഥാസ്ഥാനത്ത് എത്തിയ്ക്കണമെന്നുമായിരുന്നു ആ കുറിപ്പ്. അതനുസരിച്ച് വിഗ്രഹം തിരിച്ചെത്തിയ്ക്കുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.
  2. കുറച്ചുവർഷങ്ങൾക്കുശേഷം വിഗ്രഹം വീണ്ടും മോഷ്ടിയ്ക്കപ്പെട്ടു. എന്നാൽ ഇത്തവണ വിഗ്രഹം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വരെയേ പോയുള്ളൂ. പിറ്റേന്ന് രാവിലെ പടിഞ്ഞാറേ നടയിൽ ക്ഷേത്രമതിലകത്തുനിന്ന് 200 മീറ്റർ മാറി വിഗ്രഹം കണ്ടെത്തി.
  3. പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും മോഷണമുണ്ടായി. അപ്പോൾ വിഗ്രഹം വയനാട് ജില്ലയിലെ കൽപ്പറ്റ വരെ കൊണ്ടുപോയെങ്കിലും ഒടുവിൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിവരമറിയിച്ച് വിഗ്രഹം തിരിച്ചയച്ചു.

കോടികൾ വിലമതിയ്ക്കുന്ന ഭഗവതി വിഗ്രഹം ഇങ്ങനെ ഉപേക്ഷിച്ച് കടന്നുകളയുന്നതെന്താണെന്ന് വിശ്വാസികൾക്കും അവിശ്വാസികൾക്കും പോലീസിനും ഒരുപോലെ സംശയമുണ്ടായി. ഈ സംശയം പരിഹരിയ്ക്കപ്പെട്ടത് വിഗ്രഹമോഷണം നടത്തിയവർ മറ്റു കേസുകളിൽ കുടുങ്ങി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നടന്ന വെളിപ്പെടുത്തലുകളിലൂടെയാണ്. മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോയ സമയത്ത് ഇവർക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയും മലമൂത്രവിസർജനം തദ്ക്ഷണം സംഭവിയ്ക്കുകയും ചെയ്തുവത്രേ! ഇത് മറ്റുള്ള മോഷ്ടാക്കൾക്കും സംഭവിയ്ക്കുമെന്നും അവർ പറയുകയുണ്ടായി. ഈ വെളിപ്പെടുത്തലുണ്ടായതിനു പിന്നാലെ ക്ഷേത്രം പെട്ടെന്ന് പ്രസിദ്ധമായി. തുടർന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിയ്ക്കപ്പെട്ടതോടെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായി. ആരാലും അറിയപ്പെടാതെ കിടന്ന ക്ഷേത്രം വെറും ഒരു മാസം കൊണ്ടാണ് പ്രസിദ്ധിയിലേയ്ക്ക് കുതിച്ചത്. തുടർന്നുള്ള ഒരു വർഷത്തിനിടയിൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി അടക്കം നിരവധി പ്രമുഖർ ക്ഷേത്രദർശനം നടത്തി. ഇപ്പോൾ കേരളത്തിലെ ഏറ്റവും ഭക്തജനത്തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം.

നവീകരണവും പുനഃപ്രതിഷ്ഠയും

തിരുത്തുക

ക്ഷേത്രം പ്രശസ്തിയിലേയ്ക്ക് തിരിച്ചുവന്നതോടെ നവീകരണം അത്യാവശ്യമായ ഒരു സാഹചര്യമുണ്ടായി. അതനുസരിച്ച് 2016 ഒക്ടോബർ മാസത്തിൽ തന്നെ ഒരു മാസ്റ്റർ പ്ലാൻ ക്ഷേത്രം ഭരണസമിതി തയ്യാറാക്കുകയുണ്ടായി. അതനുസരിച്ചുള്ള നവീകരണപ്രവർത്തനങ്ങൾ അധികം വൈകാതെ ആരംഭിച്ചു. ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള ഒരു പുനർനിർമ്മാണത്തിനൊപ്പം, പഴശ്ശിരാജയുടെ കോവിലകം, പോർക്കലിസ്ഥാനം, പാർത്ഥസാരഥിക്ഷേത്രം, വേട്ടേയ്ക്കരൻ ക്ഷേത്രം തുടങ്ങിയവയുടെ പുനർനിർമ്മാണവും പദ്ധതിയിലുണ്ടായിരുന്ധു. മലബാർ ദേവസ്വം ബോർഡും ക്ഷേത്രം ഭരണസമിതിയും ഒരുമിച്ചുനിന്ന് ഇതിനായി ശ്രമങ്ങൾ തുടങ്ങി. ക്ഷേത്രത്തിലെ സരസ്വതിമണ്ഡപം 2021 മാർച്ച് 15-ന് ഉദ്ഘാടനം ചെയ്തു. 2022 അവസാനമായപ്പോഴേയ്ക്കും നവീകരണങ്ങളിൽ നല്ലൊരു ഭാഗവും പൂർത്തിയായിക്കഴിഞ്ഞിരുന്നു. പഴശ്ശിരാജയുടെ കോവിലകത്തിന്റെ പുനർനിർമ്മാണം അവയിൽ ഏറ്റവും ശ്രദ്ധേയമായി. നിലവിൽ ഇതൊരു മ്യൂസിയമാണ്. 2023 ഫെബ്രുവരി 10-ന് മകരമാസത്തിലെ അത്തം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ നടക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ നടക്കുകയുണ്ടായി.

2023 ജൂൺ മാസത്തിൽ പാർത്ഥസാരഥിക്ഷേത്രത്തിലെയും വേട്ടേയ്ക്കരൻ ക്ഷേത്രത്തിലെയും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുകയും അവിടങ്ങളിൽ പുനഃപ്രതിഷ്ഠാകർമ്മങ്ങൾ നടക്കുകയും ചെയ്തു. പാർത്ഥസാരഥിക്ഷേത്രത്തിലെ ആദ്യത്തെ അഷ്ടമിരോഹിണി മഹോത്സവം 2023 സെപ്റ്റംബർ ആറിന് വിശേഷാൽ പൂജകളോടെ ആഘോഷിയ്ക്കുകയുണ്ടായി. നിലവിൽ ക്ഷേത്രത്തിൽ ഒരു കൊടിമരം സ്ഥാപിയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ക്ഷേത്രപരിസരം

തിരുത്തുക

മുഴക്കുന്ന് ഗ്രാമത്തിന്റെ തെക്കേ അറ്റത്ത് പുരളിമലയുടെ വടക്കേ താഴ്വരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കാക്കയങ്ങാട്-ഉരുവച്ചാൽ റോഡിൽ മുഴക്കുന്ന് ക്ഷേത്രം ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമേ ക്ഷേത്രത്തിലേയ്ക്കുള്ളൂ. വിവിധ കടകംബോളങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, എ.ടി.എം. സൗകര്യം എന്നിവയൊഴിച്ചാൽ പൊതുവേ ഇന്നും പഴയ ഗ്രാമീണത്തനിമ നിലനിർത്തുന്ന പ്രദേശമാണ് മുഴക്കുന്ന്. നാലുപാടും മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണിത്. കാക്കയങ്ങാട്-ഉരുവച്ചാൽ റോഡിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിൽ ക്ഷേത്രകവാടം പണിതിട്ടുണ്ട്. അവിടെനിന്ന് അല്പദൂരം നടന്നുവേണം ക്ഷേത്രത്തിന്റെ മുന്നിലെത്താം. ക്ഷേത്രകവാടത്തിന്റെ ഇരുവശത്തുമായി ധാരാളം കടകൾ കാണാം. ഇവയെല്ലാം ക്ഷേത്രം പ്രൗഢിയിലേയ്ക്ക് കുതിച്ചുയർന്ന ശേഷം തുടങ്ങിയവയാണ്. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഐതിഹ്യപ്രസിദ്ധമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. 2016-ൽ നവീകരിച്ചതിനുശേഷം മികച്ച രീതിയിൽ ഈ കുളം സംരക്ഷിച്ചുപോരുന്നുണ്ട്. കുളക്കരയിൽ അത്യപൂർവ്വമായ ഒരു നാഗലിംഗമരം കാണാം. മനോഹരമായ പൂക്കളോടുകൂടിയ ഈ മരം ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുളത്തിനടുത്തുതന്നെയാണ് ക്ഷേത്രം വക ഓഡിറ്റോറിയവും പണിതിരിയ്ക്കുന്നത്. കോട്ടയം തമ്പുരാൻ ഓഡിറ്റോറിയം എന്നാണ് ഇതിന് പേരിട്ടിരിയ്ക്കുന്നത്. ഗുരുവായൂർ ക്ഷേത്രപരിസരത്തുള്ള മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങൾ പോലെ ഒരു തുറന്ന ഓഡിറ്റോറിയം തന്നെയാണ് ഇതും. ദിവസവും ഇവിടെ വിവിധ കലാപരിപാടികൾ നടക്കാറുണ്ട്. ക്ഷേത്രത്തിനുചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ഏറെക്കാലം തകർന്നുകിടന്ന ക്ഷേത്രത്തിന്റെ മതിൽക്കെട്ട്, 2021-ലാണ് പുതുക്കിപ്പണിതത്. ഇതിനോടനുബന്ധിച്ചുതന്നെ നാലുഭാഗത്തും ഗോപുരങ്ങളും പണിയുകയുണ്ടായി. ഇവയിൽ കിഴക്കുഭാഗത്തുള്ള പ്രധാനഗോപുരം കാഴ്ചയിൽ അത്യാകർഷകമാണ്. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരത്തിന് വലിയ ആനവാതിലുണ്ട്. മറ്റ് മൂന്നുഭാഗത്തുമുള്ള ഗോപുരങ്ങൾ കാഴ്ചയിൽ വളരെ ചെറുതാണ്. മൂന്നിനും ഓരോ നിലയേയുള്ളൂ. വടക്കേ ഗോപുരത്തിനടുത്താണ് പഴശ്ശിരാജയുടെ പ്രതിമ സ്ഥാപിച്ചിരിയ്ക്കുന്നത്. ഏകദേശം ആറടി ഉയരം വരുന്ന ഈ പ്രതിമ, വാൾ തലകീഴായി പിടിച്ചുനിൽക്കുന്ന പഴശ്ശിരാജയുടെ രൂപത്തിലാണ്. ഓടിൽ തീർത്ത ഈ പ്രതിമ, ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളോടനുബന്ധിച്ച് സ്വർണ്ണം പൂശുകയുണ്ടായി. ഇതിനടിയിൽ, ശ്രീപോർക്കലീദാസൻ കേരളസിംഹം വീരകേരളവർമ്മ പഴശ്ശിരാജ എന്ന പേരും അദ്ദേഹത്തിന്റെ ജനനമരണത്തീയതികളും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. പഴശ്ശിപ്രതിമയ്ക്കടുത്തുതന്നെയാണ് ക്ഷേത്രം വക പാർക്കിങ് ഗ്രൗണ്ടും സ്ഥിതിചെയ്യുന്നത്.

പഴശ്ശി കോവിലകവും പോർക്കലീസ്ഥാനവും പാർത്ഥസാരഥീക്ഷേത്രവും

തിരുത്തുക

ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ മതിൽക്കെട്ടിന് പുറത്തായി പഴശ്ശിരാജയുടെ കോവിലകം പ്രതീകാത്മകമായി നിർമ്മിച്ചിട്ടുണ്ട്. ഇതിനടുത്താണ് ഐതിഹ്യപ്രസിദ്ധമായ ശ്രീപോർക്കലീസ്ഥാനം നിലനിന്നിരുന്നത്. 2018-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നമനുസരിച്ച് കോവിലകം പ്രതീകാത്മകമായി പുനർനിർമ്മിയ്ക്കേണ്ടതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇത് പുനർനിർമ്മിച്ചത്. കോവിലകത്ത് പഴശ്ശിരാജയെ സങ്കല്പിച്ച് ആരാധന നടക്കുന്നുണ്ട്. കോവിലകത്തോടുചേർന്നുതന്നെ ചെറിയൊരു കുളവും പണിതിരിയ്ക്കുന്നു. ഇതിന് തെക്കുഭാഗത്താണ് പാർത്ഥസാരഥിക്ഷേത്രം പണിതിരിയ്ക്കുന്നത്. 2023-ലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുതന്നെയാണ് ഇതും പുനർനിർമ്മിച്ചത്. മൂന്നടി ഉയരം വരുന്ന കൃഷ്ണശിലാനിർമ്മിതമായ പാർത്ഥസാരഥിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും ധരിച്ചുനിൽക്കുന്ന രൂപത്തിലാണ് ഇവിടെയും വിഗ്രഹം. പാൽപ്പായസം, വെണ്ണ, കദളിപ്പഴം, നെയ്വിളക്ക്, തുളസിമാല തുടങ്ങിയവയാണ് പാർത്ഥസാരഥിയ്ക്ക് പ്രധാന വഴിപാടുകൾ. ഇതിന് സമീപം തന്നെയാണ് ക്ഷേത്രത്തിലെ നാഗസ്ഥാനവും വേട്ടേയ്ക്കരൻസ്ഥാനവും സ്ഥിതിചെയ്യുന്നതും. മേൽക്കൂരയില്ലാത്ത രണ്ട് തറകളിലാണ് ഇവരുടെ സ്ഥാനങ്ങൾ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവുമടങ്ങുന്ന ചെറിയൊരു നാഗക്കാവാണ് ഇവിടെയുള്ളത്. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. ഒരടി മാത്രം ഉയരമുള്ള ചെറിയൊരു ശിവലിംഗമാണ് വേട്ടേയ്ക്കരൻ സ്വാമിയെ പ്രതിനിധീകരിയ്ക്കുന്നത്. നിലവിൽ പൂജകളൊന്നുമായില്ലെങ്കിലും അധികം വൈകാതെ എല്ലാ വർഷവും വേട്ടേയ്ക്കരൻ പാട്ട് തുടങ്ങാൻ ആലോചനകളുണ്ട്.

പിണ്ഡാലി കളരിയും കുമാരധാരയും

തിരുത്തുക

പോർക്കലീസ്ഥാനം കടന്ന് അല്പം കൂടി മുന്നോട്ട് നടന്നാൽ പിണ്ഡാലി കളരിയുടെ മുന്നിലെത്താം. കോട്ടയം രാജാക്കന്മാരുടെ ആയുധപരിശീലനകേന്ദ്രമായിരുന്ന പിണ്ഡാലി കളരിയുടെ പ്രശസ്തി, കോട്ടയം രാജവംശത്തിന്റെ പ്രതാപകാലത്ത് തിരുവിതാംകൂർ ഭാഗത്തുപോലും വ്യാപിച്ചിരുന്നു എന്നതിന്റെ തെളിവാണ്, അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ഇവിടെ പരിശീലനത്തിനെത്തിയത്. ഇപ്പോഴും ഈ കളരിയിൽ നിരവധി വിദ്യാർത്ഥികൾ പരിശീലനത്തിനെത്താറുണ്ട്. രണ്ടുഭാഗങ്ങളാക്കിത്തിരിച്ചിട്ടുള്ള കളരിയുടെ പ്രധാന ഭാഗത്ത് കോട്ടയം രാജകുടുംബാംഗങ്ങളും പുറത്ത് മറ്റുള്ളവരും പഠിയ്ക്കുന്നു. ഐതിഹ്യമനുസരിച്ച് ഈ കളരിയിലും പ്രതിഷ്ഠ നടത്തിയത് പരശുരാമൻ തന്നെയാണ്. പരശുരാമപ്രതിഷ്ഠിതമായ 108 കളരികളിലൊന്നാണിത്. നമ്പീശൻ സമുദായത്തിലുള്ളവർക്കാണ് ഇവിടെ പഠിപ്പിയ്ക്കാൻ അവകാശം. ഇവിടെയുള്ള പ്രധാന ആചാര്യനെ തദ്സ്ഥാനത്ത് വാഴിയ്ക്കുന്നത് കോട്ടയത്തെ വലിയ തമ്പുരാൻ തന്നെയാണ്. ഗുരുക്കൾ സ്ഥാനമേൽക്കുന്നതിനുമുമ്പ് പിണ്ഡാലി നമ്പീശൻ തമ്പുരാന് മുന്നിൽ ദക്ഷിണ വയ്ക്കുന്നു. തദവസരത്തിൽ, സ്ഥാനചിഹ്നമായ ചൂരൽ തമ്പുരാൻ നമ്പീശന് നൽകുകയും അതിനുശേഷം അദ്ദേഹത്തിന്റെ ചെവിയിൽ ഗുരുക്കളേ.. എന്ന് മൂന്നുപ്രാവശ്യം വിളിയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഗുരുക്കളെ അവരോധിയ്ക്കുന്നത്. കൂടാതെ, കോട്ടയം തമ്പുരാനെ വാഴിയ്ക്കുന്നത് ഇവിടത്തെ ഗുരുക്കളാണ്. തമ്പുരാന്റെ സ്ഥാനചിഹ്നമായ വാൾ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നത് കളരിയ്ക്കകത്താണ്. ഇങ്ങനെ ഇരുവഴിയ്ക്കും ബന്ധം തുടരുന്നു. 21 ദേവതകളുടെ പ്രതിഷ്ഠകൾ ഇവിടെയുണ്ട്. ഇവർക്കെല്ലാം നിത്യം വിളക്കുവയ്പും വിശേഷാൽ പൂജകളുമുണ്ട്. കുംഭമാസത്തിൽ 16, 17, 18 എന്നീ ദിവസങ്ങളിൽ (മാർച്ച് 1, 2, 3) ഇവിടെ തിറ മഹോത്സവം നടത്തുന്നു. ഇവിടെയുള്ള കളരിദേവതകളുടെ രൂപങ്ങളാണ് തിറയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഒരുവിധം എല്ലാ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടാറുണ്ട്. ഇതിനടുത്തുതന്നെയാണ് കുമാരധാര എന്നുപേരുള്ള ഒരു നീരുറവയും. ഇതിലെ ജലത്തിന് കൊടുംതണപ്പാണ്. ഇതിൽ കിടന്നാൽ ആരും അല്പസമയംകൊണ്ട് തണുത്തുമരവിച്ചുപോകും. തന്മൂലം ഇവിടെ ആരും കുളിയ്ക്കാറില്ല. ഇതിൽ ഒരു നിശ്ചിതസമയത്തിൽ കൂടുതൽ കിടന്നാൽ മരണം ഉറപ്പാണെന്നും എന്നാൽ എന്തെങ്കിലും കാരണം കൊണ്ട് മരിച്ചില്ലെങ്കിൽ അസാമാന്യമായ പാണ്ഡിത്യത്തിനുടമയാകുമെന്നും പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച് കോട്ടയത്ത് തമ്പുരാന് ബുദ്ധിശക്തി ലഭിച്ചത് ഇവിടെ കിടന്ന് രക്ഷപ്പെട്ട ശേഷമാണ്. ഇതിനടുത്തുള്ള പാറയിൽ കുളിച്ച് പിതൃതർപ്പണം നടത്തുന്നത് വിശേഷമായി കണക്കാക്കപ്പെടുന്നു. സമീപം തന്നെ ചെറിയൊരു ശിവലിംഗവും കാണാം. ഈ ശിവനെ വന്ദിച്ചാലേ മൃദംഗശൈലേശ്വരീദർശനം പൂർത്തിയാകൂ എന്നാണ് വിശ്വാസം. ശിവരാത്രിനാളിൽ ഇവിടെ വിശേഷാൽ പൂജകൾ നടത്താറുണ്ട്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് തുറസ്സായ ഒരു നിരപ്പിലേയ്ക്കാണ്. നിലവിൽ ക്ഷേത്രത്തിൽ ആനക്കൊട്ടിലില്ല. എന്നാൽ, അത് പണിയാൻ പദ്ധതിയുണ്ട്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. ഇതുകഴിഞ്ഞാൽ ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണെങ്കിലും പുറമെ നിന്നുള്ള ദർശനത്തിന് ഇത് തടസ്സമാകുന്നില്ല. ബലിക്കൽപ്പുരയിൽ നിന്ന് നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിനുമുകളിൽ ഭഗവതിയുടെ ഒരു ചിത്രം കാണാം. ശ്രീമൃദംഗശൈലേശ്വരി ഭക്തജനസമിതി സമർപ്പിച്ച ഈ ചിത്രം അനാച്ഛാദനം ചെയ്തത്, സംഗീതജ്ഞനായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയാണ്. ദേവിയുടെ പരമഭക്തനായിരുന്ന അദ്ദേഹം, ഈ ക്ഷേത്രം ഗതകാലപ്രൗഢിയിലേയ്ക്ക് തിരിച്ചുവരുമെന്ന് പ്രവചനം നടത്തുകയുണ്ടായി. എന്നാൽ, അത് കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല. 2013-ൽ അദ്ദേഹം അന്തരിച്ചു. മതിൽക്കെട്ടിനകത്ത് തെക്കുകിഴക്കുഭാഗത്തായി സരസ്വതിമണ്ഡപം പണിതിരിയ്ക്കുന്നു. നവരാത്രിക്കാലത്ത് വിദ്യാരംഭം കുറിയ്ക്കുന്നതും കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതും ഇവിടെ വച്ചാണ്. പ്രദക്ഷിണവഴിയിൽ തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ശാസ്താവിന്റെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ. മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലാണിത്. തന്മൂലം, പ്രതിഷ്ഠയെ വനശാസ്താവായി ഗണിച്ചുവരുന്നു. എന്നാൽ, വലതുകയ്യിൽ അമൃതകലശം ധരിച്ചുനിൽക്കുന്ന ധന്വന്തരിശാസ്താവിന്റെ വിഗ്രഹമാണ് ഇവിടെയുള്ളത്. തന്മൂലം ഈ ശാസ്താവിനെ ഭജിയ്ക്കുന്നത് രോഗശാന്തിയ്ക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഏകദേശം മൂന്നടി ഉയരം വരും, കൃഷ്ണശിലാനിർമ്മിതമായ ശാസ്തൃവിഗ്രഹത്തിന്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെവച്ചാണ്. നീരാജനം, നെയ്യഭിഷേകം, എള്ളുപായസം എന്നിവയാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എടുത്തുപറയത്തക്ക കാഴ്ചകളൊന്നുമില്ല. വടക്കേ നടയിൽ ഊട്ടുപുര പണിതിട്ടുണ്ട്. നിത്യവും ഇവിടെ ഊട്ട് നടത്താറുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ നൽകിയേ വിടാറുള്ളൂ. രാവിലെയാണെങ്കിൽ ഉപ്പുമാവും പഴവും രാത്രി ദോശയും ലഭിയ്ക്കാറുണ്ട്. മുഴുവൻ സമയവും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളും ലഭിയ്ക്കും. വടക്കുകിഴക്കേമൂലയിലാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾ പണിതിരിയ്ക്കുന്നത്. തിരുവക്കാടി എന്ന് പേരുള്ള പ്രത്യേകതരം നെയ്ചോറാണ് ഇവിടെ ദേവിയുടെ പ്രധാനവഴിപാട്. കൂടാതെ നെയ്വിളക്കും അതിവിശേഷമാണ്. ദേവീക്ഷേത്രമായതിനാൽ പട്ടും താലിയും ചാർത്തൽ, ലളിതാസഹസ്രനാമപുഷ്പാഞ്ജലി, ദ്വാദശാക്ഷരീമന്ത്രപുഷ്പാഞ്ജലി തുടങ്ങിയവയും പ്രാധാന്യത്തോടെ നടത്താറുണ്ട്. എന്നാൽ, ഏറ്റവും ചെലവേറിയ വഴിപാടുകൾ ഉദയാസ്തമനപൂജയും വിശേഷാൽ നിറമാലയുമാണ്. രണ്ടിനും ആയിരം രൂപയിലധികം ചെലവ് വരും.

ശ്രീകോവിൽ

തിരുത്തുക

ചതുരാകൃതിയിൽ തീർത്ത രണ്ടുനിലകളോടുകൂടിയ ശ്രീകോവിലാണ് ഇവിടെയുള്ളത്. പൂർണ്ണമായും ചെങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം നൂറടി വിസ്തീർണ്ണം കാണും. 2023-ൽ നടന്ന നവീകരണപ്രവർത്തനങ്ങളോടനുബന്ധിച്ച് ഇവിടെയും ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുപൊതിഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ ദേവീവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ദുർഗ്ഗാദേവിയുടെ ശാന്തരൂപമായ കാർത്ത്യായനിയായാണ് വിഗ്രഹരൂപം. ചതുർബാഹുവായ ദേവിയുടെ പുറകിലെ വലതുകയ്യിൽ ശ്രീചക്രവും, ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. ദുർഗ്ഗ, കാളി, ലക്ഷ്മി, പാർവ്വതി, സരസ്വതി തുടങ്ങി പരാശക്തിയുടെ സമസ്തരൂപങ്ങളും ലയിച്ച പ്രതിഷ്ഠയാണ് മൃദംഗശൈലേശ്വരിയുടേത്. തന്മൂലം, ഇവിടെ ദർശനം നടത്തുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് തത്തുല്യമായ ഫലം നൽകുന്നു. അങ്ങനെ, വിശ്വപ്രകൃതിയുടെ സമസ്തഭാവങ്ങളെയും തന്നിലേയ്ക്ക് ആവാഹിച്ച് സാക്ഷാൽ മൃദംഗശൈലേശ്വരി, മുഴക്കുന്നിലെ ശ്രീലകത്ത് പരിലസിയ്ക്കുന്നു.

ശ്രീകോവിൽ, നിലവിൽ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല. അവയ്ക്കുള്ള ആലോചനകൾ നടക്കുന്നുണ്ട്. ശ്രീകോവിലിനകത്തേയ്ക്കുള്ള പടികളും വാതിലിന് ഇരുവശവുമുള്ള ദ്വാരപാലകരൂപങ്ങളും സ്വർണ്ണം പൂശി മനോഹരമാക്കിയിട്ടുണ്ട്. ശ്രീകോവിലിനോടുചേർന്ന് തെക്കുകിഴക്കുഭാഗത്ത് നിർമ്മിച്ചിട്ടുള്ള ചെറിയൊരു കൂട്ടിൽ ഗണപതിഭഗവാന്റെ ഒരു പ്രതിഷ്ഠയുണ്ട്. ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു ഗണപതിവിഗ്രഹമാണ് ഇവിടെയുള്ളത്. ശ്രീകോവിലിനോടുചേർന്ന് നിർമ്മിച്ച കൂട്ടിലിരിയ്ക്കുന്ന ഗണപതിയായതിനാൽ ഒക്കത്ത് ഗണപതി എന്ന പേരിലാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ നിത്യവും ഗണപതിഹോമം നടത്താറുണ്ട്. കൂടാതെ ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല തുടങ്ങിയവയും വിശേഷമാണ്. ഇതേ ശ്രീകോവിലിന്റെ തെക്കേനടയിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠയും കാണാം. രണ്ടടി ഉയരം വരുന്ന ഒരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയ്ക്ക്. വിദ്യാദേവതയായ സരസ്വതിയും, ആദിഗുരുവായ ദക്ഷിണാമൂർത്തിയും ഒരുമിച്ചുവാഴുന്ന ക്ഷേത്രമായതിനാൽ ഇവിടെ ദർശനം നടത്തുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനവിനും ഉത്തമമായി കണക്കാക്കപ്പെടുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലുപ്പമുള്ള നാലമ്പലമാണ് ഈ ക്ഷേത്രത്തിലേത്. ശ്രീകോവിലും മതിൽക്കെട്ടും പോലെ പൂർണ്ണമായും ചെങ്കല്ലിൽ തീർത്തതാണ് നാലമ്പലവും. ഇതിന്റെ മേൽക്കൂര ഓടുമേഞ്ഞ് വൃത്തിയാക്കി സംരക്ഷിച്ചുപോരുന്നുണ്ട്. നാലമ്പലത്തിന്റെ പുറംചുമരുകളെ കൽവിളക്കുകൾ അലങ്കരിയ്ക്കുന്നു. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടത്തിന് സവിശേഷപ്രാധാന്യമുണ്ട്. കാരണം, ദേവിയുടെ മൂലസ്ഥാനമായ മിഴാവിൽ ഭഗവതിയുടെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. സ്വയംഭൂവായ ഒരു ചിതൽപ്പുറ്റ് മാത്രമേ നമുക്ക് ഇവിടെ കാണാനാകൂ. ദേവിയുടെ രൗദ്രരൂപമായ ചാമുണ്ഡേശ്വരിയായാണ് ഇവിടെ ആരാധന നടത്തിവരുന്നത്. അത്യുഗ്രദേവതാസങ്കല്പമായതിനാൽ ഇങ്ങോട്ട് ഭക്തർക്ക് നേരിട്ട് ദർശനം അനുവദിച്ചിട്ടില്ല. എങ്കിലും ഇവിടെ വന്ദിച്ചശേഷമേ പ്രധാന ശ്രീകോവിലിൽ വന്ദിയ്ക്കാവൂ എന്നാണ് ചിട്ട. തെക്കേ വാതിൽമാടത്തിൽ തന്നെയാണ് നിത്യേനയുള്ള ഗണപതിഹോമം നടക്കുന്നതും. ഇവിടെ ഗണപതിപ്രതിഷ്ഠയുടെ ദർശനം നേരെ ഹോമകുണ്ഡത്തിലേയ്ക്കാണെന്ന സവിശേഷത ഇവിടെയുണ്ട്. ഇതിനടുത്തുതന്നെയാണ് നെയ്വിളക്കിന്റെ സ്റ്റാൻഡ് പണിതിരിയ്ക്കുന്നത്. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലേതുപോലെ ഒരു ചെറിയ നിലവിളക്ക് നിറച്ച് നെയ്യൊഴിച്ച് അത് ഇവിടെ സമർപ്പിയ്ക്കുന്നതാണ് ചടങ്ങ്. നിരവധി നെയ്വിളക്കുകൾ ഇവിടെ ദിവസവും എരിഞ്ഞുകൊണ്ടിരിയ്ക്കുന്നു. വടക്കേ വാതിൽമാടം നാമജപത്തിനും സംഗീതാർച്ചനയ്ക്കുമായാണ് ഉപയോഗിച്ചുവരുന്നത്. പൂജാസമയത്തൊഴികെ വരികയാണെങ്കിൽ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ ഇവിടെ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.

ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം അതേ പീഠത്തിൽ - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം അതേ പീഠത്തിൽ - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും വടക്കിനുമിടയിൽ - സത്യലോകത്തെ പ്രതിനിധീകരിച്ചുകൊടുത്ത സ്ഥാനം), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ - പാതാളലോകത്തെ പ്രതിനിധീകരിച്ചുകൊടുത്ത സ്ഥാനം), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ മുണ്ഡിനി) എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. നിലവിൽ ഇവിടെ ശീവേലിയില്ലാത്തതിനാൽ ഇവ പ്രതീകാത്മകമായി മാത്രമാണ് കാണപ്പെടുന്നത്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

പ്രതിഷ്ഠകൾ

തിരുത്തുക

ശ്രീ മൃദംഗശൈലേശ്വരീ

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആദിപരാശക്തിയായ ഭഗവതിയാണ് മൃദംഗശൈലേശ്വരിയായി ഇവിടെ കുടികൊള്ളുന്നത്. പ്രധാനമായും സംഗീതരൂപിണിയായ സരസ്വതിയായും, ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിയായും, ശ്രീ പോർക്കലി അഥവാ പോരിൽ കലി തുള്ളുന്ന കാളിയായും ഭഗവതി ഇവിടെ ആരാധിക്കപ്പെടുന്നു. മൃദംഗത്തിൽ കുടികൊണ്ട ഭഗവതിയാണ് മൃദംഗശൈലേശ്വരിയായതെന്ന് പറയപ്പെടുന്നു. ഇവിടെ ദർശനം നടത്തുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് തുല്യമായി പറയപ്പെടുന്നു. നാലടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ദേവിയുടെ പ്രതിഷ്ഠ. ചതുർബാഹുവായ ദേവിയുടെ പുറകിലെ വലതുകയ്യിൽ ശ്രീചക്രവും, പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതവും മുന്നിലെ ഇടതുകൈ കടീബദ്ധമുദ്രാങ്കിതവുമാണ്. തിരുവക്കാടി എന്നറിയപ്പെടുന്ന പ്രത്യേകതരം നെയ്ചോറാണ് ഇവിടെ പ്രധാന വഴിപാട്. കൂടാതെ നെയ് വിളക്കും അതിവിശേഷമാണ്. ലളിതാസഹസ്രനാമാർച്ചന, നിറമാല, ഉദയാസ്തമനപൂജ, മഞ്ഞൾപ്പൊടി അഭിഷേകം, കടുംപായസം, ത്രിമധുരം, പട്ടും താലിയും ചാർത്തൽ, തെച്ചിമാല, ദേവീമാഹാത്മ്യം സമർപ്പണം തുടങ്ങിയവയാണ് ദേവിയുടെ മറ്റ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

തിരുത്തുക

മഹാഗണപതി

തിരുത്തുക

ക്ഷേത്രത്തിലെ ഉപദേവതകളിൽ പ്രധാനി. ഒക്കത്ത് ഗണപതി സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ്. പ്രധാനശ്രീകോവിലിനോട് ചേർന്നുതന്നെ തെക്കുകിഴക്കുഭാഗത്ത് നിർമ്മിച്ചിരിയ്ക്കുന്ന കൂട്ടിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠ. ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണിവിടെ. ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി

തിരുത്തുക

പ്രനാനശ്രീകോവിലിന്റെ തെക്കുഭാഗത്ത് തെക്കോട്ട് ദർശനം നൽകിയാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. പ്രപഞ്ചത്തിന്റെ ആദിഗുരുവായി കണക്കാക്കപ്പെടുന്ന ദക്ഷിണാമൂർത്തിയെ ആരാധിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ശിവന് നടത്തുന്ന എല്ലാ വഴിപാടുകളും ഇവിടെയും നടത്താവുന്നതാണ്.

ധർമ്മശാസ്താവ്

തിരുത്തുക

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിൽ കുടികൊള്ളുന്ന ശാസ്താവിനെ, തന്മൂലം വനശാസ്താവായി കണക്കാക്കിവരുന്നു. എന്നാൽ, വലതുകയ്യിൽ അമൃതകലശം പിടിച്ചുനിൽക്കുന്ന ധന്വന്തരിശാസ്താവിന്റെ രൂപത്തിലാണ് വിഗ്രഹം. തന്മൂലം, ഇവിടെ ഭജിയ്ക്കുന്നത് രോഗശാന്തിയ്ക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. നീരാജനം, എള്ളുപായസം, നെയ്യഭിഷേകം തുടങ്ങിയവയാണ് ശാസ്താവിന് വഴിപാടുകൾ. മുഴക്കുന്നിലെ ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഈ ശാസ്താവിന് മുന്നിലാണ്.

ശ്രീകൃഷ്ണൻ

തിരുത്തുക

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം മതിൽക്കെട്ടിനകത്താണ് പാർത്ഥസാരഥീഭാവത്തിലുള്ള ശ്രീകൃഷ്ണന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാനിർമ്മിതമായ വിഗ്രഹം, 2023-ലാണ് പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് ഏറെക്കാലം ഇവിടം തകർന്നുകിടക്കുകയായിരുന്നു. കോട്ടയം തമ്പുരാക്കന്മാരുടെ കീഴിലുണ്ടായിരുന്ന ഈ ക്ഷേത്രം, 2018-ൽ നടന്ന ദേവപ്രശ്നത്തെത്തുടർന്നാണ് പുനർനിർമ്മിച്ചത്. കിഴക്കോട്ട് ദർശനം നൽകുന്ന ഭഗവാന്റെ വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും കാണാം. പാൽപ്പായസം, വെണ്ണ, കദളിപ്പഴം, തുളസിമാല, വിഷ്ണുസഹസ്രനാമാർച്ചന തുടങ്ങിയവയാണ് ശ്രീകൃഷ്ണന്ന് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിയാണ് പ്രധാന ആണ്ടുവിശേഷം.

വേട്ടേയ്ക്കരൻ

തിരുത്തുക

പാർത്ഥസാരഥിക്ഷേത്രത്തോടുചേർന്നാണ് ശിവസ്വരൂപമായ വേട്ടേയ്ക്കരന്റെയും പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു തറയിൽ, ഒരടി മാത്രം ഉയരം വരുന്ന ഒരു കൊച്ചുശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായാണ് വേട്ടേയ്ക്കരൻ കുടികൊള്ളുന്നത്. നാളികേരമുടയ്ക്കലാണ് വേട്ടേയ്ക്കരന്നുള്ള പ്രധാന വഴിപാട്. മണ്ഡലകാലത്ത് വേട്ടേയ്ക്കരൻ പാട്ട് ആലോചനയിലാണ്.

നാഗദൈവങ്ങൾ

തിരുത്തുക

പാർത്ഥസാരഥിക്ഷേത്രത്തോടുചേർന്ന് കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു തറയിൽ, നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവുമടങ്ങുന്ന ചെറിയൊരു തറയിലാണ് നാഗദൈവങ്ങളെ കുടിയിരുത്തിയിരിയ്ക്കുന്നത്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടത്താറുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും സമർപ്പണം തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.

നിത്യപൂജകൾ

തിരുത്തുക

നിത്യേന മൂന്നുപൂജകളുള്ള മഹാക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നിയമവെടിയോടെ ദേവിയെ പള്ളിയുണർത്തിയശേഷം ഏഴുപ്രാവശ്യം തുടർച്ചയായി ശംഖ് മുഴക്കുന്നു. അതിനുശേഷം അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്നത്തെ അലങ്കാരങ്ങളോടുകൂടി ദേവിയെ കാണുന്ന ചടങ്ങാണിത്. നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകങ്ങൾ തുടങ്ങുന്നു. എണ്ണ കൊണ്ടും ജലം കൊണ്ടും വിശദമായ അഭിഷേകങ്ങൾക്കുശേഷം മലർ നിവേദ്യം. അരി കുത്തിയുണ്ടാക്കുന്ന മലർ, ശർക്കരയ്ക്കും കദളിപ്പഴത്തിനുമൊപ്പം നേദിയ്ക്കുന്നതാണ് ഈ ചടങ്ങ്. രാവിലെ ഏഴുമണിയ്ക്ക് ഉഷഃപൂജ. ഇതിനോടനുബന്ധിച്ചുതന്നെ ഗണപതിഹോമവും നടത്തിവരാറുണ്ട്. പതിനൊന്നേകാൽ മുതൽ പന്ത്രണ്ടുമണി വരെ ഉച്ചപ്പൂജ. അതിനുശേഷം ഒരുമണിയോടെ നടയടയ്ക്കും.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ക്ഷേത്രത്തിലെ വിളക്കുകളും ദീപസ്തംഭങ്ങളുമെല്ലാം ദീപപ്രഭയിലാഴുന്ന സമയം അതിമനോഹരമാണ്. ദീപാരാധന കഴിഞ്ഞാൽ വിശേഷാൽ ഭഗവതിസേവയും നടത്തിവരാറുണ്ട്. തുടർന്ന് ഏഴുമണിയോടെ അത്താഴപ്പൂജ നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: നവരാത്രിക്കാലം, മീനപ്പൂരം, തൃക്കാർത്തിക, മകരസംക്രമം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും പൂജകളിൽ മാറ്റം വരും. കോഴിക്കോട്ടിരി, നന്ത്യാർവള്ളി എന്നീ രണ്ട് ഇല്ലക്കാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡ് വകയാണ്.

വിശേഷദിവസങ്ങൾ

തിരുത്തുക

മീനപ്പൂരം

തിരുത്തുക

മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നാണ് മീനമാസത്തിലെ കാർത്തിക നാളിൽ തുടങ്ങി പത്തുദിവസം നീണ്ടുനിൽക്കുന്ന പൂരമഹോത്സവവും പൂരംകുളിയും. പടഹാദിമുറയിൽ (വാദ്യമേളങ്ങളോടെ തുടങ്ങുന്ന മുറ) നടത്തുന്ന ഈ ഉത്സവത്തിന് എല്ലാ ദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും.

നവരാത്രി

തിരുത്തുക

തൃക്കാർത്തിക

തിരുത്തുക

മകരസംക്രമം

തിരുത്തുക

ദർശന സമയം

തിരുത്തുക

*അതിരാവിലെ 5 AM മണി മുതൽ ഉച്ചക്ക് 1 PM മണി വരെ.

*വൈകുന്നേരം 5 PM മണി മുതൽ രാത്രി 8 PM വരെ.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

*ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്നും റോഡ് മാർഗം ഏകദേശം 46 കിലോമീറ്റർ യാത്ര ചെയ്താൽ ക്ഷേത്രത്തിൽ എത്താം. (കണ്ണൂർ - മട്ടന്നൂർ - കൂർഗ് റോഡ്). ഏതാണ്ട് ഒരു മണിക്കൂർ ഏഴ് മിനിറ്റ് യാത്ര.

*തലശേരിയിൽ നിന്നും 40 കിലോമീറ്റർ അകലെ (റോഡ് മാർഗം)

*കൊട്ടിയൂരിൽ നിന്നും ഏകദേശം 24.8 കിലോമീറ്റർ അഥവാ 38 മിനിറ്റ് യാത്ര (മലയോര ഹൈവേ വഴി)

*പറശ്ശിനിക്കടവിൽ നിന്നും ഏകദേശം 46 കിലോമീറ്റർ (റോഡ് മാർഗം)

*മാനന്തവാടിയിൽ നിന്ന് - 46.5 കിലോമീറ്റർ,ഒരു മണിക്കൂർ 11 മിനുട്ട് യാത്ര, മലയോര ഹൈവേ വഴി.

*തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം - 68 കിലോമീറ്റർ അകലെ, മലയോര ഹൈവേ വഴി. 1 മണിക്കൂർ 58 മിനുട്ട് യാത്ര.

*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - കണ്ണൂർ, തലശ്ശേരി സ്റ്റേഷനുകൾ


  1. "സാമൂഹ്യചരിത്രം-മുഴക്കുന്നു് പഞ്ചായത്ത്". Archived from the original on 2014-08-15. Retrieved 2012-12-10.