കേരളത്തിലെ അമ്പലവാസി സമുദായത്തിൽ ഉൾപ്പെടുന്ന ഒരു ബ്രാഹ്മണജാതിയാണ് നമ്പീശൻ . ബ്രാഹ്മണപാരമ്പര്യം. ഷോഡശസംസ്കാരങ്ങളുണ്ടെങ്കിലും വേദാവകാശമില്ല. ക്ഷേത്രങ്ങളിലെ കഴകപ്രവൃത്തിയാണ് ജോലി. പൂജാപുഷ്പങ്ങൾ ഒരുക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കുക, പ്രസാദവിതരണം, ശംഖുവിളി എന്നിവയൊക്കെയാണ് കുലത്തൊഴിൽ. പൂണൂൽ ധരിക്കുന്നവരും ഗായത്രീമന്ത്രോപാസനയുള്ളവരുമാണ്. ഷോഡശസംക്സാരം പാലിക്കുന്നു. നമ്പീശസ്ത്രീകൾ ബ്രാഹ്മണി എന്നറിയപ്പെടുന്നു. പുരുഷന്മാർ പേരിനൊപ്പം നമ്പീശൻ എന്നു ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം ബ്രാഹ്മണിയമ്മ എന്ന് ചേർത്തിരുന്നെങ്കിലും, ഇക്കാലത്ത് സ്ത്രീകളും നമ്പീശൻ എന്ന നാമം തന്നെ കുലനാമമായി ചേർക്കുന്നു. പുഷ്പകം എന്നാണ് നമ്പീശഗൃഹങ്ങൾ അറിയപ്പെടുന്നത്. ഇവർ ആചാരക്രമങ്ങളിലും അനുഷ്ഠാനങ്ങളിലും മധ്യതിരുവിതാംകൂറിലും കൊച്ചിയിലുമുള്ള പുഷ്പകഉണ്ണികളോട് സമാനരാണ്; പേരിൽ ഭേദമുണ്ടെങ്കിലും.

നമ്പ്യാർ എന്ന് കുലനാമം സ്വീകരിച്ചിട്ടുള്ള ചില നമ്പീശകുടുംബങ്ങളും മധ്യകേരളത്തിലുണ്ട്. ഇവരെ പുഷ്പകൻ നമ്പ്യാർ എന്നും പറയുന്നു.

മരുമക്കത്തായക്കാരായിരുന്നു നമ്പീശന്മാരിൽ അധികവും. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നിർദേശമനുസരിച്ച് മിക്കവാറും എല്ലാ നമ്പീശകുടുംബങ്ങളും ഇപ്പോൾ മക്കത്തായക്രമത്തിലേക്ക് മാറിയിട്ടുണ്ട്. മക്കത്തായക്കാരായ സ്ത്രീകൾക്കു സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു.

നമ്പീശസ്ത്രീകൾക്ക് പാട്ടുപാടി ദേവനെ സേവിക്കുക എന്നൊരു വിശേഷപ്രവൃത്തി കൂടിയുണ്ട്. ഇവർ പാടുന്ന പാട്ടുകളാണ് 'ബ്രാഹ്മണിപ്പാട്ടുകൾ'.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=നമ്പീശൻ&oldid=4136453" എന്ന താളിൽനിന്ന് ശേഖരിച്ചത്