മൃദംഗം
ദക്ഷിണേന്ത്യൻ ശാസ്ത്രീയസംഗീതത്തിൽ ഉപയോഗിക്കുന്ന താളവാദ്യോപകരണമാണ് മൃദംഗം. കർണ്ണാടക സംഗീത സദസ്സുകളിൽ സുപ്രധാനമായ പക്കമേളമാണിത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപയോഗിച്ചുവരുന്ന ഢോലക്കിനോട് മൃദംഗത്തിനു രൂപപരമായ സാമ്യമുണ്ട്. മൃദംഗത്തിന്റെ നേർപകുതിയിൽ നിന്നും രൂപപ്പെടുത്തിയതാണു ഹിന്ദുസ്ഥാനി വാദ്യോപകരണമായ തബലയെന്നും ഒരു വാദമുണ്ട്.[അവലംബം ആവശ്യമാണ്]
പേരിനു പിന്നിൽ
തിരുത്തുകആദ്യകാലങ്ങളിൽ കളിമണ്ണുപയോഗിച്ചായിരുന്നു മൃദംഗം നിർമ്മിച്ചിരുന്നത്[അവലംബം ആവശ്യമാണ്]. മണ്ണ് എന്നർത്ഥമുള്ള “മൃദ്” ശരീരം എന്നർത്ഥം വരുന്ന “അംഗ്” എന്നീ സംസ്കൃതപദങ്ങളിൽ നിന്നാണ് മൃദംഗം എന്ന വാക്ക് രൂപപ്പെട്ടത്. കാലക്രമത്തിൽ മൃദംഗം വിവിധതരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചു തുടങ്ങി. കളിമണ്ണിനേക്കാൾ ഈടുനില്ക്കുന്നതിനാലാവണം മരത്തടി ഉപയോഗിച്ചു തുടങ്ങിയത്. ഇന്നത്തെ കാലത്ത്പ്ലാവിന്റെ തടി ഉപയോഗിച്ചാണ് മൃദംഗത്തിന്റെ കുഴൽഭാഗം നിർമ്മിക്കുന്നത്. കർണ്ണാടകസംഗീതത്തിലെ താളക്രമങ്ങൾ മൃദംഗത്തിന്റെ പരിണാമത്തോടൊപ്പം വികസിച്ചതാണെന്നു കരുതപ്പെടുന്നു.
ചരിത്രം
തിരുത്തുകമൃദംഗം എന്ന സംഗീതോപകരണം രൂപപ്പെട്ടതിനെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളില്ല. ഹിന്ദുമതവുമായി ബന്ധപ്പെട്ട പുരാതനശില്പങ്ങളിൽ മൃദംഗം കാണാറുണ്ട്. പ്രധാനമായും ഗണപതി, ശിവന്റെ വാഹനമായ നന്ദി എന്നീ ദൈവങ്ങളുടെ ചിത്രങ്ങൾക്കും ശില്പങ്ങൾക്കുമൊപ്പമാണ് മൃദംഗം പ്രത്യക്ഷപ്പെടുന്നത്. ശിവന്റെ താണ്ഡവനൃത്തത്തിന് നന്ദികേശ്വരൻ മൃദംഗവുമായി അകമ്പടി സേവിച്ചുവെന്ന് ഹൈന്ദവപുരാണങ്ങളിൽ സൂചനകളുണ്ട്.[അവലംബം ആവശ്യമാണ്] ഇക്കാരണത്താലാണത്രേ മൃദംഗം “ദേവവാദ്യം” എന്നറിയപ്പെടുന്നത്. ഈ സൂചനകളുള്ളതിനാൽ വേദകാലഘട്ടത്തിൽ തന്നെ മൃദംഗം രൂപപ്പെട്ടിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ഉത്തരേന്ത്യയിൽ ഇതിന് ‘പക്കാവജ്‘ എന്നൊരു പേർ കൂടിയുണ്ട്.
രൂപ ഘടന
തിരുത്തുകഉദ്ദേശം രണ്ടടിയിൽ കൂടുതൽ നീളത്തിൽ ഉള്ളു പൊള്ളയായി മധ്യം തെല്ലു വീർത്ത്, ഇരുവശവും വായ തോൽവാറിട്ട് കെട്ടി മുറുക്കി വരിഞ്ഞിരിക്കുന്ന, മരം കൊണ്ടുണ്ടാക്കിയ ഒരു ഘടനയാണ് മൃദംഗത്തിനുള്ളത്. ഇതിന് വലന്തലയെന്നും, ഇടന്തലയെന്നും രണ്ടു ഭാഗങ്ങളുണ്ട് (വായനക്കാരന്റെ സ്വാധീനമനുസരിച്ച് ഇത് നേരെ തിരിച്ചുമാകാം). വലന്തല ഇടന്തലയെ അപേക്ഷിച്ച് വായവട്ടം കുറഞ്ഞിരിക്കും. വലന്തലയിൽ മുദ്ര, മീട്ടുതോൽ, മദ്ധ്യതട്ട് എന്നീ തോലുകൾ ഉണ്ടാവും. തോൽവാറുകൾ കോർത്തിരിക്കുന്ന അരികുവശം മുദ്ര എന്നും, മുകളിലുള്ള തോൽ മീട്ടുതോൽ എന്നും അതിനു താഴെയുള്ള തോൽ മദ്ധ്യതട്ട് എന്നുമാണ് അറിയപ്പെടുന്നത്. മദ്ധ്യതട്ടിന്മേൽ ശ്രുതിയും നാദവും കിട്ടാനായി ചോറ്, കിട്ടം മുതലായവ അരച്ചു തേച്ച് പിടിപ്പിച്ചിരിക്കും.
ഇടന്തലയിൽ മുദ്ര, തട്ടുതോൽ, അതിനു താഴെ തൊപ്പിത്തോൽ എന്നിവയാണുള്ളത്. ഇടന്തലയുടെ ശ്രുതി മന്ദ്രസ്ഥായി പഞ്ചമത്തോട് ചേർക്കാനായി തൊപ്പിത്തോലിന്മേൽ ഗോതമ്പ് മാവോ, റവയോ നനച്ച് ഒട്ടിച്ച് വയ്ക്കാറുണ്ട്. ഗമകരൂപത്തിലുള്ള ഗും കാരശബ്ദം വരുത്താൻ ഇതു ഉപകരിക്കുന്നു. മുദ്രത്തോലിന്റെ അറ്റത്ത് തടിക്കഷണം കൊണ്ടിടിച്ച് ശ്രുതിയിൽ ഏറ്റക്കുറച്ചിലുകൾ വരുത്താം.
ഹെച്ച് സ്ഥായി, തഗ്ഗ് സ്ഥായീ എന്ന് രണ്ടു സ്ഥായികളിലുള്ള മൃദംഗങ്ങൾ പൊതുവെ ഉപയോഗിച്ചു വരുന്നു. കോമള ശബ്ദങ്ങൾക്ക് അകമ്പടിയായി (പൊതുവെ സ്ത്രീകൾക്ക്) വായിക്കാനുപയോഗിക്കുന്ന ഹെച്ച് സ്ഥായി മൃദംഗങ്ങൾക്ക് തഗ്ഗ് സ്ഥായി മൃദംഗങ്ങളേക്കാൾ നീളം കുറവായിരിക്കും.
കർണ്ണാടക സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം ഓട്ടൻതുള്ളൽ തുടങ്ങിയവയ്ക്ക് പിന്നണിയായി മൃദംഗം ഉപയോഗിക്കാറുണ്ട്.
പരിശീലനം
തിരുത്തുകപരിശീലനം സിദ്ധിച്ച ഗുരുക്കന്മാരുടെ കീഴിലാണ് മൃദംഗ പരിശീലനം തേടാറുള്ളത്. കേരളത്തിനകത്തും പുറത്തും നിരവധി വാദ്യ കലാലയങ്ങളിലും സംഗീത വിദ്യാലയങ്ങളിലും മൃദംഗം പഠിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിൽ മൃദംഗം പ്രധാന വിഷയമായി മൂന്നു വർഷത്തെ ബാച്ചലർഓഫ് പെർഫോമിംഗ് ആർട്സ് കോഴ്സ് നടത്തുന്നുണ്ട്.[1]