വെങ്ങാനെല്ലൂർ തിരുവീമ്പിലപ്പൻ ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചേലക്കരയ്ക്കടുത്ത് വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവീമ്പിലപ്പൻ മഹാശിവക്ഷേത്രം.[1]. മഹാകാലഭാവത്തിലുള്ള, അത്യുഗ്രമൂർത്തിയായ പരമശിവനാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി പാർവ്വതി, ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, മണികണ്ഠൻ, അന്തിമഹാകാളൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവ കൂടാതെ ധനുമാസത്തിൽ തിരുവാതിരയും അതിവിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം
ക്ഷേത്ര ഗോപുരം
ക്ഷേത്ര ഗോപുരം
വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം is located in Kerala
വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം
വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°42′12″N 76°20′14″E / 10.70333°N 76.33722°E / 10.70333; 76.33722
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചേലക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:കൊച്ചിൻ ദേവസ്വം ബോർഡ്

ഐതിഹ്യം

തിരുത്തുക

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം നിരവധി വീമ്പുമരങ്ങളാൽ സമ്പന്നമായിരുന്നു. അത്തരത്തിലൊരു വലിയ വീമ്പുമരത്തിനടിയിൽ ഒരു ദിവസം കണ്ടെത്തിയ ശിവലിംഗമാണ് ഇന്ന് ഇവിടെ മുഖ്യപ്രതിഷ്ഠയായിരിയ്ക്കുന്നത്. അടുത്തുള്ള പാഴ്ച്ചെടികൾ വെട്ടാനോ മറ്റോ വന്ന ഒരാൾ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നമ്പൂതിരിമാർ അവിടെ പൂജ നടത്തുകയും ചെയ്തു. കാലാന്തരത്തിൽ അവിടെ മഹാദേവന് ക്ഷേത്രം ഉയർന്നുവരികയും പൂജാദികാര്യങ്ങൾ നടത്തുകയും ചെയ്തു. വീമ്പുമരച്ചുവട്ടിൽ കുടികൊണ്ട മഹാദേവൻ, തന്മൂലം തിരുവീമ്പിലപ്പൻ എന്നറിയപ്പെട്ടു.

ക്ഷേത്ര വാസ്തുവിദ്യ

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവീമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം. ക്ഷേത്രത്തിന്റെ മുന്നിൽ അഭിമുഖമായി 'എടത്തറക്കോവിൽ' എന്നുപേരുള്ള ഒരു ചെറിയ ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്. വിശ്വരൂപദർശനഭാവത്തിലുള്ള ശ്രീകൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഈ ക്ഷേത്രത്തിനടുത്താണ് പ്രസിദ്ധമായ ക്ഷേത്രക്കുളം. ഉഗ്രദേവതകളായ പരമശിവന്റെയും ശ്രീകൃഷ്ണന്റെയും ഉഗ്രത കുറയ്ക്കാനാണ് ഇരുമൂർത്തികൾക്കും ഇടയിൽ കുളം പണിതതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ കുളം പിന്നിട്ട് അല്പം കൂടി നടന്നാൽ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താം. 2005-ലാണ് ഈ ഗോപുരം പണികഴിപ്പിച്ചത്. ഇതിലൂടെ കടന്നാൽ അതിവിശാലമായ മതിലകത്തെത്താം.

കിഴക്കേ നടയിൽ സാമാന്യം വലുപ്പത്തിൽ ഒരു നടപ്പുര പണിതിട്ടുണ്ട്. ഇതും താരതമ്യേന പുതിയ കാലത്തെ നിർമ്മിതിയാണ്. മഴ നനയാതെ ദർശനം നടത്താൻ ഇത് ഉപകരിയ്ക്കുന്നു. ഏകദേശം മൂന്ന് ആനകളെ വച്ചെഴുന്നള്ളിയ്ക്കാനുള്ള സൗകര്യമുള്ള ഈ നടപ്പുരയിൽ വച്ചാണ് ചോറൂൺ, വിവാഹം, തുലാഭാരം തുടങ്ങിയ കർമ്മങ്ങൾ നടക്കുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവ നടക്കുന്നതും ഇവിടെത്തന്നെയാണ്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരം പ്രതിഷ്ഠിച്ചിട്ടില്ല. എന്നാൽ, ബലിക്കൽപ്പുര പണിതിട്ടുണ്ട്. സാമാന്യം വലുപ്പമുള്ള ബലിക്കൽപ്പുരയാണ് ഇവിടെയുള്ളത്. മനോഹരമായ നിരവധി കൊത്തുപണികളാൽ സമ്പന്നമായ ഈ ബലിക്കൽപ്പുരയുടെ ഒത്ത നടുക്ക് ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. അസാമാന്യ വലുപ്പമുള്ള ബലിക്കല്ലാണിത്. ഏകദേശം പത്തടി ഉയരം വരും. തന്മൂലം പുറത്തുനിന്ന് നോക്കുന്ന ഭക്തർക്ക് ശിവലിംഗം കാണാൻ സാധിയ്ക്കില്ല. ശിവന്റെ പ്രധാന സേനാനിയായ ഹരസേനനെയാണ് വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. കൂടാതെ ചുവട്ടിലായി എട്ട് ചെറിയ ബലിക്കല്ലുകളും കാണാം. ഇവ ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്നു. ബലിക്കല്ലിന് നേരെ മുകളിലായി ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിലാണ് ദേവസ്വം ഓഫീസും മറ്റ് അനുബന്ധ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് വെങ്ങാനെല്ലൂർ ദേവസ്വം. തിരുവില്വാമല ഗ്രൂപ്പിന്റെ കീഴിലാണ് ഇത് വരുന്നത്. ചേലക്കര ഭാഗത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും ഈ ദേവസ്വത്തിന്റെ കീഴിലാണ്. തെക്കേ നടയിൽ മതിലകത്തുതന്നെ ഒരു കുളം കാണാം. ഇതൊരു തീർത്ഥക്കുളമായാണ് കണക്കാക്കിവരുന്നത്. അതിനാൽ ഇതിൽ ആരും കുളിയ്ക്കാറില്ല. തെക്കേ നടയിൽ നിന്ന് പുറത്തേയ്ക്ക് വാതിലും പണിതിട്ടില്ല. പകരം അല്പം മാറിയാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ നടയിൽ പാർവ്വതീനടയിലും ചെറിയൊരു നടപ്പുര പണിതിട്ടുണ്ട്. ഇതിന് പഴക്കവും വലുപ്പവും കുറവാണ്. ഇവിടെ സാധാരണയായി പരിപാടികൾ നടത്താറില്ല.

ശ്രീകോവിൽ

തിരുത്തുക

അസാമാന്യ വലുപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിൽ, നിലവിൽ ഓടുമേഞ്ഞിട്ടാണ് കാണപ്പെടുന്നത്. ചെമ്പോല മേയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്തേയ്ക്ക് കയറാനുള്ള സോപാനപ്പടികളും കരിങ്കല്ലിലാണ് തീർത്തിരിയ്ക്കുന്നത്. അകത്തേയ്ക്ക് നേരിട്ട് കയറാവുന്ന രീതിയിലുള്ള പടികളാണ് ഇവ. അകത്തേയ്ക്കുള്ള വാതിലിനിരുവശവും ദ്വാരപാലകരൂപങ്ങൾ കാണാം. ദ്വാരപാലകരെ വണങ്ങി, മുകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന മണിയടിച്ചശേഷമേ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മറ്റും അകത്ത് കയറാൻ അനുവാദമുള്ളൂ. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അത്യുഗ്രമൂർത്തിയായ മഹാകാലനായാണ് പ്രതിഷ്ഠാസങ്കല്പം. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. വീമ്പുമരച്ചുവട്ടിൽ പ്രത്യക്ഷപ്പെട്ട ശിവലിംഗം എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ് ശിവലിംഗം കാണപ്പെടുന്നത്. അലങ്കാരം നടക്കുമ്പോൾ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ചന്ദ്രക്കലകളും തിരുമുഖവും കൂവളത്തില, തുമ്പപ്പൂ, രുദ്രാക്ഷം തുടങ്ങിയവ കൊണ്ടുള്ള മാലകളും ചാർത്തി ശിവലിംഗം അതിമനോഹരമായി കാണാവുന്നതാണ്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ തിരുവീമ്പിലപ്പൻ വെങ്ങാനെല്ലൂരിൽ കുടികൊള്ളുന്നു.

58 ഭീമൻ കഴുക്കോലുകൾ വച്ചുറപ്പിച്ച ശ്രീകോവിലാണ് ഇവിടെയുള്ളത്. ഈ ഓരോ കഴുക്കോലിലും വിവിധ ദേവീദേവന്മാരുടെ രൂപങ്ങൾ കാണാം. വെങ്ങാനെല്ലൂരിലെ ദാരുശില്പങ്ങൾ കാഴ്ചക്കാരുടെ മനം മയക്കുന്നതാണ്. ശ്രീകോവിലിന് തെക്കുവശത്തെ ഇടനാഴിയിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകൾ കാണാം. ഒന്നരയടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയ്ക്ക്. ഗണപതിവിഗ്രഹത്തിന് രണ്ടടി ഉയരം കാണും. വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ചതുർബാഹുവായ ഗണപതിയാണിവിടെ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഗണപതി, മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്നു. പടിഞ്ഞാറേ നടയിൽ ഭഗവാന് അനഭിമുഖമായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയുണ്ട്. ഇത് പിൽക്കാലത്തുണ്ടായ പ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹം സ്വയംവരപാർവ്വതിയുടെ സങ്കല്പത്തിലാണ്. ഒരുകയ്യിൽ താമരപ്പൂ ധരിച്ചുനിൽക്കുന്ന ദേവിയെ എല്ലാ മുപ്പെട്ട് തിങ്കളാഴ്ചകളിലും വന്ദിയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കുന്നു. വടക്കുവശത്ത്, അഭിഷേകജലം ഒഴുക്കിവിടാൻ ഓവ് പണിതിട്ടുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടത്താൽ അലംകൃതമാണ്. എട്ടുനിലകളോടുകൂടിയ വിളക്കുമാടത്തിന്റെ ഓരോ നിലയിലും പിച്ചളയിൽ പൊതിഞ്ഞ ദീപങ്ങൾ കാണാം. സന്ധ്യയ്ക്കുള്ള ദീപാരാധനാസമയത്ത് ഇവ കൊളുത്തിവച്ചിരിയ്ക്കുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. നാലമ്പലത്തോടനുബന്ധിച്ച് കിഴക്കുഭാഗത്ത് വലിയമ്പലവും പണിതിട്ടുണ്ട്. ഇവിടെ വച്ചാണ് നവരാത്രിക്കാലത്ത് പൂജവെപ്പും മറ്റും നടത്തുന്നത്. ഇതിന്റെ തെക്കേ വരിയിൽ തവിലും നാദസ്വരവും സൂക്ഷിച്ചിട്ടുണ്ട്. നിത്യേന രാവിലെയുള്ള പള്ളിയുണർത്തലിനും അഞ്ചുപൂജകൾക്കും സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കുമെല്ലാം ഇവിടെ നാദസ്വരവായനയുണ്ടാകും. ഇതുകടന്ന് അകത്തെത്തുമ്പോൾ പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് വാതിൽമാടങ്ങളും കാണാം. ഇവയിൽ തെക്കുഭാഗത്തെ വാതിൽമാടത്തിലാണ് വിശേഷാൽ പൂജകളും ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്തുന്നത്. വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. ഇവിടെയാണ് ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, മരം, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത മുറിയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ കാണാം. വലതുകൈ മുട്ടിൽ വച്ചുനിൽക്കുന്ന അമൃതകലശശാസ്താവാണ് ഇവിടെ പ്രതിഷ്ഠ.

മുഖമണ്ഡപം

തിരുത്തുക

-->

പ്രതിഷ്ഠകൾ

തിരുത്തുക
  • പരമശിവൻ (വിഷ്ണു സങ്കല്പം കൂടിയുണ്ട് ശ്രീലകത്ത്)
  • ശ്രീപാർവ്വതി
  • ദക്ഷിണാമൂർത്തി
  • ഗണപതി (രണ്ട് പ്രതിഷ്ഠകൾ - അകത്ത് മഹാഗണപതിയും പുറത്ത് ബാലഗണപതിയും)
  • അയ്യപ്പൻ
  • മണികണ്ഠൻ
  • അന്തിമഹാകാളനും ഭഗവതിയും
  • സുബ്രഹ്മണ്യൻ
  • നാഗദൈവങ്ങൾ

പൂജാ ക്രമങ്ങൾ

തിരുത്തുക

5മണിക്ക് നടതുറക്കും വിളക്ക് വെപ്പ് നിർമ്മാല്യദര്ശനം അഭിഷേകം മലർനിവേദ്യം ഉഷഃപൂജ കാലത്തെ ശീവേലി നവകം ധാര ഉച്ചപൂജ ഉച്ച ശീവേലി വൈകുന്നേരം 5മണിക്ക് നടതുറക്കും ദീപാരാധന, അത്താഴപൂജ, ശീവേലി, തൃപ്പുക ദർശനം കഴിഞ്ഞു നട അടക്കും

ക്ഷേത്ര ദർശന സമയം

വെളുപ്പിനെ 05:00 മുതൽ 10:00 വരെയും, വൈകിട്ട് 05:00 മണിമുതൽ രാത്രി 8:00 വരെ.

വിശേഷങ്ങൾ

തിരുത്തുക

ക്ഷേത്രത്തിലെ പ്രമുഖ ആഘോഷങ്ങൾ വൈക്കത്തഷ്ടമിയും ശിവരാത്രിയുമാണ്. രണ്ടും വൻ പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു.

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.

  1. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ:കുഞ്ഞികുട്ടൻ ഇളയത്