മണികണ്ഠൻ
പശ്ചിമഘട്ടത്തിലെ കാടുകളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് മണികണ്ഠൻ (Pycnonotus gularis).[2] ഒരു തദ്ദേശീയ പക്ഷിയായ ഇവയുടെ പ്രിയപ്പെട്ട വാസസ്ഥലങ്ങൾ ഇലപൊഴിയും കാടുകളും നട്ടുവളർത്തിയ വനങ്ങളുമാണ്. എന്നാൽ ഈർപ്പമുള്ള നിത്യഹരിത വനങ്ങളും ചോലക്കാടുകളും ഇവ ഒഴിവാക്കാനിഷ്ടപ്പെടുന്നു. ദക്ഷിണ മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ ഇവ വ്യാപിച്ചിരിക്കുന്നു.
മണികണ്ഠൻ (Flame-throated bulbul) | |
---|---|
മണികണ്ഠൻ പക്ഷി ദണ്ഡേലിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Binomial name | |
Pycnonotus gularis (Gould, 1836)
| |
Synonyms | |
|
രൂപവിവരണം
തിരുത്തുകമിക്ക ബുൾബുളുകളെയും പോലെ മണികണ്ഠനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ വർണ്ണപകിട്ടാണ്. നാട്ടുബുൾബുളിനോളം വലിപ്പവും ആകൃതിയിൽ ഒട്ടേറെ സാമ്യവുമുള്ള കാട്ടുബുൾബുൾ ആണിത്. തലയിൽ ശിഖയില്ല. തലയും പിൻ കഴുത്തും തലയുടെയും മുഖത്തിന്റെയും പാർശ്വഭാഗങ്ങളും കറുപ്പാണ്. തൊണ്ട തീജ്വാലയുടെ നിറമാർന്ന ഓറഞ്ച് ആണ്. ഈ കടും നിറമാണ് പക്ഷിയുടെ പേരിനാധാരം. പുറം ചിറകുകൾ, വാൽ എന്നിവയെല്ലാം മഞ്ഞ കലർന്ന ഇളം പച്ചയും ചിറകുകളുടെ പിൻപകുതി തവിട്ടു നിറവും ദേഹത്തിന്റെ അടിഭാഗം ശോഭയുള്ള മഞ്ഞയുമാണ്. വാലഗ്രങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു. മിന്നുന്ന കറുത്ത തലയിൽ വിളറിയ മഞ്ഞ നിറത്തിൽ കാണപ്പെടുന്ന കൺപടലം വേറിട്ട് നിൽക്കുന്നു. കൊക്കിന്റെ നിറം കറുപ്പാണ്. കാലുകൾ ചാര നിറമോ തവിട്ടോ ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും നിറങ്ങൾ വ്യത്യാസമില്ല.
പക്ഷിയുടെ പാട്ട് കാതിനു ഇമ്പമേറിയതാണ്. ഉച്ച ശ്രുതിയിൽ ഉള്ള പാട്ട് സംഗീതാത്മകവും ഇടമുറിഞ്ഞതുമാണ്. സാധാരണ കരച്ചിലുകൾ അടക്കി പിടിച്ച 'പ്രിറിറ്റ്' ശബ്ദമോ വ്യക്തമായ ആരോഹണ സ്വഭാവമുള്ള 'പ്രിറ്റ്' ശബ്ദമോ ആയിരിക്കും.
സ്വഭാവം
തിരുത്തുകവല്ലപ്പോഴും ഒറ്റക്കോ ജോഡികളായോ കാണപ്പെടാറുണ്ടെങ്കിലും സാധാരണയായി മണികണ്ഠനെ കാണുക ഫലങ്ങൾ ആഹരിക്കുന്ന മറ്റു കിളികളോടൊപ്പം ചെറു കൂട്ടങ്ങളായിട്ടാണ്. വലിയ മരങ്ങളെക്കാൾ പൊന്തകളോടാണ് കൂടുതൽ ഇഷ്ടം- കാട്ടരുവികളുടെ ഓരത്തുള്ളതും ലതാവൃതവുമാണെങ്കിൽ അത്യുത്തമം.
പ്രജനനം
തിരുത്തുകപ്രജനന കാലം മാർച്ച് മുതൽ മെയ് വരെയാണ്. ബുൾബുളുകളുടെ തനതു ശൈലിയിൽ ഒരു കപ്പ് പോലെ ആണ് കൂടുകൾ ഉണ്ടാക്കുന്നത്. 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ ഏതെങ്കിലും കുറ്റിച്ചെടിയിൽ ശ്രദ്ധയോടെ പണിതതാകും കൂട്. കൊഴിഞ്ഞ ഇലകൾ കൊണ്ട് നിർമ്മിച്ച കൂട് എട്ടുകാലി വലയും വീതിയേറിയ പുൽത്തണ്ടുകളും കൊണ്ട് തുന്നികൂട്ടിയിരിക്കും. കൂടിന്റെ ഉള്ള് നനുത്ത പുല്ലുകൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. മഞ്ഞ നിറം കലർന്ന പാഴിലകൾ കൂടു നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനു പക്ഷി പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു. സാധാരണയായി 2 മുട്ടകൾ ഇടുന്നു. ജൂൺ മാസത്തോടെയാണ് കുഞ്ഞുങ്ങൾ പൊതുവെ വിരിഞ്ഞിറങ്ങുക.
ചിത്രശാല
തിരുത്തുക-
തട്ടേക്കാട് നിന്നും
അവലംബം
തിരുത്തുക- ↑ BirdLife International (2016). "Pycnonotus gularis". IUCN Red List of Threatened Species. Version 2016.3. International Union for Conservation of Nature. Retrieved 11 March 2017.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ കെ. കെ., നീലകണ്ഠൻ (1986). കേരളത്തിലെ പക്ഷികൾ. കേരള സാഹിത്യ അക്കാഡമി. pp. 362–364.
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- Rasmussen, P.C., and J.C. Anderton. (2005). Birds of South Asia. The Ripley Guide. Volume 2: Attributes and Status. Smithsonian Institution and Lynx Edicions, Washington D.C. and Barcelona.