ഉദയംപേരൂർ സൂനഹദോസ്

(ഉദയം‍പേരൂർ സുന്നഹദോസിന്റെ കാനോനകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ 1599 ജൂൺ മാസം 20 മുതൽ 26 വരെ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സിനഡ് (ഇംഗ്ലീഷ്: Synod of Diamper, സിനഡ് ഓഫ് ഡയംപർ).[1] (വിവിധ സുറിയാനി ഭാഷാഭേദങ്ങളെയും മറ്റും അടിസ്ഥാനമാക്കി ഈ സമ്മേളനത്തെ ഉദയംപേരൂർ സൂനഹദോസ്, ഉദയം‌പേരൂർ സുന്നഹദോസ്, ഉദയം‌പേരൂർ സുനഹദോസ് എന്നൊക്കെ അറിയപ്പെടുന്നു.[൧]) കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സൂനഹദോസിനെ കണക്കാക്കുന്നത്‌. മാർ തോമാ നസ്രാണികൾ അഥവാ മലങ്കര നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ 1500-ഓളം വർഷങ്ങളായി തങ്ങൾ പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി അവർ ഇതിനെ കാണുന്നുത്. എന്നിരുന്നാലും പേരിൽ മാത്രം ക്രിസ്ത്യാനികളായിരിക്കുകയും എന്നാൽ ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങൾ, ജാതിവ്യവസ്ഥ തുടങ്ങിയവ അതേപടി തുടരുകയും ചെയ്ത മലങ്കര ക്രിസ്ത്യാനികളെ നവീകരിക്കണമെന്ന ഉദ്ദേശം കൂടിയുള്ളതായിരുന്നു ഈ സൂനഹദോസ് എന്ന് ഉദയം‌പേരൂർ സൂനഹദോസിന്റെ തീരുമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.[2]

ഉദയം‌പേരൂർ സൂനഹദോസ് പള്ളി

അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്‌) ആണ്‌ സൂനഹദോസ് വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സൂനഹദോസ് നടന്നത്‌[3] അക്കാരണത്താൽ അങ്കമാലി സൂനഹദോസ് എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു.[4]

ചരിത്ര പശ്ചാത്തലം

തിരുത്തുക

കേരളത്തിലെ ക്രിസ്ത്യാനികളുടെ വംശസ്മൃതിയിൽ തങ്ങൾ തോമാശ്ലീഹയാൽ മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ പിൻഗാമികളാണെന്ന വിശ്വാസം ആദ്യം മുതലേ രൂഢമൂലമായിരുന്നു. ഈ വിശ്വാസം ചരിത്രപരമായി അടിസ്ഥാനമുള്ളതാണോ എന്നു നിർണ്ണയിക്കാൻ സഹായിക്കുന്ന രേഖകളൊന്നുംതന്നെ ലഭ്യമല്ല. ഏതായാലും ഈ സമൂഹത്തിന്റെ പൗരാണികത്വം യൂറോപ്യൻ ചരിത്രകാരന്മാരും നാട്ടുകാരായ ഭരണാധികാരികളും അടക്കം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ആദിമ നൂറ്റാണ്ടുകളിൽ മതപരിവർത്തനം ചെയ്യപ്പെട്ടവരിൽ നിന്നും മദ്ധ്യ പൗരസ്ത്യ ദേശത്ത് നിന്ന് കുടിയേറിയവരിൽ നിന്നും ആയിട്ടായിരിക്കണം അവരുടെ ഉത്ഭവം. ഇതിൽ മതപരിവർത്തനം നടത്തപ്പെട്ടവരും കുടിയേറ്റക്കാരും തമ്മിൽ പിൽക്കാലത്ത് ഇടകലരൽ തുടങ്ങിയിരിക്കണം.

അന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ ഏതെങ്കിലും പ്രത്യേക സഭയുടെ കീഴിൽ ആയിരുന്നില്ല. പേർഷ്യയിൽ നിന്നും മറ്റും വന്നിരുന്ന വാണിക്കുകൾക്കൊപ്പം എത്തിയ മെത്രാന്മാരാണ് മലബാറിലെ ക്രിസ്ത്യാനികളുടെ ആത്മീയ കാര്യങ്ങൾ നോക്കിയിരുന്നത്‌. ഇവരിൽ പ്രത്യേകം സ്മരിക്കപ്പെടുന്ന രണ്ടു പേരാണ് മാർ സാബോർ, മാർ ആഫ്രൊത്ത്‌ [5]എന്നിവർ. വെറും ആത്മീയഗുരുക്കൾ മാത്രമല്ലായിരുന്ന അവർ മതപ്രവർത്തനത്തോടൊപ്പം വ്യാപാരത്തിലും വ്യാപൃതരായിരുന്നു. വേണാട് വാണിരുന്ന അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുത്തതു സംബന്ധിച്ച ക്രി.പി 842-ലെ തരിസാപള്ളി ശാസനങ്ങൾ എന്ന പ്രഖ്യാതരേഖയിൽ പരാമർശിക്കുന്ന വ്യാപാര സ്ഥാപനങ്ങളായ അഞ്ചുവണ്ണവും മണിഗ്രാമവും അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌.[6]

അർമേനിയ, അന്ത്യോക്ക്യ, ബാബിലോൺ, കോൺസ്റ്റാന്റിനോപ്പിൾ എന്നിവിടങ്ങളിൽ നിന്ന് പുരോഹിതശ്രേഷ്ഠന്മാർ ഉൾപ്പെടെ ക്രിസ്ത്യാനികൾ കേരളത്തിൽ വന്നിരുന്നു. ചിലരെല്ലാം അവിടങ്ങളിലെ മതപീഡനം ഭയന്ന് പാലായനം ചെയ്തവരായിരുന്നു. എല്ലാവർക്കും ഊഷ്മളമായ സ്വീകരണമാണ്‌ കേരളത്തിലെ ജനങ്ങൾ നൽകി പോന്നത്‌. ആത്മീയ കാര്യങ്ങളിൽ നേതൃത്വം അത്യാവശ്യമായി അനുഭവപ്പെട്ടിരുന്ന കേരളത്തിലെ നസ്രാണികൾക്ക് ഈ അതിഥികൾ പ്രത്യേകം സ്വാഗതാർഹരായി തോന്നിയിരിക്കണം.[7] ക്രി.പി. 342, 700, 848 എന്നീ വർഷങ്ങളിൽ ഇത്തരത്തിൽ നിരവധി കുടിയേറ്റങ്ങൾ ഉണ്ടായി. കേരളചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള ക്നായി തോമാ എന്നയാളാണ്‌ ഈ കുടിയേറ്റക്കാരിൽ ഏറ്റവും പ്രശസ്തൻ.[8]

കേരളത്തിലെ നസ്രാണികൾ സുറിയാനി ഭാഷയിലാണ് ആരാധന നടത്തിയിരുന്നത്. അതേ സമയം ഇവരിൽ ഒരു വലിയ വിഭാഗം നമ്പൂതിരി, നായർ കുടുംബങ്ങളിൽ നിന്നു പരിവർത്തനം ചെയ്യപ്പെട്ടവരായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെട്ടുപോരുന്ന ഒരു വാദമുണ്ട്. എന്നാൽ അക്കാലത്ത്, നമ്പൂതിരി, നായർ സമുദായങ്ങൾ പ്രത്യേക വിഭാഗങ്ങളായി നിലവിൽ ഉണ്ടായിരുന്നിരിക്കുകയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും അവരിൽ ബഹുഭൂരിപക്ഷത്തിന്റേയും സംസ്കാരത്തിന്റെ വേരുകൾ കേരളീയമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ആ പൈതൃകത്തെ പെട്ടെന്ന് വിസ്മരിക്കാൻ അവർക്ക്‌ ആവുമായിരുന്നില്ല. അതിനാൽ, അന്നത്തെ മറ്റു കേരളീയ സമൂഹങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല അവരുടെ ആചാരങ്ങൾ എന്നുവേണം കരുതുവാൻ.[9] മതത്തിന്റെ തലത്തിലാണെങ്കിൽ, തങ്ങളെ തോമ്മാശ്ലീഹായുമായി ബന്ധപ്പെടുത്തുന്ന സ്മരണകൾ ഇഴചേർന്ന് പതിനഞ്ചു നൂറ്റാണ്ടുകൾ കൊണ്ടുണ്ടായ പൈതൃകത്തെ അവർ മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്നാണ് വിളിച്ചിരുന്നത്.

പോർട്ടുഗീസുകാർ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിൽ കേരളത്തിലെത്തിയപ്പോൾ, ആത്മീയ നേതൃത്വത്തിന്‌ പുരോഹിതന്മാരുടെ അഭാവം, വ്യാപാരരംഗത്ത് മുസ്ലീങ്ങളിൽ നിന്നും മറ്റുമുള്ള കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാൽ കുറേക്കാലമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ചേരമാൻ പെരുമാളിനെപ്പോലെയുള്ള ഭരണാധികാരികളുടെ കാലത്ത്‌ ലഭിച്ചിരുന്ന പരിഗണനയും സൗകര്യങ്ങളും പിന്നീട്‌ വന്ന രാജാക്കന്മാരിലും താവഴികളിലും നിന്നു ലഭിച്ചിരുന്നില്ല എന്ന പരാതി അവർക്കുണ്ടായിരുന്നു. 1502-ൽ വാസ്കോ ഡ ഗാമ രണ്ടാം പ്രാവശ്യം കേരളത്തിൽ എത്തിയതിനു ശേഷം കൊച്ചിയിൽ വെച്ച് നസ്രാണികളുടെ ഒരു സംഘം അങ്കമാലി മെത്രാനായിരുന്ന മാർ യാക്കോബിനൊപ്പം അദ്ദേഹത്തെ ചെന്നു കാണുകയുണ്ടായി.[10] തങ്ങൾ തദ്ദേശീയരായ ക്രൈസ്തവരാണെന്നും ഒരേ മതവിശ്വാസം വെച്ചു പുലർത്തുന്നവർ എന്ന നിലയിലും ഇരുകൂട്ടരുടെയും നന്മക്കും സംരക്ഷണത്തിനുമായി ഔപചാരികമായ ഒരു സഖ്യത്തിലേർപ്പെടാൻ താത്പര്യപ്പെടുന്നുവെന്നും അറിയിച്ചു. ഈ സഖ്യത്തിന്റെ പ്രതീകം എന്ന നിലയിൽ നസ്രാണികൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളി കെട്ടിയ അലങ്കാരപൂർണ്ണമായ ഒരു ചെങ്കോൽ ആചാരപൂർവ്വം ഗാമക്ക് സമ്മാനിച്ചു. ഒരു ഉപഹാരം എന്നതിനപ്പുറമായി ഇത് അവരുടെ സ്വയം സമർപ്പണത്തിന്റെയും പോർട്ടുഗീസ് അധികാരത്തോടുള്ള കീഴ്പ്പെടലിന്റെയും പ്രതീകമാണെന്ന് കരുതിയ ഗാമയും പോർട്ടുഗീസ് സംഘവും സസന്തോഷം ആ ചെങ്കോൽ സ്വീകരിച്ചു.[10]

പിന്നീട്‌ പോർട്ടുഗലിൽ നിന്നു വന്ന സംഘങ്ങളിൽ ലത്തീൻ മിഷണറിമാരും മെത്രാന്മാരും ഉണ്ടായിരുന്നു. ഈശോ സഭക്കാർ കേരളത്തിൽ എത്തിയത് അങ്ങനെയാണ്‌. റോമാ സഭയും മാർപാപ്പയും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്‌. മെത്രാന്മാരെ നിയമിക്കുന്നതും മറ്റുമുള്ള അധികാരം പോർട്ടുഗൽ രാജാവിന്‌ കൈമാറുന്ന പദ്രുവാദോ എന്ന ഉടമ്പടിയിൽ മാർപാപ്പ ഒപ്പു വെച്ചിരുന്നു. എന്നാലും മാർപാപ്പ പ്രത്യേകം അയച്ചിരുന്ന വികാരി അപ്പോസ്തലികന്മാരും ഇവിടെ എത്തി മത പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.[11] ലത്തീൻ ആരാധനാ ഭാഷയായുള്ള ഇവർക്കൊക്കെ ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങൾ മനസ്സിലാക്കാനോ ഉൾകൊള്ളാനോ കഴിഞ്ഞില്ല. കേരളത്തിന്റെ സംസ്കാരത്തിൽ നിന്നു നസ്രാണികൾ സ്വീകരിച്ച് പിന്തുടർന്നിരുന്ന ഒട്ടേറെ അംശങ്ങളുണ്ടായിരുന്നത് പോർട്ടുഗീസുകാർക്കു രസിച്ചില്ല. ഉദാഹരണത്തിന്‌ കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ തന്നെയാണ്‌ മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്‌. ക്രിസ്ത്യാനികളെ കണ്ടാൽ മറ്റു ജാതിക്കാരിൽ നിന്ന് തിരിച്ചറിയാൻ,കഴുത്തിൽ ധരിച്ചിരുന്ന കുരിശ് അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു നാട്ടുകാരെപ്പോലെ പോലെ തലയിൽ കുടുമയും കാതിൽ കടുക്കനും ഒക്കെ അവർക്കുമുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നടന്നിരുന്ന ജാതകം, മന്ത്രവാദം എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്നിരുന്നു. ആയിരത്തോളം വർഷങ്ങളായി പേർഷ്യൻ സഭകളുമായി അഭേദ്യമായി ബന്ധത്തിൽ കഴിഞ്ഞിരുന്ന നസ്രാണികൾ ആ വഴിക്ക് തങ്ങൾക്കു കിട്ടിയ വിശ്വാസങ്ങളെയും പ്രാദേശികമായി പിന്തുടർന്നു വന്ന ആചാരാനുഷ്ടാനങ്ങളേയും ത്യജിക്കാൻ തയ്യാറായിരുന്നില്ല. പോർട്ടുഗീസ് മിഷണറിമാരുമായുള്ള സം‌വാദങ്ങളിൽ, തങ്ങൾ പിന്തുടരുന്ന 'മാർത്തോമ്മായുടെ മാർഗ്ഗവും' പോർട്ടുഗീസുകരുടെ 'പത്രോസിന്റെ മാർഗ്ഗവും' രണ്ടാണെന്ന് തദ്ദേശീയരായ നസ്രാണികൾ ‍വാദിച്ചു.

കുരിശുയുദ്ധങ്ങളും മാർട്ടിൻ ലൂഥർ തുടങ്ങിവച്ച മത നവീകരണം പ്രസ്ഥാനവും പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം ചിന്തിച്ച മിഷണറി വ്യഗ്രതയുള്ള പോർട്ടുഗീസുകാർക്കു അവയിലൊന്നും ഉൾപ്പെടാത്ത നസ്രാണി സമൂഹത്തെ കേരളത്തിന്റെ സവിശേഷവും തനതുമായ സാഹചര്യം കണക്കിലെടുത്ത് മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കഴിഞ്ഞില്ല. പോർട്ടുഗീസുകാർ നസ്രാണികളുടെ സംസ്കൃതിയിൽ തങ്ങൾക്കു മനസ്സിലാക്കാനാവാത്ത അംശങ്ങളെയെല്ലാം നെസ്തോറിയൻ ശീശ്മ എന്ന് ആക്ഷേപിച്ച്‌ തിരുത്താൻ ശ്രമിച്ചു. മാർത്തോമ്മാ ക്രിസ്ത്യാനികൾ ആവട്ടെ അങ്കമാലി ആസ്ഥാനമാക്കി അന്ന് അവരെ ഭരിച്ചിരുന്ന മാർ അബ്രാഹാമിന്റെ കീഴിൽ പോർട്ടുഗീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുവാൻ ശ്രമിച്ചു. നസ്രാണികൾക്ക് അന്ന് ജാതിക്കു കർത്തവ്യൻ എന്നറിയപ്പെട്ടിരുന്ന അർക്കദിയാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരുള്ള സമുദായ നേതാവു ഗീവർഗീസിനു കീഴിൽ മുപ്പതിനായിരത്തോളം വരുന്ന ഒരു സൈന്യം ഉണ്ടായിരുന്നു. ഇതിനാൽ പോർട്ടുഗീസ്‌ പട്ടാളം അതിക്രമത്തിന്‌ മുതിർന്നില്ല. ഈ സമയത്താണ്‌ മാർ ആബ്രഹാം മരണമടയുന്നത്‌. ഇത്‌ അവസരമാക്കി പോർട്ടുഗീസുകാരുടെ പദ്രുവാദോയുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപ്പോലീത്ത ഡോം ഡോ. മെനസിസ്‌ കേരളത്തിലേയ്ക്ക്‌ എത്തി.[12]

ഉദയംപേരൂർ

തിരുത്തുക

എറണാകുളം ജില്ലയിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു സ്ഥലമായിരുന്ന ഉദയം‍പേരൂർ‍ പോർട്ടുഗീസുകാരുടേ ശക്തികേന്ദ്രമായ കോട്ടയും പള്ളികളും നിലനിന്നിരുന്ന പള്ളിപ്പുറത്തു നിന്ന് വളരെ അടുത്തായിരുന്നു. അങ്കമാലി നസ്രാണികളുടെ ശക്തികേന്ദ്രമായിരുന്നുവെന്നതും അവിടെ എന്തെങ്കിലും എതിർപ്പുണ്ടായാൽ സഹായത്തിന്‌ പോർട്ടുഗീസ്‌ പട്ടാളം എത്താൻ സമയം എടുത്തേക്കാം എന്നതും അങ്കമാലിക്കു പകരം ഉദയംപേരൂർ തിരഞ്ഞെടുക്കാൻ കാരണങ്ങളായി. മാത്രവുമല്ല സൂനഹദോസിനുള്ള തയ്യാറെടുപ്പിനിടെ ഉദയംപേരൂരിനടുത്തുള്ള ചേന്ദമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളിലെ പള്ളികളെ തന്റെ പക്ഷത്താക്കുന്നതിൽ മെനസിസ് വിജയിച്ചുമിരുന്നു.

ഉദയംപേരൂരിൽ ഉണ്ടായിരുന്ന പള്ളി മാർ സാബോർ ക്രി.പി. 890-കളിൽ സ്ഥാപിച്ചതാണ് എന്നു പറയപ്പെടുന്നു. ഇത്‌ വി. സാബോറിന്റെ തന്നെയും, മറ്റൊരു പുണ്യവാളനായ, വി. ആഫ്രോത്തിന്റേയും സംയുക്ത നാമങ്ങളിലായിരുന്നു. എന്നാൽ ഈ പള്ളി ഇന്നില്ല. കാലപ്പഴക്കം കൊണ്ട്‌ ജീർണ്ണിച്ചു പോയി.[13]

അലെക്സിസ് ഡെ മെനസിസ് മെത്രാപ്പോലീത്ത

തിരുത്തുക

ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന മെനസിസ് (അലെയ്ജോ ഡെ മെനസിസ്) സ്പെയിൻകാരനായിരുന്നു. ഒരു പ്രഭു കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഡോം എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. ഗോവയിൽ നിരവധി ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. അങ്കമാലിയിലെ മെത്രാൻ മരിച്ചുപോയതിനാലും അങ്കമാലി ഗോവയുടെ കീഴിലുള്ള രൂപതയായതിനാലും തനിക്ക് സുന്നഹദോസ് നടത്താൻ അധികാരം ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹം കൊടുങ്ങല്ലൂരിലെ പോർട്ടുഗീസ് കോട്ടയിൽ താമസിച്ച് മലബാറിലെ ആചാരങ്ങളെക്കുറിച്ച് പഠിക്കുകയും സുന്നഹദോസിൽ അവതരിപ്പിക്കേണ്ട കാനോനുകളുടെ കരട് തയ്യാറാക്കുകയും ചെയ്തു. പിന്നീട് അത് ഫ്രാൻസിസ് റോസ് എന്ന വൈദികൻ പോർട്ടുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുകയാണുണ്ടായത്. 1599 ഫെബ്രുവരി 1-ന് മെനസിസ് കൊച്ചിയിൽ എത്തി. കൊച്ചി രാജാവ് അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം ഒരുക്കിയിരുന്നു.

സൂനഹദോസിന്റെ തയ്യാറെടുപ്പുകൾ

തിരുത്തുക

പെന്തക്കോസ് കഴിഞ്ഞു വന്ന മൂന്നാമത്തെ ഞായറാഴ്ച 1599 ജൂൺ 20-ന് സൂനഹദോസ് ആരംഭിച്ചു. ജൂൺ മാസത്തിലെ മൺസൂൺ മഴയെ അവഗണിച്ചാണ് ഇത് ആരംഭിച്ചത്. ദൂരെ നിന്നുള്ളവരെല്ലാം ദിവസങ്ങൾ മുന്നേ എത്തിച്ചേർന്നു. അവർക്കെല്ലാം താമസ സൗകര്യവും ഒരുക്കിയിരുന്നു. ഒരുപക്ഷേ കലഹം ഒഴിവാക്കാനും അങ്കമാലിക്കാരായ സൈന്യത്തെ ഒഴിവാക്കാനും കൂടിയായിരുന്നിരിക്കണം, മഴമൂലം യാത്ര ദുരിതമായ ജൂൺ മാസം തിരഞ്ഞെടുത്തത്.

മെനസിസ് മെത്രാപ്പൊലീത്ത തന്നെയായിരുന്നു അദ്ധ്യക്ഷൻ. അദ്ദേഹത്തിനെ സഹായിക്കാൻ മെല്ക്കിയോർ ബ്രാസ്, ഫ്രാൻസിസ് റോസ് തുടങ്ങിയ അഞ്ച് വൈദികരുമുണ്ടായിരുന്നു. ഫ്രാൻസിസ് റോസ് മലയാള ഭാഷയിൽ നല്ല അറിവുള്ള ആളായിരുന്നു. ഇവരെ കൂടാതെ കേരളത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള 153 കത്തനാർമാരും 660 അൽമായരും പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചിയിൽ നിന്ന് ഗായകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. പോർട്ടുഗീസ് കപ്പിത്താനായ ആൻറണി ഡെ നോറോഞ്ഞയും ഈ സമ്മേളനത്തിൽ പങ്കെടുത്തു.

വിവിധ ദിവസങ്ങളിലെ നടപടികളും തീരുമാനങ്ങളും

തിരുത്തുക
സുന്നഹദോസിൽ പങ്കെടുത്ത പള്ളികൾ
മലബാർ കൊച്ചി തിരുവിതാംകൂർ
കണ്ണൂർ പള്ളിപ്പുറം കോതമംഗലം
കോഴിക്കോട് കോതമംഗലം കല്ലൂർക്കാട്
കൊച്ചി രൂപതാ പള്ളി കൊച്ചി സെ.തോമസ് പള്ളി പാലാ
പട്ടമനപ്പറവൂർ കടമ്പനാട് ബൈക്വത്ത്
കൊടുങ്ങല്ലൂർ കല്ലട വൈക്കം
കോട്ടപ്പുറം തിരുവാങ്കോട് ചേന്ദമംഗലം
മാവേലിക്കര‍ അരുവിത്തറ ചേന്ദമംഗലം പള്ളി
ഉദയം‍പേരൂർ പാലൂർ തളിപ്പറമ്പ്
കാർത്തികപ്പള്ളി തെക്കൻ‍കൂറ്റ് തേവലക്കര മർത്തമറിയം പള്ളി
ഏനാമ്മാവ് ആലങ്ങാട് വെണ്മണി
മറ്റം കടുത്തുരുത്തി തെക്കൻ പറവൂർ
മലയാറ്റൂർ കടുത്തുരുത്തി ചെ.പള്ളി നിരണം
വായിപ്പൂർ ചെങ്ങണൂർ മട്ടാഞ്ചേരി
മണർകാട് തോടമല ചൊവ്വര
തുമ്പമൺ ചാട്ടുകുളങ്ങര കാഞ്ഞൂർ
കല്ലൂപാറ നാഗപ്പുഴ തങ്കശ്ശേരി
ചങ്ങനാശ്ശേരി കല്ലൂച്ചേരി വലിയകട
പുളിങ്കുന്ന് ഭരണങ്ങാനം കായംകുളം
പിറവം പൂഞ്ഞാർ മുളന്തുരുത്തി
വടകര നെടിയശ്ശാല മുട്ടുചിറ
ആരക്കുഴ വടക്കാഞ്ചേരി തൃപ്പൂണിത്തുറ
ചുങ്കം കോതനല്ലൂർ പുറക്കാട്
മൈലാകൊമ്പ് തുരുത്തിപ്പുറം കുണ്ടറ
അമ്പഴക്കാട് മുതലക്കോട് ഇടപ്പള്ളി
കോട്ടയം കോലഞ്ചേരി കുറുപ്പം‍പടി
കുറവിലങ്ങാട് എറണാകുളം കടമറ്റം
പുത്തൻ‍ചിറ കുടമാളൂർ കോട്ടയം ചെ.പള്ളി
കാഞ്ഞിരപ്പള്ളി കൊരട്ടി അതിരമ്പുഴ
വടയാർ ചാലക്കുടി പള്ളുരുത്തി
ഇലഞ്ഞി വ.പുതുക്കാട് അങ്കമാലൊ
വെച്ചൂർ കാരക്കുന്നം ആലപ്പുഴ
അങ്കമാലി ചെ.പള്ളി ചേപ്പുങ്കൽ ചെമ്പിൽ
കൊട്ടേക്കാട് അകപ്പറമ്പ് മഞ്ഞപ്ര
മുഹമ്മ മൂഴിക്കുളം വെളിയനാട്
മുട്ടം ഞാറയ്ക്കൽ വെളിയനാട്

ഒന്നാം ദിവസം

തിരുത്തുക

സൂനഹദോസ് ആരംഭിച്ചത് കത്തോലിക്കാ സഭയുടെ മുറപ്രകാരമുള്ള ദിവ്യബലിയോടെയാണ്. ആദ്യം ദിവ്യബലി അർപ്പിച്ചത് മെനസിസ് മെത്രാപ്പോലീത്തയായിരുന്നു. തുടർന്ന് എല്ലാ വൈദികരോടും ദിവ്യബലി അർപ്പിക്കാനും പാപസങ്കീർത്തനം നടത്തി ആത്മശുദ്ധി പ്രാപിച്ചവർ ദിവ്യകാരുണ്യം സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് മെനസിസ് തന്നെ ക്ലെമൻറ് മാർപാപ്പ അയച്ചതാണ് എന്നു പറഞ്ഞു കൊണ്ടുള്ള പ്രസ്താവന പോർട്ടുഗീസ് ഭാഷയിൽ നടത്തി. അതിന്റെ സംക്ഷിപ്ത പരിഭാഷ ഇങ്ങനെയാണ് “അങ്കമാലിയിൽ മെത്രാൻ ഇല്ലാത്തതുകൊണ്ടും ഈ രൂപത ഗോവൻ ആധിപത്യത്തിലായതു കൊണ്ടും ഗോവാ മെത്രാപ്പോലീത്ത എന്ന നിലയ്ക്ക് ഒരു സുന്നഹദോസ് നടത്താൻ എനിക്ക് അധികാരമുണ്ട്”. ഇത് മലയാളത്തിലേയ്ക്ക് അന്ന് പരിഭാഷപ്പെടുത്തിയത് പള്ളുരുത്തി ഇടവകാംഗമായ യാക്കോബ് കത്തനാരായിരുന്നു.[14] തർജ്ജമ ശരിയാണോ എന്ന് പരിശോധിക്കാൻ ഫ്രാൻസിസ് റോസ്, ആന്തണി ടൊസ്കാനോ എന്നീ വൈദികന്മാർ ഉണ്ടായിരുന്നു. ലത്തിൻ ഭാഷ അറിയാവുന്ന ആർക്കും സംശയങ്ങൾ ചോദിക്കാൻ അവസരം നൽകിയിരുന്നു. സമ്മേളനം ആരംഭിക്കുന്ന സമയത്ത് നാട്ടുകാരായ ചില കത്തനാർമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പൊതുവേ കാര്യങ്ങൾ മെനസിസിന്റെ പദ്ധതിയനുസരിച്ച് തന്നെ നീങ്ങി. പിന്നീട് സത്യപ്രതിജ്ഞ ചെയ്യൽ ആയിരുന്നു. അതിനും പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മെൻസിസിന്റെ നയവും ഭീക്ഷണിയും കൊണ്ട് മെനസിസ് എല്ലാം നിയന്ത്രിച്ചു നിർത്തി.

രണ്ടാം ദിവസം

തിരുത്തുക

രണ്ടാം ദിവസത്തെ പ്രമേയം വിശ്വാസ പ്രഖ്യാപനമായിരുന്നു. അതിൽ നെസ്തോറിയനേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും തള്ളിപ്പറയലായിരുന്നു മുഖ്യം. ആദ്യം വിശ്വാസ പ്രഖ്യാപനം നടത്തിയത് മെത്രാപ്പോലീത്തയായിരുന്നു. പിന്നീട് ആർച്ച്ഡീക്കൻ ഗീവർഗീസ് സ്വന്തം പേരിൽ പ്രഖ്യാപനം നടത്തി. പിന്നീട് എല്ലാ കത്തനാർമാരും മലയാളത്തിൽ വിശ്വാസപ്രഖ്യാപനം നടത്തി. [15]

മൂന്നാം ദിവസം

തിരുത്തുക

വിശ്വാസപ്രഖ്യാപനം കഴിഞ്ഞ് ജ്ഞാനസ്നാനം, സ്ഥൈര്യലേപനം എന്നീ കൂദാശാകളെപറ്റി ചർച്ചചെയ്യുകയും അവയെക്കുറിച്ചുള്ള തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും രണ്ടു സമ്മേളനങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴു മണിമുതൽ പതിനൊന്നു വരെയും ഉച്ചതിരിഞ്ഞ് രണ്ടുമണി മുതൽ വൈകീട്ട് ആറുമണി വരേയും ആയിരുന്നു അവ നടന്നിരുന്നത്.

നാലാം ദിവസം

തിരുത്തുക

വിശുദ്ധ കുർബാന ഒരു ബലി എന്ന നിലയിലും ഒരു കൂദാശ എന്ന നിലയിലും ചർച്ച ചെയ്യപ്പെട്ടു. പാപസങ്കീർത്തനം, ഒടുവിലത്തെ ഒപ്രുശീമ (അന്ത്യകൂദാശ), കുർബാനപ്പുസ്തക പരിഷ്കരണം മുതലായവ അന്ന് ചർച്ച ചെയ്യപ്പെട്ടവയിൽ പെടുന്നു. അക്കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ പശ്ചാത്യസഭകളിൽ നിലവിലുണ്ടായിരുന്ന തരം പാപസങ്കീർത്തനം (auricular confession) അഥവാ കുമ്പസാരം കൂടാതെയാണ് പരിശുദ്ധ കുർബാന സ്വീകരിച്ചിരുന്നത്. വൈദികരോട് പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്ന പതിവ് നസ്രാണികൾക്കിടയിൽ അന്നുവരെ നിലനിന്നിരുന്നില്ല. പകരം, സഹോദര ഭാവേന പരസ്പരം തെറ്റുകൾ ഏറ്റുപറഞ്ഞ് രമ്യപ്പെടുന്ന പിഴമൂളൽ ആയിരുന്നു നടപ്പുണ്ടായിരുന്നത്. ഇതു മാത്രമല്ല, വിശുദ്ധ കുർബ്ബാന രോഗികൾക്ക് മാത്രമാണ് നൽകിയിരുന്നത്. പ്രസ്തുത കീഴ്‌വഴക്കങ്ങൾ തിരുത്തുന്നതു സംബന്ധിച്ച പതിനഞ്ച് ഡിക്രികൾ ആണ് അന്ന് അംഗീകരിച്ചത്.

അഞ്ചാം ദിവസം

തിരുത്തുക

ജൂൺ 24-ന് സ്നാപകയോഹന്നന്റെ തിരുനാൾ ആഘോഷിക്കാൻ പോർട്ടുഗീസുകാർ പോയ ദിവസം പുറത്തു നിന്നുള്ളവരെ മാറ്റി നിർത്തിയാണ് സൂനഹദോസ് സമ്മേളിച്ചത്. ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിന്റെ ദിവ്യമാതൃത്വം, ആദിപാപം, ശുദ്ധീകരണസ്ഥലം, വിശുദ്ധരുടെ മാധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിന്റെ സംഘടനകളും, വേദപുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങൾ എന്നിവ അന്ന് പരിഗണിക്കപ്പെട്ടു. ഈ അവസരത്തിൽ നെസ്തോറിയൻ പാഷാണ്ഡതയെ ഉപേക്ഷിക്കുന്ന പ്രതിജ്ഞ കത്തനാർമാരും നസ്രാണികളും നടത്തിയത് മുൻ രേഖകളിലേക്ക് ചേർക്കപ്പെട്ടു.

സുറിയാനിയിലെ വേദ പുസ്തകം ലത്തീനിലുള്ളതിനുള്ളതിനോട് സമാനമാക്കി. ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലർത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളിൽ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളുടെ വിദ്യാലയങ്ങളിൽ മക്കളെ പഠിക്കാൻ അയക്കരുതെന്ന് വിലക്കി. കൽദായ പാത്രിയാക്കീസിനെ ശീശ്മക്കാരനായി പ്രഖ്യാപിച്ചു. നെസ്തോറിയന്മാരായ നെസ്തോറിയസ്, മൊപ്സുവേസ്തിയായിലെ തിയഡോർ, താർസിസിലെ ദിയോദോറസ് മുതലായവരെ പ്രകീർത്തിക്കുന്ന ഭാഗങ്ങൾ പ്രാർത്ഥനകളിൽ നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങൾ നശിപ്പിക്കാനും തീരുമാനമായി.

ആറാം ദിവസം

തിരുത്തുക

ഈ ദിവസം തിരുപട്ടം വിവാഹം എന്നീ കൂദാശകളാണ് പരിഗണിക്കപ്പെട്ടത്. വൈദികൻ വിവാഹം കഴിക്കരുതെന്നും വിവാഹം കഴിച്ചവർ ഭാര്യയും മക്കളുമായുള്ള ബന്ധം വിടർത്തണമെന്നും തീരുമാനമായി. ഇത് മിക്ക വൈദികർക്കും സ്വീകാര്യമായിരുന്നില്ല. എങ്കിലും ഭാര്യമാർക്ക് പള്ളി വക ജീവിത ചെലവുകൾ നൽകാം എന്നായപ്പോൾ അവർ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു. വിവാഹത്തിനും മറ്റും വയസ് പരിധി നിശ്ചയിച്ചു തീരുമാനമാക്കുകയും ചെയ്തു.

ഏഴാം ദിവസം

തിരുത്തുക

അങ്കമാലിയുടെ സ്വാധീനശക്തി കുറക്കാനായിട്ടായിരിക്കണം മെനസിസ് ആ രൂപതയെ പല ഇടവകയായി മാറ്റാനുള്ള തീരുമാനമെടുത്തു. താഴ്ന്ന ജാതിയിൽ നിന്ന് മതം മാറി വരുന്നവർക്കായി പ്രത്യേകം പള്ളി വേണമെന്ന് കത്തനാർമാർ വാദിച്ചതിന്റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവർക്ക് ഏത് പള്ളിയിൽ നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.

അവസാനദിവസം അസന്മാർഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചർച്ച നടത്തി. പാരമ്പര്യ സ്വത്തു തർക്കം, ദത്തെടുക്കൽ വസ്ത്രധാരണരീതി എന്നിവയും ചർച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാക്കി[16]

സൂനഹദോസിനു ശേഷം

തിരുത്തുക

സൂനഹദോസിനു ശേഷം ആർച്ച് ബിഷപ്പ് മെനസിസ് പള്ളികൾ സന്ദർശിക്കാൻ തുടങ്ങി. സൂനഹദോസിന്റെ കാനോനകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശം. കേരളത്തിലെ മിക്ക പള്ളികളും അദ്ദേഹം സന്ദർശിച്ചു. മിക്ക സ്ഥലത്തും സുറിയാനി ഗ്രന്ഥങ്ങൾ കത്തിച്ചു കളഞ്ഞു. ഏറ്റവും അധികം നശിപ്പിക്കപ്പെട്ടത് അങ്കമാലിയിലാണ്. പറവൂർ വച്ച് സന്ദർശനം പൂർത്തിയാക്കി മെനസിസ് മടങ്ങിപ്പൊയി. പോകുന്നതിനു മുൻപ് അർക്കദിയാക്കോനെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ താല്കാലിക ഭരണാധികാരിയായി വാഴിക്കാനും മറന്നില്ല.

ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ

തിരുത്തുക

അന്നത്തെ വസ്ത്രധാരണരീതി

തിരുത്തുക

അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സൂനഹദോസിന്റെ രേഖകളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നു. സൂനഹദോസിൽ പങ്കെടുത്ത ഇടവക പ്രമാണിമാർ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവർക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നിന്ന് അവരെ തിരിച്ചറിയണമെങ്കിൽ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദർശിക്കണം. എല്ലാവരും കാതിൽ കടുക്കനും സ്വർണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലർക്ക് അംഗരക്ഷകർ ഉണ്ടായിരുന്നു. മറ്റു ചിലർ വാൾ ധരിച്ചിരുന്നു. മഴക്കാലമായതിനാൽ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാൻ അരയിൽ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയിൽ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയിൽ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളിൽ പഞ്ചലോഹ മോതിരങ്ങളും സ്വർണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കർണ്ണാഭരണങ്ങളും കാണപ്പെട്ടു.

പാഷാണ്ഡത ആരോപിച്ച് നശിപ്പിക്കപ്പെട്ട പുസ്തകങ്ങൾ

തിരുത്തുക

ഉദയംപേരൂർ സൂനഹദോസിൽ നശിപ്പിക്കപ്പെട്ടു എന്നു പറയുന്ന ഗ്രന്ഥങ്ങൾ:

  1. പാർസിമാൻ
  2. മാർഗസീശ
  3. പിതാക്കന്മാരുടെ പുസ്തകം
  4. പവിഴത്തിന്റെ പുസ്തകം
  5. മാക്കമൊത്ത്‌ (പറുദീസ)
  6. മിശിഹായുടേ തിരുബാല പുസ്തകം
  7. സുന്നഹദോസുകളുടെ പുസ്തകം
  8. സ്വർഗത്തിൽ നിന്നും വന്ന കത്ത്‌
  9. കമീസിന്റെ പാട്ടുകൾ
  10. നർസായുടേ പുസ്തകം
  11. പ്രഹൻ പുസ്തകം. യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുൻപ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തിൽ പറയുന്നു.
  12. യോഹന്നാൻ വരകൽദോസ- ഈശോ കർത്താവും ദൈവത്തിന്റെ പുത്രനും വെവ്വേറേയാണെന്നു പറയുന്ന പുസ്തകം.
  13. വാവാകട്ടെ പുസ്തകം
  14. നുഹറ
  15. എംങ്കർത്താപുസ്തകം
  16. കമ്മീസിന്റെ പാട്ടുകൾ
  17. ഇദാറ
  18. സുബാടേ നമസ്കാരം
  19. അൻപത്‌ നൊയമ്പിന്റെ ഉദർ പ്രാർത്ഥന

സൂനഹദോസിന്റെ കാനോനകൾ

തിരുത്തുക

സൂനഹദോസിന്റെ തീരുമാനങ്ങൾ നിയമങ്ങളാക്കി ക്രോഡീകരിക്കുന്നതാണ് കാനോനകൾ. മിഷണറിമാരുടെയും മലയാളം പഠിച്ച വിദേശീയരുടേയും ഇടപെടലുകൾ നിമിത്തം ഗദ്യരൂപത്തിൽ എഴുതപ്പെട്ട ഈ കാനോനകളിൽ വൈദേശികമായ പല ഭാഷാ സ്വാധീനങ്ങളും കടന്നു കൂടിയിട്ടുണ്ട്.

സൂനഹദോസിന്റെ അനന്തരഫലങ്ങൾ

തിരുത്തുക

കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു ഈ സൂനഹദോസ്. അതിനു ശേഷം ഉണ്ടായ മാറ്റങ്ങൾ കേരളീയ ക്രൈസ്തവരുടെ ജീവിതത്തിൽ ഇന്നും പ്രതിഫലിക്കുന്നു. അന്നു വരെ കേരളത്തിലെ ക്രിസ്ത്യാനികൾ സാമൂഹ്യ ജീവിതത്തിൽ ഇന്നാട്ടിലെ മറ്റു മതസമൂഹങ്ങളുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ലായിരുന്നു. അവരുടെ സാമൂഹ്യജീവിതത്തേയും മത വിശ്വാസത്തേയും പാശ്ചാത്യ വത്കരിക്കാനുള്ള ശ്രമമായിരുന്നു സുന്നഹദോസ് എന്നു പറയാം. സൂനഹദോസിന് മുമ്പ് മദ്ധ്യപൗരസ്ത്യ ദേശീയരായ കിഴക്കിന്റെ സഭയുടെ മെത്രാന്മാർക്കായിരുന്നു നസ്രാണികളുടെ ‍ആത്മീയ നേതൃത്വം. എന്നാൽ സൂനഹദോസിന് ശേഷം ജെസ്യൂട്ടുകൾ എന്നും പൗലസ്ത്യർ എന്നും അറിയപ്പെട്ടിരുന്ന ഈശോസഭയുടെ മെത്രാന്മാർ കേരളീയ സഭയുടെ നേതൃത്വം ഏറ്റെടുത്തു. മുൻപ് മെത്രാന്മാരുടെ അധികാരം ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. മറ്റു കാര്യങ്ങളിൽ ഭരണം നിർവ്വഹിച്ചിരുന്നത് അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന തദ്ദേശീയ പുരോഹിതനായിരുന്നു.[17] അദ്ദേഹമായിരുന്നു മാർത്തോമാ ക്രിസ്ത്യാനികളുടെ സാമുദായിക തലവൻ. എന്നാൽ സൂനഹദോസിനെ തുടർന്ന് അത്തരം അധികാരങ്ങളും മെത്രാന്മാരിൽ ചെന്നു ചേർന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനാ ജീവിതത്തിലെ പൗരസ്ത്യവും തദ്ദേശീയവുമായ ഘടകങ്ങൾ അവർക്ക് അംഗീകരിക്കുവാനായില്ല. അതിനാൽ ലത്തീൻ ആരാധനാക്രമങ്ങൾ സുറിയാനി ഭാഷയിൽ അവതരിപ്പിക്കാനും അത് അംഗീകരിപ്പിച്ചെടുക്കാനും അവർ ശ്രമം നടത്തി.

അതതു ദേശത്തെ പട്ടക്കാരെ വൈദിക ശുശ്രൂഷയ്ക്കു നിയോഗിക്കുന്ന പതിവിൽ നിന്ന് വ്യത്യസ്ഥമായി അന്യദേശക്കാരായ പട്ടക്കാരെ നിയമിച്ചു. പട്ടക്കാരുടെ ബ്രഹ്മചര്യം നിർബന്ധമാക്കിയത് മൂലം പല വൈദികർക്കും അവരുടെ കുടുംബങ്ങളെ വിട്ട് മാറി താമസിക്കേണ്ടി വന്നു. കേരളത്തിലെ പള്ളികളിൽ വലിയ തോതിൽ വിശുദ്ധന്മാരുടെ രൂപങ്ങൾ ഏർപ്പെടുത്തിയതും രൂപങ്ങളുടെ വണക്കം തുടങ്ങിയതും ഉദയംപേരൂർ സൂനഹദോസിനു ശേഷമാണെന്ന് പറയാം. സൂനഹദോസിനും മുൻപ് ക്രൈസ്തവരും ഹിന്ദുക്കളും സൗഹാർദ്ദത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അതിനുശേഷം മറ്റു ജാതിക്കാരെ അകറ്റി നിർത്തുന്ന സമീപനം ഉടലെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ഹിന്ദുദേവാലയങ്ങളും പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും മുത്തുക്കുട, നെറ്റിപ്പട്ടം എന്നിവ പരസ്പരം നൽകി സഹായിച്ചിരുന്നു. അത് വിലക്കുന്നതായിരുന്നു സൂനഹദോസിലെ ഒരു തീരുമാനം.[18] വിവാഹത്തിനു താലി പാടില്ല, പുരുഷന്മാർക്ക് കടുക്കനും കുടുമയും അരുത് എന്നും കല്പിക്കപ്പെട്ടു.[18] എന്നാൽ എതിർപ്പിനെ തുടർന്ന് താലിയാവാം, അതിൽ കുരിശ് അങ്കിതമായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. അതുപോലെ ഒറ്റക്കാതിൽ കടുക്കനണിയണം കുടുമയിൽ കുരിശു ചൂടണം എന്നും ഒത്തുതീർപ്പിലെത്തി.[18]

എന്നാൽ പുരോഗമനകരമായ പല പരിഷ്കാരങ്ങളും ഈ സൂനഹദോസിനെത്തുടർന്ന് നടപ്പാക്കപ്പെട്ടു. മന്ത്രവാദം, കൂടോത്രം, ജാതകപ്പൊരുത്തം നോക്കൽ എന്നിവ വിലക്കിയത് അവയിൽപ്പെടും. ജാതിവ്യത്യാസം, തീണ്ടൽ തുടങ്ങിയ അനാചാരങ്ങൾ ഉപേക്ഷിക്കണം എന്ന് സൂനഹദോസ് തീരുമാനങ്ങൾ കൽപ്പിക്കുന്നുണ്ട്.[18] ഒരു പക്ഷേ തീണ്ടൽ, തൊടീൽ തുടങ്ങിയ കേരളത്തിൽ ആദ്യമായി നിയമം നടപ്പിലാക്കിയത് മെനസിസ് ആയിരിക്കാം. കേരള ക്രൈസ്തവരുടെ പിന്തുടർച്ചാവകാശക്രമത്തിൽ സുപ്രധാനമായ ഒരു പരിഷ്കാരം ഈ സൂനഹദോസ് നടപ്പിലാക്കുകയുണ്ടായി. ആൺമക്കളില്ലാത്ത കുടുംബങ്ങളിൽ പെൺമക്കളിലൂടെ പരമ്പര്യ സ്വത്ത് കൈമാറുന്നതിന്റെ നിയമവശങ്ങൾ അതിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. ബാല്യകാല വിവാഹം നിർത്തലാക്കി. ആണിനും പെണ്ണിനും വിവാഹ വയസ്സ് നിശ്ചയിച്ചു. വാണിജ്യ രംഗത്തു പ്രവർത്തിച്ചിരുന്ന നസ്രാണികൾ അന്യായ പലിശ വാങ്ങരുത് എന്ന് അനുശാസിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും സൂനഹദോസ് തീരുമാനങ്ങൾ അവസാനം ചെന്നെത്തിയത് നസ്രാണികളുടെ കടുത്ത എതിർപ്പിലേയ്ക്കും അതു വഴി കൂനൻ കുരിശ് സത്യത്തിലേക്കുമാണ്.

കൂനൻ കുരിശു സത്യം

തിരുത്തുക

സൂനഹദോസിൽ വച്ചുതന്നെ അതു വഴി അടിച്ചേല്പിച്ച മാറ്റങ്ങളെ ചെറുക്കുന്നതിന് നസ്രാണികൾക്കു കഴിഞ്ഞില്ലെങ്കിലും താമസിയാതെ തന്നെ, അവർക്കിടയിൽ പുതിയ മാറ്റങ്ങളോടുള്ള പ്രതിഷേധം വ്യാപകമാകാൻ തുടങ്ങി. തുടർച്ചയായ ലത്തീൻവത്കരണ ശ്രമങ്ങളിലൂടെ നൂറ്റാണ്ടുകളിലൂടെ വളർന്ന് വന്ന കേരളത്തിലെ സഭ ഒരു "അധിനിവേശ സഭ"യായി മാറ്റപ്പെട്ടു.[19] ആരാധനാക്രമഭാഷ പൗരസ്ത്യ സുറിയാനിയായി തുടർന്നുവെന്നു മാത്രം.[19] അങ്ങനെ പൗരസ്ത്യ സുറിയാനി ഭാഷയുടെ വേഷഭൂഷാദികളാൽ ആവരണം ചെയ്യപ്പെട്ടിരുന്നെങ്കിലും ലത്തീൻ സഭയുടെ ആരാധനാക്രമത്തിന്റെ മനോഭാവത്തിൽ മാർത്തോമാ ക്രൈസ്തവരുടെ സഭാജീവിതം ചുറ്റിത്തിഞ്ഞു തുടങ്ങി.[19] അവരുടെ പരമ്പരാഗതമായ ആരാധനക്രമം അപ്രധാനമാകുകയും അതിന്റെ സ്ഥാനത്ത് ആരാധനാക്രമവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭക്താനുഷ്ഠാനുങ്ങൾ കടന്നു വരികയും ചെയ്തു.

പോർട്ടുഗീസുകാർ വഴിയല്ലാതെ, ഏതെങ്കിലും പൗരസ്ത്യ സഭയിൽ നിന്നു ഒരു മെത്രാനെ കിട്ടാൻ മാർത്തോമാ ക്രിസ്ത്യാനികൾ പല വഴിക്കും ശ്രമിച്ചു കൊണ്ടിരുന്നു.[20] എന്നാൽ കൊച്ചി തുറമുഖത്തിന്റെ മേൽ പോർട്ടുഗീസുകാർക്കുണ്ടായിരുന്ന നിയന്ത്രണം ഇതിന് ഒരു വലിയ ഒരു തടസ്സമായി നിന്നു. അങ്ങനെയിരിക്കെ 1652-ൽ മാർ അഹത്തള്ള എന്നൊരു പൗരസ്ത്യ മെത്രാൻ കേരളത്തിലേക്കു വരുന്നു എന്നറിഞ്ഞ നസ്രാണികൾ അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയിൽ ഒത്തു ചേർന്നെങ്കിലും അദ്ദേഹത്തെ കരക്കിറങ്ങാൻ പോർട്ടുഗീസുകാർ അനുവദിച്ചില്ല. എന്നു തന്നെയല്ല, അഹത്തള്ളയെ പോർട്ടുഗീസുകാർ കടലിൽ കല്ല് കെട്ടി താഴ്ത്തി ഇട്ടു കൊന്നു എന്നൊരു കിംവദന്തിയും പരന്നു. വാർത്ത കേട്ടു പ്രതിഷേധിച്ച് ഒന്നിച്ചു ചേർന്ന മാർത്തോമ ക്രിസ്ത്യാനികൾ, മട്ടാഞ്ചേരിയിലെ പള്ളിയുടെ മുൻപിലെ കൽകുരിശിൽ കെട്ടിയ കയറിൽ പിടിച്ച് തങ്ങൾ ഇനി മേലിൽ ജസ്യൂട്ട് വൈദിക മേലധ്യക്ഷരെ അനുസരിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തു. 1653 ജനുവരി 3-ന് നടന്ന ഈ സംഭവമാണ് കൂനൻ കുരിശുസത്യം എന്ന് അറിയപ്പെടുന്നത്. എന്തായിരുന്നു കൂനൻ കുരിശുസത്യത്തിൽ ഉപയോഗിച്ച പൂർണ്ണമായ പ്രതിജ്ഞാവാചകം എന്നതിനെ പറ്റി വ്യത്യസ്ഥഭാഷ്യങ്ങൾ നിലനിൽക്കുന്നു.[21] ചില ഭാഷ്യങ്ങൾ പ്രകാരം ഇത് പോർട്ടുഗീസുകാരോട് ഉള്ള എതിർപ്പാണ്, മറ്റ് ചിലവയനുസരിച്ച് ഇത് ജസ്യൂട്ട് വൈദിക മേലധ്യക്ഷന്മാരോടുമുള്ള എതിർപ്പാണ്, ഇനി മറ്റ് ചില ഭാഷ്യങ്ങൾ പ്രകാരം ഇത് റോമൻ കത്തോലിക്ക സഭയുടെ മേൽക്കോയ്മയോട് തന്നെയുള്ള എതിർപ്പാണ്.[21]

ഈ കാലത്ത് അഹത്തള്ള മെത്രാൻ അയച്ചത് എന്ന പേരിൽ ചില കത്തുകൾ പ്രചരിച്ചു. 1653 ഫെബ്രുവരി 5-ന് ഇടപ്പള്ളിയിൽ കൂടിയ ഒരു സമ്മേളനത്തിൽ അത്തരത്തിലുള്ള ഒരു കത്ത് വായിച്ചു. ആർച്ച്ഡീക്കന് തോമാക്ക് ആർച്ച്ബിഷപ്പിന്റേതായ ചില പദവികൾ അനുവദിച്ച് നൽകുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ഇതേ തുടർന്ന് ആർച്ച്ഡീക്കൻ തോമായെ തങ്ങളുടെ സഭയുടെ ഗവർണറായി അംഗീകരിക്കുകയും നാലു മുതിർന്ന കത്തനാർമാരെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളായി നിയമിക്കുകയും ചെയ്തു.

1653 മേയ് 23-ന് ആലങ്ങാട്ട് കൂടിയ സമ്മേളനത്തിൽ അഹത്തള്ളയുടേതെന്ന പ്രസ്താവിച്ച മറ്റൊരു കത്ത് വായിച്ചു. അതിൽ തന്നെ കപ്പലിറങ്ങാനും മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി പ്രവർത്തിക്കാനും പോർട്ടുഗീസുകാർ അനുവദിച്ചില്ലെങ്കിൽ ആർച്ച്ഡീക്കൻ തോമായെ പന്ത്രണ്ടു വൈദികർ ചേർന്ന് മെത്രാനായി അഭിഷേകം നടത്തണം എന്നും എഴുതിയിരുന്നു. ഈ കത്തിന്റെ ആധികാരികതയെ കുറിച്ച് വ്യക്തതയില്ല. ആ കത്തിൻ പ്രകാരം ആർച്ച്ഡീക്കൻ തോമായെ, പന്ത്രണ്ട് വൈദികർ ഒരുമിച്ച് ചേർന്ന് കൈവയ്പ്പു നൽകി മാർത്തോമ്മാ ഒന്നാമൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.[22][23]

മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലെ ഭിന്നിപ്പ്

തിരുത്തുക

ഈ സംഭവങ്ങൾക്ക് ശേഷം പോർട്ടുഗീസ് മിഷണറിമാർ മാർത്തോമ്മാ ഒന്നാമനെയും അനുയായികളെയും അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അവർ മുന്നോട്ട് വെച്ച ഒത്തുതീർപ്പു ധാരണകൾക്ക് വഴങ്ങാൻ മാർത്തോമയും കൂട്ടരും തയ്യാറായില്ല. ഈ ഘട്ടത്തിൽ മാർപാപ്പ നേരിട്ട് ഇടപെട്ടു തുടങ്ങിയിരുന്നു.[24] മാർപ്പാപ്പ ഈശോസഭാ (ജെസ്യൂട്ട്) മിഷണറിമാർക്ക് പകരം കർമ്മലീത്താ മിഷണറിമാരെ കേരളത്തിലേക്കയക്കാൻ തീരുമാനിച്ചു.[24] അങ്ങനെ 1657-ൽ ഒരു സംഘം കർമ്മലീത്താ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നു. നസ്രാണികൾ പ്രധാനമായും വെറുത്തിരുന്നത് ഈശോ സഭക്കാരെയാണ്. അതിനാൽ കർമ്മലീത്താക്കാർക്കു നസ്രാണികളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. ജോസഫ് സെബസ്ത്യാനി എന്ന വൈദികനായിരുന്നു അവരുടെ നേതാവ്. മാർത്തോമ്മാ മെത്രാന്റെ പദവിക്ക് കോട്ടം തട്ടാതെയുള്ള ഒത്തുതീർപ്പാണ് നസ്രാണികൾ ആഗ്രഹിച്ചത്. അതിൽ കുറഞ്ഞ ഒന്നിനും സാധ്യമല്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാൽ ഇതിനിടക്ക് റോമിലേയ്ക്ക് പോയ ജോസഫ് സെബസ്ത്യാനി മെത്രാനായാണ് തിരിച്ചു വന്നത്. മാർപാപ്പയിൽ നിന്ന് മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള പ്രത്യേക അനുമതിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മാർത്തോമ ഒന്നാമൻ ശരിയായ കൈവെയ്പിനു ശേഷമല്ല പദവി സ്വീകരിച്ചത് അതിനാൽ അദ്ദേഹത്തിന്റെ അഭിഷേകം സ്വീകാര്യമല്ല എന്നും പ്രചരിപ്പിച്ചു. ഇക്കാര്യങ്ങൾ ധരിപ്പിച്ച് മാർത്തോമാ മെത്രാന്റെ ഉപദേഷ്ടകരിൽ പെട്ട പറമ്പിൽ ചാണ്ടി കത്തനാർ, കടവിൽ ചാണ്ടി കത്തനാർ എന്നിവരെ പോലും സ്വന്തം വശത്താക്കുന്നതിൽ അദ്ദേഹം വിജയിച്ചു. രാജാവിനെയും സ്വാധീനിച്ചു.[25] മുളന്തുരുത്തിപ്പള്ളി സൈന്യസഹായത്തോടെ ഉപരോധിച്ചുവെങ്കിലും മാർത്തോമാ ഒന്നാമൻ രക്ഷപെട്ടു.[25] എന്നാൽ മെത്രാഭിഷേകത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടിരുന്നതിനാൽ മാർത്തോമാ ഒന്നാമന് തന്റെ അനുയായികളെ നഷ്ടപ്പെടാൻ തുടങ്ങി. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി സഭാഭരണം ആരംഭിച്ച സെബസ്ത്യാനി മെത്രാൻ ചുരുങ്ങിയ കാലം കൊണ്ട് 84 പള്ളികൾ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലാക്കി. 32 പള്ളികൾ മാത്രം തോമാ മെത്രാനൊപ്പം അവശേഷിച്ചു. അങ്ങനെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ടായി പിളർന്നു.[26]

1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കിയതോട് കൂടി പോർട്ടുഗീസുകാർക്ക് കേരളം വിട്ട് പോകേണ്ടി വന്നു. അതിനു മുൻപായി സെബസ്ത്യാനി, പറമ്പിൽ ചാണ്ടി കത്തനാരെ റോമിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്ന മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാനായി വാഴിച്ചു. മാർത്തോമ്മാ ഒന്നാമൻ തനിക്ക് ശരിയായ കൈവയ്പ് അഭിഷേകം ലഭിക്കാനായി പൗരസ്ത്യദേശങ്ങളിലേക്ക് എഴുത്തുകുത്തുകൾ നടത്തിവരികയായിരുന്നു. 1665-ൽ പാലസ്തീനിൽ നിന്ന് യെരുശലേമിന്റെ മെത്രാപ്പൊലിത്ത എന്ന പദവിയുള്ള മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ എന്ന സുറിയാനി ഓർത്തഡോക്സ് മെത്രാൻ കേരളത്തിൽ വന്നു. അദ്ദേഹത്തിൽ നിന്നും മാർത്തോമാ ഒന്നാമൻ തനിക്ക് വേണ്ടിയിരുന്ന കൈവെയ്പ് നേടുകയും അതുവഴി അന്ത്യോക്യയിലെ പാത്രിയർക്കീസിനൊപ്പം ചേരുകയുമുണ്ടായി. ഇതോടെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നെടുകെയുണ്ടായതായ പിളർപ്പ് പൂർണ്ണമായി. 1599-ലെ ഉദയംപേരൂർ സൂനഹദോസ് മുതൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും കൂനൻ കുരിശു സത്യത്തിനു ശേഷം ജോസഫ് സെബസ്ത്യാനിയുടെ കേരളത്തിലെ പ്രവർത്തനകാലത്ത് റോമിന്റെ നിയന്ത്രണത്തിൽ മടങ്ങിയെത്തിയവരും പഴയകൂറ്റുകാർ എന്നും, അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ ആത്മീയ അധികാരപരിധിയിൽ ചെന്നെത്തിയവർ പുത്തൻകൂറ്റുകാർ എന്നും അറിയപ്പെട്ടു.[27][28]

മാർത്തോമ്മാ ക്രിസ്ത്യാനികൾ പിന്നീടും സാംസ്കാരികവും വംശീയവുമായി ഒരു സമുദായമായി തന്നെ നിലകൊണ്ടെങ്കിലും സഭാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ വിഭിന്നരായി ഇവർ മാറി. പുത്തൻകൂർ വിഭാഗത്തിൽ പടിപടിയായി പാശ്ചാത്യസുറിയാനി ആരാധനക്രമവും ഭാഷയും അവതരിപ്പിക്കപ്പെടുകയും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അതു പൂർണ്ണമായി ഫലത്തിൽ വരികയും ചെയ്തു.[29] അതുപോലെ 1687-ൽ മാർ ചാണ്ടി മെത്രാന്റെ മരണത്തെ തുടർന്ന് പഴയകൂർ വിഭാഗം വീണ്ടും ഒരു നീണ്ടകാലം വിദേശവൈദികനേതൃത്വത്തിന്റെ കീഴിലായി. ഇക്കാലയളവിൽ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" "സുറിയാനി" പാരമ്പര്യങ്ങളിലും, ആരാധനയിലും ഉണ്ടായ നഷ്ടവുമായി പൊരുത്തപ്പെടുവാനായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.[30]

എന്നാൽ ഭിന്നിപ്പുകൾ അവിടെയും അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു.[31]

കുറിപ്പുകൾ

തിരുത്തുക

൧.^ പള്ളി അധികാരികളുടെ ഒരു സമിതിയാണ് സൂനഹദോസ് അഥവാ സുന്നഹദോസ്.[32] സുൻ, ഹോഡോസ് എന്നീ രണ്ട് ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ഈ സുറിയാനി പദങ്ങളുണ്ടായത്. 'സൂനഹദോസ്' എന്നത് പൗരസ്ത്യ സുറിയാനി ശൈലിയും 'സുന്നഹദോസ്' എന്നത് പാശ്ചാത്യ സുറിയാനി ശൈലിയുമാണ്. 'കൂടിവരവ്', അഥവാ 'സംഗമം' എന്നാണ് ഇവയുടെ വാച്യാർത്ഥം. ആംഗലേയത്തിൽ സിനഡ് (Synod) എന്നും ലത്തീനിൽ സൈനോദോ (synodo) എന്നുമാണ് ഇതിന്റെ തത്തുല്യപദങ്ങൾ.

അവലംബങ്ങൾ

തിരുത്തുക
  1. http://www.synodofdiamper.com/synod.php
  2. ഉപോദ്ഘാതം. എഴുതിയത് ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994
  3. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.{{cite book}}: CS1 maint: extra punctuation (link)
  4. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002.
  5. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997
  6. എ. ശ്രീധരമേനോൻ, കേരളചരിത്രശില്പികൾ. ഏടുകൾ 124-125 നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
  7. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
  8. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. കേരള സംസ്കാര ദർശനം. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  9. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
  10. 10.0 10.1 ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 123-124. Two years later, in November 1502, not long after the arrival from Lisbon of the Captain-Major, Admiral Vasco da Gama, another delegation of Indian Christian leaders, also led by Mar Jacob, the Metran of Ankama¯li,.........In token of this alliance, they ceremonially presented the Captain-Major with a highly ornate red staff, richly inlaid, with silver bands on its ends and three silver bells on its top..........rather than serving as tokens of submission, symbolized superiority—the Portuguese were only too happy to accept.
  11. മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982
  12. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
  13. ഉദയം‍പേരൂർ സുന്നഹദോസിനെ കുറിച്ചുള്ള വെബ് താൾ
  14. ഫാ. ജോൺ പള്ളത്ത്., ഡോ. അലക്സ് ഡെ മെനസിസും ഉദയം‍പേരൂർ സൂനഹദോസും. ഏട് 58, ഗുഡ് ഷെഫേർഡ് മൊണാസ്ട്രി. കോട്ടയം 1999.
  15. “ദുഷ്ട പാഷാണ്ഡവേദക്കാരനായ നെസ്തോറിയസിനേയും അദ്ദേഹത്തിന്റെ അബദ്ധ സിദ്ധാന്തങ്ങളേയും അദ്ദേഹത്തിന്റെ അനുയായികളേയും ഞാൻ ശപിക്കുന്നു. ഒന്നാം സുന്നഹദോസ് അനുസരിച്ച് ഞാൻ നമ്മുടെ കർത്താവായ ഈശോമിശിഹാ സത്യദൈവമായും സത്യമനുഷ്യനായും ഞാൻ വണങ്ങുന്നു. മാത്രമല്ല ക്രിസ്തുവിൽ രണ്ടു സ്വഭാവവും അതായത് മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും ഉണ്ടെന്നും, ഏക ദൈവിക ആൾ‍രൂപം മാത്രമേയുള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നു. എത്രയും ശുദ്ധമാക്കപ്പെട്ട കന്യകാ മറിയം ദൈവ മാതാവെന്നും വിളിക്കപ്പെടേണ്ടതാകുന്നുവെന്നും സത്യദൈവത്തിന്റെ അമ്മായാകുന്നുവെന്നും അനുസരിക്കുന്നു. ശുദ്ധ റോമാ സഭായെ എന്റെ മാതാവായും ഗുരുനാഥയായും മറ്റു എല്ലാപ്പള്ളികളുടേയും ശിരസ്സായും ഞാൻ അനുസരിക്കുന്നു. ഈ സഭയ്ക്ക് അനുസരിക്കുന്നു. ബാബിലോണിലെ പാത്രിയാർക്കീസിനോടു ഇനി മേലിൽ അന്യോന്യം സമ്പർക്കമുണ്ടാവില്ലെന്നും വാഗ്ദാനം ചെയ്യുന്നു., വിശേഷിച്ച് ഈ രൂപതയിൽ അതതു കാലത്ത് റോമാ മാർപാപ്പയാൽ നിയമിക്കപ്പെടുന്ന മെത്രാന്മാരെയല്ലാതെ മറ്റു യാതൊരുത്തനേയും ഞാൻ സ്വീകരിക്കുകയില്ല എന്നു വാഗ്ദാനം ചെയ്യുന്നു.“ പ്രതിപാദിച്ചിരിക്കുന്നത്: ഡോ. അലക്സ് ഡെ മെനസിസും ഉദയം‍പേരൂർ സൂനഹദോസും, ഫാ. ജോൺ പള്ളത്ത്; ഗുഡ് ഷെഫേർഡ് മൊണാസ്ട്രി. കോട്ടയം 1999.
  16. അന്നത്തെ ക്രിസ്ത്യാനികൾ ജാതിയിൽ നായന്മാരെ പോലെ പെരുമാറിയിരുന്നു. താഴ്ന്ന ജാതിക്കാരുമായി അവരും മത്സരിച്ച് അയിത്താചരണം നടത്തി വന്നു. തീണ്ടപ്പെട്ടാൽ മുറിവുണ്ടാക്കി അതിൽ ഉപ്പ് തേയ്ക്കുക തുടങ്ങിയ ആചാരങ്ങളും നിലനിന്നിരുന്നു
  17. "Thomas Christians". e-GEDSH:Gorgias Encyclopedic Dictionary of the Syriac Heritage. Although India was supplied with bishops from the Middle East, the effective control lay in the hands of the indigenous Archdeacon.
  18. 18.0 18.1 18.2 18.3 വസന്തൻ, എസ്. കെ (2011). നമ്മൾ നടന്ന വഴികൾ: (in മലയാളം"). മലയാള പഠനഗവേഷണ കേന്ദ്രം. p. 259.{{cite book}}: CS1 maint: unrecognized language (link)
  19. 19.0 19.1 19.2 എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 80-81.
  20. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 316. By this time Thomas had come to the conclusion that no remedy for the ills from which the Thomas Christians were suffering would be effective, other than the arrival of an Eastern bishop of the tradition to which they had been accustomed through the centuries
  21. 21.0 21.1 India Census Division, . (1965). Census of India (1961) :Kerala (in ഇംഗ്ലീഷ്). Office of the Registrar General. p. 111. There are various versions about the wording of swearing, one version being that it was directed against the Portugese, another that it was directed against Jesuits, yet another that it was directed against the authority of church of Rome {{cite book}}: |first= has numeric name (help)
  22. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 368. Archdeacon Thomas, having been elevated to High Metran by the laying on of hands by twelve kattanars, took the title of Mar Thoma I.
  23. Neill, pp. 320–321.
  24. 24.0 24.1 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 328. Then the pope decided to throw one more stone into the pool. Apparently following a suggestion made by some among the cattanars, he sent to India four discalced Carmelites - two Italians, one Fleming and one German.These Fathers had two advantages - they were not Portuguese and they were not Jesuits.39.
  25. 25.0 25.1 വസന്തൻ, എസ്. കെ (2011). നമ്മൾ നടന്ന വഴികൾ: (in മലയാളം"). മലയാള പഠനഗവേഷണ കേന്ദ്രം. p. 49-50.{{cite book}}: CS1 maint: unrecognized language (link)
  26. ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994
  27. The Quarterly Journal of the Mythic Society. Vol.3 (in ഇംഗ്ലീഷ്). മിത്തിക്ക് സൊസൈറ്റി. 1911. p. 141. This incident marks an epoch in the history of the Syrian Church, and led to a separation of the community into parties, namely the Pazhayakuru (the Romo - Syrians) who adhered to the Church of Rome according to the Synod at Diamper ; and the Puttankuru , the Jacobite Syrians , who after the oath of the Coonan Cross got Mar Gregory from Antioch, acknowledged the spiritual supremacy thereof. The former owed its foundation to the Archbishop Menezes and the Synod at Diamper in 1599 and its reconciliation after the revolt to the Carmelite Bishop Father Joseph of St.Mary whom the Pope appointed in 1659.
  28. Brock (2011).
  29. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 14 June 2021. "In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent. (van der Ploeg 1983, 39)."
  30. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. The Yet,those who were Catholic never became fully reconciled to the loss of their 'Eastern', 'Malabar', or 'Syrian' heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.
  31. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 14 June 2021. however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church.
  32. സൗജന്യ ഓൺലൈൻ ഡിക്ഷണറിയിൽ 'സിനഡ്' എന്ന പദത്തിന്റെ അർത്ഥം